തൽക്കാലം നാട്ടിലെ നടപ്പങ്കം ഇങ്ങനെ: ഭരണഘടനയാണ് ഹീറോ. ഒളിക്കുത്തിനു ശ്രമിക്കുന്ന തുരപ്പന്മാരും അവർക്ക് ഒളിഞ്ഞും തെളിഞ്ഞും ഹുറേ വിളിക്കുന്നവരും ഒരുവശത്ത്. അവരുടെ അശ്വമേധത്തിൽ വിരണ്ട് ഭരണഘടനാമന്ത്രം ചൊല്ലുന്നവർ മറുവശത്ത്. ഇരുപക്ഷത്തിനും ഏറെക്കുറെ ഒരേവിധമാണ് ഹീറോയെക്കുറിച്ച ഗ്രാഹ്യം, ്രഗഹനില: കുരുടന്മാരുടെ ആനക്കാഴ്ച. ഭരണഘടനയുടെ ആരൂഢമിളക്കുന്ന ഭരണകക്ഷിയും പിടിച്ചാണയിടുന്നത് ഭരണഘടനയെ. ഈ പണിക്ക് ചുക്കാൻ പിടിക്കുന്ന സയാമീസ് ഇരട്ടകൾക്ക് പ്രകടമായിത്തന്നെ പിടിയില്ല, സംഗതിയുടെ ക ഖ ഗ. എന്നാലും നാവേറു നടത്തും, ആർട്ടിക്കിൾ പതിനാല്, പതിനഞ്ച്, പതിനാർ, പതിനേഴ്… ചാനൽസൊറയിൽ കയറിയിരുന്ന് അവരുടെ മലയാളിവാലുകൾ അതേ പണിയെടുക്കുന്നു. എന്തിനേറെ, അവരുടെ ഒത്താശവേലയ്ക്ക് അങ്ങാടിയിലിറങ്ങുന്നു, സാക്ഷാൽ ഗവർണർ. വന്നുവന്നിപ്പോൾ ഭരണഘടനയ്ക്ക് മിമിക്രിസാഹിത്യത്തിന്റെ പടുതി.
ആർഎസ്എസിന് ജന്മനാതന്നെ അശ്രീകരമാണ് ‘അംബേദ്കർ ആന്റ് കോ’യുടെ ഈ വേദഗ്രന്ഥം. അവരുടെ ഹിന്ദുത്വ വാൽമാക്രികൾ പരമ്പരയാ അതിനിട്ട് പുലഭ്യം പറയുന്നു. ടി സാർത്ഥവാഹകസംഘത്തിന്റെ മറയിൽ അധികാര രാഷ്ട്രീയം കളിക്കുന്ന അകാലികൾ തൊട്ട് ജനതാദൾ വരെ തരംപോലെ ഉഡായിപ്പിറക്കുന്നു. കോൺഗ്രസാകട്ടെ, മെച്ചപ്പെട്ട ഹിന്ദുത്വം തങ്ങളുടേതാണെന്നു വരുത്താൻ ഓരോ ദേശത്തും ഓരോരോ അങ്കവേഷം കെട്ടി നോക്കുന്നു. വില്ലൻഗണത്തിലെ അടുത്ത വേഷക്കാർ മാധ്യമങ്ങൾ. മോദിസംഘത്തിന്റെ ചങ്ങാത്ത മുതലാളിത്തത്തിന് ചങ്ങാത്ത ജേണലിസം കൊണ്ട് ടിപ്പണി നെയ്യുന്ന ഇംഗ്ലീഷ് സ്വ.ലേകൾ. അവരുടെ ഫോട്ടോസ്റ്റാറ്റ് മനസുകൾ നാട്ടുമൊഴികളിൽ സുലഭം. കേരളത്തിൽ ഈ സെറോക്‌സ് ജീവികൾ പൊതുവിൽ പിടിക്കുന്ന മുഖം മറ്റൊന്നാണെങ്കിലും മിക്ക പത്ര, ചാനൽപ്പുരകളിലും ഞരമ്പിൽ ത്രസിക്കുന്നത് ‘നമോ’ മന്ത്രം. ‘ജനം ടിവി’യാണ് കൊടി കെട്ടിയ പല ചാനലുകളുടെയും അകം ടിവി. പണ്ട് രഥയാത്രാകാലത്ത് ചെയ്ത മാതിരി ഉടുമുണ്ടൂരി തലയിൽ കെട്ടുന്ന അങ്കക്കലി ഇനി എന്നാവുമെന്നേ കാണാനുള്ളൂ. ആട്ടിൻതോലിട്ട ഈ കുറുനരിക്കൂട്ടത്തിലെ മറ്റൊരു പ്രഛന്നവിരുതനെക്കുറിച്ചാണ് ഈ കുറിപ്പ്
