നേരം ഇരുട്ടിയിരുന്നു.
ജനലിനോടു ചേർന്ന കട്ടിലിലിരുന്നുകൊണ്ട് പുറത്തെ ആട്ടിൻകൂട്ടിലേക്കു നോക്കി ചിന്താകുലനായി ഇരിക്കുകയായിരുന്നു അയാൾ. ആട്ടിൻകൂട്ടിൽ നിന്നുള്ള അരണ്ട വെളിച്ചം മാത്രമായിരുന്നു മുറിയിൽ ഉണ്ടായിരുന്നത്. അതുകൊണ്ടുതന്നെ, ഒരു പ്രതിമ കണക്കെയിരിക്കുന്ന അയാളെ, പുറത്ത് ആടിന് വെള്ളം കൊടുത്തുകൊണ്ടിരുന്ന അയാളുടെ ഭാര്യ കണ്ടിരുന്നില്ല. വെള്ളം കൊടുക്കുമ്പോൾ ആടുകൾ തമ്മിലുള്ള കശപിശയും, അതിൽ ദേഷ്യപ്പെട്ട് ആടുകളോടുള്ള ഭാര്യയുടെ ഉച്ചത്തിലുള്ള ശകാരവും അയാൾ കേൾക്കുന്നുണ്ടായിരുന്നില്ല.
മൃഗങ്ങളെയും പക്ഷികളെയും അയാൾക്ക് വളരെ ഇഷ്ടമായിരുന്നു. പശുവിനെയും ആടിനെയും പൂച്ചയെയും എന്തിന്, കോഴിയെ വരെ അയാൾ താലോലിക്കാറുണ്ട്! ആ ഇഷ്ടം ഒന്നുകൊണ്ടു മാത്രമാണല്ലോ അയാൾ മുറിയോടു ചേർന്നുതന്നെ ആട്ടിൻകൂടു പണിതത്.
‘എന്തിനാണ് മുറിയോടു ചേർന്നിങ്ങനെ ആട്ടിൻകൂടു പണിതുവച്ചിരിക്കുന്നത്?’ വീട്ടിൽ വരുന്ന ബന്ധുക്കളോ മറ്റോ ആ മുറിക്കകത്തേക്കു കയറുമ്പോൾ മൂക്കുപൊത്തിക്കൊണ്ടു ചോദിക്കാറുണ്ട്: ‘നാറ്റംകൊണ്ട് ഈ മുറിക്കകത്ത് എങ്ങനെ കഴിയുന്നു?!’
‘നാറ്റമോ? ഓ! ഇതെന്തോന്നു നാറ്റം’ എന്നു പറഞ്ഞ് അയാൾ ചിരിക്കും. എന്നിട്ട് ഗൗരവം നടിച്ചുകൊണ്ടു പറയും: ‘രാത്രിയിൽ ആടുകൾക്ക് എന്തെങ്കിലും… വല്ല പട്ടിയോ, കുറുക്കനോ… പിന്നെ, പ്രസവ സമയത്ത്… അത് രാത്രിയിലെങ്ങാനുമാണെങ്കിൽ നമ്മൾ കാവലിരുന്ന് മുഷിയേണ്ടതുമില്ലല്ലോ’. ഇങ്ങനെ പറയുമ്പോൾ ഭാര്യ അരികിലെങ്ങാനുമുണ്ടെങ്കിൽ അയാൾ അവരെ ഒളികണ്ണിട്ടുനോക്കും.
അപ്പോൾ അവർ മനസ്സിൽ പറയും: ‘കാവലിരിക്കേണ്ടെന്നോ? നല്ലകാര്യം! കള്ളംപറയാൻ ഇങ്ങേരേക്കഴിഞ്ഞേ ആളുള്ളു’. അതിഥികൾ പോയിക്കഴിയുമ്പോൾ ഭാര്യ അയാളോടു ചോദിക്കും: ‘നിങ്ങളെന്തൊരു മനുഷ്യനാ! എന്തൊക്കെ കള്ളങ്ങളാ നിങ്ങളവരോടു പറഞ്ഞത്. ആടിന്റെ പ്രസവദിവസമടുക്കുമ്പോൾ രാത്രിയിൽ, സദാസമയവും ആ ജനലിലൂടെ പുറത്തേക്ക് നോക്കിയിരുന്നിട്ട്, ഇടയ്ക്കിടയ്ക്ക് പുറത്തിറങ്ങി ആട്ടിൻകൂട്ടിൽച്ചെന്ന്, ആടിന്റെ തലയിലൊക്കെ തലോടി, ചിലപ്പോൾ അതുങ്ങളോടു വർത്തമാനം പറഞ്ഞ്, പ്രസവ വേദന തുടങ്ങുമ്പേൾ അത്,
പാതിരാത്രിയിലാണെങ്കിൽ പാതിരാത്രി അന്തോണീസു പുണ്യാളന്റെ കപ്പേളയിൽ പോയി മെഴുകുതിരി കത്തിച്ച്… എന്നെയും നിങ്ങൾ ഉറക്കാറുണ്ടോ? എന്നിട്ടും എന്താ പറഞ്ഞത്? കാവലിരുന്ന് മുഷിയേണ്ടതില്ലല്ലോയെന്ന്, അല്ലേ?!’
ഫോൺ ശബ്ദിച്ചു. അയാൾ ഞെട്ടി. ഫാദർ പത്രോസാണ് വിളിക്കുന്നത്. ചുവന്ന ബട്ടണിലേക്ക് വിരൽ നീട്ടിയെങ്കിലും പച്ചബട്ടണിലാണ് അയാൾക്ക് വിരലമർത്താൻ കഴിഞ്ഞത്.
‘താനിതെവിടെപ്പോയി ഒളിച്ചിരിക്കുവാ’ പത്രോസച്ചൻ ഫോണിലൂടെ ഒച്ചയിട്ടു.
‘എനിക്കൊരു തലവേദന’ നെറ്റിയുടെ ഇരുവശവും തള്ളവിരലും ചൂണ്ടുവിരലുംകൊണ്ട് അമർത്തിപ്പിടിച്ച് അയാൾ പറഞ്ഞു: ‘ഉച്ചമുതൽ’.
‘അതൊന്നും സാരമില്ല’ അയാളെ പറഞ്ഞുതീർക്കാനനുവദിക്കാതെ അച്ചൻ സ്വരമുയർത്തി: ‘താനെത്രയും പെട്ടന്നിങ്ങു വാ’.
