(എം.കെ. ഹരികുമാറിന്റെ ഫംഗസുകൾ എന്ന കഥ ചിത്രപ്പെടാത്ത ഉത്തര-ഉത്തരാധുനിക ചുവരുകളിൽ സ്മൃതിനാശം വന്നുപോയ കാലത്തെ വായിക്കുന്നു).
തൊഴിലാളി വർഗ്ഗത്തിന്റെ രാഷ്ട്രീയ സമരം വിപ്ലവകരമായ രൂപം കൈക്കൊള്ളുമ്പോൾ, തൊഴിലാളികൾ ബൂർഷ്വാസിയുടെ സർവ്വാധിപത്യത്തിനു പകരം സ്വന്തം സർവ്വാധിപത്യം സ്ഥാപിക്കുമ്പോൾ, അവർ അടിസ്ഥാന തത്ത്വങ്ങളെ വ്യഭിചരിക്കുകയെന്ന ഭയങ്കര അപരാധമാണു ചെയ്യുന്നത്. കാരണം, ആയുധം താഴെവെച്ച ഭരണകൂടം വേെന്നു വെയ്ക്കുന്നതിനു പകരം തങ്ങളുടെ ഹീനവും നീചവും ദൈനംദിനവുമായ ആവശ്യങ്ങൾ സാധിക്കാൻ ബൂർഷ്വാസിയുടെ
ചെറുത്തു നിൽപ്പിനെ തകർത്തു കളയാൻ ഭരണകൂടത്തിനു വിപ്ലവകരമായ ഒരു പരിവർത്തനരൂപം കൊടുക്കുന്നു.
മാർക്‌സ് നൊയെസൈറ്റ് (വോള്യം XXXII, 1913-14, പേജ്: 40)

ഫംഗസിന്റെ രാഷ്ട്രീയവായന മാർക്‌സിൽ തുടങ്ങാമെന്നുകരുതുന്നു. കഥയ്ക്കുള്ളിലെ കഥയുടെ നായകൻ ലെനിക്കൊവ് സാറിസ്റ്റ് റഷ്യയിലെ പ്രാകൃത കമ്മ്യൂണിസ്റ്റുകൾക്കൊപ്പം ചിരിക്കുമ്പോഴും അകമേ വിമതനും അരാജകവാദിയുമാണ്. ഭൂതകാലത്തിന്റെ അടുപ്പിൽ അയാൾ പലതരം വിപ്ലവങ്ങൾ വേവിച്ചിരുന്നു. സാമൂഹ്യമാറ്റത്തിനു ചാലക ശക്തിയാവേണ്ടവരാണ് ഓരോരുത്തരുമെന്ന വിചാരം പ്രബലമായിരിക്കേത്തന്നെ, ഇരുളിന്റെ ഒരു കഷ്ണം ശരീരം ഭേദിച്ചു മനസ്സിലെക്കെത്തുകയും അവനവനിൽ നഷ്ടപ്പെടുന്ന വിഷാദം വന്നു പൊതിയുകയും ചെയ്യുന്ന വൈകാരികമായ വിമതത്വം പലതരം ലഹരികളിലേക്കും വേശ്യകളിലേക്കും അയാളെയും നയിക്കുന്നുണ്ട്. ഇന്നത്തെ സ്വസ്ഥതയും അടിമത്തവും അവസാനിപ്പിച്ച് ഒരു പുതിയ ലോകക്രമം ഉാക്കുകയാണെങ്കിൽ അതുകാത്തു സൂക്ഷിക്കാൻ അതിന്റെ പീഡനഭാരം അറിയാത്ത തലമുറയ്ക്കാകുമോ എന്ന ലെനിക്കോവിയൻ ആശങ്ക മാർക്‌സിന്റെ മേൽച്ചൊന്ന വരികൾക്ക് മുകൾക്കുറിപ്പായേക്കാം.
വിപ്ലവം ഒരു ദർശനമാണ്. അതു നിലവിലുള്ളതും ചിരപരിചിതമായതും ചിലരെയെങ്കിലും സുഖിപ്പിക്കുന്നതുമായ തെറ്റുകളെ നീക്കം ചെയ്യാൻ വരുന്ന കലപ്പയാണ്. മനുഷ്യരുടെ മനോനിലയാണ് മാറാനുള്ളത്. എന്നാൽ മാറ്റങ്ങൾ ഒരു തുടർപ്രക്രിയയാണ്. മാറ്റത്തിനായി നിലയുറപ്പിക്കുന്നവർ മാറാനുള്ളവരാണ്. കുറേക്കൂടി അവർ മാറുമ്പോൾ അതുൾക്കൊള്ളാനായി എത്രപേർ ബാക്കിയുണ്ടാവും? സംഘടനയോ ഭരണമോ കൈവശം വന്നാൽ, അതു മറ്റൊരു ന്യൂനപക്ഷത്തിന്റെ ഉദയമായിരിക്കില്ലെന്ന് പറയാനൊക്കുമോ?
തീർച്ചയായും നയിക്കുന്നവരുടെ ഒരു മനോഘടനയും അതിന്റെ തുടർച്ചയും വരേണ്ടതുണ്ട്. പുത്തൻ രാഷ്ട്രീയത്തിന് ഒരു നേതൃമനോഭാവമുാകും. തൊഴിലാളിയിലും തൊഴിലാളി നേതാവിലും അരാജകവാദിയുണ്ട്. അതു തലനീട്ടുന്നത് സൗകര്യപ്രദമായ ഭരണക്രമമുാവുമ്പോഴാണ്. അപ്പോൾ നേതാവാകുന്നവന് അനുയായികളിൽ നിന്നു ഭിന്നമായ മനോഘടന ആവശ്യമായി വരും. മറ്റൊരു വ്യക്തിയും അതിജീവനവുമാണ് വേണ്ടത്. ഏതാനും പേരുടെ ഭാവിയല്ല, രാജ്യത്തിന്റെ ഭാവി എന്ന നിലയിലുള്ള വ്യതിയാനം പ്രകടമാവും(ഫംഗസിലെ ലെനിക്കോവ്). ഈ വിധചിന്തകളുടെ സംഘർഷങ്ങൾ കുഴപ്പിക്കുമ്പോൾ ലെവ്‌ന എന്ന വേശ്യയോട് ചേർന്നിരിക്കാനും അവൾ നൽകുന്ന സമാധിയിൽ സ്‌നാനം കഴിഞ്ഞെന്നപോലെ വിശുദ്ധനാവാനും അയാൾ തന്നെ വിട്ടുകൊടുത്തു. പുറത്തിറങ്ങുമ്പോൾ വീണ്ടും ഉടമസ്ഥനില്ലാത്ത ചിന്താതരംഗങ്ങൾ അയാളെ അക്രമിക്കാനെത്തി.
ഫംഗസിന്റെ റഷ്യൻ പശ്ചാത്തലവും ലെനിക്കോവിന്റെ സാമൂഹ്യ ഉല്കണ്ഠകളും മാർക്‌സിയൻ സൗന്ദര്യശാസ്ത്രത്തിലൂന്നിയ രാഷ്ട്രീയ വായനയിലേക്ക് കഥയെ കുടുക്കിക്കെട്ടുമെന്നതിനാൽ ആ വിധവായനകളെ വരുംകാല പ്രാബല്യത്തോടെ അസാധുവാക്കിയേക്കാവുന്ന ചില നിരീക്ഷണങ്ങൾ ആമുഖമായി മുന്നോട്ട് വെച്ച് ഈ കഥയെ അപനിർമ്മിക്കുക എന്ന പരിമിതമായ ലക്ഷ്യമേയുള്ളൂ ഈയെഴുത്തിന്. (ഒരു സാഹിത്യകൃതിയെ അസ്ഥിരമാക്കുന്നതാണ് വിമർശന പ്രക്രിയയെന്നും ഒരാൾ വിമർ ശനം എഴുതുന്നതോടെ കഥയോ കവിതയോ അപൂർണമാവുകയും വിമർശന രചനയിലൂടെ ചില കൂട്ടിച്ചേർക്കലുകൾ നടക്കുന്നുെന്നും എം.കെ ഹരികുമാർ തന്നെ നിരീക്ഷിച്ചിട്ടുണ്ട്).
