(കേരള സ്റ്റോറി, ഹിന്ദുത്വ, പിന്നെ മലയാളി സ്ത്രീയും എന്ന ലേഖനത്തിന്റെ രണ്ടാം ഭാഗമാണിത്.)
2009-ലാണ് ഹിന്ദുത്വ വലതുപക്ഷക്കാർ ‘ലൗ ജിഹാദിനെ’ ആയുധമാക്കി മുസ്ലീം വിദ്വേഷം കേരളത്തിലേക്ക് കൊണ്ടുവരുന്നത്. ക്രമേണ, മലയാളികളുടെ പുരോഗമന വിഭാഗങ്ങൾക്കിടയിലും ഇതിന് മൃദു സ്വീകാര്യത ലഭിച്ചു. സംഘടിത ക്രിസ്ത്യൻ സഭയുടെ, പ്രത്യേകിച്ച് സവർണ്ണ മേൽക്കോയ്മക്കാരായ സുറിയാനി ക്രിസ്ത്യാനികളുടെ, ശക്തമായ പിന്തുണയിലൂടെ മാത്രമാണ് ഈ സ്വീകാര്യത സാധ്യമായത്.
സംഘടിത തലത്തിൽ ഇത് സംഭവിക്കുന്നുണ്ടെന്നത് സംസ്ഥാന അധികാരികൾ നിഷേധിച്ച കാര്യമാണെങ്കിലും, യുവാക്കൾ ജാതി/മത വേർതിരിവുകൾക്കപ്പുറമുള്ള വിവാഹത്തെ സ്വയം തിരഞ്ഞെടുക്കുകയും സ്വന്തം പങ്കാളികളെ തേടുകയും ചെയ്യുന്നുണ്ട് എന്നത് നിഷേധിക്കാനാവാത്ത കാര്യമാണ് – പ്രത്യേകിച്ചും, യുവതികൾ അവരുടെ തിരഞ്ഞെടുപ്പുകളിൽ കുടുംബത്തെയും സമുദായ അധികാരികളെയും ധിക്കരിക്കുന്നു. ഉന്നതവിദ്യാഭ്യാസത്തിന്റെ വൻതോതിലുള്ള വിപുലീകരണം, ആഗോളവൽക്കരിക്കപ്പെട്ട ബഹുജനമാധ്യമങ്ങളുടെ വരവ്, ഡിജിറ്റൽ ഇടങ്ങൾ, വ്യാപകമായ ഇന്റർനെറ്റ് ലഭ്യത, കാലിക പരിവർത്തനത്തിന്ന് വിധേയമാകാത്ത സാമൂഹിക സംഘടനകളുടെ അപചയം എന്നിവയുൾപ്പെടെ 1990-കൾ മുതൽ കേരളത്തിൽ ഉണ്ടായ നിരവധി സാമൂഹിക-സാമ്പത്തിക മാറ്റങ്ങളുടെ ആകെത്തുകയാണ് ഇതിന് കാരണമായത്. മാറിക്കൊണ്ടിരിക്കുന്ന സാമ്പത്തിക സാഹചര്യങ്ങൾക്കനുസരിച്ച് സാമൂഹ്യ സ്ഥാപനങ്ങൾക്ക് നവീകരിക്കാനാവാതെ പോയതും ഒരു കാരണമാണ്. ഒരു മുസ്ലീം ഗൂഢാലോചന കണ്ടെത്തി ഹിന്ദുത്വ തീവ്ര വലതുപക്ഷത്തിന് അക്രമ ദൗത്യം കൈമാറുക എന്നതായിരുന്നു ഇതിനെ നേരിടാൻ എളുപ്പത്തിൽ കണ്ടെത്തിയ പോംവഴി.
