കഥ കേൾക്കാനുള്ള താത്പര്യം എല്ലാവരിലുമുണ്ട്. നടന്നതും നടക്കാത്തതുമായ സംഭവങ്ങൾ കേട്ടിരിക്കുമ്പോൾ നാം വേറൊരു ലോകത്തു അകപ്പെട്ടതുപോലെ തോന്നും. ചുറ്റുമുള്ള പലതും മറന്ന് കഥപറച്ചിലിൽ മുഴുകി അങ്ങനെ ഇരിക്കുമ്പോൾ നേരം പോകുന്നത് അറിയില്ല. കഥാകാരന്റെ അല്ലെങ്കിൽ കഥാകാരിയുടെ ആ
ലോകത്തിൽ ഒരാളായി, ചിലപ്പോഴൊക്കെ ആ കഥാപാത്രങ്ങളിൽതന്നെ ഒരാളായി നമ്മൾ മാറുന്നു. കഥകൾക്ക് ഇപ്പോഴും വായനക്കാർ ധാരാളമുണ്ട് എന്ന് തന്നെയാണ് ഞങ്ങളുടെ വിശ്വാസം. കാക്കയുടെ ഈ ലക്കം ഒരു കഥാപതിപ്പാണ്. 12 കഥകളുടെ ഒരു സമാഹാരം. മലയാളത്തിൽ ശ്രദ്ധേയമായ കഥകൾ എഴുതിയിട്ടുള്ള യുവ കഥാകൃത്തുക്കളാണ് ഈ കഥാപതിപ്പിൽ തങ്ങളുടെ സാന്നിധ്യമുറപ്പിക്കുന്നത്. വ്യത്യസ്തമായ പ്രമേയങ്ങൾ, തികച്ചും വിഭിന്നമായ അവതരണ രീതി, ശ്രദ്ധേയമായ ഭാഷാപ്രയോഗങ്ങൾ എന്നിവയിലൂടെ ഈ കഥകൾ വായനക്കാർക്ക് ഒരു നല്ല അനുഭവം കാഴ്ചവയ്ക്കുമെന്നാണ് ഞങ്ങളുടെ പ്രതീക്ഷ.
ഒരു ജനത മറ്റുള്ളവർക്ക് മുന്നിൽ എങ്ങനെ അപഹാസ്യരാക്കപ്പെടുന്നു എന്നതിന്റെ ഏറ്റവും വലിയ ദൃഷ്ടാന്തമാണ് ശബരിമല വിഷയം. സുപ്രീം കോടതി വിധിയെ ഇഴകീറി പരിശോധിച്ചു വിശ്വാസവും സമത്വവും അന്യോന്യം പടവെട്ടുമ്പോൾ ഒരു നാടിന്റെ മുന്നോട്ടുള്ള കുതിപ്പിനെയാണ് നമ്മൾ തടഞ്ഞുനിർത്തിയിരിക്കുന്നത്. പ്രളയാനന്തര കേരളത്തിന്റെ നവനിർമിതിയെക്കുറിച്ചുള്ള ചിന്തകളെല്ലാം മുക്കിക്കളഞ്ഞുകൊണ്ടാണ് ശബരിമല മറ്റൊരു പ്രളയമായി എത്തിച്ചേർന്നത്. രണ്ടാം ലോക മഹായുദ്ധത്തിനു ശേഷം ജപ്പാനിലോ ചില യൂറോപ്യൻ രാജ്യങ്ങളിലോ കണ്ട ഐതിഹാസികമായ വളർച്ച ഇവിടെയും കൈവന്നേക്കാമെന്ന സ്വപ്‌നമാണ്
ഭക്തി രാഷ്ട്രീയത്തിലൂടെ നമുക്ക് കൈമോശം വന്നത്. നൂറു ശതമാനം സാക്ഷരത അവകാശപ്പെടുമ്പോഴും ജാതിയുടെയും മതത്തിന്റെയും ശക്തമായ വേരോട്ടം നമ്മുടെ സമൂഹത്തിൽ ഇപ്പോഴുമുണ്ട് എന്ന യാഥാർത്ഥ്യം ഓർമിപ്പിക്കുന്നു ഈ നാമജപത്തിന്റെ ദിനരാത്രങ്ങൾ.
ഇന്ത്യൻ ഭാഷാസാഹിത്യത്തിലെ യുവ ശക്തി എന്നതാണ് അഞ്ചാം വർഷത്തിലേക്കു കടക്കുന്ന ഗെയ്റ്റ്‌വെ ലിറ്റ് ഫെസ്റ്റിലെ ഈ വർഷത്തെ പ്രധാന വിഷയം. ഭാഷാസാഹിത്യത്തിനു നൽകുന്ന പ്രാധാന്യമാണ് ഇന്ത്യയിലെ മറ്റെല്ലാ സാഹിത്യോത്സവങ്ങളിൽ നിന്നും ഗെയ്റ്റ്‌വെയെ വിഭിന്നമാക്കുന്നത്. 2019 മാർച്ച് 1, 2 തീയതികളിലായി മുംബയിൽ നാഷണൽ സെന്റർ ഫോർ പെർഫോമിംഗ് ആർട്‌സിന്റെ എക്‌സ്‌പെരിമെന്റൽ തിയേറ്ററിൽ അരങ്ങേറുന്ന ഈ ബഹുഭാഷാ സാഹിത്യ സമ്മേളനത്തിനുള്ള ഒരു ക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.
അടൂർ ഗോപാലകൃഷ്ണൻ, സച്ചിദാനന്ദൻ, സുബോധ് സർക്കാർ, പ്രതിഭ റേ, ലക്ഷ്മൺ ഗെയ്ക്‌വാദ്, സച്ചിൻ കേത്കർ, എസ്. പ്രസന്നരാജൻ, ബോസ് കൃഷ്ണമാചാരി, ഉമാ ഡി ക്യൂൻഹ എന്നിവരടങ്ങുന്ന വിദഗ്ദ്ധ സമിതിയാണ് കാക്കയുടെ ഈ സാഹിത്യോത്സവത്തിന്റെ ഉപദേഷ്ടാക്കൾ. സാഹിത്യത്തിലെ സ്ത്രീശക്തി എന്ന വിഷയത്തിലൂന്നി കഴിഞ്ഞ വർഷം 22 ഭാഷകളിൽ നിന്നായി 60-ലധികം സ്ത്രീഎഴുത്തുകാർ പങ്കെടുത്ത ഫെസ്റ്റിവൽ വളരെയധികം ജനശ്രദ്ധ നേടിയിരുന്നു.