തിരസ്കരിക്കപ്പെട്ടവരുടെ സമ്മേളനം കഴിഞ്ഞപ്പോൾ നേരം രാത്രി ഒമ്പത് മണി കഴിഞ്ഞിരുന്നു. മൊബൈൽ ആപ്പിൽ ട്രെയിൻ
സമയം നോക്കിയപ്പോൾ ഇനി പത്തരയ്ക്കേ നാട്ടിലേയ്ക്ക് വണ്ടിയുള്ളൂ. വണ്ടിയിൽ നല്ല തിരക്കുണ്ടാകുമെന്ന് ചന്ദ്രേട്ടൻ നേരത്തെ പറഞ്ഞിരുന്നു. അപ്പോ ഉറങ്ങുന്ന കാര്യം ആലോചിക്കേണ്ട. പുലർച്ചയ്ക്കേ ട്രെയിൻ നാട്ടിലെത്തൂ. ഞങ്ങൾ നാലഞ്ച് പേരുണ്ടായിരുന്നു. രാവിലെ പുറപ്പെട്ടതാണ്. ഒരു ദിവസത്തിന്റെ മുക്കാൽ പങ്കും ട്രെയിനിൽ. വരുമ്പോളത്തെ യാത്ര പകലായിരുന്നതിനാൽ മടുപ്പും ക്ഷീണവും തീരെ അനുഭവപ്പെട്ടിരുന്നില്ല. അതുവരെ കാണാത്ത ദേശങ്ങൾ, ആളുകൾ, പല തരത്തിലുള്ള വീടുകൾ, അവയ്ക്കിടയിലൂടെ നിർത്താതെ പായുന്ന തീവണ്ടി. കെട്ടിടങ്ങൾ ക്കിടയിലൂടെയും വയലുകൾക്കിടയിലൂടെയും മരങ്ങൾക്കിടയിലൂടെയും ചിലപ്പോൾ വിജനതയിലൂടെയും ഓടിക്കൊണ്ടിരുന്ന തീവണ്ടിയുടെ വാതിൽപ്പടിയിലിരുന്ന എന്റെയുള്ളിലേയ്ക്ക് ഓരോ ദേശങ്ങളുടേയും മണം നിശ്വാസങ്ങളും നെടുവീർപ്പുകളുമായി കയറിയിറങ്ങിക്കൊണ്ടേയിരുന്നിരുന്നു.
പുറംകാഴ്ചകൾ കണ്ടുള്ള പകലത്തെ യാത്ര പോലാവില്ല തിരിച്ചുപോക്ക്. വന്ന വഴികളിലെല്ലാം ഇരുൾ മൂടിക്കഴിഞ്ഞിട്ടുണ്ടാവും. ആളുകളും മരങ്ങളും വീടുമെല്ലാം ഒന്ന് മറ്റൊന്നിൽ നിന്ന് വേർതിരിച്ചറിയാനാവാത്തവിധം നിഴലുകൾ പോലെ ആയിട്ടുണ്ടാകും. പകൽ സുന്ദരമെന്ന് തോന്നിച്ച പലതും രാത്രിയിൽ ഭീതിയുണർത്തുക എത്ര ആശ്ചര്യമെന്ന് ഞാൻ ചിന്തിച്ചു നോക്കി. ഇരുട്ട് എല്ലാത്തിനേയും നിഗൂഢത നിറഞ്ഞ എന്തോ ആക്കി മാറ്റുന്നുണ്ട്.
എല്ലാവർക്കും നന്നായി വിശക്കുന്നുണ്ടായിരുന്നു. ഞങ്ങൾ ഹോട്ടലുകൾ തേടി അലഞ്ഞു തുടങ്ങി. നേരം വൈകിയത് കാരണം മിക്കവാറും എല്ലാ ഹോട്ടലുകളിലും ഭക്ഷണം തീർന്നിരുന്നു. നാലഞ്ച് ഹോട്ടലുകളിൽ കയറിയിറങ്ങി ഞങ്ങൾ ഇളിഭ്യരായി, റെയിൽവെ സ്റ്റേഷനിലേയ്ക്ക് നടക്കാൻ തീരുമാനിച്ചു. അവിടുത്തെ കാന്റീനിൽ നിന്ന് ചായയും ചെറുകടി വല്ലതും കഴിച്ച് വിശപ്പടക്കാമല്ലോ എന്നതായിരുന്നു പദ്ധതി. റെയിൽവെ സ്റ്റേഷനിലേയ്ക്ക് കുറച്ചു നടക്കാനുണ്ട്. ഓട്ടോ വിളിക്കാതെ ഞങ്ങൾ നടന്നു. പോകുന്ന വഴി വല്ല ഹോട്ടലും കാണുകയാണെങ്കിൽ കയറാലോ. അതേതായാലും നന്നായി. റെയിൽവേ സ്റ്റേഷന്റെ അടുത്തായി ഒരു ഹോട്ടൽ ഞങ്ങൾ കണ്ടു. ചെറിയ ഹോട്ടലായിരുന്നു അത്. ഹോട്ടലിന്റെ മുമ്പിലെ പഴയ ബോർഡിൽ നിറം മങ്ങിയ അക്ഷരങ്ങളിൽ ഇങ്ങനെ എഴുതിയിരുന്നു. ‘ഹോട്ടൽ സുമംഗലി’. സുമംഗലി ചിലപ്പോൾ ഹോട്ടലുടമയുടെ അമ്മയാവും. അല്ലെങ്കിൽ ഭാര്യ, ചിലപ്പോൾ മകൾ. അതുമല്ലെങ്കിൽ അയാൾക്കൊരിക്കലും സ്വന്തമാക്കാൻ കഴിയാതിരുന്ന, സ്വകാര്യ നിമിഷങ്ങളിൽ അയാൾ താലോലിക്കാൻ ഇഷ്ടപ്പെടുന്ന ഒരു പ്രിയപ്പെട്ട സ്വപ്നത്തിന്റെ പേരാവാം. സാധാരണ ഹോട്ടലിന്റെ ബോർഡുകളിൽ കാണാറുള്ള കൊതിയൂറുന്ന വിഭവങ്ങളുടെ ചിത്രങ്ങളൊന്നും അതിൽ കാണാനുണ്ടായിരുന്നില്ല. വിദൂരതയിലേയ്ക്ക് നോക്കി പുറം തിരിഞ്ഞ് നിൽക്കുന്ന ഒരു പെണ്ണിന്റെ ചിത്രവും, ഹോട്ടലിന്റെ പേരും മാത്രമേ അതിലുണ്ടായിരുന്നുള്ളൂ. മങ്ങിയ വെളിച്ചത്തിൽ ആ ബോർഡിലെ മങ്ങിയ ചിത്രത്തിന് ജീവനുള്ളപോലെ എനിക്കു തോന്നി.നിറം മങ്ങിപ്പോയെങ്കിലും വരച്ച സമയത്ത് പ്രൗഢഗംഭീരമായൊരു ചിത്രം തന്നെയായിരുന്നു അത് എന്ന് അതിൽ നോക്കുന്ന ആർക്കും മനസ്സിലാകും.