അയാൾ ഒരു ഷർട്ടെടുത്തിട്ട് ഇരുട്ടിലേക്കിറങ്ങി. ഭർത്താവ് വെറുംകൈേയാടെ പോകുന്നതു കണ്ട്, കട്ടിലിന്നടിയിലിരുന്ന ടോർച്ചെടുത്ത് ഭാര്യ, വീടിന്റെ മുൻവശത്തേക്കെത്തുമ്പോൾ അയാൾ നടന്നകന്നിരുന്നു. ഇരുട്ടിയാൽ, ടോർച്ചില്ലാതെ അയാൾ പുറത്തിറങ്ങാറില്ലല്ലോ! ഉണ്ണാൻ ഉച്ചയ്ക്കു വന്നതു മുതൽ അവർ ഭർത്താവിനെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. പതിവിലും കുറച്ചു ഭക്ഷണം കഴിച്ചപ്പോൾ അന്വേഷിക്കുകയുണ്ടായി: ‘എന്താ? എന്തുപറ്റി? വയറിനെന്തെങ്കിലും…?’
രണ്ടുമണി കഴിഞ്ഞും കട്ടിലിൽതന്നെ കിടക്കുന്നതു കണ്ട് ചോദിച്ചു: ‘ഇന്നുച്ചകഴിഞ്ഞ് പോകണ്ടേ?’ അയാൾ അതിനും നിശബ്ദത പാലിച്ചപ്പോൾ ദേഷ്യം വന്നു:
‘എന്തെങ്കിലുമൊന്നു പറയ്’.
പള്ളിയിലെത്തിയ ഉടനെ പള്ളിമേടയ്ക്കു പുറകിലുള്ള തൊഴുത്തിലേക്കാണ് അയാൾ ആദ്യം പോയത്. ഇരുട്ടിൽ അയാളുടെ നിഴൽ കണ്ടപ്പോഴേയ്ക്കും പശുക്കൾ അമറി, ആടുകൾ കരഞ്ഞു. ഇരുട്ടുമായി അയാളുടെ കണ്ണുകൾ പരിചയിച്ചു. തല കറങ്ങുന്നതുപോലെ തോന്നി. ഭിത്തിയിൽ ചാരി, ഊർന്ന് തൊഴുത്തിന്റെ തണുപ്പുള്ള തിണ്ണമേലിരുന്നു. ഭിത്തിയിൽ ‘യോഹന്നാൻ മാംദാന* ‘ പുണ്യവാളന്റെ ഒരു ചില്ലിട്ട ചിത്രമുണ്ടായിരുന്നു. പത്രോസച്ചനായിരുന്നു അത് ചുവരിൽ ഉറപ്പിച്ചത്. ആ ചിത്രത്തിനു പുറകിൽ ഒരു കുരുത്തോല ചാരിവച്ചിരുന്നു. ഭിത്തിയിൽ ഊർന്നപ്പോൾ ആ ഉണങ്ങിയ കുരുത്തോല നിലത്തേക്കുവീണു.
ആ കുരുത്തോല കണ്ടപ്പോൾ കഴിഞ്ഞ ഓശാന തിരുനാൾ അയാൾക്കോർമവന്നു: അന്ന് താനായിരുന്നു ആ വെഞ്ചരിച്ച കുരുത്തോല അവിടെ കൊണ്ടുവന്നു വച്ചത്. അന്നായിരുന്നു തൊഴുത്തിലേക്ക് ഒരു പുതിയ അതിഥി വന്നെത്തിയതും. ഒന്നല്ല, രണ്ട് അതിഥികൾ. രണ്ടു കഴുതകൾ. ഒരമ്മക്കഴുതയും ഒരു മകൻ കഴുതയും.
പത്രോസച്ചൻ ഒരു മൃഗസ്‌നേഹിയായിരുന്നു. മൃഗങ്ങളോടു മാത്രമല്ല, അപൂർവ ഇനത്തിൽപ്പെട്ട എന്തിനേയും – അത് മൃഗമായാലും, പക്ഷിയായാലും, ചെടികളായാലും – എത്ര ദൂരം സഞ്ചരിച്ചായാലും കണ്ടെത്തുകയും അത് സ്വന്തമാക്കുകയും ചെയ്യുക എന്നുള്ളത് അദ്ദേഹത്തിന് ഒരു വാശി പോലെയായിരുന്നു. വെച്ചൂർ പശുവും, കാസർഗോഡ് കുള്ളൻ പശുവും, ജംനാ പ്യാരിആടുകളും, മുയലുകളും മാത്രമല്ല വാത്തകളും, കരിങ്കോഴികളുമുണ്ടായിരുന്നു അദ്ദേഹത്തിന്. നാട്ടിൽ അപൂർവമായി മാത്രം കാണുന്ന ഔഷധ സസ്യങ്ങളുമുണ്ടായിരുന്നു അദ്ദേഹത്തിന്, തോട്ടത്തിൽ. എന്നാൽ, കഴുതകളെ കൊണ്ടുവന്നത്!
ഓശാന ഞായറാഴ്ചയുടെ തലേന്ന് രാത്രിയിലാണ് കഴുതകളെ ഇടവകയിൽ എത്തിച്ചത്. പത്രോസച്ചനും അദ്ദേഹത്തിന്റെ വിശ്വസ്തരായ രണ്ട് കൈ
ക്കാരന്മാരുമാണ് കഴുതകളെ കൊണ്ടുവരാനായി പോയിരുന്നത്.കഴുതകളുമായി ലോറി എത്തുമ്പോൾ ഓശാന തിരുനാളിന്റെ ഒരുക്കങ്ങളെല്ലാം കഴിഞ്ഞ് കപ്യാരടക്കമുള്ളവർ വീട്ടിലെത്തിക്കഴിഞ്ഞിരുന്നു.
പൊള്ളാച്ചിയിൽ നിന്നുള്ള നീണ്ട യാത്ര കൈക്കാരന്മാരെ വളരെയധികം തളർത്തിയിരുന്നെങ്കിലും, പത്രോസച്ചൻ പതിവിലും
ഊർജസ്വലനായിരുന്നു.
‘നാളെ കണ്ടോടാ, നമ്മട എടവകക്കാര് ഞെട്ടും’. അച്ചൻ വണ്ടിയിൽനിന്ന് ചാടിയിറങ്ങിക്കൊണ്ട് കൈക്കാരന്മാരോടു പറഞ്ഞു: ‘നാളെ നടക്കാമ്പോകുന്ന പോലൊരോശാനത്തിരുനാൾ ഈ ഇടവകയുടെ ചരിത്രത്തിൽ ഒണ്ടായിട്ടൊണ്ടാവില്ല. ഇനിയൊട്ട് ഒണ്ടാകത്തുമില്ല’.
‘അതെയതെ’ കൈക്കാരന്മാർ ഉറക്കം തൂങ്ങുന്ന മിഴികളോടെ പരസ്പരം നോക്കി തലയാട്ടിക്കൊണ്ടു പറഞ്ഞു.
പത്രോസച്ചന്റെ ഫോൺകോളാണ് അയാളെ അന്നുണർത്തി
യത്.
‘നിങ്ങളിതെങ്ങോട്ടാ ഈ വെളുപ്പാൻ കാലത്ത്?’ കട്ടിലിൽ കിടന്നുകൊണ്ട് ഉറക്കം മുറിഞ്ഞ ദേഷ്യത്തിൽ ഭാര്യ ചോദിച്ചു.
