മലയാള സാഹിത്യം അതിന്റെ പലമകൾ കൊണ്ട് സമ്പന്നമാണ്. അത്രയധികം വിപുലവും വിശാലവുമായ ആ ലോകത്ത് വടക്കെ മലബാറിലെ മുസ്ലിം സ്ര്തീകളുടെ ആന്തരിക ജീവിതത്തെ മലയാള സാഹിത്യത്തിന്റെ നടുത്തളത്തിലേക്ക് എത്തിച്ച എഴുത്തുകാരിയാണ് ബി.എം. സുഹ്‌റ. അവർക്ക് മുൻപും മുസ്ലിം സമുദായത്തിലെ ജീവിതം മലയാളസാഹിത്യത്തിലേക്ക് കടന്നുവന്നിട്ടുണ്ട്. പക്ഷെ അവിടെയൊക്കെ സുന്ദരികളായ നായികമാരുടെ
വസ്ര്തധാരണവും വശീകരണാത്മകമായ പുഞ്ചിരിയും നിറഞ്ഞ
ലോകമാണ് നാം പരിചയപ്പെട്ടത്. പുരുഷാധിപത്യപരമായ ലോകവും അത്തരം ഒരു ലോകത്തെ മതവും അതിന്റെ വ്യാഖ്യാതാക്ക
ളും കൂടി പടുത്തുയർത്തുന്ന ഒരു ലോകവും അതിലെ നിയമാവലികളും സ്ര്തീയെ എങ്ങനെ ദുരിതാവസ്ഥകളിലേക്ക് വലിച്ചിടുന്നു
എന്നതായിരുന്നു ബി.എം. സുഹ്‌റയുടെ പ്രമേയം. ആ സ്ര്തീകളുടെ കണ്ണീർ നിറഞ്ഞ ജീവിതമാണ് തന്റെ നോവലുകളിലൂടെയും
ചെറുഥകളിലൂടെയും അവതരിപ്പിച്ചത്.
കിനാവ്, മൊഴി, ഇരുട്ട്, നിലാവ്, നിഴൽ, ആകാശഭൂമികളുടെ
താക്കോൽ, പ്രകാശത്തിനു മേൽ പ്രകാശം, വർത്തമാനം എന്നീ
നോവലുകൾ. അമ്പതിലധികം ചെറുകഥകൾ. ഇവ കൂടാതെ പരി
ഭാഷകളും. മലയാളസാഹിത്യത്തിലെ പ്രമുഖ നിരൂപകനായ
എം.എം. ബഷീറിന്റെ ഭാര്യ. ബി.എം. സുഹ്‌റയുമായി ഡോ. ജാ
ൻസി ജോസ് സംസാരിക്കുന്നു.
വളരെ യാഥാസ്ഥിതികമായ സാഹചര്യത്തിൽ ജനിച്ചുവളർന്ന ഒരാളെന്ന നിലയിൽ സാഹിത്യരംഗത്തേക്ക് കടന്നുവന്നത് എങ്ങനെയായിരുന്നു?
മുൻകൂട്ടി തീരുമാനിച്ചുറച്ച് സാഹിത്യരംഗത്തേക്ക് കടന്നുവന്ന
ഒരാളല്ല ഞാൻ. സ്വന്തമായ ഒരു മേൽവിലാസമുണ്ടാക്കുക എന്നത് ചെറുപ്പം മുതലേയുള്ള ഒരു അതിമോഹമായിരുന്നു. അതിമോഹം എന്നു പറയാൻ കാരണമുണ്ട്. ഉന്നത വിദ്യാഭ്യാസം നേടുന്നവരോ തൊഴിൽ ചെയ്യുന്നവരോ ആയി സ്ര്തീകളാരുംതന്നെ
എന്റെ കുടുംബത്തിൽ ഉണ്ടായിരുന്നില്ല. പതിനഞ്ച്, ഏറിയൂാൽ
പതിനാറായിരുന്നു അക്കാലത്തെ പെൺകുട്ടികളുടെ വിവാഹപ്രായം. പതിനാറ് വയസ്സു കഴിഞ്ഞ് വിവാഹം നടന്നില്ലെങ്കിൽ പെൺകുട്ടികൾ മുടക്കാച്ചരക്കുകളായി വീട്ടിൽ ഇരുന്നുപോവുമോ എന്നുപോലും ഭയപ്പെട്ടിരുന്ന ഒരു കാലമായിരുന്നു അത്. അങ്ങനെയൊരു കാലത്ത് ബി.എ. വരെ പഠിക്കാൻ സാധിച്ചത് ദൈവാനുഗ്രഹവും സൗഭാഗ്യവുമായിട്ടാണ് ഞാൻ കാണുന്നത്. ധാരാളം ആളുകളുള്ള ഒരു വീട്ടിലാണ് ഞാൻ ജനിച്ചതും വളർന്നതും. അവരിൽനിന്നെല്ലാം കേട്ട കഥകൾ എന്റേ മനസ്സിൽ സൂക്ഷിച്ചിട്ടുണ്ടെന്ന് എഴുതിത്തുടങ്ങിയപ്പോഴാണ് മനസ്സിലാവുന്നത്. എന്റെ രണ്ടാൺമക്കളും മുതിർന്ന് പഠിക്കാനും ജോലിക്കുമായി നാട് വിട്ടേപ്പാഴാണ് എനിക്ക് കടുത്ത ഏകാന്തത അനുഭവപ്പെടാൻ തുടങ്ങിയത്. അതിൽനിന്നും േമാചനം നേടാനാണ് ഞാൻ എന്റെ മനസ്സിലുള്ളത് ഒക്കെ കുത്തിക്കുറിച്ചത്. അത് ഒരു നോവലായി മാറിഎന്നതാണ് വാസ്തവം. ആദ്യനോവലായ ‘കിനാവ്’ വായനക്കാർ രണ്ടു കൈയും നീട്ടി സ്വീകരിച്ചപ്പോഴാണ് എഴുത്താണ് എന്റെ ദൗത്യമെന്ന തിരിച്ചറിവുണ്ടായത്.
‘നിലയില്ലാത്ത കടലാണ് പെണ്ണിന്റെ മനസ്സ്’ – ‘മൊഴി’ എന്ന
നോവലിലെ വാചകമാണ്. ഇത്തരം ഒരു വാചകത്തിലേക്ക് എത്തി
ച്ചേരാനുണ്ടായ പ്രേരണ എന്തായിരുന്നു?
