മഹാരാഷ്ട്രയിൽ പഞ്ചഗണിക്ക് സമീപമുള്ള ഭിലാർ എന്ന പുസ്തകാൻച്ച ഗാവ് അഥവാ പുസ്തകഗ്രാമത്തിലെ വിശേഷങ്ങൾ.
മുംബൈയിൽനിന്നും ഇരുന്നൂറ്റി അറുപതോളം കിലോമീറ്റർ അകലെ സത്താറ ജില്ലയിലുള്ള വൈ-മഹാബലേശ്വർ റോഡിലെ പസർനി ചുരം കടക്കുമ്പോൾ നേർത്ത മഞ്ഞിൻ തിരശീലയുടെ സുതാര്യതക്കപ്പുറം സഹ്യാദ്രി മലമടക്കുകളിൽ ഇളംവെയിൽ പടർന്നുകഴിഞ്ഞിരുന്നു. ആകാശനീലിമയിൽ ഏതോ ദൂതുമായി പോകുന്ന രാജഹംസങ്ങളെപ്പോലെ ഒരു കൂട്ടം വെൺമേഘങ്ങൾ. പിറകോട്ടോടിയകലുന്ന പാതയോരങ്ങളിലെ കുളിരണിഞ്ഞ പച്ചിലച്ചാർത്തുകളിൽ പേരറിയാക്കിളികൾ ബിലഹരികൾ പാടുന്നു. വിളഞ്ഞ സ്ട്രോബറികളുടെ ഉന്മേഷഗന്ധം ചൂടിയെത്തിയ പുലർകാറ്റ് പഞ്ചഗണിയുടെ സാമീപ്യം വിളിച്ചറിയിച്ചപ്പോൾ പഞ്ചഗണി-മഹാബലേശ്വർ റോഡിലെ ബോസെ-ഖിൻഡ് ഗ്രാമപഞ്ചായത്തിനടുത്ത് ബസിറങ്ങി. നിരത്തുവക്കിലെ തട്ടുകടകളിൽ അപ്പോൾ ഹൃദയത്തിന്റെ ആകൃതിയുള്ള ചുവന്നു തുടുത്ത സ്ട്രോബെറിപ്പഴങ്ങളുടെ പിരമിഡുകൾ തീർത്ത് കച്ചവടക്കാർ സന്ദർശകരെ പ്രലോഭിപ്പിക്കാൻ തുടങ്ങിയിരുന്നു.
മഹാരാഷ്ട്രയിലെ പ്രശസ്തമായ സുഖവാസകേന്ദ്രങ്ങളിലൊന്നാണ് പഞ്ചഗണി (പാഞ്ച്ഗനി എന്നും പറയും). നിരവധി പ്രമുഖ റസിഡൻഷ്യൽ സ്കൂളുകൾക്ക് പേരുകേട്ട പഞ്ചഗണിയിൽനിന്ന് ഒമ്പതു കിലോമീറ്റർ മാത്രം അകലെയാണ് മറ്റൊരു സുഖവാസകേന്ദ്രമായ മഹാബലേശ്വർ. കർണ്ണാടക, തെലങ്കാന, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന കൃഷ്ണവേണി എന്ന കൃഷ്ണാനദിയുടെ ഉത്ഭവസ്ഥാനമാണ് മഹാബലേശ്വർ. ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്ട്രോബെറി, റാസ്പ്ബെറി, മൾബെറി തുടങ്ങിയ വിശിഷ്ട പഴവർഗ്ഗങ്ങൾ കൃഷി ചെയ്തുവരുന്ന ഇടങ്ങൾ എന്ന നിലയിലും പഞ്ചഗണി, മഹാബലേശ്വർ എന്നീ നിത്യഹരിത ചെമ്മൺ പ്രദേശങ്ങൾ പ്രസിദ്ധമാണ്. അവിടങ്ങളിലേക്കൊരു ഉല്ലാസയാത്രയായിട്ടല്ല, മറിച്ച്, അവിടെ അടുത്തുള്ള പുസ്തകാൻച്ച ഗാവ് അഥവാ പുസ്തകഗ്രാമം എന്ന പേരിൽ പ്രസിദ്ധമായ ഭിലാർ ഗ്രാമം സന്ദർശിക്കുകയായിരുന്നു യാത്രോദ്ദേശ്യം.
