വലിയ ആഘോഷങ്ങൾക്കിടയിൽ അയ്യപ്പൻ കൃതികൾ വേണ്ടപോലെ വായിക്കപ്പെട്ടില്ല എന്ന് എനിക്ക് ഇപ്പോൾ തോന്നുകയാണ് .ഒരു സ്ഥിരം വാസസ്ഥലമില്ലാതെ, എല്ലാ ആവാസ വ്യവസ്ഥകളിലും നിത്യവും അന്യനായി, എല്ലാ സൗഹൃദങ്ങളിലും അനിവാര്യമായ പുഴുക്കുത്തായി, ഒന്നിലും നിലനിൽക്കാനാഗ്രഹിക്കാതെ പുറത്തേക്കു
പോയ അയ്യപ്പനെ നിരന്തരമായ കലാപത്തിലേക്കും ചെറുത്തുനില്പിലേക്കും കൊണ്ടുപോയത് കവിതയാണ്. എല്ലാ മിഥ്യകളെയും തഴഞ്ഞു മുന്നോട്ടുപോയ അയ്യപ്പനെ അതിനു സഹായിച്ചത് കവിതയാണ്. അദ്ദേഹത്തെ മലയാളികൾ അഗാധമായി വായിച്ചില്ല. അല്ലെങ്കിൽ അലഞ്ഞു തിരിഞ്ഞ അയ്യപ്പനെയാണ് പലരും വായിച്ചത്.
അദ്ദേഹത്തിൻ്റെ മുറിഞ്ഞ കൂട്ടുകെട്ടുകളെയും ഭഗ്നബിംബങ്ങളെയും ചേർത്തുവയ്ക്കാൻ ശ്രമിച്ചിട്ടുണ്ട്. വളരെ എളുപ്പത്തിൽ സമീപിക്കാവുന്ന വിധം നിസ്സാരമാണ് കവിതകൾ എന്ന മുൻവിധിയുണ്ടായി. അതിനു കാരണം ആ ജീവിതത്തിൻ്റെ തുറന്ന പ്രകൃതമാണ്. അയ്യപ്പൻ എഴുതിയത് തൻ്റെ വേരറ്റ ജീവിതപ്രകതിയെ തന്നെയാണെന്ന് ധരിച്ചവരുണ്ട് .ആ രീതിയിൽ ഒരു വായന ഇവിടെയുണ്ടായി.
എന്നാൽ ഇപ്പോൾ അയ്യപ്പൻ്റെ കവിതകൾ പുനർവായിക്കുകയാണ്. സമീപകാല യുവകവിതയുടെ തരത്തിലോ മലയാളത്തിലെ ആധുനികകവിതയുടെ (1960 നും 1990 നും ഇടയിൽ പ്രത്യക്ഷപ്പെട്ട കവിത)പശ്ചാത്തലത്തിലോ ഒതുങ്ങുന്നതല്ല അയ്യപ്പൻകവിത. അതിനു സാമൂഹിക വീക്ഷണവും പരിവർത്തനത്വരയുമുണ്ട്.
ആധുനിക കവിതയുടെ പൊതുസ്വഭാവത്തിൽ അയ്യപ്പൻ വ്യത്യസ്തനായി നിൽക്കുന്നത് മനസിലാക്കേണ്ടതുണ്ട്.അതിവാചാലത ,അതിവൈകാരികത ,വൈദിക കാലത്തിൻ്റെ മഹത്വവൽക്കരണം ,രൗദ്രത തുടങ്ങിയ സ്വഭാവവിശേഷങ്ങളായിരുന്നു ആധുനിക കവിതയ്ക്കുണ്ടായിരുന്നതെങ്കിൽ, അയ്യപ്പൻ ആ കാലത്ത് ജീവിച്ചുകൊണ്ട് അതിനെയെല്ലാം കബളിപ്പിക്കുകയും വഴിമാറി നടക്കുകയും ചെയ്തു.