മുസ്ലിം സമുദായത്തിലെ “ജനപ്പെരുപ്പ ഭീഷണി’ എന്ന തരത്തിൽ സിപിഎമ്മിന്റെ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദൻ നടത്തിയ ചിന്താശൂന്യമായ പരാമർശം ഏറെ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്. പക്ഷേ, അവരുടെ യഥാർത്ഥ പരാജയം കേരളത്തിൽ ബലപ്രയോഗത്തിന്റെയും ശിക്ഷയുടെയും തീവ്രവലതുപക്ഷ ഇടങ്ങൾ കൂണുപോലെ മുളച്ചുപൊന്തുന്നതിനോടു സ്വീകരിച്ച തണുപ്പൻ സമീപനമായിരുന്നു.
പങ്കാളികളെ തിരഞ്ഞെടുക്കുന്നതിൽ സമുദായ അതിർവരമ്പുകൾ ലംഘിച്ച ഹിന്ദു യുവതീയുവാക്കളെ ബലപ്രയോഗത്തിലൂടെ തിരികെ കൊണ്ടുവരുന്നതും അവരെ നിർബന്ധിത ‘മത പുനർവിദ്യാഭാസത്തിന്ന്’ വിധേയമാക്കുകയും ചെയ്യുന്നത് പ്രത്യക്ഷത്തിൽ കണ്ടില്ല എന്ന് നടിച്ചു. അഹിന്ദുക്കളല്ലാത്ത പങ്കാളികളെ ഉപേക്ഷിക്കാൻ പ്രേരിപ്പിക്കുന്നതിന്റെ ഭാഗമായി തങ്ങളെ പീഡനത്തിന് വിധേയരായതായി രണ്ട് സ്ത്രീകൾ കോടതിയിൽ പറഞ്ഞു. എന്നിട്ടും പ്രശ്നത്തിന്റെ വേരുകൾ കണ്ടെത്തി പരിഹരിക്കാൻ ഉള്ള കാര്യമായ ശ്രമങ്ങൾ ഉണ്ടായില്ല – ഷെഫിൻ ജഹാൻ എന്ന മുസ്ലീം പുരുഷൻ ഈഴവ സ്ത്രീയായ ഹാദിയയെ എങ്ങനെ വശീകരിക്കാൻ ശ്രമിച്ചുവെന്നതിലായിരുന്നു ശ്രദ്ധ.
2022 ആകുമ്പോഴേക്കും ദുർഗ്ഗവാഹിനി എന്ന സംഘടനയുടെ പേരിൽ പ്രായപൂർത്തിയാവാത്ത പെൺകുട്ടികൾ അടക്കം അണിനിരന്ന് ആയുധങ്ങൾ ചുഴറ്റിവീശിക്കൊണ്ട് പ്രകടനങ്ങൾ നടത്തുന്നതിലേക്ക് കാര്യങ്ങൾ എത്തി. ഇത് കേരളം മുമ്പെങ്ങും കണ്ടിട്ടില്ലാത്ത ഒരു കാഴ്ചയായിരുന്നു. ഇത്രയൊക്കെ ആയിട്ടും കേരളം പാഠങ്ങൾ ഉൾക്കൊണ്ടിട്ടില്ല. പക്ഷെ സമൂഹമാധ്യമങ്ങളിലൂടെ ചില പുരോഗമനവാദികൾ അപകടം മനസ്സിലാക്കി പ്രതികരിച്ചു തുടങ്ങി എന്നത് കുറച്ചു ആശ്വാസകരമാണ്.
സോഷ്യൽ മീഡിയയിലെ പ്രതിഷേധം പോലീസ് നടപടിയിലേക്ക് നയിച്ചു. പക്ഷേ ഇത് കൂടാതെ എന്ത് നടപടികളാണ് ഉണ്ടായിട്ടുള്ളത് എന്ന് നമ്മൾക്കറിയില്ല. പൊലീസ് നടപടിയെ വിമർശിച്ച ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ, പെൺകുട്ടികൾ ‘മതഭീകരരിൽ’ നിന്ന് സംരക്ഷണം തേടുക മാത്രമാണെന്ന് ചെയ്തതെന്ന് പ്രഖ്യാപിച്ചു.
മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിൽ എന്നപോലെ, ‘മുസ്ലീം ഭീതി’ ഇപ്പോൾ ഹിന്ദു പെൺകുട്ടികളെ ഹിന്ദുത്വ രൂപീകരണത്തിലേക്ക് അടുപ്പിക്കുവാനുള്ള മാർഗ്ഗമാക്കിയിരിക്കുന്നു. ഇതിന്റെ പ്രാധാന്യം കുറച്ചുകാണാൻ പാടില്ല. ശബരിമലയിലെ കാനനക്ഷേത്രത്തിൽ ആർത്തവപ്രായമുള്ള സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിക്കെതിരെ 2018ൽ നടന്ന ‘ശൂദ്രസ്ത്രീകളുടെ പ്രക്ഷോഭം’ പോലും മുസ്ലീം വിദ്വേഷത്തിൽ വേരൂന്നിയതല്ല, മറിച്ച് “ആചാര സംരക്ഷണത്തിന്റെ” ഭാഗമായിരുന്നു എന്ന് കാണുമ്പോൾ ഇത് ഏറെ പ്രാധാന്യം അർഹിക്കുന്നു.
അവരുടെ ഭാഷയിൽ ആചാരസംരക്ഷണം എന്നത് ജാതി വ്യവസ്ഥ എന്ന മൂലധനത്തിന്മേലുള്ള നവ സവർണ്ണ സ്ത്രീകളുടെ അവകാശസംരക്ഷണം മാത്രമാണ്. (ആർത്തവ വിരാമം വരെ കാത്തിരിക്കാൻ തയ്യാർ എന്ന അർത്ഥത്തിൽ) ‘റെഡി ടു വെയിറ്റ്’ സ്ത്രീകൾ, സുപ്രീം കോടതി വിധിയെ ആദ്യം പിന്തുണച്ച ആർഎസ്എസിനെ എതിർക്കാൻ പോലും തയ്യാറായിരുന്നു. ഇത്തരം പ്രകടാത്മകമായ ആചാര സംരക്ഷണത്തിലൂടെ തങ്ങളുടെ ജാതീയ മേൽക്കോയ്മ സംരക്ഷിച്ച് നിർത്തുകയായിരുന്നു അവർ. മാർച്ച് നടത്തിയതിന്റെയും പ്രതിരോധത്തിന്റെയും കാര്യത്തിൽ ദുർഗ്ഗവാഹിനിയുടെ ചങ്കൂറ്റം കണക്കിലെടുത്താൽ, ഈ ആത്മവിശ്വാസം ഒരു പുതിയ കാലഘട്ടത്തിന്റെ നാന്ദി കുറിക്കുകയാണ് എന്ന് പറയാം. മുസ്ലീം പുരുഷന്മാരെ തുരത്താൻ ഹിന്ദുത്വ സ്ത്രീകൾ തങ്ങളുടെ ശരീരത്തിൽ (സവർണ്ണ) ഹിന്ദുവിന്റെ അടയാളങ്ങൾ – നെറ്റിയിലെ ചുവന്ന പുള്ളിപൊട്ട്, സിന്ദൂരം, ചന്ദനത്തിൻ്റെ അടയാളം മുതലായവ – ധരിക്കേണ്ടതിന്റെ പ്രാധാന്യം പ്രഖ്യാപിച്ച മറ്റ് സംഭവങ്ങളും ഇത് സ്ഥിരീകരിക്കുന്നു. ഹിന്ദുത്വ അനുയായികൾക്കിടയിൽ പുതുതായി കണ്ടെത്തിയ ഈ ആത്മവിശ്വാസമാണ് കേരള സ്റ്റോറിയുടെ നിർമ്മാതാക്കൾക്ക് ബലമായത് എന്ന് ഞാൻ കരുതുന്നു.
