അടുത്തകാലത്തിറങ്ങിയ ‘ദി കേരള സ്റ്റോറി’ എന്ന സിനിമ ഒരു ജനതയ്ക്കെതിരെയുള്ള വിദ്വേഷ പ്രസംഗമാണ്. എന്നാൽ നമ്മുടെ കോടതികൾ അഭിപ്രായ സ്വാതന്ത്ര്യം എന്നും ഉയർത്തി പിടിച്ചിട്ടുള്ള ചരിത്രമാണുള്ളത്; ‘മോദി’ എന്ന കുടുംബപ്പേരുള്ള ആളുകൾ അപകീർത്തിപ്പെടാത്തിടത്തോളം കാലം അവർ അതിനൊപ്പം തന്നെയായിരിക്കും,
ഒരു ദശാബ്ദത്തിലേറെ കാലമായി ലവ് ജിഹാദ് എന്നത് കേരളത്തെ ചൂഴ്ന്നു നിൽക്കുന്ന ഒരു ആരോപണമാണ് എന്നത് മനസ്സിലാക്കിക്കൊണ്ട് തന്നെ ഞാൻ ചോദിക്കട്ടെ കേരള സർക്കാർ സംവിധാനങ്ങൾ സത്യമല്ല എന്ന് കണ്ടെത്തിയതും ഹാദിയ കേസിൽ സുപ്രീം കോടതി തള്ളിക്കളഞ്ഞതുമായ ഒരു ആശയം എന്ത് കൊണ്ടാണ് വീണ്ടും വീണ്ടും ഒരു ചുറ്റിക കണക്കെ കേരളത്തിന്മേൽ പ്രഹരിക്കാൻ ഉപയോഗിക്കുന്നത്?. (ഒരു പക്ഷെ ഹിന്ദുത്വത്തിന് സ്വീകാര്യമായ രൂപത്തിൽ കേരളത്തെ രൂപപെടുത്തിയെടുക്കാൻ വേണ്ടി ആയിരിക്കാം ഈ പ്രഹരങ്ങൾ .)
ഈ ഘട്ടത്തിൽ, ഹിന്ദുത്വ രാഷ്ട്രീയത്തിലേക്ക് സ്ത്രീകളെ സമന്വയിപ്പിക്കാൻ തുടങ്ങിയ ഇരുപതാം നൂറ്റാണ്ടിന്റെ ചരിത്രത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കേണ്ടത് അനിവാര്യമാണ്. ഹിന്ദുത്വത്തെ കുറിച്ച് ആഴത്തിൽ പഠിക്കുന്ന ഫെമിനിസ്റ്റ് പണ്ഡിതരുടെ കണ്ടെത്തലുകളിലൂടെ, സ്ത്രീയെ മാതൃത്വത്തിന്റെ ചട്ടക്കൂട്ടിൽ തളച്ചിടുക വഴി, എങ്ങിനെയാണ് അതിൻ്റെ പ്രധാന ചിന്തകർ ബ്രാഹ്മണ്യ കാഴ്ചപ്പാടിലുള്ള ലിംഗ സമത്വ നിഷേധം നടത്തിയിട്ടുള്ളത് എന്ന് നമുക്ക് മനസ്സിലാക്കാം. പുതിയ റിപ്പബ്ലിക്കിലെ പൗരർ എന്ന നിലയ്ക്ക് അവകാശങ്ങൾ നേടിയെടുക്കാൻ രാഷ്ട്രീയമായി ഭിന്നതകൾ ഉണ്ടായിട്ടും, മറ്റു വിഭാഗങ്ങളിലെ സ്ത്രീകൾ – അതായത് ഗാന്ധിയൻ സ്ത്രീകൾ, ദളിത് പ്രസ്ഥാനത്തിലെ സ്ത്രീകൾ, സ്ത്രീ പക്ഷക്കാർ, കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിലെ അംഗങ്ങൾ, സോഷ്യലിസ്റ്റ് സ്ത്രീകൾ – നടത്തിയ മുന്നേറ്റങ്ങളിൽ ആർഎസ്എസിലെ സ്ത്രീകൾക്ക് യാതൊരു പങ്കുമുണ്ടായിരുന്നില്ല. അവർ രാഷ്ട്രീയത്തിൽ നിന്ന് വിട്ടുനിന്നു. കൂടുതലും ഉയർന്ന ജാതിക്കാരുടെ വീടുകളിലും അയൽപക്കങ്ങളിലുമായി അവരുടെ പ്രവർത്തനങ്ങൾ പരിമിതപ്പെടുത്തി. അവരാകട്ടെ തങ്ങളുടെ ഭാഗത്തു ചേർന്നവരിൽ, പ്രത്യേകിച്ച് താഴ്ന്ന ജാതിയിൽപ്പെട്ട കുടുംബങ്ങളിൽ (ഗോൾവാൾക്കർ “മാതൃത്വത്തിലേക്കുള്ള വിളി” എന്ന തൻ്റെ കൃതിയിൽ പറഞ്ഞപോലെ) ന്യൂനപക്ഷങ്ങൾക്കെതിരെ വിദ്വേഷം പടർത്തിക്കൊണ്ടിരുന്നു. ‘മാതൃത്വ ശാഖ’ വഴി സ്ത്രീകളെ ഹിന്ദുത്വത്തിലേക്ക് സംയോജിപ്പിക്കുവാനുള്ള ഒരു മാർഗമായിരുന്നു ഇത്.
തീർച്ചയായും, ഇന്നത്തെയും ഭാവിയിലെയും ഹിന്ദുത്വ സമൂഹങ്ങളിൽ പുരുഷന്മാർക്ക് താഴെയും കീഴെയുമാണ് സ്ത്രീകളുടെ നില. എന്നാൽ എന്തുകൊണ്ടാണ് സ്ത്രീകൾക്ക് അവരുടെ മൂല്യത്തെ കുറച്ചു കാണിക്കുന്ന ആ കാഴ്ചപ്പാട് സ്വീകാര്യമാവുന്നത് എന്നത് ഇപ്പോഴും ഒരു പ്രഹേളിക പോലെ തോന്നാം. പക്ഷെ, മുസ്ലിംകൾക്കെതിരെ അവർ പരത്തുന്ന വിദ്വേഷ കഥ ശ്രദ്ധിക്കുന്നത് വരെ മാത്രമേ ഈ സംശയം നിലനിൽക്കുന്നുള്ളു.
നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, കുറഞ്ഞത് 150 വർഷമെങ്കിലും പഴക്കമുള്ള, വളരെ രൂഢമൂലമായ ഒരു ആഖ്യാനമാണിത്. രാജ്പുത് (ഹിന്ദു എന്ന് വായിക്കുക) സമുദായങ്ങളിലെ സ്ത്രീകളായിരുന്നു മുസ്ലീം ആക്രമണകാരികളുടെ യഥാർത്ഥ കൊള്ളമുതൽ എന്നത് പോലുള്ള കഥകൾ ഔപചാരികവും അനൗപചാരികവുമായ പഠന മാർഗങ്ങളിലൂടെ പ്രചരിക്കപ്പെടുന്നുണ്ട്. ബിഎ ഹിസ്റ്ററി വിദ്യാർത്ഥിയെന്ന നിലയിൽ, ആർ സി മജുംദാറിന്റെ വിഷലിപ്തമായ ‘ചരിത്ര’ പുസ്തകങ്ങൾ പരീക്ഷകൾ കടന്നുകിട്ടാനുള്ള