ആത്മാവിൽ നഗ്നമാകുമ്പോൾ
പ്രൊഫസർമാരും ഉയർന്ന സർക്കാർ ഉദ്യോഗസ്ഥരും ജീവിതം ശൂന്യമാണെന്നും തങ്ങൾ മഹാദു:ഖം പേറുന്നവരാണെന്നും കപടമായി പാടി നടന്നത് കണ്ട് വിഷണ്ണനായ അയ്യപ്പൻ അതിനെ മറികടക്കാനാണ് ഒരു ഉദ്യോഗത്തിലും ഒതുങ്ങാതെ സ്വന്തം ജീവിതംകൊണ്ടു തന്നെ ആത്മാവിന്റെ നഗ്നത കോരിയെടുത്തത്. വലിയ ശമ്പളം പറ്റുന്നവർ തങ്ങളുടെ ജീവിതം ഭദ്രമാക്കിയ ശേഷം അശാന്തിയെക്കുറിച്ച് പാടിയതിൽ ഒരു ഏങ്കോണിപ്പ് ഈ കവിക്ക് തോന്നിയിരിക്കണം. തങ്ങൾ കാട്ടാളന്മാർക്ക് വേണ്ടി പാടുന്നുവെന്നു പറഞ്ഞവർ തന്നെ നിയമസഭാ സാമാജികന്മാരും സർക്കാർ ഗുണഭോക്താക്കളുമായി!. ചിലരുടെ അയഥാർത്ഥവും കപടവുമായ ഒരു മനോഭാവം കവിതയിൽ പതഞ്ഞുയരുന്നതും അത് ബൗദ്ധികമായ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നതും അയ്യപ്പനെ ഞെട്ടിക്കുകയോ തകർക്കുകയോ ചെയ്തിരിക്കണം .സർക്കാരിൻ്റെ സുരക്ഷിതത്വത്തിൽ കഴിഞ്ഞുകൊണ്ട്, ഭൗതികസമ്പത്തിൻ്റെ സുഖത്തിൽ അമർന്നു കൊണ്ട് അശരണരെ പാടിയുറക്കുന്നതിൽ അസുഖകരമായ ഒരു ശീലം രൂപപ്പെടുന്നത് കാണാമായിരുന്നു.
കവിത ജീവിതത്തിന്റെ തനത് നിസ്സഹായതകളിൽ നിന്നും ധർമ്മങ്ങളിൽ നിന്നുമാണ് ഉണ്ടാകേണ്ടത്. ആശാനും മറ്റും എഴുതിയത് നമ്മുടെ മുന്നിലുണ്ട്. ‘ദുരവസ്ഥ’ എഴുതുമ്പോൾ ആ കവിത തന്നെക്കൂടി ബാധിക്കുന്നതാണെന്ന് അദ്ദേഹത്തിനു അറിയാമായിരുന്നു. എന്നാൽ ആധുനിക കവിതയിലെ ജീവിതവിചാരങ്ങളിൽ അതെഴുതിയവർക്ക് വ്യക്തിപരമായ പങ്കില്ല. അവർ വ്യസനങ്ങൾ അനുഭവിക്കാതെ, ചിന്തകൊണ്ടു വ്യസനങ്ങൾ വ്യാജമായി അവതരിപ്പിക്കുകയായിരുന്നു. അയ്യപ്പൻ ഇവിടെയാണ് ,തന്റെ സത്യസന്ധതയുടെ ആഴം ലോകത്തിനു കാണിച്ചു കൊടുക്കാൻ വേണ്ടി സ്വയം അനാവരണം ചെയ്യാൻ തീരുമാനിച്ചത്.