ഞങ്ങൾ ഹോട്ടലിലേയ്ക്ക് കയറി. രണ്ട് മൂന്ന് പേർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഹോട്ടൽ ജീവനക്കാർ നിലവും ഒഴിഞ്ഞ ടേബിളുകളും വൃത്തിയാക്കികൊണ്ടിരിക്കുകയാണ്. അടയ്ക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു. നേരത്തെ കയറിയ ഹോട്ടലുകളിൽ നിന്നെല്ലാം നിരാശരായി ഇറങ്ങിയത് കൊണ്ട് മടിച്ചു മടിച്ചാണ് ‘ചോറുണ്ടോ’ എന്ന് ചോദിച്ചത്. ഞങ്ങളുടെ വിശപ്പിന്റെ കാഠിന്യം മനസ്സിലാക്കിയതുകൊണ്ടാവാം ഹോട്ടലുടമ പറഞ്ഞു: ‘ചോറ് കുറവാണ് എന്നാലും ഒപ്പിക്കാം’.
ആ വാക്ക് തന്നെ ധാരാളമായിരുന്നു. ഞങ്ങൾ കൈ കഴുകി ഓരോ മേശയുടെ വശങ്ങളിലായി ഇരുപ്പുറപ്പിച്ചു.
‘റെഡിയാക്കാൻ ഇത്തരി സമയം വേണം കേട്ടോ’ – ഹോട്ടലുടമ പറഞ്ഞു. മറ്റു പല പണികളിലേർപ്പെട്ടിരുന്ന തൊഴിലാളി
കളെ ശല്യപ്പെടുത്താതെ അയാൾതന്നെ അടുക്കളയിലേയ്ക്ക് കയറി. ട്രെയിൻ വരാൻ ഇനിയും ഒരുപാട് സമയമുണ്ട്. കാത്തിരിക്കാൻ ഞങ്ങൾക്കൊരു വിഷമവുമില്ലായിരുന്നു. കാത്തിരുന്ന് നല്ല ശീലമുള്ളവരായിരുന്നു ഞങ്ങളെല്ലാവരും. കടലടങ്ങുന്നതും കാത്ത് പണിക്കുപോകാൻ മാസങ്ങളോളം കാത്തു നിന്നിട്ടുണ്ട്ഞ ങ്ങളുടെ അച്ഛന്മാരും അച്ഛച്ഛന്മാരും.
ഹോട്ടലുടമ ഞങ്ങളുടെ മുന്നിൽ പ്ലേറ്റുകളും ഗ്ലാസുകളും നിരത്തിവച്ചു. പിന്നെ വീണ്ടും അടുക്കളയിലേയ്ക്ക് കയറി. പിന്നെ
ഓരോ മേശയിലും വെള്ളം നിറച്ച ജഗ്ഗുകൾ കൊണ്ടുവച്ചു. ഓരോ തവണ വരുമ്പോഴും ‘ഇപ്പോ ആവും’ എന്ന് പറഞ്ഞ് അയാൾ ഞങ്ങളെ ആശ്വസിപ്പിച്ചു കൊണ്ടിരുന്നു. ജഗ്ഗിൽ നിന്ന് ചൂടുവെള്ളം ഗ്ലാസിലേയ്ക്കൊഴിച്ച് കുടിക്കുമ്പോഴാണ് തൊട്ടപ്പുറത്തെ മേശയിലിരിക്കുന്ന രണ്ടുപേരെ ഞാൻ ശ്രദ്ധിച്ചത്. എന്റെ മാത്രമല്ല, എല്ലാവരുടേയും ശ്രദ്ധ അവരിലായിരുന്നു. ചെറിയവളുടെ മുടി ആൺകുട്ടികളുടേത് പോലെ തന്നെയായിരുന്നു. ഒരു ടീ ഷർട്ടും അയഞ്ഞ പാന്റുമായിരുന്നു അവളുടെ വേഷം. രണ്ടാമത്തെയാൾക്ക് ചെറിയവളേക്കാൾ രണ്ടോ മൂന്നോ വയസ്സ് കൂടും. ഒരു ഇളംപച്ച സാരിയായിരുന്നു അവൾ ഉടുത്തിരുന്നത്. നീട്ടി വളർത്തിയ മുടി ഓല മെടഞ്ഞപോലെ ഭംഗിയായി മെടഞ്ഞിട്ടിരുന്നു. കണ്മഷിയും പൊട്ടുമൊക്കെ ആരുടേയും ശ്രദ്ധ ആകർഷിക്കുന്ന രീതിയിൽ ഇരുണ്ട മുഖങ്ങളിൽ നന്നായി തേച്ചു പിടിപ്പിച്ചിരുന്നു രണ്ടുപേരും. ലിപ്സ്റ്റിക്കിട്ട ചുണ്ടുകളും ക്യൂട്ടക്സിട്ട നഖങ്ങളും കാതിലെ വലിയ കമ്മലുകളും അഴകിനപ്പുറം അവരിലെ പെണ്മയുടെ
പ്രഖ്യാപനങ്ങളായാണ് എനിക്ക് തോന്നിയത്. എങ്കിലും അവരുടെ മുഖത്തും ശരീരത്തിലും ഇനിയും മാഞ്ഞു പോകാത്ത ആണടയാളങ്ങൾ ബാക്കിയുള്ളപോലെ എനിക്ക് തോന്നി. അതാണവരെ എല്ലാവരും ശ്രദ്ധിക്കാൻ കാരണമെന്നും എനിക്ക് തോന്നി.