എളുപ്പവഴിയായി അധ്യാപകർ, തികച്ചും സാധാരണമായി, ശുപാർശ ചെയ്യാറുണ്ട് എന്ന് ഞാൻ ഓർക്കുന്നു. തീർച്ചയായും, അക്കാലത്തെ ഡൽഹി സർവകലാശാലയിലെ വിദ്യാർത്ഥികൾ മറിച്ചുള്ള കാര്യങ്ങളാണ് പഠിച്ചിരുന്നത്. പക്ഷെ പ്രധാന നഗരങ്ങളിൽ നിന്ന് മാറിയുള്ള സർവകലാശാലകളിൽ ഇത് സാധാരണമായിരുന്നു. വിദഗ്ദർ സൂചിപ്പിച്ചതുപോലെ, അമർ ചിത്ര കഥ ഇത്തരം കഥകൾ ഇന്ത്യൻ മധ്യവർഗത്തിലേക്ക് എത്തിക്കാനുള്ള ഒരു മാർഗ്ഗം കൂടിയായിരുന്നു. ഉത്തരേന്ത്യയിൽ, വിഭജന കാലത്തെ മുസ്ലീം ബലാത്സംഗത്തിന്റെ വിവരണങ്ങൾ നിലവിൽ ഉണ്ടായിരുന്നു. അത് ഇത്തരം കഥകളെ ശക്തിപ്പെടുത്തുന്നു. മുസ്ലീങ്ങൾ പാക്കിസ്ഥാനോടും ആഗോള ഭീകരതയോടും പക്ഷപാതികളാണെന്ന സ്ഥിരമായ അവകാശവാദവും ഇതിന്റെ കൂടെ ഉണ്ടായിരുന്നു. ഫെമിനിസ്റ്റ് വിദഗ്ധർ സൂക്ഷ്മമായി ചൂണ്ടിക്കാണിച്ചതുപോലെ, ഹിന്ദു സ്ത്രീകളുടെ ശരീരത്തിന് നേരെയുള്ള മുസ്ലീം ആക്രമണങ്ങളെക്കുറിച്ചുള്ള ഭയം ശക്തമായ സ്വാധീനശക്തിയാണ്.
ഉദാഹരണത്തിന്, വീട്ടിൽ അധികാരമില്ലാത്തതിന്റെ അമർഷത്തെ മുസ്ലിമുകളോടുള്ള വിദ്വേഷമായി പ്രകടിപ്പിക്കാൻ ഈ ഭയം യുവതികൾക്ക് സഹായകമാകുന്നു എന്ന് ദുർഗ്ഗവാഹിനിയെക്കുറിച്ചുള്ള ഫെമിനിസ്റ്റ് ഗവേഷണം സമർത്ഥിക്കുന്നു. മുസ്ലിംകളിൽ നിന്നുള്ള അപകടം മാത്രം ഇല്ലായിരുന്നുവെങ്കിൽ ഹിന്ദു സ്ത്രീകൾ സ്വതന്ത്രരാകുമെന്ന വാദമാണ് ഇത്തരം സംഘടനകൾ പയറ്റുന്ന അനുനയ തന്ത്രങ്ങളുടെ കാതൽ. മുസ്ലിംങ്ങൾക്കെതിരെ ഭയാനകമായ അക്രമം നടത്തുവാനും പ്രകോപനപരമായ സംസാരങ്ങൾ നടത്തുവാനും, അക്രമത്തോടുള്ള അവരുടെ ഇഷ്ടത്തിന്റെ പരസ്യ പ്രകടനമായി ആയുധങ്ങളെ ആരാധിക്കാനും, ഈ പെൺകുട്ടികൾ പ്രോത്സാഹിക്കപെടുന്നു. വാസ്തവത്തിൽ, സ്ത്രീകൾക്കെതിരായി അതിക്രമങ്ങൾ നടത്തുന്നതിലേക്കാണ് ഇത് ഈ സ്ത്രീ സംഘത്തെ നയിക്കുക.