എപ്പോഴും അദ്ദേഹത്തിനു ചിന്തേരിട്ട പോലെ മിനുസപ്പെട്ട് ചിന്തിക്കാൻ കഴിഞ്ഞിട്ടുണ്ടാവില്ല. ആരെയും വശീകരിക്കേണ്ട ആവശ്യമുണ്ടായിരുന്നില്ലല്ലോ. ഒരു മികച്ച പ്രതിച്ഛായയ്ക്ക് വേണ്ടി അഭിനയിക്കേണ്ട കാര്യവുമില്ലായിരുന്നു. സൗഹൃദങ്ങൾ, അതുകൊണ്ടുതന്നെ അനിവാര്യമായി മുറിഞ്ഞുകൊണ്ടിരുന്നു. മേൽവിലാസമില്ലാത്തതിന്റെ യാതൊരു ഉൽക്കണ്ഠയും അദ്ദേഹത്തിനില്ലായിരുന്നു .താൻ ജീവിച്ചത് കവിതയ്ക്ക് വേണ്ടി മാത്രമാണെന്നു പറയാവുന്ന തരത്തിൽ ആഴത്തിൽ ചിന്തിച്ച ഒരു കവിയെയാണ് കഴിഞ്ഞ നൂറ്റാണ്ടിന്റെ അവസാന പാതിയിൽ അയ്യപ്പനിലൂടെ നമുക്ക് കാണാനായത്.
ഈ പ്രശ്നവും അതിനു വ്യാപ്തി നൽകിയ കവിതയുമാണ് ഇനി വിശകലനം ചെയ്യേണ്ടത്. അയ്യപ്പൻ്റെ കവിതകൾക്കുള്ള നൈസർഗികശക്തി ആ കാലഘട്ടത്തിലെ മറ്റാർക്കുമില്ല. കാരണം ,അദ്ദേഹം നടന്നുപോയ വഴിയാണത് .ആ കവിതകളിൽ നിന്ന് വേറിട്ട ഒരാത്മകഥ അദ്ദേഹത്തിനുണ്ടാകില്ല. ഒരാൾ അയാളുടെ ആത്മാവിൻ്റെ കണ്ടുപിടിത്തങ്ങളാണല്ലോ കവിതയായും കഥയായും ആവിഷ്കരിക്കുന്നത്. ഇതുതന്നെ പ്രത്യേക തരത്തിലുള്ള ആത്മകഥയുമാണ്. വേറൊരു ആത്മകഥ ഉണ്ടാവുക അസാധ്യമാണ്. കവിക്ക് താൻ നടന്നതും ഭക്ഷണം കഴിച്ചതും കുടുംബജീവിതം നയിച്ചതുമൊക്കെ എഴുതാം. പക്ഷേ, അതിൽ ആത്മകഥ എന്ന അനുഭവത്തിനു ഇടമുണ്ടാവില്ല. കവിതയാണ് ആത്മകഥ. അതാകട്ടെ വ്യക്തി എന്ന കർത്തൃത്വത്തെ പേറുന്നുമില്ല .
കാല് വെന്ത് നടന്ന കവി
വെറും വ്യക്തിയുടെ കഥയല്ല അത്. കവിത എഴുതുന്നയാൾ വ്യക്തിയെക്കാൾ ഉയർന്നതും ശുദ്ധവും തീക്ഷ്ണവുമായ ഒരു പ്രതിനിധാനമാണ്. തനിക്ക് പോലും അജ്ഞാതമായ ഒരു ജ്ഞാന മണ്ഡലത്തിലേക്ക് ഉയരുന്നത് കവി കാണുകയാണ് . അത് മറഞ്ഞിരിക്കുന്ന അപാരതയുടെ വെളിപ്പെടലാണ്. അയ്യപ്പൻ എന്ന കവിയിൽ രണ്ടു തരത്തിലുള്ള വെളിപാട് അന്തർഭവിച്ചിട്ടുണ്ട്. കാല് വെന്തു നടന്ന വഴികളിൽ നിന്നു മനസ്സിലാക്കാൻ കഴിഞ്ഞ ഏറ്റവും താഴ്ന്ന മനുഷ്യസമൂഹങ്ങളുടെ ഒറ്റപ്പെടലിന്റെയും നിത്യമായ നരകത്തിന്റെയും ബലാബലങ്ങളാണ് ഒന്ന് .രണ്ടാമത്തേത്, ഒരാൾ ഒറ്റയ്ക്ക് സ്വതന്ത്രമാക്കുന്നതിന്റെ, നീക്കിയിരിപ്പുകൾക്കായി കാത്തിരിക്കാത്തതിൻ്റെ ,ഒന്നിലും ഭ്രമിക്കാതെ സ്വയം നിരുപാധികമായ അസ്തിത്വമാകുന്നതിന്റെ വെളിപാടാണ്.
