പച്ച കലർന്ന
ചാര നിറത്തിലുള്ള
മഞ്ഞു നൂലു കൊണ്ട്
നെയ്തെടുത്തതായിരുന്നു
അവളുടെ അടിയുടുപ്പ്.
എന്റെ ഗ്രീഷ്മ നിശ്വാസത്താൽ
അതലിഞ്ഞ്
അടർന്നു വീണ്
ഒഴുകുവാൻ തുടങ്ങി
നദിയിലൂടെ
സമുദ്രത്തിലേക്ക്.
അതേ സമയത്തുതന്നെ
അവളുടെ
പൊക്കിൾകുഴിയിൽ നിന്ന്
ഒരു കുഴിയാന
ചുവന്ന വാലും
നീലച്ചിറകുമായ്
ആകാശത്തിലേക്ക് പറന്നുയർന്ന്
സൂര്യനെ പ്രാപിക്കാൻ ശ്രമിച്ചു.
അടുത്ത വേനൽ മഴയിൽ
ഞങ്ങളുടെ നഗരത്തിൽ
പെയ്ത മഴയുടെ നിറം
പച്ച കലർന്ന ചാരനിറമായിരുന്നു
അപ്പോൾ ആകാശത്ത്
വാലും ചിറകുമില്ലാത്ത തുമ്പികൾ
പറന്നുകൊണ്ടേയിരുന്നു.
Related tags :