ഞാൻ പലരിൽ നിന്നായി കേട്ട വാചകമാണത്. വീട്ടിൽ ഒരുപാട് അംഗങ്ങളുണ്ടായിരുന്നതു കൂടാതെ ധാരാളം പേർ വരികയും ചെയ്യുമായിരുന്നു. അയൽക്കാരും വിരുന്നുകാരും ധാരാളം
വരികയും ചെയ്യും. അവരുടെയെല്ലാം വർത്തമാനം കേൾക്കുക
എന്നതായിരുന്നു അക്കാലത്തെ ഏക വിനോദം. കുട്ടികൾക്ക് മറ്റ്
വിനോദോപാധികളൊന്നും ഇല്ല. ആ വാചകം ഉള്ളിന്റെയുള്ളിൽ
പതിഞ്ഞുകിടന്നു. പെണ്ണുങ്ങൾ മനസ്സിൽ ആഗ്രഹങ്ങൾ വച്ചുപുലർത്തരുത്. അടിച്ചമർത്തി വയ്ക്കുന്ന ആഗ്രഹങ്ങളോടെ മാത്രമേ ഒരു പെണ്ണിന് ജീവിക്കാനാവൂ. ്രസ്തീ സാമർത്ഥ്യം കാണിക്കേ
ണ്ടത് പുരുഷനെ എതിർത്തിട്ടോ ഇറങ്ങിപ്പോയിട്ടോ ജീവിതം
വേണ്ടെന്നുവച്ചിട്ടോ അല്ല. ഭൗതികസുഖം കിട്ടാൻ സ്വപ്നങ്ങളൊക്കെ അടിയറവു വച്ചിട്ട് അയാളിൽ നിന്ന് എെന്തങ്കിലും നേടിയെടുക്കാൻ ശ്രമിക്കുക. ഇതായിരുന്നു അക്കാലത്തെ ്രസ്തീകൾ കൊണ്ടുനടന്ന മൂല്യം. പക്ഷേ പുതിയ തലമുറ വഴഴിമാറി ചിന്തിക്കുന്നവരാണ്. സ്വയം അടിയറവു വച്ചിട്ട് ഒരു നേട്ടവും വേണ്ട എന്ന് ചിന്തിക്കുന്നവർ. ‘ആകാശഭൂമികളുടെ താക്കോലി’ലെ നൂറ, ‘ഇരുട്ടി’ലെ ആമിന ഒക്കെ ഇത്തരം കഥാപാത്രങ്ങളാണ്. ഇങ്ങനെയുള്ള ആളുകളുണ്ട് എന്ന് ലോകത്തെ അറിയിക്കാനുള്ള ഒരു ദൗത്യം എനിക്കുണ്ടായിരുന്നു എന്ന തിരിച്ചറിവാണ് അത്തരം
കഥാപാത്രങ്ങളെ സൃഷ്ടിക്കാനുണ്ടായ പ്രേരണ. അവിടെയും മുൻ
കൂട്ടി നിശ്ചയിച്ച് അത്തരം കഥാപാത്രങ്ങലളെ സൃഷ്ടിച്ചതല്ല.
വായിച്ചുകഴിഞ്ഞപ്പോഴാണ് ആ കഥാപാത്രങ്ങൾ അങ്ങനെ മാറി
പ്പോയത് ഞാൻ അറിയുന്നത്. തന്റെ ചുറ്റിലും ജീവിക്കുന്ന സാധാരണ മനുഷ്യരുടെ കഥ പറയാനാണ് എല്ലാ എഴുത്തുകാരും ശ്രമിക്കുന്നത്. രണ്ടാംലോകമഹായുദ്ധകാലത്ത് എഴുതപ്പെട്ട ക്ലാസിക് കൃതികളിലൂടെ കടന്നുപോവുമ്പോൾ അറിയാം അന്ന് അവർ അനുഭവിച്ച കഷ്ടപ്പാടുകളും ജീവിതവുമാണ് ആ കൃതികളിെലല്ലാം നിറയുന്നതെന്ന്. അതുകൊണ്ടുകൂടിയാണ് ജീവിതത്തിന്റെ പച്ചയായ അനുഭവങ്ങളുടെ വിവരണം എന്ന നിലയിൽ അവ ക്ലാസിക്കുകളായത്. വടക്കെ മലബാറിലെ മുസ്ലിം തറവാടുകളിലെ അകത്തളങ്ങളിൽ ഇങ്ങനെയും ജീവിതം ഉണ്ടെന്ന് മലയാള സാഹിത്യത്തിൽ മനസ്സിലാക്കിക്കൊടുക്കുവാനായി എന്നതിൽ
ഞാൻ സംതൃപ്തയാണ്.
തിക്കോടി പോലെയൊരു ഗ്രാമത്തിൽ വളരെ പ്രതാപവും സമ്പന്നതയും നിറഞ്ഞ ഒരു തറവാട്ടിൽ ജനിച്ചുവളർന്നു. അവിടെനി
ന്ന് കോഴിക്കോട്ടേക്ക് ഒരു മാറ്റമുണ്ടാവുന്നു. ‘ഉമ്മക്കുട്ടിയുടെ
കുഞ്ഞിക്കിനാവുകൾ’ എന്ന ആത്മകഥാപരമായ കൃതികളിലൂടെ കടന്നുപോവുമ്പോൾ വളരെ ധൈര്യശാലിയായ ഒരു ഉമ്മയുടെ
സാന്നിധ്യമുണ്ടായിരുന്നു അവിടെ. അതേ ഉമ്മ പല പേരുകളിൽ പല നോവലുകളിൽ പ്രത്യക്ഷപ്പെടുന്നുമുണ്ട്. ആ ഉമ്മയെപ്പറ്റി കുറച്ചു കാര്യങ്ങൾ പറയാമോ?
