ഈ ഭൂമി, മനുഷ്യരായ നമ്മുടെ മാത്രം ആവാസ കേന്ദ്രമാണെന്നും
ഇതര ജീവജാലങ്ങളെയും പ്രകൃതിയേയും നമ്മുടെ ആവശ്യാനുസരണം ഉപയോഗപ്പെടുത്തുകയോ
ഉപദ്രവിക്കുകയോ ചെയ്യാമെന്നുമുള്ള ധിക്കാരപരവും
സ്വേച്ഛാധിപത്യപരവുമായ അറിവിന്റെ അഹങ്കാരത്തെ
ചോദ്യം ചെയ്തു കൊണ്ടാണ് അയ്മനം ജോൺ എന്ന കഥാകാരൻ
നമ്മുടെ കഥാസാഹിത്യത്തിൽ നിലകൊള്ളുന്നത്. എന്നാൽ അതുമാത്രമല്ല, ജോണിന്റെ കഥകളുടെ സവിശേഷത എന്ന് ആ
കഥകളുടെ സൂക്ഷ്മവായനയിലൂടെ നമുക്ക് ബോധ്യമാവുകയും
ചെയ്യും. അതുകൊണ്ടുതന്നെ വെറും പാരിസ്ഥിതിക കഥകളുടെ കഥാകാരൻ എന്ന് ബ്രാന്റ് ചെയ്ത് അദ്ദേഹത്തെ പരിമിതപ്പെടുത്താനോ അരികുവത്കരിക്കാനോ സാധ്യവുമല്ല.
മതേതരത്വം വലിയ വെല്ലുവിളികളെ നേരിടുന്ന ഇന്ന് ആശ്വാസത്തിന്റെ തുരുത്തുപോലെ പുതുതലമുറയിലും ചിലരുണ്ടാകുന്നുണ്ട് എന്ന് തിരിച്ചറിയാൻ ജോൺ നമ്മെ പഠിപ്പിക്കുന്നുണ്ട് തന്റെ ഏറ്റവും പുതിയ കഥയായ മുക്തി ബാഹിനിയിലൂടെ. പള്ളിക്കൂടത്തിൽ പോയി പഠിച്ചിട്ടില്ലാത്തതി
നാൽ പീലിച്ചേട്ടൻ പറയുന്നതിൽ സത്യത്തിന്റെ തിളക്കമുണ്ടെന്ന് പറയുന്ന കഥാകാരൻ (മഴക്കാല നിലാവ്) വിദ്യാഭ്യാസ
മേഖലയിലെ ഇന്നത്തെ നിലവാരത്തെയാണ് കണക്കിന് കളിയാക്കുന്നത്. അക്കാലത്ത് ഞങ്ങളുടെ നാട്ടിൽ നിന്നയയ്ക്കുന്ന
കത്ത് പാമ്പാടിയിൽ എത്താൻ ഇന്നത്തേതു പോലെ രണ്ടു ദിവസം
വേണ്ട, പിറ്റേന്നുതന്നെ എത്തും (ശ്രേഷ്ഠ ഭാഷ – ഒരു സന്ദേശകഥ) എന്നു പറയുമ്പോൾ ഇന്നു കാണുന്ന പുരോഗതി എന്നത് എന്താണ് എന്ന സംശയം നമ്മി ൽ ബലപ്പെടുത്തുകയാണ്, അദ്ദേഹം.
വർത്തമാനകാലത്ത് സഹജീവികളിലെ സ്‌നേഹമില്ലായ്മയെ തുറന്നുകാണിക്കാൻ പ്രാകൃത കാലത്തിലേക്ക് പോകാൻ നമ്മെ പരിഹസിക്കുന്നുണ്ട്, ജോൺ ഒരു കഥയിൽ (നിയാൻഡർ താൽ താഴ്‌വരയിൽ) തോട്ടങ്ങളെല്ലാം വിറ്റ ശേഷം കാർഷിക സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയെ കുറിച്ച് തിസീസ് എഴുതുന്നുണ്ട്
അദ്ദേഹത്തിന്റെ മറ്റൊരു കഥാപാത്രം (അടിയന്തരാവസ്ഥയിലെ ആന) ചരിത്രസത്യങ്ങൾ തിരസ്‌കരിക്കപ്പെടുകയും ഐതിഹ്യങ്ങൾ വിലമതിക്കപ്പെടുകയും ചെയ്യുന്ന രാജ്യത്തെ പുതിയ രാഷ്ട്രീയ കാലാവസ്ഥ ചോദ്യചിഹ്നമായി വരുന്നു, മറ്റൊരു കഥയിൽ (അതിശയപ്പള്ളിയുടെ ഐതിഹ്യകഥയും അതിനൊരു അനുബന്ധകഥയും).
ഇങ്ങനെ വർത്തമാനകാലത്തിന്റെ അഭിശപ്തതയെ അനേകം അടരുകളിലൂടെ ആവിഷ്‌കരിക്കരിക്കാനുള്ള ഉപാധി എന്ന നിലയിൽ കഥയെ ഉപയോഗിക്കുന്ന ആളാണ് അയ്മനം ജോൺ. അതിനായി കാലം ഇതേവരെയായി കാത്തുവച്ച ചരിത്രത്തെ കുറിച്ച് മനുഷ്യ മനസുകളിൽ ഉറച്ചുപോയ പൊതു നിലപാടുകളെ പൊളിച്ചടുക്കി, ചരിത്രത്തിന് ഒരു ബദൽ നിർമിക്കാനുള്ള ശ്രമത്തിലാണ് അദ്ദേഹം ഏർപ്പെട്ടിരിക്കുന്നത് എന്നും നാം തിരിച്ചറിയേണ്ടതുണ്ട്. വ്യാപകമായ സ്വീകാര്യത തന്റെ കഥകൾക്കില്ലെന്ന സത്യം തിരിച്ചറിയുമ്പോഴും അതിൽ ഒട്ടും ആകുലനാകാതെ കഥ ഇഷ്ടപ്പെടുന്ന ഒരു ന്യൂനപക്ഷത്തിന്റെ കരുത്തിൽ ഉറച്ച് വിശ്വസിക്കുകയും, കുറഞ്ഞത് അവരെയെങ്കിലും തന്റെ ശരികൾ ബോധ്യപ്പെടുത്താനുമാണ് ജോൺ ഉദ്യമിക്കുന്നത്. അഥവാ എല്ലാ മാറ്റങ്ങളും എന്നും എവിടെയും ആദ്യം സാധ്യമാക്കിയത് അത്തരം ഒരു ചെറുന്യൂനപക്ഷമാണെന്ന യാഥാർഥ്യം തിരിച്ചറിയുന്നതാണ് അദ്ദേഹത്തിലെ കഥാകാരന്റെ കരുത്ത്. കഥകളിലെന്നപോലെ തന്റെ നിലപാടുകളി ലും വ്യത്യസ്തനായ അയ്മനം ജോൺ ‘കാക്ക‘യോട് മനസ് തുറക്കുന്നു:
1972-ൽ മാതൃഭൂമി നടത്തിയ വി
ഷുപ്പതിപ്പ് സാഹിത്യ മത്സരത്തിൽ
ക്രിസ്മസ് മരത്തിന്റെ വേര് എന്ന കഥ
ഒന്നാം സമ്മാനം നേടിയതോടെയാണ്
മലയാള കഥാസാഹിത്യത്തിൽ താങ്കൾ
അറിയപ്പെട്ടു തുടങ്ങിയത്. ആ കഥയെഴുത്തിലേക്കും
മാത്രൃഭൂമിയുടെ സമ്മാനത്തിലേക്കും
എത്തിപ്പെട്ടത് എങ്ങനെയാണ്?
