വൈയക്തികാകാനുഭൂതികളെ ആരവങ്ങളുടെ അകമ്പടിയില്ലാതെ ബിംബാത്മകമായി ആഡംബരരഹിത ഭാഷയിൽ ആവിഷ്കരിക്കുന്ന കവിയാണ് ദേശമംഗലം രാമകൃഷ്ണൻ. നമുക്ക് ചുറ്റും പതിവു കാഴ്ചകളായി നിറയുന്ന ജീവിതങ്ങളെയും, നെഞ്ചോടു ചേർത്തു പിടിക്കുന്ന മുറിവേറ്റ സങ്കടങ്ങളെയും വികാരങ്ങളെയും അക്ഷരങ്ങളിൽ സന്നിവേശിപ്പിച്ച് കണ്ണീരും രക്തവും പുരണ്ട ഓർമകളുടെ തൂവലുകൾക്ക് നനവാർന്ന പച്ചിലയിൽ ആഴമാർന്ന കവിതകൾ തീർക്കുന്നു. കാവ്യാനുഭവത്തിന്റെ മിന്നലൊളികൾ നിസ്സഹായതയുടെ കനവുകളിൽ കനൽ വാരിയെറിയുന്നു. കിനാവുകൾ നോവുന്ന ഇന്നിന്റെ വർത്തമാനത്തിൽ ഓരോ വാക്കും തീവിഴുങ്ങിപ്പക്ഷിയാവുന്നു. ഇരുളൊച്ചകളുടെ നോവനുഭവിക്കുന്ന ബഹുസ്വരമായ ജീവിതത്തിൽ നിഷേധവും ക്രോധവും വിഷാദവും വേഷപ്പകർച്ചകളുടെ പ്രത്യയശാസ്ത്രം രചിക്കുന്നു. തീക്ഷ്ണമായ ചിന്തകളും ശക്തമായ വാക്കുകളും ആർദ്രമായ ഓർമകളെ പുനരാവിഷ്കരിക്കുന്നു.
‘എന്റെ ജീവിതത്തിന്റെ ചില ഘട്ടങ്ങളിൽ ഒരു നിമിഷമെങ്കിലും ആയുസ് നീട്ടിത്തരുന്നത് എന്റെ കവിതയാണ്. ഞാൻ കവിത എഴുതുകയാണെങ്കിൽ അതിന് ജീവിച്ചുവെന്നർത്ഥം എന്ന കവിയുടെ വാക്കുകൾ തന്നെ കവിതയും കവിയുമായുള്ള ആത്മബന്ധത്തിന്റെ സാക്ഷ്യപ്പെടുത്തലാണ്’. വാക്കുകൾക്ക് പുറകിലല്ല തീ, വാക്ക് തന്നെയാണ് കവിയെ സംബന്ധിച്ചിടത്തോളം തീ.
വാക്ക് വാക്കായി നിൽക്കുന്നില്ല. അസംതൃപ്തിയാണ് വാക്ക്. കാലത്താൽ കവിത രൂപപ്പെടുത്തുകയും സ്വയം തിരിച്ചറിവുണ്ടാക്കുകയും ചെയ്യുമ്പോഴാണ് ഒരാൾ കവിയായി മാറുന്നത്. അവനവന്റെ കവിതയിൽക്കൂടി അവനവനെത്തന്നെ തിരിച്ചറിയുന്നു. നീതിനിഷേധത്തിന്റെ വേദന കൊണ്ടാണ് കവികൾ എഴുതുന്നത്.
കവിക്ക് വിധേയത്വം മനുഷ്യത്വത്തോട് മാത്രമാണ്.
‘ഇവിടെ ഒരു വാക്കും സാന്ത്വനമാവില്ല’ എന്ന കവിതാസമാഹാരം ഇന്നലത്തെ കിനാവിന്റെ കയ്പിൽ പഞ്ചാര തേടി വരുന്ന ഉയർന്ന കാലബോധമുള്ള കവിതകളാണ്. ‘സ്വന്തം ചിറകും പറിച്ചു നൽകാൻ മടിക്കില്ല ചില പൂമ്പാറ്റകളെന്ന് നിനക്കുകയാണ് ഞാൻ’ എന്ന് കവി തന്നെ പറയുന്നു. മണ്ണോളം എത്തുന്ന ബോധത്തിന്റെ വേരുകളാലും ദ്രാവിഡ ശീലത്തിന്റെ ഭാവനാ വ്യവഹാരങ്ങളാലും ശാരദാകാശ കാലങ്ങ് നിൽക്കുന്ന ഒറ്റ നക്ഷത്രം പോലെയും വെയിൽ പൊട്ടും സങ്കല്പകാന്തിയുടെ മൃദുലത കുടഞ്ഞെറിഞ്ഞ് ഉഷ്ണ വേനലിൽ പീലി നിവർത്തി ആടുകയാണ് കവിയുടെ കവിതകളെന്ന് പിന്നുരയിൽ മുഞ്ഞിനാട് പത്മകുമാർ അഭിപ്രായപ്പെടുന്നു. പുനർജനി നൂണു വന്ന സംക്രമണ ഋതുവാണ് തന്റെ ആയൂർരേഖയിൽ ദേശമംഗലത്തിന്റെ കവിതകൾ. കവിത ആത്മ പ്രകാശത്തിന്റെ പ്രതീകമായിരുന്നില്ല പകരം നൂതനമായൊരു സംവേദന സാധ്യതയിലേക്ക് ആസ്വാദകരെ ക്ഷണിക്കുന്നു. സ്വപ്നസന്നിഭമായ ഭാഷയാലും പ്രമേയത്തിന്റെ ഗൗരവത്താലും അന്യവത്കരണത്തിലൂടെ ആത്മ പ്രകൃതിയിൽ നിന്നും അനുഭൂതിയിൽ നിന്നും പുതിയൊരു ജനാധിപത്യക്രമം സൃഷ്ടിക്കുന്നു.