അതെ സമയം, തങ്ങൾ കൂടുതൽ ‘സ്ത്രീ സൗഹൃദ’മാണെന്ന പ്രതീതി ബിജെപി സൃഷ്ടിച്ചെടുക്കുന്നു. ഹിന്ദുത്വ രാഷ്ട്രത്തിന്റെ സംരക്ഷണത്തിനായി ‘വീട്ടമ്മമാർക്ക്’ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ മഹിളാ മോർച്ച അവസരം നൽകുന്നു. മാത്രമല്ല, ബ്രഹ്മചാരിണികളായ സ്ത്രീകൾ ഹിന്ദുത്വ രൂപീകരണത്തിൽ വലിയ സ്വാധീനം ചെലുത്തുന്നതായി തോന്നുന്നു; സ്ത്രീകളുടെ സംഘടിത വിദ്വേഷപ്രചാരണവും രാഷ്ട്രീയത്തിൽ ഇല്ലാത്ത ആർഎസ്എസ് സ്ത്രീകളിലൂടെ അത് അനുദിനം പ്രചരിപ്പിക്കുന്നതും തമ്മിൽ സംഘടനാ തലത്തിൽ ഒരു സുസ്ഥിരമായ ബന്ധം കെട്ടിപ്പടുക്കുന്നു. ഗവൺമെന്റിലെ സുപ്രധാന സ്ഥാനങ്ങളിൽ ഗണ്യമായ എണ്ണത്തിലുള്ള ഹിന്ദുത്വ സ്ത്രീകളുടെ സാന്നിധ്യം ജനാധിപത്യവൽക്കരണത്തിന്റെ ലക്ഷണമേയല്ല. മറിച്ച്, കുടുംബത്തിന്റെ ബ്രാഹ്മണ്യ വാദങ്ങളെ പൊതു സ്ഥാപനങ്ങളിലേക്ക് മാറ്റുക മാത്രമാണ് ഇത് കൊണ്ട് ഉണ്ടാവുന്നത്. അതുപ്രകാരം സ്ത്രീകൾക്ക് പിതാവിന്റെ മാർഗനിർദേശത്തിന് കീഴിൽ പ്രവർത്തിക്കുന്ന പെൺമക്കളാകാൻ മാത്രമേ കഴിയൂ – പിതാവ് സംസാരിക്കാൻ നിർദ്ദേശിക്കുന്നില്ലെങ്കിൽ അവർ പൂർണ്ണമായും നിശബ്ദത പാലിക്കേണ്ടതുണ്ട്. തങ്ങളുടെ വകുപ്പിന്റെ ചുമതലയുള്ള ബി.ജെ.പിയുടെ ശക്തനായ നേതാവിൻ്റെ ലൈംഗികാതിക്രമത്തിനെതിരെ ഗുസ്തിക്കാർ നടത്തുന്ന പ്രതിഷേധത്തെ കുറിച്ച് സർക്കാരിലെയും രാഷ്ട്രീയത്തിലെയും ബി.ജെ.പി വനിതാ നേതാക്കൾ തുടർന്ന് പോരുന്ന മൗനത്തിന്റെ കാരണവും ഇത് തന്നെ. ഇവർ ഒരു കാലത്ത് പ്രധാനമന്ത്രി മോദി തന്നെ ആദരിച്ച ഗുസ്തി താരങ്ങളായിരുന്നിട്ടും ഇതാണ് സ്ഥിതി.
മുസ്ലീങ്ങൾ അവരുടെ സംരംഭങ്ങൾക്കും കൊളോണിയൽ വിരുദ്ധ ധീരതയ്ക്കും പേരുകേട്ട (മലബാറിന്റെ ചരിത്രത്തിന് അത് നിഷേധിക്കാനാവില്ല) കേരളത്തിൽ, പക്ഷേ, 150 വർഷം പഴക്കമുള്ള ഈ വിദ്വേഷ കഥയ്ക്ക് അത്രയൊന്നും സ്വാധീനം ഉണ്ടാക്കാൻ ആയില്ല. മുസ്ലിമുകൾ ഒരിക്കലും ഇവിടെ അധിനിവേശത്തിന്റെ പേരിലല്ല അറിയപ്പെട്ടിരുന്നത്. രജപുത്ര രാജകുമാരന്മാരും മുസ്ലീം ഭരണാധികാരികളും ഒരുപോലെ വിദൂരവും അയഥാർത്ഥവുമായി ഇവിടെ അനുഭവപെട്ടു. (അതുകൊണ്ടാണ് 1980-കളിൽ ‘ചരിത്രം’ എന്ന് അവകാശപ്പെടുന്ന ആ പുസ്തകങ്ങളിൽ അങ്ങനെ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്നതായത്.)