മലയാള കഥസാഹിത്യത്തിലെ ആധുനികതയുടെ പ്രഭവകാലത്താണ് ആ കഥ എഴുതുന്നത്. തീർത്തും സ്വകീയവും വ്യത്യസ്തവുമായ ആവിഷ്‌കാരങ്ങൾക്ക് വലിയ തുറസ് നൽകിയിരുന്ന സാഹിത്യപ്രസ്ഥാനമായിരുന്നു മലയാളത്തിലെ ആധുനികത. ആധുനികത നൽകിയ ആ സ്വാതന്ത്ര്യം ഉപയോഗിച്ച് സ്വന്തമായ ഒരു പരീക്ഷണമെന്നപോലെ പ്രത്യേകിച്ചൊരു പ്രമേയമൊന്നുമില്ലാതെയാണ് ആ കഥ എഴുതുന്നത്. അതേസമയം എന്റെ കൗമാര മനസിലെ വിഹ്വലതകൾക്ക് സ്വതന്ത്രമായ ആവിഷ്‌കാരം നൽകാൻ കൂടി ക്രിസ്മസ് മരത്തിന്റെ വേര് എന്ന കഥയിൽ ശ്രമിക്കുകയുണ്ടായി.
തൊട്ടു മുൻവർഷങ്ങളിൽ സമ്മാനിതമായ എൻ.എസ്. മാധവന്റെ ശിശുവും എൻ. പ്രഭാകരന്റെ ഒറ്റയാന്റെ പാപ്പാനും ഏതാണ്ട് അതേതരം സ്വാതന്ത്ര്യത്തോടെ എഴുതപ്പെട്ട കഥകളായിട്ടാണ് എനിക്കനുഭവപ്പെട്ടത്. ആ കഥകൾ നൽകിയ ധൈര്യമാണ് അത്തരം ഒരു കഥയെഴുതാനും മാതൃഭൂമിയുടെ സാഹിത്യ മത്സര
ത്തിലേക്ക് അയയ്ക്കാനും എന്നെ പ്രേരിപ്പിച്ചത്. എന്നാൽ, കഥ ഒന്നാം സമ്മാനത്തിന് അർഹമാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല. അതേസമയം പ്രസിദ്ധീകരണത്തിന് ഒരുപക്ഷെ, തിരഞ്ഞെടുത്തേക്കും എന്ന നേരിയ പ്രതീക്ഷ മനസിലുണ്ടായിരുന്നുതാനും.
തീർച്ചയായും അതായിരിക്കില്ലല്ലോ താങ്കളുടെ ആദ്യ കഥ? അതിന് മുമ്പുതന്നെ താങ്കൾ കഥകൾ എഴുതുന്നുണ്ടാവില്ലേ?
കഥയെഴുത്ത് പാരമ്പര്യമായി കിട്ടിയ ഒരു സിദ്ധിയാണോ? താങ്കളിലെ കഥാകാരനെ തിരിച്ചറിഞ്ഞ പശ്ചാത്തലത്തെ കുറിച്ച് പറയാമോ?
യഥാർഥ ജീവിതത്തേക്കാൾ ഭാവനാജീവിതത്തോടുള്ള ആഭിമുഖ്യവും അതോട് ചേർന്ന് നിൽക്കുന്ന ഏകാകിതയും
ബാല്യം മുതൽ എന്റെ കൂടപ്പിറപ്പുകളാണ്. അവ രണ്ടുമാണ് കഥയെഴുത്തിന്റെ അടിസ്ഥാനപ്രേരണ എന്നു പറയാം. കൗമാര പ്രായത്തിൽ എം.ടിയുടെ കഥകളോട് വല്ലാത്തൊരു ആത്മൈക്യം
തോന്നിയിരുന്നു. എഴുത്തിലേക്ക് കടക്കാൻ പ്രചോദിപ്പിച്ചതും കഥയെഴുത്തിന്റെ തുടക്കത്തിൽ മാതൃകയായി സ്വീകരിച്ചതും അദ്ദേഹത്തിന്റെ കഥകൾ തന്നെയായിരുന്നു. പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കഥകളെഴുതിത്തുടങ്ങുന്നത്. മാതൃഭൂമിയുടെ സമ്മാനിതമായ കഥയ്ക്ക് മുമ്പ് കോളേജ് മാഗസിനിലും കോട്ടയത്തെ ചില വാരികകളിലും ചുരുക്കം ചില കഥകൾ പ്രസിദ്ധീകരിച്ചിരുന്നു.
കഥകൾ എഴുതിത്തുടങ്ങുന്നതിനു
മുമ്പ് അതിന് പ്രചോദനമായിത്തീർന്ന
നല്ലൊരു വായന സ്വാഭാവികമയായും
ഉണ്ടായിരിക്കുമല്ലോ. അതിനെക്കുറിച്ചറിയാൻ
താത്പര്യമുണ്ട്?
സ്‌കൂൾ-കോളജ് വിദ്യാഭ്യാസ കാലത്ത് വൈകുന്നേരങ്ങളിൽ മിക്കവാറും ദിവസങ്ങളിൽ ചെലവഴിച്ചിരുന്നത് നാട്ടിലെ വായനശാലയിലായിരുന്നു. അവിടുത്തെ ആനുകാലികങ്ങളിലൂടെയും പുസ്തകങ്ങളിലൂടെയുമാണ്
സമകാലികരും പൂർവികരുമായ എഴുത്തുകാരെ വായിക്കാനുള്ള അവസരം ലഭിക്കുന്നത്. വായനശാല കേന്ദ്രീകരിച്ച് രൂപപ്പെട്ടിരുന്ന ഒത്തുചേരലുകൾ വായിക്കാനും എഴുതാനും വലിയ പ്രോത്സാഹനമായി. സിഎംഎസ് കോളജിലെ പഠനകാലത്ത് നല്ല
വായനക്കാരായ രണ്ടുമൂന്നു പേരെ അടുത്ത സുഹൃത്തുക്കളായി കിട്ടിയതും ഏറെ ഗുണം ചെയ്തു. കൂടാതെ അവിടുത്തെ
കോളിൻസ് ലൈബ്രറിയിലെ വിദേശ ക്ലാസിക് കൃതികളുടെ വൻശേഖരം കുറേയൊക്കെ വായിച്ചതും എഴുതാൻ പ്രേരണയായി. ആരംഭകാല വായനകൾക്ക് വഴിയൊരുക്കിയതിന്റെ പേരിൽ
ഇപ്പറഞ്ഞ കൂട്ടുകാരോടും ആ രണ്ട് വായനശാലകളോടും
എനിക്ക് വലിയ കടപ്പാടുണ്ട്. പഠിച്ച വിദ്യാലയങ്ങളോടുള്ളതിൽ
കൂടുതൽ സ്‌നേഹം തോന്നിയിട്ടുള്ളത് ഈ വായനശാലകളോടാണ്.
