പ്രമുഖ സാഹിത്യകാരനും കവിയുമായ ജയന്ത മഹാപാത്ര കഴിഞ്ഞ മാസം അന്തരിച്ചു. ഇംഗ്ലീഷ് കവിതയ്ക്ക് സാഹിത്യ അക്കാദമി അവാർഡ് നേടിയ ആദ്യത്തെ ഇന്ത്യൻ കവിയാണ് മഹാപാത്ര. 2009-ൽ അദ്ദേഹത്തിന് പത്മശ്രീ പുരസ്‌കാരവും ലഭിച്ചു. എന്നിരുന്നാലും, “ഇന്ത്യയിൽ വർദ്ധിച്ചുവരുന്ന അസഹിഷ്ണുത”യിൽ പ്രതിഷേധിച്ച് 2015-ൽ അദ്ദേഹം അത് തിരികെ നൽകി. ഇന്ത്യൻ ഇംഗ്ലീഷ് കവിതകളിൽ നിശബ്ദ വിപ്ലവം സൃഷ്ടിച്ച അദ്ദേഹത്തെക്കുറിച്ച് പ്രമുഖ ബംഗാളി കവിയായ സുബോധ് സർക്കാർ ഓർമ്മിക്കുന്നു.
ഒരു ഫക്കീറിന്റെ ജ്ഞാനമാണ് ജയന്ത മഹാപത്രയെ തികച്ചും മാതൃകാപരമായ കവിയാക്കി മാറ്റിയത്. കട്ടക്കിൽ ഒരു സാധാരണ ഇടത്തരം ഹിന്ദു കുടുംബത്തിൽ ജനിച്ച മഹാപത്ര ദാരിദ്ര്യം കാരണം ക്രിസ്തുമതത്തിലേക്ക് പരിവർത്തനം ചെയ്തു. ഒരു കോളേജിൽ ഫിസിക്സ് അധ്യാപകനായിരുന്ന അദ്ദേഹം പല കവികളും എഴുത്ത് മതിയാക്കി പോകുന്ന 40-ാം വയസ്സിൽ കവിതയെഴുതാൻ തുടങ്ങി. അനന്തരം ഇന്ത്യയിലെ കവികളിൽ ഏറ്റവും പ്രശസ്തനും പാശ്ചാത്യ രാജ്യങ്ങളിൽ ഒരുപക്ഷെ ഏറ്റവും അധികം അറിയപ്പെടുന്ന ഇന്ത്യൻ-ഇംഗ്ലീഷ് കവിയാവുകയും ചെയ്തു.
ഇന്ത്യൻ കവികളിൽ പ്രസിദ്ധമായ ത്രിമൂർത്തികൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന മഹാപത്ര, നിസ്സിം എസെക്കിയൽ, എ.കെ. രാമാനുജൻ – ഒരാൾ കിഴക്ക്, ഒരാൾ പടിഞ്ഞാറ്, ഒരാൾ തെക്ക് – എന്നിവർ ചേർന്ന് ഇന്ത്യൻ-ഇംഗ്ലീഷ് കവിതയുടെ ഒരു പുതിയ യുഗത്തിന് തുടക്കമിട്ടു. ഇംഗ്ലീഷിൽ എഴുതുകയും ഇന്ത്യൻ ആചാരവിചാരത്തിലും വർഗ്ഗാനുസാരത്തിലും ജീവിക്കുകയും ചെയ്യുക എന്നത് ഇന്ത്യയിലെ ഇംഗ്ലീഷ് കവികൾക്ക് സുഖകരമായിരുന്നില്ല. മഹാപത്രയെ സംബന്ധിച്ചിടത്തോളം, അത് ‘ഡാഫോഡിൽസും’, ‘നിശാഗന്ധിയും (രജനീഗന്ധ) , ‘കാന്റർബെറി ചർച്ചും’, ‘പുരി ക്ഷേത്രവും’ തമ്മിലുള്ള യുദ്ധമായിരുന്നു. ഇന്ത്യയെ എഴുതണോ ഇംഗ്ലണ്ടിനെ എഴുതാതിരിക്കണോ എന്ന ആശയക്കുഴപ്പമായിരുന്നു പോസ്റ്റ്-കൊളോണിയൽ ഇന്ത്യയിൽ നിന്ന് ഇംഗ്ലീഷിലേക്ക് തിരിച്ചെഴുതുന്ന തലമുറയിലെ എഴുത്തുകാർക്ക് ഇടം സൃഷ്ടിച്ച കവികളുടെ മനസ്സിനെ കുഴക്കിയ ആശങ്ക.