നമ്മൾ കേട്ട് വളർന്ന പ്രാദേശിക ഐതീഹ്യങ്ങൾ മുസ്ലീങ്ങളെ ഭയക്കുന്ന തരത്തിലുള്ളതായിരുന്നില്ല, മറിച്ചായിരുന്നു. ഉദാഹരണത്തിന്, 19-ആം നൂറ്റാണ്ടിലെ കായംകുളം റോബിൻ-ഹുഡ് എന്ന് വിശേഷിപ്പിക്കപെട്ട കായംകുളം കൊച്ചുണ്ണിയുടെ കഥകൾ. തെരുവുകളിൽ ഹിന്ദു സ്ത്രീകൾക്ക് അദ്ദേഹം സംരക്ഷണം നൽകിയതായുള്ള കഥകൾ ഉണ്ട്. തിരുവിതാംകൂറിലെ ചന്തകളിൽ ഈഴവരും മുസ്ലീങ്ങളും തമ്മിലുള്ള വഴക്കുകളുടെ കഥകളും ഈഴവ സ്ത്രീകളെ മുസ്ലിങ്ങൾ അധിക്ഷേപിക്കുന്ന കഥകളുമുണ്ടായിരുന്നു. എന്നാൽ ഇത്തരം സംഘർഷങ്ങളുടെ മൂലകാരണം മുസ്ലിങ്ങൾ എന്നതിലുപരി അന്നത്തെ സമൂഹത്തിൽ അലിഞ്ഞിരുന്ന ജാതി വ്യവസ്ഥയായിരുന്നു എന്ന തിരിച്ചറിവ് പൊതുവെ ഉണ്ടായിരുന്നു.
മലബാറിൽ വർഗ്ഗീയ രോഷം ആളിക്കത്തിക്കാൻ വീണ്ടും വീണ്ടും ഉപയോഗിച്ച മാപ്പിള കലാപത്തിന്റെ ആഖ്യാനങ്ങളായിരുന്നു ഇതിന് അപവാദം. കലാപം നേരിട്ട് അനുഭവിച്ചതോ കേട്ടറിവിന്റെ ഓർമ്മകൾ ഉള്ളതോ ആയ മലബാറിലെ ഉയർന്ന ജാതിയിൽ പെട്ട മുതിർന്ന സ്ത്രീകളിലുണ്ടായ ‘ലൈംഗിക കൊള്ളക്കാരനാ’യ മുസ്ലി’മിനെക്കുറിച്ചുള്ള ഭയം എനിക്ക് വ്യക്തിപരമായി ബോധ്യമുള്ളതാണ്. മാപ്പിള സമരക്കാർ തങ്ങളുടെ പീഡകരെയാണ് കൂടുതലും ആക്രമിച്ചതെന്നും ഉയർന്ന ജാതി സ്ത്രീകൾക്കെതിരായ അക്രമങ്ങൾക്ക് നേതൃത്വം ഒരിക്കലും അനുമതി നല്കിയിരുന്നില്ലെന്നുമുള്ള വാദവും പീഡന കഥകളുടെ പ്രാധാന്യത്തോടെ തന്നെ പ്രചാരത്തിൽ ഉണ്ടായിരുന്നത് കൊണ്ട് സമൂഹത്തിൽ അതിൻ്റെ ആഘാതം ഏകപക്ഷീയമായിരുന്നില്ല. ഈ വിദ്വേഷകഥയുടെ ഏറ്റവും സൗന്ദര്യാത്മകമായ അനുരൂപീകരണം നടത്തിയ കവി കുമാരനാശാന്റെ രചനയ്ക്കെതിരെ തിരുവിതാംകൂറിലെ മുസ്ലീം സമൂഹം പ്രതികരിക്കുകയും അദ്ദേഹത്തിൽ നിന്ന് ക്ഷമാപണം നേടിയെടുക്കുകയും ചെയ്തു.
ഇരുപതാം നൂറ്റാണ്ടിലെ കേരളത്തിൽ, ഹിന്ദുത്വ ഭാവനയോട് കൂറ് പുലർത്തിയ സ്ത്രീകൾ ജാതി രാഷ്ട്രീയത്തിലൂടെയാണ് ഇത് പ്രധാനമായി രൂപപ്പെടുത്തിയെടുത്തത്. ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യ ദശകങ്ങളിൽ സംഭവിച്ച ബ്രാഹ്മണ-ശൂദ്ര സമവായത്തിന്റെ നവീകരണം പരമ്പരാഗത ജാതി ക്രമമായ ജന്മ-ഭേദത്തിന്റെ (ജനനം അനുസരിച്ച് വ്യത്യാസം) തീവ്ര മനുഷ്യരഹിതമായ വ്യവസ്ഥയെ അടിസ്ഥാനമാക്കിയതായിരുന്നു.
