ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തെ അടിച്ചമർത്താൻ വേണ്ടി ബ്രിട്ടിഷ് ഗവണ്മെന്റ് കുത്സിതബുദ്ധിയോടെ മെനഞ്ഞെടുത്ത ഒരു നിയമത്തിന് ഇന്നത്തെ ഇന്ത്യയിൽ എന്താണ് പ്രസക്തി? ഇന്ത്യൻ പീനൽ കോഡിലെ സെക്ഷൻ 124A എടുത്തു കളയണമെന്ന് ആവശ്യപ്പെട്ട് ഒരു വിമുക്ത ആർമി ജനറൽ സമർപ്പിച്ച ഹരജി ഫയലിൽ സ്വീകരിച്ചുകൊണ്ട് ഇക്കഴിഞ്ഞ ജൂലൈ 14ന് ചീഫ് ജസ്റ്റിസ് എൻ. വി. രമണ കേന്ദ്ര സർക്കാരിനോട് ചോദിച്ച ചോദ്യം ഈ കരിനിയമത്തിനെതിരായ പോരാട്ടത്തിന് പുതിയ മാനങ്ങൾ സൃഷ്ടിക്കുന്നു.
ഇന്ത്യൻ എക്സ്പ്രസ്സ് ഗ്രൂപ്പിന്റെ മുൻ എഡിറ്ററും വാജ്‌പേയ് സർക്കാരിൽ മന്ത്രിയുമായിരുന്ന അരുൺ ഷൂരി ഈ നിയമം എത്രയും പെട്ടന്ന് എടുത്തു കളയണമെന്ന് അപേക്ഷിച്ചുകൊണ്ട് രാജ്യത്തെ പരമോന്നത കോടതിയെ സമീപിച്ചു കഴിഞ്ഞു. രാജ്യദ്രോഹം എന്നത് സ്വാതന്ത്ര്യ സമര സേനാനികളെ ഒതുക്കാൻ വേണ്ടി ബ്രിട്ടീഷുകാർ കണ്ടുപിടിച്ച ഒരു ആയുധമാണെന്ന് ഷൂരിക്കുവേണ്ടി കോടതിയിൽ സമർപ്പിച്ച അപേക്ഷയിൽ അഡ്വക്കേറ്റ് പ്രശാന്ത് ഭൂഷൺ ചൂണ്ടിക്കാട്ടുന്നു.
ഈ നിയമത്തിന്റെ പ്രസക്തിയെക്കുറിച്ച് സംശയം പ്രകടിപ്പിക്കവേ ജസ്റ്റിസ് രമണ വളരെ പ്രധാനപ്പെട്ട ചില നിരീക്ഷണങ്ങൾ കൂടി നടത്തി. മഹാത്മാ ഗാന്ധി, ബാലഗംഗാധര തിലക് തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളെ ഇതേ നിയമമുപയോഗിച്ചാണ് ബ്രിട്ടീഷുകാർ ജയിലിലടച്ചതെന്ന് അദ്ദേഹം സർക്കാരിനെ ഓർമ്മിപ്പിച്ചു. ആരെ വേണമെങ്കിലും പ്രതിസ്ഥാനത്താക്കൻ പോലീസുകാർക്ക് അധികാരം നൽകുന്ന ഒരു നിയമമാണിതെന്നും ബഹുമാനപ്പെട്ട ചീഫ് ജസ്റ്റിസ് അഭിപ്രായപ്പെട്ടു.
അതേ സമയം സ്വതന്ത്ര ഇന്ത്യയിൽ മാറി മാറി വരുന്ന സർക്കാരുകൾ പ്രതിപക്ഷത്തുള്ളവരെ ഒതുക്കാൻ വേണ്ടി ഈ നിയമത്തെ ദുരുപയോഗം ചെയ്തതിന് ധാരാളം തെളിവുകൾ നമുക്ക് മുന്നിലുണ്ട്.
