നമ്മുടെ സംസ്ഥാനത്ത് ബ്രാഹ്മണ്യവൽക്കരണം ശക്തിപ്രാപിക്കുന്ന കാഴ്ചയാണിപ്പോഴുള്ളത്. മർദ്ദിത ജാതിക്കാർ സ്ഥാപിച്ച ക്ഷേത്രങ്ങളിൽ അവർ തന്നെ പൂജ നടത്തിയിരുന്ന സ്ഥാനത്ത് നമ്പൂതിരിമാർ ശാന്തിക്കായി വന്നത് കാണാം. ഇത് കേരളത്തിലെ രാഷ്ട്രീയാന്തരീക്ഷത്തിന് മാറ്റം വരുത്തിയിട്ടുണ്ട്. ബി ജെ പി-യുടെ വളർച്ച കാണിക്കുന്നത് മറ്റൊന്നുമല്ല. 2019-ൽ 6 നിയോജക മണ്ഡലങ്ങളിൽ ഇടതു മുന്നണി ബി ജെ പിക്ക് പുറകിലായി. ഈ തിരഞ്ഞെടുപ്പിലാകട്ടെ 11 മണ്ഡലങ്ങളിലാണ് ഇടതുപക്ഷത്തേക്കാൾ ബി ജെ പി മുന്നേറി നിൽക്കുന്നത്. ഇതിന് ഉത്തരം ആര് പറയും? ആശയശാസ്ത്രം നോക്കിയല്ല ആർക്കു വോട്ട് ചെയ്യണം എന്ന് ഇപ്പോൾ തീരുമാനിക്കുന്നത് . വർഷങ്ങളോളം കേരളത്തിന് വെളിയിൽ ഒളിവ് ജീവിതം നയിച്ചശേഷം തിരിച്ചെത്തിയ മുരളി കോണത്ത് പറഞ്ഞു (മുരളി കണ്ണമ്പള്ളി എന്ന നാമം മാധ്യമ സൃഷ്ടിയാണെന്നും അദ്ദേഹം വ്യക്തമാക്കി)..

കഴിഞ്ഞയാഴ്ച അവിചാരിതമായാണ് മുംബയിൽ പനവേൽ റെയിൽവെ സ്റ്റേഷനിൽവെച്ച് മുരളിയെ കണ്ടുമുട്ടിയത്. പ്രായം എഴുപതായെങ്കിലും യാത്രകൾക്ക് മുടക്കം വരുത്താതെ വിപ്ലവത്തിന്റെ ഊർജം ഇപ്പോഴും കൊണ്ടുനടക്കുന്ന അദ്ദേഹം മുംബയിൽ നിന്നും എറണാകുളത്തേക്കുള്ള യാത്രയിലായിരുന്നു. “മൂന്നു മാസം കൂടുമ്പോൾ ഇവിടെ കാലാചൗക്കി പൊലീസ് സ്റ്റേഷനിൽ ഒപ്പിടാനെത്തണം, അതിനാണ് യാത്ര.’
സ്ത്രീകളുടെ, പ്രത്യേകിച്ചും അധ്വാനിക്കുന്ന ജനവിഭാഗത്തിലെ സ്ത്രീകളുടെ സ്ഥാനം ഇപ്പോൾ സമൂഹത്തിൽ വളരെ കുറഞ്ഞു വന്നിട്ടുണ്ട്. പണ്ടൊക്കെ ദളിത് കോളനികളിലും മറ്റുമുള്ള സ്ത്രീകൾക്ക് കൂടുതൽ സ്ഥാനം ഉണ്ടായിരുന്നു. അവർ ജോലിക്ക് പോകുന്ന ഒരവസ്ഥയുണ്ടായിരുന്നു. ഇന്നത് മാറി വരികയാണ്. “ഞാൻ ജോലിക്ക് പോകുന്നുണ്ടല്ലോ, നീ വീട്ടിൽ ഇരുന്നാൽ മതി” എന്ന ഒരു തോന്നൽ അവരിലെ പുരുഷന്മാർക്കിടയിലും ഉണ്ടായിട്ടുണ്ട്.
