വീട്ടിലേക്കുള്ള വഴി നിറയെ കുറെയേറെ മണങ്ങളാണ്.
ആത്തയുടെയും കൈതയുടെയും
പേരക്കയുടെയും കൊതിപ്പിക്കുന്ന പഴുത്ത മണം.
അടുക്കളപ്പുറത്ത് തൂക്കിയിട്ടിരുന്ന
പറമ്പിലെ പഴക്കുലകളുടെ
മഞ്ഞമണം.
അടുപ്പിൽ നിന്നെടുത്ത്
ചിരട്ട കൊണ്ട് തല്ലി പൊട്ടിക്കുന്ന കശുവണ്ടിയുടെ ചുട്ട മണം.
ഒട്ടുപാലിന്റെയും റബ്ബറിൻ്റെയും
ഇടയിൽ തേനീച്ചക്കൂടുകൾ
പരത്തുന്ന തേൻ മണം.
വെളുത്ത കാപ്പിപ്പൂക്കളുടെ നേർത്ത മണം.
മുല്ലയെ ചുറ്റി
പനീർപൂവിൽ തങ്ങി
ലാങ്കി ലാങ്കിയെ തഴുകി വരുന്ന കാറ്റിൻ്റെ പൂമണം.
കാലിൽ വന്നുരുമ്മുന്ന ചക്കിയുടെയും കുറിഞ്ഞികളുടെയും മ്യാവൂമണം.
തട്ടുംപുറത്തെ പെട്ടിക്കകത്ത്
മലയാളം പാഠാവലിയുടെ ഉൾപേജിൽ മയങ്ങുന്ന
ഒരു മയിൽപീലീമണം.
അടുക്കളയിൽ നിന്നുയരുന്ന
കള്ളു ചേർത്ത അപ്പത്തിന്റെയും വെന്തു പാകമായ ഇറച്ചിയുടെയും
ചൂടുള്ള ആവി മണം.
കർക്കിടകം പെയ്യുമ്പോൾ
പനിക്കോള് മാറ്റാൻ വയ്ക്കുന്ന ചുക്ക് കുരുമുളക് കാപ്പിയുടെ
ഔഷധമണം.
കാരമിട്ടു അലക്കി
നീലം മുക്കിയ തുണികളിലെ കഞ്ഞിപ്പശയുടെ പഴമണം .
വൈകിട്ട് പുകയ്ക്കുന്ന കുന്തിരിക്കത്തിന്റെ
പ്രാചീനമായ മണം.
കൊന്തനമസ്കാരങ്ങളുടെ ഇടയിൽ കത്തിയുരുകുന്ന
മെഴുതിരിമണം.
പിന്നെ
വീടിനുളിൽ എല്ലായിടത്തും
എല്ലാ മണങ്ങളും കൂടിച്ചേർന്ന്
ഒരൊറ്റ മണം.
സ്നേഹസുഗന്ധമായി
ഒരു അമ്മമണം.