‘അച്ചൻ വിളിച്ചാരുന്നു. പള്ളീലേക്ക് ചെല്ലാൻ. എന്തോ അത്ഭുതമൊണ്ടെന്ന്’ ധൃതിയിൽ മുണ്ടുടുക്കുന്നതിനിടയിൽ അയാൾ പറഞ്ഞു.
‘എന്നതാ കർത്താവു പ്രത്യക്ഷപ്പെട്ടോ?’
മറുപടിയൊന്നും ഇല്ലാതെ വന്നപ്പോൾ അവർ ഒരു കണ്ണു തുറന്നു നോക്കി. അയാൾ അവിടെ ഇല്ലായിരുന്നു.
അയാൾ ചെല്ലുമ്പോൾ കഴുതകളെ പള്ളിമേടയുടെ അഴികളിൽ കെട്ടിയിട്ടിരിക്കുകയായിരുന്നു.
‘ഇന്നത്തെ താരങ്ങളാ, എങ്ങനൊണ്ട്?’ പ്യൂവർവെജ് ടൂത്ത്‌പേസ്റ്റിന്റെ പത വായിൽ നിറച്ചു വച്ചുകൊണ്ട് പത്രോസച്ചൻ ചോദിച്ചു. ഉറക്കച്ചടവോടെ അയാൾ ഒന്നു ചിരിക്കുക മാത്രം ചെയ്തു.
‘ഇതുങ്ങളെ നമുക്ക് സ്‌കൂൾമുറ്റത്ത് കെട്ടണം’ മേടയ്ക്കരികെയുള്ള കിണറ്റിൻചോട്ടിലേക്ക് വായിലെ പത തുപ്പിക്കൊണ്ട് അച്ചൻ പറഞ്ഞു: ‘ഇന്നലെ കൊണ്ടുവന്നപടി കെട്ടിയിട്ടതാ ഇവിടെ. വെള്ളോ എന്തേലും കൊടുത്തേര്’.
പള്ളിയോടു ചേർന്നുതന്നെയായിരുന്നു സ്‌കൂൾ. നൂറു വർഷത്തിലേറേ പഴക്കമുള്ള അന്നാട്ടിലെ ആദ്യ വിദ്യാലയം. ആയിരത്തഞ്ഞൂറോളം കുട്ടികൾ പഠിക്കുന്ന ആ ഗവൺമെന്റ്-എയ്ഡഡ് സ്‌കൂളിന്റെ മാനേജർ പത്രോസച്ചനായിരുന്നു.
അയാൾ സ്‌കൂൾ മുറ്റത്ത് കുറ്റി നാട്ടി. പള്ളിമേടയിൽ നിന്ന് കഴുതകളെ അഴിച്ചുകൊണ്ടുവന്ന് അതിൽ കെട്ടി. കുരുത്തോല വെഞ്ചരിപ്പു കർമം സ്‌കൂൾ മുറ്റത്തായിരുന്നു.അതിനുശേഷം കുരുത്തോല പ്രദക്ഷിണം. എല്ലാം വളരെ ഭക്തിസാന്ദ്രമായിരുന്നു. എല്ലാത്തിനും സാക്ഷിയായി ഒരമ്മയും മകനും. പ്രദക്ഷിണം പള്ളിക്കകത്തേക്കെത്തിയിട്ടും കുറേയധികം പേർ കഴുതയ്ക്കു ചുറ്റുമായിരുന്നു. അവർ കഴുതകളുടെ അരികിൽനിന്ന് ‘സെൽഫി’ എടുക്കുന്നതിന്റെയും, ആ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവയ്ക്കുന്നതിന്റെയും തിരക്കിലായിരുന്നു. അമേരിക്കയിൽനിന്നും ജർമനിയിൽ നിന്നുമൊക്കെ തുരുതുരെ ഫോൺകോളുകളും വാട്‌സാപ്പ് സന്ദേശങ്ങളും വന്നുകൊണ്ടിരുന്നു. നാട്ടിലെ ഓശാനത്തിരുനാളിന്റെ ഗൃഹാതുര സ്മരണകളുമായി വിദേശത്ത് കഴിയുന്ന അവർക്ക്, ഓശാനത്തിരുനാളിന്റെ പ്രധാന ആകർഷണമായി കഴുതയെത്തന്നെ കൊണ്ടുവന്നതിൽ ആശ്ചര്യവും, ഇടവകപ്പള്ളീലെ ഓശാന തിരുനാളു കൂടാൻ ഭാഗ്യം സിദ്ധിച്ചവരോട് തെല്ലൊരു അസൂയയും തോന്നി.
പത്രോസച്ചന്റെ നിർേദശത്തിൽ കൈക്കാരന്മാർ പ്രാദേശിക ചാനലുകാരെ നേരത്തെ ഏർപ്പാടാക്കിയിരുന്നു; പത്രങ്ങളുടെ ഫോട്ടോഗ്രാഫർമാരും എത്തിയിരുന്നു. പാതി വെട്ടി നിർത്തിയ കുരുത്തോലകൊണ്ട് പള്ളിക്കകത്തെ അൾത്താര ഭംഗിയായി അലങ്കരിച്ചിരുന്നു. മഠത്തിലെ കന്യാസ്ത്രീ
കളാണ് തലേദിവസം അൾത്താര അലങ്കരിച്ചത്. തലേന്ന് വേലൻ ശശിയാണ് തെങ്ങിൽ കയറി കുരുത്തോല വെട്ടിയത്. ശശിയാണ് വർഷങ്ങളായി പള്ളിയിലെ കയറ്റക്കാരൻ. കുരുത്തോല ക്രമമായി അടുക്കിക്കെട്ടിയത് അയാളും ശശിയും കൂടിയായിരുന്നു. കറുത്തിരുണ്ട, ദൃഢമായ പേശികളുള്ള, സക്കേവൂസിനെ** പോലെ കുറിയനായ ആ മനുഷ്യൻ അണ്ണാൻ ചാടുന്നതുപോലെ തെങ്ങു കയറുന്നതു കാണുമ്പോൾ അയാൾ അത്ഭുതപ്പെടാറുണ്ട്.
ദേവാലയത്തിൽ പത്രോസച്ചന്റെ പ്രസംഗമാണ് ഇനി. പ്രസംഗം തുടങ്ങുന്നതിനുമുമ്പ് കൂട്ടംതെറ്റി നടക്കുന്ന കുഞ്ഞാടുകളെ പള്ളിക്കകത്തേക്കെത്തിക്കാൻ അച്ചന് കടുത്ത ഭാഷയിൽ ഒച്ചയിടേണ്ടിവന്നു. അതു കേൾക്കാത്ത താമസം കുഞ്ഞാടുകൾ കുതിരകളെ പോലെ കാറ്റുവേഗത്തിൽ പള്ളിക്കകത്തേക്കു പാഞ്ഞുകയറി. തന്റെ ‘വികാരി’ എന്ന അധികാരത്തെ ഇടവക സമൂഹം ഭയക്കുന്നുവെന്ന് പത്രോസച്ചനറിയാമായിരുന്നു. തന്നെ അനുസരിക്കാത്തവരെ കുർബാനമധ്യേയുള്ള പ്രസംഗത്തിലൂടെയും, ഇടവകയുടെ വാട്‌സാപ്പ് ഗ്രൂപ്പിലൂടെയും പേരെടുത്തു പറഞ്ഞ് അവഹേളിച്ച് അവരെ, ഇടവകയിൽ നിന്നും അകറ്റിനിർത്തി.
