(ആനന്ദ് പട്വർധന്റെ സിനിമകൾ കാലത്തിന്റെ പരീക്ഷണങ്ങളെ ആത്മവിശ്വാസത്തോടെ നേരിട്ടു. അസ്വസ്ഥമായ അധികാര വർഗത്തിന് അദ്ദേഹത്തോടും അദ്ദേഹത്തിന്റെ സിനിമകളോടും എന്നും അടങ്ങാത്ത രോഷമായിരുന്നു. ആനന്ദുമായുള്ള ജോഷി ജോസഫിന്റെ സംഭാഷണത്തിന്റെ മൂന്നാം ഭാഗം.)

ജോഷി: സാധാരണ നിങ്ങളുടെ സിനിമകളിൽ വ്യക്തിപരമായ കാര്യങ്ങളോ പരാമർശങ്ങളോ ഉണ്ടാവാറില്ല. എന്നാൽ യുദ്ധവും സമാധാനവും എന്ന സിനിമയിൽ ദേശീയ രാഷ്ട്രീയത്തിലെ നിങ്ങളുടെ കുടുംബ വേരുകളെക്കുറിച്ചും തുടർന്നുള്ള നിരാശകളെക്കുറിച്ചും സംസാരിക്കുന്നുണ്ട്. അങ്ങിനെ പട്വർധൻ കുടുംബത്തോടൊപ്പം പട്വർധൻ പ്രപഞ്ചത്തെ ആദ്യമായി കാണുവാൻ സാധിച്ചു. എന്നാൽ നിങ്ങളുടെ രചനകളിൽ (ഉദാ: Committed to the Universal, India and Pakistan : Film Festivals in contrast, The battle of Chile, Terror : The aftermath, The Good Doctor in Chattisgarh, The Messengers of Bad News, How we learned to love the Bomb, and Republic Day Charade), ആഖ്യാതാവും വായനക്കാരനും തമ്മിൽ ഒരു വ്യക്തിബന്ധം ‘നിങ്ങൾ’ (അല്ലെങ്കിൽ ‘ഞാൻ’) എന്ന പദം വഴി വളരെ അനായാസമായി സ്ഥാപിച്ചെടുക്കുന്നു. ദൃശ്യങ്ങൾ കൊണ്ടും ചോദ്യകർത്താവെന്ന നിലയിലും നിങ്ങളുടെ സാന്നിധ്യം ഉടനീളം ഉള്ളത് കൊണ്ട് (ക്യാമറയും എഡിറ്റിങ്ങും നിങ്ങളെ തന്നെ അല്ലെ കൈകാര്യം ചെയുന്നത്) എല്ലാ സിനിമകളിലെയും ആഖ്യാനത്തിൽ നിങ്ങളുടെ മൂർത്ത സാന്നിധ്യം ഉണ്ടായിരിക്കേണ്ടതില്ലെന്ന് ഞാൻ മനസ്സിലാക്കുന്നു. എന്നാലും ഒരു സംശയം നിലനിൽക്കുന്നു. മാധ്യമം എന്ന നിലയ്ക്ക് എഴുത്തും സിനിമയും തമ്മിലുള്ള വ്യത്യാസമാണോ ഇതിനു കാരണം? സിനിമ നിർമ്മിക്കുന്നത് അനവധി ഉപകരണങ്ങൾ ഉപയോഗിച്ചാണ്. പക്ഷെ എഴുതുന്നതിന്ന് അക്ഷരങ്ങൾ മാത്രം മതി. അവിടെ നിങ്ങൾ എന്ന വ്യക്തിക്ക് പ്രത്യക്ഷമായി തന്നെ ഇടപെടലുകൾ നടത്താം. ഞാൻ പറയുന്നത് മണ്ടത്തരമായി തോന്നുന്നില്ലല്ലോ?
ആനന്ദ്: മികച്ച സമയങ്ങളിൽ ഞാൻ കമന്ററിയോ ശബ്ദ ആഖ്യാനമോ ഒഴിവാക്കാനോ കുറയ്ക്കാനോ ശ്രമിച്ചിട്ടുണ്ട്. എഡിറ്റർ എന്ന നിലയിൽ എന്റെ സഹായത്തോടെയാണെങ്കിലും, ഞാൻ പകർത്തിയ ചിത്രങ്ങളും ശബ്ദങ്ങളും സ്വയം കഥ പറയുന്നതാണ് എനിക്ക് ഇഷ്ടം. 82 മിനിറ്റ് മുഴുവൻ വോയ്സ് ഓവർ ഇല്ലാത്ത “ബോംബെ ഔർ സിറ്റി” പോലെ അപൂർവ അവസരങ്ങളിൽ എനിയ്ക്കതു നേടാനായിട്ടുണ്ട്. മറ്റ് സമയങ്ങളിൽ ഞാൻ പകർത്തിയ ചിത്രങ്ങൾക്കും ശബ്ദങ്ങൾക്കും കുറച്ച് വിശദീകരണമോ ചില പ്രധാന പശ്ചാത്തല വിവരണമോ ആവശ്യമായി വരുമ്പോൾ, ഞാൻ അത് നൽകിയിട്ടുണ്ട്. “സുഹൃത്തുക്കളുടെ ഓർമ്മയിൽ” 1980-കളിലെ ഇന്ത്യയെയും പഞ്ചാബിനെയും കുറിച്ച് പറയാൻ ഞാൻ ഷഹീദ് ഭഗത് സിംഗിന്റെ വാക്കുകൾ ഉപയോഗിച്ചു.
