നിന്റെ ശകാരവാക്കുകൾ വീണ്ടും വീണ്ടും കേൾക്കാൻ എനിക്ക് ഇന്നും മോഹമാണ്. ഫയലുമായി ഞാൻ കാബിനിലെത്തുമ്പോൾ എന്റെ അബദ്ധങ്ങളെ ചൂണ്ടിക്കാട്ടി ശക്തമായ ഭാഷയിൽ നീ സംസാരിക്കുമ്പോഴെല്ലാം ഞാൻ ശ്രദ്ധിച്ചത് നിന്റെ ആംഗ്യങ്ങളിലാണ്, വേഷത്തിലാണ്. ഞാൻ ആസ്വദിച്ചത് നിന്റെ കാബിനിൽ നിറഞ്ഞു നിന്ന രാമച്ചത്തിന്റെ മണമാണ്. കാരണം, എനിക്കറിയാമായിരുന്നു; എന്നെ വഴക്കുപറഞ്ഞാലും എനിക്ക് ദോഷം വരുന്നതൊന്നും നീ ഫയലിൽ കുറിക്കില്ലെന്ന്.
സ്റ്റാഫ് മീറ്റിംഗിലും ബോർഡ് മീറ്റിംഗിലും നീ അധ്യക്ഷസ്ഥാനത്ത് കസേരയിലിരുന്ന് കുലുങ്ങി കറങ്ങുമ്പോഴും ഞാൻ ആ ഗാംഭീര്യം നന്നായി ആസ്വദിക്കുമായിരുന്നു. നിന്നെ മറ്റുള്ളവർ പ്രശംസിച്ചപ്പോഴെല്ലാം ആദ്യം ഞാൻ കൈയടിച്ചത് നീ ശ്രദ്ധിച്ചുപോലുമില്ല. നിന്നെ ആരേലും വിമർശിച്ചാൽ നിന്നേക്കാൾ ഞാൻ അസ്വസ്ഥനാകുമായിരുന്നതും നീ അറിഞ്ഞില്ല.
അതു മന:പൂർവമല്ലെന്ന് എനിക്കറിയാം. നിനക്ക് തെരക്കാണല്ലോ എപ്പോഴും. പിന്നെ നിന്റേതായൊരു സ്പീഡും!
നീ വെറുതേയിരിക്കുന്നത് കണ്ടിട്ടേയില്ല. ആ ചടുലതയാണ് നിന്റെ സവിശേഷതയും.
യാത്രയയപ്പുകഴിഞ്ഞ് നീ പോകാനിറങ്ങിയപ്പോൾ മനസ് എന്നോടു പറഞ്ഞു: ”നിനക്ക് ആരോ ഉണ്ടായിരുന്നതും ഇനി മുതൽ ഇല്ലാതായി!