പുസ്തകാൻച്ച ഗാവ്
പഞ്ചഗണിയിലെ ഭോസെ പഞ്ചായത്താപ്പീസ് പരിസരത്തുനിന്നും കഷ്ടിച്ച് അഞ്ചു കിലോമീറ്റർ അകലെ, തെങ്ങുകളില്ലെങ്കിലും കേരളത്തിലെ ഒരു ഉൾനാടൻ ഗ്രാമം വേരോടെ പറിച്ചുനട്ട പ്രതീതിയുണർത്തുന്ന ഒരു കൊച്ചു ഗ്രാമമാണ് ഭിലാർ. മലനിരകളിലെ വെള്ളച്ചാട്ടങ്ങളും നിബിഡമായ ഹരിതവനസ്ഥലികളും സ്ട്രോബെറിപ്പാടങ്ങളും വൈവിധ്യമാർന്ന കിളിയൊച്ചകളും കുളുർമ്മയുള്ള രാപ്പകലുകളും ഉത്സാഹഭരിതരും ഉദാരമനസ്കരും സ്നേഹശീലരും സൽക്കാരപ്രിയരുമായ ഗ്രാമവാസിളുമാണ് 432 ഓളം ഹെക്ടർ മാത്രം വിസ്തീർണമുള്ള ഭിലാർ ഗ്രാമത്തിന്റെ അടിസ്ഥാന സൗന്ദര്യങ്ങളും അലങ്കാരങ്ങളും. ആ സൗന്ദര്യാലങ്കാരങ്ങളുടെ മാറ്റ് കൂട്ടാൻ പര്യാപ്തമാണ് ഗ്രാമത്തിന് ലഭിച്ച പുസ്തകഗ്രാമം എന്ന പുതിയ പേര്. 2011-ലെ കണക്കെടുപ്പ് പ്രകാരം ഗ്രാമത്തിൽ 602 കുടുംബങ്ങളിലായി മൊത്തം ജനസംഖ്യ 2807 ആയിരുന്നു. ഇന്നത്തെ ജനസംഖ്യക്ക് വ്യക്തവും ഔദ്യോഗികവുമായ കണക്കുകൾ ലഭ്യമല്ല. എങ്കിലും ഗ്രാമത്തിൽ ഇപ്പോൾ 90 ശതമാനത്തോളം സാക്ഷരതയുണ്ടെന്ന് കണക്കാക്കപ്പെടുന്നു. സർക്കാർ തലത്തിലും സ്വകാര്യ തലത്തിലുമായി അവിടെ ഇന്നുള്ള പതിനഞ്ചോളം സ്കൂളുകൾ അതിനു തെളിവായി ചൂണ്ടിക്കാട്ടാം. ഒരു കാലത്ത് തദ്ദേശവാസികളായ മഹാരാഷ്ട്രക്കാർ മാത്രം താമസക്കാരായി ഉണ്ടായിരുന്ന ഭിലാർ ഗ്രാമത്തിലേക്ക് ദക്ഷിണേന്ത്യക്കാർ, പ്രത്യേകിച്ചും മലയാളികളാരും, ഇതുവരെ എത്തിയിട്ടില്ല. അതേസമയം മറ്റു പലരും അവിടേക്ക് കുടിയേറ്റക്കാരായ എത്തിക്കൊണ്ടിരിക്കുമ്പോൾ പൊതുവെ ശാന്തവും ശാലീനവും സ്വച്ഛവുമായ ആ ഗ്രാമത്തിന്റെ സംശുദ്ധി ചൂഷണം ചെയ്യപ്പെടുമോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ലാതില്ല. സമീപ പ്രദേശങ്ങളായ പഞ്ചഗണി, മഹാബലേശ്വർ എന്നിവിടങ്ങളിലെപ്പോലെ സ്ട്രോബെറി തന്നെയാണ് ഭിലാറിലെയും