അതുല്യവും ഉൽകൃഷ്ടവുമായ കവിവ്യക്തിത്വമാണ് അയ്യപ്പനുണ്ടായിരുന്നത്. ഒരു പക്ഷേ ,യാഥാസ്ഥിതികരും സ്വാർത്ഥരുമായ ചിലരെങ്കിലും ,പ്രതിഛായ നോക്കാതെ ചുറ്റിത്തിരിയുന്ന അയ്യപ്പനിൽ നിന്ന് അകലം പാലിച്ചു കാണും .അത് ആ കാലഘട്ടത്തിന്റെ ഒരു ചേഷ്ടയായി കണ്ടാൽ മതി .ഒരു യഥാർത്ഥ ജീനിയസ് ഏതു മേഖലയിൽ വന്നാലും ഉപരിവർഗ്ഗ ബുദ്ധിജീവികളും സമ്പന്നരും പ്രതാപികളുമായ ചിലർ അവനിൽ നിന്നു അകന്നുനിൽക്കാൻ നോക്കും .ഇത് സർഗാത്മക ഭീരുത്വമാണ്.തങ്ങളുടെ അവസരവാദത്തെയും ലാഭക്കൊതിയെയും അറപ്പുളവാക്കുന്ന ഭോഗേച്ഛയെയും ഈ ജീനിയസ് അപകടപ്പെടുത്തുമോ എന്ന ശങ്കയാണ് ഇതിന് പിന്നിലുള്ളത്. സ്വയം കഴുതയാണെന്നു ബോധ്യമുള്ളവർക്ക് ചുമലിൽ കൂടുതൽ ഭാരം കയറ്റുന്നതിനോട് എതിർപ്പുണ്ടായിരിക്കും .എല്ലാ യാഥാസ്ഥിതിക സമൂഹങ്ങളും അവരുടെ കപടമൂല്യങ്ങളുടെ കാവൽക്കാരാകാൻ നോക്കും.
അല്ലെങ്കിൽ അങ്ങനെ ഭാവിക്കും .ഒരു കവിക്ക് ഇതിനെതിരെ പോരാടാൻ വലിയ ആയുധങ്ങളൊന്നുമില്ല. സ്വകവിതയുടെ വക്താക്കളെ ഒരു രാഷ്ട്രീയ പാർട്ടി പോലും അംഗീകരിക്കുകയില്ല. വ്യവസ്ഥിതിയുടെ ജോലിക്കാരായി നിന്നുകൊണ്ട് വ്യവസ്ഥാപിതമല്ലാത്ത ആത്മാകുലതകൾ പ്രചരിപ്പിക്കാൻ ധാരാളം പേർ മുന്നോട്ടു വരുന്നുണ്ട്. മറ്റു കവികളെല്ലാം സമൂഹത്തിൽ പേരും അംഗീകാരവും നേടിയെടുത്തത് അവരുടെ തൊഴിലിൻ്റെയും ജനിച്ച സാമൂഹിക ശ്രേണിയുടെയും വിദ്യാഭ്യാസത്തിൻ്റെയും കൂടി ഫലമായാണ് .ഉയർന്ന വിദ്യാഭ്യാസമുള്ളവർക്കും സർക്കാർ ഉദ്യോഗസ്ഥർക്കും പ്രൊഫസർമാർക്കും ധാരാളം സുഹൃത്തുക്കളെ അനായാസുമായി ലഭിക്കും. അവരെ സഹായിക്കാനും സ്നേഹിക്കാനും പലരും മുന്നോട്ടുവരും. എന്നാൽ ഇതൊന്നുമില്ലാത്ത അയ്യപ്പൻ ഒരു അംഗീകൃത സ്ഥാപനമാവുകയില്ല. അദ്ദേഹം ഒരാളിൽ നിന്ന് പണം വാങ്ങിയാൽ അത് ദാനമോ ഔദാര്യമോ ആയി നിർവ്വചിക്കപ്പെടും.എന്നാൽ വലിയ ഉദ്യോഗത്തിലിരിക്കുന്നവനു പണത്തിന്റെ ആവശ്യമുണ്ടായാൽ സഹായവുമായി അതുപോലെയുള്ളവർ അങ്ങോട്ടെത്തും. അതിനെ വേണമെങ്കിൽ കടം എന്നു വിളിക്കാം.