വലിയ പ്രതാപത്തിൽ ജീവിച്ച ആളായിരുന്നു ഉമ്മ. ജന്മികുടുംബമായിരുന്നു. പക്ഷെ ജന്മി-കുടിയാൻ വ്യവസ്ഥിതി വന്നതോടെ സ്വത്തുക്കളൊരുപാട് നഷ്ടമായി. അതോടെ പഴയ പ്രതാപത്തിൽ കഴിയാനാവില്ല എന്ന തിരിച്ചറിവിൽ നിന്നാണ് ഉമ്മ കോഴിക്കോട്ടേക്ക് വന്നത്. പരിചാരകവൃന്ദം ഇല്ലാതെ ആ വലിയ തറവാടിന്റെ സ്ഥലസൗകര്യങ്ങൾ മറന്ന് പുതിയ സാഹചര്യങ്ങളിൽ
സന്തോഷത്തോടെ ഉമ്മ ജീവിച്ചു. അങ്ങനെയൊരു പറിച്ചുനടീൽ
ഉണ്ടായതിനാലാണ് എനിക്ക് പഠിക്കാനായതും. കുടുംബചരിത്രമൊക്കെ പലരിൽനിന്നും പല രീതിയിൽ കേട്ടിട്ടുണ്ടെങ്കിലും അത് റ്റവും നന്നായി കേട്ടത് ഉമ്മയിൽ നിന്നാണ്. ഉമ്മയുടെ കഥപറച്ചിൽ വളരെ രസകരമായിരുന്നു. അവരുടെ മുപ്പത്തിയൊൻപതാമത്തെ വയസ്സിൽ പത്താമത്തെ മകളായിട്ടാണ് ഞാൻ ജനിച്ചത്. എന്നെ ഗർഭം ധരിച്ചപ്പോൾ ഡോക്ടർ ഉമ്മയോട് പറഞ്ഞിരുന്നു പ്രസവിക്കാനുള്ള ആരോഗ്യം ഇല്ലാത്തതിനാൽ ഇത്
അബോർട്ട് ചെയ്യണം എന്ന്. പക്ഷെ ഉമ്മ അതിനു സമ്മതിച്ചില്ലെന്നു മാത്രമല്ല, അള്ളാഹുവിന്റെ നിശ്ചയമുണ്ടെങ്കിൽ ആ കുട്ടി പുറ
ത്തുവരും എന്ന് വിശ്വസിക്കുകയും ചെയ്തു. പിന്നീടത് പറഞ്ഞിട്ടുമുണ്ട്. അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ഞാൻ വേദന കൂടാതെയാണ് നിന്നെ പ്രസവിച്ചതെന്ന്. അതോടൊപ്പം ഒന്നുകൂടി പറയുമായിരുന്നു. നീ ജനിച്ചപ്പോൾ ഒരു ചേലും ഇല്ലാതെ ഒരു എലി
ക്കുട്ടിയെപ്പോലെ ഇരുന്നു എന്ന്.
ആ പറച്ചിൽ ഒരു അപകർഷബോധം വളർത്തിയിരുന്നോ?
ഇതിങ്ങനെ നിരന്തരം പറയുമായിരുന്നു. പിന്നെ ഒരു കൂട്ടിച്ചേ
ർക്കലുണ്ട്. അങ്ങനെ ഒരുന്ന നിന്നെ ഞാൻ മഞ്ഞപ്പാലും കുങ്കുമവും ഒക്കെക്കൊണ്ട് നന്നാക്കിയെടുത്തു എന്നത്. അത് ഉമ്മയുടെ ഒരു മിടുക്കായിട്ടാണ് പറയുന്നതും. എനിക്ക് എന്തെങ്കിലും
അസുഖം വന്നാലുടനെ ഞാൻ ചോദിക്കുമായിരുന്നു നിങ്ങള് വയ്യാത്ത കാലത്ത് എന്നെ പ്രസവിച്ചതുകൊണ്ടല്ലേ എനിക്ക് ഇപ്പോഴും ആരോഗ്യം ഇല്ലാത്തത് എന്ന്. അപ്പോൾ ഒരിക്കൽ ഉമ്മ ചോദിച്ചു. അതുകൊണ്ടിപ്പൊ എന്താ കുഴപ്പം, നിനക്ക് പഠിപ്പും വിവരോമുള്ള പുതിയാപ്ലേനേ കിട്ടിയില്ലേ. നിനക്ക് പേരും പ്രശസ്തിയുമൊക്കെ ആയില്ലേ. നല്ല മിടുക്കര് രണ്ട് മക്കളായില്ലേ എന്നൊക്കെ. അത്രകാലവും ഞാൻ വിചാരിച്ചിരുന്നത് ഞാൻ എഴുതുന്നതൊന്നും ഉമ്മായ്ക്ക് അത്ര ഇഷ്ടപ്പെടുന്നില്ല എന്നായിരുന്നു. അതു കേട്ടപ്പോൾ ഒരു തണുപ്പായിരുന്നു.
അടുത്ത ചോദ്യം അതുതന്നെയാണ്. യാഥാസ്ഥിതികമായ ഒരു സമൂഹം, ബന്ധുക്കൾ, ഈ എഴുത്തിനെ എങ്ങനെ സ്വീകരിച്ചു?
എഴുതിത്തുടങ്ങിയപ്പോൾ ധാരാളം എതിർപ്പുകൾ നേരിടേണ്ടി
വന്നിട്ടുണ്ട്. കുടുംബചരിത്രം വളച്ചൊടിച്ച് കുടുംബത്തെ മാനം
കെടുത്താൻ ശ്രമിക്കുന്നു എന്നതായിരുന്നു പല ബന്ധുക്കളുടെയും ആരോപണം. പാട്ടസ്വത്തുക്കൾ നഷ്ടപ്പെട്ടതോടെ പഴയ മട്ടി
ലൊരു ജീവിതം അസാദ്ധ്യമായിരുന്നു. അത്തരം പ്രതാപംപറച്ചി
ലിലെ പൊള്ളത്തരങ്ങൾ തുറന്നെഴുതിയപ്പോൾ അത് ആൾക്കാരെ ചൊടിപ്പിച്ചു. ഞാൻ സൃഷ്ടിച്ച സ്ര്തീകഥാപാത്രങ്ങൾക്ക് കുടുംബത്തിലെ ചില സ്ര്തീകളുടെ മുഖച്ഛായ ഉണ്ട് എന്നതും ഒരാക്ഷേപമായിരുന്നു. അത് പലരും ഉമ്മയോട് ഒരു പരാതിയായി പറയുകയും ചെയ്തു. പക്ഷെ ഉമ്മയുടെ മറുപടി എന്നെ അത്ഭുതപ്പെടു
ത്തി. അത് കഥയല്ലേ എന്നാണ് വളരെ നിസ്സാരമായി അതിനെ
തള്ളിക്കളഞ്ഞുകൊണ്ട് ഉമ്മ പറഞ്ഞത്. അത് എന്നെ സമാധാനി
പ്പിച്ചു. എന്റെ ജീവിതത്തിൽ എനിക്ക് കിട്ടിയ വലിയ ഭാഗ്യം ഉമ്മയെ അവസാനകാലത്ത് ഒപ്പം നിർത്താനായി എന്നതാണ്. ഒരു
നാല്പതുവർഷത്തോളം ഉമ്മ എന്റെയൊപ്പം ഉണ്ടായിരുന്നു.
‘കിനാവ്’ എന്ന ആദ്യനോവലിൽ നിന്ന് ‘വർത്തമാനം’ എന്ന
പുതിയ നോവലിൽ എത്തുമ്പോൾ സ്വന്തം രചനാലോകത്തെ
എങ്ങനെ വിലയിരുത്തുന്നു?