ജാതീയമായ അടിച്ചമർത്തലുകളുടെ ആഘാതത്തിൽ തകർന്നിരുന്ന സമൂഹങ്ങൾ സമുദായ പരിഷ്കരണതിന്ന് തുടക്കം കുറിച്ചു. സാമുദായിക പരിഷ്കരണ നേതാക്കൾ (പ്രധാനമായും പുരുഷന്മാർ) ബ്രാഹ്മണരുടെ നിത്യ ജീവിതത്തിലും നായന്മാരുടെ ദാസ്യാവസ്ഥയിലും ആചാരപരമായ പാരമ്പര്യ ചിട്ടവട്ടങ്ങൾക്ക് മാറ്റം വരുത്തി അധുനിക ജീവിത രീതികളുമായി ഒത്തുപോകുന്ന പരിഷ്കാരങ്ങൾ നിർദേശിച്ചു. ആചാരങ്ങളും അനുഷ്ഠാനങ്ങളും മിക്കവാറും വീടുകൾക്കുള്ളിലും ആരാധനാലയങ്ങളിലുമായി ഒതുങ്ങി.
ഇത് ഒരു സാംസ്കാരിക രൂപീകരണത്തിന് കാരണമായി, അതിനെ ഞാൻ ‘നവ സവർണ്ണം’ എന്ന് വിളിക്കുന്നു. നവസവർണ്ണ ഭാവനയിൽ, സ്ത്രീകൾ പ്രാഥമികമായി വീടുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്, അതിലൂടെ ആചാരങ്ങളുമായും. ഉദാഹരണത്തിന്, ആർത്തവ വിലക്ക് എല്ലാ യാഥാസ്ഥിതിക ഉയർന്ന ജാതി ഹിന്ദു ഭവനങ്ങളിലും ആചരിക്കുന്ന ഒരു ആചാരമായിരുന്നു. ഇത്തരം സമ്പ്രദായങ്ങൾ സ്ത്രീകളെ കൃത്യമായി നവസവർണ്ണത്തിലേക്ക് സമന്വയിപ്പിച്ചു. ഈ സംഘടിത സമുദായങ്ങളിലെ സ്ത്രീകൾ ഉദാരസ്വാതന്ത്ര്യം ത്യജിച്ചത് ഉയർന്ന ജാതിയിൽ പെട്ട സമുദായം നൽകുന്ന ജാതീയമായ മേൽക്കോയ്മയും സാമ്പത്തിക സുരക്ഷയും അനുഭവിക്കാൻ വേണ്ടി ആയിരുന്നു. അക്കാലത്തെ മറ്റ് സംഘടിത സമുദായങ്ങളിലെ സ്ത്രീകളെപ്പോലെ ഇരുപതാം നൂറ്റാണ്ടിലെ നവസവർണ്ണ സ്ത്രീകൾ അവരുടെ സമൂഹങ്ങളുമായി ബന്ധിക്കപ്പെട്ടിരുന്നത് അപരഭയം മൂലമല്ല. മറിച്ച്, പ്രത്യക്ഷത്തിൽ ജന്മം കൊണ്ടാണെന്ന് തോന്നിപ്പിക്കുന്ന പ്രതിബദ്ധതയിലൂടെയാണ്.
ചുരുക്കി പറഞ്ഞാൽ, ഹിന്ദു സ്ത്രീകളെ തങ്ങളുടെ തൊഴുത്തിലേക്കെത്തിക്കാൻ ഹിന്ദുത്വ തീവ്ര വലതുപക്ഷത്തിന് ലഭ്യമായ പ്രധാന പ്രയോഗതന്ത്രം, ഇരുപതാം നൂറ്റാണ്ടിൽ ഇവിടെ വേണ്ടത്ര ലഭ്യമായിരുന്നില്ല.