വിശ്വാസികൾ പള്ളിക്കകം നിറഞ്ഞപ്പോൾ പത്രോസച്ചൻ പ്രസംഗം ആരംഭിച്ചു.
‘ഒലിവുമലയ്ക്കരികെയുള്ള ഗ്രാമത്തിലേക്ക്, അവിടെ കെട്ടിയിട്ടിരിക്കുന്ന, ആരും കയറിയിട്ടില്ലാത്ത ഒരു കഴുതക്കുട്ടിയെ അഴിച്ചുകൊണ്ടു വരുവാനായി യേശു രണ്ടു ശിഷ്യന്മാരോടു നിർേദശിക്കുകയും, അഴിച്ചുകൊണ്ടുവന്ന കഴുതക്കുട്ടിയുടെ പുറത്ത് ശിഷ്യന്മാർ വസ്ത്രം വിരിച്ച് യേശുവിനെ ഇരുത്തുകയും, ജറുസലേമിൽ തിരുനാളിനു കൂടിയ ജനക്കൂട്ടം ഈന്തപ്പനയുടെ കൈകൾ എടുത്തുകൊണ്ട് ‘ഹോസാന! കർത്താവിന്റെ നാമത്തിൽ വരുന്നവനും ഇസ്രായേലിന്റെ രാജാവുമായവൻ വാഴ്ത്തപ്പെട്ടവൻ’ എന്നുച്ചത്തിൽ വിളിച്ച് എതിരേൽക്കുകയും ചെയ്തുവെന്നും
രാജാവ്, രാജാക്കന്മാരുടെ രാജാവ്, ഒരു കഴുതപ്പുറത്തെഴുന്നള്ളിഎളിമയുടെ മാതൃക കാട്ടി എന്നും, അതുവരെ അടിമയായി കണ്ടിരുന്ന കഴുത അന്നത്തോടെ വണങ്ങപ്പെട്ടു തുടങ്ങിയെന്നും, വണങ്ങപ്പെടാൻ യോഗ്യതയുള്ള ആ മൃഗം ഇന്ന് നമ്മുടെ പള്ളി മുറ്റത്തുള്ളത് പുതുതലമുറയ്ക്കും, നാനാജാതി മതസ്ഥർക്കും ഓശാനയുടെ പ്രാധാന്യം മനസ്സിലാക്കാൻ ഉപകാരപ്പെടുമെന്നും, ആ അനുസ്മരണത്തിൽ പ്രാർത്ഥനയോടെ, വിശ്വാസത്തോടെ നമുക്കു പങ്കുകൊള്ളാമെന്നും പത്രോസച്ചൻ തന്റെ സാഹിത്യ ഭാഷയിൽ പ്രസംഗിച്ചു.
കുർബാനയ്ക്കു ശേഷം ലേലമുണ്ടായിരുന്നു. പള്ളിയുടെ ആവശ്യത്തിനു വെട്ടിയ മരത്തിന്റെ വിറകായിരുന്നു അന്നത്തെ ലേലവസ്തു. അയാൾ ഉച്ചത്തിൽ, ഇടവക കേൾക്കുമാറുച്ചത്തിൽ വിളിക്കും: ‘മൂവായിരം രൂപാ… ആഞ്ഞിലീടെ നല്ലൊണങ്ങിയ വെറക്, മൂവായിരം രൂപാ’.
ലേലം മുറുകുമ്പോൾ അയാളുടെ ശബ്ദവും മുറുകും. അയാൾ കൂടുതൽ ഉച്ചത്തിൽ വിളിക്കും: ‘ചിറമ്മേൽ സേവ്യറൂട്ടി നാലായി
രത്തിയെണ്ണൂറുരൂപാ…’
ലേലത്തിനു ശേഷം അയാൾ തൊഴുത്തിലേക്കു ചെന്നു. വെഞ്ചരിച്ചു കിട്ടിയ കുരുത്തോല തൊഴുത്തിലെ ‘യോഹന്നാൻ മാംദാന’ പുണ്യവാളന്റെ ചിത്രത്തിനു പുറകിൽ ചേർത്തുവച്ചു. അന്നുമുതലാണ് വെച്ചൂർ പശുവിനും, കാസർഗോഡ് കുള്ളനും, ജംനാ പ്യാരിക്കുമൊപ്പം ആ അമ്മക്കഴുതയും മകൻ കഴുതയും പള്ളിമേടയ്ക്കു പുറകിലെ വലിയ തൊഴുത്തിൽ വാസം ആരംഭിക്കുന്നത്.
വാത്തകളും, മുയലുകളും മാതാവിന്റെ ഗ്രോട്ടോയ്ക്കു ചുറ്റും ഒരാൾപ്പൊക്കത്തിൽ കമ്പിവേലി കെട്ടിയാണ് സംരക്ഷിക്കപ്പെട്ടി
രുന്നത്. കരിങ്കോഴികൾക്കു വേണ്ടി നല്ല വലുപ്പത്തിലും നീളത്തിലുമുള്ള കോഴിക്കൂടായിരുന്നു പത്രോസച്ചൻ പണിയിപ്പിച്ചിരുന്നത്. കരിങ്കോഴിയെ വളർത്തേണ്ടത് ഇന്നിന്റെ ഒരാവശ്യമാണെന്നും, വന്ധ്യത മുതൽ കരൾ രോഗങ്ങൾക്കു വരെ പ്രതിവിധിയാണ് ഇതിന്റെ മുട്ടയും മാംസവും എന്നുമാണ് അദ്ദേഹം പറയുന്നത്.
പറമ്പിൽ കെട്ടാനായി വെച്ചൂർ പശുവിനെയും കിടാവിനെയും അഴിക്കുമ്പോൾ അയാൾ എല്ലാവരോടുമായി പറഞ്ഞു: ‘ഇന്നുമുതലൊരു പുതിയ കൂട്ടുണ്ടു കേട്ടോ’. പറഞ്ഞത് മനസ്സിലായിട്ടെന്നപോലെ, നീളമുള്ള ചെവിയാട്ടി ജംനാ പ്യാരി തന്റെ തല കുലുക്കി.
അയാൾ വെറും കൈയോടെ വീട്ടിലെത്തിയപ്പോൾ ഭാര്യ ചോദിച്ചു: ‘നിങ്ങൾക്കു കിട്ടിയ ഓലയെവിടെ?’