ആദ്യനോവലായ ‘കിനാവ്’ എഴുതുമ്പോൾ അതൊരു നോവലാണെന്നുപോലും അറിയാതെയാണ് എഴുതിത്തുടങ്ങിയത്. ഇരുട്ട് എന്ന നോവലിൽ മദ്യപാനവും പരസ്ര്തീബന്ധവും പുലർത്തുന്ന
പുരുഷനെപ്പോലും സഹിച്ചും ക്ഷമിച്ചും ജീവിക്കേണ്ടവളാണ്
ഭാര്യ. അവനുവേണ്ടി പ്രാർത്ഥിച്ചുകൊണ്ട് നിശബ്ദയായി ജീവിക്കേ
ണ്ടവൾ. അതൊരു അപമാനകരമായ ജീവിതമായി തോന്നുന്നതി
നാൽ ആ പദവി ഉപേക്ഷിക്കാൻ ധൈര്യം കാണിക്കുന്നവളാണ്
ആമിന. മൊഴിയാവട്ടെ ഒരു സ്ര്തീയെ രണ്ട് ഭർത്താക്കന്മാർ മൊഴി
ചൊല്ലി എന്നൊരു വാർത്തയിൽ നിന്നും ഉണ്ടാവുന്നതാണ്. മാതാപിതാക്കളും മക്കളും മരുമക്കളും ഒക്കെ ചേരുന്ന ഒരു ലോകവും ആ ലോകത്തെ ആന്തരിക സംഘർഷങ്ങളുമാണ് എന്റെ എല്ലാ നോവലുകളിലും അവതരിപ്പിക്കപ്പെട്ടത്. കാലത്തിനനുസരിച്ചുള്ള മാറ്റങ്ങൾ അടയാളപ്പെടുത്തുവാൻ എഴുത്തുകാർക്കു മുന്നിലുള്ള മാർഗം അവരുടെ എഴുത്താണ്. സമൂഹത്തിലും സമുദായത്തിലും അത്തരം മാറ്റങ്ങൾ ഉണ്ടാവുമ്പോൾ ഇവ രേഖപ്പെടുത്തേണ്ട ഒരു ബാധ്യത എനിക്കില്ലേ എന്ന ചോദ്യം എന്നിൽനിന്നപുതന്നെ ഉയരുമ്പോൾ ഞാൻ എഴുതുന്നു. ഞാൻ കിനാവ് എഴുതുമ്പോഴുള്ള ജീവിതമല്ല ‘പ്രകാശത്തിനു മേൽ പ്രകാശം’ എഴുതുമ്പോൾ ഉള്ളത്. ആദ്യകാലത്ത് പുരുഷന്മാർ മാത്രമാണ് ഗൾഫിലേക്ക്
പോയിരുന്നത്. സ്ര്തീകൾ നാട്ടിൽ ഏകാന്തതയിലും മന:സംഘർ
ഷത്തിലും കഴിഞ്ഞുകൂടി. ഫോണൊന്നും ഇല്ലാത്ത കാലത്ത് വല്ലപ്പോഴും വരുന്ന ഒരു കത്തായിരുന്നു ആ ബന്ധങ്ങളെ നിലനിർ
ത്തിയിരുന്നത്. പിന്നീട് സ്ര്തീകൾ കൂട്ടത്തോടെ ഗൾഫിൽ പോവാ
ൻ തുടങ്ങിയപ്പോൾ അവർ അറബി സംസ്‌കാരം ഉൾക്കൊള്ളുകയും അതിനനുസരിച്ച് ജീവിതം കരുപ്പിടിപ്പിക്കാനാഗ്രഹിക്കുകയും
ചെയ്തു.
കഴിഞ്ഞ മുപ്പതു വർഷത്തിലധികമായി ഞാൻ എല്ലാ വർഷവും ഗൾഫ് രാജ്യങ്ങളിൽ പോവുന്ന ആളാണ്. അവിടുത്തെ
ലൈഫിൽ വന്ന മാറ്റം നേരിട്ടറിയുകയും ചെയ്യാം. 85-90 കാലങ്ങ
ളിൽ ഞാൻ അവിടെ ചെല്ലുമ്പോൾ സ്ര്തീകൾക്ക് വീട്ടുപോലിയല്ലാതെ മറ്റൊന്നുമില്ല. കുട്ടികളെയും ഭർത്താവിെനയും പറഞ്ഞയച്ചു കഴിഞ്ഞാൽ പിന്നെ കിടന്നുറങ്ങും. വൈകീട്ട് ഒന്നു പുറത്തുപോവും. എന്നാലും വലിയ സന്തോഷത്തിലായിരുന്നു അവർ. പിന്നെ വന്ന തലമുറ അങ്ങനെ അടച്ചിരിക്കുന്നതിൽ സംതൃപ്തരായിരുന്നില്ല. ഇങ്ങനെ വന്ന മാറ്റങ്ങൾ എന്നെ ചിന്തിപ്പിക്കുകയും സന്തോഷിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്തു. അത് അവതരിപ്പിക്കുകയായിരുന്നു പ്രകാശത്തിനു മേൽ പ്രകാശം എഴുതുമ്പോൾ എന്റെ ലക്ഷ്യം. ഗൾഫിലേക്കുള്ള കുടുംബ കുടിയേറ്റങ്ങളുടെ പ്രത്യാഘാതങ്ങൾ നാട്ടിലും മാറ്റങ്ങൾ ഉണ്ടാക്കുന്നുണ്ട്.
ഇങ്ങനെ പൊതുവായി പറയുമ്പോഴും ഓരോ കൃതിയിലും
അതെഴുതിയ കാലത്തെ ജീവിതം വർണിക്കപ്പെടുന്നുണ്ട്. വിവാഹം, അതിന്റെ ചടങ്ങുകൾ, ഭക്ഷണം ഒക്കെ ഈ കൃതികളുടെ അന്തർധാരയാണ്. ചായയും കനവും കൊണ്ടുപോവുക തുടങ്ങിയ ചടങ്ങുകൾ ഒക്കെ വിശദമായി വിവരിക്കുന്നുമുണ്ട്. അവയെപ്പറ്റി ഒന്നു പറയാമോ?