അത് ചിലപ്പോൾ കാഴ്ചക്കാരന്റെ പ്രശ്നമാവാം. എല്ലാവരും അവരെ നോക്കുന്ന കാര്യം അവർക്കും മനസ്സിലായിട്ടുണ്ട്. അത് ശ്രദ്ധിക്കാതെ അവർ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുകയാണ്. അതിനിടയിൽ ചെറിയവൾ ഒന്നു തിരിഞ്ഞുനോക്കി. എനിക്ക് പുറം തിരിഞ്ഞിരുന്നാണവൾ ഭക്ഷണം കഴിക്കുന്നത്. ഞാനവളെ നോക്കി ഒന്നു ചിരിച്ചു. എന്റെ ചിരി കണ്ടപ്പോൾ അവളുടെ മുഖം വിടർന്നു. അവളും ചിരിച്ചു. ചിരിച്ചുകൊണ്ടേയിരുന്നു. ഒരു കൈ എനിക്ക് നേരെ ഉയർത്തി എന്നെ അഭിവാദ്യം ചെയ്തു. അവളുടെ മുഖഭാവം കണ്ടാൽ ഇതിനുമുമ്പ് ആരും അവളെ നോക്കി ചിരിച്ചിട്ടേയില്ല എന്ന് തോന്നിപ്പോകുമായിരുന്നു. അവൾ വീണ്ടും വീണ്ടും എന്നെ നോക്കി ചിരിക്കുകയാണ്. എന്റെ കൂടെയുള്ളവർ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി. സംഗതി വലയാകുമല്ലോ എന്ന് ചിന്തിച്ചിരിക്കുമ്പോഴാണ് അടുക്കളയിൽനിന്നും ഹോട്ടലുടമ ചോറുമായി വന്നത്. ഇത്തിരി ചോറ്, കാബേജു കൊണ്ടുണ്ടാക്കിയ ഉപ്പേരി, പൊട്ടിയ ഒരു പപ്പടം, മോര്. അതുതന്നെ ധാരാളമായിരുന്നു. രണ്ടു പിടി ചോറ് അകത്തെത്തിയപ്പോൾ വയറ്റിലെ കാളലിന് ഇത്തിരി ആക്കം കിട്ടി. എന്റെ ശ്രദ്ധ വീണ്ടും അവരിലേയ്ക്ക് തിരിഞ്ഞു.
ചെറിയവളെ വിട്ട് ഞാൻ വലിയവളെ ശ്രദ്ധിക്കാൻ തുടങ്ങി.
അവൾ എന്നെ നോക്കി. പിന്നെ മുഖം താഴ്ത്തി. വീണ്ടും തല ഉയർത്തി നോക്കി. ഞാനവളെതന്നെ നോക്കുകയാണെന്ന് മനസ്സിലായപ്പോൾ അവളുടെ കറുത്തമുഖം നാണം കൊണ്ട് ചുവന്നു തുടുത്തു. താമരമൊട്ട് പോലെ കൂമ്പി ആ മുഖം. അതിനുശേഷം അവളുടെ ഭക്ഷണം കഴിക്കുന്ന രീതിതന്നെ മാറി. തള്ളവിരലും ചൂണ്ടുവിരലും കൊണ്ട് ഓരോ വറ്റും പെറുക്കിയെടുത്ത് ചുണ്ടുതൊടാതെ വായിലേയ്ക്കിട്ടുകൊണ്ടിരുന്നു. അവളുടെ വേഷവും ചേഷ്ടകളും കണ്ടപ്പോൾ വേപ്പിൻകായുണ്ടാകുന്ന കാലത്ത് അത് തിന്നാൽ കൂട്ടത്തോടെ ഞങ്ങളുടെ പറമ്പിലെത്തിയിരുന്ന തത്തകളെ എനിക്ക് ഓർമ വന്നു. കൂട്ടം തെറ്റിയ തത്തയാണവൾ എന്നെനിക്ക് തോന്നി. തത്ത കൊത്തി തിന്നുംപോലെ ഭക്ഷണം കഴിക്കുന്നതിനിടയിലും ഇടയ്ക്ക് അവൾ തല ഉയർത്തി എന്നെ നോക്കുന്നുണ്ട്. ഞാനവളെ ശ്രദ്ധിക്കുന്നു എന്നവൾക്ക് മനസ്സിലായിക്കഴിഞ്ഞു. അതുകൊണ്ടാവണം എന്നെ നോക്കുമ്പോൾ അവളുടെ മുഖത്തങ്ങനെ ചോപ്പ് പടരുന്നത്.
ഹോട്ടലുടമ രണ്ടാമതും ചോറുമായ് വന്നു. എന്റെ പ്ലേറ്റിലെ ചോറ് അനങ്ങിയിട്ടു കൂടിയില്ല. തത്ത കൊത്തി തിന്നും പോലെയായിരുന്നു അത്രയും നേരം ഞാനും ചോറുണ്ടിരുന്നത്. അവൾ കൈ കഴുകാൻ എഴുന്നേറ്റു. ചെറിയവൾ അപ്പോഴും കഴിച്ചു തീർന്നിരുന്നില്ല. എന്റെ നോട്ടം അസഹ്യമായത് കാരണം അവൾ വേഗം എഴുന്നേറ്റതാവുമോ?
എന്റെ പിന്നിലുള്ള വാഷ്ബേസിനിൽ നിന്നും കയ്യും മുഖവും കഴുകിയ ശേഷം അവൾ ഇരുന്നിടത്തുതന്നെ വീണ്ടും വന്നിരുന്നു. അവളുടെ അന്നം ഞാൻ കാരണം മുടങ്ങിയോ എന്ന സംശയം എന്റെയുള്ളിൽ തോന്നിയ കാരണം പിന്നീട് അവളെ നോക്കാൻ വല്ലാത്ത മടിയും കുറ്റബോധവുമൊക്കെ എനിക്ക് തോന്നി. എങ്കിലും അറിയാതെ കണ്ണൊന്ന് പാളിയപ്പോഴൊക്കെ അവൾ എന്നെതന്നെ നോക്കിയിരിക്കുന്നതാണ് കണ്ടത്. ഞങ്ങളുടെ കണ്ണുകൾ തമ്മിലിടയുമ്പോൾ അവൾ പതിയെ മുഖം താഴ്ത്തും. അവൾ ഒന്നിളകിയിരുന്നപ്പോൾ സാരിത്തലപ്പ് മാറിയ വിടവിലൂടെ അവളുടെ ഇറുകിയ വയറും കൂമ്പി നിൽക്കുന്ന പെണ്ണടയാളവും ഞാൻ കണ്ടു. ഞാനത് ശ്രദ്ധിക്കുന്നുവെന്ന് കണ്ടപ്പോൾ അവൾ സാരിത്തലപ്പ് കൊണ്ട് ആ ഭാഗങ്ങൾ മറച്ചുപിടിച്ചു.