40 വർഷത്തിലധികം ഞാൻ ഒളിവിലായിരുന്നു എന്ന വർത്തമാനങ്ങൾ ശരിയല്ല, മുരളി പറഞ്ഞു. 1980-83 ൽ കൊമ്റേഡിന്റെ (Comrade) ചുമതലയുണ്ടായിരുന്നു. പിന്നീട് ഡൽഹിയിൽ മാസ്സ് ലൈനിൽ പ്രവർത്തിച്ചു. 1996 മുതൽ 2015-വരെയാണ് ശരിക്കും ഒളിവിൽ താമസിച്ചത്.

ഉത്തരേന്ത്യൻ ഭയ്യമാർ, പ്രത്യേകിച്ചും യു പി ക്കാർ വെറും മണ്ടന്മാരാണെന്ന ഒരു സാധാരണ മലയാളി മനോഭാവത്തെ അട്ടിമറിക്കുന്ന കാഴ്ചയാണ് ഇപ്രാവശ്യത്തെ ലോക് സഭ തിരഞ്ഞെടുപ്പിൽ കാണാനായത്, അദ്ദേഹം ചൂണ്ടിക്കാട്ടി. യോഗി ആദിത്യനാഥ് ഭരണചക്രം തിരിക്കുന്ന യു പി-യിൽ ഭരണപക്ഷത്തെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യ മുന്നണി 43 സീറ്റുകൾ കരസ്ഥമാക്കിയതാണ് കേന്ദ്രത്തിൽ ബി ജെ പി-ക്ക് ഏകപക്ഷീയമായ ഭൂരിപക്ഷം ലഭിക്കുന്നതിന് തടസ്സമായത്. നരേന്ദ്രമോദി മൂന്നാമതും പ്രധാനമന്ത്രിയായെങ്കിലും ഒരു കൂട്ട് മന്ത്രിസഭക്ക് അത് വഴിവെച്ചു, മുരളി പറഞ്ഞു.
തെരഞ്ഞെടുപ്പ് ഫലങ്ങൾക്ക് മുൻപുള്ള പ്രവചനങ്ങളെയും മുരളി പുച്ഛിച്ചു തള്ളി. 80 കോടിയോളം ജനങ്ങൾ വോട്ട് ചെയ്യുമ്പോൾ അവിടെയും ഇവിടെയും രണ്ടോ നാലോ ആയിരം ജനങ്ങളെ മുൻനിർത്തി നടത്തുന്ന പ്രവചനങ്ങൾ വെറും അപഹാസ്യമാണ്. ചില മാധ്യമങ്ങളുടെ സൃഷ്ടിയാണത്. പരസ്യത്തിനുള്ള ഒരു വഴി മാത്രം.