‘യുദ്ധവും സമാധാനവും’ എന്ന സിനിമയിൽ ആഖ്യാനത്തിന് ഉത്തമപുരുഷ രീതി ഉപയോഗിക്കുന്നതിന് ഒരു പ്രത്യേക കാരണമുണ്ടായിരുന്നു. ബിജെപി അധികാരത്തിലായിരുന്നു, ഇന്ത്യയുടെ ആണവ ദേശീയതയെ ചോദ്യം ചെയ്യുന്ന ഒരു സിനിമ നിർമ്മിച്ചതിന് ഞാൻ ദേശവിരുദ്ധനായി മുദ്രകുത്തപ്പെടുമെന്ന് എനിക്കറിയാമായിരുന്നു. എന്റെ അമ്മാവന്മാർ ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനായി പോരാടിയിട്ടുണ്ടെന്നും വർഷങ്ങളോളം ബ്രിട്ടീഷ് ജയിലുകളിൽ കഴിഞ്ഞിട്ടുണ്ടെന്നും പ്രേക്ഷകരോട് പറഞ്ഞുകൊണ്ടാണ് ഞാൻ സിനിമ ആരംഭിച്ചത്. അതായത് എന്നെ ഒരു രാജ്യദ്രോഹി എന്ന് എഴുതി തള്ളുന്നതിന് മുമ്പ് രണ്ട് വട്ടം ആലോചിക്കുക.
അത് പോലെ “ജയ് ഭീം കോമ്രേഡ്” സിനിമ ചെയ്യുമ്പോൾ വോയ്സ് ഓവർ വേണ്ടെന്ന് ഞാൻ തീരുമാനിച്ചു. പക്ഷേ സിനിമയിലുടനീളം വിവരങ്ങളോ സൂചനകളോ നൽകാൻ കൂടുതൽ പൊതുവായ ഇന്റർ-ടൈറ്റിലുകൾ ഉപയോഗിച്ചു. വളരെ പ്രധാനപ്പെട്ട സംഭവങ്ങളും ശ്രദ്ധ അർഹിക്കുന്ന ആളുകളും ഉള്ളതിനാൽ ഈ സിനിമയുടെ ശ്രദ്ധാകേന്ദ്രമാകാൻ ഞാൻ ആഗ്രഹിച്ചില്ല എന്നതാണ് ഇതിന് കാരണം. തീർച്ചയായും നിങ്ങൾ പറയുന്നതുപോലെ ഞാൻ സിനിമയിലുണ്ട്, ചോദ്യങ്ങളിലൂടെ, ക്യാമറയിലൂടെ, എഡിറ്റിംഗിലൂടെ, ഞാൻ ഉണ്ടാക്കിയ സൗഹൃദങ്ങളിലൂടെ.

ജോഷി: ശീതയുദ്ധകാലത്ത് നിലനിന്നിരുന്ന ‘ഇരുമ്പ് മറയ്’ക്ക് (iron curtain) ശേഷം ഇന്ന് ലോകമാധ്യമങ്ങളിൽ ‘വെൽവെറ്റ് കർട്ടൻ’ ഉണ്ട്. അത് വളരെ സങ്കീർണമായ ഒരു മറയാണ്. ഭരണകൂട സെൻസർഷിപ്പിനെതിരെ നിങ്ങൾ നിരവധി യുദ്ധങ്ങൾ നടത്തി വിജയിച്ചു, ‘വെൽവെറ്റ് കർട്ടനി’നെക്കുറിച്ച് നിങ്ങൾ എഴുതി – “പല തരത്തിൽ ഇന്ന് ജനാധിപത്യത്തിൽ നടപ്പിലാക്കുന്ന സെൻസർഷിപ്പ് കൂടുതൽ ദുർഗ്രഹമാണ്. കാരണം പൊതുജനങ്ങൾ അതിനെക്കുറിച്ച് ബോധവാന്മാരല്ല. ഒരേ ഉള്ളടക്കം നൽകുന്ന, ഒരേ സോപ്പും കോളയും വിൽക്കുന്ന, ഒരേ വിനോദവും “വിജ്ഞാനവും” പ്രശസ്തരുടെ കിംവദന്തികളും നിർത്താതെ നൽകി വരുന്ന നൂറു ചാനലുകൾ തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യത്തിൽ പ്രേക്ഷകർ അഭിരമിച്ചിരിക്കയാണ്. ഇത് കാണുന്നത് മാത്രം ശീലമാക്കിയത് കൊണ്ട് നമ്മുടെ കാലഘട്ടത്തിലെ പ്രധാന സംഭവങ്ങൾ അവർ കാണാതെ പോകുന്നു.” ഈ വെൽവെറ്റ് മറ എങ്ങിനെ പറിച്ചു നീക്കും? പൊതു ധാരയിൽ കാണാതെ പോകുന്ന പ്രധാന സംഭവങ്ങൾ നാല് പതിറ്റാണ്ടുകളായി ഏകാഗ്രതയോടെ രേഖപ്പെടുത്തിയ നിങ്ങൾക്ക് ഇത് വരെ ചെയ്തതെല്ലാം പാഴായിരുന്നു എന്ന് തോന്നിയിട്ടുണ്ടോ?