അയ്മനം എന്ന കേരളീയ ഗ്രാമത്തെ കഥകളിലൂടെ ദേശീയ-അന്തർ ദേശീയ തലത്തിലും മലയാളികൾക്കിടയിലും പ്രശസ്തരാക്കിയ രണ്ടു പേരെ നമുക്കറിയാം. ഒന്ന് അരുന്ധതി റോയ്. രണ്ട്, തീർച്ചയായും താങ്കൾതന്നെ. അയ്മനം എന്ന ഗ്രാമം താങ്കളിലെ കഥാകാരനെ എങ്ങനെയൊക്കെ പ്രചോദിപ്പിച്ചു എന്നു പറയാമോ?
ഒത്തിരി പുഴകളും നീർച്ചാലുകളും നെൽവയലുകളും തെങ്ങിൻ തോപ്പുകളും വാഴത്തോട്ടങ്ങളുമൊക്കെയുള്ള അപ്പർ കുട്ടനാടൻ പ്രകൃതിയാണ് അയ്മനത്തിന്റേത്. അതിന്റെ സവിശേഷ ഭംഗി
യും പ്രത്യേകിച്ച് നാട്ടിലെ പുഴകളിൽ നിന്ന് ലഭിച്ചിട്ടുള്ള ഹൃദ്യമായ അനുഭവങ്ങളും ഭാവനാജീവിതത്തെയും അതുവഴി
എഴുത്തിനെയും ഉത്തേജിപ്പിച്ചിട്ടുണ്ട് എന്നുള്ളത് ശരിയാണ്. പക്ഷെ, ഇന്ന് തിരിഞ്ഞു നോക്കുമ്പോൾ അയ്മനത്തെ ജീവിതമല്ല, മലകളും കാടുകളുമൊക്കെയുള്ള ഭൂപ്രദേശങ്ങളിലെ ജീവിതമാണ് എനിക്ക് കൂടുതൽ ഇഷ്ടപ്പെട്ടതും ആനന്ദപ്രദമായി അനുഭവപ്പെട്ടിട്ടുള്ളതും എന്ന് തിരിച്ചറിയുന്നുണ്ട്. എപ്പോഴും അടുത്തുള്ളതിനേക്കാൾ അകലെയുള്ളവയുടെ പ്രലോഭനം സ്വന്തം ഭാവനാജീവിതത്തിന്റെ പ്രത്യേകത ആയതുകൊണ്ടാകാം. ജന്മഗ്രാമം എന്ന സ്‌നേഹം അയ്മനത്തോട്
ഉണ്ടെന്നല്ലാതെ എന്നെ എഴുത്തിൽ ഏറെ പ്രചോദിപ്പിച്ച ഒരിടമായി
അതിനെ കാണുന്നില്ല. പക്ഷെ, സ്ഥലബന്ധിയായ പ്രമേയങ്ങൾ അടുത്ത കാലത്ത് കഥകൾക്കായി ഉൾക്കൊള്ളാൻ തുടങ്ങിയപ്പോൾ ഏറെ പരിചിതമായ സ്ഥലം എന്ന നിലയിൽ അയ്മനം, കഥകളിലേക്ക് കൂടുതലായി കടന്നു വരുന്നുണ്ട് എന്നു മാത്രം.
’72-ൽ ആദ്യകഥ പുറത്തു വന്ന കണക്ക്വച്ചു നോക്കിയാൽ നാലര പതിറ്റാണ്ടിലേറെയായി താങ്കൾ കഥകളെഴുതുന്നു.
എന്നിട്ടും 75-ൽ താഴെ കഥകളേ താങ്കളുടേതായിട്ട് ഇതുവരെ പുറത്തു വന്നിട്ടുള്ളൂ. എന്താണ് ഈ കുറവിന് കാരണം?
ഇടർച്ചയില്ലാത്ത തുടർച്ചയിൽ എഴുതുക എന്നത് മാനസികമായി വലിയ പരിശ്രമം ആവശ്യപ്പെടുന്ന ഒന്നായിട്ടാണ് അനുഭവപ്പെട്ടിട്ടുള്ളത്. എന്നാൽ എന്റെ വ്യക്തിത്വം ഒരു ശ്രമശാലിയുടേതല്ല, അലസമനസ്ഥിതിയുള്ളഒരു സ്വപ്‌ന ജീവിയുടേതാണ്. എങ്കിലും വായനയോടുള്ള ഭ്രമം കൊണ്ട് കഥയെഴുത്ത് ഒരു തുടർയത്‌നമായി കാണാൻ ആരംഭകാലത്ത്
ഞാൻ ശ്രമിച്ചിരുന്നു. പ ക്ഷെ, പ്രതീക്ഷിച്ച ഒരു സ്വീകാര്യതയും ആസ്വാദ്യതയും എന്റെ എഴുത്തിനില്ലെന്നു തോന്നിയ ഘട്ടത്തിൽ
എഴുത്തിനോട് ഉദാസീനമായ ഒരു സമീപനം രൂപപ്പെട്ടു. ജോലിയുമായി ബന്ധപ്പെട്ട യാത്രകളിലും അതുവഴിയുള്ള
മാനസിക ഉല്ലാസങ്ങളിലും കൂടുതൽ അഭിരമിക്കാൻ തുടങ്ങിയതോടെ നീണ്ടകാലത്തോളം എഴുത്തിൽ നിന്ന് അകന്നു
നിൽക്കുവാനുമിടയായി. അങ്ങനെയാണ് എന്റെ എഴുത്തുശീലം ചുരുങ്ങിയ സന്ദർഭങ്ങളിലേക്ക് പരിമിതപ്പെട്ടുപോയത്.