‘ഓ, അതു ഞാൻ പള്ളീലെ തൊഴുത്തിൽ വച്ചു. അതുങ്ങൾക്കും കിട്ടിക്കോട്ടെ കുറച്ച് അനുഗ്രഹം’ അയാൾ പറഞ്ഞു. ‘അതുങ്ങളെ അധികമങ്ങു സ്‌നേഹിക്കണ്ട’ ഭാര്യ ഒരു മുന്നറിയിപ്പുപോലെ എന്തോ മനസ്സിൽ വച്ചുകൊണ്ടു പറഞ്ഞു. അതെന്താണെന്ന് ചോദിച്ചില്ല. കാരണം, അവർ എന്താണുദ്ദേശിച്ചതെന്ന് അയാൾക്ക് വ്യക്തമായിരുന്നു.
അയാളുടെ മനസ്സിലൂടെ പൊള്ളുന്ന ഒരോർമയായി മണിക്കുട്ടൻ കടന്നുപോയി. വീട്ടിലെ ആദ്യത്തെ ആടായിരുന്ന അമ്മിണിയമ്മയുടെ കടിഞ്ഞൂൽ – മണിക്കുട്ടൻ. മണിക്കുട്ടനെ അധികനാൾ ലാളിക്കാനയാൾക്കായില്ല. അമ്മിണിയമ്മയുടെ പാല് ആവോളം നുകർന്ന്, തുള്ളിക്കളിച്ചു നടന്നിരുന്ന ആ സുന്ദരൻ ആട്ടിൻകുഞ്ഞിനെ ആറുമാസം തികയുന്നതിനുമുമ്പേ അറവുകാരനു കൊടുക്കേണ്ടിവന്നു അയാൾക്ക്. മണിക്കുട്ടന് മൂത്രത്തിൽ കല്ലായിരുന്നു. പ്രസരിപ്പു നഷ്ടപ്പെട്ട മണിക്കുട്ടൻ ഓരോ ദിവസം കഴിയുന്തോറും ക്ഷീണിച്ചുവന്നു. വേദന സഹിക്കാനാവാതെ അവൻ പകലും
രാത്രിയും നിലവിളിച്ചുകൊണ്ടിരുന്നു. അവന്റെ ഓരോ നിലവിളിയും അയാളുടെ ചങ്കിൽ തറയ്ക്കുന്ന ആണിയായിരുന്നു. ഇനി ചികിത്സിച്ചിട്ടു ഫലമില്ല എന്ന ഡോക്ടറുടെ വാക്കുകൾക്കു മുമ്പിൽ അയാൾ തളർന്നുപോയി. ഒടുവിൽ മനസ്സില്ലാമനസ്സോടെയാണ്. എന്നിട്ടും, അന്നു വൈകിട്ട് അയാൾ മണിക്കുട്ടനെ കാണുവാൻ പോയി. മരണത്തിന്റെ മണമുള്ള അറവുശാലയിൽ, പരസ്പരം പോരടിക്കുന്ന മുട്ടന്മാർക്കിടയിൽ, ഒരു മൂലയിൽ മണിക്കുട്ടൻ ചുരുണ്ടുകൂടി കിടന്നിരുന്നു. അയാളെ കണ്ടതും, വർഷങ്ങളോളം ഏകാന്ത തടവുകാരനായിരുന്നവൻ അപ്രതീക്ഷിതമായി സ്വന്തം
പിതാവിനെ കണ്ടതുപോലെ മണിക്കുട്ടൻ വാവിട്ടു കരഞ്ഞു. അയാൾ അവന്റെ അരികിൽ ചെന്ന് ഇരുന്നു. തലയിൽ തലോടി. തിരികെ പോരുന്നതിനുമുമ്പ് അവിടെ തൂക്കിയിട്ടിരുന്ന പ്ലാവില പൊട്ടിച്ച് അയാൾ മണിക്കുട്ടനു നൽകി. എന്നാൽ അവൻ അത് തിന്നില്ല. അയാളുടെ കണ്ണുനീർ മണിക്കുട്ടന്റെ തലയിൽ സ്‌നേഹത്തിന്റെ ചുടുചുംബനം നൽകി.
പത്രോസച്ചൻ പ്രതീക്ഷിച്ചതിലും മുകളിലാണ് വാർത്ത പറന്നത്. ചില പത്രത്തിൽ, കളർ ചിത്രത്തോടുകൂടി വാർത്ത പ്രസിദ്ധീകരിച്ചു വന്നു. പ്രാദേശിക ചാനലുകളിൽ സംഭവം വാർത്താപ്രാധാന്യം നേടി. പത്രത്തിൽ വന്ന വാർത്തകളിൽ, തന്റെ പേര് രേഖപ്പെടുത്തിയിരിക്കുന്നതിനു കീഴെ പേന കൊണ്ട് വരയ്ക്കുകയും, ആ വാർത്ത വെട്ടിയെടുത്ത് പള്ളിയുടെയും സ്‌കൂളിന്റെയും നോട്ടീസ് ബോർഡുകളിൽ പതിപ്പിക്കുകയും ചെയ്തു, പത്രോസച്ചൻ. ദൃശ്യമാധ്യമങ്ങളിൽ വന്ന ക്ലിപ്പിങ്ങുകൾ ശേഖരിച്ച് ഇടവകയുടെ വാട്‌സാപ്പ് ഗ്രൂപ്പിലും മറ്റു സമൂഹമാധ്യമങ്ങളിലും പങ്കുവ
ച്ചു. ഇടവകയിലെ സ്തുതിപാഠകർ അദ്ദേഹത്തെ വാഴ്ത്തിപ്പാടി.
അടുത്ത ദിവസങ്ങളിൽ, ഇടവകയിലും നാട്ടിലും കഴുതകളെക്കുറിച്ചായിരുന്നു ചർച്ച. കഴുതകളെ കാണാൻ ചിലർ പള്ളിയുടെ കവാടം കടന്ന് പള്ളിപ്പറമ്പിലേക്കെത്തി. പള്ളിവളപ്പിൽ മൂന്ന് പ്രവേശന കവാടങ്ങളാണുള്ളത്. ഒന്ന് – പാരീഷ് ഹാളിലേക്ക്. രണ്ട് – പള്ളിയിലേക്ക്.
മൂന്ന് – സ്‌കൂളിലേക്ക്. ഈ മൂന്നു കവാടങ്ങളിലൂടെ ആരു പ്രവേശിച്ചാലും പത്രോസച്ചന് ആ നിമിഷം അറിയാം. പള്ളിവളപ്പിലെ മുക്കും മൂലയും അദ്ദേഹത്തിന്റെ നിരീക്ഷണത്തിലാണ്. ഇടവകയിൽ വികാരിയായി അധികാരമേറ്റയുടനെ പത്രോസച്ചൻ ആദ്യമായി ചെയ്ത പ്രവൃത്തി പള്ളിവളപ്പിൽ ക്യാമറ സ്ഥാപിക്കുക എന്നതാണ്. ആരെയും വിശ്വാസമില്ലാത്ത അദ്ദേഹം, തന്റെ മുറിയിലെ നാല്പതിഞ്ച് സ്‌ക്രീനിൽ പള്ളിവളപ്പിലെ ഓരോ ചലനങ്ങളും സദാ നിരീക്ഷിച്ചുകൊണ്ടിരുന്നു.