കാണാത്ത റഷ്യയിൽ
പോവാത്ത റഷ്യയിൽ
‘സോവിയെറ്റൊന്നൊരു നാടുണ്ടത്രെ
പോവാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം’
(നാണിയുടെ ചിന്ത, കെ.പി.ജി നമ്പൂതിരി)
ദില്ലിയിലെന്തു എന്നതിലേറെ റഷ്യയിലെന്ത്, ചൈനയിലെന്ത്? എന്ന് ആകുലപ്പെട്ട ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. സോവിയറ്റ് നാടും, സോവിയറ്റ് യൂണിയനും, റാദുഗ പബ്ലിഷേർസും പ്രോഗ്രസീവ് പബ്ലിഷേർസും പ്രഭാത് ബുക്ക് ഹൗസുമൊക്കെ ചേർന്ന് അയലത്തെ വീടുപോലെ റഷ്യയെ പരിചിതമാക്കിയിരുന്നു.’പോകാൻ കഴിഞ്ഞെങ്കിലെന്തു ഭാഗ്യം’ – എന്നു നാണിയെപ്പോലെ നമ്മളും വ്യാമോഹിച്ചു.
സാറിസ്റ്റ് റഷ്യയിൽ നിന്ന് സ്റ്റാലിനിസ്റ്റ് റഷ്യയിലേക്ക് നിന്ന് ഗോർബച്ചേവിന്റെ റഷ്യയിലേക്ക് പെരിസ്‌ത്രോയിക്കയും ഗ്ലാസ്‌നസ്തും വിപ്ലവത്തിന്റെ പുതിയ മന്ത്രങ്ങളായതിന്റെ ആവേശത്തിൽ തെരുവിടങ്ങൾ ആഘോഷമാക്കിയ ജനതയുടെ വിമോചനങ്ങളിലേക്ക്, ഒടുക്കം തടിച്ച ബർഗറുകളും ഒരിക്കലും മനുഷ്യനുമായി ആശയവിനിമയം നടത്താത്ത സിനിമകളും, സ്ഥാനമുറപ്പിച്ച സമകാലറഷ്യയിലേക്ക്, ഇന്ന് നാണിമാർ ‘പോകേണ്ടി വരാഞ്ഞതെന്തു ഭാഗ്യം’, എന്നാശ്വസിക്കുന്ന റഷ്യയിലേക്ക്, ഭൂതകാല വിമോചനസ്വപ്നങ്ങളുടെ ദൂരമുണ്ട്. ‘ഫംഗസിന്റെ കഥാപരിസരം റഷ്യയാണ്. എന്തു കൊണ്ട് റഷ്യ എന്ന ചോദ്യം തികച്ചും സംഗതമാണ്. കഥയിലെ റഷ്യ നാം കണ്ട നാണിയുടെ റഷ്യയല്ല (സോവിയറ്റ്). ഇരുമ്പു മറയ്ക്കു പിറകിൽ ഒരു റഷ്യൻ അന്ധകാരം (Russian datkness) റഷ്യൻ അധോതലം (Russian underworld)നമ്മെ ഭീതിദപ്പെടുത്തുന്നു്. ഈ റഷ്യയാണ്, കാണാത്ത/ പോകാത്ത റഷ്യയാണ് കഥയുടെ ഭൂമിക.
ലെനിക്കോവിന്റെ ഒരു നിദ്രാസ്വപ്നത്തിലൂടെ ഈ റഷ്യൻ അന്ധകാരം അനാവൃതമാവുന്നു. സാറിന്റെ ലോക്കപ്പ് പീഡനങ്ങളും ആസൂത്രിത മരണങ്ങളും അയാളുടെ ഓർമയിലുണരുന്നത് സ്വപ്നദർശനത്തിലെ ഫുട്‌ബോൾ സ്റ്റേഡിയത്തിൽ നഗരത്തിലെ രണ്ട് പ്രശസ്ത ടീമുകളുടെ മത്സരം കാണുമ്പോഴാണ്. പണത്തിലെ ആളൊഴിഞ്ഞ ഭാഗത്ത് കൂട്ടിയിട്ട പത്തു മനുഷ്യജഡങ്ങൾ, തടിച്ചു ജീർണ്ണിച്ച ഒരു നായയുടെ ജഡം, അറവുമാലിന്യങ്ങൾ കൂട്ടിയിട്ടതിൽ നിലയുറപ്പിച്ച് പിൻ കാലിനു ക്ഷതം സംഭവിച്ചതിനാൽ നടക്കാൻ വയ്യാതായ നായ- pure abstract – ചിത്രത്തിന്റെ വിനിമയ സാധ്യതയോടെ മനസ്സിൽ ഈ ദൃശ്യവാങ്മയങ്ങൾ തീർക്കുന്ന ആഘാതം ഈ അധോതലത്തിന്റെ ആവിഷ്‌ക്കാരമാവുന്നു്. പത്തു ജഡങ്ങളിൽ നാലു സ്ത്രീകൾ, മധ്യവയസ്സു പന്നിട്ടവർ മുഷിഞ്ഞു കീറിയ വസ്ത്രങ്ങളിൽ ചോരയോ വെളുത്ത ദ്രാവകമോ, ഒട്ടിപ്പിടിച്ച അടയാളങ്ങൾ. പുരുഷന്മാരുടെ ശവശരീരങ്ങൾ വികൃതമാക്കപ്പെട്ടിരുന്നു.
ഈ മൃതദേഹങ്ങൾക്കിടയിൽ നിന്ന് ‘ഫംഗസ്’എന്ന കഥയെഴുതിയ സ്മിർനോവിനെപ്പോലെ നമുക്കും കാലത്തിന്റെ ഉപരിതലത്തിലേക്ക് നുഴഞ്ഞു കടക്കാനാവും. മന:ശാസ്ത്ര സിദ്ധാന്തങ്ങൾ എഴുതിയ ലെവ്‌വിഗോട്‌സ്‌കിയെപ്പോലും ഇരുമ്പു മറയ്ക്കുള്ളിലാക്കിയ,എഴുത്തുകാരെ, ബുദ്ധിജീവികളെ കലാകാരന്മാരെ നിരന്തരം, ഭരണകൂടം സംശയത്തിന്റെ നിഴലിൽ നിർത്തിയ, ലോകചരിത്രത്തിൽ ഏറ്റവുമധികം എഴുത്തുകാർ വേട്ടായടപ്പെട്ട, പലായനം ചെയ്യപ്പെട്ട ജർമ്മനിയിലേക്കോ ഫ്രാൻസിലേക്കോ ഒളിച്ചുകടക്കപ്പെട്ട, അവിടത്തെ പ്രകൃതിയെ വാരിയെടുത്ത് അതിൽ റഷ്യയുടെ മണ്ണിൽ ചിതറിക്കിടന്ന പ്രകൃതിയെ പുന:സൃഷ്ടിക്കേണ്ടിവന്ന സ്റ്റാലിനിസ്റ്റ് കാലത്തിലൂടെ സമകാലത്തേക്ക് നുഴഞ്ഞു കടക്കൽ സാധ്യമാണ്. എന്തുകൊണ്ട് റഷ്യ എന്നതിന് മൃതിയുടെ വൈക്കോൽ കറ്റകൾ കൂട്ടിവെച്ച ഈ ദ്യശ്യങ്ങൾ നമ്മുക്ക് ഉത്തരം തരുന്നുണ്ട്.