വലിയ വലിയ ജീവിതാനുഭവങ്ങളുടെ അഭാവമാണോ നോവൽ പോലെ വലിയ ക്യാൻവാസിൽ ഒരു കഥ പറയാൻ താങ്കൾ ശ്രമിക്കാതിരുന്നതിന് കാരണം? ആറു കഥകളെഴുതിയാൽ അടുത്തത് ഒരു നോവൽ എന്നു ചിന്തിക്കുന്ന മഹാഎഴുത്തുകാരുടെ കാലത്ത് താങ്കളുടെ നിലപാട് അതിശയകരമായിട്ട് തോന്നി?
സാഹിത്യത്തിൽ പ്രതിപാദിക്കപ്പെടുന്ന
ജീവിതാനുഭവങ്ങൾക്ക് വലിപ്പച്ചെറുപ്പം കല്പിക്കേണ്ടതുണ്ടോ? ഉണ്ടെങ്കിൽതന്നെ എന്താണ് അതിന്റെ മാനദണ്ഡം? അതറിയാതെ എന്റെ ജീവിതാനുഭവങ്ങളെ ചെറുതെന്നോ വലുതെന്നോ എങ്ങനെ വിശേഷിപ്പിക്കും? എന്റെ അഭിപ്രായത്തിൽ അനുഭവങ്ങളുടെ വലിപ്പച്ചെറുപ്പമോ വ്യത്യാസ്തതയോ പോലുമല്ല, മറിച്ച് സാർവലൗകികതയാണ് ഏതു സാഹിത്യകൃതിയേയും കൂടുതൽ ആസ്വാദ്യകരമാക്കുന്നത്. ജീവിതാനുഭവങ്ങളുടെ
പോരായ്മകളെ ആവിഷ്‌കാരത്തിന്റെ അനന്യത കൊണ്ട് മറികടക്കാനും കഴിയും. പിന്നെ, ഇത്ര കഥയ്ക്ക് ഇത്ര നോവൽ
എന്നൊരു ഫോർമുലയൊന്നും സാഹിത്യരചനയിൽ ഭൂഷണമായ കാര്യങ്ങളല്ല. ആറു കഥകൾ എഴുതിയ ശേഷമെന്നല്ല, ഒരു കഥ പോലും എഴുതാതെ തന്നെ ഒരാൾ ഒരു നോവൽ എഴുതിയാൽ
അതിൽ ആക്ഷേപകരമായി എന്തെങ്കിലും ഉണ്ടെന്ന് ഞാൻ കരുതുന്നില്ല. എന്റെ കാര്യത്തിൽ എഴുതിത്തീർക്കാൻ ദിവസങ്ങളോ മാസങ്ങളോ വേണ്ടതായ രചനകളിൽ
ഏർപ്പെടാനുള്ള വൈമനസ്യം തന്നെയാണ് പ്രധാന വിഘ്‌നം. അതല്ലാതെ ഏതെങ്കിലും നിലപാടിന്റെയോ തത്വദീക്ഷയുടെയോഭാഗമായിട്ടേ അല്ല ഇന്നോളം നോവലൊന്നും എഴുതാതിരുന്നത്.
46 വർഷമായി കഥാരംഗത്ത് നിലനിൽക്കുന്ന ഒരാളാണ് താങ്കൾ. ഒരു പിടി നല്ല കഥകളിലൂടെ മലയാളികളുടെ മനസിൽ താങ്കൾ അടയാളപ്പെടുത്തപ്പെടുകയും
ചെയ്തിട്ടുണ്ട്. അതിന്റെ അടിസ്ഥാനത്തിൽ ചോദിക്കട്ടെ, ‘കഥ’ എന്നാൽ എന്തായിരിക്കണം എന്നാണ് താങ്കളുടെ അഭിപ്രായം?
കഥ എന്ന സാഹിത്യരൂപത്തിന് ഏതെങ്കിലും നിർവചനം നൽകുന്നത് അതിന്റെ അനന്തമായ ആവിഷ്‌കാര സാധ്യതകളെ
പരിമിതപ്പെടുത്തുന്ന സംഗതിയായിരിക്കും. കഥാകാരന്മാർ എന്ന നിലയിൽ ഒ. ഹെന്റിയും ബോർഹെസും തമ്മിൽ അല്ലെങ്കിൽ നന്തനാരും വികെഎന്നും തമ്മിൽ കണ്ടുമുട്ടുന്നുവെങ്കിൽ, സുഹൃത്തേ നിനക്കും എനിക്കും തമ്മിൽ എന്ത് എന്നു ചോദിക്കാനല്ലേ സാധ്യതയുള്ളൂ. താൻ എഴുതുന്നതുപോലുള്ള കഥകൾ തന്നെ മറ്റൊരാൾ എഴുതിക്കാണാൻ ഒരെഴുത്തുകാരനും അഗ്രഹിക്കാനുമിടയില്ല. കാരണം ആ വിഷ്‌കാരത്തിലെ മൗലികതയാണ് കഥയ്ക്ക് കൂടുതൽ ആകർഷണീയത നൽകുന്നത്. അതുകൊണ്ട് നല്ല കഥകൾ ഓരോന്നും കഥയ്ക്ക് നൽകാൻ കഴിയുന്ന ഓരോരോ നിർവചനങ്ങൾ കൂടിയാണ്.
താങ്കൾ എന്തിനെഴുതുന്നു? (ഇതര
ചരാചരങ്ങളുടെ ചരിത്രപുസ്തകം
എന്ന കഥാസമാഹാരത്തിന്റെ ആമുഖ
ത്തിൽ താങ്കൾ അതിനെ കുറിച്ച് ഇ
ങ്ങനെ പറയുകയുണ്ടായി – വംശനാശങ്ങളെ തുടർന്നുണ്ടായ ഓർമ നാശങ്ങളെയെങ്കിലും ചെറുക്കാൻ എന്ന്) ഇതൊന്ന് വിശദീകരിക്കാമോ?