കഴുതകളെ കാണാനെത്തിയവർ അവയുടെ രോമം മുതൽ ലൈംഗിക അവയവത്തെക്കുറിച്ചു വരെ കൂടിനിന്ന് ചർച്ച ചെയ്തു. കുട്ടികൾക്ക് കഴുതകളെ അടുത്തു കാണണമെന്നും, അവയെ ഒന്നു തൊടണമെന്നും ആശയുണ്ടെങ്കിലും അടുത്തുചെല്ലുമ്പോൾ അവ എങ്ങനെ പ്രതികരിക്കുമെന്നോർത്ത് മുതിർന്നവർ കുട്ടികളെ വിലക്കി. കുട്ടികൾ കൊച്ചുകല്ലുകൾ പെറുക്കി അവയ്ക്കു നേരേ എറിഞ്ഞു. അവയുടെ അടുത്തേക്ക് ആ കല്ലുകൾ എത്തുന്നുണ്ടായിരുന്നില്ലെങ്കിലും മുതിർന്നവർ അതിനെ മൗനമായി പ്രോത്സാഹിപ്പിച്ചുകൊണ്ടിരുന്നു. അയാൾ അകലെനിന്ന് അത് കണ്ടു. തല കുനിച്ച് നിശ്ചലരായി നിൽക്കുന്ന ആ കഴുതകളെ കണ്ടപ്പോൾ അയാൾക്ക് രണ്ടുമനുഷ്യരുടെ ദയനീയ മുഖങ്ങൾ ഓർമ വന്നു- ജനങ്ങളെ വഴി തെറ്റിക്കുന്നുവെന്നു പറഞ്ഞ് രണ്ടായിരം വർഷം മുമ്പ് കുരിശിൽ തറച്ചുകൊന്ന ആ നീതിമാന്റെയും, അരിമോഷ്ടിച്ചുവെന്നു പറഞ്ഞ് അട്ടപ്പാടിയിൽ ജനക്കൂട്ടം തല്ലിക്കൊന്ന ആ യുവാവിന്റെയും.
അയാൾ ഒച്ചയിട്ടു. കുട്ടികൾ കല്ലുകൾ താഴെയിട്ടു. മാതാപിതാക്കൾ ഉണർന്നു. തങ്ങളുടെ നിശബ്ദത തെറ്റായിപ്പോയിയെന്ന് അവരുടെ കണ്ണുകൾ പറയുന്നുണ്ടായിരുന്നു. അന്നത്തോടെ, പുറത്തുനിന്നുള്ളവർ കടന്നുവരാത്ത ഉള്ളിലെ പറമ്പുകളിൽ അയാൾ കഴുതകളെ കെട്ടി. എന്നും രാവിലെ എട്ടുമണിയോടുകൂടി അയാൾ പള്ളിയിൽ എത്തും. പശുക്കളെയും, ആടുകളെയും, കഴുതകളെയും തൊഴുത്തിൽ നിന്നഴിച്ച് പറമ്പിൽ കെട്ടും. രാത്രിയിലത്തെ ചാണകവും, മൂത്രവും കോരി തൊഴുത്തു വൃത്തിയാക്കും. ചാണകം പള്ളിപ്പറമ്പിലെ ജാതിക്ക് വളമായാണ് ഉപയോഗിക്കുക. തുടർന്ന് ജാതിക്ക് നനയ്ക്കും. നനയ്ക്കൽ കഴിയുമ്പോഴേയ്ക്കും അവയെ മാറ്റിക്കെട്ടാനായി അയാൾ പറമ്പിലേക്കു ചെല്ലും. കാസർഗോഡ് കുള്ളൻ പശു അയാളെ അകലെനിന്നു കാണുമ്പോഴേ കരയും. മനുഷ്യരുമായി വേഗം ചങ്ങാത്തത്തിലാകുന്ന വർഗമാണ് അവ. കരിയിലകളും, അടുക്കള അവശിഷ്ടങ്ങളുമാണ് അവ കൂടുതലായും തീറ്റയായി ഇഷ്ടപ്പെടുന്നത്. ചിലപ്പോഴെല്ലാം അയാൾ അവയ്ക്കിഷ്ടപ്പെട്ട തീറ്റകൾ കൊണ്ടുവന്നു കൊടുക്കാറുണ്ട്. ചിലപ്പോഴെല്ലാം ജോണിയും (അയാളുടെ സുഹൃത്തും മൃഗസ്‌നേഹിയുമാണ് ജോണി) അങ്ങനെ ചെയ്യാറുണ്ട്.
ഒരു ദിവസം, ആട്ടിൻകുഞ്ഞിനെ വണ്ടി തട്ടിയെന്നു ജോണിവന്നു പറയുമ്പോൾ അയാൾ, കുഴിവെട്ടുകയായിരുന്നു. ഇടവകയിലെ കുഴിവെട്ടുകാരൻ കൂടിയായിരുന്നു അയാൾ. അന്ന് ഇടവകയിൽ ഒരു ശവം അടക്ക് ഉണ്ടായിരുന്നു. കെട്ടഴിഞ്ഞ് പാരീഷ് ഹാളിന്റെ വാതിൽക്കൽ ഓടിക്കളിക്കുകയായിരുന്ന ആട്ടിൻകുഞ്ഞിനെ ഏതോ വണ്ടി തട്ടുകയായിരുന്നു. അയാൾ ഓടിക്കിതച്ചു വന്ന് നിലത്ത് അനങ്ങാൻ വയ്യാതെ കിടന്നിരുന്ന കുഞ്ഞിനെ കോരിയെടുത്തു. സ്വന്തം മകനെ വിശ്വാസത്തോടെ മറ്റൊരാളെ ഏല്പിക്കുമ്പോലെ അയാൾ ആട്ടിൻകുഞ്ഞിനെ ജോണിയുടെ കൈകളിലേക്കു കൊടുത്തു: എത്രയും വേഗം മൃഗാസ്പത്രിയിൽ എത്തിക്കാൻ പറഞ്ഞു. സെമിത്തേരിയിലെ കർമങ്ങൾക്കു ശേഷം
യന്ത്രവേഗത്തിലാണ് അയാൾ ആറടിയുള്ള കുഴി മണ്ണിട്ടു മൂടിയതും, അതിനു മുകളിൽ സിമന്റ് സ്ലാബ് കയറ്റി വച്ചതും, വിയർത്തുനാറിയ വസ്ത്രമിട്ട് മൃഗാസ്പത്രിയിലേക്ക് ഓടിയതും. കാലിനൊടിവു പറ്റി എഴുന്നേറ്റു നിൽക്കാൻ ബുദ്ധിമുട്ടുന്ന ആ ആട്ടിൻകുഞ്ഞിനെ തന്റെ എല്ലാ തിരക്കുകളും മാറ്റി വച്ച് അയാൾ ദിവസങ്ങളോളം ശുശ്രൂഷിച്ചു. അയാൾ ആ ആട്ടിൻകുഞ്ഞിന് മണിക്കുട്ടൻ എന്നു പേരിട്ടു. മണിക്കുട്ടനെ അയാൾ താലോലിക്കുന്നതു കാണുമ്പോൾ പത്രോസച്ചൻ തമാശയായി പറയും: ‘നീ വളർത്തച്ചൻ മാത്രമാണു കേട്ടോ, പിതാവു ഞാനാ…’ അതു കേൾക്കുമ്പോൾ തന്റെ നരച്ച താടിയൊന്നുഴിഞ്ഞ് അയാൾ ചിരിക്കും.