പ്രധാന കാർഷികോൽപ്പന്നം. ഒക്ടോബർ മുതൽ മെയ് വരെയാണ് അവിടങ്ങളിൽ സ്ട്രോബെറിയുടെ ഉല്പാദന- വിളവെടുപ്പുകാലം. മധുരം കിനിയുന്ന സ്ട്രോബെറിപ്പഴങ്ങളുടെ പേരിൽമാത്രം സാമീപകാലം വരെ അറിയപ്പെട്ടിരുന്ന ഭിലാർ ഗ്രാമം മൂന്നു വര്ഷം മുമ്പ് മാത്രമാണ് പുസ്തകാൻച്ച ഗാവ് എന്ന പുതിയ പേരിൽ അറിയപ്പെടാൻ തുടങ്ങിയത്. അതിനു നിമിത്തമായത് ആ ഗ്രാമത്തിലെ വീടുകൾ തോറുമുള്ള നിരവധി കൊച്ചു കൊച്ചു വായനശാലകളും അവയിലെ പതിനായിരക്കണക്കിന് പുസ്തകങ്ങളുമാണ്. അതൊരു രൂപാന്തരത്തിന്റെ കഥയാണ്.
ബ്രിട്ടനിലെ വെൽഷ് പട്ടണത്തിലുള്ള ഹേ-ഓൺ-വേ (ദി ടൗൺ ഓഫ് ബുക്സ്)യുടെ മാതൃകയിൽ രൂപം നൽകിയ ഒരു പദ്ധതിയാണ് ഭിലാർ ഗ്രാമത്തെ പുസ്തകങ്ങളുടെ ഗ്രാമമാക്കി മാറ്റിയത്. 2017 ൽ അന്നത്തെ മഹാരാഷ്ട്ര സർക്കാരിൽ സാംസ്കാരിക വകുപ്പും മറാഠി ഭാഷാ വകുപ്പും കൈകാര്യം ചെയ്തിരുന്ന മന്ത്രി വിനോദ് താവ്ഡെയാണ് ആ പദ്ധതിയുടെ ഉപജ്ഞാതാവ്. ദി ടൗൺ ഓഫ് ബുക്സിൽ നിരവധി സ്റ്റാളുകളിലൂടെ പുസ്തകങ്ങളുടെ കച്ചവടമാണ് നടക്കുന്നതെങ്കിൽ പുസ്തകഗ്രാമത്തിലൂടെ ജനങ്ങളിൽ, പ്രത്യേകിച്ചും പുത്തൻ തലമുറക്കാരിൽ, വായനാശീലം ഊട്ടിയുറപ്പിക്കുന്നതോടൊപ്പം രാജ്യത്തിൻറെ സമ്പന്നമായ സാഹിത്യ സാംസ്കാരിക പാരമ്പര്യങ്ങളെക്കുറിച്ചുള്ള അവബോധത്തിന്റെയും അഭിനിവേശത്തിന്റെയും പുനരുദ്ദീപനമാണ് ലക്ഷ്യം വെക്കുന്നത്. ഇതിനായി ഭിലാർ ഗ്രാമം തെരഞ്ഞെടുക്കാൻ കാരണം ആ ഗ്രാമത്തിന്റെ രമണീയതയും അവിടത്തെ പ്രശാന്തമായ അന്തരീക്ക്ഷവും നിഷ്കളങ്കരായ ഗ്രാമവാസികളുടെ സ്വാർത്ഥതയില്ലാത്ത സഹകരണത്തിനും പുറമെ അവിടം ഒരു സാഹിത്യ സാംസ്കാരിക കേന്ദ്രമാക്കി ഉയർത്താനുള്ള ദീർഗവീക്ഷണം കൂടിയാണ്. ഇന്ത്യയിൽ ആദ്യമായിട്ടാണ് ഇങ്ങനെ വ്യത്യസ്തമായ ഒരു ആശയത്തിലൂന്നിക്കൊണ്ടുള്ള പദ്ധതി സാക്ഷാത്കരിക്കപ്പെട്ടത്.