ഏകദേശം രണ്ട് പതിറ്റാണ്ടിലധികം ഒളിവ് ജീവിതം നയിച്ച് ഒടുവിൽ മഹാരാഷ്ട്ര പൊലീസിന്റെ പിടിയിലായ മുരളി നാലു വർഷമാണ് പൂന യെര്‍വഡ ജയിലിൽ തടവിൽ കഴിഞ്ഞത്. രാജ്യദ്രോഹക്കുറ്റം ചുമത്തി 2015 ലാണ് ഹൈദ്രബാദ് ആസ്ഥാനമായുള്ള ‘ഒക്ടോപസ്’ ഓർഗനൈസേഷൻ ഫോർ കൗണ്ടർ ടെററിസ്റ്റ് ഓപ്പറേഷൻസ് (OCTOPUS) എന്ന ഭീകര വിരുദ്ധ സ്ക്വാഡ് ഇദ്ദേഹത്തെ അറസ്റ്റ് ചെയ്ത് മഹാരാഷ്ട്ര പൊലീസിന് കൈമാറുന്നത്. ജയില്‍ ജീവിതത്തിനിടയില്‍ രോഗം മൂര്‍ച്ഛിച്ച് ഗുരുതരാവസ്ഥയില്‍ രണ്ടു തവണ ആശുപത്രി വാസം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. മുരളിക്ക് മതിയായ ചികിത്സ ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് അന്താരാഷ്ട്ര രംഗത്തെ ചിന്തകരായ ഗായത്രി ചക്രവര്‍ത്തി സ്പിവാക്, നോം ചോംസ്കി, പാര്‍ഥ ചാറ്റര്‍ജി, ജൂഡിത്ത് ബട്ട്ലര്‍ തുടങ്ങി നിരവധി പ്രമുഖരും കൗണ്‍സില്‍ ഫോര്‍ അഡ്വാന്‍സ്മെന്റ് ആന്‍ഡ് പ്രൊട്ടകഷന്‍ ഓഫ് കോണ്‍സ്റ്റിറ്റിയൂഷണല്‍ റൈറ്റ്സ് ഇന്‍ ഇന്ത്യ എന്ന സംഘടനയും രംഗത്തെത്തിയിരുന്നു. ജയിലില്‍ വിചാരണത്തടവുകാരനായി കഴിഞ്ഞിരുന്ന മുരളിക്ക് പിന്തുണയുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നില്‍ പ്രതിഷേധ പ്രകടനങ്ങൾ നടന്നു. ഒടുവിൽ അഞ്ച് വർഷം മുമ്പ് ജാമ്യത്തിലിറങ്ങി.

എറണാകുളം ഇരുമ്പനത്ത് കോണത്ത് കുടുംബാംഗമായ മുരളി റെവല്യൂഷണറി ഇന്റര്‍നാഷണലിസ്റ്റ് മൂവ്മെന്റിന്റെ മുഖപത്രമായ ‘എ വേള്‍ഡ് ടു വിന്’ എന്ന പ്രസിദ്ധീകരണത്തിലും പ്രവർത്തിച്ചിട്ടുണ്ട്. അജിത് എന്ന പേരില്‍ നിരവധി ലേഖനങ്ങള്‍ എഴുതിയിയിട്ടുള്ള അദ്ദേഹം കേരളത്തിന്റെ കാര്‍ഷികമേഖലയെ പഠനവിധേയമാക്കിയ ‘ഭൂമി ജാതി ബന്ധനം’ എന്നതുള്‍പ്പടെ നിരവധി പുസ്തകങ്ങൾ രചിച്ചിട്ടുണ്ട്. മുരളിയുടെ പിതാവ് കെ എം കണ്ണമ്പള്ളി ചൈന, റുമേനിയ, ഡെൻമാർക്ക് തുടങ്ങി വിവിധ രാജ്യങ്ങളില്‍ കോണ്‍സിലര്‍, അംബാസിഡര്‍ പദവിയിലിരുന്നിട്ടുണ്ട്. കൂടാതെ ഐ.എന്‍.എയിൽ സുഭാഷ് ചന്ദ്രബോസിന്റെ പൊളിറ്റിക്കല്‍ സെക്രട്ടറിയായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സഹോദരനായ വിജയൻ കണ്ണമ്പള്ളി 1980-കളിൽ ഫ്രീ പ്രസ് ജേർണലിന്റെ പത്രാധിപരായിരുന്നു.
