ആമുഖം
പ്രവചന സ്വഭാവവും കാലിക പ്രസക്തിയും കൊണ്ട് ശ്രദ്ധേയമായ നോവലാണ് അമലിന്റെ ‘ബംഗാളി കലാപം’ (2019). അതിജീവനത്തിനും ഉപജീവനത്തിനുമായി നടത്തുന്ന ഭാഗ്യാനേ്വഷണ യാത്രകളാണ് മനുഷ്യന്റെ കൂടുമാറ്റം. ജീവന ഇടങ്ങൾ വാസയോഗ്യമല്ലാതാകുമ്പോൾ കൂടു മാറുന്നത് പ്രകൃതിയിൽ സാധാരണമാണ്. ഇത് ജീവന്റെ പ്രമാണവും പ്രതിരോധവുമാണ്. ദാരിദ്ര്യവും കലാപവും മതപീഡനങ്ങളും പ്രകൃതിദുരന്തവും മനുഷ്യന്റെ െജെവമണ്ഡലങ്ങളെ പുനർനിർവചിക്കുന്നു. സിറിയ, െയമൻ, ഇറാഖ്, മ്യാൻമർ തുടങ്ങിയ രാജ്യങ്ങളിലെ ആഭ്യന്തര കലാപത്തിന്റെ ഫലമായി യൂറോപ്പിലേക്ക് പ്രവഹിക്കുന്ന അഭയാർത്ഥികൾ നിയന്ത്രണാതീതമാകുന്നു. 2015 സെപ്തംബർ 2-ന് തുർക്കിയിലെ ബ്രോഡം തീരത്ത് കണ്ട ഐലൻ കുർദിയുടെ ചേതനയറ്റ ശരീരവും, രോഹിങ്ക്യൻ വംശജരുടെ വംശഹത്യയും നീറുന്ന ഓർമകളാണ്. അഭയവും അന്നവും ആത്മാഭിമാനവും തേടിയുള്ള കുടിയേറ്റങ്ങളും പലായനങ്ങളും അഭയാർത്ഥിപ്രവാഹവും സമാനതകളില്ലാത്ത ആശങ്കകളും സാമൂഹികപ്രശ്‌നങ്ങളും സൃഷ്ടിക്കുന്നു. കൂട്ടമായെത്തുന്ന പരദേശികളും അപരിചിതരും അവർ എത്തപ്പെടുന്ന സമൂഹത്തിൽ ഉളവാക്കിയേക്കാവുന്ന ഭയം (ഷണഭമയദമഠധട) അതിരു വിടുമ്പോൾ കലാപങ്ങൾ പൊട്ടിപ്പുറപ്പെടുന്നു.
ഒരിടത്തുനിന്ന് വേറൊരിടത്തേക്കല്ലെങ്കിൽ ഒരു കാലത്തിൽ നിന്ന് വേറൊരു കാലത്തിലേക്ക് മനുഷ്യൻ അഭയം തേടി നീങ്ങിക്കൊണ്ടിരിക്കുന്നു. വിഷുപ്പുഭാണ്ഡവും ചട്ടിയും കലവും ചുരുൾപ്പായും പേറിക്കൊണ്ട് മനുഷ്യസമൂഹത്തിന്റെ അരികു പിടിച്ച് സ്ഥലകാലങ്ങളെ അതിക്രമിച്ചു നീങ്ങുന്ന മനുഷ്യരെക്കുറിച്ച് മലയാള സാഹിത്യത്തിൽ ശ്രദ്ധേയമായ ചില രചനകൾ ഉണ്ടായിട്ടുണ്ട്. ആനന്ദിന്റെ ‘അഭയാർത്ഥികൾ’ പടനിലങ്ങളും ശവപ്പറമ്പുകളും മാറിമാറിക്കടന്നുപോകുന്ന മനുഷ്യന്റെ പ്രതിസന്ധികളെ സൈദ്ധാന്തികമായി പ്രശ്‌നവത്കരിക്കുന്നു. മനുഷ്യന്റെ പ്രസ്ഥാനങ്ങളത്രയും അവനെ തിരിഞ്ഞുകൊത്തുമ്പോഴും വിഭ്രാന്തവും നിസ്സഹായവുമായ അവസ്ഥയിലും മനുഷ്യപ്രയത്‌നം നിരർത്ഥകമല്ലെന്നും പൊരുതുന്ന മനുഷ്യന്റെ ആർജവം തന്നെയാണ് ജീവിതത്തെ സാരവത്തും ജീവിതയോഗ്യവുമാക്കി തീർക്കുന്നതെന്നും ആനന്ദ് സമർത്ഥിക്കുന്നു.