ചെറിയവൾ ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ അവർ പോകാനൊരുങ്ങി. ബില്ല് കൊടുക്കുമ്പോൾ അവൾ ഹോട്ടലുടമയോട് എന്തോ പറഞ്ഞ് ചിരിക്കുന്നുണ്ടായിരുന്നു. ചിലപ്പോൾ അവർ അവിടുത്തെ പതിവുകാരായിരിക്കാം. ബില്ലു കൊടുത്ത് അവർ രണ്ടുപേരും പുറത്തിറങ്ങി പോകുന്നതിനുമുമ്പ് അവൾ ഒന്നുകൂടി തിരിഞ്ഞുനോക്കി. ഹോട്ടലിന്റെ മുൻപിലെ പൊടി പിടിച്ച ചില്ലിലൂടെ നോക്കിയപ്പോൾ പുറത്തെ ആളൊഴിഞ്ഞ നിരത്തും വഴിവിളക്കിന്റെ അരണ്ട വെളിച്ചവും മരങ്ങളുടെ നിഴലുമെല്ലാം ആരോ വരച്ചുവച്ച ചിത്രം പോലെ തോന്നിച്ചു. ആ ചിത്രത്തിലൂടെ അവൾ എന്നെ നോക്കിക്കൊണ്ട് നടന്നങ്ങനെ പോയി. പ്ലേറ്റിൽ ബാക്കിയായ ചോറ് വേഗം വാരിത്തിന്ന് ഞാൻ പുറത്തിറങ്ങി. ഒപ്പമുള്ളവരോട് ഞാൻ പുറത്തുണ്ടാവും എന്ന് പറഞ്ഞു.
പുറത്തിറങ്ങിയപ്പോൾ നിരത്ത് വിജനമായി കിടക്കുകയാണ്. ആളനക്കമോ ഇലയനക്കമോ ഇല്ല. റെയിൽവെ സ്റ്റേഷനിലേയ്ക്ക്
പോകുന്ന റോഡിന്റെ എതിർഭാഗത്തേയ്ക്കാണവർ പോയത്. എത്ര പെട്ടെന്നാണ് അവർ ഇരുട്ടിലേയ്ക്ക് മറഞ്ഞത്! കൂടെ വന്ന
എല്ലാവരും ഭക്ഷണം കഴിച്ച് കഴിഞ്ഞപ്പോൾ ബില്ലു കൊടുത്ത് ഞങ്ങൾ റെയിൽവെ സ്റ്റേഷനിലേയ്ക്ക് നടന്നു. റെയിൽവെ സ്റ്റേഷനിലേയ്ക്ക് നടക്കുമ്പോഴും അവളെ വീണ്ടും കാണും എന്ന് എന്റെയുള്ളിൽ നിന്നാരോ പറയുംപോലെ എനിക്ക് തോന്നി. അതിനുള്ള സാധ്യത തീരെ ഇല്ലായിരുന്നുവെങ്കിലും അവളെ ഒന്നു കൂടി കാണാൻ ഞാനാഗ്രഹിച്ചിരുന്നു.
റെയിൽവെ സ്റ്റേഷനിലെത്തിയപ്പോൾ ഒമ്പതര മണിയേ ആയിരുന്നുള്ളൂ. ഇനിയും ഒരു മണിക്കൂറുണ്ട് വണ്ടി വരാൻ. പ്ലാറ്റ്ഫോമിന്റെ ആളൊഴിഞ്ഞ തെക്കേ ഭാഗത്തേയ്ക്ക് ഞങ്ങൾ നടന്നു. അവിടെ നിരന്നു കിടന്നിരുന്ന ചാരുബഞ്ചുകളിൽ ഞങ്ങൾ സ്ഥാനം പിടിച്ചു. ഏതൊക്കെയോ ദേശങ്ങളുടെ മണങ്ങളും പേറി ഒരു ട്രെയിൻ ഞങ്ങൾക്കു മുന്നിൽ വന്നു നിന്നു. ഓരോരോ മണങ്ങളുമായ് അതിൽനിന്നോരോരുത്തരായ് ഇറങ്ങി. കേറാനുള്ളവർ ഇറങ്ങുന്നവരേയും കാത്ത് പ്ലാറ്റ്ഫോമിൽ അക്ഷമരായ് നിന്നു. വീടെത്താനുള്ള വെമ്പലും വീടെത്തിയതിന്റെ ആശ്വാസവുമെല്ലാം കുറച്ചുനേരം ആ ഒന്നാംനമ്പർ പ്ലാറ്റ്ഫോമിനെ ഇളക്കി മറിച്ചു.
ട്രെയിൻ സ്റ്റേഷൻ വിട്ടപ്പോൾ ഓളമടങ്ങിയ കുളം പോലെയായി പ്ലാറ്റ്ഫോം. അപ്പോഴാണ് എന്റെ കൂടെയുണ്ടായിരുന്ന ചെക്കൻ എന്നെ തോണ്ടിയത്.
‘മറ്റേ ടീമതാ’- അവൻ പറഞ്ഞു.
ആര് എന്ന് ചോദിച്ച് ഞാൻ അവൻ കൈചൂണ്ടിയ ഭാഗത്തേയ്ക്ക് നോക്കി. തൊട്ടപ്പുറത്തെ ബെഞ്ചിലിരുന്ന ഇളംപച്ച സാരി
യെ തിരിച്ചറിയാൻ വലിയ പ്രയാസമൊന്നും വേണ്ടിവന്നില്ല. കണ്ണിലത്രയും നേരം അവളായിരുന്നല്ലോ. ഇത്തവണ അവരെ രണ്ടുപേരെ കൂടാതെ വേറൊരുത്തി കൂടിയുണ്ടായിരുന്നു ഒപ്പം. മുഖം നിറയെ മുഖക്കുരുവിന്റെ പാടുകൾ വീണ അവൾക്ക് വല്ലാത്തൊരു ഗൗരവമായിരുന്നു. ചെറിയവൾ അവരുടെ പിറകിലെ ബെഞ്ചിൽ കിടന്നുറങ്ങുകയായിരുന്നു. കാലുകൾ ചുരുട്ടിവച്ച് അമ്മയുടെ ഗർഭപാത്രത്തിലെന്നപോലെയായിരുന്നു ആ കിടപ്പ്. ഉറക്കത്തിനിടയിൽ അവൾ തല ചൊറിയുകയും എന്തൊക്കെയോ പിറുപിറുത്ത് പുഞ്ചിരിക്കുകയും ചെയ്യുന്നുണ്ടായിരുന്നു. ചിലപ്പോൾ അവൾ അവളുടെ അമ്മയെ സ്വപ്നം കാണുകയായിരിക്കും. ഇനിയൊരിക്കലും തിരിച്ചു ചെല്ലാനാകാത്ത ആ മടിത്തട്ടിന്റെ ഇളം ചൂടിനെ അവൾ അത്രമേൽ കൊതിക്കുന്നുണ്ടാകാം. ആ ബഹളത്തിനിടയിലും ഇത്രയും ശാന്തമായി അവൾക്കുറങ്ങാൻ കഴിയുന്നല്ലോ എന്നോർത്ത് എനിക്കത്ഭുതം തോന്നി. എനിക്കൊരിക്കലും അങ്ങനെ ഉറങ്ങാൻ കഴിയില്ല. എവിടെയായിരിക്കും അവരുടെ വീട്? ഈ രാത്രിയിൽ എന്തിനാണിവർ ഈ റെയിൽവെ സ്റ്റേഷനിൽ വന്നിരിക്കുന്നത്? അങ്ങനെ പലതും ആലോചിച്ച് നിൽ
ക്കുമ്പോഴാണ് ചെക്കൻ പറഞ്ഞത്.