വേനൽക്കാലം അവസാനിക്കാറായി. വേനലവധി കഴിഞ്ഞ് വിദ്യാലയങ്ങൾ തുറക്കാനുള്ള ദിവസമടുത്തു. പത്രോസച്ചൻ സ്‌കൂളിലെ സ്റ്റാഫ് മീറ്റിംഗ് വിളിച്ചുകൂട്ടി. സ്‌കൂൾ പ്രവേശനോത്സവം പതിവിലും ഗംഭീരമായി നടത്തുന്നതിന് ‘മാനേജർ’ എല്ലാവരോടും വ്യത്യസ്ത ആശയങ്ങൾ ആരാഞ്ഞു. ഫാദർ പത്രോസ് എന്ന കണിശക്കാരനായ മാനേജർക്കു മുന്നിൽ ‘കമാ’ എന്നൊരക്ഷരം പറയാൻ ഭയക്കുന്നവരായിരുന്നു സ്‌കൂളിലെ ഭൂരിഭാഗം അദ്ധ്യാപകരും, അനദ്ധ്യാപകരും. മറ്റുള്ള അദ്ധ്യാപകരിൽ നിന്നും ജീവനക്കാരിൽ നിന്നും രഹസ്യങ്ങൾ ചോർത്തി പത്രോസച്ചനു മുമ്പിൽ വിളമ്പുന്ന ചില അദ്ധ്യാപകർ മാത്രമായിരുന്നു അദ്ദേഹത്തിന്റെ ‘ഗുഡ് സർട്ടിഫിക്കറ്റി’ൽ ഇടം പിടിച്ചിരുന്നത്. അവർ പറയുന്ന ആശയങ്ങളായിരുന്നു അദ്ദേഹത്തിന് സ്വീകാര്യമായി ഉണ്ടായിരുന്നത്. അവസാനം അദ്ദേഹംതന്നെ ഒരു വ്യത്യസ്ത ആശയം മുന്നോട്ടു വച്ചു.
അങ്ങനെ പ്രവേശനോത്സവ ദിവസം വന്നെത്തി. കുട്ടികളുടെ മത്സരിച്ചുള്ള ‘നാസിക് ഡോൾ’ മേളം പ്രവേശനോത്സവത്തിന് ഒരു ഉത്സവ പ്രതീതി നൽകി. സ്‌കൂൾ ഗേറ്റു മുതൽ മുറ്റം വരെ ഔഷധസസ്യച്ചെടികൾ നിരത്തിവച്ചിരുന്നു. കുട്ടികൾ പശുവിനെക്കണ്ട് സ്‌കൂളിൽ പ്രവേശിക്കുന്നതിന് ഗെയ്റ്റിനരികിൽ വെച്ചൂർ പശുവിന്റെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു.
പശുവിന്റെയും കിടാവിന്റെയും കയറുകളിൽ പിടിച്ചിരുന്നത് അയാളായിരുന്നു. അതുകൊണ്ടുതന്നെ, പരിചയമില്ലാത്ത മുഖങ്ങളും ശബ്ദങ്ങളും മേളങ്ങളും കേട്ടിട്ടും പശുക്കൾ പേടിച്ചില്ല. പഞ്ചായത്ത് സെക്രട്ടറിയുടേയും, വാർഡുമെംബറടക്കമുള്ള പ്രാദേശിക രാഷ്ട്രീയ നേതാക്കളുടേയും സാന്നിദ്ധ്യം സ്‌കൂൾ അസംബ്ലിയിൽ ഉണ്ടായിരുന്നു. പത്രോസച്ചന്റെ സാമൂഹിക – സാംസ്‌കാരിക പ്രവർത്തനങ്ങളെ പറ്റിയും, മൃഗങ്ങളോടും പക്ഷികളോടും സസ്യങ്ങളോടുമുള്ള അദ്ദേഹത്തിന്റെ സ്‌നേഹവാത്സല്യങ്ങളെ പറ്റിയും നേതാക്കൾ വാതോരാതെ സംസാരിച്ചു. പിറ്റേന്നത്തെ എല്ലാ പത്രത്തിന്റെയും പ്രാദേശിക പേജുകളിൽ അയാളുടെ ചിത്രമുണ്ടായിരുന്നു – ‘പശുക്കണിയൊരുക്കി പ്രവേശനോത്സവം’ എന്ന തലക്കെട്ടിനു താഴെ വെച്ചൂർ പശുവും കിടാവുമായി നിൽക്കുന്ന ചിത്രം. പത്രോസച്ചന്റെ നേതൃത്വത്തിൽ പള്ളിജീവനക്കാരനായ ഇന്നയാളാണ് ഇവയെ സംരക്ഷിക്കുന്നത്
എന്ന് അയാളുടെ പേരു വച്ച റിപ്പോർട്ടുമുണ്ടായിരുന്നു. വ്യത്യസ്തമായ, വർണാഭമായ പ്രവേശനോത്സവം സംഘടിപ്പിച്ചതിന് പത്രോസച്ചൻ വളരെയധികം അഭിനന്ദനങ്ങളേറ്റുവാങ്ങി.
ഫോൺ വീണ്ടും ശബ്ദിച്ചു. അയാൾ ഞെട്ടിക്കൊണ്ട് ആ ഫോണിന്റെ വെളിച്ചത്തിലേക്ക് നോക്കിയിരുന്നു.