1970 മുതല്‍ മുരളി സി.പി.ഐ.എം.എല്‍ പ്രസ്ഥാനത്തില്‍ സജീവമായി. “20വയസ്സുവരെ എന്നെ രാഷ്ട്രീയം ഒട്ടും ആവേശിച്ചിരുന്നില്ല. എഞ്ചിനീറിങ് പഠിത്തത്തോടുള്ള മടുപ്പാണ് തന്നെ രാഷ്ട്രീയത്തിലേക്ക് ആകര്‍ഷിച്ച പ്രധാന ഘടകമെന്ന്” മുരളി പറയുന്നു. അടിയന്തരാവസ്ഥ കാലത്ത് കൊലചെയ്യപ്പെട്ട രാജന്റെ അടുത്ത സുഹൃത്തായിരുന്ന അദ്ദേഹം കോഴിക്കോട് റീജിയണല്‍ എന്‍ജിനീയറിങ് കോളജ് (ആര്.ഇ.സി) വിദ്യാര്‍ഥിയായിരുന്ന കാലത്താണ് പഠനം പൂര്‍ത്തിയാക്കാതെ നാട് വിട്ടത്. ആര്.ഇ.സിയിലെ വിദ്യാര്‍ഥി ഗ്രൂപ്പിലെ അംഗമായിരുന്നു ഈച്ചരവാര്യരുടെ മകന് രാജന്. കോളേജിന് പുറത്ത് നാട്ടുകാരുമായി നല്ല ബന്ധം ഉണ്ടായിരുന്നത് അന്ന് രാജനാണ്.
1976-ലെ കായണ്ണ പോലീസ് സ്റ്റേഷന് ആക്രമണ കേസില്‍ മുരളിക്ക് പങ്കുണ്ടെന്ന ധാരണയിൽ 1978-വരെ കേരള പൊലീസ് അദ്ദേഹത്തെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിൽ തടങ്കലിലാക്കി; ഒടുവിൽ കേസ് തള്ളിപ്പോവുകയായിരുന്നു.
1980കളില്‍ നക്സല്‍ പ്രസ്ഥാനം പിളര്‍ന്നപ്പോള്‍ കെ. വേണു വിഭാഗത്തിനൊപ്പം നിന്നു. വേണു പാര്‍ട്ടി പിരിച്ചുവിട്ടപ്പോള്‍ കേരള കമ്മ്യൂണിസ്റ്റ് പാര്‍ട്ടി രൂപീകരണത്തിൽ പങ്കാളിയായി. പിന്നീട് മാവോയിസ്റ്റ് യൂണിറ്റി സെന്ററിൽ പ്രവർത്തിച്ചു.

ജാമ്യത്തിൽ ഇറങ്ങിയശേഷം പുസ്തകരചനയിലേർപ്പെട്ടിരിക്കയാണ് മുരളി. ജയിലിൽ വെച്ചെഴുതിയ ‘പരികല്പനകളും രീതിശാസ്ത്രവും’, ‘ബ്രാഹ്മണ്യ വിമർശം’ എന്നീ പുസ്തകങ്ങൾ 2020-ൽ പുറത്തിറങ്ങി. ജയിൽ അനുഭവങ്ങളെ കുറിച്ച് വിവരിക്കുന്ന ‘യർവഡ സ്മരണകൾ’, കെ. വേണുവിന്റെ മാർക്സിസ്ററ് വിമർശനത്തിന് മറുപടി നല്കുന്ന ‘മുതലാളിത്തമല്ല അവസാനവാക്ക്’ എന്നീ കൃതികളും പിന്നീട് പ്രസിദ്ധീകൃതമായി. ‘ഭൂമി ജാതി ബന്ധനം’ പുതിയ പതിപ്പിനുള്ള തയ്യാറെടുപ്പിലാണ് ഇപ്പോൾ.
ഇത്രയും കാലത്തെ ജീവിതത്തിൽ ഒരിക്കൽപോലും താന്‍ സഞ്ചരിച്ച പാത തെറ്റായിരുന്നുവെന്ന് തനിക്ക് ഒരിക്കലും തോന്നിയിട്ടില്ല എന്നാണ് മുരളി പറയുന്നത്. “ഈ വഴിയില്‍ ഞാന്‍ പൂര്‍ണ്ണ തൃപ്തനാണ്. എന്റെ വഴി ശരിതന്നെയായിരുന്നെന്നാണ് എനിക്ക് ഇപ്പോഴും തോന്നുന്നത്”, നേത്രാവതി എക്സ്പ്രസ്സിൽ കയറാനായ് മുരളി നടന്നു നീങ്ങി.