ബഹുമാനപ്പെട്ട സുപ്രീംകോടതി കഴിഞ്ഞ നാലഞ്ചു കൊല്ലമായി രാജ്യഭരണത്തിൽ മുഖം കാട്ടിവരുന്ന ഒരു പുത്തൻ പ്രവണതയുണ്ട് – നീതിന്യായ പ്രക്രിയയെ ഭംഗ്യന്തരേണ മോഴയാക്കിയെടുക്കൽ. കൊമ്പും തേറ്റയുമൊടിച്ചാൽപ്പിന്നെ ബഹുമാനപ്പെട്ട ഐരാവതം അതിവേഗം ഭരണകൂടത്തിന്റെ കുഞ്ഞാടായി മാറിക്കൊള്ളും. ഗുജറാത്തിൽ തുടങ്ങിയ ഈ രൂപാന്തര പരീക്ഷണത്തിന് പരമോന്നത നീതിപീഠം എന്ന് വിധേയമാകും എന്നേ അറിയേണ്ടിയിരുന്നുള്ളൂ. നാല് സിറ്റിംഗ് ജഡ്ജിമാർ തന്നെ പത്രമേളം നടത്തി അക്കാര്യം സൂചിപ്പിച്ചപ്പോൾ ജനം കരുതി, ഇതാ നീതിദേവത വാളെടുക്കുന്നെന്ന്. ഒരു ചുക്കും സംഭവിച്ചില്ല. ഊരിയ വാൾ ഉറയിലിട്ട് അതിലൊരു അങ്കച്ചേകോൻതന്നെ അടുത്ത ജഡ്ജിമൂപ്പനായി. നട്ടെല്ലുള്ളവൻ നാറിയാൽ പരനാറി എന്ന യുംഗിയൻ ആപ്തവാക്യം വൈകാതെ സുപ്രീം കോടതിയുടെ സ്വന്തം ചുവെരഴുത്തായി.
ഇപ്പോൾ പുകില് പൗരത്വത്തിന്റെ പേരിലാണല്ലോ. പൗരത്വനിയമ ഭേദഗതി വന്നപാടേ കോൺഗ്രസും അമ്പതില്പരം ആവലാതിക്കാരും സുപ്രീം കോടതിയെ സമീപിക്കുന്നു. പച്ചയായ ഭരണഘടനാലംഘനവും പൗരദ്രോഹവുമാണ് ആവലാതി. ഇമ്മാതിരി അടിയന്തരത്വമുള്ള പ്രശ്‌നങ്ങളിൽ ഉടനടി ഇടപെടുകയാണ് അപ്പീൽ കോടതിയുടെ ഒരു പ്രധാന പണിതന്നെ. എന്നാൽ ഇവിടെ ബഹുമാന്യ പരമോന്നതൻ ചെയ്തതോ? സ്റ്റേ കൊടുത്തില്ലെന്നു മാത്രമല്ല കേസുകെട്ട് ജനുവരി ഒടുവിലേക്ക് മാറ്റിവയ്ക്കുകയും ചെയ്തു. നിർണായകപ്രശ്‌നങ്ങളിൽ നീതിന്യായ പരിേശാധന അയുക്തികമായി നീട്ടിവയ്ക്കുന്നത് നീതിന്യായത്തിന്റെതന്നെ അട്ടിമറിക്ക് ചൂട്ടുപിടിക്കലാണെന്ന യാഥാർത്ഥ്യബോധമൊന്നും കോടതിക്ക് തോന്നുന്നില്ല. ഈ കാലവിളംബം സമർത്ഥമായ ഒരു തുറുപ്പാണ്, ഭരണകൂടത്തിന്. അതായത്, പൗരാവലിക്ക് എടങ്ങേറും ഭരണഘടനയ്ക്ക് പാരയുമാകുന്ന ഒരു നടപടി ജുഡീഷ്യൽ പരിശോധന കൂടാതെ നിലനിൽക്കുന്ന കാലത്ത് സംഗതി സ്ഥാപിതമാവുകയും അതിന് വേരിറക്കമുണ്ടാക്കുന്ന പണി ഭരണകൂടം സുഗമമായി അവലംബിക്കുകയും ചെയ്യുന്നു. അഥവാ, അവരുടെ ഇംഗിതം പ്രാബല്യം നേടുകയും പിന്നീട് കാര്യമായൊന്നും ചെയ്യാനാവാത്ത നിലയുണ്ടാവുകയും ചെയ്യുന്നു. ഇതാണ് പുതിയ തന്ത്രം.