അലൻ ജിൻസ്ബെർഗ് തന്റെ എഴുത്തിലൂടെ കാലിഫോർണിയയ്ക്ക് അമേരിക്കന് സ്വത്വം നൽകിയപോലെ അല്ലെങ്കിൽ നിക്കന്നർ പാര സാന്റിയാഗോയെ സ്പാനിഷിൽ എഴുതിയ പോലെ മഹാപത്ര ഒഡീഷയെ ഇംഗ്ലീഷിൽ എഴുതി. ഒരു കവിത വായിക്കാനും ഉരുവിടുവാനുമാണ് എഴുതുന്നത്. എന്നാൽ മഹാപത്ര ഇംഗ്ലീഷിൽ കവിതകൾ എഴുതാൻ തുടങ്ങിയ കാലത്ത്, ഇപ്പോഴും, ഇന്ത്യയിൽ ഇംഗ്ലീഷ് കൂടുതലായി ഉപയോഗിക്കുന്ന ഒരു പ്രദേശവും, ഒരു സംസ്ഥാനവും, ഉണ്ടായിരുന്നില്ല. ഒഡിയ കവിതകൾക്കായി ഒഡിയ വായനക്കാർ ഉണ്ടായിരുന്നു. ഉദ്യോഗസ്ഥവൃന്ദത്തിന്റെയും പൊതുഭരണത്തിന്റെയും ഒരു നേർത്ത, വരേണ്യ വിഭാഗം മാത്രമായിരുന്നു ഇന്ത്യൻ-ഇംഗ്ലീഷ് കവിതയുടെ ഏക പ്രതീക്ഷ. ‘അന്യവും അല്ല, ഉത്തരാധുനികവും അല്ല: ജയന്ത മഹാപത്രയുടെ ഇന്ത്യയിൽ നിന്നുള്ള കവിതകൾ’ എന്ന കൃതിയിൽ ജോൺ ഒലിവർ പെറി എഴുതുന്നു: “ഇന്ത്യക്കാരായ ഇംഗ്ലീഷ് ഗുമസ്തന്മാരുടെ വ്യാകരണ അബദ്ധങ്ങൾ ആവർത്തിക്കുന്ന തവിട്ട് തൊലിയുള്ള സാഹിബുമാർ ആണെന്നുള്ള ആക്ഷേപം ഇപ്പോഴും കേട്ടുകൊണ്ടിരിക്കുന്നവരാണ് ഇംഗ്ലീഷിൽ കവിത എഴുതുന്ന ഇന്ത്യൻ കവികൾ.” ഇത് അദ്ദേഹം 40 വർഷങ്ങൾക്ക് മുമ്പേ നടത്തിയ നിരീക്ഷണമാണെങ്കിലും ഇന്ത്യൻ സ്വദേശീയതയുടെ ആഗോളവൽക്കരണത്തിന് ശേഷമുള്ള ഇക്കാലത്തും ഈ വാചകം പ്രസക്തമാണ്.
ഇപ്പോൾ കവികൾ ഒരു വിരോധാഭാസത്തിലാണ് ജീവിക്കുന്നത്. 2016-ൽ അയോവ യൂണിവേഴ്സിറ്റിയിൽ അമേരിക്കയുടെ ലോകപ്രശസ്തമായ ഇന്റർനാഷണൽ റൈറ്റിംഗ് പ്രോഗ്രാമിൽ (IWP) പങ്കെടുക്കുമ്പോൾ, ഒരു സഹ എഴുത്തുകാരൻ എന്നോട് “നിങ്ങൾ ഇംഗ്ലീഷിൽ എഴുതുന്നുണ്ടോ?” എന്ന് ചോദിച്ചപ്പോൾ ഞാൻ അമ്പരന്നു പോയി. ഞാൻ പറഞ്ഞു “ഇല്ല, ഞാൻ ബംഗാളിയിലാണ് എഴുതുന്നത്.” ഇംഗ്ലീഷിനപ്പുറം ഇന്ത്യയിൽ മറ്റെന്തെങ്കിലും ഭാഷയുണ്ടോ’ എന്ന് അദ്ദേഹം ഒരു പടി കൂടി കടന്ന് സത്യസന്ധമായി ചോദിച്ചത് എന്നെ ശരിക്കും ഞെട്ടിച്ചു.