എല്ലാറ്റിൻ്റെയും പേരാണ് കവിത
എല്ലാ പലായനങ്ങളും പ്രേമഭംഗങ്ങളും വഴിപിരിയലുകളും അയ്യപ്പനിലേക്ക് കവിതയായി ഇരച്ചെത്തിക്കൊണ്ടിരുന്നു. കവിതയ്ക്കല്ലാതെ മറ്റൊന്നിനും ആ പണിശാലയിൽ ഇടമില്ലായിരുന്നു. എല്ലാ അസംസ്കൃത വസ്തുക്കളും കൊണ്ടുവരുന്നു ;എന്നാൽ അതെല്ലാം അവിടെ നിന്നും തിരിച്ചിറങ്ങുന്നത് കവിതയായാണ്. എല്ലാം ഒരേ കണ്ണിലൂടെ പുനർനിർണയിക്കപ്പെടുന്നു.അയ്യപ്പൻ എന്ന വ്യക്തി ഇവിടെ പലതായി മുറിച്ചു മാറ്റപ്പെടുന്നു.എന്നാൽ എല്ലാറ്റിൻ്റെയും പേര് കവിതയെന്നാണ് .അയ്യപ്പൻ്റെ കവിത ഇപ്പോൾ പ്രലോഭിപ്പിക്കുകയാണ്; പ്രചോദിപ്പിക്കുകയാണ്. ഈ രചനകൾ ചരിത്രപരമായ ഒരു പുതിയ വായന ആവശ്യപ്പെടുന്നുണ്ട് .പരമ്പരാഗതമായ കാവ്യാത്മകതയുടെ ചതുപ്പ് നിലങ്ങളിൽ നിന്ന് അകന്ന കവിയാണദ്ദേഹം. അയ്യപ്പൻ മനുഷ്യൻ്റെ ബോധത്തിലും പെരുമാറ്റത്തിലും സൗന്ദര്യസങ്കല്പത്തിലും ഒട്ടിപ്പിടിച്ചിരിക്കുന്ന ഫ്യൂഡൽ ,ബൂർഷ്വാ, വരേണ്യ ജീവിതഘടകങ്ങളെയാണ് എതിർത്തത്. വ്യക്തിയിൽ കരുത്താർജിച്ച അഹന്ത എന്ന വിചാരം മനുഷ്യൻ്റെ എല്ലാ വ്യവഹാരങ്ങളിലേക്കും പടർന്നിരിക്കുന്നു. ഓരോ വ്യക്തിയും നാടുവാഴിയാണെന്നു വിചാരിക്കുകയും അതിനനുസരിച്ച് പെരുമാറുകയും ചെയ്യുകയാണ്. സാഹിത്യത്തിലും കലയിലുമെല്ലാം വരേണ്യ മന:ശാസ്ത്രമാണ് വാഴുന്നത്. പുരുഷനെ ഈ നാടുവാഴിത്ത അഹന്തയുടെ പര്യായമായി കാണാവുന്നതാണ്. പുരുഷൻ സ്വയം ഒരധികാരമാണ്. അവൻ കീഴടക്കാനായി പായുകയാണ്. സഹജീവികളോടും പ്രകൃതിയോടും അവൻ നിരന്തരം സംഘർഷത്തിലാണ്. ഏതിനെയും കൊല്ലുകയാണ് പുരുഷൻ. മധ്യകാലഘട്ടത്തിലെ കിരാതമായ അധികാരഗർവ്വിൻ്റെ പ്രതീകമായി പുരുഷനെ സങ്കൽപ്പിക്കാവുന്നതാണ്. അവനിൽ അടിഞ്ഞുകൂടിയിരിക്കുന്ന ആസക്തികൾ നാനാവിധമാണ് .