സാമ്പ്രദായിക ചരിത്രത്തിന് ബദലായി
വൈയക്തികമായ അനുഭവാവിഷ്‌കാരങ്ങളിലൂടെ നമ്മൾ ജീവിക്കുന്ന കാലത്തിന്റെ
കൂടുതൽ ജീവിതസ്പർശിയായ ചരിത്രമെഴുത്താണ് സാഹിത്യ രചനകളിലൂടെ സാധിക്കുന്നത്. വ്യക്തിപരമായി അത് സ്വന്തം ഓർമകളുടെയും സൂഷ്മാനുഭവങ്ങളുടെയും രേഖപ്പെടുത്തൽ
കൂടിയാണ്. ഒരു ഉദാഹരണത്തിലൂടെ ഇത് വ്യക്തമാക്കാം. ക്രിസ്മസ് മരത്തിന്റെ വേര് എന്ന കഥ എന്റെ കൗമാരകാല മനസിനെ
വീണ്ടെടുക്കാൻ കഴിയുന്ന ഒരു ഉപാധിയായിട്ടാണ് ഇന്ന് എന്നിൽ പ്രവർത്തിക്കുന്നത്. ആ കഥ എഴുതപ്പെടാതെ പോയിരുന്നെങ്കിൽ എന്റെ കൗമാര മനസിന്റെ സൂക്ഷ്മഭാവങ്ങളും അന്നനുഭവിച്ച വൈകാരിക സമസ്യകളും എന്നിൽനിന്നും ഇതിനകം നഷ്ടപ്പെട്ടുപോയേനെ. അങ്ങനെയൊരു എഴുതിവയ് ക്കലിനെ
എഴുത്തിന്റെ ഒരേയൊരു ലക്ഷ്യം എന്ന് വിശേഷിപ്പിക്കാൻ കഴിയില്ലെങ്കിലും ഏറ്റവും ശക്തമായ അന്തർചോദന അതാണെന്നുതന്നെ കരുതുന്നു. ഈ അർത്ഥത്തിലാണ് എഴുത്തിനെ മറവിക്കെതിരെയുള്ള പ്രതിരോധമെന്ന് ഞാൻ വിശേഷിപ്പിച്ചിട്ടുള്ളത്. ഓർമകളെ തലച്ചോറിന് പുറത്ത് രേഖപ്പെടുത്തി സൂക്ഷിക്കുവാൻ ഭാഷ എന്ന ഉപാധിയാണ് ഇതര ജന്തുക്കളെ ഇത്രയും പിന്നിലാക്കി വളരെയേറെ പരിണമിക്കാൻ മനുഷ്യനെ പ്രാപ്തനാക്കിയത് എന്ന കാൾസാഗന്റെ നിരീക്ഷണം എന്നെ വളരെ ആകർഷിച്ചിട്ടുള്ള ഒന്നാണ്. അങ്ങനെ നോ ക്കുമ്പോൾ മനുഷ്യൻ എന്ന് വിളിക്കപ്പെടാനുള്ള യോഗ്യത തേടലാണ് എഴുത്തിന്റെ ഉൾപ്രേരണ എന്നും തോന്നാറുണ്ട്.
കാട്, ആറ്, കായലുകൾ, നീരൊഴുക്ക്, നെൽവയലുകൾ, വൃക്ഷലതാദികൾ തുടങ്ങി പ്രകൃതിയോട് വല്ലാത്ത
അടുപ്പം പുലർത്തുന്ന മനസാണ് താങ്കളുടേത് എന്ന് താങ്കളുടെ മിക്ക കഥകളിലൂടെയും കടന്നു പോകുമ്പോൾ മനസിലാകുന്നു. താങ്കളെ കറകളഞ്ഞ ഒരു പ്രകൃതിസ്‌നേഹിയാക്കിയ പശ്ചാത്തലം എന്താണ്?
എന്നെ ജനിപ്പിച്ച ഭൂമിയോടും പ്രകൃതിയോടുമുള്ള അടുപ്പവും സ്‌നേഹവും ബാല്യകാലം മുതലേ എന്റെ ഉള്ളിലുള്ളതാണ്.
മാതൃസ്‌നേഹം പോലുള്ള വികാരം മാത്രമാണ് എനിക്കത്. ഒരുപക്ഷെ, ഒറ്റപ്പെടലിന്റെ അനുഭവങ്ങളിലൂടെ കൂടുതൽ
കടന്നുപോകുന്നതും ഏകാകിതയെ ഇഷ്ടപ്പെടുന്നതുമായ പ്രകൃതം
കൊച്ചുനാൾ മുതൽ എനിക്കുണ്ടായിരുന്നു. അത്തരം സാഹചര്യങ്ങളിൽ പ്രകൃതിയെ സൂക്ഷ്മമായി നിരീക്ഷിക്കുമായി
രുന്നു. മനുഷ്യനിൽ നിന്ന് ലഭ്യമല്ലാത്ത സാന്ത്വനം പ്രകൃതിയിൽ നിന്ന് കണ്ടെത്താൻ ശ്രമിക്കുന്ന ജീവിത ശൈലി എന്നിൽ
രൂപപ്പെട്ടത് അങ്ങനെയാണ്.
ഭൂമി, മനുഷ്യനു മാത്രമല്ല മറ്റു ജീവജാലങ്ങൾക്കു കൂടി ജീവിക്കാനുള്ളതാണ് എന്ന സത്യം താങ്കൾ ‘അന്തിക്രിസ്തുവിന് മുൻപ്’ പോലുള്ള കഥകളിലൂടെ
കൊണ്ടുവരുന്നുണ്ട്. പക്ഷെ, മനുഷ്യർ അത് മനസിലാക്കുന്നുണ്ടോ? നമ്മുടെ വികസന സങ്കല്പങ്ങൾക്ക് ഒരു പുനർചിന്തനം ആവശ്യമല്ലേ?
വികസനം എന്ന പദം കൊണ്ട് സാമാന്യാർത്ഥത്തിൽ വിവക്ഷിക്കുന്ന കാര്യം പരാമർശിക്കപ്പെടുമ്പോൾ ഈയിടെ
മനസിൽ വരാറുള്ളത് ‘വികസനം ഒരനിവാര്യതയാണ്, മരണം പോലെ’ എന്ന സരമാഗോയുടെ ഒരു വാചകമാണ്. ഈ
വാചകത്തിൽ ധ്വനിപ്പിക്കപ്പെട്ടിട്ടുള്ളതുപോലെ മനുഷ്യവംശത്തിന് ഒരു തിരിഞ്ഞുനടപ്പ് അസാധ്യമാകും വിധം അവന്റെ ജീവിതം പ്രകൃതിയിൽ നിന്ന് അകന്നു കഴിഞ്ഞു. സംഭവിച്ചു പോയ പ്രകൃതിനാശങ്ങൾക്ക് ഇനി ആകാവുന്നത്ര പരി
ഹാരക്രിയകൾ നടത്തുക എന്നൊരു പോംവഴിയേ അവശേഷിക്കുന്നുള്ളൂ. പക്ഷെ, അത്തരം നീക്കങ്ങൾക്ക് തിരിച്ചടി
നേരിടുന്നതരം രാഷ്ട്രീയചലനങ്ങളാണ് സമീപകാലത്ത് ഭൂമുഖത്താകെ കണ്ടുവരുന്നത്. ഇപ്പറഞ്ഞ പാരിസ്ഥിതിക
വിവേകവും പുനർചിന്തയും ആഗോളതലത്തിൽ രാഷ്്രടീയ അധികാരം കൈയാളുന്നവർക്കിടയിൽ ഉണ്ടായെങ്കിൽ മാത്രമേ
വീണ്ടെടുപ്പുകൾക്ക് വഴി തെളിയൂ. അത്തരം ഒരു രാഷ്ട്രീയ ധ്രുവീകരണത്തെ ലക്ഷ്യമാക്കിയാവണം നമ്മുടെ പരിസ്ഥി
തി പ്രസ്ഥാനങ്ങൾ പ്രവർത്തിക്കേണ്ടത് എന്നാണ് അഭിപ്രായം.