സെക്ഷൻ 124A
ഈ കരിനിയമത്തിനു കളങ്കിതമായ ഒരു ചരിത്രമുണ്ട്. കൊളോണിയൽ ഇന്ത്യയിൽ ഈ നിയമപ്രകാരം ആദ്യം ജയിലിലടക്കപ്പെട്ട വ്യക്തി ബാലഗംഗാധര തിലക് ആണ്. തിലക് നടത്തിയിരുന്ന മറാത്തി പത്രമായ ‘കേസരി’യിൽ വന്ന ചില ലേഖനങ്ങൾ പ്ലേഗ് എന്ന പകർച്ചവ്യാധിയെ നിയന്ത്രിക്കാൻ വേണ്ടി ബ്രിട്ടീഷ് സർക്കാർ നടത്തിയിരുന്ന ശ്രമങ്ങളെ അട്ടിമറിച്ചു എന്നതായിരുന്നു കുറ്റം.
തിലക് കുറ്റക്കാരനാണെന്ന് കണ്ട ബോംബെ ഹൈക്കോടതി, 1897-ൽ അദ്ദേഹത്തിന് 18 മാസത്തെ ജയിൽ വാസം വിധിച്ചു. ഒൻപത് അംഗങ്ങളുണ്ടായിരുന്ന ജൂറിയിൽ വെള്ളക്കാരായ അഞ്ച് പേർ തിലക് കുറ്റം ചെയ്തതായി കണ്ടെത്തിയപ്പോൾ നാല് ഇന്ത്യൻ ജഡ്‌ജിമാർ തിലകിന് അനുകൂലമായി വിധിയെഴുതി.
ബ്രിട്ടീഷുകാർ 1860-ൽ ഇന്ത്യൻ പീനൽ കോഡിന് ആദ്യമായി രൂപം നൽകിയപ്പോൾ ഈ വകുപ്പ് ഇല്ലായിരുന്നു. ഉദ്ദേശം പത്ത് വർഷങ്ങൾക്കു ശേഷം ഈ വകുപ്പ് ഐ.പി.സി. യിൽ കൂട്ടിച്ചേർക്കുമ്പോൾ അവർ പറഞ്ഞ ന്യായം ആദ്യമുണ്ടാക്കിയ നിയമത്തിൽ ഈ വകുപ്പ് ചേർക്കാൻ വിട്ടുപോയി എന്നതാണ്. അതേ സമയം ബ്രിട്ടനിൽ ഈ നിയമം നടപ്പിലാക്കിയത് ഒരു ദശാബ്ദത്തിന് മുമ്പ് മാത്രമാണ് എന്നതാണ് മറ്റൊരു രസകരമായ കാര്യം.
രാജ്യം ഭരിക്കുന്ന സർക്കാരിനോട് പ്രതിബദ്ധതയില്ലാത്തതും ജനപ്രതിനിധികളോട് സ്ഥിരവും അകാരണവുമായ ശത്രുതാ മനോഭാവം വെച്ചുപുലർത്തുന്നതും ഈ നിയമപ്രകാരം കുറ്റാർഹമാണ്. ഒറ്റനോട്ടത്തിൽ, തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാരിനെ അട്ടിമറിക്കാനോ, ജനങ്ങൾക്കിടയിൽ സർക്കാരിനെതിരെ അകാരണമായ വെറുപ്പുളവാക്കാനോ ഉള്ള ശ്രമങ്ങളെ തടയാനുള്ള ഒരു നിയമമാണെന്നു തോന്നാമെങ്കിലും, അധികാരികൾക്ക് തങ്ങൾക്കെതിരായ സ്വരങ്ങളെ അടിച്ചമർത്താൻ ഈ വകുപ്പ് നൽകുന്ന സാധ്യതകൾ അനന്തമാണ്.
സ്വാതന്ത്ര്യം കിട്ടി ഒരു വർഷത്തിനുള്ളിൽ ‘രാജ്യദ്രോഹം’ എന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ നിന്നും എടുത്തുകളഞ്ഞിരുന്നു. ഈ നിയമം സ്വതന്ത്രമായ അഭിപ്രായപ്രകടത്തനത്തിനുള്ള ഒരു പൗരന്റെ മൗലികാവകാശത്തിനെതിരാണെന്ന് കെ. എം. മുൻഷി അവതരിപ്പിച്ച അനുച്ഛേദത്തിൽ വ്യക്തമാക്കിയിരുന്നു.
