ക്രിസ്ത്യൻ കോളേജിൽ മൂന്നാം വർഷ ഡിഗ്രീ പരീക്ഷ നടക്കുമ്പോളാണ് പത്രങ്ങളിലൊക്കെ കോളജ് അധ്യാപകന്റെ കൈ വെട്ടിയ വാർത്തകൾ വന്നത്. ചാനലുകൾ മുഴുവൻ സമയവും ചർച്ചകൾ നടത്തിയതൊക്കെ ഇന്നുമോർക്കുന്നു. വായന കാര്യമായി ഇല്ലാത്ത സമയം, ആ മുഖം മാത്രം മനസ്സിൽ ഇന്നുമുണ്ട്. പതിനൊന്നു വർഷത്തിനിപ്പുറത്ത് ‘അറ്റുപോകാത്ത ഓർമകൾ’ വായിച്ചു തീർന്നപ്പോൾ വാക്കുകൾ മുറിയുന്നു. പ്രൊഫസർ ടി ജെ ജോസഫ് എന്ന കോളേജ് അധ്യാപകന്റെ ജീവിതത്തിലെ ഏറ്റവും മോശം ദിവസങ്ങളായിരുന്നു അന്ന് ഞാൻ കണ്ട ആ വർത്തയോടൊപ്പം ജനിച്ചതെന്ന സത്യം ഇപ്പോഴാണ് തിരിച്ചറിയുന്നത്.
നിർവികാരനായി, ഹാസ്യാത്മകമായി ആ ദിനങ്ങളെ കുറിച്ചെഴുതുമ്പോൾ വായനക്കാരന്റെ ഹൃദയത്തിലാണ് ആ മുറിവ് കിടന്നെരിയുന്നത്.
തൊടുപുഴ ന്യൂമാൻ കോളേജിലെ മലയാള അധ്യാപകനായ പ്രഫസർ ടി ജെ ജോസഫ് ബികോം വിദ്യാർത്ഥികൾക്ക് വേണ്ടി തയ്യാറാക്കിയ 11മത്തെ ചോദ്യം. മലയാള ഗദ്യഭാഗത്തിന് ശരിയായ ചിഹ്നം ചേർത്തെഴുതാനുള്ള ചോദ്യം അദ്ദേഹത്തിന്റെ ജീവിതം തന്നെ ഛിന്നഭിന്നമാക്കി.
ദൈവവും ഭ്രാന്തനും തമ്മിലുള്ള സംഭാഷണത്തിൽ ഭ്രാന്തന് തിരക്കഥാ കൃത്തായ പി ടി കുഞ്ഞുമുഹമ്മദിന്റെ മുഹമ്മദ് എന്ന പേരു നൽകിയപ്പോൾ ദൈവം ഞങ്ങളുടേതാണെന്ന് ഒരു സമുദായത്തിലെ മത ഭ്രാന്തന്മാർ സ്വയം ചിത്രീകരിച്ചു. നിലനിൽപ്പ് ഭയന്ന് കോളേജ് മാനേജ്മെന്റ് മാഷിനെ ഒറ്റപ്പെടുത്തിയപ്പോൾ ആ വൃണപ്പെട്ട ഭ്രാന്തന്മാർക്കു മുന്നിൽ എറിഞ്ഞു കൊടുക്കുകയായിരുന്നു ഒരു പാവം അധ്യാപകനെ.
10 വർഷങ്ങൾ അദ്ദേഹം ജീവിച്ചു തീർത്തത് ഒരായുസ്സിന്റെ നൂറിരട്ടി വേദനയോടെയാണ്. ജീവിതത്തെക്കാൾ വലിയ അനുഭവം ഒരു ഫിക്ഷനും തരില്ലെന്ന നഗ്നസത്യമാണ് ഈ പുസ്തകം ഞാനെന്ന വയനക്കാരിക്ക് മനസ്സിലാക്കി തന്നത്.
മതമെന്ന കൊടും വിഷം സമൂഹത്തിൽ ചിലരെയെങ്കിലും ഉഗ്രവിഷ പാമ്പുകൾ ആക്കിമാറ്റി. അവസരം കിട്ടിയപ്പോഴൊക്കെ ഇവ വിഷം ചീറ്റികൊണ്ടിരുന്നു. ടി ജെ ജോസെഫെന്ന അധ്യാപകനൊരു പക്ഷെ ജീവിച്ചിരുന്നത് പോലും സമൂഹത്തിനു താൻ ശരിയായിരുന്നു എന്നു മനസ്സിലാക്കി കൊടുക്കാൻ ആയിരുന്നിരിക്കണം.
അദ്ദേഹത്തെ നിരന്തരം വേട്ടയാടിയ മതഭ്രാന്തന്മാർ, കോളജ് മാനേജ്മെന്റ്, പൊലീസുകാർ ഇവരെയൊക്കെ ഇന്നും ഈ സമൂഹത്തിൽ കാണാം. ഒരു ദശാബ്ദകാലം മാറ്റങ്ങളെക്കാൾ മാറാത്ത മാറ്റങ്ങളെയാണ് നമുക്കു മുന്നിൽ ഈ പുസ്തകം കാട്ടി തരുന്നത്.