പള്ളിപ്പാട്ടുകാർക്ക് വേണ്ടി മാത്രം മതപ്രഭാഷണം നടത്തിയ പോലെ.
ആനന്ദ്: ഒരിക്കലുമില്ല. ഓരോ ദിവസവും, ഞാൻ പങ്കെടുക്കുന്ന എല്ലാ പൊതു സ്ക്രീനിംഗുകളിലും, എന്റെ പ്രയത്നങ്ങൾ ശരിയായിരുന്നു അതിന്ന് ഫലമുണ്ടായിരുന്നു എന്ന തോന്നലാണ് ഉണ്ടായിട്ടുള്ളത്. കാഴ്ചക്കാരിൽ നിന്ന് എനിക്ക് വലിയ അളവിലുള്ള പോസിറ്റീവ് ഫീഡ്ബാക്ക് ലഭിക്കുന്നു. ഡോക്യൂമെന്ററികൾക്ക് പൊതുവെ കാണുന്ന ശുഷ്കമായ വിതരണ സംവിധാനം കാരണം ഇത് വേണ്ടത്ര ആളുകളിൽ എത്തുന്നില്ലല്ലോ എന്ന നിരാശ മാത്രമാണ് ഉള്ളത്. കാര്യങ്ങൾ എങ്ങനെ പോകുന്നു എന്ന് നമുക്ക് നോക്കാം. ‘ജയ് ഭീം കോമ്രേഡ്’ എന്ന ചിത്രത്തിലൂടെ, മഹാരാഷ്ട്രയിലെങ്കിലും ഈ സിനിമ ജനങ്ങളിലേക്കെത്തിക്കുന്നതിൽ ഒരു വഴിത്തിരിവ് ഉണ്ടാക്കാൻ പറ്റി എന്ന് ഞാൻ കരുതുന്നു.
ജോഷി: “ഉപയോഗപ്രദമാകണമെങ്കിൽ അത് ഉയർന്ന നിലവാരം പുലർത്തുന്ന കലയാവണമെന്നില്ല”, എന്ന് നിങ്ങൾ പറഞ്ഞു. എന്റെ കാഴ്ചാനുഭവത്തിൽ നിങ്ങളുടെ “യുദ്ധവും സമാധാനവും” എന്ന സിനിമ ഉന്നതമായ കല എന്ന വിശേഷണത്തിനും മേലെയാണെന്ന് പറഞ്ഞാൽ നിങ്ങൾക്ക് ചമ്മലുണ്ടാവുമോ?
ആനന്ദ്: കലയുണ്ടെങ്കിൽ അത് ദൈനംദിന ജീവിതത്തിലുണ്ടെന്ന് ഞാൻ കരുതുന്നു. ചിലപ്പോൾ അത്തരം നിമിഷങ്ങൾ പകർത്താനുള്ള ഭാഗ്യം ഒരാൾക്ക് ലഭിക്കാറുണ്ട്. “യുദ്ധവും സമാധാനവും” എന്ന സിനിമയിൽ പാകിസ്ഥാൻ സ്കൂൾ വിദ്യാർത്ഥിനികൾ ആണവയുദ്ധത്തെ കുറിച്ച് ചർച്ച ചെയ്യുന്നതിന്റെ ഉദാഹരണം ഞാൻ നിങ്ങളോട് പറഞ്ഞു. എന്റെ ക്യാമറ വ്യൂഫൈൻഡർ പ്രവർത്തിച്ചിരുന്നില്ല. അങ്ങനെ ഞാൻ ക്യാമറ ഓട്ടോ ഫോക്കസിലും വൈഡ് ആംഗിളിലും ഇട്ട് ശബ്ദം വരുന്നിടത്തേക്ക് അന്ധമായി ചലിപ്പിച്ചു. സിനിമയിലെ ഏറ്റവും മികച്ച സീക്വൻസായി അത് മാറി!