അനിയന്ത്രിതമായ മണ്ണെടുപ്പ്, വനനശീകരണം,
ജലമലിനീകരണം,
കൃഷി ഭൂമി ഇല്ലാതാക്കൽ പോലുള്ള ദുഷ്‌ക്രിയകൾ
നമ്മുടെ ആവാസവ്യവസ്ഥയിൽ
പ്രതികൂലമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നും മനുഷ്യൻ മഹാദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വരുമെന്നും ഒരു
പ്രവചനം പോലെ പറയുന്നുണ്ട്, താങ്കളുടെ ചരിത്രം വായിക്കുന്ന ഒരാൾ, അടിയന്തരാവസ്ഥയിലെ ആന
തുടങ്ങിയ കഥകൾ. പാരിസ്ഥിതിക പ്രശ്‌നങ്ങളൊക്കെ
സജീവമാകുന്നതിന് മുമ്പേ അതിലേക്ക് താങ്കളുടെ ചിന്തയെ നയിച്ച കാര്യം എന്തായിരിക്കും?
ആ കഥകളിൽ പറയുന്നതു പോലുള്ള പ്രകൃതി നാശങ്ങൾ ബാല്യം മുതൽ ഞാൻ കൺമുന്നിൽ കണ്ടുകൊണ്ടിരുന്നതുതന്നെയാണ്.
അത്തരം പരിണാമങ്ങൾ ഏറെക്കുറെ രേഖീയമായ രീതിയിൽതന്നെയാണ് പിന്നീട് സംഭവിച്ചു പോന്നത്. അതൊക്കെ എന്നെപോലെതന്നെ ഉൾക്കൊണ്ട അനേകർ നമ്മുടെ
സമൂഹത്തിലുണ്ട്. അവരുടെ അണിചേരലും പ്രതിരോധ പ്രവർത്തനങ്ങളുമൊക്കെ കഥയെഴുതുന്നത്ര എളുപ്പമുള്ള
കാര്യങ്ങളല്ല. അതുകൊണ്ടാണ് ആ വേദനകളിൽ നിന്ന് പ്രതിരോധ പ്രസ്ഥാനങ്ങൾ ഉയിരെടുക്കാൻ കുറേക്കൂടി വൈകിയത്.
മലയാള കഥാസാഹിത്യത്തിലെ ആധുനികതയ്‌ക്കൊപ്പം
എഴുതിത്തുടങ്ങുകയും വളരുകയും ചെയ്ത ആളാണ്
താങ്കൾ. എന്നാൽ ആധുനികരുടേതുപോലെ ആവേശ്വോജ്ജ്വലമായ ഭാഷയല്ല താങ്കളുടേത്. കഥ പറയാൻ താങ്കൾ കൈക്കൊണ്ട ഭാഷ, തണുത്തതും ഏറെക്കുറെ
നിർവികാരവുമാണ് (ക്രിസ്മസ് മരത്തിന്റെ വേര്, പക്ഷിക്കു
ഞ്ഞ് എന്നിങ്ങനെ ചില കഥകൾ മാറ്റി നിർത്തിയാൽ). അതേസമയം താങ്കൾ കഥകൾക്ക് സ്വീകരിച്ച പ്രമേയങ്ങളാകട്ടെ, ആധുനികരുടേതുപോലെ ഗഹനമാണുതാനും. സീരിയസായ വിഷയങ്ങളെ തണുപ്പൻ ഭാഷയിൽ അവതരിപ്പിക്കാൻ ശ്രമിച്ചതെന്തുകൊണ്ടാണ്? അത് തന്റെ കഥാവായനയെ പ്രതികൂലമായി
ബാധിച്ചേക്കുമെന്ന ഭയം ഉണ്ടായില്ലേ?
വികാരങ്ങളെ നമുക്ക് പൊട്ടിച്ചിരികളായോ ക്രോധമായോ ബഹിർഗമിപ്പിക്കാം. അല്ലെങ്കിൽ പുഞ്ചിരികളായി മിതപ്പെടുത്തുകയോ വ്യസനങ്ങളായി ഉള്ളിലൊതുക്കുകയോ ചെയ്യാം. രണ്ടാമത്തേതാണ് എന്നെപ്പോലെ അന്തർമുഖരായവരുടെ
മാർഗം. ഞാൻ എഴുതിയിട്ടുള്ള കഥകൾ ഏറെക്കുറെ എന്നെത്തന്നെ പറഞ്ഞു കേൾപ്പിക്കുന്ന കഥകളായാണ് ഉള്ളിൽ
രൂപപ്പെടാറുള്ളത്. വായനയിൽ തണുപ്പൻമട്ട് അനുഭവപ്പെടുന്നുണ്ടെങ്കിൽ അതൊക്കെയാവാം അതിന് കാരണം.
ഏതായാലും ആ രീതി ബോധപൂർവം സ്വീകരിച്ചതേയല്ല. കഥകളിലെ ഗഹനതയെ സംബന്ധിച്ചാകട്ടെ എനിക്കൊന്നും പറയാനില്ല. ഗഹനത എന്നത് വളരെ ആപേക്ഷികമായ ഒരനുഭവമായതിനാൽ വായനക്കാർക്കിടയിലും അക്കാര്യത്തിൽ പക്ഷാന്തരം കാണാനാണ് സാധ്യത.
എഴുത്തുകാരനെ തേടി അംഗീകാരങ്ങളുടെ പെരുമഴയാണ് പൊതുവെ മലയാളത്തിൽ. അയ്മനം ജോണിന്റെ കഥകൾക്ക് 2017-ലെ ഓടക്കുഴൽ അവാർഡ് കിട്ടിയിട്ടുണ്ട്. അതിലുപരിയായി ഏറെയൊന്നും അംഗീകാരങ്ങൾ താങ്കളെ തേടിവന്നിട്ടില്ല. ഇത് എന്തുകൊണ്ടായിരിക്കും?
മലയാളം അർഹിക്കുന്ന അംഗീകാരം നൽകി താങ്കളെ
ആദരിച്ചു എന്നു തോന്നുന്നുണ്ടോ?
ഇതര ജീവിത വ്യാപാരങ്ങളുമായി താരതമ്യം ചെയ്താൽ സാഹിത്യ രചനയ്ക്കായി ഞാൻ ചെലവഴിച്ചിട്ടുള്ള സമയം പരിമിതമാണ്. എഴുത്തിനോടുള്ള എന്റെ അർപ്പണബോധം ഞാൻ മുമ്പു പറഞ്ഞിട്ടുള്ളതു പോലെ വളരെ ഉദാസീനവുമാണ്. അതിനോടൊക്കെ തുലനം ചെയ്താൽ ലഭിച്ച അംഗീകാരംതന്നെ
അർഹിക്കുന്നതിലും അധികമായേ തോന്നിയിട്ടുള്ളൂ. ഇപ്പറഞ്ഞ ആദരവാകട്ടെ എനിക്കിഷ്ടമുള്ള കാര്യവുമല്ല. മാത്രമല്ല
അവാർഡുകളെയും അംഗീകാരങ്ങളെയും നമ്മുടെ സമൂഹം ഒരുതരം ഗൂഢമായ സംശയദൃഷ്ടിയോടെയാണല്ലൊ കാണാറുള്ളത്. അതിനൊന്നും വഴികൊടുക്കാതെ മനസമാധാനത്തോടെ ജീവിച്ചുപോകുന്നതാണ് എനിക്കിഷ്ടം.