ഇന്ത്യൻ റിപ്പബ്ലിക്കിന് ഒരു വർഷം പ്രായമായപ്പോൾ, അന്നത്തെ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റു ഒരു നിയമഭേദഗതിയിലൂടെ പൗരന്റെ സ്വതന്ത്രമായ അഭിപ്രായ പ്രകടനങ്ങൾക്ക് കൂച്ചുവിലങ്ങിടാൻ സർക്കാരിന് അധികാരം തിരിച്ചു നൽകി. പിന്നീട് പ്രധാനമന്ത്രിയായ ഇന്ദിര ഗാന്ധി രാജ്യദ്രോഹത്തെ ഒരു പ്രഖ്യാപിത കുറ്റമാക്കി മാറ്റി.
പിന്നീടുള്ള നാളുകളിൽ ഈ നിയമത്തിന്റെ സാധുത പല കേസുകളായി ചർച്ചക്കുവന്നെങ്കിലും ഏറ്റവും ആധികാരികമായ ഒരു വിധി വരുന്നത് 1962-ലാണ്. കേദാർ നാഥ് കേസ് എന്ന പേരിൽ പ്രശസ്തമായ ഈ വിധിയിലൂടെ രാജ്യത്തെ പരമോന്നത കോടതിയുടെ ഭരണഘടനാ ബെഞ്ച് ഈ വകുപ്പിന്റെ സാധുതയെ ഉയർത്തിപ്പിടിച്ചു.
എന്നാൽ, 1995-ൽ ഈ നിയമത്തിനെതിരായ ഒരു വിധിയിലൂടെ സുപ്രീം കോടതി രണ്ടു സിഖുകാർക്കെതിരായ രാജ്യദ്രോഹ കുറ്റം റദ്ദാക്കി. സ്വതന്ത്രമായ ഒരു സിഖ് രാജ്യത്തിന് വേണ്ടി മുദ്രാവാക്യം വിളിച്ചു എന്നതായിരുന്നു ഇവർ ചെയ്ത തെറ്റ്. ഇവരുടെ ആഹ്വാനം ഒരു ആഭ്യന്തര യുദ്ധത്തിലേക്ക് വഴിവെച്ചില്ല എന്നതായിരുന്നു സുപ്രീം കോടതിയുടെ വിധിക്ക് ആധാരം.
രണ്ടു വ്യത്യസ്ത കേസുകളിലായി സുപ്രീം കോടതി 2011-ൽ നടത്തിയ നിരീക്ഷണങ്ങളും ശ്രദ്ധേയമാണ്. ആഭ്യന്തര യുദ്ധത്തിനുള്ള ആഹ്വാനം നടത്തി എന്നതുകൊണ്ട് മാത്രം ഒരാളിൽ രാജ്യദ്രോഹക്കുറ്റം ഡിസിച്ചേൽപ്പിക്കാൻ കഴിയില്ല എന്നാണ് അന്ന് കോടതി കണ്ടെത്തിയത്.
ഇന്ത്യൻ ലോ കമ്മീഷൻ ഉദ്ദേശം മൂന്ന് വർഷങ്ങൾക്ക് മുമ്പ് നടത്തിയ ഒരു പരാമർശത്തിൽ രാജ്യദ്രോഹത്തിനെതിരെയുള്ള ഈ നിയമം സ്വതന്ത്രമായി അഭിപ്രായം പ്രകടിപ്പിക്കാനുള്ള ഒരു പൗരന്റെ മൗലികാവകാശത്തിന് വഴിതടസ്സമാകരുതെന്ന് ആവർത്തിച്ച് പ്രഖ്യാപിച്ചു.
മുൻ ചീഫ് ജസ്റ്റിസും രാജ്യ സഭാംഗവുമായ രഞ്ജൻ ഗോഗോയ് സെക്ഷൻ 124A പൂർണമായും എടുത്തു കളയുന്നതിനെതിരാണ്. ഈ നിയമം രാജ്യദ്രോഹ കുറ്റങ്ങൾക്കെതിരായാണ് ഉപയോഗിക്കേണ്ടതെന്നും, മറിച്ച് ഭരണകൂടങ്ങളെ എതിർക്കുന്നവരെ പ്രതിക്കൂട്ടിലാക്കാനല്ലെന്നും അദ്ദേഹം വിശ്വസിക്കുന്നു. ചുരുക്കം ചില കേസുകളിൽ ദുരുപകയോഗം ചെയ്തിട്ടുണ്ടെന്നുള്ള ഒറ്റക്കാരണം കൊണ്ട് ഈ നിയമത്തെ വേരോടെ പിഴുതു കളയണമെന്ന അഭിപ്രായം അദ്ദേഹത്തിനില്ല. മറിച്ച്, ഇന്നത്തെ സർക്കാരിന് ഈ നിയമത്തിന്റെ ഉപയോഗത്തിന് വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കാവുന്നതാണെന്നും അദ്ദേഹം വാദിക്കുന്നു.