തുടക്കം
പുസ്തകഗ്രാമം എന്ന സങ്കൽപത്തിലൂന്നിക്കൊണ്ടുള്ള പദ്ധതി പ്രയോഗികമാക്കുന്നതിനായി ആ ഗ്രാമത്തിലെ ഇരുപത്തഞ്ചോളം വീടുകളാണ് തുടക്കത്തിൽ തിരഞ്ഞെടുത്തത്. തുടർന്ന് ഓരോ വീട്ടിലും അഞ്ഞൂറും അറുന്നൂറും പുസ്തകങ്ങളുള്ള കൊച്ചു കൊച്ചു വായനശാലകൾ സ്ഥാപിക്കുകയും ചെയ്തു. നിരവധി കലാകാരൻമാർ ഭിലാറിലെത്തിയാണ് പുസ്തകങ്ങളുമായി ബന്ധപ്പെട്ട വിവിധ പ്രമേയങ്ങൾ പ്രതിഫലിക്കുന്ന കലാസൃഷ്ടികളാൽ ഓരോ വായനശാലയും പരിസരങ്ങളും രൂപകൽപന ചെയ്തത്. വായനശാലകളിലേക്കുള്ള പുസ്തകങ്ങൾ നൽകിയത് മഹാരാഷ്ട്ര സർക്കാരും. അവയിൽ ഭൂരിഭാഗവും മറാഠി ഭാഷയിലെ പ്രമുഖ എഴുത്തുകാരുടെ പുസ്തകങ്ങളായിരുന്നു. ഭിലാർ ഗ്രാമത്തെ പുസ്തക ഗ്രാമമാക്കുന്നതിനായി പ്രതിഫലമൊന്നും വാങ്ങാതെയാണ് ഗ്രാമവാസികൾ തങ്ങളുടെ വീടുകൾക്കുള്ളിലും മറ്റും സ്ഥലം നൽകി സഹകരിച്ചത്. ആ സഹകരണം തുടർന്നു വരുന്നതിന്റെ തെളിവാണ് വായനശാലകളുടെ എണ്ണം ഇരുപത്തഞ്ചിൽനിന്നു നാല്പതിലും പുസ്തകങ്ങൾ പതിനയ്യായിരത്തിൽനിന്ന് മുപ്പത്തിനായിരത്തിനു മീതെയും ഇന്ന് എത്തി നിൽക്കുന്നത്. എന്നു മാത്രമല്ല, അവയിലിപ്പോൾ മറാഠി പുസ്തകങ്ങൾ കൂടാതെ ഹിന്ദിയിലും ഇംഗ്ളീഷിലുമുള്ള ധാരാളം പുസ്തകങ്ങളുണ്ട്. അവയെല്ലാം വായനക്കാരുടെയും സന്ദര്ശകരുടെയും സൗകര്യാർത്ഥം പ്രത്യേക വിഭാഗങ്ങളായി വേർതിരിച്ചാണ് ഓരോ വായനശാലയിലും സൂക്ഷിച്ചിരിക്കുന്നത്. വായനശാലകളിലേക്കുള്ള പുസ്തകങ്ങൾ തെരഞ്ഞെടുക്കുന്നത്തിനും വിതരണം ചെയ്യുന്നതിനുമായി സർക്കാർ തലത്തിൽ തന്നെ സ്ഥാപിച്ചിട്ടുള്ള ഒരു പ്രത്യേക കമ്മിറ്റിയുണ്ട്. അധികം വൈകാതെ ഗുജറാത്തി പുസ്തകങ്ങളും അവിടത്തെ വായനശാലകളിൽ ലഭ്യമാക്കാനുള്ള ശ്രമങ്ങൾ തുടർന്നു വരികയാണ്. ഇങ്ങനെ ഇതര ഭാഷാ പുസ്തകങ്ങളും കാലക്രമേണ ആ വായനശാലകളിൽ ലഭ്യമായേക്കാം.