ഉദാഹരണങ്ങൾ സമീപകാലത്ത് അനവധിയാണ്. തിരഞ്ഞെടുപ്പു ബോണ്ടിന്റെ കഥയെടുക്കുക. 2018 ജനുവരിയിലാണ് രാഷ്ട്രീയപാർട്ടികൾക്കുള്ള സംഭാവനക്കിഴിക്ക് ഇങ്ങനൊരേർപ്പാട് വിജ്ഞാപനറൂട്ടിലൂടെ കൊണ്ടുവരുന്നത്. ഉടനെതന്നെ സിപിഎം സുപ്രീംകോടതിയെ സമീപിച്ചു. രണ്ടായിരുന്നു ആവലാതികൾ.
ഒന്ന്, ബോണ്ട് വഴി ആരാണ് പാർട്ടികൾക്ക് പണമൊഴുക്കുന്നതെന്ന് ജനമറിയില്ല. രണ്ട്, ഈ ഗോപ്യതയുടെ ഗുണം കൊയ്യുക ഭരണത്തിലിരിക്കുന്ന കക്ഷിയാവും. നാലു സംസ്ഥാനങ്ങളിൽ അക്കൊല്ലവും പിറ്റേക്കൊല്ലം ലോക്‌സഭയിലേക്കും തിരഞ്ഞെടുപ്പു നടക്കാനിരിക്കെയാണ് ഈ ഗൂഢതന്ത്രമിറക്കുന്നത്. സുപ്രീംകോടതി ഈ നീക്കം േസ്റ്റ ചെയ്തില്ലെന്നു മാത്രമല്ല 2019 ഏപ്രിൽ വരെ തീർപ്പുണ്ടാക്കിയതുമില്ല. അക്കൊല്ലം മെയ് 30-നകം ബോണ്ടിന്റെ വിവരങ്ങൾ ഇലക്ഷൻ കമ്മിഷന് പാർട്ടികൾ സമർപ്പിക്കണമെന്നു മാത്രമായിരുനു വിധി. അതും മുദ്ര വച്ച കവറിൽ! എന്നുവച്ചാൽ പൊതുജനം പഴയപടി ഇരുട്ടിൽ തുടരും, പാർട്ടികൾക്ക് ഗോപ്യമായി കിഴി പറ്റാം. ഇനി ഇതിന്റെ യഥാർത്ഥ ഫലം കാണുക. ബോണ്ട് വഴി ബിജെപിക്ക് കിട്ടിയത് (സ്റ്റേറ്റ് ബാങ്ക് വഴി മാത്രം)
6128 കോടി രൂപ. മൊത്തം ഇലക്ഷൻ ബോണ്ടുകളുടെ 85% കാശ് വാരി, ഇലക്ഷൻ ജയിച്ചു, ഇനി എന്തു ചെയ്യാൻ? ഈ കുത്സിതത്വത്തിനാണ് സുപ്രീംകോടതി മറപിടിച്ചു കൊടുക്കുന്നത്.