കേരളത്തിൽ വർദ്ധിച്ചുവരുന്ന ഇതര സംസ്ഥന തൊഴിലാളികളെക്കുറിച്ചുള്ള യഥാർത്ഥ ചിത്രം അനാവരണം ചെയ്യാനുള്ള ശ്രമങ്ങൾ മലയാളത്തിൽ അധികം ഉണ്ടായിട്ടില്ല. ഒരുപക്ഷെ, സന്തോഷ് എച്ചിക്കാനത്തിന്റെ ‘ബിരിയാണി’ എന്ന ചെറുകഥയാവണം അയൽ സംസ്ഥാന തൊഴിലാളിയുടെ ദൈന്യത മലയാളിക്ക് ആദ്യമായി ബോധ്യപ്പെടുത്തിക്കൊടുത്തത്. ബിരിയാണി വേസ്റ്റ് കുഴിയിൽ ഇട്ട് മൂടുമ്പോൾ വിശന്നു ചത്തുപോയ തന്റെ കുഞ്ഞിനെ ഓർക്കുന്ന ഗോപാൽ യാദവ് എന്ന കഥാപാത്രം മറവിയുടെ മണ്ണിട്ട് എത്ര മൂടിയാലും നമ്മുടെ മന:സാക്ഷിയെ കുത്തി നോവിച്ചുകൊണ്ടിരിക്കും.
2018-ൽ പ്രസിദ്ധീകരിച്ച യമയുടെ ‘പിപീലിക’ എന്ന ലഘുനോവൽ അയൽ സംസ്ഥാന തൊഴിലാളികളെ കുറിച്ച് ചർച്ച ചെയ്യുന്നുണ്ട്. എന്നാൽ അമലിന്റെ ‘ബംഗാളി കലാപം’ കുറച്ചുകൂടി വിശാലമായ കാൻവാസിൽ ഇതര സംസ്ഥാന തൊഴിലാളി കുടിയേറ്റം ചർച്ച ചെയ്യുന്നു. അയൽ സംസ്ഥാന തൊഴിലാളികൾ കാണുന്ന കേരളമാണ് നോവലിന്റെ ആകെത്തുക. ക്ഷാമത്തെയും പട്ടിണിമരണങ്ങളെയും നേരിടാൻ പൊള്ളുന്ന ജീവിതങ്ങളും പേറി കേരളത്തിലെ തൊഴിലിടങ്ങളിൽ എത്തിയ അതിഥി തൊഴിലാളികൾ സൃഷ്ടിച്ച സാമൂഹിക മാറ്റങ്ങളെ അമൽ യഥാതഥമായി വിശകലനം ചെയ്യുന്നു. അമലിന്റെ തൊഴിലാളി സ്വത്വം ആർജിച്ച ബോധ്യങ്ങളും നിരീക്ഷണങ്ങളുമാണ് നോവലിന്റെ ജൈവികത.
അസമിലെ ഗുവാഹത്തിയിൽ നിന്നും 200 കി.മീ. ദൂരെയുള്ള കർബി ആങ് ലോങ് ജില്ലയിലുള്ള ബോകാജാൻ ഗ്രാമത്തിലാണ് അനാറുൾ ഇസ്‌ലാം ജനിച്ചത്. കിഴക്കൻ ബംഗാളിൽ നിന്ന് കുടിയേറിയ പരമ്പരയിലെ കണ്ണി. അന്യതാബോധവും അസ്തിത്വദു:ഖവും വേട്ടയാടിയ ബാല്യം. ക്ലാസിലൊന്നും കയറാതെ ചുറ്റി നടന്നിരുന്ന അനാറുളിനെ തിരികെ കൊണ്ടുവന്നത് അംഭു ടീച്ചറായിരുന്നു. ഹൈദരാബാദ് യൂണിവേഴ്‌സിറ്റിയിൽ എന്തോ ആവശ്യത്തിനു പോയ അംഭു ടീച്ചർ വടക്കുകിഴക്കൻ സംസ്ഥാനക്കാർക്കെതിരായ ഒരു ആ്രകമണത്തിൽ കൊല്ലപ്പെട്ടു. അവിടെ തുടങ്ങിയ പലായനത്തിനൊടുവിൽ കേരളത്തിൽ എത്തി.