വിവാഹം ഒരു വലിയ ആഘോഷമായിരുന്നു. അതിനെപ്പറ്റി
പറയുമ്പോൾ അക്കാലത്തെ ആഭരണങ്ങളും ചടങ്ങുകളും വിശദമായി പറയേണ്ടിവന്നതാണ് പുതിയാപ്ലയെ തക്കരിക്കാനായി
പണയം വച്ചുപോലും പണമുണ്ടാക്കിയിരുന്ന പെൺവീട്ടുകാരുടെ ദൈന്യത. സൽക്കാരം നന്നായില്ലെങ്കിൽ ബന്ധം പോലും ഉപേക്ഷിക്കുന്ന പുതിയാപ്ലമാർക്കു മുന്നിൽ അവർ തികച്ചും നിസ്സഹായരായിരുന്നു. സമ്പന്നർക്ക് അവരുടെ പ്രതാപം എടുത്തുകാണിക്കാനുള്ള ഒരു വഴിയായിരുന്നു വിവാഹം. എന്റെ മൂത്ത ജ്യേഷ്ഠത്തിയുടെ വിവാഹം 40 ദിവസം നീണ്ടുനിന്നിരുന്നു. 40 ദിവസവും പുതിയാപ്ല സൽക്കാരം. എത്രയും കൂടുതൽ പലഹാരം ഉണ്ടാക്കാമോ അത്രയും നന്ന് എന്നതായിരുന്നു സ്വീകാര്യം.
പുരുഷന് മൊഴി ചൊല്ലാവുന്ന പോലെ സ്ര്തീക്കും മൊഴി
ചൊല്ലാൻ അനുശാസിക്കുന്ന മതമല്ലേ ഇസ്ലാം. അതിനെപ്പറ്റി ഒന്നു പറയാമോ?
അത്തരം ഒരു സ്വാതന്ത്ര്യവും വഴിയും മുസ്ലിം സമുദായത്തി
ലുണ്ട്. പക്ഷെ ഒരു സ്ര്തീ അത്തരം ഒരു തീരുമാനം എടുക്കുമ്പോ
ൾ കുടുംബം മൊത്തം നോക്കിയല്ലേ തീരുമാനം എടുക്കാനാവൂ.
അതുകൊണ്ടുതന്നെ വിരലിൽ എണ്ണാവുന്ന വിവാഹമോചനങ്ങ
ളേ സ്ര്തീ മുൻകൈയെടുത്ത് നടത്തിയിട്ടുള്ളൂ. പലപ്പോഴും വിദേശത്തേക്കു പോവുന്ന ഭർത്താക്കന്മാർ പതിനഞ്ചു വർഷമൊക്കെ യായിട്ടും തിരികെ വരാതിരിക്കുമ്പോഴാണ് ‘ഫസ്‌ക്’ പ്രയോഗിക്കുന്നത്. ചില പരസ്യങ്ങൾ ഇപ്പോഴും പത്രങ്ങളിൽ കാണാറുണ്ട്. പണ്ടൊന്നും തറവാട്ടിലെ സ്ര്തീകൾ വിവാഹത്തെപ്പറ്റി അറിയുകയേ ഇല്ല. കല്യാണത്തിനായി ഒരു ഡ്രസ് ഉണ്ടാവും. കുറച്ച് സ്വർണവും. ഒരാൾ തറവാട്ടിൽ വന്ന് വിവാഹം ആവശ്യപ്പെടുമ്പോൾ പെൺകുട്ടിയോട് കുളിച്ചു വന്നോ, ഇന്ന് നിന്റെ കല്യാണമാണ് എന്നു പറയും. അപ്പോൾ മാത്രമാണ് അവൾ അത് അറിയുക. അങ്ങനെ നിക്കാഹ് കഴിച്ചുകൊടുക്കുന്നു. ആ സ്ര്തീയുടെ തലവര നന്നെങ്കിൽ അയാൾ വീണ്ടും വരും. ഇല്ലെങ്കിൽ ഇല്ല. അത് അവളുടെ തലേവര എന്നല്ലാതെ മറ്റൊരു പ്രതികരണവും ഇല്ല.
വടക്കെ മലബാറിലെ സ്ര്തീജീവിതത്തെ ദുരിതത്തിലേക്ക് തള്ളിയിട്ടിരുന്ന ഒന്നായിരുന്നു അറബിക്കല്യാണം. അതിനെപ്പറ്റി എന്തേ എഴുതിയില്ല?
അറബികൾ വന്നിറങ്ങിയത് കോഴിക്കോട്ടായിരുന്നു. തിക്കോടിയിൽ ഞാനവരെ കണ്ടിട്ടില്ല. തിക്കോടിക്ക് പുറമെ നിന്ന് വരുന്നവർ പോലും വളരെ കുറവായിരുന്നു അവിടെ. അങ്ങനെ ഒരാ
ൾ വന്നാൽതന്നെ നാട്ടുകാരുടെ എല്ലാ വിചാരണയും കഴിഞ്ഞാണ് ആ അപരിചിതൻ എത്തേണ്ടിടത്ത് എത്തുക. അറബികൾ
ഇവിടെ കച്ചവടത്തിനോ ചികിത്സയ്‌ക്കോ വന്നവരാവും. അവരെ ചില ഏജന്റുമാർ വിവാഹത്തിലേക്ക് എത്തിക്കുന്നു. പാവപ്പെട്ട വീട്ടിലെ പെൺകുട്ടികളാണ് പലപ്പോഴും ഇതിന്റെ ഇരകൾ. ‘അറബിപ്പുതിയാപ്ല’ എന്ന എന്റെ ഒരു ചെറുകഥയിൽ ഞാൻ ആ പ്രമേയം സ്വീകരിക്കുന്നുണ്ട്.
‘മൊഴി’യിലെ ഫാത്തിമയിൽ നിന്ന് ‘വർത്തമാന’ത്തിലെ റാഹിലയിലേക്കുള്ള മാറ്റം വടക്കെ മലബാറിലെ മുസ്ലിം സമുദായത്തിലെ സ്ര്തീകളുടെ വളർച്ച കൂടിയാണ്. ഈ വിലയിരുത്തലിനോട് എങ്ങനെ പ്രതികരിക്കുന്നു? അങ്ങനെയൊരു നായിക വേണം എന്ന നിർബന്ധബുദ്ധി ആ സൃഷ്ടിക്കു പിന്നിൽ ഉണ്ടായിരുന്നോ?