ഇംഗ്ലീഷിലെ ഇന്ത്യൻ നോവലുകളുടെ വാണിജ്യ വിജയത്തിന് ശേഷം, ഇപ്പോൾ ഇന്ത്യൻ-ഇംഗ്ലീഷ് എഴുത്തുകാർക്ക് ചുവന്ന പരവതാനി വിരിച്ച് ലോകം ഒരുങ്ങി ഇരിക്കുകയാണ്. എന്നാൽ ഇന്ത്യൻ-ഇംഗ്ലീഷ് കവികൾക്ക് ഒരു അന്താരാഷ്ട്ര സമ്മാനമോ പ്രസിദ്ധീകരണ ബഹുമതിയോ നേടാനായിട്ടില്ല. പാശ്ചാത്യ രാജ്യങ്ങളിൽ, സൽമാൻ റുഷ്ദിയെ ഉദ്ധരിക്കുക എന്നത് ഒരു നിർബന്ധിത ആചാരമാണ്. അതേസമയം പടിഞ്ഞാറ് കൊടുങ്കാറ്റായി മാറിയ ടാഗോർ ഇപ്പോൾ ഉച്ചരിക്കപ്പെടാത്ത ഒരു പേരായി. ഈ മിഥ്യാഭയത്തോട് തൻ്റെ സൗമ്യമായ രീതിയിൽ യുദ്ധം ചെയ്ത മഹാപത്ര, അതിനെ സമർത്ഥമായി അതിജീവിച്ചു.സാഹിത്യ അക്കാദമി അവാർഡും പിന്നീട് പത്മശ്രീയും ലഭിച്ച ആദ്യ ഇന്ത്യൻ-ഇംഗ്ലീഷ് കവിയാണ് അദ്ദേഹം. ഇന്ത്യൻ ഭാഷകളിലേക്ക് അദ്ദേഹം വ്യാപകമായി വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.
ഒഡിയയിൽ എഴുതുന്നത് തുടരുകയും ഒഡിയയിൽ നിന്ന് ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്യാൻ ഇഷ്ടപ്പെടുകയും ചെയ്തതിനാൽ മാതൃഭാഷയുമായുള്ള ബന്ധം അദ്ദേഹം ഒരിക്കലും നഷ്ടപ്പെടുത്തിയില്ല. ജയന്ത ദയും ഞാനും ടെലിഫോണിൽ സംസാരിക്കുമ്പോഴെല്ലാം അദ്ദേഹം ബംഗാളിയിൽ സംസാരിക്കാനാണ് ഇഷ്ടപ്പെട്ടിരുന്നത്. പേരിന് പോലും ഒരു തർക്കം ഉന്നയിക്കപ്പെടാതെയാണ് അദ്ദേഹത്തിന് സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് ലഭിച്ചത്.