അനാറുൾ കാണാനിട വരുന്ന ദാരുണമായ ഒരു കൊലപാതകമാണ് നോവലിന്റെ അടിസ്ഥാനഘടകം. ഭയന്നുപോയ അനാറുൾ ട്രെയിനിൽ തിരികെ ഗുവാഹത്തിയിലേക്ക് പോകാൻ ശ്രമിക്കുന്നു. അനാറുളിന്റെ ഓർമകളിലൂടെ നോവൽ വികാസം പ്രാപിക്കുന്നു. ഓർമകളെ കീറിമുറിക്കാനാവാത്തതുകൊണ്ടോ അവയ്ക്ക് അതിർവരമ്പുകൾ ഇല്ലാത്തുകൊണ്ടോ ആവണം നോവൽ ഭൂതകാലത്തിലേക്കും വർത്തമാനകാലത്തിലേക്കും മാറിമാറി സഞ്ചരിക്കുന്നത്. ഓർമകൾ അല്ലെങ്കിലും അങ്ങനെയാണ്: മറക്കാൻ ശ്രമിക്കുേന്താറും കൂടുതൽ മൂർത്തമായി വരും. അനാറുളിന്റെ പേരിനൊപ്പമുള്ള ‘ഇസ്‌ലാം’ എന്ന കുടുംബപേരും, മുഷിഞ്ഞ വസ്ത്രവും, പൊള്ളലേറ്റ ശരീരവും ട്രെയിൻ യാത്രക്കാരിൽ ഭീതി പടർത്തി. ഭരത് നമ്പ്യാർ റെസിഡന്റ്‌സ് അസ്സോസിയേഷനിലും അംബേദ്കർ കോളനിയിലും നടന്ന തീവയ്പും കൊലപാതകവും ബംഗാളികൾ രചയിതാവാണെന്ന വാർത്ത കാട്ടുതീ പോലെ പടരുന്നതിനിടയിലാണ് അനാറുളിനെ പൊള്ളിയ ശരീരത്തോടെ കാണുന്നത്.
ട്രെയിൻ യാത്രക്കാർ അനാറുളിന്റെ ഫോട്ടോ എടുത്ത് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചു. മറ്റു ചിലർ റെയിൽവെ പോലീസിൽ വിവരം അറിയിച്ചു. ഗർഭിണിയായ ഇതര സംസ്ഥാന യുവതിയെ കൊന്ന ഓട്ടോ തൊഴിലാളിയെ കുറിച്ചുള്ള ലക്ഷണങ്ങൾ വിവരിച്ചുകൊണ്ടുള്ള ചിത്രസന്ദേശം വായിച്ച ബംഗാളികൾ പ്രതി ഓട്ടോ ഡ്രൈവർ മണിമുത്താണെന്ന് തെറ്റിദ്ധരിച്ച് അയാളെ കൊന്നു. തുടർന്നുണ്ടായ കലാപത്തിന്റെ മറവിൽ അബൂബക്കറിന്റെ മകൾ നജ്മയെ മോഹിച്ച സാബ്രി അതിന് തടസ്സമായിത്തീരാവുന്ന യുവാവിനെ കൊന്ന് അനാറുളിന്റെ മുറിയി ലെ റബ്ബർഷീറ്റിനിടയിൽ ശരീരം ഒളിപ്പിച്ചു. നാടെങ്ങും തീവയ്പ് പടർന്നപ്പോൾ സാബ്രിയും സുഹൃത്തുക്കളും ചേർന്ന് അനാറുളിന്റെ റബ്ബർപ്പുരയ്ക്കും തീകൊളുത്തി. അങ്ങനെ നാട്ടിൽ നടന്ന എല്ലാ അക്രമങ്ങളുടെയും ഉത്തരവാദിത്തം ബംഗാളികളുടെ തലയിലായി.