ക്ലോദ്‌മോനെയുടെയും വാൻഗോഗിന്റെയും വൈയ്‌ക്കോൽ കറ്റകളുടെ ചിത്രങ്ങൾ മൃതിയുടെ വൈക്കോൽ കറ്റകളുടെ ഓർമ്മകളുണർത്തി ശിഷ്ടകാലം മുഴുവൻ തീയിലേക്ക് പിടിച്ചിട്ടപോലെ നമ്മെ പൊള്ളിക്കും. ആകയാൽ കഥയിലെ റഷ്യ നമ്മൾ കണ്ട, കേട്ട, വ്യാമോഹിച്ച റഷ്യയല്ല. ഈ കഥ സംഭവിക്കേണ്ട, സംഭവിക്കാൻ ഏറെയനുയോജ്യമായ ഭൂമികയാണ്.
റഷ്യയെ കഥയിൽ നിന്നടർത്തിമാറ്റാനാവാത്തവിധം ചേർത്തു നിർത്തുന്ന മറ്റൊന്ന് റഷ്യൻ അന്ധവിശ്വാസങ്ങളെന്നോ ബ്ലാക് മാജിക്കെന്നോ ഒക്കെ കരുതാവുന്ന മൗലിക സൗന്ദര്യമുള്ള ചില ഘടകങ്ങളാണ്. കഥയിൽ റഷ്യൻ മന്ത്രവാദിയും ചികിത്സകനുമായ തർജയേവ് കടന്നുവരുന്നുണ്ട്. ഈ കഥാപാത്രം കഥയിലെ അനിവാര്യതയാണ്. മനുഷ്യജിവിതത്തിൽ
അപരത്വവുമായി ബന്ധപ്പെടാനുള്ള ധാരാളം ഇടനാഴികളുണ്ടെന്ന വിശ്വാസത്തിന്റെ വെളിച്ചത്തിലാണ് അയാൾ ശിഷ്യരെയും രോഗികളെയും സന്ദർശകരെയും പരിശോധിച്ചിരുന്നത്.
കഥാനായകനായ ലെനിക്കോവിനെ ജോലി കഴിഞ്ഞിറങ്ങിയപ്പോൾ കമ്പനിയുടെ കാർഷെഡിനു പുറത്തേ ഭിത്തിയിൽ വെള്ളയും പച്ചയും ഇളം നീലയും ചേർന്ന് കാണപ്പെട്ട ഫംഗസ് അസ്വസ്ഥപ്പെടുത്തുന്നുണ്ട്. എത്ര മനസ്സിലാക്കാൻ ശ്രമിച്ചാലും അതിലേറെ ദുരൂഹത ബാക്കിയാക്കുന്ന തർജയേവിന്റെ സിദ്ധാന്തങ്ങളുടെ ഓർമ്മകൾ ഉണർത്തുന്നുണ്ട്. യുക്തിയുടെ
കടുത്ത മേലങ്കിയണിഞ്ഞതിനാൽ മനുഷ്യൻ വ്യക്തമാവാത്ത സൂക്ഷ്മമായ ചില പ്രാപഞ്ചിക അറിവുകളാണ് തർജയേവിനു കൈമുതൽ. ചില പക്ഷികൾ, നിലാവിന്റെ കനം, കാറ്റിന്റെ പ്രവേശം, ചെറുജാതി സസ്യങ്ങൾ എന്നിവയിൽ നിന്ന് പ്രകൃതിയുടെ സന്ദേശം അയാൾ ശ്രവിച്ചു.
ജീവിതത്തോട് അടിയറവു പറയുന്നവർ ധാരാളമായി അയാളിലേക്കെത്തി. ചില പ്രത്യേക ദിവസങ്ങളിൽ മാത്രം കാണുന്ന ചെടികൾ, പൂക്കൾ, പക്ഷികൾ, അസാധാരണ ശബ്ദത്തോടെ പാഞ്ഞുപോവുന്ന വാഹനങ്ങൾ ചില പൂച്ചകളുടെ നോട്ടം ഇവ വിശകലനം ചെയ്ത് ജന്മാന്തരരഹസ്യങ്ങൾ തർജയേവ് പകർന്നു നൽകും. കേൾവിക്കാരനെ ഞെട്ടിക്കുന്ന കാഴ്ചയുടെ ഗണിതശാസ്ത്രം അദ്ദേഹം മുന്നോട്ടുവെയ്ക്കും. ഏതാനും മണിക്കൂർ കഴിഞ്ഞുള്ള കാര്യങ്ങൾ വരെ നായകൾക്ക് നിരീക്ഷിക്കാനാവുമെന്ന്, പൂച്ചകൾ മനുഷ്യരെ മക്കളായി കാണുന്നുവെന്ന്, മരിച്ചവർ ചന്ദ്രനിലേക്ക് പോവുന്നുവെന്ന്, മരിച്ചവരുടെ തുടർ ജീവിതവിശേഷമാണ് ചന്ദ്രബിംബത്തിൽ നിന്ന് പ്രകാശം വിതറുന്നതെന്ന് തർജ്ജയേവിന്റെ പലകാല സിദ്ധാന്തങ്ങൾ. ഈ സിദ്ധാന്തങ്ങൾ കോർത്തിണക്കി ഫംഗസ് മനസ്സിലുണ്ടാക്കുന്ന അങ്കലാപ്പുകളെ നേരിടാൻ ലെനിക്കോവ് പാഴ് ശ്രമം തുടരുന്നുണ്ട്. എന്നാൽ ക്രുദ്ധവും പെട്ടെന്ന് കലഹത്തിലേക്ക് ആഗീരണം ചെയ്യുന്നതും വെറുക്കുന്നതും സംശയിക്കുന്നതുമായ മനുഷ്യത്വമാണ് എവിടെയുമുള്ളതെന്ന ചിന്ത അയാളിൽ വെളിച്ചപ്പെടുന്നുണ്ട്. ആകയാൽ ഒരു കല്ലിന്മേൽ മറ്റൊന്നെടുത്തുവെച്ച് നാം കെട്ടിപ്പൊക്കുന്ന നിരന്തരമായ ബന്ധങ്ങളും വിശ്വാസങ്ങളും നമുക്ക് ഒരിടത്തും സ്വസ്ഥതയും സംശയ രഹിതമായ ഇടനാഴിയും തരില്ല. ഈ ലോകം എന്റേതെന്ന ചിന്തയിൽ മനുഷ്യൻ പരമാവധി വേഗത്തിൽ ജീവിതത്തിലേക്ക് എടുത്തു ചാടുകയും ചവിട്ടിമെതിച്ച് പാഞ്ഞുപോവുകയും ചെയ്യുന്നു. പരിധിയില്ലാത്ത ഈ ഓട്ടമാവുന്നു ജീവിതം.
തർജേയേവ് എന്ന കഥാപാത്രവും അദ്ദേഹത്തിന്റെ ചിന്തകളും കഥാശരീരത്തിനു പകരുന്ന അന്യൂനവും അയുക്തികവും നിഗൂഢവുമായ സൗന്ദര്യം അതിനെ അമൂർത്തത്തിന്റെ ആത്മീയതയിലേക്കുയർത്തുന്നു. കഥയും റഷ്യയും തമ്മിലുള്ള ചേർച്ചയെ ഈ ചേർച്ചയുടെ രസതന്ത്രത്തെ രാഷ്ട്രീയമല്ലാത്ത ഒട്ടനവധിമാനങ്ങളിലേക്ക് വായനാ പിന്തുണ തേടുന്നു.
