കുളിക്കാതെ പുണരും,
പല്ലുതേയ്ക്കാതെ ഉമ്മവയ്ക്കും,
നഖങ്ങൾ നീട്ടി പുലിത്തേറ്റകളാക്കും,
ജടപിടിച്ച മുടിയിലെ പേനുകൾ
തുള്ളിച്ചാടി വർഗസങ്കരണത്തിന്റെ
ഗാഥകൾ പാടും,
പകൽത്തണുപ്പിൽ
ഇളംവെയിലിന്റെ ചില്ലകൾ
കൂട്ടിയിട്ട് തീകായും,
രാത്രിയിൽ നിഗൂഢഗന്ധങ്ങൾ
പേറിവരുന്ന ദിക്കറിയാക്കാറ്റുകൾ
ഉടലൂഷരതകളെ തണുപ്പിക്കും,
പാതിരാനേരത്ത്
വന്യസൗന്ദര്യമാകെപ്പ്രദർശിപ്പി-
ച്ചുഴറുന്ന നിശാചരികളുടെ
മായക്കാഴ്ചകൾ കാണാൻ
പതുങ്ങിനടക്കും,
ഞങ്ങളെന്തും ചെയ്യും
ഞങ്ങളിന്ന് സ്വതന്ത്രർ
ഞങ്ങൾ
കൂച്ചുവിലങ്ങുകളുടെ
സ്റ്റേറ്റ് സെക്രട്ടറിയേറ്റിൽനിന്നും
നൈസർഗികതയുടെ
ലോക്കൽകമ്മറ്റിയിലേക്ക്
തരം താഴ്ത്തപ്പെട്ടവർ,
വെറുംമണ്ണിലിണ ചേരുന്നവർ.
Related tags :