കലാപങ്ങൾ മനുഷ്യരുടെ സാംസ്‌കാരിക ഉള്ളടക്കം പുറത്തുകൊണ്ടുവരുമെന്ന് നോവൽ പറയുന്നു: ”പൊട്ടിപ്പുറപ്പെട്ട ലഹളയാണ് മനുഷ്യന്റെ അടിച്ചമർത്തിവച്ച സ്വത്വം… നിയന്ത്രിക്കാൻ ആരുമില്ലാത്ത തെരുവുയുദ്ധങ്ങൾതന്നെയാണ് യഥാർത്ഥമനുഷ്യൻ വെളിപ്പെടുന്ന ഇടം”.
വണ്ടിക്കാളകൾ!
കേരളത്തിലെ തൊഴിലിടങ്ങളിൽ ബംഗാളികൾ ‘കുളവാഴ’പോലെ പെരുകുന്നതിന്റെ കാരണങ്ങൾ നോവൽ സാമാന്യം വിസ്തരിച്ച് വിവരിക്കുന്നുണ്ട്. മൂക്കിന്റെ ഗന്ധം പാവങ്ങളെ കളിയാക്കാനാണെന്ന് വിശ്വസിക്കാൻ നിർബന്ധിക്കുന്ന കൊടിയ ദാരിദ്ര്യവും വടക്കു കിഴക്കൻ സംസ്ഥാനങ്ങളിലെ ആഭ്യന്തര കലാപങ്ങളും സ്വന്തം വേരറുക്കാൻ പ്രസ്തുത ദേശക്കാരെ നിർബന്ധിക്കുന്നു. ”വിശപ്പ് ജീവിതമാണെങ്കിൽ പണം വിശപ്പിന്റെ ദൈവമാണ്” എന്ന തിരിച്ചറിവിൽ പുതിയ തൊഴിലിടങ്ങൾ അവർ അന്വേഷിക്കുന്നു. ”ദേഹമനങ്ങി പണി ചെയ്യാനുള്ള” മലയാളിയുടെ വൈമനസ്യവും, വെള്ളക്കോളർ ജോലികളോടുള്ള ആസക്തിയും കേരളത്തെ ‘ബംഗാളികളുടെ ഗൾഫാക്കുന്നു’. ”കേരളമെന്നാൽ ജോലിക്ക് നല്ല ശമ്പളം നൽകുന്ന, തൊഴിലാളികളെ ആദരവോടെു കാണുന്ന തീപ്പൊരി സംസ്ഥാനമാണെന്ന” തോന്നലും കേരളത്തിലേക്കുള്ള ബംഗാളികളുടെയും ആസ്സാമികളുടെയും കൂടുമാറ്റത്തിന് പ്രധാന കാരണമാണ്.
എല്ലാം തരുന്ന അക്ഷയപാത്രമാണ് കേരളമെന്നു കരുതിയ അതിഥി തൊഴിലാളികൾ തങ്ങൾ ‘രണ്ടാംകിട പൗരന്മാരാണെന്ന്’ വേഗം തിരിച്ചറിയുന്നു. തകരഷീറ്റുകൊണ്ട് വലിച്ചുകെട്ടിയ നെടുനീളൻ ആലയാണ് ഇവരുടെ താവളം. ‘ഏകാന്തതയുടെ പരകോടിയിൽ ചുരുങ്ങിയൊതുങ്ങി തനിക്കൊരു ലിംഗമുണ്ടെന്നു’ മറന്നുപോകുന്ന അനാറുൾ ഭീകരമായ ഒരു യാഥാർത്ഥ്യമാണ്. പൊതുവിടങ്ങളിൽ മിക്കപ്പോഴും ഇതര സംസ്ഥാന തൊഴിലാളികൾക്ക് ലഭിക്കുന്നത് പുഴുത്ത നോട്ടമാണ്. അൽസേഷൻ പട്ടിയെ കുളിപ്പിക്കുന്ന തൊഴിലാളിക്ക് കീടത്തിന്റെ വിലപോലും ഇല്ല. പുസ്തകം വിൽക്കാൻ ഗേറ്റ് തുറന്ന് കയറിച്ചെന്ന അതിഥി യുവാവിനെ സംഗീത എന്ന വൈവാഹികബന്ധവിമുക്തമായ വീട്ടമ്മ ലാബ്രഡോർ നായയെ അഴിച്ചുവിട്ട് കടിപ്പിച്ച് മൃതപ്രായനാക്കി. ഇതര സംസ്ഥാനക്കാരനായതുകൊണ്ട് പോലീസ് രേഖകളിൽ കടിച്ചത് തെരുവുപട്ടിയായി.