കോടതി കുറ്റവിമുകതനാക്കിയപ്പോളും തിരികെ സർവീസിൽ എടുക്കാത്ത മാനേജ്മെന്റിന് മുന്നിൽ നിയമയുദ്ധവും തോറ്റപ്പോൾ ഒരു കയറിൽ ജീവനൊടുക്കാൻ മാത്രമേ ഭാര്യ സലോമിക്ക് കഴിഞ്ഞുള്ളൂ. എല്ലാമെല്ലാമായ തന്റെ പാതി വിട്ടു പോയപ്പോൾ സധൈര്യം മുന്നോട്ടു പോകാനുള്ള മാഷിന്റെ മനക്കരുത്തിനാകട്ടെ ആയിരമായിരം അഭിവാദ്യങ്ങൾ.
അധ്യായം 34 ൽ വിശദമായിത്തന്നെ ജോസഫ് സലോമിയുടെ മരണം വിവരിക്കുന്നു. .
രണ്ടുമണിയോടെ വീട്ടിലെത്തിയ ഞങ്ങള്‍ ഊണിനിരുന്നു. പരിക്ഷീണയായി കാണപ്പെട്ട സലോമി ഞാന്‍ നിര്‍ബന്ധിച്ചതുകൊണ്ടാണ് അല്പം കഴിച്ചത്. ഭക്ഷണത്തിനുശേഷം അവള് കിടന്നു. അവളുടെ ഹാന്‍ഡ് ബാഗിലായിരുന്നു അന്ന് ഹോസ്പിറ്റലില്‍ നിന്നുകിട്ടിയ ഗുളികകള്‍. ബാഗില്‍ സൂക്ഷിച്ചിരുന്ന വെള്ളക്കുപ്പിയുടെ അടപ്പുതുറന്ന് ഗുളികകള്‍ ഇട്ടിരുന്ന പേപ്പര്‍ നനഞ്ഞിരുന്നു. ഞാന്‍ അതെല്ലാമെടുത്ത് മറ്റൊരു മുറിയില്‍ കൊണ്ടുപോയി ഉണങ്ങാനായി നിരത്തിവെച്ചു.
പാത്രങ്ങളൊക്കെ കഴുകി വൃത്തിയാക്കി വെച്ചിട്ടു വന്ന മേരിച്ചേച്ചി ഡോക്ടര്‍ പറഞ്ഞ കാര്യം എന്നോടു പറഞ്ഞു. പെട്ടെന്നൊന്നും രോഗം മാറില്ല. കുറേക്കാലം മരുന്നു കഴിക്കേണ്ടിവരും. തനിക്കും ഒരു വീടുള്ളതിനാല്‍ അതുവരെ ഇവിടെ തങ്ങാനാവില്ലെന്ന് ചേച്ചി പറഞ്ഞു. പോകണമെന്നുള്ളപ്പോള്‍ ചേച്ചിക്ക് പോകാമെന്നും പകരം എന്തെങ്കിലും സംവിധാനം ഉണ്ടാക്കിക്കൊള്ളാമെന്നും ഞാന്‍ ചേച്ചിയോടു പറഞ്ഞു.
പിന്നീട് അല്പമൊന്നു കിടക്കാനായി ഞാനും സലോമി കിടക്കുന്ന മുറിയിലേക്ക് ചെന്നു. സലോമിയെ കട്ടിലില്‍ കാണാനില്ല. ഞാന്‍ ബാത് റൂമിലേക്ക് നോക്കി. വാതില്‍ കാല്‍ഭാഗം തുറന്നു കിടക്കുകയാണ്. അതിനാല്‍ ബാത്റൂമില്‍ പോയതല്ലെന്നു വിചാരിച്ച് മറ്റു മുറികളില്‍ പോയി നോക്കി. എവിടെയും കാണാഞ്ഞ് പരിഭ്രാന്തിയോടെ ബാത്റൂമിന്റെ അടുത്ത് വീണ്ടും ചെന്നു. കതകു മുഴുവനും തുറന്നു നോക്കി.
