അച്ഛൻയന്ത്രം അമ്മയന്ത്രത്തോട് പറഞ്ഞു,
ഈയിടെയായി മകൻയന്ത്രത്തിന്റെ മുഖത്ത്
ഒരു സന്തോഷമില്ലെന്ന്.
‘ടീച്ചർയന്ത്രം എന്തിനെങ്കിലും വഴക്ക് പറഞ്ഞുകാണും,
അല്ലെങ്കിൽ വല്ല കൂട്ടുകാരിയന്ത്രവും
പിണങ്ങിനടക്കുകയാവും’
അമ്മയന്ത്രത്തിനു തോന്നി.
നീ അവനെ സ്‌നേഹയന്ത്രത്തിലിട്ടൊന്നു കറക്കിനോക്ക്,
കാര്യമറിയാമല്ലോ എന്നായി അച്ഛൻയന്ത്രം.
നമുക്ക് മകൻയന്ത്രത്തിനൊരു കൂട്ടായി
ഒരു കുഞ്ഞുയന്ത്രം കൂടി ഉണ്ടാവേണ്ടേ?
അച്ഛൻയന്ത്രം അമ്മയന്ത്രത്തിനോട് ചോദിച്ചു.
അതിന് ചേട്ടൻയന്ത്രത്തിനെവിടാ സമയം,
അമ്മയന്ത്രം പരിഭവിച്ചു.
യന്ത്രങ്ങൾക്കെന്തിനാ കൂട്ട് എന്ന്
അച്ഛൻയന്ത്രം പിന്നീട് ചിന്തിച്ചു.
‘അയൽപ്പക്കയന്ത്രങ്ങളെയൊന്നും കണ്ടാൽ
വർത്തമാനത്തിനു പോവരുത്, പകരം
എല്ലാം ഒരു പുഞ്ചിരിയന്ത്രത്തിൽ ഒതുക്കണം’
അച്ഛൻയന്ത്രം മകൻയന്ത്രത്തെ ഉപദേശിച്ചു .
മോന് വളരുമ്പോൾ ഏതു യന്ത്രമാവണമെന്നാണ് ആഗ്രഹം?
ടീച്ചർയന്ത്രം ചോദിച്ചു.
ധാരാളം പണം കിട്ടുന്ന ഒരു ഡോക്ടർയന്ത്രമാവണം.
പണമില്ലാത്ത രോഗിയന്ത്രമാണ്
മോന്റെ അടുത്തുവരുന്നതെങ്കിലോ
‘ഞാൻ അവനറിയാതെ അവന്റെ കിഡ്‌നിയന്ത്രം ഊരി വിൽക്കും’
എന്നായി വിദ്യാർഥിയന്ത്രം.
ഏതായാലും വലിയൊരു വീടുയന്ത്രം ഞാൻ വയ്ക്കും
എന്നായി മകൻയന്ത്രം.
അവിടെ പത്ത് കിടപ്പുമുറിയന്ത്രങ്ങൾ ഉണ്ടാവും.
മകൻയന്ത്രം വീടുയന്ത്രം വച്ചു,
രാത്രി ആ വീട്ടിൽനിന്ന് നിന്ന് ചില അട്ടഹാസങ്ങൾ,
ദീനരോദനങ്ങൾ, കൂട്ടക്കരച്ചിലുകൾ,
ആയുധങ്ങൾ തമ്മിലുരസുന്ന ശബ്ദം
ഒക്കെ കേട്ടു.
ആ വീട്ടിലേക്ക് ആരോ ഒരാൾ
രാത്രി എത്തിയിരുന്നതായി
ചിലർ പറഞ്ഞുകേട്ടു,
ഞാൻ നിങ്ങൾ ഓരോരുത്തരുടെയും
ഭാഗമാണെന്നു പറഞ്ഞിട്ടും വീട്ടുകാർ
ആട്ടിപ്പുറത്താക്കിയത്രേ.
വന്നയാളെ വീട്ടുകാർ എന്തിനോ നിർബന്ധിച്ചെന്നും
അയാളതിനു വഴങ്ങിയില്ലെന്നും കിംവദന്തികൾ പരന്നു,
വന്നയാളെയും വീട്ടുകാർ യന്ത്രമാക്കാൻ നിർബന്ധിച്ചത്രേ.
അതിനു വിസമ്മതിച്ചതാണ്
അയാളെ കൂട്ടക്കൊലയിലേക്ക് നയിച്ചത്.
നിങ്ങൾക്ക് മന:സാക്ഷിയുണ്ടോ എന്ന്
ചോദിച്ചുവന്നതായിരുന്നു അയാൾ.
ഇല്ലെന്ന് പറഞ്ഞ് വീട്ടുകാർ ഒഴിഞ്ഞുമാറി.
ഇപ്പോൾ ആ വീട്ടിൽ നിന്നു കേൾക്കാം
മുൻകാല പ്രാബല്യം തേടുന്ന
പൊട്ടിക്കരച്ചിലുകൾ, പൊട്ടിച്ചിരികൾ,
കുറ്റബോധം സഹിക്കവയ്യാഞ്ഞുള്ള തേങ്ങലുകൾ,
കഴിഞ്ഞതോർത്തുള്ള നെടുവീർപ്പുകൾ,
കുട്ടികൾ ചെയ്യാതെ പോയ കുസൃതികൾ,
പറയാതെപോയ പ്രണയങ്ങൾ.
അറിയാതെ പോയ മാമ്പഴക്കാലങ്ങൾ,
കാണാതെ പോയ മിന്നാമിനുങ്ങുകൾ,
ആത്മാക്കൾ കെട്ടിപ്പിടിക്കുമ്പോഴുള്ള ഒച്ചകൾക്ല