അങ്ങനെയൊരു നിർബന്ധബുദ്ധി ഉണ്ടായിരുന്നു എന്നു പറയാൻ പറ്റില്ല. എപ്പോഴും ഞാൻ പറയാറുണ്ട്, ഒരു ലക്ഷ്യം നിറവേറ്റാനോ ആശയം പ്രചരിപ്പിക്കാനോ സർഗാത്മക രചന ഉപയോഗിക്കാമെന്ന് ഞാൻ കരുതുന്നില്ല എന്ന്. ഞാനൊരു ഫെമിനിസ്റ്റ് കഥ എഴുതട്ടെ. അങ്ങനെയൊരു കഥാപാത്രതെത്ത ഫെമിനിസ്റ്റാക്കി മാറ്റാൻ എനിക്കാവില്ല. പറ്റുന്നവരുണ്ടാവും. അത് ഉള്ളിന്റെയുള്ളിൽനിന്നും വരേണ്ടതാണ്. ജീവിതത്തെ അതിന്റെ സൂക്ഷ്മാംശങ്ങൾ പോലും വളരെ ശ്രദ്ധിക്കുന്ന ഒരാളാണ് ഞാൻ എന്ന് എഴുതിത്തുടങ്ങിയപ്പോഴാണ് മനസ്സിലായത്. വൈക്കം മുഹമ്മദ് ബഷീർ എന്നോട് പറഞ്ഞിട്ടുണ്ട്, എടീ പഴയതുപോലെയല്ല
ഇനി കണ്ണും കാതുമൊക്കെ തുറന്നുവച്ച് നടക്കണം, എന്നാലേ
എഴുത്തുണ്ടാവൂ എന്ന്. സ്വാനുഭവങ്ങളും പരാനുഭവങ്ങളും ഒക്കെ
ചേർത്ത് എഴുതുമ്പോഴാണ് അത് പൂർണമാവുന്നത്. പണ്ട് കേട്ടതൊക്കെ ഞാൻ മറന്നുപോയി എന്നാണ് ഞാൻ കരുതിയിരുന്നത്. എഴുതിത്തുടങ്ങിയപ്പോൾ അതൊക്കെ ഒരു മിനിസ്‌ക്രീനിൽ എന്നതുപോലെ കടന്നുവരും. എന്റെ ആവിഷ്‌കരണത്തിൽ ഒരേപോലെയുള്ള അനേകം സ്ര്തീകൾ കടന്നുവന്നപ്പോഴാണ് ഒരു ആധുനികസ്ര്തീനായിക വേണം എന്നു തോന്നിയത്. ആ തോന്നലിന്റെ ഫലമാണ് റാഹില. ആരൊക്കെ അത് ഞാൻതന്നെയല്ലേ എന്നു ചോദിച്ചിരുന്നു. ആത്മാംശങ്ങൾ എല്ലാ കഥാപാത്രങ്ങളിലും ഉണ്ടാവാം. സൈനുവിലും റാഹിലയിലും ഒക്കെയുണ്ടാവാം. വലിയ ആത്മവിശ്വാസമുള്ള ഒരു സ്ര്തീയാണ് റാഹില. അത്തരം ഒരു സ്ര്തീയെ ഞാൻ കണ്ടിട്ടുതന്നെയില്ല.
‘വർത്തമാനം’ എന്ന് ആ നോവലിന് പേരിടുമ്പോൾ എന്തായിരുന്നു മനസ്സിൽ? വർത്തമാനകാലം എന്നായിരുന്നോ, അതോ വർത്തമാനം പറച്ചിൽ എന്നായിരുന്നോ? അങ്ങനെ ചോദിക്കാൻ ഒരു കാരണമുണ്ട്. സുഹ്‌റാത്തയുടെ കഥാപാത്രങ്ങൾ തങ്ങളോടുതന്നെ ധാരാളം സംസാരിക്കാറുണ്ട്?
വർത്തമാനകാലംതന്നെയായിരുന്നു ഉദ്ദേശിച്ചത്. ഞാൻ അതി
ന് ആദ്യം പേരു കൊടുത്തത് ‘ഹേ മനുഷ്യാ’ എന്നായിരുന്നു.
കാരണം ഈ കാലഘട്ടത്തിൽ നടക്കുന്ന ഒരുപാട് സംഗതികളെപ്പസറ്റി നമ്മെ സന്തോഷിപ്പിക്കുകയും വേദനിപ്പിക്കുകയും ചിരിപ്പിക്കുകയും ചെയ്ത സംഗതികളുടെ രേഖപ്പെടുത്തലായിരുന്നു അത്. എഴുതിത്തുടങ്ങിയപ്പോഴാണ് കാലത്തെക്കൂടി രേഖപ്പെടുത്തണം എന്നു തോന്നിയത്. ഒരു ചെറിയ ക്യാൻവാസിലെങ്കിലും നമ്മുടെ കാലത്തെക്കുറിച്ച് സാധാരണ ജനങ്ങൾക്കുമേൽ ഷോക്കടിപ്പിക്കുന്ന നോട്ടുനിരോധനം പോലെയുള്ള തീരുമാനങ്ങളെക്കുറിച്ച് എഴുതണം എന്ന ആഗ്രഹം ഉണ്ടായത്.
സുഹ്‌റാത്തയുടെ രചനാലോകത്തെ വളരെ വ്യത്യസ്തമായൊരു കഥയാണ് ഭ്രാന്ത്. അതെഴുതാനുണ്ടായ സാഹചര്യം വിശദീകരിക്കാമോ?
ഞാനൊരു ഫെമിനിസ്റ്റാശയം പ്രചരിപ്പിക്കാനായി എഴുതിയ
കഥയല്ല അത്. ഒരു ഇടത്തരക്കാരി വീട്ടമ്മ എന്നും രാവിലെ എഴുന്നേറ്റാൽ പോവുന്നത് അടുക്കളയിലേക്കാണ്. ഭക്ഷണം പാചകം
ചെയ്യുക, കുട്ടികളെ സ്‌കൂളിൽ വിടുക…. അങ്ങനെ ഒരു യന്ത്രം
പോലെ ഒരു സ്ര്തീ രാവിലെ എഴുന്നേറ്റ് സ്ഥിരം പണികളൊന്നും
ചെയ്യാതെ സ്വന്തം ഇഷ്ടത്തിന് വെറുതെ ഇരുനക്‌നാൽ എന്താവും
അവസ്ഥ എന്ന ചോദ്യത്തിന്റെ ഉത്തരമാണ് ആ കഥ. കുടുംബവും ഭർത്താവും ഒക്കെ ചേർന്ന് അവളെ ഒരു ഭ്രാന്തിയാക്കും.
ഇന്നു മാത്രം നിനക്കെന്താ പ്രശ്‌നം, ഇത് നിന്റെ ജോലിയല്ലേ എന്നിങ്ങനെയുള്ള അനേകം ചോദ്യങ്ങളും അവൾ നേരിടും. അങ്ങ
നെയൊക്കെയുള്ള ചിന്തകളിൽ നിന്നും ഭ്രാന്ത് എന്ന കഥയുണ്ടായി. പക്ഷേ കുടുംബമൊക്കെ തത്കാലത്തേക്ക് മാറ്റിവച്ച് പോവാനാവുന്ന തലത്തിലേക്ക് റാഹില ഉയർന്നുവരുന്നുണ്ട്.