ഇവ്വിധം എക്‌സിക്യൂട്ടീവിന്റെ ചിഞ്ചിലമടിക്കാരനായി ജുഡീഷ്യറി മാറുന്ന കാഴ്ചയുടെ പൂരമാണ് ഇനിയങ്ങോട്ട്. 2019 ആഗസ്റ്റിൽ ആർട്ടിക്കിൾ 370 റദ്ദാക്കിക്കൊണ്ട് കാശ്മീരിനെ ഇരുമ്പുറയ്ക്കുള്ളിലാക്കുന്നു. പാർലമെന്റ് നോക്കുകുത്തി. നിരവധി ഹർജികൾ സുപ്രീം കോടതിയിലെത്തുന്നു. അപ്പോഴും രാജ്യത്തെ നിർണായകമായ ഭരണഘടനാപ്രശ്‌നമോ, പൗരാവകാശ പ്രശ്‌നങ്ങളോ കോടതി ഗൗനിക്കുന്നതേയില്ല. പകരം പുതിയ ‘സ്റ്റാറ്റസ്‌കോ’യ്ക്ക് പച്ചക്കൊടി. പൗരാവകാശനിയമം കേൾക്കാൻ തത്കാലം സമയമില്ലെന്നാണ് ജഡ്ജിമൂപ്പനായിരുന്ന ഗൊറോയി മുഖമടച്ചു പറഞ്ഞത്. ഈ കഥാപാത്രമാണ് ജുഡീഷ്യറിയുടെ സമീപകാല പ്രകൃതമാറ്റത്തിന്റെ ലക്ഷണമൊത്ത പ്രതിബിംബം.
കാശ്മീരിന്റെ കേസിൽ സമയമില്ലെന്നു പറഞ്ഞയാളാണ് പെൻഷനായിരിക്കെ എടുപിടീന്ന് പല വമ്പൻ വ്യവഹാരങ്ങൾക്കും കർട്ടനിട്ട് ചരിത്രപുരുഷൻ കളിച്ചത്. അയോധ്യാവിധി നോക്കുക.
1949-ൽ ബാബ്‌റി പള്ളിയിൽ രാംലല്ല വിഗ്രഹങ്ങൾ കൊണ്ടിട്ടതും 1988-ൽ ഹിന്ദുപൂജയ്ക്കായി തുറന്നുകൊടുത്തതും 1992-ൽ പള്ളി തകർത്തതും പിന്നെ ഒരു തത്കാല ക്ഷേത്രം തട്ടിക്കൂട്ടിയതുമാണ് അയോധ്യാക്കേസിൽ ഭൂരിപക്ഷമതത്തിന് അനുകൂലമായ ധ്വനി ഒരുക്കിയത്. അഥവാ ‘സ്റ്റാറ്റസ്‌കോ’യെ ഹിന്ദുക്കൾക്ക് അനുകൂലമായി ചായ്‌ച്ചെടുത്തത്. പച്ചയായ ഈ അക്രമങ്ങൾ ശിക്ഷിക്കപ്പെടാതെ നിലനിൽക്കെത്തന്നെയാണ് ഗൊഗോയും സംഘവും ജഡ്ജിമുഖ്യന്റെ പെൻഷൻ തീയതിക്ക് മുമ്പായി അന്തിമവിധിയുണ്ടാക്കാൻ കോപ്പു കൂട്ടിയത്. വിധി വരാൻ പോകുന്നു, പൗരാവലി അനങ്ങരുത്, വാ പൂട്ടി വിധി വിഴുങ്ങിക്കോളണം എന്ന ദേശീയ പക്കമേളം മുഴങ്ങുന്നു. കനത്ത ബന്തവസൽ വിധി വരുന്നു.
മൂന്നു കക്ഷികളാണ് ഈ ഭൂമിത്തർക്കത്തിലുള്ളത്. പള്ളി പണിഞ്ഞ തച്ചന്റെ പിന്തുടർച്ച പറയുന്ന ഷിയാകൾ, പള്ളിക്കു മുന്നിൽ ചില്ലറ ഹിന്ദുപൂജകൾ നടത്തിവന്ന നിർേമാഹി അഘോരി ഹിന്ദുക്കൾ, പിന്നെ പള്ളിയുടെ ഉടമസ്ഥത അവകാശപ്പെടുന്ന സുന്നി വഖഫ് ബോർഡ്. ബഹുമാന്യ നീതിപീഠം ആദ്യംതന്നെ ഷിയായയുടെ ഉടമാവകാശം തള്ളിക്കൊണ്ട് ആ കക്ഷിയെ ഒഴിവാക്കുന്നു.