കേന്ദ്ര സർക്കാരിനെ പ്രതിനിധാനം ചെയ്യുന്ന അഡ്വക്കേറ്റ് ജനറൽ കെ. കെ. വേണുഗോപാലിനും ഏറെക്കുറെ ഇതേ വാദഗതിയാണുള്ളത്. ഒരുപടി കൂടി കടന്ന് ഈ നിയമത്തിന്റെ ദുരുപയോഗം തടയാനുതകുന്ന പഴുതടച്ച മാർഗ്ഗനിർദ്ദേശങ്ങൾ നൽകാനും അദ്ദേഹം പരമോന്ന കോടതിയോട് അഭ്യർത്ഥിക്കുന്നു.
എഴുത്തുകാർ, പത്രപ്രവർത്തകർ ഇരകൾ
പക്ഷെ ശരിയായ ചോദ്യങ്ങൾ ഇതൊന്നുമല്ല. എന്താണ് രാജ്യദ്രോഹം? ഭരണത്തിലിരിക്കുന്ന സർക്കാരിനെതിരായ വിമർശനം രാജ്യദ്രോഹമാവുമോ? സെക്ഷൻ 124A ഒരു പൗരന്റെ മൗലികാവകാശമായ അഭിപ്രായ സ്വാതന്ത്രത്തിനെതിരാണോ? എല്ലാത്തിലും ഉപരിയായി, ഗാന്ധിയെയും തിലകിനെയും രാജ്യദ്രോഹികളാക്കി ജയിലിലടച്ച ഈ നിയമത്തിന് പുതിയ ഇന്ത്യയിൽ എന്താണ് പ്രസക്തി?
ഈ ചോദ്യൾക്ക് ഉത്തരം കണ്ടെത്താൻ ശ്രമിക്കുന്നതിനു മുമ്പ് കഴിഞ്ഞ വർഷങ്ങളിൽ ഈ നിയമത്തിന്റെ ഇരകളായവരുടെ പട്ടിക പരിശോധിക്കുന്നത് നന്നായിരിക്കും. പത്തു വർഷങ്ങൾക്ക് മുമ്പ് അരുന്ധതി റോയിക്കെതിരായി ഡൽഹി പോലീസ് കേസെടുത്തിരുന്നു. പ്രമുഖ മാവോയിസ്ററ് നേതാവായ വര വര റാവുമായി സ്റ്റേജ് പങ്കിട്ടു എന്നതായിരുന്നു അവർ ചെയ്ത ‘കുറ്റം’.
വർഷങ്ങൾക്ക് മുമ്പ് ഗ്രാമപ്രദേശങ്ങളിൽ സ്തുത്യർഹ സേവനം അനുഷ്ടിച്ചിരുന്ന ഡോക്ടർ ബിനായക് സെന്നിനെ ഛത്തീസ്ഗറിലെ ഒരു പ്രാദേശിക കോടതി തടവ് ശിക്ഷക്ക് വിധിച്ചു, പ്രമുഖ മാവോയിസ്റ് നേതാവായ നാരായൺ സന്യാലിന്റെ ചില കത്തുകൾ കൈവശം വെച്ചു എന്നതായിരുന്നു അദ്ദേഹത്തിനെതിരായ ഏക തെളിവ്.
ശിരോമണി അകാലി ദൾ നേതാവായ സിമ്രൻജിത് സിംഗ് മാൻ, വി.എച്.പി. നേതാവ് പ്രവീൺ തൊഗാഡിയ, കാർട്ടൂണിസ്റ്റ് അസീം ത്രിവേദി തുടങ്ങിയവരും പല കാലഘട്ടങ്ങളിലായി ഈ കരിനിയമത്തിന്റെ ഇരകളായിട്ടുണ്ട്.