തിക്കോടിയിൽ ജനിച്ചുവളർന്നു. കൗമാരകാലം മുതൽ കോഴി
ക്കോട് ജീവിച്ചു. അങ്ങനെയൊരാൾ തെക്കൻ തിരുവിതാംകൂറിൽ
എത്തുമ്പോൾ വേഷം, ഭാഷ, ആചാരാനുഷ്ഠാനങ്ങൾ, എന്തിനേറെ ഭക്ഷണംപോലും വ്യത്യസ്തമാവുമ്പോൾ അതിനെ എങ്ങനെയാണ് സുഹ്‌റാത്ത മറികടന്നത്?
നല്ല പ്രയാസമായിരുന്നു. ഭാഷയാണ് ഏറ്റവും ബുദ്ധിമുട്ടിച്ചത്. വിവാഹം കഴിഞ്ഞ് രാത്രി രണ്ടുമണിയോടെയാണ് തിരുവനന്തപുരത്ത് എത്തിയത്. പുതിയ പെണ്ണ് വീട്ടിലെത്തുമ്പോൾ മലബാറിൽ പനിനീർ കുടഞ്ഞും അരിയും പൂവും എറിഞ്ഞുമാണ്
സ്വീകരിക്കുന്നത്. അവിടെ എനിക്ക് ഒരു താലത്തിൽ ആരതി
തന്നിട്ട് അത് ഊതിക്കെടുത്താൻ പറഞ്ഞു. പിന്നെ ഒറ്റ ചോദ്യമാണ്: ‘വെള്ളങ്ങളെന്തെങ്കിലും വേണോ അപ്പീ’. അതോടെ പരിഭ്രമമായി. മലബാറിലെ ചില വാക്കുകൾ അവിടെ അശ്ലീലമാണ്.
അത് നമ്മളെക്കൊണ്ട് പറയിപ്പിച്ച് കൂടിയിരുന്ന് ചിരിക്കുക ഒരു
സ്ഥിരം പരിപാടിയായി. അവിടെയൊരു നല്ല ലൈബ്രറി ഉണ്ടായി
രുന്നു. വായനയുടെ മറ്റൊരു തലത്തിലേക്ക്, ലോക ക്ലാസിക്കുകളിലേക്ക് എത്തിപ്പെടുന്നത് അങ്ങനെയാണ്. അതിനും ഒരുപാട് കേട്ടു. മലബാറീന്ന് ഒരു പെണ്ണിനെ കെട്ടിക്കൊണ്ടുവന്നിട്ടുണ്ട്. മഹാ അഹങ്കാരിയായ. ഞങ്ങളോടൊന്നും മിണ്ടില്ല. മിണ്ടാത്തത്
പേടിച്ചിട്ടാണെന്ന് ഓലോട് പറയാനാവില്ലല്ലോ. ആ ഭാഷാവ്യത്യാസവും സംസ്‌കാരവ്യത്യാസവും രേഖപ്പെടുത്തുവാനാണ് ‘നിഴൽ’ എന്ന നോവൽ എഴുതിയത്. അത് പറഞ്ഞപ്പോൾതന്നെ പതിവുപോലെ എന്റെ ഭർത്താവ് ‘അവിടെ ജനിച്ചുവളർന്ന എനിക്കുപോലും ആ ഭാഷ ശരിക്കറിയില്ല, പിന്നെയല്ലേ നിനക്ക്’ എന്ന് നിരുത്സാഹപ്പെടുത്തി. ആ പ്രകോപനം വാശിയായി. അങ്ങനെ ആ നോവൽ പിറക്കുകയും ചെയ്തു. പ്രസിദ്ധീകരിക്കുന്നതിനു മുമ്പ് ഒഎൻവി സാറിന്റെ ഭാര്യ സരോപനിച്ചേച്ചിയെക്കൊണ്ട് വായിപ്പിച്ചു. കാരണം എനിക്കും ഭയമുണ്ടായിരുന്നു, ആ ‘ഫാഷ’ എനിക്ക് വഴങ്ങിയോ എന്ന്.
വളരെ പ്രശസ്തനായ ഒരു കാർട്ടൂണിസ്റ്റ് ബി.എം. ഗഫൂറിന്റെ
സഹോദരിയാണ്. സുഹ്‌റാത്തയും ഒരുകാലത്ത് ചിത്രങ്ങൾ വരച്ചിരുന്നതായി കേട്ടിട്ടുണ്ട്. എന്തുകൊണ്ടാണ് ആ മാധ്യമത്തെ ഉപേക്ഷിച്ചത്?
ചിത്രകല ഒരു മാധ്യമമായി സ്വീകരിക്കണം എന്ന് ഞാൻ ആഗ്രഹിച്ചിട്ടേയില്ല. കാരണം ചെറുപ്പത്തിലേ ആണുങ്ങൾക്കാണ്
ചിത്രംവര പറഞ്ഞിട്ടുള്ളത് എന്ന തരത്തിലുള്ള സംഭാഷണങ്ങ
ൾ എല്ലായിടത്തുനിന്നും ഞാൻ കേട്ടിട്ടുണ്ട്. വല്യാക്ക മദ്രാസ് ആർ
ട്‌സ് കോളേജിൽ പഠിക്കുമ്പോൾ അവധിക്കു വരുമ്പോൾ ഞങ്ങ
ളെയൊക്കെ മോഡലുകളായി ഇരുത്തി ചിത്രം വരയ്ക്കുമായിരുന്നു. അതനുസരിച്ച് ഞാനും വരച്ചു. അവ കണ്ടിട്ട് വല്യാക്ക
പ്രോത്സാഹിപ്പിച്ചുമില്ല, നിരുത്സാഹപ്പെടുത്തിയതുമില്ല. വിവാഹശേഷം ഞാൻ ഈ ചിത്രങ്ങളും തിരുവനന്തപുരത്തേക്ക് കൊണ്ടുപോയിരുന്നു. അവ കണ്ടിട്ട് ഭർത്താവ് എന്റെ സഹോദരനോട് നിങ്ങളുടെ സഹോദരി നന്നായി ചിത്രം വരച്ചിരുന്നുവല്ലോ, എന്താ നിങ്ങളത് പ്രോത്സാഹിപ്പിക്കാതിരുന്നത് എന്ന് ചോദിച്ചു. ‘വടക്കെ മലബാറിലെ അന്നത്തെ സ്ഥിതി നിങ്ങൾക്കറിയില്ല. ചിത്രം വരയ്ക്കുകയൊക്കെ ചെയ്യുന്ന പെൺകുട്ടികൾക്ക് വരനെ കിട്ടില്ലായിരുന്നു. കലാസ്വാദകനായ എഴുത്തുകാരനായ നിങ്ങളെപ്പോലെ ഒരാളെ കിട്ടും എന്നുറപ്പുണ്ടായിരുന്നു എങ്കിൽ ഞാൻ അവളെ
ചിത്രകല പഠിപ്പിച്ചേനേ’ എന്നായിരുന്നു സഹോദരൻ പറഞ്ഞത്.