‘അവർ ഡ്യൂട്ടിക്ക് ഇറങ്ങിയതാ’
‘എന്ത് ഡ്യൂട്ടി?’ – ഞാൻ ചോദിച്ചു.
‘മറ്റേ പരിപാടി.’ – അവൻ വിരലുകൾ ചുണ്ടിൽ ചേർത്ത് വച്ച് പീപ്പി ഊതുന്നപോലെ കാണിച്ചു.
അങ്ങനെ പലരും പറയുന്നത് ഞാൻ കേട്ടിട്ടുണ്ട്. പക്ഷേ, എല്ലാവരും അങ്ങനെ ആയിക്കൊള്ളണമെന്നില്ലല്ലോ. അവരുടെ മുഖത്തിനുനേരെ നീണ്ടുവരുന്ന പുല്ലിംഗങ്ങളെ ഞാൻ സങ്കല്പിച്ചുനോക്കി. അവരുടെ സംസാര രീതികളും റെയിൽവെ സ്റ്റേഷനിലെ പോർട്ടർമാരോടുള്ള അവരുടെ പെരുമാറ്റവും കണ്ട് ശ്രീധരേട്ടനും പറഞ്ഞു:
‘എന്താണവരുടെ കോലം. എനിക്കവരെ അംഗീകരിക്കാൻ കഴിയുന്നില്ല’.
എന്തുകൊണ്ടാണ് അംഗീകരിക്കാൻ കഴിയാത്തത് എന്ന് എനിക്ക് ചോദിക്കണമെന്നുണ്ടായിരുന്നു. അതൊരുപക്ഷേ ഒരു തർ
ക്കത്തിന് വഴിവച്ചേയ്ക്കുമെന്ന് കരുതി ഞാൻ മിണ്ടാതിരുന്നു. ജനനം കൊണ്ടുണ്ടായ ചിലത് ബാധ്യതയായപ്പോൾ സ്വയം പരിണാമത്തിന് വിധേയരാകാൻ നിർബന്ധിക്കപ്പെട്ടതാണവർ. അവർക്ക് എന്നെങ്കിലും ഒന്നായി തീർന്നേ മതിയാവൂ. പൂമ്പാറ്റകളുടെ ജീവിതചക്രം പോലെ ഘട്ടം ഘട്ടമായ് ആണടയാളങ്ങൾ ഒന്നൊന്നായ് മായ്ച്ച് കളഞ്ഞ്…
ഓരോരുത്തരും പഠിച്ച് ഡോക്ടറും എഞ്ചിനീയറുമൊക്കെ ആകാൻ സ്വപ്നം കണ്ട് നടക്കുമ്പോൾ ഇവർ കാണുന്ന സ്വപ്നം
സ്വന്തം സ്വത്വത്തിലേയ്ക്കുള്ള യാത്രയാണ്. എന്തായാലും പല്ലി വാൽ മുറിച്ചിടുന്നപോലെ അത്ര എളുപ്പമായിരിക്കില്ല ഇവർക്ക് അടയാളങ്ങൾ മായ്ക്കൽ. ഓരോ ഘട്ടവും വേദനയുടേതായിരിക്കും. അതെല്ലാം അതിജീവിച്ച് വന്നിട്ടുവേണം അവർക്ക് മറ്റുള്ളവരുടേതുപോലുള്ള സ്വപ്നങ്ങൾ കണ്ടുതുടങ്ങാൻ.
അവളെ നോക്കി ഞാൻ മനസ്സിൽ ഇങ്ങനെ പറഞ്ഞു: ‘ഇവൾ സ്വപ്നത്തിലേയ്ക്കുള്ള ട്രെയിൻ കാത്തിരിക്കുകയാണ്’. ഞാൻ പറഞ്ഞത് അവൾ കേട്ടെന്ന് തോന്നി. അവൾ തിരിഞ്ഞു നോക്കി. അപ്രതീക്ഷിതമായി എന്നെ കണ്ടതുകൊണ്ടാകണം ഒന്നു പകച്ചു. പിന്നെ ഒപ്പമുള്ളവളോട് എന്തോ അടക്കം പറഞ്ഞു. അവളും എന്നെ നോക്കി. പിന്നെ എന്തൊക്കെയോ പരസ്പരം സംസാരിച്ചുകൊണ്ടിരുന്നു. എന്നെ കുറിച്ചായിരിക്കണം അവരുടെ സംസാരം. കുറച്ചുനേരം കഴിഞ്ഞപ്പോൾ അവർ എഴുന്നേറ്റു. എങ്ങോട്ടോ പോകാനുള്ള ഒരുക്കത്തിലാണ്. അവൾ ഉറങ്ങിക്കിടന്ന ചെറിയവളെ ഉണർത്താൻ നോക്കിയെങ്കിലും എന്തൊക്കെയോ മുരണ്ടുകൊണ്ട് അവൾ തിരിഞ്ഞുകിടന്ന് വീണ്ടും ഉറക്കമായി. അവളെ അവിടെതന്നെ വിട്ട് അവർ രണ്ടാളും നടന്നു. എതിരെ വന്ന പലരുടേയും കണ്ണുകൾ അവരെ കൊളുത്തി വലിക്കുന്നുണ്ടായിരുന്നു. അവർ നേരെ പോയത് തൊട്ടടുത്ത കാന്റീനിലേയ്ക്കായിരുന്നു. അവിടുന്ന് ചായ വാങ്ങി അവർ ഊതിക്കുടിച്ചു തുടങ്ങി. ചായ കുടിക്കുന്നതിനിടയിലും
അവൾ എന്റെ നേരെ നോക്കുന്നുണ്ടായിരുന്നു. അതിനിടയിൽ ഒരു പ്രായമായ പോർട്ടർ അവളുടെ അടുത്ത് ചെന്ന് അവളോട് എന്തോ പറഞ്ഞു. അവൾ ചിരിച്ചുകൊണ്ട് അയാളുടെ വയറ്റത്ത് ഒരിടി വച്ചു കൊടത്തു. എന്നെ നോക്കിക്കൊണ്ടായിരിന്നു അവളിതൊക്കെ ചെയ്തിരുന്നത്. ഞാൻ മുഖം തിരിച്ച് സ്റ്റേഷനിലെ മറ്റു ചിലരിലേയ്ക്ക് മന:പൂർവം എന്റെ ശ്രദ്ധ തിരിച്ചുവിട്ടു. അതിനിടയിൽ ചായ കുടിച്ച് കഴിഞ്ഞ് അവർ വീണ്ടും ആദ്യമിരുന്നിടത്ത് വന്നിരുന്ന് മൊബൈലിൽ തോണ്ടിക്കളിക്കാൻ തുടങ്ങി.