സ്വെയ്നും മർച്ചന്റുമായുള്ള (Swain and Merchant) ഒരു അഭിമുഖത്തിൽ മഹാപത്ര പറഞ്ഞു, “ഞാൻ ഒരു ഒറിയക്കാരനെപ്പോലെ എഴുതും, ഞാൻ ജീവിക്കുന്ന ഒറിയ സംസ്കാരത്തിനുള്ളിൽ നിന്നുകൊണ്ട് ഒറീസയുടേതായ കവിതകൾ എഴുതും…”
അദ്ദേഹത്തിന്റെ വരികൾ അദ്ദേഹത്തിന്റേത് തന്നെയാണ്. അവ ഇന്ത്യയുടേ ആത്മസത്തയാണെന്ന് ആരും സാക്ഷ്യപ്പെടുത്തേണ്ടതില്ല:
“പുരിയിൽ, കാക്കകൾ
വിശാലമായ തെരുവ്
ഒരു ഭീമാകാരമായ നാവ് പോലെ അലസമായി നീണ്ട് കിടക്കുന്നു
ഒരു പുരോഹിതൻ കടന്നുപോകുമ്പോൾ
മുഖമില്ലാത്ത അഞ്ച് കുഷ്ഠരോഗികൾ വഴി മാറിപ്പോകുന്നു
തെരുവിന്റെ അറ്റത്ത്
ക്ഷേത്രത്തിന്റെ വാതിൽക്കൽ തിങ്ങിക്കൂടുന്ന ജനക്കൂട്ടം
വലിയ നിമിത്തങ്ങളുടെ കാറ്റിൽ ആടുന്ന
ഒരു വലിയ വിശുദ്ധ പുഷ്പം”.
ഒരു പതിറ്റാണ്ട് മുമ്പ് കട്ടക്കിലെ ടിങ്കോണിയ ബാഗിച്ചയിലെ വീട്ടിൽ ഒരു ദിവസം മുഴുവൻ ഞാൻ അദ്ദേഹത്തോടൊപ്പം ചെലവഴിച്ചു. അദ്ദേഹം ദുഃഖത്താൽ തളർന്നിരുന്നുവെങ്കിലും ശാന്തത കൊണ്ട് ശക്തനായിരുന്നു. ഭാര്യയുടെയും മകന്റെയും മരണം അദ്ദേഹത്തെ കല്ലുപോലെ നിശബ്ദനാക്കിയെങ്കിലും, പാതിരാത്രിയിൽ ആ കല്ല് കവിതയുടെ വരികൾ മന്ത്രിച്ചുകൊണ്ടിരുന്നു. ഏകാന്തത അദ്ദേഹത്തിന്റെ ആത്മാവിന്റെ ഒരു പുതിയ പ്രവാസ ഭൂമിയായി മാറി. അദ്ദേഹത്തിന്റെ വീട്ടുജോലിക്കാരിയായ സ്ത്രീ ഞങ്ങൾക്ക് ഉച്ചഭക്ഷണം പാകം ചെയ്തു. ജയന്ത ദാ നയത്തോടെ അടുക്കളയിൽ അവർക്കുള്ള നിർദ്ദേശങ്ങൾ നൽകി.
മുദ്രാവാക്യമോ വെടിയുണ്ടയോ ഇല്ലാതെ ഇന്ത്യൻ-ഇംഗ്ലീഷ് കവിതകളിൽ നിശബ്ദമായി വിപ്ലവം സൃഷ്ടിച്ച ആ മനുഷ്യനോടുള്ള സ്നേഹവും ആദരവും നിറഞ്ഞ ഒരു ശൈത്യകാല ദിനമായിരുന്നു അത്. അദ്ദേഹത്തിന്റെ ശാന്തത, ഒരു കൊടുങ്കാറ്റിന് മുമ്പെയുള്ള ശാന്തത പോലെയായിരുന്നില്ല. ഒരു ഫക്കീറിന്റെ ജ്ഞാനമാണ് അദ്ദേഹത്തെ കവിയാക്കി മാറ്റിയത്. മറ്റൊരു ഇന്ത്യൻ-ഇംഗ്ലീഷ് കവിയായ അരുൺ കൊലാട്ട്കർ പറഞ്ഞത് തികച്ചും ശരിയാണ്, “അദ്ദേഹത്തിന്റെ ആഴത്തിലുള്ള കവിത ശാന്തമായ ആത്മവിശ്വാസം പ്രകടമാക്കുന്നു.”
തൻ്റെ അവസാന കവിത എന്ന് തോന്നിപ്പിക്കും വിധമുള്ള ഒരു വിൽപത്രം പിൻഗാമികൾക്കായി ബാക്കിവെച്ചിട്ടാണ് അദ്ദേഹം പോയത്.