ജോഷി: നൂറ്റാണ്ടുകൾ പഴക്കമുള്ള നമ്മുടെ ജനാധിപത്യ പാരമ്പര്യങ്ങൾ കാരണം ഇന്ത്യയിലെ ഫാസിസം യഥാർത്ഥത്തിൽ പൂർണ്ണ ഫാസിസമായി മാറില്ലെന്ന് നിങ്ങൾ കരുതുന്നു. ജനാധിപത്യമല്ല, ഒരുതരം അന്തർലീനമായ അരാജകത്വമാണ് ഇന്ത്യയെ രക്ഷിക്കാൻ പോകുന്നത് എന്നാണ് അരുന്ധതി റോയ് വിശ്വസിക്കുന്നത്. ഫാസിസം അഭിവൃദ്ധിപ്പെടാൻ ആവശ്യമായ അടുക്കും ചിട്ടയോ, സംഘാടക മികവോ നമുക്കില്ല. എന്നാൽ നിലവിലുള്ള എല്ലാ അഹിംസാത്മക പ്രസ്ഥാനങ്ങളെക്കുറിച്ചും നിരാശയോടെ അരുന്ധതി സംസാരിക്കുകയും മോഹൻദാസ് കരംചന്ദ് ഗാന്ധിയെ ‘ഒരുപക്ഷേ ഞങ്ങളുടെ ആദ്യത്തെ എൻജിഒ’ എന്ന് വിശേഷിപ്പിക്കുകയും ചെയ്തപ്പോൾ നിങ്ങൾ അതിനെതിരെ തീഷ്ണമായി പ്രതികരിച്ചു. നിങ്ങൾ മാർക്സിന് വേണ്ടി ഗാന്ധിയെയോ ഗാന്ധിയ്ക്ക് വേണ്ടി മാർക്സിനെയോ നിഷേധിക്കുന്നില്ല. നിങ്ങളുടെ ആദർശം എപ്പോഴും കൂട്ടികലർപ്പുകൾ ഉള്ളതാണെന്ന് നിങ്ങൾ സമ്മതിച്ചു. ഫാനോണിനെയും ഗാന്ധിയെയും സമന്വയിപ്പിക്കാൻ 1971ൽ താങ്കൾ ഒരു പ്രബന്ധം എഴുതി; കാരണം കറുത്ത മനുഷ്യൻ ഉള്ളിലാക്കിയ അപകർഷതാ ബോധം മറികടക്കാൻ ഫാനോണിന്ന് അക്രമം അനിവാര്യമായിരുന്നു, ഗാന്ധിയെ സംബന്ധിച്ചിടത്തോളം അഹിംസയിലൂടെ മാത്രമേ ഒരാൾക്ക് ഈ അപകർഷതാബോധം ഇല്ലാതാക്കാൻ കഴിയൂ. പ്രത്യക്ഷത്തിൽ മാവോയിസ്റ്റുകളുടെത് തീവ്രവാദം ആണെന്ന് പറയാമെങ്കിലും, നമ്മൾ ഇന്ന് കാണുന്ന ഗോത്ര പ്രക്ഷോഭം അക്രമത്തോട് മാത്രം പ്രതികരിക്കുന്ന ഭരണകൂടത്തെ ചർച്ചയ്ക്ക് ക്ഷണിക്കാൻ വേണ്ടി കാണിക്കുന്ന ഒരു ഗതികെട്ട പ്രവർത്തിയാണെന്ന് കരുതിക്കൂടെ. അക്രമം പ്രക്ഷോഭത്തിന്റെ ഒരു ലക്ഷണം മാത്രമാണ്, അതിന്റെ ആകെ സത്തയല്ല എന്ന് തോന്നുന്നില്ലെ? അയോധ്യയിലെ പുരോഹിതൻ ലാൽദാസിനോട് വളരെയധികം സാമ്യം തോന്നിപ്പിക്കുന്ന നമ്മുടെ പാസ്റ്റർ ജോൺ ആർ ഹിഗ്ഗിൻസിനെ ഉദ്ധരിക്കയാണെങ്കിൽ: “ജലത്തിന്റെ സത്ത H2O ആയിരിക്കും; ജലത്തിന്റെ ലക്ഷണം സുതാര്യതയായിരിക്കും.” അരുന്ധതി ഒരു പക്ഷെ മാവോയിസ്റ്റ് പ്രശ്നത്തിലെ അടിസ്ഥാനപരമായ ഈ “സത്ത – ലക്ഷണ”ത്തെ കുറിച്ച് തന്നെയാണ് ശക്തമായ ഭാഷയിൽ പറഞ്ഞതെങ്കിലോ? നിങ്ങൾക്ക് എന്ത് തോന്നുന്നു?