കൊളോണിയൽ കാലത്തെ അടിമക്കച്ചവടത്തേക്കാൾ ലാഭകരമാണ് ബംഗാളികളെന്ന് അഭിനവ മലയാളി വെള്ളക്കാർ കരുതുന്നു: ”അടിമയെ വിലക്കു വാങ്ങിച്ചാൽ മുടക്കുമുതൽ നഷ്ടം. നല്ല തീറ്റ കൊടുക്കണം… ഓടി രക്ഷപ്പെടാതെ നോക്കണം… ഉടുക്കാൻ തുണി, ഉറങ്ങാൻ സ്ഥലം… വിറ്റാൽ നഷ്ടം… തമിഴന് ഇതൊന്നും വേണ്ട… ഇന്ന് ആരോഗ്യമുള്ളവന് പണി. നാളെ അതിെല്ലങ്കിൽ അവനെ വേണ്ട… പണിക്കാരി പ്രഗ്‌നന്റ് ആയാലവളെപ്പിന്നെ വേണ്ട. തുച്ഛമായ കൂലിക്ക് വരാൻ വേറെ ആളുണ്ട്”. മാധവിക്കുട്ടിയുടെ ‘കോലാടി’ലെ അമ്മയെപ്പോലെയോ, കേശവദേവി ന്റെ ‘ഓടയിൽ നിന്ന്’ എന്ന കൃതിയിലെ പപ്പുവിനെപ്പോലെയോ അവഗണനയുടെ ഓടയിലേക്ക് എറിയപ്പെടുന്ന ജീവിതങ്ങൾ! ചില ജീവിതങ്ങൾ എന്നും ഓടയിൽ തുടങ്ങി ഓടയിൽ അവസാനിക്കുന്നു. വണ്ടിക്കാളകളെപ്പോലെ അദ്ധ്വാനിച്ച് ആത്മവിലാപങ്ങളുടെ
ബലിപ്പുരയിൽ ജീവിതം ഉരുകിത്തീരുന്നു.
ബംഗാളികൾക്ക് പ്രവേശനമില്ല!
വരത്തന്മാരായ ‘അന്യമനുഷ്യക്കോലങ്ങൾ’ ഒരുമിച്ച് നടക്കുന്നതും സംസാരിക്കുന്നതും ചിരിക്കുന്നതും കാണുമ്പോൾ മലയാളിക്ക് വല്ലാത്ത ഉൾഭയം തോന്നുന്നു. അജ്ഞാതഭാഷ കേൾക്കുമ്പോൾ അത് തങ്ങളെ നശിപ്പിക്കാനുള്ള ഗൂഢാലോചനയാണെന്നുപോലും ചിന്തിക്കുന്നവർ! അതിഥി തൊഴിലാളികളെക്കുറിച്ചുള്ള ആരോപണങ്ങൾ നിരവധിയാണ്: ”അരാജകത്വം സൃഷ്ടിക്കുന്നു. അഴിഞ്ഞാടി നടക്കുന്നു. തുറിച്ചുനോക്കി സ്ര്തീകളിൽ ഭീതി സൃഷ്ടിക്കുന്നു. ചവർ വലിച്ചെറിയുന്നു. പുഴയും പരിസരവും മലിനമാക്കുന്നു. ലഹരി വിതരണം ചെയ്യുന്നു”. രാത്രികളിൽ സഞ്ചരിക്കുന്ന ആഫടഡപബടഭ ബംഗാളികളെന്ന് ചിലർ. ഹിന്ദിയിൽ സംസാരിച്ച് മോഷണക്കുറ്റം ബംഗാളികളിൽ ആരോപിക്കാൻ ശ്രമിക്കുന്ന മലയാളി കള്ളന്മാർ! പണ്ട് ഒരു മിന്നാമിനുങ്ങ് ഒരു ബാഡ് ശാസ്ര്തജ്ഞൻ ഉണ്ടാക്കിയ മരുന്നു കുടിച്ചപ്പോൾ ഭീകരജീവിയായതുപോലെ ബംഗാളികളും പണം കിട്ടുമ്പോൾ ഭീകരജീവികളാകുമെന്ന് വിശ്വസിപ്പിച്ച് കുട്ടികളിൽപോലും അകാരണഭയം ഉണ്ടാക്കുന്നു.