പുസ്തകഗ്രാമത്തിലെത്തുമ്പോൾ
പഞ്ചഗണി-മഹാബലേശ്വർ റോഡിലെ ഭോസെ ഖിൻഡ് ഗ്രാമപഞ്ചായത്താപ്പീസ് പരിസരത്തുനിന്നുമാണ് ഭിലാർ റോഡ് ആരംഭിക്കുന്നത്. പൊതു ഗതാഗത സൗകര്യമൊന്നുമില്ലെങ്കിലും വല്ലപ്പോഴും അതുവഴി എത്തുന്ന കാലാപീല എന്ന കറുപ്പും മഞ്ഞയും നിറമുള്ള സ്വകാര്യ വാടകവണ്ടികളിലോ അതുമല്ലെങ്കിൽ കാൽനടയായോ അല്പം മുന്നോട്ടു ചെല്ലുമ്പോൾ ഇടതുവശം ചേർന്ന് ‘पुस्तकांचं गाव’ मध्ये आपले सहर्ष स्वागत आहे’ എന്നും ‘आम्हा घरी धन…..शब्दांचीच रत्ने’ എന്നും മറാഠിയിൽ ഒരു ബോർഡ് കാണാം. പുസ്തകഗ്രാമമായ ഭിലാറിലക്ക് നിങ്ങൾക്ക് ഹൃദയപൂർവം സ്വാഗതം, വാക്കുകളുടെ രത്നങ്ങളാണ് ഞങ്ങളുടെ വീട്ടിലെ ധനം എന്നിങ്ങനെ അർഥം വരുന്നതാണ് ആ മറാഠി ലിഖിതങ്ങൾ. അതിൽ വാക്കുകളുടെ രത്നങ്ങളാണ് ഞങ്ങളുടെ വീട്ടിലെ ധനം എന്നത് പതിനേഴാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ഭക്ത കവി സന്ത് തുക്കാറാമിന്റെ ഒരു കവിത (അഭംഗ്)യുടെ ആദ്യവരികളാണ്. ആ വരികളെ അന്വര്ഥമാക്കുന്നതാണ് പുസ്തകഗ്രാമവും അവിടത്തെ വീടുകളുമെന്ന് തുടർന്നുള്ള യാത്രയിൽ ബോധ്യമാകും.