തമിഴ്‌നാട് സർക്കാരാകട്ടെ ഒരു പടികൂടി കടന്ന് കൂടംകുളം ന്യൂക്ലിയർ പദ്ധതിക്കെതിരെ ശബ്‌ദിച്ച പരിസരവാസികളെയെല്ലാം ഈ നിയമമുപയോഗിച്ച് തടവിലാക്കി.
ഈ വർഷത്തിന്റെ തുടക്കത്തിൽ ബെംഗളൂരു ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പരിസ്ഥിതി പ്രവർത്തക ദിശ രവിയും ഈ നിയമത്തിന്റെ കരാള ഹസ്തങ്ങൾക്കിടയിൽ പെട്ട് വലഞ്ഞു. മോദി സർക്കാരിന്റെ പുത്തൻ കാർഷിക നയങ്ങൾക്കെതിരെ ഡൽഹിയിൽ സമരം ചെയ്യുന്ന കൃഷിക്കാരോട് ‘രാജ്യദ്രോഹപരമായി’ അനുഭാവം പ്രകടിപ്പിച്ചു എന്നതായിരുന്നു അവർ ചെയ്ത കുറ്റം.
പ്രധാന മന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചെന്ന കുറ്റത്തിന് മുതിർന്ന പത്രപ്രവർത്തകൻ വിനോദ് ദുവക്കെതിരെ ഡൽഹി പോലീസ് സെക്ഷൻ 124A പ്രകാരം എടുത്ത കേസുവരെയെത്തി നിൽക്കുന്നു കാര്യങ്ങൾ. കഴിഞ്ഞ മാസം ഒരു സുപ്രധാന വിധിയിലൂടെ സുപ്രീം കോടതി ദുവക്കെതിരായ കേസ് റദ്ദാക്കി എന്ന വാർത്ത ആശ്വാസാവഹമാണ്. രാജ്യത്തെ ഓരോ പത്രപ്രവർത്തകനും ഈ നിയമത്തിൽ നിന്നും പരിരക്ഷക്ക് അർഹതയുണ്ടെന്നാണ് കേദാർ നാഥ് കേസിലെ വിധിയെ ഉദ്ധരിച്ചുകൊണ്ട് കോടതി വ്യക്തമാക്കിയത്.
സെക്ഷൻ 124A എടുത്തു കളയണമെന്ന് വിശ്വസിക്കുന്നവർ ഉയർത്തുന്ന ഒരു പ്രധാന വാദം വളരെ ചുരുക്കം കേസുകളിൽ മാത്രമേ കുറ്റം തെളിയിക്കപ്പെട്ടിട്ടുള്ളൂ എന്ന വസ്തുതയാണ്. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 2019-ൽ 96 പേരാണ് ഈ നിയമത്തിന്റെ മറവിൽ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി അറസ്റ്റിലായത്. ഇതിൽ വെറും 2 പേരാണ് ശിക്ഷിക്കപ്പെട്ടത് എന്നതാണ് ഏറ്റവും ശ്രദ്ധേയമായ കാര്യം.
ഈ കണക്കുകൾ സുപ്രധാനമായ ഒരു ചൂണ്ടുപലകയാണ്. എഴുത്തുകാർ, മുതിർന്ന പത്രപ്രവർത്തകർ, പരിസ്ഥിതി പ്രവർത്തകർ, സമൂഹത്തിൽ തനതായ വ്യക്തിമുദ്ര പതിപ്പിച്ചവർ തുടങ്ങി ഒരു കുറ്റവും ചെയ്യാത്ത സാധാരണ പൗരന്മാർ വരെ അടങ്ങുന്ന ഇക്കൂട്ടർക്കെതിരെ എടുത്ത ഒരു കേസിനും രാജ്യദ്രോഹവുമായി യാതൊരു ബന്ധവുമില്ല. അതുകൊണ്ടു തന്നെ ഇന്ത്യൻ ക്രിമിനൽ കോഡിലെ കാലഹരണപ്പെട്ട മറ്റെല്ലാ വകുപ്പുകളെയും പോലെ ഈ കരിനിയമത്തിന്റെ സ്ഥാനവും ചവറ്റു കൊട്ടയിലാണ്.
Mob: 8879072585