അത് എപ്പോഴും അടിച്ചമർത്താൻ വെമ്പു കയാണ്. സാമൂഹ്യശ്രേണിയിൽ വരേണ്യന്റെ അഹന്തയും പെരുമാറ്റ രീതികളും ഇന്ന് മനുഷ്യവംശത്തെയാകെ സ്വാധീനിച്ചിരിക്കുകയാണ്. ഇതിൽ നിന്ന് മനുഷ്യനെയും അവന്റെ സൗന്ദര്യാനുഭവത്തെയും വിമോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് അയ്യപ്പൻ എഴുതിയത്. നിശ്ചയമായും, ഇവിടെ മുന്നോട്ട് പോകണമെങ്കിൽ സ്വയം ഒരു വിമോചിത വ്യക്തിയാകണം. അതിനായി അയ്യപ്പൻ സിവിൾ സമൂഹത്തിന്റെ അധികാര ഘടകങ്ങളായ കുടുംബം ,പദവി തുടങ്ങിയ ഇടങ്ങളിൽ നിന്നെല്ലാം ഒഴിഞ്ഞു നിന്നു. കുടുംബത്തിനുള്ളിൽ ,അതിൻ്റെ നിലനിൽപ്പിനു വേണ്ടി മനുഷ്യനു അധാർമ്മികതയിലേക്ക് പതിക്കേണ്ടി വരുന്നു. കുടുംബം നിലനിർത്തുന്നത് ഒരപായക്കളിയായി മാറുന്നുണ്ട് .സത്യം വിളിച്ചു പറയാൻ കഴിയാത്ത വിധത്തിൽ അത് അകമേ പലരീതിയിൽ ദുഷിക്കുന്നു. സ്നേഹത്തിനു പകരം സാമ്പത്തിൻ്റെയും പദവിയുടെയും നടത്തിപ്പിനുള്ള ഒരിടമായി അത് മാറുന്നു. കുടുംബത്തിനുവേണ്ടി ഏത് കുറ്റവും ചെയ്യാമെന്ന ചിന്ത ജനാധിപത്യപരമായി തീർന്നിരിക്കുകയാണ്. വലിയ പലിശയ്ക്ക് ലോണെടുക്കാതെ ഇന്ന് ഒരു കുടുംബത്തിനും മുന്നോട്ട് പോകാനാവില്ല. സ്ഥിരവരുമാനമില്ലാത്തവരുടെ ജീവിതം വളരെ ആപത്സന്ധിയിലാണ്. ലോണുകൾ അടച്ചു തീർക്കാനുള്ളതുകൊണ്ട് എങ്ങോട്ടും പോകാനാവില്ല .കാലിൽ വീണ ചങ്ങലയാണത്.തൊഴിൽ ,പദവി,സമ്പത്ത് എന്നിവയുടെ വാഴ്വിന് വേണ്ടി പലതിനോട്ടം അകലം പാലിക്കേണ്ടി വരുന്നു. ഒരിടത്തും പ്രതിഷേധം ഉണ്ടാവില്ല. വരേണ്യ സമൂഹത്തിൻ്റെ തുടർച്ചയായ അധികാരമേലാളത്തത്തിൽ നിലംപതിഞ്ഞവനും അവൻ്റെ കവിതയും ഇരുട്ടിൽ തന്നെ നിൽക്കുകയാണ്. രാജഭരണ കാലത്തെ സൗന്ദര്യബോധം ഭാഷയിൽ ആധിപത്യം ഉറപ്പിച്ചിരിക്കുകയാണ്. അയ്യപ്പൻ നിശിതവും ബൗദ്ധവുമായ ജീവിതത്തിലൂടെ കണ്ടെത്തിയ ബിംബങ്ങൾ പതിറ്റാണ്ടുകളായുള്ള ഈ അധികാരവ്യവസ്ഥയെ ചോദ്യം ചെയ്യുകയാണ് .