ആവിഷ്‌ക്കാരത്തിന്റെ
വ്യാജ യാഥാർത്ഥ്യങ്ങൾ
സൈദ്ധാന്തിക നിരൂപണത്തിന്റെ സൗന്ദര്യശാസ്ത്ര തലങ്ങളെ ആശ്ലേഷിക്കുന്ന ഇരുപതിലേറെ വിമർശ ഗ്രന്ഥങ്ങളും നൂറിലേറെ ലേഖനങ്ങളും മലയാള സാഹിത്യ വിമർശനത്തിന് പുതിയൊരു ഭാഷയും ഭാവുകത്വം സംഭാവന ചെയ്ത എഴുത്തുകാരനാണ് എം.കെ ഹരികുമാർ. പൂർവ്വഭാരത്തിന്റെ കാനനച്ഛായയിൽ ആടുമേച്ച് നടക്കില്ല എന്ന വ്യക്തിരിക്തത എഴുത്തിൽ
അദ്ദേഹത്തെ ഒറ്റയാനാക്കുന്നു. ആത്മയാനങ്ങളുടെ ഖസാക്ക്, മനുഷ്യാംബരാന്തങ്ങൾ, നവാദ്വൈതം വിജയന്റെ
നോവലുകളിലൂടെ,ഉത്തര-ഉത്തരാധുനികത, വീണപൂവ് കാവ്യങ്ങൾക്കുമുമ്പേ, സാഹിത്യത്തിന്റെ നവാദ്വൈതം, എന്റെ മാനിഫെസ്റ്റോ, എം.കെ ഹരികുമാറിന്റെ സിദ്ധാന്തങ്ങൾ തുടങ്ങിയ കൃതികളിലെല്ലാംഈ വേറിട്ടു നടപ്പിന്റെ മുദ്രകൾ ആഴത്തിൽ പതിഞ്ഞിരിക്കുന്നു. സ്വന്തം ആഖ്യാനമാതൃക എന്ന നിലയിൽ സർക്ഷാത്മക രചനാ പരീക്ഷണങ്ങളിലേക്ക്
അദ്ദേഹം നടത്തിയ പരിശ്രമങ്ങൾ ശ്രീനാരായണായ, ജലച്ഛായ, വാൻഗോഗിന് എന്നീ നോവലുകളായി പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്.
സാഹിത്യത്തിൽ ദാർശനിക പക്ഷത്തു നിൽക്കുന്ന ഹരികുമാർ ഭാവനയിലൂടെ തന്നെത്തന്നെ ആഴത്തിൽ കാണാനും രേഖപ്പെടുത്താനും ആഗ്രഹിക്കുന്ന എഴുത്തു കാരനാണ്. മലയാളത്തിൽ തന്റേതായ ആഖ്യാനസ്വത്വം സ്ഥാപിച്ചെടുക്കുന്ന പുതിയൊരു രചനാതന്ത്രം അദ്ദേഹം സൃഷ്ടിച്ചെടുത്തിട്ടുണ്ട്. മേൽപ്പറഞ്ഞ നോവൽ ത്രയങ്ങളിലൂടെ. എല്ലാവർക്കും അറിയുന്ന
യാഥാർത്ഥ്യം ഒരെഴുത്തുകാരനെ തൃപ്തനാക്കില്ല. ഭാവനയിലൂടെ അവനവനിൽ ആഴ്ന്നിറങ്ങുന്ന അന്തർദൃഷ്ടിയുടെ അനുഭൂതികൾ ആടയാളപ്പെടുത്താനാണ് അവൻ ശ്രമിക്കുക. നേരനുഭവത്തിന്റെ ഒരുതലം നിലനിൽക്കെ അതിലേക്ക് വ്യാജതലങ്ങൾ കൂട്ടിച്ചേർക്കപ്പെടുന്ന ‘സ്യൂഡോ റിയലിസ’ (വ്യാജയാഥാർത്ഥ്യം) എന്ന ആഖ്യാനമാതൃക സൃഷ്ടിച്ചത് ഈ സൈദ്ധാന്തിക വെളിച്ചത്തിലാണ് നോവൽത്രയങ്ങൾ രചിക്കപ്പെട്ടിട്ടുള്ളത്. ഇംപ്രഷനിസത്തിന്റെ ഉപജ്ഞാതാവായ ഫ്രഞ്ച്
ചിത്രകാരൻ ക്ലോദ്‌മോനെയുടെ ചിത്രങ്ങൾ ഉണർത്തിയ വിസ്മയം ‘ ക്ലോദ്‌മോനെ-ജലം എന്ന സുവിശേഷം’ എന്ന കവിതാ സമാഹത്തിലൂടെയും, യേശുവിന്റെ ജീവിതത്തിന്റെ ആസ്പദമാക്കി പാശ്ചാത്യ ചിത്രകാരമാർ വരച്ച പെയിന്റിഗുകളുടെ പ്രതിഫലമായ ‘യേശുവിന്റെ നിറം’ എന്ന കവിതാ സമാഹാരത്തിലൂടെയും തന്റെ സർക്ഷ സഞ്ചാരങ്ങ ളുടെ സൗന്ദര്യശാസ്ത്ര നിലപാട് പ്രഖ്യാപിക്കുന്നുണ്ട് ഹരികുമാർ ഒരു പക്ഷെ ഈയൊരന്വേഷണത്തിന്റെ വഴിത്തിരിവാണ് ‘ഫംഗസ് ‘ എന്ന ദൈർ ഘ്യമുള്ള കഥ. മലയാള കഥാവായനയുടെ ലാവണ്യ സങ്കൽപങ്ങളെ പുതുക്കുകയോ അട്ടിമറിക്കുകയോ ചെയ്യുന്നുണ്ട് ഈ കഥ. വ്യാജ യാഥാർത്ഥ്യത്തിന്റെ അംശങ്ങൾ സൗന്ദര്യാത്മകമായി കഥാശരീരങ്ങളിൽ സന്നിവേശിപ്പിച്ച് വായനയെ ‘പരനോയിക്ക്’ മണ്ഡലങ്ങളിലേക്ക് വളർത്തുന്നുണ്ട്.
മിത്തും സത്യവും തത്വചിന്തയും യാഥാർത്ഥ്യവും വ്യാജയാഥാർത്ഥ്യവും ഫാന്റസിയുടെയും ഇഴപിരിക്കാനാവാത്തവിധം കഥയുടെ ആത്മാവുമായി ബന്ധിതമാണ്. ചിത്രകലയുടെ ആഖ്യാന തന്ത്രങ്ങളും കല്പിതമിത്തു സൃഷ്ടിച്ച് കഥ ആഖ്യാനം ചെയ്യുന്ന രീതിയിമെല്ലാം ‘ഐതിഹാസികം’ എന്നു വിശേഷിപ്പിക്കാവുന്ന ആഖ്യാന മണ്ഡലത്തിലേക്ക് കഥയെ വളർത്തുന്നു.
സ്യൂഡോറിയലിസത്തിന്റെ സാധ്യതകൾ സൗന്ദര്യ ശാസ്ത്രനിഷ്ഠയോടെ ‘ഫംഗസ്’ എന്ന കഥയിൽ എഴുത്തുകാരൻ സന്നിവേശിപ്പിച്ചിട്ടുണ്ട്. ‘വ്യാജയാഥാർത്ഥ്യം’ പൂർണ്ണമായും വ്യാജമല്ല.
