നീയെന്തിനെന്നോട് ചെയ്തിങ്ങനെ?
ചെയ്യാതിരുന്നതുമെന്തു കൊണ്ട്?
എന്നേറ്റം പരിഭവം കേട്ടതാണീ
കാർമുകിൽവർണ്ണൻ യുഗങ്ങളായി.
ചിരിതൂകി കളിയാടിവരുമോയെന്ന്
പതിവായി ക്ഷണമൊന്നു ഞാൻ നൽകിലും,
മായം തിരിഞ്ഞുപോകുമീ കണ്ണനെ
ഇന്നു വിടാവതല്ലെന്നു ഞാനും.
നിർണ്ണയം പൂണ്ടു നിലകൊള്ളവേ,
ചോദ്യശരങ്ങളുമായിയായാദവൻ
കലികാലത്തിലിമ്മട്ടിൽ പ്രത്യക്ഷനായ്.
വറ്റിവരണ്ട യമുനയെ നോക്കി നിശ്വാസമാർന്നവൻ ഗദ്ഗദനായ്
കാലികളെത്ര ഗൃഹങ്ങളിലിന്നുണ്ട്
മേയ്ക്കുവാനായെന്ന് ചോദിക്കുന്നു
പാലില്ല തൈരില്ല വെണ്ണയുമില്ല
മേച്ചിൽപ്പുറങ്ങളും ബാക്കിയില്ല
ഒഴുകാത്ത കാളിന്ദിയും യമുനയും
കുലമറ്റുപോയ നീലക്കടമ്പും
കരുണയും ദയയും
ജനങ്ങളിൽ കനിവുള്ള
ഭരണാധിപൻമാരുമാരുമില്ല
വാത്സല്യ ഭാവത്തിലാറാടുമെൻ്റെ
യശോദമാതാഭാവമൊട്ടുമില്ല
എവിടെത്തിരയുമെൻ്റ സുധാമാവിനെ സ്വാർത്ഥരാമീ സഖാക്കൾ മദ്ധ്യേ ?
എവിടെത്തിരയുമെന്നോടക്കുഴലിനെ
ഭീഷണയുദ്ധത്തിൻ കാഹളത്തിൽ?
പരിപാവനമാം പ്രണയ ഹൃദയത്തെ
തിരയുവാനൊരിടവും ബാക്കിയില്ല
അനുരാഗക്കിളിവാതിലിലൂടൊഴുകും
ചന്ദനത്തിന്നമ്ളഗന്ധമെന്തേ?
ത്യാഗോജ്ജ്വലമാം രാധാഹൃദയത്തിൽ
കാലുഷ്യമേറും കാളകൂടമെന്തേ?
ശോണിതമാർന്നൊരിടനാഴികളിലിന്ന്
നിറവാർന്ന ഗുരുശിഷ്യബന്ധമെവിടെ?
തിൻമ ത്യജിച്ച കാളിയൻമാരില്ല
കംസർക്കോ ദണ്ഡനയില്ലതന്നെ
ചൊല്ലുക ഞാനിനിയെന്തു വേണ്ടൂ
എൻ്റെ നഷ്ടലോകങ്ങളെയെന്തു ചെയ്‌വൂ ?
കള്ളക്കടക്കണ്ണിലിമ്മട്ടു നോക്കീട്ടു
ചന്ദനക്കണ്ണനലിഞ്ഞുപോയി.
ഫോൺ: 9497828251