ഇത്തരം വ്യാജനിർമിതികളുടെ മരണകൂടാരത്തിലാണ് ഇതരസംസ്ഥാന തൊഴിലാളികൾ ജീവിക്കാൻ നിർബന്ധിക്കപ്പെടുന്നത്. അയൽസംസ്ഥാനങ്ങൡ നിന്നും കേരളത്തിൽ തൊഴിലിനെ ത്തുന്നവരെക്കുറിച്ചുള്ള വ്യാജപ്രചരണങ്ങളെയും മനുഷ്യരിൽ ഉൾഭയം സൃഷ്ടിക്കുന്ന സാംസ്‌കാരിക പൊങ്ങച്ചങ്ങളെയും അമ
ൽ തന്റെ നോവലിൽ വിചാരണ ചെയ്യുന്നു. 24 വർഷം ബഹറിനിൽ ജോലി ചെയ്ത് പണം സമ്പാദിച്ച നസീം, ഇതര സംസ്ഥാന തൊഴിലാളികൾ കേരളത്തിൽ വരുന്നതിൽ അസഹിഷ്ണുത പ്രകടിപ്പിക്കുന്നതിലെ അശ്ലീകരമായ വൈരുധ്യം തിരിച്ചറിയുന്നില്ല. അതിഥി തൊഴിലാളികൾ മലയാളി പെൺകുട്ടികളെ വിവാഹം കഴിച്ചാൽ മലയാളി സംസ്‌കാരം തകിടം മറിയുമെന്നു പരിതപിക്കുന്നവരെ മലയാളി ജോലി തേടിപ്പോയ രാജ്യങ്ങളിൽ നിന്നും വിവാഹം കഴിച്ചത് അമൽ ഓർമപ്പെടുത്തുന്നു: ”അതുപോലെ ബംഗാളികളും ഇവിടെ വന്ന് വിവാഹം ചെയ്ത് ഇവിടെ കൂടിയാൽ എന്താ കുഴപ്പം?” ചരിത്രബോധമില്ലായ്മയാണ് അപരിചിതരെ ക്കുറിച്ചുള്ള അകാരണഭീതിയുടെ അടിസ്ഥാനം. ”പണ്ട് പോർച്ചുഗീസുകാരും ബ്രിട്ടീഷുകാരും അറബികളും ചീനന്മാരും യവനന്മാരും” യെഹൂദന്മാരും കേരളത്തിന്റെ നാട്ടുവഴികളിലൂടെ നിർഭയം സഞ്ചരിച്ചു. ഇപ്പോൾ അതിഥി തൊഴിലാളികൾ സഞ്ചരിക്കുന്നു.ഇനിയും അനേകർ സഞ്ചരിേച്ചക്കാം.
അയൽ സംസ്ഥാന തൊഴിലാളികൾ സ്ര്തീകളുടെ സുരക്ഷിതത്വത്തിന് ഭീഷണിയാണെന്ന പ്രചാരവേലയെയും നോവൽ നിശിതമായി പരിഹസിക്കുന്നു. ”വീടിനകത്താണ് കൂടുതൽ സ്ര്തീപീഡനങ്ങൾ നടക്കുന്നതെന്ന” മഹിള അസ്സോസിയേഷൻ പ്രസിഡന്റിന്റെ പ്രസ്താവന ബംഗാളികളെക്കുറിച്ചുള്ള അസത്യപ്രചരണത്തെ അപനിർമിക്കുന്നു. മലയാളി പുരുഷന്മാർ തുറിച്ചുനോക്കിയാലും ബലാത്സംഗം ചെയ്താലും സാരമില്ല, അന്യസംസ്ഥാനക്കാർ അതൊക്കെ ചെയ്താൽ അപമാനകരമാണ് എന്ന മഹിള അേസ്സാസിയേഷൻ സെക്രട്ടറി സീതയുടെ നിലപാടിലൂടെ സ്ര്തീസുരക്ഷയെക്കുറിച്ചുള്ള ആശങ്കകൾക്കു പിന്നിൽ വംശവെറിയാണെന്ന സത്യം മലയാളികളോട് അമൽ വിളിച്ചുപറയുന്നു.