ഞങ്ങൾക്ക് പോകാനുള്ള വണ്ടി അരമണിക്കൂർ വൈകിയാണ് വരുന്നതെന്ന അറിയിപ്പ് വന്നു. അതുകേട്ടപ്പോൾ ഒപ്പമുണ്ടായിരുന്നവർ ഒന്നു കറങ്ങിവരാം എന്ന് പറഞ്ഞ് എങ്ങോട്ടോ പോയി. അവർ പോയപ്പോൾ ഞാൻ തനിച്ചായത് പോലെ എനിക്കു തോന്നി. അതിൽ എനിക്ക് വല്ലാത്ത സന്തോഷം തോന്നുകയും ചെയ്തു. അപരിചിതർക്കിടയിൽ ഒറ്റയ്ക്കാവാൻ ഒറ്റപ്പെട്ട് നിൽക്കണമെന്നില്ല. എന്റെ മുമ്പിലിരുന്ന ഒരാൾ കുറേ നേരമായി കാറ്റത്തെ തെങ്ങിനെ പോലെ ആടുന്നു. ഉറക്കം അയാളെ വല്ലാതെ പിടിച്ചുലയ്ക്കുകയായിരുന്നു. നേരം ചെല്ലും തോറും അയാളുടെ കുലുക്കത്തിന് വേഗത കൂടി. കുട്ടികളുടെ കയ്യിലെ കിലുക്കട്ട പോലെ അയാൾ വിറയ്ക്കാൻ തുടങ്ങി. പിന്നെ വലിയൊരു ശബ്ദത്തോടെ നിലത്തുവീണു. വീണിട്ടും അയാൾ എഴുന്നേൽക്കാൻ ശ്രമിക്കാതെ നിലത്തുതന്നെ കിടന്നു.
‘എന്തുപറ്റി?’ – ആരോ ചോദിച്ചു
‘കള്ളു കുടിച്ച് വീണതാകും’ ആരോ മറുപടിയും കൊടുത്തു. കാഴ്ച കണ്ട് നിൽക്കുകയല്ലാതെ ഒരാൾപോലും അയാളെ എഴുന്നേല്പിക്കാൻ ശ്രമിച്ചില്ല. ഞാൻ അയാളുടെ അടുത്തുപോയി നോക്കി. അയാൾ എഴുന്നേൽക്കാൻ വയ്യാതെ അങ്ങനെതന്നെ കിടക്കുകയാണ്. എനിക്കയാളെ എഴുന്നേല്പിക്കണമെന്നുണ്ടായിരുന്നു. പക്ഷേ, എന്തോ ഒരുതരം ജാള്യത എന്നെ വന്ന് മൂടി. ആളുകളെല്ലാം എന്നെ ശ്രദ്ധിക്കുകയാണോ? വീണു കിടക്കുന്ന ഒരാളെ എഴുന്നേല്പിക്കുന്നതിൽ ലജ്ജിക്കാനെന്തിരിക്കുന്നു? ഇതൊക്കെ മനുഷ്യസഹജമല്ലേ? ഇങ്ങനെ കുറെ ചിന്തകൾ ഇത്തിരിനേരം കൊണ്ട് എന്നിലൂടെ കടന്നുപോയി. അപ്പോഴാണ് ഒരു ഫ്രീക്ക് പയ്യൻ എവിടെ നിന്നോ ഞങ്ങൾക്കരുകിലെത്തിയത്. അവൻ അയാളെ
പിടിച്ചെഴുന്നേല്പിച്ചു. ഞാനും ഒരു കൈ പിടിച്ചു. ഞങ്ങൾ രണ്ടുപേരും കൂടി അയാളെ താങ്ങി ബെഞ്ചിലിരുത്തി. നിലത്തുവീണു കിടന്ന പഴ്സും മൊബൈൽ ഫോണും ഞാനയാളുടെ കയ്യിൽ വച്ചുകൊടത്തു.
‘വേദനിച്ചോ?’- ഫ്രീക്ക് പയ്യൻ അയാളോട് ചോദിച്ചു.
‘ഇല്ല. രണ്ടു ദിവസമായി ഉറങ്ങിയിട്ട്’ – അയാൾ ഒരു വിളറിയ ചിരി ചിരിച്ചു.
‘സാരമില്ല. എവിടെയെങ്കിലും ചാരിക്കിടന്ന് ഉറങ്ങിക്കൊള്ളൂ’
അതുപറഞ്ഞ് അവൻ ആൾക്കൂട്ടത്തിലേയ്ക്ക് മറഞ്ഞു. അവന്റെ മുഖത്തിന് ചുറ്റും ഒരു പ്രകാശവലയം ഉള്ള പോലെ എനിക്ക്
തോന്നി. ഞാനെന്റെ സ്ഥലത്ത് വന്നിരുന്നു. അവളെല്ലാം കണ്ടു നിൽക്കുകയായിരുന്നു. എന്റെ നോട്ടം കണ്ടപ്പോൾ അവൾ മുഖം
തിരിച്ചു. അവളെ അങ്ങനെ കുറേനേരം നോക്കി നിന്നത് കൊണ്ടാകണം ഹോട്ടലിൽ വച്ച് ആദ്യം കണ്ടപ്പോളുള്ള അവളല്ല ഇപ്പോൾ എന്റെ അടുത്തിരിക്കുന്നത് എന്ന് തോന്നി. അവളിലെ ആണടയാളങ്ങൾ എപ്പഴേ മാഞ്ഞുപോയിരിക്കുന്നു. എന്റെ നോട്ടം വല്ലാതെ അലോസരപ്പെടുത്തിയതു കൊണ്ടാകണം അവൾ ഒരു തവണ ഒരു പുരികം മാത്രം ‘റ’ പോലെ വളച്ച് ‘എന്താ’ എന്ന് ചോദിക്കാൻ തുടങ്ങിയ പോലെ തോന്നി. പക്ഷേ, ആ ചോദ്യം മുഴുമിപ്പിക്കാനവൾക്ക് കഴിഞ്ഞില്ല. അതിനുമുമ്പേ ഒപ്പമുള്ളവൾ അവളെ തോണ്ടി വിളിച്ചു. അവൾ മുഖം തിരിച്ചു. അവർ എന്തൊക്കെയോ സംസാരിച്ചു കൊണ്ടിരുന്നു. അവരേത് ഭാഷയാണ് സംസാരിക്കുന്നതെന്നോ അവളുടെ ശബ്ദം എങ്ങനെയാണെന്നോ കേൾക്കാനെനിക്ക് കഴിഞ്ഞില്ല. അവർ സംസാരിക്കുന്നുണ്ടെന്ന് മാത്രം മനസ്സിലായി.