പുസ്തകഗ്രാമത്തിലേക്ക് സ്വാഗതമരുളുന്ന ആ ബോർഡിനടുത്തുള്ള ഹിൽറെയ്ഞ്ച് ഹൈസ്കൂളിൽനിന്നാണ് ഗ്രാമത്തിലെ വായനശാലകളുടെ തുടക്കം. സ്കൂളിലെ വിദ്യാര്ധികൾക്കു കൂടി പ്രയോജനപ്പെടുംവിധം ബാലസാഹിത്യവിഭാഗത്തിലുള്ള പുസ്തകങ്ങളാണ് അവിടെയുള്ളത്. അതിനടുത്തായി അനിൽ ഭിലാരെ എന്ന ഗ്രാമവാസിയുടെ വീട്ടിലെ വായനശാല മത്സര പരീക്ഷകളുമായി ബന്ധപ്പെട്ട പുസ്തകങ്ങളാൽ സമ്പന്നമാണ്. കുറച്ചുകൂടി മുന്നോട്ടു ചെന്നാൽ ബാലാസാഹേബ് ഭിലാരെയുടെ വീട്ടിലെ കാദംബരി എന്ന വായനശാലയിലെത്താം. നോവൽ വിഭാഗത്തിൽ അറുന്നൂറോളം പുസ്തകങ്ങളാണ് അവിടെയുള്ളത്. ശിവസാഗർ എന്ന വീട്ടിലെ വായനശാലയിൽ ശാസ്ത്രസംബന്ധമായ പുസ്തകങ്ങളാണ് വിജ്ഞാനകുതുകികളെ കാത്തിരിക്കുന്നത്. സായ് എന്ന വീട്ടിലെ വായനശാലയിൽ സ്പോർട്ട്സ് സംബന്ധമായ പുസ്തകങ്ങൾക്കാണ് പ്രാധാന്യം. മറാഠി ഭാഷയിലുള്ള ദീപാവലി വാര്ഷികപ്പതിപ്പുകളുടെ ശേഖരമാണ് അതിനടുത്തുള്ള വീട്ടിൽ. അധികം ദൂരെയല്ലാതെ കൃഷികാഞ്ചൻ എന്ന കെട്ടിടത്തിന്റെ ഒന്നാം നിലയിൽ പുസ്തകഗ്രാമ പദ്ധതിയുമായി ബന്ധപ്പെട്ട കാര്യാലയവും ഇൻഫർമേഷൻ സെന്ററും ചേർന്നുള്ള കുറേക്കൂടി വിപുലമായ വായനശാലയുണ്ട്. ജീവചരിത്രം, ആത്മകഥ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപെട്ട നിരവധി പുസ്തകങ്ങൾക്കു പുറമെ ഓഡിയോ പുസ്തകങ്ങളും പുസ്തകഗ്രാമത്തെക്കുറിച്ചുള്ള ഡോക്യുമെന്ററിയുമൊക്കെയാണ് അവിടത്തെ സൂക്ഷിപ്പ്. കൃഷികാഞ്ചൻ കഴിഞ്ഞ് മുന്നോട്ടുള്ള യാത്രക്കിടയിലും വായനശാലകളുള്ള നിരവധി വീടുകൾ കണ്ടെത്താനാകും. സ്ത്രീസാഹിത്യം തുടങ്ങി വിപ്ലവ പ്രസ്ഥാനങ്ങൾ, സാമൂഹിക പരിഷ്കരണം, ചിന്ത, കഥ, ലോകസാഹിത്യം, നാടകം, സിനിമ, ചിത്രകല, പുരസ്കാര ജേതാക്കൾ, വൈവിധ്യമാർന്ന കലകൾ എന്നിങ്ങനെ വിവിധ വിഭാഗങ്ങളിൽപെട്ട പുസ്തകങ്ങളാണ് അവയിലെല്ലാം.