കുമാരനാശാനു ശേഷം ചങ്ങമ്പുഴയും വൈലോപ്പിള്ളിയുമാണ് പതിതൻ്റെ വേദനയും പ്രതിഷേധവും പകർന്നത്. അയ്യപ്പനിലെത്തുമ്പോൾ അത് കൂടുതൽ സമകാലികവും ആധുനികവും ശൈലിപരവും ഭാഷയുടെ ആവിർഭാവവുമായി രൂപാന്തരപ്പെടുന്നു.
അഗ്നി
നൂറ്റാണ്ടുകളായി നിലത്തു പതിഞ്ഞു കിടന്നവന്റെ ജീവിതത്തിൽ പടർന്നു നിൽക്കുന്ന ഇരുട്ടിനെതിരെ യുദ്ധം ചെയ്യുകയായിരുന്നു അയ്യപ്പൻ. ചിലപ്പോഴൊക്കെ ആ യുദ്ധം പ്രാകൃതമാണ്; അതിനു ഉപചാരങ്ങളോ ,മര്യാദകളോ ഉണ്ടാകണമെന്നില്ല .അത് കവിയുടെ മനസ്സിൽ നിന്നുവരുന്ന അഗ്നിയാണ്. ചിലപ്പോൾ അത് കവിയുടെ ആശയക്കുഴപ്പവും സംഘർഷവും മുറിപ്പെടുത്തലുമാണ്.
കാടുപിടിച്ചു കിടക്കുന്ന നഗരങ്ങളാണ് കവി കാണുന്നത്. ഒരുകാലത്ത് നഗരങ്ങളായിരുന്ന പ്രദേശങ്ങൾ പിന്നീട് നശിച്ചു പോയതായാലും മതി. നഷ്ടപ്പെട്ട സംസ്കാരങ്ങളിൽ തനിക്ക് ഓഹരി ഉണ്ടായിരുന്നില്ലല്ലോ എന്ന ദു:ഖം ബാക്കിയാവുന്നു. സന്ധ്യ അവസാനിക്കുന്നിടത്തുനിന്ന് കവി ഇരുട്ടിലൂടെ ഒറ്റയ്ക്ക് നടക്കുകയാണ്. ആ വഴി ഇടുങ്ങിയതും ആളുകൾ ഉപേക്ഷിച്ചതുമാണ്. എന്നാൽ കവിക്ക് അതിലേ സഞ്ചരിച്ചേ പറ്റൂ.കവിതയുടെ രചന ,തുടർച്ച, ചിന്ത,കർത്തൃത്വം എന്നീ വിഷയങ്ങളിൽ ഒരു പുനർവിചിന്തനം ആവശ്യമായി വന്നിരിക്കുകയാണ്. പരമ്പരാഗതമായ കവിതകളല്ല ഇവിടെ കാണുന്നത്.നമ്മുടെ സാഹിത്യചരിത്രത്തെ വേറിടൽ കൊണ്ട് നിറയ്ക്കാൻ അയ്യപ്പൻ കവിതകൾക്ക് കഴിയും. ഗതാനുഗതികത്വത്തിൽ നിന്നു ആത്മാവിന്റെ ശൈഥില്യത്തിലേക്കും ചിതറലിൻ്റെ രഹസ്യത്തിലേക്കും അത് വായനക്കാരനെ നയിക്കുന്നു.