ആനന്ദ്: തോക്കിനോട് തീരെ പ്രണയം ഇല്ല എന്നതൊഴിച്ചാൽ എനിക്ക് അരുന്ധതിയുമായി അടിസ്ഥാനപരമായ വിയോജിപ്പുകളില്ല. അക്രമത്തോടുള്ള എന്റെ എതിർപ്പ് അടിസ്ഥാനപരവും സഹജവുമാണ്. അക്രമത്തിന് പ്രായോഗിക മൂല്യമില്ലെന്ന് ഞാൻ കരുതുന്നു. ഈ 21-ാം നൂറ്റാണ്ടിൽ ഇന്ത്യൻ വനങ്ങളിലൂടെ നടത്തുന്ന ഒരു സായുധ പോരാട്ടത്തിലൂടെ പരിഷ്കൃത ഇന്ത്യൻ ഭരണകൂടത്തെ അട്ടിമറിക്കാൻ കഴിയുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല.
അതിനാൽ, ആയുധബലത്താൽ വിപ്ലവം കൊണ്ട് വരാൻ ശ്രമിക്കുന്ന നമ്മുടെ ആളുകളുടെ ജീവനെ കുറിച്ച് ഞാൻ ഭയപ്പെടുന്നു. കാരണം അവർ നമ്മുടെ ഇടയിലെ ഏറ്റവും ധീരരും ബുദ്ധിയുള്ളവരുമാണ്. അവരുടെ ശ്രമം ആത്മഹത്യയുടെ ഒരു രൂപമാണെന്ന് ഞാൻ കരുതുന്നു. ഭരണകൂട അക്രമത്തിനും മാവോയിസ്റ്റുകളുടെ അക്രമത്തിനും ഇടയിൽ ആദിവാസികൾ കുടുങ്ങിക്കിടക്കുന്നത് ഞാൻ കാണുന്നു. ജനങ്ങളുടെ ഭൂമിയും ജീവിതോപാധികളും തട്ടിയെടുത്തു എന്ന പഴി തീർച്ചയായും ഭരണകൂടമാണ് ഏറ്റെടുക്കേണ്ടത്. എന്നാൽ മാവോയിസ്റ്റുകൾ നിർദേശിക്കുന്ന പരിഹാര മാർഗ്ഗങ്ങൾ ദീർഘകാല ആശ്വാസം നൽകില്ല. കബീർ കലാ മഞ്ചിൽ സംഭവിച്ചതുപോലെ, വ്യവസ്ഥാനുസാരമായ അക്രമങ്ങളിൽ പ്രതിഷേധിക്കുന്ന സാധാരണക്കാരെ – കൂടുതലും ദലിതർ, ആദിവാസികൾ അല്ലെങ്കിൽ മറ്റ് അധ്വാനിക്കുന്ന ദരിദ്ര വിഭാഗങ്ങളെ – മാവോയിസ്റ്റുകളായി മുദ്രകുത്തുന്നതായും ഞാൻ കാണുന്നു. ഒരു ദുരന്തത്തിന്റെ ചുരുളഴിയുന്നതാണ് നാം കാണുന്നത്.
ജോഷി: ശരി , ഇനി അൽപം ആവേശം തണുപ്പിച്ച് ചില ഹ്രസ്വവും വ്യക്തിപരവുമായ ചോദ്യങ്ങൾ ചോദിക്കട്ടെ. ഒഡെസയുമായുള്ള നിങ്ങളുടെ ബന്ധത്തെക്കുറിച്ചും ജോൺ എബ്രഹാമും പിന്നീട് ശരത്തുമായുള്ള (സി. ശരത്ചന്ദ്രൻ) നിങ്ങളുടെ സൗഹൃദത്തെക്കുറിച്ചും പറയൂ.

ആനന്ദ്: എന്റെ മനസ്സാക്ഷിയുടെ തടവുകാർ (പ്രിസണേഴ്സ് ഓഫ് കോൺഷ്യൻസ്), ഉയർത്തെഴുന്നേൽപ്പിനുള്ള കാലം (എ ടൈം ടു റൈസ്) എന്നീ സിനിമകൾ കണ്ട ജോൺ, അദ്ദേഹത്തിന്റെ ഒഡേസ ടീമിൽ ചേരാനും 16 എംഎം പ്രൊജക്ടറുമായി ഗ്രാമങ്ങളിൽ നിന്ന് ഗ്രാമങ്ങളിലേക്ക് പ്രദർശനം നടത്തി കേരളത്തിലൂടെ സഞ്ചരിക്കാനും എന്നെ ക്ഷണിച്ചു. പിന്നീട് ബോംബെ ഔർ സിറ്റിയിലും ഞാൻ അതുതന്നെ ചെയ്തു. ജോൺ സ്ഥിരം മദ്യപിച്ചിരുന്നതിനാൽ അയാളുമായുള്ള എന്റെ സംഭാഷണങ്ങൾ മിക്കപ്പോഴും തമാശരൂപേണ ആയിരുന്നെങ്കിലും, അതിലൊക്കെ അഗാധമായ അർത്ഥതലങ്ങൾ ഉണ്ടായിരുന്നു.