നിർമോഹികൾക്കും പള്ളി നിന്നിരുന്ന പറമ്പിന്മേൽ അവകാശമില്ലെന്നു കണ്ട് അവരെയും തള്ളുന്നു. ശിഷ്ടം ഒരേയൊരു കക്ഷി – സുന്നികൾ. സാധാരണ ഗതിയിൽ ഏതൊരു വ്യവഹാരത്തർക്കവും അവിടെ അവസാനിക്കുന്നതാണ്. അതായത്, മൂന്നു തർക്കകക്ഷികളിൽ രെണ്ടണ്ണത്തിന് അവകാശമില്ലെന്നു വന്നാൽപ്പിന്നെ മൂന്നാമന്റേതാവണമല്ലോ തർക്കവസ്തു. ഇവിടെയാണ് കൊടികെട്ടിയ ഇന്ത്യൻ ജുഡീഷ്യറി കയറി ഉത്തരാധുനിക ദല്ലാളാവുന്നത്. പ്രിയപ്പെട്ട സുന്നികളേ, നിങ്ങളും ഒഴിഞ്ഞുകൊടുക്കുക. ക്യോം കി, ഈ തർക്കസ്ഥലം രാജ്യത്തെ ഭൂരിപക്ഷമതത്തിന്റെ ‘വിശ്വാസ’ പ്രകാരം രാമജന്മഭൂമിയാണ്. അത് വിട്ടുകൊടുത്തിട്ട് ലേശം ദൂരെ മാറി ഒരഞ്ചേക്കർ മണ്ണ് പകരം തരാം. ദല്ലാൾഭാഷയിൽ ഇതിന് നഷ്ടപരിഹാരം എന്നല്ലേ പറയുക? നഷ്ടം ഉണ്ടായി എന്നു ധ്വനിക്കുമ്പോൾ ആരാണ് തർക്കപ്പ്പറമ്പിന്റെ ശരിയായ ഉടമ എന്നു വീണ്ടും വ്യക്തമാവുന്നു! ചുരുക്കിയാൽ, നീതിന്യായമല്ല റിയൽ എസ്റ്റേറ്റ് ്രേബാക്കറുടെ ഒത്തുതീർപ്പു വ്യവസ്ഥയാണ് സുപ്രീംകോടതി അരുൾ ചെയ്തതെന്നർത്ഥം. ഈ പണിക്ക് ഒരു കോടതി വേണ്ടതുണ്ടോ എന്നു ചോദിക്കരുത്. വന്നുവന്നിപ്പോൾ കോടതിയുടെ പണി അതായിരിക്കുന്നു. ഒരു വലിയ രാജ്യത്തെയും അതിന്റെ നീതിന്യായ വ്യവസ്ഥിതിയെയും സർവോപരി നീതിക്കു വേണ്ടി രൂപപ്പെടുത്തിയിരിക്കുന്ന ജൂറിസ്പ്രൂഡൻസ് എന്ന മനുഷ്യനിർമിതിയെയും നോക്കുകുത്തിയാക്കിക്കൊണ്ട് ജഡ്ജിവേഷമിട്ട ഒരു കൂട്ടം എക്‌സിക്യൂട്ടീവുകൾ നടത്തിയ നീതിന്യായ ധ്വംസനമാണ് അരങ്ങേറിയത്. കേന്ദ്രം ഭരിക്കുന്ന കക്ഷി ചിരകാലമായി രാജ്യത്തിന്മേൽ പതിച്ചുവയ്ക്കുന്ന ഭൂരിപക്ഷമതാധീശത ജുഡീഷ്യറിയുടെയും പ്രകൃതമായി മാറുന്ന ദാരുണമായ കാഴ്ച. തോക്കിൻമുനയിലായ കാശ്മീരിയുടെ നിത്യജീവിതവും അതിനെക്കുറിച്ച അടിയന്തരാവലാതിയും കേൾക്കാൻ സമയമില്ലാത്ത വിദ്വാനാണ് ഒരടിയന്തരത്വവുമില്ലാത്ത ഒരു സിവിൽ കേസിനെ ഇങ്ങനെ ഫാസ്റ്റ് ട്രാക്കിലാക്കി കേസുകെട്ട് അടച്ചതെന്നോർക്കണം. പെൻഷനാവും മുമ്പ് തീർപ്പുകല്പിച്ചതിന്റെ ചേതോവികാരം അങ്ങനെ സുതാര്യമായിപ്പോവുന്നു.
