സദാചാരം പഠിപ്പിച്ച മാഷിന്റെ
കൈയക്ഷരം പരിചിതം
പതിവായി വായിക്കുന്ന
ബാത്റൂം ചുമരുകളിലെ
അതേ കൈയക്ഷരം!
ഓർമ
ഉടൽ പൊഴിച്ചൊന്നു നടക്കണം
നിന്റെ മുന്നിലൂടെ
അന്നു നീ പറഞ്ഞേക്കും
ഞാൻ മരിച്ചെന്ന്
കാരണം
ഉടലവുകളില്ലാതെ
നിനക്കെന്നെ ഓർക്കപോലും വയ്യല്ലോ
ഉന്മാദം
വേരിന്റെ തുഞ്ചത്തൊളിച്ചു
മടുത്തു ഞാൻ
ഓടിക്കയറണം
ഒരു നല്ല ചില്ലയിൽ
പൂവിട്ടു കായിട്ടു തളിരിട്ടു
നിൽക്കണം
ഭ്രാന്തു മണക്കുന്ന
പൂമരമാകണം.