സിനിമയെ ജനങ്ങളിലേക്കെത്തിക്കുക എന്ന ഞങ്ങളുടെ പൊതുവായ ആഗ്രഹത്തിൽ നിന്ന് വികസിച്ച ഒരു നീണ്ട ബന്ധം ശരത്തുമായി ഉണ്ടായിരുന്നു. പ്ലാച്ചിമടയിൽ നിന്ന് കൊക്കകോളയെ തുരത്താനുള്ള കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ സമരം ഉൾപ്പെടെ കേരളത്തിലെ എല്ലാ പ്രധാന പാരിസ്ഥിതിക-ജനകീയ സമരങ്ങളും രേഖപ്പെടുത്തിയ തന്റെ പ്രധാനപ്പെട്ട സിനിമകളെക്കുറിച്ച് സംസാരിക്കാതെ മറ്റുള്ളവരുടെ സൃഷ്ടികളെ പ്രോത്സാഹിപ്പിക്കുന്ന നിസ്വാർത്ഥ ചലച്ചിത്രകാരന്മാരിൽ ഒരാളായിരുന്നു ശരത്. എന്റെ സിനിമകൾ പ്രദർശിപ്പിക്കാൻ ശരത് പലതവണ എന്നെ കേരളത്തിൽ കൊണ്ടുവന്നിട്ടുണ്ട്. തന്റെ പരിമിതമായ പണം ഉപയോഗിച്ച് കൊണ്ട് എന്റെ “രാം കേ നാം” എന്ന സിനിമയുടെ മലയാളം പതിപ്പ് പോലും അദ്ദേഹം നിർമ്മിച്ചു.
ജോഷി: അരവിന്ദന്റെ ‘തമ്പ് ‘ നിങ്ങളുടെ പ്രിയപ്പെട്ട സിനിമകളിൽ ഒന്നാണെന്ന് എനിക്കറിയാം. എന്റെ പക്കൽ അതിൻ്റെ സബ്-ടൈറ്റിൽ ചെയ്യാത്ത ഒരു കോപ്പി ഉണ്ട്. അത് ഞാൻ നിങ്ങൾക്ക് സമ്മാനിക്കുന്നുണ്ട്. എന്തുകൊണ്ടാണ് നിങ്ങൾക്ക് ‘തമ്പ്’ ഇഷ്ടമായത്?
ആനന്ദ്: അതിനെക്കുറിച്ച് ഞാൻ ആലോചിച്ചിട്ടില്ല. ഇഷ്ടപ്പെടാനുള്ള ആദ്യ കാരണം ഒരു പക്ഷെ അതിനു ഒരു ഡോക്യുമെന്ററിയോട് ഉള്ള സാമ്യമായിരിക്കാം. പരിമിതമായ വെളിച്ചത്തിൽ ചെയ്ത ഗംഭീരമായ ബ്ലാക്ക് ആൻഡ് വൈറ്റ് ചിത്രമാണത്. വളരെ ചെറിയ കഥാതന്തു ആയിരുന്നു.. എന്നിട്ടും സഞ്ചരിക്കുന്ന സർക്കസ് രംഗത്ത് പ്രവർത്തിക്കുന്ന ഇതിലെ തൊഴിലാളി വർഗ്ഗ കഥാപാത്രങ്ങൾ കാലക്രമേണ നമ്മുടെ ഉള്ളിലേക്ക് ഇറങ്ങിച്ചെല്ലും.
ജോഷി: കലയും രാഷ്ട്രീയവും നിങ്ങളുടെ കുടുംബത്തിൽ അന്തർലീനമായിരുന്നു. നിങ്ങളുടെ അമ്മ ശാന്തിനികേതൻ പരിശീലനം നേടിയ ഒരു കളിമൺപാത്ര നിർമ്മാതാവ് ആയിരുന്നു. ബ്രിട്ടീഷ് ഭരണത്തിനെതിരായ പോരാട്ടത്തിൽ മുഴുകിയ ഒരു സോഷ്യലിസ്റ്റ് കുടുംബത്തിൽ നിന്നുള്ളയാളായിരുന്നു നിങ്ങളുടെ അച്ഛൻ. പണ്ഡിറ്റ് ഭീംസെൻ ജോഷിയുടെ കച്ചേരികളിൽ അച്ഛനൊപ്പം താങ്കൾ പോകുന്നത് ഞാൻ കണ്ടിട്ടുണ്ട്. ഈയിടെ നിങ്ങൾക്ക് രണ്ടുപേരെയും നഷ്ടപ്പെട്ടു. ശരത്തിന്റെയും താരിഖ് മസൂദിന്റെയും നിങ്ങളുടെ മാതാപിതാക്കളുടെയും സ്മരണയ്ക്കായി നിങ്ങൾ “ജയ് ഭീം കോമ്രേഡ്” സമർപ്പിച്ചു, അത് വളരെ ഹൃദയസ്പർശിയായി തോന്നി. നിങ്ങളുടെ മാതാപിതാക്കളെക്കുറിച്ചും അവർ നിങ്ങളെ വളർത്തിക്കൊണ്ടുവന്ന കാലത്തെക്കുറിച്ചും പറയു.