റിയലിസത്തോട് ഭാവുകത്വപരമായി ഇടഞ്ഞ്, വസ്തു/ പ്രകൃതി ദൃശ്യങ്ങൾ, അവയുടെ സ്ഥായിഭാവം പുറംമോടി എന്നിവയിൽ നിന്നും വേറിട്ടുക് ഒന്നാം കാഴ്ചയുടെ നൈമിഷികത മനസ്സിലുണർത്തുന്ന അനുഭൂതിയെ ആവിഷ് ക്കരിക്കുന്ന ചിത്രകലാ പ്രസ്ഥാനം – ഇംപ്രഷനിസം ആവിഷ്‌കരിച്ച ക്ലോദ് മോനെ ആവിഷ്‌ക്കാരത്തിന്റെ ആത്മാവായും ഒരു പ്രത്യേക സാഹചര്യത്തിൽ ബോധപൂർവ്വമായ പരാമമർശമായും കഥയിൽ കടന്നുവരുന്നു്. വിഖ്യാന ചിത്രകാരൻ വൻഗോഗും സൈബീരിയയിൽ പീഡനമനുഭവിച്ച റഷ്യൻ സാഹിത്യകാരന്മാരും, വ്‌ളാദിമിർ നബക്കോഫും ഗുർജിഫുമെല്ലാം സൂചനകളിലൂടെ കഥയിൽ സാന്നിദ്ധ്യമാവുന്നുണ്ട്. എന്നാൽ തികഞ്ഞ സ്വാഭാവികതയോടെ കഥയെ വായിക്കുകയോ വഴിതിരിച്ചു വിടുകയോ ഒക്കെ ചെയ്യുന്ന ചില കല്പിത ചിത്രകാരന്മാരും എഴുത്തുകാരന്മാരും തത്വചിന്തകരുമൊക്കെ നിർവ്യാജം വ്യാജമായി കഥയിലിടപെടുന്നു്. ആത്മാർത്ഥയുള്ള വായനക്കാർ ഇവരുടെ ജീവചരിത്രം പഠിക്കാൻ ഗൂഗിളിൽ
തെരഞ്ഞ് നിരാശരാവുന്നത്ര സ്വാഭാവികമായാണ്, കഥാപാത്ര സൃഷ്ടി ഇത് സ്യൂഡോ റിയലിസത്തിൽ കഥാകൃത്ത് ആർജ്ജിച്ച ആത്മവിശ്വാസത്തിന്റെയും സൈദ്ധാന്തിക ഞെളിമയുടെയും പ്രതിഫലന മാവുന്നുണ്ട്.
ലെവ്‌ന എന്ന വേശ്യയിൽ നിന്ന് ലെനിക്കോവ് ഇറങ്ങി വരുന്ന രാത്രിയെ പുന:സൃഷ്ടിക്കാൻ പതിനെട്ടാം നൂറ്റാണ്ടിലെ തിമോത്തി എന്ന കല്പിത ചിത്രകാരന്റെ ‘നഷ്ട്ടപ്പെട്ടവരുടെ രാത്രി’ എന്ന ചിത്രവും അതിലെ പക്ഷിക്കരച്ചിലും വൃക്ഷചിത്രവും ഒക്കെ ഉപയോഗപ്പെടത്തുന്നുണ്ട്. സ്‌നേഹത്തെക്കുറിച്ചുള്ള ലെനിക്കോവിന്റെ വിചാരങ്ങൾക്ക് പിൻബലമായി, സർ നിക്കോഫ്
ഫെലിക്‌സിന്റെ ‘നായകൻ മലമുകളിലേക്ക്’ എന്ന കഥയും അതിലെ നായകനായ പൂട്ടോവ്‌സ്‌കി കാമുകിയോട് പറയുന്ന വാക്കുകളുടെ ആധികാരികതയും സമർഥമായും വ്യാജമെന്ന് സംശയിക്കാത്തവിധം ആത്മാർത്ഥമായി എടുത്തു ചേർത്തിരിക്കുന്നു.
സ്വയം തുറന്നുകാണിക്കാൻ ശ്രമിക്കുന്ന കലാകാരന്മാർക്ക് ഭ്രാന്ത് വരും. അവർ വരയ്ക്കുന്നതിലും എഴുതുന്നതിലും തങ്ങളുടെ ഭ്രാന്ത് കൂടി കൂട്ടിച്ചേർക്കും എന്നും, ഭരണകൂടങ്ങൾ ആവിഷ്‌ക്കാരത്തിനു ബദലായി കൂടുതൽ നിയന്ത്രണങ്ങൾ കൊണ്ട് വരുമ്പോൾ ഭ്രാന്ത് കൂടുതൽ മൂർച്ഛിക്കുമെന്നും കഥയിലെ സൂചന. ഇതിന് ഉദാഹരണമായി വെറോണിക്ക ലെവിൻസ്‌കിയുടെ
ചുളുങ്ങിയ ആപ്പിൾ പാത്രത്തിന്റെ മിത്രവും, ഫിയദോർ ചെസ്ലാവ് എന്ന കവിയുടെ ഇഷ്ടികച്ചെടികൾ, കല്ലുദീപങ്ങൾ, പ്രാർഥനാ ചുമരുകൾ, മൗനക്കട്ടകൾ, ഭയപാർശ്വങ്ങൾ, വിഷാദച്ചെതുമ്പലുകൾ, കല്പാദ സസ്യങ്ങൾ തുടങ്ങിയ രൂപകങ്ങളും, കുർസ്‌കിലെ അല്യോഷയുടെ പുസ്തകത്തിലെ ‘പ്രതികാരബുദ്ധിയോടെ ഫംഗസ് എപ്പോഴും എവിടെയും വന്നു നിൽക്കും നിങ്ങൾ കണ്ടുകൊണ്ടിരിക്കണമെന്നില്ല’ എന്ന ഭാഗം വായിച്ച് ഉറക്കം നഷ്ടപ്പെടുന്ന ലെനിക്കോവിന്റെ ചിത്രവുമെല്ലാം യാഥാർത്ഥ്യമെന്ന് വിശ്വസിപ്പിക്കും വിധം വ്യാജവുമായി ഉപയോഗിച്ചിരിക്കുന്നു. സാഹിത്യമാസിക സബ്‌സ്‌ക്രൈബ് ചെയ്യണമെന്നാവശ്യപ്പെട്ട് ലെനിക്കോവിനെ സമീപിക്കുന്ന ദിമിത്രി, മിലാൻ എന്നിവരും ദിമിത്രി പരിാഷപ്പെടുത്തുന്ന
ചാവോസിംഗിന്റെ നോവലുമെല്ലാം കഥയ്ക്ക് നാടകീയവും തത്വചിന്താപരവുമായ വഴിത്തിരിവ് നൽകുന്നു. പന്നികളെക്കുറിച്ച് പഠിക്കാൻ ചൈനയിൽ നിന്ന് പോളണ്ടിലേക്കു പോയ എഴുത്തുകാരിയാണ് ചാവോസിംഗ്. പന്നികളെക്കുറിച്ച് പഠിക്കാൻ ഈ വനിത തുനിഞ്ഞതെന്തിനെന്ന ചിന്ത ലെനിക്കോവിനെ പന്നികളുടെ ഒരാവാസ കേന്ദ്രത്തിലെ ക്കെത്തിക്കുന്നു്. പന്നികളിൽ
നിന്ന് ലെനിക്കോവ് തിരിച്ചറിയുന്ന വലിയ ജീവിത സമസ്യകളു്. സത്യങ്ങൾ മനസ്സിലാക്കിയാൽ നമുക്ക് പന്നികളാവാനോ മാർക്ഷമുള്ളു എന്നയാൾ ജ്ഞാന സ്‌നാനപ്പെടുന്നു്. ലെനിക്കോവ് യാദൃശ്ചികമായി കണ്ടുമുട്ടുന്ന മറ്റൊരു വിഖ്യാത ചിത്രകാരനാണ് ലെവി ഈവ്‌നോവ്. ഫംഗസ് എന്ന പേരിൽ സ്വന്തം ചിത്രങ്ങളുടെ പ്രദർശനം നടത്തുകയായിരുന്നു അയാൾ.