എന്നിരുന്നാലും, ആ നൂറ്റാണ്ടിന്റെ അവസാനത്തോടെ, മുസ്ലിം ഫോബിയയ്ക്കുള്ള സാഹചര്യങ്ങൾ പാകപെട്ട് വരികയായിരുന്നു. 1970കളിലെ ഭൂപരിഷ്കരണത്തിന് ശേഷം ഉയർന്നജാതിക്കാരായ ഹിന്ദുക്കളുടെ സമ്പത്തിന്റെ ദൃശ്യമായ അടയാളങ്ങൾ – സ്ഥലത്തിന്മേൽ ഉള്ള ആധിപത്യം – ഒരു പരിധിവരെ കുറഞ്ഞു, ഗൾഫ് രാജ്യങ്ങളിലേക്കുള്ള മുസ്ലീം കുടിയേറ്റം അവരുടെ സ്ഥല സാന്നിദ്ധ്യം വർദ്ധിപ്പിച്ചു.
കൊട്ടാര സമാനമായ വീടുകൾ, പുതിയ ശൈലിയിലുള്ള പള്ളികൾ, നഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും വർധിച്ചുവരുന്ന മുസ്ലിം മുതൽമുടക്കിലുള്ള സ്ഥാപനങ്ങളുടെ എണ്ണം, മുസ്ലീം കുടുംബങ്ങളുടെ പുതിയ ഉയർന്ന ഉപഭോഗ ജീവിതരീതികൾ, മലേഷ്യൻ, ഇന്തോനേഷ്യൻ, സൗദി അറേബ്യ എന്നിവിടങ്ങളിൽ നിന്ന്പ്രചോദനം ഉൾക്കൊണ്ട പുതിയ ഇസ്ലാമിക വസ്ത്ര ശൈലികൾ – ഇവ പല മലയാളികളെയും യാഥാസ്ഥിതികരെയും പുരോഗമനവാദികളെയും ഒരുപോലെ അസ്വസ്ഥരാക്കി.
അത്തരം മാറ്റങ്ങൾ ഹിന്ദു സ്ത്രീകളെ കൂടുതലായി ഹിന്ദുത്വ പക്ഷത്തേക്ക് ഉടനെ തള്ളിവിട്ടില്ല. മുകളിൽ സൂചിപ്പിച്ചതുപോലെ, അപരനോടുള്ള വിദ്വേഷത്തേക്കാൾ കൂടുതൽ ജാതീയ മൂലധനം പങ്കിടാനുള്ള സാധ്യതയാണ് അവരെ നവസവർണ്ണ ഹൈന്ദവ ഭാവനയിലേക്ക് അടുപ്പിച്ചത്.
സമ്പത്തുള്ള ഉയർന്ന, മധ്യവർഗ്ഗ നവസവർണ്ണ മലയാളി സ്ത്രീകളെ (ഇപ്പോൾ അടിച്ചമർത്തപ്പെട്ട ജാതികളിലെ ഉയർന്ന വിഭാഗങ്ങളിലെ സ്ത്രീകളെയും) ആകർഷിച്ച കേരളത്തിലെ ഹിന്ദു മതപ്രഭാഷകരുടെയും ആൾദൈവങ്ങളുടെയും പ്രസംഗങ്ങളിലെ ഹിന്ദു മഹത്വത്തിന്റെ ആഘോഷം, ആചാരാധിഷ്ഠിതമായ ജീവിതശൈലിയിലേക്ക് മടങ്ങാനുള്ള ഉദ്ബോധനങ്ങളാണ്.
2009ലാണ് ഹിന്ദുത്വ വലതുപക്ഷക്കാർ ‘ലൗ ജിഹാദിനെ’ ആയുധമാക്കി മുസ്ലീം വിദ്വേഷം കേരളത്തിലേക്ക് കൊണ്ടുവരുന്നത്.
(തുടരും)
രണ്ടാം ഭാഗം: http://www.mumbaikaakka.com/devika-on-kerala-story-hinduta-and-malayali-woman-2/