കേരളത്തിലെ തൊഴിലിടങ്ങളിൽ വന്ന മാറ്റം സാമൂഹിക സുരക്ഷയ്ക്ക് ഭീഷണിയാണെന്ന പൊതുബോധത്തിന്റെ പൊള്ളത്തരത്തെ ‘ബംഗാളികലാപം’ തുറന്നുകാട്ടുന്നു. ഇതര സംസ്ഥാനക്കാരനായ ചില്ലുസിങ്ങിനെ ഗൂർഖയായി നിയമിച്ച ഭരതൻ നമ്പ്യാർ റസിഡന്റ് അസ്സോസിയേഷൻകാർ കോളനിയിലെ വീടുകളെല്ലാം നിർമിച്ച ബംഗാളികളെ ഭീഷണിയായി കാണുന്നതിന്റെ പൊരുത്തക്കേട് തിരിച്ചറിയുന്നില്ല. അതിഥി തൊഴിലാളികളെ ഭീഷണിയായി കാണുമ്പോഴും ഹോട്ടലിലും മീൻചന്തയിലും ഹോളോബ്രിക്‌സ് ഫാക്ടറിയിലും റബ്ബർതോട്ടത്തിലും എല്ലുമുറിയെ പണിയെടുക്കാൻ അവർ വേണം. എന്തിന് മദ്യശാലയിൽ ക്യൂ നിൽക്കാൻ പോലും ബംഗാളികൾ ശരണം. പൊതു ഇടങ്ങളെ ചലിപ്പിക്കുന്നത് ബംഗാളികളാണെങ്കനിലും മലയാൡയുടെ ചീഞ്ഞ മേനിപറച്ചിലുകൾക്ക് ഒരു കുറവുമില്ലെന്ന് അമൽ പരിതപിക്കുന്നു.
അവശേഷിപ്പുകൾ
അതിഥി തൊഴിലാളികളുടെ യാതനകളുടെ ലാവാപ്രവാഹങ്ങളെയും മലയാളികളുടെ മിഥ്യാഭിമാനത്തെയും ഉപഭോഗത്വരയെയും യാഥാർത്ഥ്യബോധത്തോടെയാണ് നോവൽ കോറിയിടുന്നത്. അയൽ സംസ്ഥാനങ്ങളിൽ നിന്നും ജോലിക്കെത്തിയവരെ നിരുപാധികം ന്യായീകരിക്കാനോ മഹത്വവത്കരിക്കാനോ അമൽ ശ്രമിക്കുന്നില്ല. അവരുടെ തെറ്റുകളെ കൃത്യമായി നോവലിൽ അടയാളപ്പെടുത്തുന്നുണ്ട്. ഒരു ബംഗാളി തൊഴിലാളി പോലീസ് കോൺസ്റ്റബിളിന്റെ ഭാര്യയുമായി ഒൡച്ചോടിയതും, പെൺകുട്ടിയെ പീഡിപ്പിച്ചതും വിഷയാസ്പദ സത്യസന്ധതയുടെ തെളിവാണ്. ഇത് സാമാന്യവത്കരണം എന്ന സാംസ്‌കാരിക രാഷ്ട്രീയ അജണ്ടയോടുള്ള സൂക്ഷ്മ പ്രതിരോധ പ്രവർത്തനമാണ്.
ഗുവാഹത്തിയിൽ നിന്നും കേരളത്തിലേക്കുള്ള ട്രെയിൻ യാത്രയിൽ സ്‌നേഹവും വർത്തമാനവും ആഹാരവും പങ്കിടുന്ന ഇതര സംസ്ഥാന തൊഴിലാളികളെക്കുറിച്ചുള്ള അമലിന്റെ വിവരണം മലയാളിയുടെ ധാരണകളെ പൊളിച്ചെഴുതുന്നു. വിശന്നുവലഞ്ഞ അനാറുളിന് തന്റെ സഞ്ചി തുറന്ന് പൊരിയും മൂംഗ് ഡാലും വിളമ്പുന്ന മുഗങ്ക ബിസ്വാസും ഭാര്യ കെട്ടിപ്പൊതിഞ്ഞു നൽകിയ ചപ്പാത്തി സഹയാത്രക്കാർക്ക് പങ്കുവയ്ക്കുന്ന ഒറീസ്സക്കാരനും ബീഫ് കറി കൂട്ടുകാർക്ക് നൽകുന്ന ആസാമുകാരനും മനുഷ്യത്വത്തിന് അതിരുകളില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നു.