സാംസ്‌ക്കാരിക ഏകശിലാ ഘടനയിൽ വിശ്വസിക്കാത്ത പലതാവാൻ കൊതിക്കുന്ന അസ്തിത്വത്തിന്റെ ബഹുസ്വരതയുടെ ആത്മീയമാനത്തിലേക്ക് ഈവ്‌നോവ് കഥാന്ത്യത്തെ പരിവർത്തിപ്പിക്കുന്നു. ഓരോ ഋതുവിലും അതിനനുസരിച്ച് ജീവിക്കാനാവണം, മഴപെയ്യമ്പോൾ ദീർഘ നേരം നനഞ്ഞു നടക്കണം. വലിയ വൃക്ഷങ്ങളിൽ നിന്ന് മഴ പെയ്തു തോർന്നതിനുശേഷമുള്ള ജലപ്പെയ്ത്ത് എത്ര സുന്ദരമാണ്. എന്നിങ്ങനെ പോവുന്നു. അയാളുടെ ജീവിതാവബോധം ഇതൊക്കെ തികച്ചും കാല്പനികമല്ലേ എന്ന ലെനിക്കോവിന്റെ ചോദ്യത്തിനെ, ജീവിതം ഇതുപോലെയാണ് അത്, തിരഞ്ഞുചെല്ലണം, പരിചിതമായതിൽ, ചില പരിചിതമായതിൽ ജീവിതം വറ്റിവരുപോയിട്ടുണ്ടാവും, തിരയുക വയസ്സായാലും ജീവിതം
തെരയുക, സഹിഷ്ണതയിലും ബുദ്ധിയിലും തിരയുക എന്ന ഉത്തരത്തിന്റെ ഉണർച്ചയിലേക്ക് നയിക്കുന്നുയാൾ. ഇത്തരത്തിൽ കഥയുടെ മിത്ത് രൂപപ്പെടുത്തി അതിനെ വ്യാജ യാഥാർത്ഥങ്ങളാൽ തടം നനച്ച് വളർത്തി വലുതാക്കി വിസ്മയിപ്പിക്കുന്ന ആഖ്യാനരസതന്ത്രം കഥയെ, കഥയുടെ ലാവണ്യസങ്കല്പങ്ങളെ വായനയുടെ അത്യന്തം അപരിചിതമായ മണ്ഡലങ്ങളിലേക്ക്
വളർത്തുന്നുണ്ട്.
എത്രയും ചിത്രം ചിത്രം
മനസ്സിന്റെ ഭാവനയുടെ, ചിന്തയുടെ ഫ്രെയിമുകൾ ദൃശ്യ(visuals) ങ്ങളാണ്. ഭാവനയുടെ ഫോൾഡറുകളിൽ ചിത്രങ്ങളായി സേവ് ചെയ്യപ്പെടുന്ന ഫയലുകളാണ് സർക്ഷത്മാകതയുടെ ജീവകോശങ്ങൾ. എല്ലാ കലാപ്രസ്ഥാനങ്ങളും ആധുനികതാ ഉത്തരാധുനികത, ഉത്തര ഉത്തരാധുനികത, ക്യൂബിസം, ഇംപ്രഷനിസം എക്‌സ്പ്രഷനിസം, മൂർത്തതഅമൂർത്തത- ചിത്രകലയിൽ ആവിർഭവിച്ച് കാവ്യകലയിലേക്ക് പരിവർത്തനം മെച്ചപ്പെട്ടതാണെന്ന് കലാചരിത്രം നമ്മെ ഓർമ്മിപ്പിക്കുന്നു. കല (art), കലാകാരൻ (artist) എന്ന വാക്കുകൾ ചിത്രകലയുമായി അത്രയേറെ താദാത്മ്യം പ്രാപിച്ചിട്ടുണ്ട്. ആർട്ടിസ്റ്റ് എന്ന വാക്ക് കേൾക്കുമ്പോൾ ആദ്യം മനസ്സിൽ വരിക ഒരു ചിത്രകാരന്റെ രൂപമാണ്. സർഗാത്മകമായ ഒരെഴുത്തുകാരൻ കലാകാരൻ തന്നെയാണ്. നിറവിന്യാസമോ, രൂപങ്ങളോ (figures) വരകളോ (strokes) കൊണ്ട് നിശ്ചിതപരപ്പുള്ള ക്യാൻവാൻസിൽ കലാകാരൻ തീർക്കുന്ന വിസ്മയം അക്ഷരവിന്യാസം കൊണ്ട്, വാക്കുകൾ കൊണ്ട്, രൂപകങ്ങൾ കൊണ്ട്, വരികൾക്കിടയിലെ മൗനം കൊണ്ട്, പൂരിപ്പിക്കാതെ പോയ നെടുവീർപ്പുകൾകൊണ്ട് എഴുത്തുകാരൻ ചിത്രപ്പെടുത്തുകയാണ്. പുതിയ ടെക്‌നോളജിയുടെ കാലത്ത് എഴുത്ത് കുറേക്കൂടി കടന്ന് ഒരു ‘design’ ആവുന്നു. കറ തീർന്ന ഒരു design ആണ് എഴുത്ത്. ഏതു കാലത്തും അത് സംവേദനം മെച്ചപ്പെടുക ചിത്ര ഭാഷയിലാണ്. ചിത്ര ഭാഷയിൽ അഗാധമായ അറിവുള്ള ഒരെഴുത്തുകാരൻ ചെയ്യുമ്പോൾ ഈ ചിത്രപ്പെടൽ ‘എത്രയും ചിത്രം, ചിത്രം ‘ എന്നു നാം ആശ്ചര്യപ്പെടും. ഫംഗസ് എന്ന കഥയിൽ ഈ അന്തംവിടലിന്റെ പരമാവധിയുണ്ട്. ചിത്രകലയിലെ ചലനങ്ങളെ സസൂക്ഷ്മം ഒപ്പിയെടുക്കുന്ന ഒരു
ചിത്രനിരൂപകന്റെ ജാഗ്രത ഹരികുമാറിൽ പ്രോജ്ജ്വലമാവുന്നുണ്ട്.
ഭാഷ അറിഞ്ഞുപയോഗിക്കാനുള്ളതാണ്. അനുചിതമായ ഒരു പ്രയോഗം വാക്കിനെ ശ്വാസം മുട്ടിക്കും, വേദനിപ്പിക്കും. ആകയാൽ ഒരു ചിത്രത്തിൽ മഞ്ഞയോ ചുവപ്പോ അതിന്റെ നേർമയോ കടുപ്പമോ വിന്യസിക്കമ്പോൾ കാണിക്കേ ‘ചരെയ്മ’ വേശ്യാലയത്തിൽ നിന്നിറങ്ങി നടന്നു പോവുന്ന ലെനിക്കോവിനെ അക്രമിക്കാൻ ഉടമസ്ഥനില്ലാത്ത ചിന്താതരംഗങ്ങൾവരുന്ന ഒരു ദൃശ്യത്തിൽ കഥാകൃത്ത് കാണിക്കേതുണ്ട്. ഈ വെല്ലുവിളിയെ ഹരികുമാർ നേരിടുന്നത് ഒരു സ്യൂഡോറിയലിസ്റ്റ് ചിത്രകാരനെ സൃഷ്ടിച്ചുകൊണ്ട് അയാളുടെ ഒരു ചിത്രത്തിന്റെ ഓർമ്മയുണർത്തിക്കൊണ്ടാണ്. പതിനെട്ടാം നൂറ്റാണ്ടിലെ തിമോത്തി എന്ന കലാകാരൻ വരച്ച ‘ നഷ്ടപ്പെട്ടവരുടെ രാത്രി ‘ എന്ന ചിത്രത്തിന്റെ സാധ്യത – ഇതുപോലുള്ള ചിത്രങ്ങളുടെയും പുസ്തകങ്ങളുടെയും കഥാപാത്രങ്ങളും സാധ്യതകൾ-കഥാശരീരത്തിൽ ചിത്രത്തിലെന്നപോൽ സ്വാതികമായി സമ്മേളിച്ചിട്ടുണ്ട്. മരണത്തെക്കുറിച്ച് പറയേണ്ടിടത്ത് ക്ലോദ് മോനെയുടെയും വാൻഗോഗിന്റെയും വൈക്കോൽക്കറ്റകൾ കടന്നുവരുന്നുണ്ട്. ജീവിതത്തെക്കുറിച്ച് പറയുന്നത് വിഖ്യാത (കല്പിത)ചിത്രക്കാരനായ ലെവിഈവ് നോവിലൂടെയാണ്. പറയാതെ തന്നെ വിഖ്യാത ചിത്രങ്ങളുടെ ചിത്രകാരന്മാരുടെ ഓർമ്മകളുടെ അനുരണങ്ങൾ നമ്മളിൽ ഉണർത്തുന്ന ഒട്ടനവധി കോൺടെക്സ്റ്റുകൾ കഥയിലുണ്ട്. റിയലിസവും സർറിയലിസവും, ഇംപ്രഷനിസവുമൊക്കെ ആഖ്യാനത്തിൽ ഭാഷയിൽ പീലി വിരിക്കുന്നുണ്ട്.