“അവന് ആകാശത്തിൽ
മഴവില്ലൊന്നുണ്ടായി
അവനെയ്ത അമ്പേറ്റ്
ആ വില്ല് മുറിഞ്ഞുപോയി”.
ഇങ്ങനെ സ്വന്തം മഴവില്ല് പൊട്ടിച്ചു കളയാൻ സ്വാതന്ത്ര്യത്തിൻ്റെ മത്ത് പിടിച്ച കവിക്ക് പ്രയാസമില്ല .നിലംപതിഞ്ഞ യുവാവ് കണ്ട സ്വപ്നങ്ങൾ അവനെ കൊണ്ടു നശിപ്പിച്ചു കളയാൻ പ്രേരിപ്പിക്കുന്ന വരേണ്യ അധികാരവ്യവസ്ഥയെയാണ് കവി ഓർമ്മിപ്പിക്കുന്നത്. അറിഞ്ഞിടത്തോളം വച്ച് ചരിത്രത്തെ പിന്നിൽ ഉപേക്ഷിക്കുകയാണ്. സ്വയം എന്തെങ്കിലുമാണെന്നു സ്ഥാപിക്കാനല്ല, താൻ എന്തല്ല എന്നു വിളിച്ചു പറയാനും ത്രാണിവേണം. മറ്റുള്ളവരുടെ വിജ്ഞാനവും ഭാരവും ചുമന്ന് കുനിഞ്ഞ ശിരസുമായി നിൽക്കുന്ന വരേണ്യ കവികൾക്കിടയിലൂടെ, തനിക്കിഷ്ടമുള്ളതെല്ലാം യുക്തിയില്ലാതെ വിളിച്ചുപറഞ്ഞു ഒരു ഭ്രാന്തനെ പോലെ അയ്യപ്പൻ നീങ്ങുകയാണ് .അയ്യപ്പനു പുറംലോകത്തിന്റെ യുക്തികൊണ്ട് ഒന്നും പരിഹരിക്കാനില്ല.എന്നാൽ ആന്തരികയുക്തി ഒരു മരിചികയായിരിക്കുന്നു.
“ആകാശത്തിലേക്ക് പറക്കുന്ന പോത്തിൻ്റെ പുറകെ നടക്കുക
ജീവിതത്തിലേക്ക്
തിരിഞ്ഞു നോക്കരുത്.”
ഇത് മാർക് ഷഗ്ഗാലിനെയോ സാൽവദോർ ദാലിയെയോ ഓർമ്മിപ്പിക്കാതിരിക്കില്ല. ഒരു ചിത്രകാരനു യഥാർത്ഥ വസ്തുവല്ല പ്രചോദനം. ആ വസ്തുവിൽ താൻ കണ്ടതാണ് പ്രധാനം. ഈ കവിയും വസ്തുക്കളിൽ മറ്റെന്തോ ആണ് തിരഞ്ഞത്;അത് തകർന്ന സ്വപ്നങ്ങളായിരുന്നു.ആകാശത്തിലേക്ക് പറക്കുന്ന പോത്ത് തൻ്റെ അന്തരംഗത്തിൻ്റെ ചായക്കൂട്ടാണ്. അത് മിഥ്യയായാൽ എന്താണ്? അതിൻ്റെ പിന്നാലെ നടക്കുന്നതോടെ അതൊരു സാരവത്തായ യാത്രയായി മാറുന്നു.
(തുടരും)
രണ്ടാം ഭാഗം: http://www.mumbaikaakka.com/mk-harikumar-study-on-a-ayyappan-poems/