പൗരന്റെ അവകാശക്കോടതി എന്ന നിലയ്ക്കാണ് രാജ്യത്തെ അപ്പീൽക്കോടതിയുടെ ശരിയായ റോൾ. അതിന്റെ മുകളറ്റത്തുവരും, സുപ്രീംകോടതി. പൗരാവകാശരക്ഷയും ഭരണഘടനാസംരക്ഷണവുമാണ് ടി തലതൊട്ടപ്പന്റെ കർത്തവ്യമെന്ന് നാഴികയ്ക്കുനാല്പതു കുറി പയറാറുമുണ്ട്. ഇതേ ശിരസ് ഇന്ന് പേശുന്നത് എക്‌സിക്യൂട്ടീവിന്റെ ഭാഷ, എടുക്കുന്നത് എക്‌സിക്യൂട്ടീവിന്റെ ഒത്താശപ്പണി. ഇപ്പോഴത്തെ ദേശീയപുകിലായ പൗരത്വപ്രശ്‌നത്തിലും കാണാം സംഗതമായ ആ പ്രകൃതപരിണാമത്തിന്റെ ഈഷൽഭേതങ്ങൾ. അസമിലെ പൗരത്വപ്രശ്‌നം എടങ്ങേറായിട്ട് കാലമേറെയായി.
രാജീവ് ഗാന്ധിയുണ്ടാക്കിയ അസംകരാറിന്റെ നടത്തിപ്പ് കടലാസിൽ ഇഴഞ്ഞുകൊണ്ടിരുന്നപ്പോഴൊന്നും കോടതിക്ക് നീതി ബോധം തലയ്ക്കു പിടിച്ചതുമില്ല. കാരണം അതിബൃഹത്തായ ഒരു ബ്യൂറോക്രാറ്റിക് പ്രക്രിയയാണ് ഒരു പൗരത്വ രജിസ്റ്റർ ഉണ്ടാക്കിയെടുക്കൽ. അത് സൂക്ഷ്മതയോടെയും അവധാനതയോെടയും ചെയ്യാത്തപക്ഷം മനുഷ്യജീവികൾ താറുമാറാകും. എന്നിരിക്കെയാണ് നമ്മുടെ ഗൊഗോയ് കയറി പൗരന്റെ കുത്തിനു പിടിക്കുന്നത്. ദോഷം പറയരുതല്ലോ, ചീഫ് ജസ്റ്റിസാവും മുമ്പേതന്നെ തുടങ്ങി, ഇഷ്ടന്റെ തിടുക്കരോഗം. ചീഫ് ജസ്റ്റിസായതും 2014-ൽ രജിസ്റ്റർ നിർമാണച്ചുമതല ടിയാൻ നേരിട്ടേറ്റെടുത്തു. കോ-ഓർഡിനേറ്ററായ ഉദ്യോഗസ്ഥന്റെ വിനിമയം ചീഫ് ജസ്റ്റിസുമായി മാത്രം. കോടതിയുടെ നേരിട്ടുള്ള മേൽനോട്ടം എന്നു കേട്ടാലുടൻ രോമാഞ്ചപ്പെടുന്നു കൂട്ടരാണല്ലോ നമ്മൾ ഇന്ത്യൻ കഴുതാവലി. ഈ നേരിട്ടുള്ള കലാപരിപാടിയിൽ സംഭവിക്കാവുന്ന കാതലായ നീതിന്യായ വിരുദ്ധത മിക്കവരുമോർക്കാറില്ല. ഒരെക്‌സിക്യൂട്ടീവ് നടപടിയിൽ സംഭവിക്കുന്ന കുഴപ്പങ്ങളും പോരായ്മകളും പരിേശാധിക്കേണ്ടുന്ന സ്ഥാപനമാണ് ജുഡീഷ്യറി. ടി നടപടിയും നടത്തിപ്പും പൗരാവകാശ ലംഘനം നടത്തുന്നുണ്ടോ, ഭരണഘടനാലംഘനമാകുന്നുണ്ടോ എന്നിത്യാദി നിരപേക്ഷ പരിേശാധന നടത്താനുള്ള സ്ഥാപനംതന്നെ എക്‌സിക്യൂട്ടീവ് പണി ചെയ്യുമ്പോൾ പിന്നെ ആരോടാണ്, എവിടെയാണ് പരാതിപ്പെടുക? ആരാണതിന്മേൽ പരിശോധന നടത്തുക?