ബാത്റൂമിന്റെ ഭിത്തിയിലുള്ള ടവ്വല്‍റാഡില്‍ കുളിക്കാന്‍ ഉപയോഗിക്കുന്ന തോര്‍ത്തിന്റെ ഒരറ്റം കെട്ടിയിട്ട് മറ്റേയറ്റം കഴുത്തിലും ബന്ധിച്ച് ഭിത്തിയോടു ചാരി സലോമി നില്‍ക്കുകയാണ്. കാലിന്റെ മുട്ടുരണ്ടും മടങ്ങിപ്പോയതിനാല്‍ കഴുത്തിലെ കുരുക്ക് മുറുകിപ്പോയി. കണ്ടനിമിഷം ആര്‍ത്തനായി മേരിച്ചേച്ചിയെ വിളിക്കുകയും ഒപ്പം കക്ഷത്തിലൂടെ കൈകളിട്ട് സലോമിയെ ഞാന്‍ ഉയര്‍ത്തിപ്പിടിക്കുകയും ചെയ്തു. എന്റെ നിലവിളി കേട്ട് ഓടിയെത്തിയ മേരിച്ചേച്ചി ഒരു കത്തി എടുത്തുകൊണ്ടുവന്ന് തോര്‍ത്തുമുറിച്ചു. കഴുത്തിലെ കുരുക്കും അഴിച്ചെടുത്തു. സലോമിക്ക് അപ്പോള്‍ ബോധം ഉണ്ടായിരുന്നില്ല. തറയില്‍ കിടത്തിയ അവളുടെ വായിലേക്ക് ഞാന്‍ ജീവവായു ഊതിക്കയറ്റി. ഇരുകൈകളും ചേര്‍ത്തുപിടിച്ച് നെഞ്ച് അമര്‍ത്തിക്കൊടുത്തു. ഈ സമയം ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരെ മേരിച്ചേച്ചി വിളിച്ചുകൊണ്ടുവന്നു. അവരും നെഞ്ചിലമര്‍ത്തി ശ്വാസഗതി നേരേയാക്കാന്‍ ശ്രമിച്ചു. ഇടയ്ക്കൊന്ന് ശ്വാസമെടുത്തപോലെ തോന്നി. ഉടന്‍തന്നെ അവര്‍ സലോമിയെ എടുത്ത് പുറത്തേക്ക് കൊണ്ടുവന്നു. അവരില്‍ ഒരാള്‍ എന്റെ കാര്‍ സ്റ്റാര്‍ട്ടുചെയ്തു. മറ്റുരണ്ടുപേര്‍ അവളെ വണ്ടിയില്‍ കയറ്റി. കാര്‍ മൂവാറ്റുപുഴ നിര്‍മ്മല ഹോസ്പിറ്റലിലേക്ക് പാഞ്ഞു.
എന്റെ മടിയില്‍ തല വെച്ചിരുന്ന അവളുടെ നെഞ്ചില്‍ ഒരു കൈയാല്‍ ഞാന്‍ അമര്‍ത്തിക്കൊണ്ടിരുന്നു. അങ്ങനെതന്നെ ചെയ്തുകൊള്ളാനും ഇപ്പോള്‍ ശ്വാസമെടുക്കുന്നുണ്ടെന്നും മുന്‍സീറ്റിലിരുന്ന പോലീസുകാരന് തിരിഞ്ഞുനോക്കിക്കൊണ്ട് എന്നോട് പറഞ്ഞു.
കാറില്‍നിന്ന് പുറത്തിറക്കി സ്ട്രെച്ചറില്‍ കാഷ്വാലിറ്റിയിലേക്ക് കൊണ്ടുപോകാന്‍ ആശുപത്രിജീവനക്കാരെ പോലീസുകാരും സഹായിച്ചു.
സലോമിയെ പരിശോധിച്ച കാഷ്വാലിറ്റിയിലെ ഡോക്ടര്‍ തിടുക്കത്തിലൊന്നും ചെയ്യുന്നതായി കാണാഞ്ഞ് ഞാന്‍ അലറിപ്പറഞ്ഞു: “കൃത്രിമശ്വാസം കൊടുക്കാനുള്ള ഏര്‍പ്പാട് വേഗത്തില്‍ ചെയ്യ്…”
ഡോക്ടര്‍ നിര്‍വ്വികാരമായി പറഞ്ഞു.”മരിച്ച ആള്‍ക്ക് അങ്ങനെ ശ്വാസം കൊടുത്തിട്ടു കാര്യമില്ല.”
മതം മനുഷ്യനെ പഠിപ്പിക്കുന്ന മൂല്യങ്ങൾക്ക് മനുഷ്യന്റെ മദമിളക്കാൻ മാത്രമേ കഴിയൂ, പച്ചയായ മനുഷ്യനാക്കി മാറ്റാൻ നാളിതുവരെ കഴിഞ്ഞിട്ടില്ല . ഈ തിരിച്ചറിവാണ് മനുഷ്യനും ഉണ്ടാവേണ്ടത്. കൈകളല്ല, തല വെട്ടിമാറ്റിയാലും ഈ മനുഷ്യൻ ജീവിച്ചിരുന്നേനെ. മനക്കരുത്തും ധൈര്യവും ജീവിക്കാനുള്ള അതിയായ ആഗ്രഹവും മാത്രമാണ് മനുഷ്യനെ മുന്നോട്ട് നയിക്കുന്നത്. ചിലരുടെയെങ്കിലും ജീവിതം അതുകൊണ്ടു തന്നെയാണ് മികച്ച ഫിക്ഷനായി മാറുന്നത്.
മൊബൈൽ: 9846233800