അദ്ദേഹം അതിൽ എഴുതുന്നു, “എന്റെ ശരീരം, കഴുകിയ ശേഷം, വെള്ള പഞ്ചാബി സൂട്ടും പൈജാമയും ധരിപ്പിച്ച് ഉചിതമായ സ്ഥലത്ത് കിടത്തണം (അത് എന്റെ മുറിയാവാം. അല്ലെങ്കിൽ ബാബു തീരുമാനിക്കുന്ന ഏതു സ്ഥലത്തും.) എന്റെ ശവസംസ്കാരവുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളിലും അവസാന വാക്ക് അദ്ദേഹത്തിന്റേതായിരിക്കും. (ഒരു പ്രദർശന വസ്തു പോലെ) എന്റെ ശരീരം എവിടേയും കൊണ്ടുപോകാൻ പാടില്ല. റാവൻഷോ യൂണിവേഴ്സിറ്റിയിലേക്കോ ഞാൻ പഠിപ്പിച്ച സൈല ബാല വിമൻസ് കോളേജിലേക്കോ എവിടേക്കും കൊണ്ടുപോകാൻ പാടില്ല. പിന്നീട്, എന്റെ മൃതദേഹം ദഹിപ്പിക്കണം. ക്രിസ്ത്യൻ സിമിത്തേരിയിൽ അടക്കം ചെയ്യരുത്. ഈ ആവശ്യത്തിനായി ശവപ്പെട്ടി ഉണ്ടാക്കുകയും അരുത്.”
അവസാന ഖണ്ഡികയിൽ അദ്ദേഹം സ്വന്തം മരണത്തെക്കുറിച്ച് ഒരു വിലാപകാവ്യം പോലെ എഴുതുന്നു – “അവസാനം, സംസ്കാരത്തിന്ന് ശേഷം ബാബു എന്റെ ചിതാഭസ്മം അടങ്ങുന്ന കലത്തിന്റെ ചുമതല ഏറ്റെടുത്ത് അത് ദുർഗ്ഗാ ബെഹ്റയെ ഏൽപ്പിക്കും. അയാൾ ആ ചിതാഭസ്മം സൗകര്യപ്രദമായ സമയത്ത് ചന്ദ്രഭാഗയിൽ, കടൽത്തീരത്തായ്, നിമജ്ജനം ചെയ്യും.” (ജയന്ത മഹാപാത്ര, 2023 ജൂൺ 20 രഥയാത്രാ ദിനത്തിൽ എഴുതിയത്.)
അദ്ദേഹത്തിന്റെ ചിതാഭസ്മം ചന്ദ്രഭാഗ നദിയിലെ ജലത്തിൽ അലിഞ്ഞു ലയിച്ച ശേഷം അദ്ദേഹത്തിന്റെ കവിതയുടെ ഉയർത്തെഴുന്നേൽപ്പിന്ന് ലോകം സാക്ഷ്യം വഹിക്കും എന്ന് എനിക്ക് ഉറപ്പുണ്ട്. ചന്ദ്രഭാഗ നദിയും അതെ പേരിലുള്ള അദ്ദേഹത്തിന്റെ കവിതാ മാസികയും അതിർത്തികൾ ഭേദിച്ചു ഒഴുകികൊണ്ടേ ഇരിക്കും. ഒരിക്കൽ ഒരു അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു, ” ഒരു പുഞ്ചിരിയിൽ കവിഞ്ഞ് ഒരു സന്ദേശവും എനിക്ക് നൽകാൻ ഇല്ല.”
നമുക്കറിയാവുന്നതുപോലെ, പുഞ്ചിരിക്ക് അതിരുകളില്ല.
(കവിയും പ്രൊഫസറുമായ സുബോധ് സർക്കാർ സാഹിത്യ അക്കാദമി അവാർഡ് ജേതാവാണ്. അമേരിക്കയിലെ അയോവ (Iowa) സർവകലാശാലയിൽ ഇംഗ്ലീഷ് പഠിപ്പിച്ചിരുന്ന അദ്ദേഹം ഇപ്പോൾ കൊൽക്കത്തയിലെ സിറ്റി കോളേജിൽ പഠിപ്പിക്കുന്നു.)