കഥയിലെ സങ്കല്പം – സാറിസ്റ്റ് കാലത്തു നിന്ന് സമകാലത്തേക്കും തിരിച്ചും മൾട്ടി ന്യൂക്ലിയസ്സായി ചുറ്റിത്തിരിയുന്ന – ഒരു ദാലിച്ചിത്രം നമ്മെ വിസ്മയിപ്പിക്കുന്നു. കഥാ ശരീരത്തിന് ആദിമധ്യാന്തം ഒരമൂർത്ത ചിത്രത്തിന്റെ ആശയതലമുണ്ട്. വർണ്ണങ്ങളുടെ സംരചനകൊണ്ട് മാത്രം രൂപമുക്തമായി, ശുദ്ധസംഗീതം പോലെ ആസ്വാദകമനസ്സിൽ അണുരണങ്ങൾ സൃഷ്ടിക്കാൻ കഴിയുന്ന abstract art എന്ന ചിത്രകലാ സാങ്കേതത്തിന്റെ ആവിഷ്‌കർത്താവ് വാസിലി കാൻഡിസ്‌കി റഷ്യക്കാരനായിരുന്നു എന്നത് ആകസ്മികത. കഥയിൽ കാൻഡിസ്‌കിയുടെ ഓർമകൾ കൊണ്ടുവരുന്നുണ്ട്. അമൂർത്ത ചിത്രണം കാൻഡിസ്‌കിയെ കവിഞ്ഞ് ഏറെ ദൂരം തുഴഞ്ഞു.
കഥാന്ത്യം ഒരു ചിത്രകാരൻ ജീവിതം പറയുന്ന മട്ടിലാണ്. ചിത്രകലയോട് സാഹിത്യത്തിനുള്ള നാഭീനാള ബന്ധത്തിന്റെ നിദർശനമാവുന്നുണ്ട്. കഥാഗതി, പതിനെട്ടാം നൂറ്റാണ്ടിലെ തിമോത്തിയുടെ നഷ്ടപ്പെട്ടവരുടെ രാത്രിയിൽ തുടങ്ങി മോനെയിലൂടെ വാൻഗോഗിലൂടെ ദാലിയിലൂടെ വളഞ്ഞു പുളഞ്ഞൊഴുകി ലെവി ഈവ്‌നോവ് എന്ന സാംസ്‌ക്കാരിക ഏകശിലാഘടനയോട് വിയോജിക്കുന്ന ചിത്രകാരന്റെ ജീവിത ദർശനമാകുന്ന കടലിൽ വിലയം തേടുന്ന കഥാഗതി കഥയിൽ നിന്നു വേറിട്ട് സംവേദനത്തിന്റെ ചിത്രസാധ്യതകളിലേക്ക് വിസ്മയങ്ങളിലേക്ക് വിശുദ്ധപ്പെടണം. വാസനാ വികൃതിയിൽ തുടങ്ങുന്ന മലയാള ചെറുകഥയുടെ 129 വർഷത്തെ ഭാവുകത്വപരിസരത്തിന് അന്യമായ നവ്യമായൊരാഖ്യാനശൈലി ഫംഗസിനെ അന്യൂനമാക്കുന്നു.
അസ്തിത്വത്തിന്റെ ബഹുസ്വരത തേടുന്ന ഉത്തര-ഉത്തരാധുനികത
‘വില്ലാളിയാണു ഞാൻ ജീവിത സൗന്ദര്യ-വല്ലകീ മിട്ടലല്ലെന്റെ ലക്ഷ്യം’ – എന്നു ജീവിത സൗന്ദര്യത്തിന്റെ വറ്റി മീട്ടിപ്പാടുന്ന ഒരു വൈരുദ്ധ്യം ഫംഗസിലെ കഥാനായകൻ ലെനിക്കോവിൽ കാണാം. പ്രത്യയശാസ്ത്രമല്ല ഈസ്‌തെറ്റിക്‌സ് തന്നെയാണ്
കലയുടെ ആസ്വാദനത്തിൽ മുന്തി നിൽക്കുക. മുദ്രാവാക്യസമാനമായ എത്രയോ രചനകൾ ഒരു പക്ഷേ ചൂട്ടുകറ്റയുടെ സാമൂഹ്യ ധർമ്മം നിർവ്വഹിച്ചിട്ടുാവാം. നടക്കേ വഴിദൂരം പിന്നിട്ടാൽ ചൂട്ടുകറ്റ കുത്തിക്കെടുത്തും. ആകയാൽ പ്രത്യയ ശാസ്ത്രപരമായ രചനകൾ അപ്രസക്തമൊന്നുമാവുന്നില്ല. അവ കാലാതിവർത്തിയാവില്ല എന്നുമാത്രം. ലാതിവർത്തിയാവുന്ന കലയും സാഹിത്യവും പ്രത്യയ ശാസ്ത്രപരമെന്നതിനേക്കാൾ സൗന്ദര്യശാസ്ത്രപരമാണ്. ‘ ഫംഗസ് ‘ എന്ന കഥയിലും പ്രവർ ത്തിക്കുന്നത് ഈ ഈസ്‌തെറ്റിക്‌സ് ആണ്. അസ്തിത്വത്തിന്റെ ബഹുസ്വരത തേടുന്നുണ്ട്, കഥാഗതി. ലെവി ഈസ്‌നോവിലൂടെ,
ലെനിക്കോവിലൂടെ വ്‌ളാദിമീർ സ്മിർനോവിലൂടെ, നമ്മളിലൂടെ, നമ്മൾ അസ്തിത്വത്തിന്റെ ബഹുസ്വരതയന്വേഷിച്ച് അലയുന്നുണ്ട് കഥയോടൊപ്പം.
ലെവ്‌ന നൽകിയ പൈശാചികവും ഉന്മത്തവുമായ ലൈംഗികചോദനകൾ കുടഞ്ഞുകളയാൻ കഴിയാതെ രുവലിയ കുന്നുകൾക്കിടയിലൂടെ നടക്കുന്ന ലെനിക്കോലിന്റെ ചിത്രമുണ്ട് കഥയിൽ. അവളുടെ ആഭിചാരത്തിൽ അയാൾ അങ്ങേയറ്റം വിപ്ലവമുക്തനും വ്യാമുഗ്ദ്ധനുമാവുന്നുണ്ട്. ലൈംഗികതയിൽ നിന്ന് അതിബോധത്തിലേക്ക് (Osho-യുടെ From Sex to Superconscious എന്ന ദർശനത്തെ സ്മരിക്കുന്നു.) അയാൾ പരിണാമപ്പെടുന്നുണ്ട്. അപ്പോൾ അയാളെ സ്പർശിക്കുന്ന ഒരിലയെ നുള്ളിയെടുത്ത് അതിൽ പ്രകൃതിയുടെ കാലാതിവർത്തിയും നിശ്ശബ്ദവുമായ സംഗീതം കേൾക്കാൻ അയാൾ ശ്രമിക്കുന്നുണ്ട്.