‘ഇപ്പൊ വരാന്നു പറഞ്ഞിട്ടു നേരമെത്രയായി! താനിതെവിടെയാ?’ പത്രോസച്ചന്റെ ശബ്ദത്തിൽ ദേഷ്യം കലർന്നിരുന്നു. ‘ഞാൻ…’ ചുറ്റുമുള്ള ഇരുട്ടിൽ നോക്കി വേവലാതിപ്പെട്ടുകൊണ്ട് അയാൾ പറഞ്ഞു: ‘ഇവിടെ തൊഴുത്തില്…’
‘എങ്കീ വേഗം പാരീഷ ്ഹാളിലേക്കു വാ’ അച്ചൻ തന്റെ അവസാനത്തെ അതിഥിക്കു വേണ്ടി ധൃതി വച്ചു. ഇന്ന് രാവിലെയാണ് വാവച്ചൻ പത്രോസച്ചനെ കാണാൻ വന്നത്. അച്ചൻ വാവച്ചനെ പ്രത്യേകം വിളിപ്പിക്കുകയായിരുന്നു. വാവച്ചനെ കണ്ടപ്പോൾ അയാൾക്ക് പന്തികേടു മണത്തു. കാര്യമല്ലാത്ത കാര്യത്തിനൊന്നും വാവച്ചൻ സമയം പാഴാക്കില്ലാത്ത ആളാണെന്ന് അയാൾക്കറിയാം. അയാളെക്കണ്ടപ്പോൾ വാവച്ചൻ അടുത്തേക്കു വന്നു. വൃത്തികെട്ട ഒരു ചിരി ചിരിച്ചുകൊണ്ട് ഒരു രഹസ്യം പറയുമ്പോലെ അയാളുടെ ചെവിയിൽപറഞ്ഞു:
‘ഒന്നിനെയിന്നു തട്ടിയേക്കുവാ’. അയാൾ നിശബ്ദനായി നിന്നു.
‘അച്ചന്റെ ഫീസ്റ്റല്ലേ***’ വാവച്ചൻ ഗൗരവം നടിച്ചുകൊണ്ടു പറഞ്ഞു: ‘വൈകിട്ട് വിരുന്നൊണ്ടെന്ന്…”
അയാൾ വാവച്ചന്റെ കണ്ണുകളിലേക്കു നോക്കി. മരണം കണ്ടു തഴമ്പിച്ച കണ്ണുകൾ!!
‘ഞാനാദ്യവായിട്ടാ ഇങ്ങനെയൊന്നിനെ…’ കഷണ്ടിത്തല തടവിക്കൊണ്ട് വാവച്ചൻ ചോദിച്ചു: ‘ഇതിനെ കൊന്നാ വെല്ല കേസുമാകുവോ?’
അയാൾ അപ്പോഴും നിശബ്ദനായി നിന്നു.
ഉച്ചയ്ക്ക് ഉണ്ണാൻ പോകാൻ നേരത്ത് പത്രോസച്ചൻ അയാളോടു പറഞ്ഞു: ‘വൈകിട്ടിങ്ങെത്തിയേക്കണം’. അയാൾ തലയാട്ടി.
ഉച്ചതിരിഞ്ഞ് അയാൾക്ക് പള്ളിയിലേക്ക് പോകാനേ തോന്നിയില്ല. ക്ഷീണം നിമിത്തം കണ്ണടയ്ക്കുമ്പോൾ, ശരീരത്തിൽ വിയർപ്പുതുള്ളി പോലെ ചോര പൊടിഞ്ഞ, അർധ നഗ്നനായ വാവച്ചനെയാണ് അയാൾ കാണുന്നത്. പലവട്ടം ഞെട്ടിയുണർന്നു. എന്തെന്നില്ലാത്ത ഒരു ഭയം അയാളെ പിടികൂടിയിരുന്നു.
അയാൾ തൊഴുത്തിൽ നിന്നെഴുന്നേറ്റു. ഇരുട്ടിൽ, അമ്മക്കഴുത തന്റെ മുഖത്തേക്ക് നോക്കുന്നതായി അയാൾക്കു തോന്നി. ആ നോട്ടത്തിന് മുഖം കൊടുക്കാതിരിക്കാനെന്ന പോലെ തല വെട്ടിച്ചു. കണ്ണു ചെന്നു പതിച്ചത് ചുവരിൽ ഉറപ്പിച്ചു വച്ചിരുന്ന ‘യോഹന്നാൻ മാംദാന’ പുണ്യവാളന്റെ ചിത്രത്തിലായിരുന്നു. എന്തൊക്കെയോ പിറുപിറുത്തുകൊണ്ട് അയാൾ ആ ചിത്രം ഇളക്കിപ്പറിച്ചെടുത്ത്, വലിച്ചെറിഞ്ഞു. അകലെ എവിടെയോ ചെന്ന് അത് ചിന്നിച്ചിതറി. തിരിഞ്ഞു നോക്കാതെ ഇരുട്ടിലൂടെ പാരീഷ് ഹാളിലേക്കു നടക്കുമ്പോഴാണ് താൻ ടോർച്ചെടുത്തിട്ടിെല്ലന്ന് അയാൾ അറിഞ്ഞത്.
വിരുന്നിന് ധാരാളം പേർ ഉണ്ടായിരുന്നു. അയൽ ഇടവകകളിലെ വികാരിമാരും പൗരപ്രമുഖരും പത്രോസച്ചന് ആശംസയുമായി വന്നിരുന്നു.
അതിഥികൾ പിരിഞ്ഞുപോകാൻ തുടങ്ങിയിരുന്നു. പ്ലെയ്റ്റിലേക്ക് അല്പം ചോറും മോരുകറിയും അച്ചാറുമെടുത്ത് ഒരു മൂലയ്ക്ക് ഒതുങ്ങിയപ്പോഴാണ് പത്രോസച്ചൻ, ഒരു കറിബൗളുമായി അയാളുടെ അടുത്തേക്കു വന്നത്. കൂടെ ഇടവകക്കാരായ ചിലരുമുണ്ടായിരുന്നു.
പ്ലെയ്റ്റിലേക്ക് അല്പം കറി വിളമ്പി അച്ചൻ അയാളോടു ചോദിച്ചു: ‘എന്തിറച്ചിയാണെന്ന് പറയാമോ?’
അയാൾക്ക് പ്ലെയ്റ്റിലേക്ക് നോക്കാൻ ധൈര്യമില്ലായിരുന്നു.
‘നീയൊന്നു കഴിച്ചു നോക്കിയേ…’ അച്ചൻ നിർബന്ധിച്ചു. അറച്ചറച്ച് ഇറച്ചി വായിൽ വച്ചതും അയാൾ നിലത്തേക്ക് ഛർദിച്ചു. പത്രോസച്ചനും കൂടി നിന്നവരും ആർത്തു ചിരിച്ചു.
അയാൾക്ക് ശരീരം തളരുന്നതുപോലെ തോന്നി. ചുറ്റും ഇരുൾ പരക്കുന്നതുപോലെ തോന്നി. ഛർദിൽ വീണ നിലത്തേക്ക് അയാൾ പടിഞ്ഞിരുന്നു.
* മൃഗസംരക്ഷകനായ പുണ്യവാളൻ.
** െപാക്കം കുറവായിരുന്നതിനാൽ യേശുവിനെക്കാണാൻ സിക്കമൂർ മരത്തിൽ കയറിയിരുന്ന ചുങ്കക്കാരനായിരുന്ന മനുഷ്യൻ.
*** നാമഹേതുകത്തിരുന്നാൾ.
മൊബൈൽ: 9072986542