അപ്പോഴാണ് അവളുടെ മൊബൈൽ ഫോൺ ശബ്ദിച്ചത്. അവൾ ഒരു കള്ളച്ചിരിയോടെ ഫോൺ കയ്യിലെടുത്തു. പിന്നെ എനിക്ക് കേൾക്കാൻ വേണ്ടിയെന്നോണം ലൗഡ് സ്പീക്കർ ഓണിലിട്ട് സംസാരിച്ച് തുടങ്ങി. അങ്ങേ തലയ്ക്കലെ ഒരാണിന്റെ
ശബ്ദം എനിക്ക് അവ്യക്തമായി കേൾക്കാൻ കഴിഞ്ഞു. ആ സംസാരം കുറേനേരം നീണ്ടു. എന്താണവർ പറയുന്നതെന്ന് എനി
ക്ക് കേൾക്കാൻ പറ്റിയില്ല. അവൾ തത്ത പറയുംപോലെ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്. ഒരുപക്ഷേ, അതവളുടെ കാമുകനാവാം. അയാൾ ഇത്തിരി ദേഷ്യത്തിലായിരിക്കണം. അയാൾ ഒച്ചയുയർത്തി സംസാരിക്കുമ്പോഴൊക്കെ അവൾ ആശ്വസിപ്പിക്കാൻ വേണ്ടിയെന്നോണം ഫോണിൽ തുരുതുരാ ചുംബിക്കുന്നുണ്ട്. ആ ചുംബനങ്ങൾ തരംഗങ്ങളായി അകലെയെവിടെയോ ഉള്ള അയാളുടെ കവിളിലും ചുണ്ടിലുമെല്ലാം പൊള്ളലേല്പിക്കുന്നുണ്ടാകും. ഇടയ്ക്കിടെ അവൾ ഒളികണ്ണിട്ട് എന്നെ നോക്കുന്നുമുണ്ട്. എനിക്കെന്തോ വല്ലാത്ത ലജ്ജ തോന്നി. ഞാനെന്തോ ഒളിച്ചിരുന്ന് കേൾക്കുകയാണെന്ന തോന്നൽ എനിക്കുണ്ടായി. അവളെ പിന്നെ നോക്കാനെനിക്ക് തോന്നിയില്ല. ഞാൻ മൊബൈലെടുത്ത് കുറച്ചുനേരം ഫേസ്ബുക്കിലും വാട്സാപ്പിലുമൊക്കെ കറങ്ങി നടന്നു. പിന്നെ മൊബൈൽ പോക്കറ്റിലിട്ട് കുറച്ചുനേരം കണ്ണടച്ച് ഇരിക്കാൻ
നോക്കി.
അങ്ങനെ കുറേനേരം ഇരിക്കാൻ കഴിഞ്ഞില്ല. പോക്കറ്റിൽ കിടന്ന വൈബ്രേഷനിലിട്ട മൊബൈൽ ഞെളിപിരി കൊണ്ടു.
നോക്കുമ്പോൾ ഭാര്യയാണ്. വീട്ടിലേയ്ക്ക് മടങ്ങാനുള്ള ഓർമപ്പെടുത്തലാണ്. ഇതുവരെ പുറപ്പെട്ടിട്ടില്ലെന്നും വണ്ടി ലേറ്റാണെന്നും പറഞ്ഞപ്പോൾ അവൾക്ക് നിരാശ. ഞാനില്ലാതെ ആദ്യമായാണവൾ എന്റെ വീട്ടിൽ തനിച്ചുറങ്ങുന്നത്. രാത്രിയായാൽ മരങ്ങളുടെ നിഴലുകളേയും ഇരുട്ടത്തെ ശബ്ദങ്ങളേയും വല്ലാത്ത പേടിയാണവൾക്ക്.
‘ഞാൻ വാവക്ക് കൊടുക്കാം’ – അവൾ പറഞ്ഞു.
‘അച്ഛനെപ്പോഴാ വര്വാ?’ – മകളാണ്.
ഞാൻ വേഗം വരാമെന്ന് പറഞ്ഞു.
‘വര്മ്പൊ ഡോട്ടറ്ടെ കളിപ്പാട്ടം കൊണ്ടരണം’.
സ്റ്റെതസ്കോപ്പും സിറിഞ്ചുമൊക്കെയുള്ള പ്ലാസ്റ്റിക് കളിപ്പാട്ടമാണ് അവൾ ഉദ്ദേശിക്കുന്നത്. അന്നവൾക്ക് അങ്കൺവാടിയിലെ
പരിപാടിയിൽ പാട്ട് പാടിയതിന് സമ്മാനം കിട്ടിയിട്ടുണ്ട്. അവളുടെ പാട്ട് ഭാര്യ എനിക്ക് വാട്സാപ്പിൽ അയച്ചു തന്നിരുന്നു. ഇനിയവൾക്ക് അച്ഛന്റെ വക കൂടി സമ്മാനം വേണം. വരുന്ന വഴി അവൾ പറഞ്ഞ കളിപ്പാട്ടവും കുറച്ച് കുഞ്ഞുടുപ്പുകളും ഞാൻ വാങ്ങിയിരുന്നു. അത് പ്രതീക്ഷിച്ചാണവൾ ഉറങ്ങാതെ കാത്തിരിക്കുന്നത്. ഫോൺ തിരികെ പോക്കറ്റിലിടുമ്പോൾ, ഏതോ ഒരു വണ്ടി അല്പസമയത്തിനകം ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ എത്തിച്ചേരുമെന്ന അറിയിപ്പ് വന്നു. അതുകേട്ടപ്പോൾ യാത്രയ്ക്ക് തയ്യാറെടുക്കാനായ് ആളുകൾ ഒന്നിളകിയിരുന്നു. എനിക്ക് പോകാനുള്ള വണ്ടി ഈ സമയം മറ്റേതോ ദേശത്ത് നിന്ന് എന്നിലേയ്ക്ക് പാഞ്ഞടുക്കുകയായിരിക്കാം. ഞാൻ കണ്ണടച്ച് ആ വണ്ടിയുടെ വേഗത മനസ്സിൽ കണക്കുകൂട്ടാൻ തുടങ്ങി. എന്റെ വണ്ടി എന്നെയും വഹിച്ച് പോകുകയാണെന്നും കണ്ണ് തുറന്നാൽ വീടെത്തുമെന്നും
ഞാൻ വെറുതെ സങ്കല്പിച്ചു.