ചെറിയ ഒരു കഥയ്ക്ക് പോലും നെടുങ്കൻ നിരൂപണം കൊണ്ട് നെറ്റിപ്പട്ടം ചാർത്തി നിരൂപകർ പ്രചാരം നൽകിയ ആധുനികതയുടെ കാലത്ത് താങ്കളുടെ കഥകൾ കാര്യമായി അവരുടെ ശ്രദ്ധയിൽ പെടാതെ പോയത് എന്തുകൊണ്ടായിരിക്കും എന്ന് ചിന്തിച്ചിട്ടുണ്ടോ? എം.കെ. ഹരികുമാറിന്റെ ‘ഭാഷയുടെ സ്വരം’, പിന്നീട് ജി. മധുസൂദനന്റെ ‘നവഭാവുകത്വത്തിന്റെ ദമിതാഗ്നി’ എന്നിവയൊഴിച്ചാൽ കാര്യമായ നിരൂപണങ്ങളൊന്നും താങ്കളുടെ കഥകളെകുറിച്ച് ഉണ്ടായിട്ടില്ല എന്ന തോന്നലിൽ
നിന്നാണ് ഈ ചോദ്യം?
ഏറെ വായിക്കപ്പെടുന്നവരായ മുഖ്യധാരയിലെ എഴുത്തുകാരുടെ കൃതികളിലായിരിക്കുമല്ലൊ പൊതുവായനക്കാർക്കും സാഹിത്യപ്രസിദ്ധീകരണങ്ങൾക്കും കൂടുതൽ താത്പര്യം ഉണ്ടാവുക. നിരൂപണവും ഈ പൊതുതാത്പര്യത്തെ പിന്തുടരാൻ നിർബന്ധിതമാകുന്നുണ്ടാകാം. വല്ലപ്പോഴും മാത്രം എഴുതുകയും
വായനക്കാരിലെ ന്യൂനപക്ഷത്താൽ മാത്രം വായിക്കപ്പെട്ടുപോരുകയും ചെയ്തിട്ടുള്ള എഴുത്തുകാരിൽ ഒരാളാണു ഞാനും. ആ നിലയ്ക്ക് നിരൂപകശ്രദ്ധ കുറഞ്ഞുപോയതുമാകാം. അല്ലെങ്കിൽ ഒരുപക്ഷെ, നേരത്തെ പറഞ്ഞ പോലെ എന്റെ കഥകളിലെ തണുപ്പൻമട്ട് അവരെ
പ്രചോദിപ്പിക്കാൻ പര്യാപ്തമാകാതെ പോയതുമാകാം. അതൊന്നുമല്ലെങ്കിൽ ആധുനികതയുടെ കാലത്തെ പ്രാമാണികരായ നിരൂപകരും മുൻനിര പ്രസിദ്ധീകരണങ്ങളും എന്റെ കഥകളെ നിരൂപണയോഗ്യമായി കണ്ടുകാണില്ല എന്നും വരാം. എം.കെ. ഹരികുമാർതന്നെ ഇപ്പറഞ്ഞ പഠനത്തിൽ എന്റെ കഥകളെ നന്നായി വിലയിരുത്തിയെങ്കിലും പിന്നീട് അതിനെയൊക്കെ ഉപന്യാസ സമാനമായ ആഖ്യാനങ്ങളായി അവമതിക്കുകയുമുണ്ടായി. അതേസമയം പുതുതലമുറ
നിരൂപകരിൽ ശ്രദ്ധയരായ പലരും എന്റെ കഥകളെ കുറിച്ച് മികച്ച ആസ്വാദനക്കുറിപ്പുകൾ എഴുതിയിട്ടുമുണ്ട്.
നിരൂപകർ/വിമർശകർ കഥയ്ക്കും, കഥാകാരനും വായനക്കാരനും ശരിയായ ദിശാബോധം നൽകുന്നതിൽ മുഖ്യ പങ്കു വഹിക്കുന്നുണ്ട് എന്നു കരുതുന്നുണ്ടോ?
വായക്കാരുടെ ഭാവുകത്വത്തെയും ഉൾക്കാഴ് ചയെയും രൂപപ്പെടുത്തുന്നതിൽ നല്ല നിരൂപണത്തിന് സൃഷ്ടിപരമായ
പങ്കുണ്ട്. സാഹിത്യനിരൂപണം ക്ഷയിച്ചുപോയ ഇന്നത്തെ അവസ്ഥയിൽ നമ്മുടെ വായനാസമൂഹത്തിന്റെ ഭാവുകത്വത്തിൽ വലിയ ചിതറൽ സംഭവിച്ചിട്ടുമുണ്ട്.
സൃഷ്ടിപരമായ നിരൂപണയത്‌നങ്ങളുടെ അഭാവത്താൽ എഴുത്തുകാർക്ക് തങ്ങളെ തന്നെ കൃത്യമായി മനസിലാക്കാനുള്ള മുഖ്യ ഉപാധി നഷ്ടപ്പെട്ടുപോയിട്ടുള്ളതായും തോന്നുന്നുണ്ട്. ആധുനികതയുടെ കാലത്തെ കഥകളിൽ നമ്മൾ വായിച്ചിട്ടുള്ളതു പോലെ ‘ഞാനാരാണ് നാണ്വായരെ?’ എന്നതുപോലുള്ള ഒരു ചോദ്യം ഏതൊരു എഴുത്തുകാരനും ഉളളിൽ പേറുന്നതാണ്. അതിന് ഉചിതമായ മറുപടി നൽകാൻ ത്രാണിയുള്ള വായനക്കാരെയാണല്ലൊ നമ്മൾ നിരൂപകർ എന്നു വിളിക്കുന്നത്. അതിനാൽ എഴുത്തുകാരെ നവീകരിക്കുന്നതിലും അഭിരുചി രൂപപ്പെടുത്തുന്നതിലും നിരൂപണത്തിന് വലിയ പങ്കുണ്ട്.