ഇപ്പറഞ്ഞ ഭരണഘടനാവ്യവസ്ഥയെ ഒറ്റയടിക്ക് നിരാകരിക്കുന്ന ഏർപ്പാടായി ചീഫ് ജസ്റ്റിന്റെ പൗരത്വ രജിസ്റ്റർ നിർമാണം. ഗ്രാമീണ പൗരാവലിയെ, വിശേഷിച്ചും സ്ര്തീകളെയാണ് ഈ തിടുക്കരോഗം വഴിയാധാരമാക്കിയത്. കല്പിക്കപ്പെട്ട പൗരത്വരേഖകൾ സമ്പാദിക്കാനും സമർപ്പിക്കാനും അവരിൽ ഭൂരിപക്ഷത്തിനും ഭൗതികസാഹചര്യമില്ലാതെപോയി.
അങ്ങനെ പൗരത്വം നഷ്ടപ്പെട്ടവർക്ക് പരാതിപ്പെടാനുള്ള ഭരണഘടനാദത്തമാർഗം ഗോഗോയ് തന്നെ അടച്ചല്ലോ. പലപ്പോഴും കണക്കെടുപ്പു നടത്തുന്ന ഉദ്യോഗസ്ഥവൃന്ദംതന്നെ കൂടുതൽ സമയം ചോദിച്ചതാണ്, ‘സമയമില്ലാത്ത’ ജഡ്ജിമുഖ്യൻ അതൊക്കെ നിരാകരിച്ചു. ലാപ്‌ടോപ്പിലെ പവർപോയന്റ് പ്രസന്റേഷൻ വഴിയാണ് ദില്ലിയിലിരുന്ന അന്ത്യവിധിക്കാരൻ എക്‌സിക്യൂട്ടീവ് പ്രമാണിമാരെ കേട്ടതുതന്നെ. അസമിലെ നാട്ടിൻപുറത്തുകാരനുണ്ടോ ലാപ്‌ടോപ്പും ഡിജിറ്റൽ സാക്ഷരതയും. ഡിജിറ്റൽ വിപ്ലവകാലത്ത് അവനങ്ങനെ പ്രാകൃതനായിപ്പോയതിന് ഹൈ-ടെക് കോടതി എന്തു പിഴച്ചു?