കുറച്ചു കഴിഞ്ഞപ്പോൾ ദൂരെ നിന്നും ഒരു വണ്ടി വരുന്ന ശബ്ദം കേട്ടു. പ്ലാറ്റ്ഫോമിന്റെ പല ഭാഗത്തുനിന്നും കടലിൽ നിന്നെന്നപോലെ തിരയിളകി. പാതി മയക്കത്തിലാണ്ടുപോയ പലരും ധൃതിയിൽ ബാഗും മറ്റുമെടുത്ത് പ്ലാറ്റ്ഫോമിന്റെ അരികിൽ തിക്കിത്തിരക്കി നിന്നു. വലിയൊരു ശബ്ദത്തോടെ ഒരു ട്രെയിൻ എന്റെ മുന്നിൽവന്നു നിന്നു. വീടെത്തിയതിന്റെ ആശ്വാസത്തോടെ കുറേ ആളുകൾ അതിൽനിന്നും ചാടിയിറങ്ങി പലഭാഗത്തേയ്ക്കായി ചിതറിത്തെറിച്ചു പോയി. ഞാൻ നോക്കിയപ്പോൾ അവൾ ഉറങ്ങിക്കിടക്കുന്ന ചെറിയവളെ കുലുക്കി വിളിക്കുന്നത് കണ്ടു. അവർക്കു പോകാനുള്ള വണ്ടിയാണത്.
ചെറിയവൾ തല ചൊറിഞ്ഞു കൊണ്ടെഴുന്നേറ്റു. പാതിയുറക്കത്തിൽ നിന്നെഴുന്നേറ്റ ചെറിയവളേയും വലിച്ചുകൊണ്ട് ഒന്നു തിരിഞ്ഞു നോക്കുക പോലും ചെയ്യാതെ അവൾ ഏറ്റവും പിന്നിലെ കംപാർട്ട്മെന്റിലേയ്ക്ക് നടന്നു. അവരാദ്യം അതിനുള്ളിലേയ്ക്ക് കയറി. പിന്നെ പിൻവാതിലിലൂടെ പുറത്തേയ്ക്കിറങ്ങി. വടിയും കുത്തിപ്പിടിച്ച് ഇറങ്ങിവരുന്ന ഒരു വൃദ്ധനോട് എന്തോ തമാശ പറഞ്ഞ് അവൾ പൊട്ടിച്ചിരിച്ചു. അവരുടെ കളികൾ കണ്ടപ്പോൾ ആ സ്റ്റേഷനും പരിസരവുമെല്ലാം അവർക്ക് ജനിക്കുന്നതിന് മുമ്പേ പരിചയമുള്ളതുപോലെ തോന്നുമായിരുന്നു. വണ്ടി പുറപ്പെടുംവരെ അവർ കംപാർട്ട്മെന്റിൽ കേറിയും ഇറങ്ങിയും കളിച്ചുകൊണ്ടിരുന്നു. അവർ അനുഗ്രഹിക്കപ്പെട്ടവരാണ് എന്ന് എനിക്ക് തോന്നി.
കരുത്തുള്ള ഒരാൺ മനസ്സ് കൂടി ഉണ്ടവർക്ക്. അതവരെ എപ്പോഴും കാക്കുന്നുണ്ടാവണം. ട്രെയിൻ ഇളകിത്തുടങ്ങിയപ്പോൾ അവരെല്ലാം അകത്ത് കയറി. എന്റെ മുന്നിലൂടെ ബോഗികൾ ഓരോന്നോരോന്നായ് ഉരുണ്ടുരുണ്ട് ഇരുട്ടിലേയ്ക്ക് പോയ്മറഞ്ഞു. എന്റെ കണ്ണുകൾ അവസാനത്തെ ബോഗിയിൽ തറഞ്ഞ് നിൽക്കുകയാണ്. അകം ശൂന്യമെന്ന് തോന്നിച്ച ആ ബോഗിയുടെ വാതിൽക്കൽ ഞാനൊരു ഇളംപച്ച നിറത്തിലുള്ള അനക്കം കണ്ടു. അവൾ വാതിലിൽ വന്നു നിൽക്കുകയാണ്; എന്നെതന്നെ നോക്കിക്കൊണ്ട്. ട്രെയിനിന് വേഗത കൂടി. അവൾ നിന്ന ബോഗി എന്റെ മുമ്പിലെത്തി.
കാറ്റിൽ ഇളകി മാറിയ സാരിത്തലപ്പ് നേരയാക്കാനവൾ ശ്രമിച്ചില്ല. ഒരിടിമിന്നൽപോലെ പെണ്ണ് എന്റെ മുന്നിൽ വെളിപ്പെടുകയായിരുന്നു. ഞാൻ മുഖത്ത് ഏറെ സ്വാഭാവികത വരുത്തി അവളെ നോക്കി പതിയെ ചിരിച്ചു. അവളും ചിരിച്ചു. ആദ്യമായും അവസാനമായും. ചിരിച്ചുകൊണ്ടുതന്നെയവൾ ട്രെയിനിനൊപ്പം ഇരുട്ടിലേയ്ക്ക് മറഞ്ഞു. ട്രെയിൻ പോയിക്കഴിഞ്ഞിട്ടും ആ ചിരി അവിടെത്തന്നെ നിൽക്കുന്നതായി എനിക്കു തോന്നി. അമ്മയുടേത് പോലെ, ഭാര്യയുടേത് പോലെ, മകളുടേത് പോലെ, തിരസ്കരിക്കപ്പെട്ട അനേകം പേരുടെ ചിരിപോലെതന്നെ മനോഹരമായിരുന്നു അവളുടെ ചിരിയും.
മൊബൈൽ നമ്പർ: 8921 930261, 7560 96494