പുസ്തകഗ്രാമം എന്ന സങ്കല്പത്തെ യാഥാർഥ്യമാക്കുന്നതിൽ ഗ്രാമത്തിലെ വീടുകൾക്കു പുറമെ ഗ്രാമവാസികളുടെ ഇഷ്ടദൈവങ്ങൾ കുടിയിരിക്കുന്ന ക്ഷേത്രങ്ങളുടെ പങ്കും നിസാരമല്ലെന്നുള്ളതിന്റെ തെളിവാണ് അവിടത്തെ ഹനുമാൻ ക്ഷേത്രവും രാമക്ഷേത്രവും ജനനിമാതാ ക്ഷേത്രവുമൊക്കെ. അതിൽ സമകാലിക സാഹിത്യവുമായി ബന്ധപ്പെട്ട പുസ്തകങ്ങളുടെ പ്രദർശന കേന്ദ്രങ്ങളാണ് ഹനുമാൻ ക്ഷേത്രവും രാമക്ഷേത്രവും. അതേസമയം മഹാന്മാരുടെയും പുണ്യാത്മാക്കളുടെയും കൃതികളുടെ പ്രദര്ശനകേന്ദ്രമായി ജനനിമാതാ ക്ഷേത്രവും നിലകൊള്ളുന്നു. അതുപോലെ തന്നെ ഗ്രാമത്തിലെ ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, റിസോർട്ടുകൾ എന്നിവയുടെ കാര്യവും വ്യത്യസ്തമല്ല. ഉദാഹരണമായി അവിടത്തെ അൻമോൽസ് ഇൻ എന്ന ഹോട്ടൽ തന്നെയെടുക്കാം. ആ ഹോട്ടലിന്റെ താഴത്തെ നിലയിൽ റിസപ്ഷനോടു ചേർന്നുള്ള വായനശാലയിൽ മഹാരാഷ്ട്ര സംസ്ഥാനം, മറാഠി ഭാഷ, സംസ്കാരം എന്നിവയെക്കുറിച്ചും അതോടൊപ്പം കൗമാരപ്രായക്കാർക്കു വേണ്ടി പ്രത്യേകം തെരഞ്ഞെടുത്തതുമായ നാനൂറിൽപരം പുസ്തകങ്ങളാണുള്ളത്. ഇങ്ങനെയൊരു വായനശാല തന്റെ ഹോട്ടലിനു അഭിമാനം മാത്രമല്ല അനുഗ്രഹവും അലങ്കാരവും കൂടിയാണെന്നാണ് ഹോട്ടൽ ഉടമകളായ രാജേന്ദ്ര ഭിലാരെക്കും മകൻ രാഹുൽ ഭിലാരെക്കും പറയാനുള്ളത്.
അൻമോൽസ് ഇൻൻ എന്ന ഹോട്ടലിനു പുറമെ ഇതിഹാസങ്ങളുടെ ചുരുളഴിക്കുന്ന പുസ്തകങ്ങളുമായി സായ് റെസ്റോറന്റിലെ വായനശാലയും പ്രകൃതി, ടൂറിസം, പരിസ്ഥിതി എന്നിവയുമായി ബന്ധപ്പെട്ട പുസ്തകങ്ങളുമായി മയൂർ റിസോർട്ടിലെ വായനശാലയും പുസ്തകഗ്രാമം സന്ദർശിക്കുന്നവർക്ക് കണ്ടില്ലെന്നു നടിക്കാനാവില്ല. അക്കൂട്ടത്തിൽ തന്നെ പ്രത്യേക പരാമർശം അർഹിക്കുന്ന മറ്റൊരിടം കൂടിയുണ്ട്. മറാഠി കവിതാസാഹിത്യത്തെ ധന്യമാക്കിയ ശാന്ത ഷെൽകെ, ഗ്രേസ് (മാണിക് സീതാറാം ഗോദ്ഘാട്ടെ) തുടങ്ങിയ പ്രഗത്ഭരുടെ കവിതകളുറങ്ങുന്ന ഗിരിജ റിസോർട്ടിലെ വായനശാലയാണത്.