അടുത്ത ചോദ്യം ബഷീർസാറിനെപ്പറ്റിയാണ്. മലയാളസാഹി
ത്യത്തിലെ ഏറ്റവും സൂക്ഷ്മദൃക്കായ നിരൂപകന്റെ കൂടെ നിൽക്കുമ്പോൾ വിമർശനമെത്രയാണ്? പ്രോത്സാഹനം എങ്ങനെയാണ്? സാറ് ആദ്യം ഇവ വായിക്കാറുണ്ടോ?
വായിക്കും. അതികഠിനമായി വിമർശിക്കും. പ്രകോപിപ്പിക്കും.
ഭാഷയുടെ കാര്യത്തിൽ വിമർശിക്കുമ്പോൾ ഞാൻ സമ്മതിക്കി
ല്ല. കാരണം വടക്കെ മലബാറിലെ ഗ്രാമ്യഭാഷയിൽതന്നെ എന്റെ
കഥാപാത്രങ്ങൾ സംസാരിക്കണം എന്നെനിക്ക് നിർബന്ധമുണ്ട്.
അതാവട്ടെ അദ്ദേഹത്തിന് ഇതുവരെ വഴങ്ങിയിട്ടുമില്ല. ‘വർത്ത
മാന’ത്തിൽ എത്തിയപ്പോൾ ആ ഭാഷ എനിക്ക് കൈമോശം വന്നു എന്ന് മിനി പ്രസാദ് എഴുതി. അത് ഈ കാലത്തിന്റെ ഭാഷയാണ്. ഒരുതരത്തിൽ പറഞ്ഞാൽ ആ മാറ്റവും രേഖപ്പെടുത്തുക
എന്നതും വർത്തമാനത്തിന്റെ രചനയുടെ പിന്നിലെ ഉദ്ദേശ്യമായിരുന്നു. ഭർത്താവ് അങ്ങനെ വിമർശിക്കുന്നത് പലപ്പോഴും ഒരു ധൈര്യമാണ്. കാരണം അത് കഴിഞ്ഞാണല്ലോ ഇത് പുറത്തുവരുന്നത്. പ്രോത്സാഹനം നന്നായിട്ടുണ്ട്. അതുകൊണ്ടാണല്ലോ ഇവയൊക്കെ പുറത്തുവന്നത്.
മക്കൾ എങ്ങനെയാണ് ഉമ്മയുടെ സാഹിത്യജീവിതത്തെ സ്വീകരിക്കുന്നത്?
രണ്ടു മക്കളാണ്. രണ്ടാളും വിദേശത്താണ്. വിദ്യാഭ്യാസകാലത്ത് അവർ നന്നായി വായിച്ചിരുന്നു. ഞങ്ങൾ അവർക്ക് കളി
പ്പാട്ടങ്ങൾ വാങ്ങിക്കൊടുത്തിട്ടില്ല. പുസ്തകങ്ങൾ മാത്രമേ കൊടു
ത്തിട്ടുള്ളൂ. ഇപ്പോൾ വായനയൊക്കെ കുറഞ്ഞിട്ടുണ്ട്. എന്നാലും
രണ്ടാമത്തെ മകൻ നന്നായി വായിക്കും. കവിതകൾ എഴുതുകയും ചെയ്യും.
പുതിയ എഴുത്തുകാരുടെ കൃതികളെ എങ്ങനെ വിലയിരുത്തുന്നു?
വളരെ പ്രോമിസിങ് ആയ അനേകം എഴുത്തുകാർ ഉയർന്നുവരുന്നുണ്ട്. വിചാരിക്കാത്ത തരത്തിൽ എഴുത്തിനെ മുന്നോട്ട് കൊണ്ടുപോവാൻ കഴിയുന്നവർ. പെട്ടെന്നൊരു ബൂസ്റ്റ് കിട്ടാൻ വേണ്ടി ആവശ്യമില്ലാതെ ശരീരത്തെ പ്രദർശനമാക്കുന്ന രീതി ഇന്ന് കാണുന്നുണ്ട്. അത് ശരിയായ രീതിയല്ല. ലൈംഗികത അവതരിപ്പിക്കുന്നത് തെറ്റല്ല. പക്ഷെ ഈ കൃതികളിലൊക്കെ കാണുന്നതുപോല പണത്തിനും പ്രശസ്തിക്കും വേണ്ടി അതങ്ങനെ
കുത്തിച്ചെലുത്തുന്നതിനോട് യോജിക്കാനാവുന്നുമില്ല.
ഏറ്റവും അവസാനം വായിച്ച ഇഷ്ടപ്പെട്ട ഒരു പുസ്തകത്തെപ്പറ്റി
പറയാമോ?
പ്രഭാവർമയുടെ ‘കനൽച്ചിലമ്പ്’ എന്ന കാവ്യമാണ് എടുത്തുപറയാനുള്ളത്. തലയിൽ നിന്ന് പാൽക്കുടം വീണപ്പോൾ പാൽക്കാരി എന്തിനു ചിരിച്ചു എന്ന ചോദ്യത്തിന് ഉത്തരമാണ് ഈ
കാവ്യം. സ്ര്തീനിന്ദയെ പ്രഭാവർമ ഈ കൃതിയിൽ നിശിതമായി വിമർശിക്കുന്നുണ്ട്. ഇത്രയും ലളിതമായ ഭാഷയിൽ അവളുടെ രോദനവും വിങ്ങലും അവതരിപ്പിക്കാൻ കഴിഞ്ഞ പ്രഭാവർമയെ അഭിനന്ദിക്കുന്നു.
ഏതാണ് അടുത്ത നോവൽ?
ഇന്നത്തെ കാലത്തെ ഒരു പെൺകുട്ടിയെപ്പറ്റി ഒരു നോവൽ
എഴുതണം എന്നൊരാഗ്രഹമുണ്ട്. ഉണ്ണിക്കുട്ടന്റെ ലോകം പോലെ
ഉണ്ണിക്കുട്ടന്റെ ഒരു ദിവസം പോലെയൊക്കെ. അതൊരാഗ്രഹമാണ്. ഇനിയും ഒരുപാട് ഹോംവർക്കുകൾ ചെയ്യാനുണ്ട്.