ആനന്ദ്: എന്റെ മാതാപിതാക്കളെ കുറിച്ച് പറയാൻ എനിക്ക് ബുദ്ധിമുട്ടാണ്. കാരണം അവർ ഇവിടെ ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാൻ ആഗ്രഹിക്കാതെ ഒരു ദിവസം പോലും കടന്നുപോകുന്നില്ല. എന്നെ സാന്ത്വനിപ്പിക്കാൻ വേണ്ടി, ഇത്രയും കാലം അവരെ കിട്ടിയതിൽ ഞാൻ എത്ര ഭാഗ്യവാനാണ് എന്നൊക്കെ എല്ലാവരും എന്നോട് പറയുന്നു. എന്നാൽ ജീവിതത്തിന്റെ 60 വർഷം രണ്ട് ആളുകളുമായി ചേർന്ന് നിങ്ങൾ ചെലവഴിക്കുമ്പോൾ അവരുടെ പെട്ടെന്നുള്ള അഭാവം താങ്ങാൻ വളരെ ബുദ്ധിമുട്ടാണ്.
2008-ൽ 80-ആം വയസ്സിൽ എന്റെ അമ്മ കാൻസർ ബാധിച്ച് മരിച്ചു. ഞാൻ ഇപ്പോഴും അവരുടെ സാധനങ്ങൾ സൂക്ഷിച്ചുവെച്ചിട്ടുണ്ട്. ഉദ്ദേശിച്ചതുപോലെ അവർക്ക് ഒരു സ്മാരക വെബ്സൈറ്റ് ഉണ്ടാക്കാൻ എനിയ്ക്ക് കഴിഞ്ഞിട്ടില്ല. ഗ്ലേസിംഗിൽ വൈദഗ്ദ്ധ്യം നേടിയ ഇന്ത്യയിലെ ആദ്യത്തെ “കലാകാര” കുംഭാരന്മാരിൽ ഒരാളായിരുന്നു അവർ.
അവരുടെ “മൺപാത്രങ്ങൾക്കായുള്ള കൈപ്പുസ്തകം” ഇന്ത്യയിലെ മിക്കവാറും എല്ലാ ഗ്ലേസ് പോട്ടർമാരുടെ പക്കലും കാണാൻ കഴിയുന്ന പുസ്തകമാണ്. കുറ്റമറ്റ രസതന്ത്രവും കഠിനമായ ശാരീരിക അദ്ധ്വാനവും കൊണ്ട് ആയിരക്കണക്കിന് ഗ്ലേസുകളിലും, കളിമണ്ണിലും വിവിധ ഉഷ്ണതാമാനത്തിലും അവർ നടത്തിയ പരീക്ഷണങ്ങളിലൂടെ കണ്ടെത്തിയ “നിർമ്മാണ രഹസ്യങ്ങൾ” സൂക്ഷിക്കുന്നതിനുപകരം, ഗ്ലേസിങ്ങിലെ മികച്ച ചേരുവകൾ വ്യക്തമാക്കുന്ന ഒരു കൈപുസ്തകമായി പ്രസിദ്ധീകരിക്കുകയാണ് ചെയ്തത്.
