നിന്നിലേക്ക് പുറപ്പെട്ട വാക്കുകളെ
ഇന്ന് ഓവുചാലിൽനിന്ന് കിട്ടി
ചിറകറ്റ്,
രക്തത്തിൽ കുതിർന്ന്
നിനക്കായ് കരുതി വച്ച ചുംബനങ്ങൾ
പാതക്കടിയിൽ കിടക്കുന്നു
ചതഞ്ഞരഞ്ഞ്
ജീവിതം മഹത്തരമാണ്
എന്നെഴുതിയ കവിതയുടെ ജഡം
പൂമരത്തിൽ ഒരു പ്രതീകമായി.
വാക്കുകളാൽ പറയാൻ കഴിയില്ല
ചില സന്ദർഭങ്ങളെ
മഴയെ പകർത്താൻ
മിന്നലിനാവാത്ത പോലെ
വെള്ളപ്പൊക്കത്തിൽ
കരപറ്റിയ ഉറുമ്പുകൾക്ക് മുന്നിൽ
ഷട്ടറുകൾ അടയുന്നത്
തളിരിലേ വീണ ഇലയെ
മഴ കൊണ്ടുപോകുന്നത്
അത്രയേറെ ഏകാന്തത ചുമന്നെത്തുന്ന പുഴയെ
കടൽ തള്ളി നീക്കുന്നത്…
എന്നിട്ടും,
വീണ്ടും മുളയ്ക്കുന്നു
നിനച്ചിരിക്കാതെ,
മണ്ണിൽ നാം ചവിട്ടിയരച്ച
പുൽനാമ്പുകൾ പോലെ
ജീവിത കാമനകൾ.