മനസ്സിന്റെ നിശ്ശബ്ദതയിൽ മറ്റൊരാളായി, സാക്ഷീഭാവത്തിൽ, മാധ്യമാർക്ഷത്തിൽ, തുരിയാവസ്ഥയിൽ നിന്ന് അറിയുന്ന ഈ നേരിടൽ ധ്യാനാവസ്ഥ (അതിബോധം) തന്നെ.
കഥയുടെ മീസ്റ്റിക് ഭാവത്തെ പൊലിപ്പിക്കുന്ന മറ്റൊരു ഘടകം ഓരോരുത്തരും വീണ്ടെടുക്കാൻ ശ്രമിക്കുന്ന വ്യതിരിക്തമായ സ്വന്തം ഭൂതകാലത്തെക്കുറിച്ചുള്ള വിചാരങ്ങളുടെയും നിരീക്ഷണങ്ങളുടെയും ആഖ്യാനമാണ്. കഥാന്ത്യത്തിൽ ഈ മിസ്റ്റിസിസത്തിന്റെ വിടർച്ച ജീവിതത്തിന്റെ ദർശനം തന്നെയാവുന്നുണ്ട്. പരിചിതമായതിൽ വന്നുപോകുന്ന ക്ഷമയിലും ബുദ്ധിയിലും സഹിഷ്ണതയിലും തെരയേജീവിതമെന്ന ദർശനം! ഈ മിസ്റ്റിക് ഭാവത്തിൽ അസ്തിത്വാന്വേഷണത്തിന്റെ പ്രത്യയശാസ്ത്രാടിത്തറ സൈദ്ധാന്തിക പരിസരം ഉത്തര ഉത്തരാധുനിക ഭാവുകത്വത്തിന്റേതാണ്. ശാസ്ത്രസാങ്കേതിക രംഗത്ത് അനുനിമിഷം സംഭവിച്ചുകൊിരിക്കുന്നതും സാർവ്വദേശീയമായി അതിവേഗം സ്വീകരിക്കപ്പെട്ടുകൊിരിക്കുന്നതുമായ ചലനങ്ങൾ (പുരോഗതി ?) മനുഷ്യന്റെ ജീവിതക്രമങ്ങളിലും വ്യവഹാരയിടങ്ങളിലും അതിബൃഹത്തായ മാറ്റങ്ങൾക്ക് നാന്ദി
കുറിച്ചു. ആകയാൽ എഴുപതുകളിലും എൺപതുകളിലും തൊണ്ണൂറുകളിലും ജീവിതത്തിനുണ്ടായ അവധാനത ആയിരത്തി ഇരുപതിലും നില നിൽക്കുമെന്നത് നമ്മുടെ ജനിതകപരമായ ആലസ്യത്തിൽ നിന്നുയിരെടെക്കുന്ന ഒരു വ്യാമോഹം മാത്രമാണ്. ഉപഭോഗത്തോടുള്ള അത്യാസക്തിയും ടെക്‌നോളജി സൃഷ്ടിച്ച സാംസ്‌ക്കാരിക മലിനീകരണവും ഭാവിയെക്കുറിച്ചുള്ള ഉത്കണ്ഠാനഷ്ടവും ഒക്കെ ചേർന്ന് രൂപപ്പെട്ട ഒരുത്തര-ഉത്തരാധുനിക ജീവിതപരിസരം കലയെയും
സാഹിത്യത്തെയും നിർണ്ണയിക്കുന്നു. ഈ ‘കനമില്ലായ്മ’ പുതുകാല ജീവിതത്തിന്റെ അടയാളവാക്യമാവുന്നു.
ഇന്റർനെറ്റ് പുതുകാല ജീവിതതത്തിന്റെ മൂല്യ നഷ്ട സൂചികയാവുന്നു. ആർക്കും എന്തും, എന്തു സാധ്യതകളും യഥേഷ്ടം തെരഞ്ഞെടുക്കാവുന്ന, വ്യക്തികൾ അപ്രസക്തരാവുന്ന ഓർമ്മയും മറവിയും അപനിർമ്മിക്കപ്പെടുന്ന-ഓർമ്മയും മറവിയും ഒന്നാവുന്ന (‘തൊട്ടുമുമ്പ് കണ്ടു മറന്നതാണ് ഓർമ്മ, തൊട്ടുമുമ്പ് കണ്ടു മറന്നതാണ് മറവിയും’) ലൈവല്ലാത്തതിനൊന്നും
ലൈഫ് ഇല്ലാതാവുന്ന ഒരു ഭാവുകത്വ നവീകരണം ഉത്തര-ഉത്തരാധുനികത ആവശ്യപ്പെടുന്നുണ്ട്. ഈയൊരു മൂല്യ സങ്കൽപവ്യതിയാനത്തെ പ്രതിരോധിക്കാൻ മനുഷ്യൻ അവനവനിൽ ആഴത്തിൽ അഭിരമിക്കുകയോ അസ്തിത്വത്തെ ഖനനം ചെയ്യുകയോ ഭൂതത്തെ വീണ്ടെടുത്ത് അപനിർമ്മിക്കുകയോ ചെയ്യുന്നു. ഉത്തര-ഉത്തരാധുനികതയിൽ ആഖ്യാന ധർമ്മങ്ങളും തന്ത്രങ്ങളും മാറി മാറിയുന്നുണ്ട്.
എഴുത്തുകാരന്റെ മരണമെന്ന ഉത്തരാധുനിക സങ്കല്പം പോലും അർഥവത്താവുന്നത് ഉത്തര-ഉത്തരാധുനികതയിലാണ്. നൂതന സാങ്കേതിക വിദ്യകളും ഉപകരണങ്ങളും എഴുത്തുകാരനും വായനക്കാരനും തമ്മിലുള്ള ബന്ധത്തിൽ വിമോചനാത്മകമായ മാറ്റം വരുത്തിയത് ഉത്തര-ഉത്തരാധുനികതയിലാണ്. സോഷ്യൽ മീഡിയ, ബ്ലോഗ്, ടി.വി ഷോകൾ എന്നിവയിലെല്ലാം അടിസ്ഥാനമായി ഒരു രചിതപാഠം (text) ഉണ്ടെങ്കിലും അത് അപ്രസക്തമാവുകയും കാണുകയോ വ്യാഖ്യാനിക്കുകയോ ചെയ്യുന്ന ആൾ പുതിയ പാഠം ഉണ്ടാക്കുയുമാണ് ചെയ്യുന്നത്. ഈ വ്യാജ ആധുനികതയിൽ ഉല്പന്നങ്ങൾ നിലനിൽക്കേണ്ടതല്ലാതാവുന്നു. ക്ഷണികത ജീവിതത്തിന്റെ സ്വഭാവമാവുന്നു. ലൈവ് ഷോകൾ ഉത്തര-ഉത്തരാധുനികതയുടെ പ്രതിരൂപമാവുന്നു. സത്യത്തിൽ യാഥാർത്ഥ്യം തിരസ്‌കൃതമാവുകയും യാഥാർത്ഥ്യത്തിന്റെ ഭിന്ന വ്യാഖ്യാനങ്ങളോ വ്യാജ യാഥാർത്ഥ്യങ്ങളോ പ്രസക്തമാവുകയും ചെയ്യുന്നു. ഈയൊരു ‘ബോധോദയ’ വെളിച്ചത്തിൽ അസ്തിത്വത്തിന്റെ ബഹുസ്വരത തേടുന്ന ഉത്തര-ഉത്തരാധുനിക ആഖ്യാനമായി ഫംഗസിനെ വായിക്കാനുള്ള ശ്രമം പ്രസക്തമാണെന്നു കരുതുന്നു.