അങ്ങനെ ഗൊഗോയ് ജഡ്ജി ഒരേസമയം ന്യായാധിപനും ഉദ്യോഗസ്ഥപ്രഭുവുമായ വകയിൽ ഭൂജാതമായ ഉരുപ്പടിയാണ് അസമിലെ എൻ ആർ സി. അതിൽപ്പെട്ട് ബംഗ്ലാദേശി വരത്തരായ മുസ്ലിങ്ങളെല്ലാം ബഹിഷ്‌കൃതരാവുകയും അസം ഹിന്ദുഭൂരിപക്ഷമേഖലയാവുകയും ചെയ്യുമെന്നായിരുന്നു ഭൂരിപക്ഷ മതരാഷ്ട്രീയക്കാരുടെ മനോരാജ്യം. ഒടുവിൽ കണക്കു വന്നപ്പോൾ പുറത്തായ 19 ലക്ഷത്തിൽ 60 ശതമാനവും ഹിന്ദുക്കൾ! ജുഡീഷ്യറി എക്‌സിക്യൂട്ടീവ് പണിയെടുത്തിട്ടും ഇംഗിതരക്ഷയില്ലെന്നായപ്പോഴാണ് പൗരത്വനിയമംതന്നെ മതാടിസ്ഥാനത്തിൽ ഭേദഗതി ചെയ്യാൻ ലെജിസ്ലേച്ചറിനെ പിടിക്കുന്നത്. അത് എളുപ്പമുള്ള പണിയാണിപ്പോൾ. ലോക്‌സഭയിൽ മൃഗീയ ഭൂരിപക്ഷം, രാജ്യസഭയിൽ കാശിറക്കിയും ഇറക്കാതെ വളഞ്ഞുപിടിച്ചും തലയെണ്ണമൊപ്പിക്കാം. ജുഡീഷ്യറിയെ പരിവർത്തനം ചെയ്യിക്കുന്നതിൽ മറ്റൊരു ഐറ്റം നമ്പർ കൂടി കഴിഞ്ഞ അഞ്ചു കൊല്ലത്തിൽ അരങ്ങേറിയിട്ടുണ്ട് – മുദ്ര വച്ച കവർ. സിബിഐ തലവനെ അർദ്ധരാത്രിയിൽ പുറത്താക്കിയ കേസുകെട്ടിൽ തുടങ്ങുന്നു, ഈ ഗോപ്യതാതന്ത്രം.
എൻ ആർ സിയിൽ അത് ആവർത്തിച്ചു. അപ്പോഴൊക്കെ കോടതി പറഞ്ഞത് വിലപ്പെട്ട തെളിവുകൾ അങ്ങനെ വേണം നീതിപീഠത്തിനു മുമ്പിൽ വയ്ക്കാനെന്ന ഉത്തരാധുനിക ന്യായമാണ്. ഇതേ ‘വിലപ്പെട്ട തെളിവ്’ ഇതേ മുദ്രാങ്കിത റൂട്ടിൽ ആവാഹിച്ച മറ്റൊരു കേസാണ് റഫേൽ. ആയതിന്റെ പരിണാമഗുപ്തിയാണ് ഗുപ്തി – ”തെളിവൊന്നും േനാക്കാൻ ടൈമില്ല” എന്നു പറഞ്ഞ് ഭരണകക്ഷിക്ക് അനുകൂലമായി കളം വെടിപ്പാക്കിക്കൊടുത്തു! ഡയലോഗിന്റെ ഉടമയുടെ പേര് ഏതോ ഒരു ഗൊഗോയ്.
ചേതോവികാരം ലളിതം. തെളിവും തൊണ്ടിയുമൊക്കെ തുറന്ന കോടതിയിൽ വച്ചാൽ നാട്ടാര് നേരറിയും. മുദ്ര വച്ച കവറിലാണെങ്കിൽ കോടതിക്ക് ഇഷ്ടമുള്ള തീരുമാനമെടുക്കാം. കൊടുക്കുന്ന വിധികൾക്ക് ന്യായയുക്തിയുടെ പിൻബലമൊന്നും ആവശ്യമില്ല. വിധിക്കുമേൽ ആരു പരിശോധന നടത്താൻ? വല്ല എതിർനാവുമുയർന്നാൽത്തന്നെ, കവറിലുള്ളത് എന്തെന്നറിയാതുള്ള
വെറും ഊഹവെടി മാത്രമാണെന്നു പറഞ്ഞു തടിതപ്പാം. ഊഹവെടി ഉതിർത്തവനെതിരെ കേസെടുക്കാം. അപ്പോഴേയ്ക്കും ഭരണകൂടത്തിന്റെ ഇംഗിതങ്ങൾ സ്റ്റാറ്റസ്‌കോ നിലവാരം കവർന്നിരിക്കും. ശേഷം ചിന്ത്യം! ഇങ്ങനെയൊക്കെയാണ് രാജ്യത്തെ ഭരണഘടനാവ്യവഹാരത്തിന്റെ ഇപ്പോഴത്തെ നാട്ടുനടപ്പ്. ഈ ഓണത്തിനിടയ്ക്കാണ് യൂണിവേഴ്‌സിറ്റി പിള്ളേരുടെ പൂട്ടുകച്ചോടം.
ജയ് ഹിന്ദ്.