പ്രശംസനീയമായ ആതിഥ്യമര്യാദ
ലോകത്തിന്റെ തന്നെ വിവിധ ഭാഗങ്ങളിൽനിന്നാണ് ആൾക്കാർ ഉല്ലാസയാത്രയുടെ ഭാഗമായോ കൗതുകത്തിന്റെ പേരിലോ പുസ്തകങ്ങളോടുള്ള അഭിനിവേശംകൊണ്ടോ അതുമല്ലെങ്കിൽ ഗവേഷണങ്ങൾക്കായോ പുസ്തകഗ്രാമത്തിലെത്തുന്നത്. ആരായാലും പുസ്തകഗ്രാമത്തിലെത്തുന്ന സന്ദർശകർ ഗ്രാമവാസികളെ സംബന്ധിച്ചിടത്തോളം വിശിഷ്ട തിഥികളാണ്. അങ്ങനെയുള്ള അതിഥികൾക്ക് ആ വീടുകളുടെ വാതിലുകൾ എപ്പോൾ വേണമെങ്കിലും മുട്ടി വിളിക്കാം. ആരും സംശയിക്കുകയോ ചോദ്യം ചെയ്യുകയോ ഇല്ല. വീട്ടിലെ ഏതെങ്കിലുമൊരംഗം നിറപുഞ്ചിരിയോടെ തന്നെ വാതിൽ തുറന്നു തരും. അനുമതിക്കു വേണ്ടി കാത്തു നിൽക്കാതെ അകത്ത് പ്രവേശിക്കാം.പ്രത്യേകം സജ്ജമാക്കിയിട്ടുള്ള വായനശാലയിലെ ശേഖരത്തിൽനിന്ന് ഏതു പുസ്തകം വേണമെങ്കിലും തെരഞ്ഞെടുത്ത് പരിശോധിക്കുകയോ എത്ര നേരം വേണമെങ്കിലും അവിടെയിരുന്ന് വായിക്കുകയോ ചെയ്യാം. പുസ്തകഗ്രാമത്തെക്കുറിച്ചും വായനശാലകളിലെ പുസ്തകങ്ങളെക്കുറിച്ചുമുള്ള ലഘുലേഖകളും മറ്റും ഓരോ ഇടത്തും സൂക്ഷിച്ചിട്ടുണ്ടാകും. എങ്കിലും പ്രത്യേകം എന്തെങ്കിലും അറിയണമെന്നുണ്ടെങ്കിൽ അവരോടു ചോദിച്ചാൽ ഹൃദ്യമായ ഭാഷയിലും ഭവ്യമായ വാക്കുകളിലും മറുപടി നല്കാൻ അവർ എപ്പോഴും ഉൽസുകരായിരിക്കും. അല്ലെങ്കിൽ സന്ദർശകരുടെ സ്വാതന്ത്ര്യത്തിൽ ഇടപെടാതെ അവർ തങ്ങളുടെ വീട്ടുജോലികളിൽ മുഴുകും. അപ്പോഴും അന്യരും അപരിചിതരുമായ സന്ദർശകർ സ്വീകരണമുറിയിലിരിപ്പുണ്ടെന്ന ഭയാശങ്കകളൊന്നും കൂടാതെ വീട്ടിലെ മറ്റു മുറികളെല്ലാം തുറന്നിടാനുള്ള അവരുടെ ആതിഥ്യമര്യാദ ശ്രദ്ധേയവും പ്രശംസനീയവുമാണ്.
ഭിലാർ എന്ന പുസ്തകഗ്രാമത്തിലെ വിശേഷങ്ങൾ ഇവിടെ അവസാനിക്കുന്നില്ല. മഹാരാഷ്ട്രയിൽ എന്നല്ല ഇന്ത്യയിൽ തന്നെ വായനാസംസ്കാത്തിന്റെ പുതിയൊരു പർവ്വം ഇവിടെനിന്ന് തുടക്കം കുറിക്കുമ്പോൾ “A HOUSE THAT HAS A LIBRARY IN IT, HAS A SOUL” എന്ന പ്ളാറ്റോ വചനമാണ് ഓർമ്മവരുന്നത്. അതിനാൽ ഒരിക്കലെങ്കിലും ആ ഗ്രാമത്തിൽ കാല് കുത്തുന്നവർ അറിയാതെ തന്നെ ആ ഗ്രാമത്തിന്റെ ആത്മാവുമായിവുമായി പ്രണയത്തിലാകുമെന്നത് ഒരു ഭംഗിവാക്കല്ല. മൊബൈൽ: 8097168948