ആവിഷ്‌കാര സ്വാതന്ത്ര്യത്തിന്
മേൽ അനിയന്ത്രിതമായ കൂച്ചുവില
ങ്ങുകൾ ദൃഢമാകുന്നുണ്ട്, വർത്തമാന
കാലത്ത്. ഈ പ്രവണത എഴുത്തിനെ പ്രതികൂലമായി ബാധിക്കില്ലേ? അങ്ങനെ വരുമ്പോൾ അത് മനുഷ്യ ജീവിതത്തിന്റെ സമസ്ത മേഖലകളിലും പ്രശ്‌നങ്ങൾ സൃഷ്ടിക്കില്ലേ?
സാഹിത്യത്തിന്റെ ആകമാനമുള്ള
പ്രതികരണ ശേഷിയെ ഇപ്പറഞ്ഞ അടിച്ചമർത്തൽ കൊണ്ടൊന്നും ഇല്ലാതാക്കാൻ കഴിയില്ല എന്നതിന് ലോക സാഹിത്യചരിത്രത്തിൽ
ഉദാഹരണങ്ങൾ ധാരാളമുണ്ട്. വലിയ സ്വാതന്ത്ര്യത്തിന്റെ
അന്തരീക്ഷം നിലനിൽക്കുന്ന അമേരിക്കൻ സാഹിത്യത്തേക്കാൾ എത്രയോ മികച്ചതാണ് വലിയ അസ്വാതന്ത്ര്യം അനുഭവിക്കുന്ന
ലാറ്റനമേരിക്കയിൽ നിന്നുള്ള സാഹിത്യം. എഴുത്തിനും പ്രസിദ്ധീകരണത്തിനുമൊക്കെ താത്കാലിക തടസ്സങ്ങൾ ഉണ്ടാക്കാമെന്നല്ലാതെ അടിച്ചമർത്തലുകൾ കൊണ്ട് ആവിഷ്‌കാരത്തെ എന്നന്നേക്കുമായി അമർച്ചചെയ്യാൻ കഴിയുമെന്ന് കരുതുന്നത് മൗഢ്യമാണ്. ചരിത്രബോധവും ദീർഘവീക്ഷണവും ഇല്ലാത്തവരേ അതിന് മുതിരുകയുള്ളൂ. അത്തരക്കാർ പിൽക്കാലത്ത് സാഹിത്യത്തിലും അതുവഴി ചരിത്രത്തിലും അപഹാസ്യരായിട്ടുമുണ്ട്.
പുതിയ കഥയെഴുത്തുകാരെ ശ്രദ്ധിക്കാറുണ്ടോ? എസ്. ഹരീഷ്, വിനോയ് തോമസ്, യമ, ഇന്ദുഗോപൻ, ഉണ്ണി ആർ., ഫ്രാൻസിസ് നൊറോണ…എന്താണ് അവരെ കുറിച്ച് താങ്കളുടെ കണ്ടെത്തലുകൾ? അവർ കഥകളിൽ
കൊണ്ടുവരുന്ന പുതിയ പ്രവണതകളെ തലമുതിർന്ന ഒരു കഥാകാരൻ എന്നനിലയിൽ താങ്കൾ എങ്ങനെ വിലയിരുത്തുന്നു?
ഇവരെല്ലാവരും, പിന്നെ പ്രമോദ് രാമൻ,
ദേവദാസ് വി.എം., കെ.വി. പ്രവീൺ
അങ്ങനെ കുറച്ചു പേരും എനിക്ക് ഏറെ ഇഷ്ടപ്പെട്ട പുതുമുറക്കാരിൽ പ്രധാനികളാണ്. പ്രമോദ് രാമൻ, യമ, പ്രവീൺ…..ഇവരൊഴികെയുള്ളവരുമായി
വ്യക്തിബന്ധവുമുണ്ട്. എഴുതിത്തുടങ്ങിയിട്ട് ഏറെക്കാലമായിട്ടും ഇന്ദുഗോപനെ പുതുമുറക്കാരനായിക്കണ്ടത് അടുത്ത കാലത്ത് എഴുതിയ കൂടുതൽ ശ്രദ്ധേയമായ കഥകളുടെ പേരിലാണെന്ന് കരുതട്ടെ. ഇന്ദുഗോപന്റെ ഏറ്റവും പുതിയ കഥ (പടിഞ്ഞാറേക്കൊല്ലം ……) വളരെ നല്ല വായനാനുഭവം ആയിരുന്നു. ഹരീഷിന്റെയും ഉണ്ണിയുടെയും വിനോയിയുടെയും ഏതാണ്ടെല്ലാ കഥകളും വായിച്ചിട്ടുണ്ട്.
ഒട്ടുമിക്ക കഥകളും ഇഷ്ടപ്പെട്ടവയുമാണ്.
നൊറോണയെയും യമയെയും അടുത്ത കാലത്ത് എഴുതിയ കഥകളിലൂടെയേ
അറിയാവൂ. ഇരുവരുടെയും വായിച്ച
കഥകൾ മികച്ചവയായി അനുഭവപ്പെട്ടു.
എന്റെയുള്ളിൽ എഴുത്തുകാരെപ്പറ്റിയുള്ള അഭിപ്രായം രൂപീകരിക്കപ്പെടുന്നത് അവർ ഭാഷാപ്രയോഗത്തിലും പ്രമേയപരിചരണത്തിലുമൊക്കെ
പ്രദർശിപ്പിക്കുന്ന മൗലികതയെയും നവീനതയെയുമൊക്കെ
അടിസ്ഥാനമാക്കിയാണ്. സംഘമായിക്കാണുമ്പോൾ ആധുനികതയ്ക്ക് ശേഷം കഥയെ കൂടുതൽ മൗലികമായ മാറ്റങ്ങൾക്ക് വിധേയമാക്കാൻ ആധുനികാനന്തര തലമുറക്കാരെക്കാൾ ഇപ്പറഞ്ഞ പുതുമുറ കഥാകാരമാർക്ക്
കഴിയുന്നുണ്ടെന്നാണ് എന്റ വിലയിരുത്തൽ. തലമുറ തിരിച്ചുള്ള താരതമ്യവിചാരങ്ങൾക്ക് മുതിർന്നാൽ മറ്റൊരുകാലത്തെ കഥാസങ്കല്പത്തെ സ്‌നേഹിച്ചു പോന്ന എനിക്ക് ഗുണദോഷങ്ങൾ പലതും പറയാനുണ്ടായെന്ന് വരാം. പക്ഷെ മൗലികതയും നവീനതയും മുഖ്യപരിഗണനകളാകുമ്പോൾ അങ്ങനെയൊരു
വിശകലനത്തിന് പ്രസക്തിയുള്ളതായി
തോന്നുന്നില്ല. കാരണം അത്തരം ഏറ്റക്കുറച്ചിലുകളും
വ്യത്യസ്തതകളും ഉള്ളതുകൊണ്ടുകൂടിയാണ് ഇപ്പറഞ്ഞ നവീനതയും മൗലികതയും അനുഭവവേദ്യമാകുന്നത് എന്നതുതന്നെ.