മകളേ
ഉമ്മറവാതില്‍ ഞരങ്ങാതെ
ചാരുക
നിനക്കറിയാമോ
പണ്ടിതൊരു
വരിക്ക പ്ളാവായിരുന്നു
കുട്ടിക്കാലത്ത്
അച്ഛനും കൂട്ടുകാരും
അതിന്‍ തണലത്ത്
വീടുണ്ടാക്കി കളിച്ചിരുന്നു
അതിന്‍റെ തുന്നാര കൊമ്പത്തൊരു
തൂക്കണാംകുരുവി
കുടുംബമായ് പാര്‍ത്തിരുന്നു
രാത്രികളില്‍
പുഴുനെല്ലിന്‍റെ മണമുള്ള കാറ്റ്
അതിന്‍റെ ചില്ലകളില്‍ തളര്‍ന്നുറങ്ങിയിരുന്നു
അതിന്‍റെ പഴമായിരുന്നു
അച്ഛന്‍ ഓര്‍മ്മയിലറിഞ്ഞ
ആദ്യമധുരം
മണ്ണ് തേവിയ അടുക്കളപ്പുറങ്ങളില്‍
കുഴിച്ചിട്ട കുരുകൊണ്ട്
വറുതിയില്‍ വിശപ്പകറ്റിയൊരു
വീടുണ്ടായിരുന്നു
മകളേ
ഉമ്മറവാതില്‍
ഞരങ്ങാതെ ചാരുക
ഓരോ ഞരക്കത്തിലും
തെക്കേതൊടിയിലൊരു
പൂവാംകുരുന്നില
തേങ്ങി കരയുന്നു….