നാൾവഴികളിൽ നിഴലുകളായി മാറിയ ജീവിതങ്ങളെ പുനർനിർവചിക്കുകയാണ് കേരളകവിത, വിനയചന്ദ്രസ്മരണ, ജയശ്രീക്ക് ഒരു കവിത, ഓർമയിലെ വൻമരങ്ങളും ഭാമയും തുടങ്ങിയ കവിതകൾ.
പുസ്തകം തൊട്ടപ്പോൾ
ഞാൻ നിന്നെ തൊട്ടു
ഓരോ ഏടിലും നീ ഉണ്ടായിരുന്നു.
ഞാനെന്റെ വിശപ്പ് മറന്നു
(പുസ്തകം)
വെയിൽ മണം പോലെ അന്തരീഷങ്ങളിൽ നിന്ന് ഉറഞ്ഞു കൂടുന്ന ആനന്ദലഹരിയായി കവിത മാറുന്നു. അനുഭവത്തിന്റെ ആന്തരിക ഭാവങ്ങളെ പ്രാക്തന സ്മൃതികളോട് ചേർത്തു നിറുത്തുകയും ശുദ്ധബോധത്തിന്റെ മൗനത്തിലേക്ക് കവിതയെ ആനയിക്കുകയും ചെയ്യുകയാണ് മൂന്നു മന്ത്രങ്ങൾ, അച്ഛന്റെ ഒരു ദിവസം, എങ്കിലോ, ഭൂതാവിഷ്ടർ മുതലായ കവിതകൾ.
അമ്മേ ഭീരു ഞാൻ പിന്നിലായിരുന്നു
മുന്നിൽ നിന്നോർ പിന്നിലായപ്പോൾ
പിന്നെ ഞാനല്ലേ മുന്നിലാവൂ
(ഒരു വിഗ്രഹഭഞ്ജകന്റെ ഓർമയ്ക്ക്)
ഏതു വാക്കാണ് വാ തുറന്നാൽ വിഴുങ്ങുന്നതെന്നറിയാതെ, മൂക്ക് തുറക്കാതെ കാതടച്ച് കണ്ണ് തുറന്നാൽ എന്തിനാണ് സാക്ഷിയാവേണ്ടതെന്നറിയാതെ കണ്ണടച്ച്, കൈകൾ കൂട്ടിക്കെട്ടിയ ജീവിതം (ഇതെന്തൊരു ജീവിതം) അറിയാതെയറിയാതെ ഇരുശരീരികൾ ഇരുവഴിയിലലന്നൊടുവിൽ ഒരേ വഴിയിൽ പകച്ചു നിൽക്കുന്നു (നന്ദി) പടക്കുതിരയാവാൻ കഴിഞ്ഞില്ലെങ്കിലും ഒരു പച്ചക്കുതിരയാവാൻ മോഹിക്കുന്ന കവിമനസ് (ഹരിതനാരായണൻ) തിരിച്ചറിവുകൾ നിർവചിക്കാനാവാതെ പോകുന്ന കാഴ്ചകളെ അടയാളപ്പെടുന്ന എന്റെ ചുവരുകൾ സായന്തനം, അല്ലെങ്കിൽ മുതലായ കവിതകൾ. കാലം കവിതയായും കവിത കാലമായും മാറുന്നു. പുതിയ തിരിച്ചറിവുകൾ പുത്തൻ കാഴ്ചകളെ പുനരാവിഷ്കരിക്കുന്നു.
സംഘത്തിൻ സമരണിരക്കോളിൽ
പൊള്ളുമ്പൊഴും
ജാഥയിൽ
മുഷ്ടി ചുരുട്ടുമ്പൊഴും
നിന്നുള്ളിൽ
നീ ഒറ്റയ്ക്കല്ലോ
അതേ നിൻബലം
കഥയിൽ, ജീവിതത്തിലും!
എന്ന് കവി ജീവിതത്തെയും കവിതയെയും അടയാളപ്പെടുത്തുന്നു.
വാക്കുകൾക്ക് വാങ്മയസൂചിയുടെ മൂർച്ചയും തിളക്കവും നൽകി പുത്തൻ കാഴ്ചകളെയും പൊള്ളുന്ന ജീവിത പ്രത്യയ ശാസ്ത്രങ്ങളെയും തനിമയോടെആവിഷ്കരിക്കുയാണ് ദേശമംഗലം ഇവിടെ ഒരു വാക്കും സാന്ത്വനമാവില്ല എന്ന കവിതാ സമാഹാരത്തിൽ. സങ്കീർണമായ ബോധതലങ്ങളിൽ ഇന്നലെകളിലെ സത്യവും ഇന്നിന്റെ യാഥാർത്ഥ്യവും ശ്ലഥബിംബങ്ങളായി ആത്മനിവേദനമായി മാറുന്ന സ്വയം നിശ്ചലനായി നിന്നു കൊണ്ട് എല്ലാത്തിനെയും ചലിപ്പിക്കുന്ന കാവ്യാനുഭവമാണ് അക്ഷരാർത്ഥത്തിൽ ഓരോ കവിതയും പകർന്നു നൽകുന്നത്.