താൻ ഏല്പിച്ച പണം മുഴുവനും മുഗങ്കയുടെ മകൾ തട്ടിയെടുത്തപ്പോഴും, മുഗങ്കയുടെ മരണത്തിൽ കേഴുന്ന അനാറുൾ നമ്മെ അത്ഭുതപ്പെടുത്തുന്നു: ”മുഗങ്കാ, എന്റെ ദാദാ, പണമല്ലല്ലോ വലുത്… നിങ്ങളുെട മകളല്ലേ, എന്റെ സഹോദരിയല്ലേ… അവൾ പണം എടുത്തോട്ടെ… നമുക്കിവിടെ കേരളത്തിൽ ഇനിയും അദ്ധ്വാനിക്കാമായിരുന്നില്ലേ?” ദേഹമാസകലം പൊള്ളലോടെ എത്തിയ അനാറുളിന് സ്വന്തം അടിവസ്ര്തം ധരിക്കാൻ നൽകിയ ബംഗാളി സ്ര്തീയും, അപകടത്തിൽപ്പെട്ട കുഞ്ഞിനെ രക്ഷിച്ച സെപ്റ്റിക് ടാങ്ക് വൃത്തിയാക്കുന്ന ചിന്നനും മലയാളിയുടെ ലിംഗബോധത്തെയും ജാതി/ശുദ്ധിബോധത്തെയും നാണം കെടുത്തുന്നു. പുഴുക്കുത്തുകൾ ഏറെയുണ്ടെങ്കിലും മലയാളി സമൂഹത്തിന് മാനവികതയും സാമൂഹികബോധവും ഇപ്പോഴും അന്യമല്ല.
സഹപാഠിയായ മണിമുത്തിന് ഓട്ടോ വാങ്ങാൻ പണം നൽകുന്ന വാഹിദും അതിഥി തൊഴിലാളിയായ ലാലയ്ക്ക് മേസ്തിരി പണി പഠിപ്പിച്ചും ആഹാരം നൽകിയും താമസിക്കാൻ വീടിന്റെ പിന്നിൽ ഷെഡ്ഡു കെട്ടി നൽകിയും അവനെ സ്‌നേഹിച്ച ചക്രപാണി ദാദയും, ലാലയെ ‘ഭയ്യ’ എന്നു വിളിക്കുന്ന ദാദയുടെ മകളും പൊട്ടൻ സുലൈമാന് ചോറും പലഹാരവും നൽകുന്ന അബൂബക്കറിന്റെ മകൾ നജ്മയും നമുക്ക് അനുദിനം കൈമോശം വരുന്ന നന്മയുടെ അവശേഷിപ്പുകളാണ്.
ഉപസംഹാരം
കേരളത്തിലെ മാറുന്ന തൊഴിലിടങ്ങളെക്കുറിച്ചും അവിടേക്ക് കൂട്ടമായെത്തി കൂടാരമടിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി കളെക്കുറിച്ചും എഴുതാൻ കാലം നിയോഗിച്ച പ്രതിഭയാണ് അമൽ. രണ്ട് ലക്ഷ്യങ്ങളാണ് നോവലിലൂടെ അമൽ ലക്ഷ്യമാക്കുന്നത് എന്നു തോന്നുന്നു. ഒന്ന്, അയൽ സംസ്ഥാന തൊഴിലാൡകളുടെ കണ്ണിലൂടെ മലയാളിയുടെ സാംസ്‌കാരിക ജീർണതകളെയും നൈതിക പൊള്ളത്തരങ്ങളെയും തുറന്നുകാട്ടുക. രണ്ട്, മലയാളിയുടെ അനുദിനജീവിതത്തിൽ അതിഥി തൊഴിലാളികളുടെ സാന്നിധ്യം അനിവാര്യമാക്കുന്ന സാമൂഹിക യാഥാർത്ഥ്യം അടയാളപ്പെടുത്തുക. നോവലിന്റെ വികാസത്തിൽ നാം കെട്ടിപ്പൊക്കിയ മതിലുകളും ആഘോഷിച്ച ബിംബങ്ങളും ചീട്ടുകൊട്ടാരം പോലെ തകർന്നുവീഴുന്നു. സ്വയം മുറിവേല്പിക്കാൻ മടിക്കാത്ത ഇത്തരം സർഗസൃഷ്ടികൾ എഴുത്തുകാരന്റെ ധർമവും കാലത്തിന്റെ കാവ്യനീതിയുമാണ്.