ഈ ഭ്രാന്തിനോട് നമ്മൾ എങ്ങനെ പ്രതികരിക്കണം? നമ്മൾ മലയാളികൾ മികവ് പുലർത്തുന്ന നമ്മുടെ നർമ്മബോധത്തെ ഉപയോഗിക്കണമെന്ന് ഞാൻ കരുതുന്നു. കടുത്ത ദാരിദ്ര്യത്തിൽ നിന്ന് അക്രമമാർഗ്ഗത്തിലൂടെയല്ലാതെ നാടിനെ സമൃദ്ധിയിലേക്ക് സ്വയം ഉയർത്തിയ ഒരു ജനത എന്ന നിലയിൽ, സ്വയം പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾ നമ്മൾ സൃഷ്ടിച്ചു. കേന്ദ്രത്തിന്റെ വ്യവസ്ഥാപിതമായ അവഗണനയിലൂടെ തൊഴിൽ സാധ്യതകൾ നിഷേധിക്കപ്പെട്ട നമ്മൾ ആഗോള തൊഴിൽ വിപണിയിൽ അവസരങ്ങൾ തേടി. ഒരിക്കൽ ‘അമിത ജനസംഖ്യയുള്ള’ സംസ്ഥാനമായി അപമാനിക്കപ്പെട്ടപ്പോൾ, നമ്മൾ അത് തിരുത്തി ജനസംഖ്യാ നിയന്ത്രണത്തിൽ മാതൃക തീർത്തു. ലോകം മുഴുവൻ അത് ശ്രദ്ധിച്ചു.
സാമൂഹിക ശാസ്ത്രശാഖകളിൽ, ‘ഇന്ത്യൻ ചരിത്രമല്ല’ നമ്മെ അടയാളപ്പെടുത്തിയത്. (ഇത് 1980-കളിൽ കൗമാരപ്രായത്തിൽ ഞാൻ കണ്ടെത്തി.) ആഗോള വികസന പഠനമാണ് കേരളത്തിന്ന് അംഗീകാരം നേടി തന്നത്. കൃഷിയുടെ കൊളോണിയൽ മാതൃകയിൽ നിന്ന് കേരളത്തിന് കരകയറാൻ കഴിഞ്ഞിട്ടില്ല എന്ന വസ്തുത നിലനിൽക്കെ, പാരിസ്ഥിതികമായി ദുർബലമായ ഈ സംസ്ഥാനത്ത് അനുയോജ്യമായ വ്യവസായത്തിന്റെ ഒരു പകരം വെക്കാവുന്ന കാഴ്ചപ്പാട് ഒരിക്കലും ഉണ്ടാക്കാൻ പറ്റിയിട്ടില്ല എന്ന വസ്തുത നിലനിൽക്കെ, തന്നെയാണ് ഈ അംഗീകാരം എന്നത് ഓർക്കുക.
അല്ലെങ്കിൽ തന്നെ ഒരു തമാശയായി കരുതാവുന്ന കേരളാ സ്റ്റോറിയെ നമ്മൾ ചിരി കൊണ്ട് തന്നെ വേണം പിച്ചിചീന്തുവാൻ.
അതെ, തീവ്ര വലതുപക്ഷ ഹിന്ദുത്വവാദികളല്ലാത്ത സോഷ്യൽ മീഡിയയിലെ മലയാളി ട്രോളൻ പടയ്ക്ക് കൃത്യമായ ഒരു പണിയാണിത്. ദയവുചെയ്ത് ഈ ദയനീയമായ കള്ള ആവലാതിയെ ചിരിക്കാനുള്ള ചെറിയ കഷണങ്ങളാക്കി മുറിക്കുക – അങ്ങിനെ അനന്തര തലമുറയുടെ ഒരിക്കലും അവസാനിക്കാത്ത വിനോദത്തിനായി അതിന്റെ നിർമ്മാതാക്കളുടെയും അഭിനേതാക്കളുടെയും മണ്ടത്തരവും സത്യസന്ധതയില്ലായ്മയും എന്നെന്നേക്കുമായി നിലനിർത്തപ്പെടട്ടെ.
ഒന്നാം ഭാഗം: http://www.mumbaikaakka.com/devika-on-kerala-story-hinduta-and-malayali-woman/