എന്റെ അച്ഛന്റെ അഭാവം എനിക്ക് കൂടുതൽ രൂക്ഷമായി അനുഭവപ്പെടുന്നുണ്ട്. 2010-ൽ 94-ാം വയസ്സിൽ അദ്ദേഹം മരിച്ചത് ഒരു സാധാരണ ജലദോഷം ബാധിച്ചിട്ടാണെന്ന് പറയാം. പ്രായം കൊണ്ട് ബലഹീനമായ അദ്ദേഹത്തിന്റെ ഹൃദയത്തിന് ദ്രാവകം പമ്പ് ചെയ്ത് കളയാനാവാതെ വന്നപ്പോൾ അത് ന്യുമോണിയയായി മാറിയാതായിരിക്കാം. അവസാനം വരെ അദ്ദേഹം സന്തോഷവാനായിരുന്നു. അദ്ദേഹത്തിന്റെ അവസാന നാളുകളാണതെന്ന ഒരു സൂചനയും ഞങ്ങൾക്ക് ഇല്ലായിരുന്നു. പോകേണ്ട സമയം വന്നാൽ ഒരു നിമിഷം കൊണ്ട് പോകുമെന്ന് എപ്പോഴും പറഞ്ഞിരുന്നു. ഒടുവിൽ അദ്ദേഹം അത് തന്നെ ചെയ്തു. അവസാനം വരെ അദ്ദേഹം എന്നെക്കാൾ ബുദ്ധികൂർമ്മതയുള്ള വ്യക്തിയായിരുന്നു. നിങ്ങൾ ഒരിക്കൽ മാത്രം ഉറക്കെ പറഞ്ഞാൽ സെൽ ഫോൺ നമ്പറുകൾ പോലും അദ്ദേഹത്തിന് ഓർക്കാൻ കഴിയും. അദ്ദേഹം ഞങ്ങളുടെ ഡയറക്ടറിയും വിജ്ഞാനകോശവുമായിരുന്നു. സിനിമകൾ കാണുമ്പോൾ കരഞ്ഞു. ഒരു ചെറിയ കാരണം മതി ഉറക്കെ പൊട്ടി ചിരിക്കാൻ. എന്നിട്ടും ഞാൻ കണ്ടിട്ടുള്ളതിൽ വച്ച് ഏറ്റവും ശാന്തനും സൗമ്യനുമായ വ്യക്തിയായിരുന്നു അദ്ദേഹം, ഒരിക്കൽ പോലും ദേഷ്യത്തിൽ ശബ്ദം ഉയർത്തിയിട്ടില്ല.
അങ്ങനെയുള്ള മാതാപിതാക്കളെ ലഭിച്ചത് എന്റെ ഭാഗ്യമാണെന്ന് പറയേണ്ടതില്ലല്ലോ. കഴിഞ്ഞ ദിവസം 1950 ഫെബ്രുവരിയിലെ എന്റെ ജനന സർട്ടിഫിക്കറ്റ് കാണാൻ ഇടയായി. ജാതി പ്രഖ്യാപിക്കേണ്ട കോളത്തിൽ ഇന്ത്യൻ എന്ന് എഴുതിയിരിക്കുന്നു.

ജോഷി: ദൈർഘ്യമേറിയ ഉത്തരം പ്രതീക്ഷിക്കുന്ന അവസാനത്തെ ഒരു ചോദ്യം – നിങ്ങൾക്ക് സിനിമകളിലെ ഡയറിസ്റ്റ് (diarist) രൂപമാണ് ഇഷ്ടം, പക്ഷേ അത് കുമ്പസാര രീതിയിലല്ല. ” ആത്മാവിനെ ക്യാമറയിൽ നഗ്നമാക്കാൻ ആഗ്രഹിക്കുന്ന ഘട്ടത്തിലേക്ക് ഞാൻ എത്തിയിട്ടില്ല.” കുമ്പസാരത്തോട് എന്തിനാണ് ഈ വിമുഖത? കുമ്പസരിക്കുക എന്നത് ‘ആർട്ടിസ്റ്റിക് സിനിമ’യുടെ ഒരു ഫാഷനാണെന്നും നിങ്ങളുടെ ‘അപൂർണ്ണമായ സിനിമ’യുമായി പൊരുത്തപ്പെടുന്നില്ലെന്നും നിങ്ങൾ കരുതുന്നുണ്ടോ? എന്നാൽ ഗാന്ധി കുമ്പസാരിച്ചിരുന്നു. റിച്ചാർഡ് ഗാന്ധിയുടെ മിനുക്ക് കൂട്ടാൻ വേണ്ടി ആ വശങ്ങളെ കാണിക്കാതെ പോയിട്ടുണ്ടാവും. എക്കണോമിക് ആൻഡ് പൊളിറ്റിക്കൽ വീക്ക്ലിയിലെ ‘ഗാന്ധി: ഫിലിം ആസ് തിയോളജി’ എന്ന തലക്കെട്ടിലുള്ള താങ്കളുടെ നിരൂപണത്തിന് പോലും ഒരു സിനിമാ നിർമ്മാതാവിൽ നിന്നുള്ള അഗാധമായ ഏറ്റുപറച്ചിലിന്റെ സ്വഭാവമുണ്ട്. എന്തുകൊണ്ടാണ് നിങ്ങളുടെ ആത്മാവിനെ ക്യാമറയ്ക്ക് മുന്നിൽ നഗ്നമാക്കാത്തത്?
ആനന്ദ്: ഞാൻ തീർച്ചയായും ഗാന്ധിയെപ്പോലെ സത്യസന്ധനോ ആത്മജ്ഞാനിയോ അല്ല. നല്ലതോ ചീത്തയോ, ഞാൻ ചെയ്യുന്നതെല്ലാം, മറ്റുള്ളവർക്ക് ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ പഠിക്കാൻ കഴിയുന്ന പാഠങ്ങളാണെന്ന് ഞാൻ വിശ്വസിക്കുന്നില്ല. അതുകൊണ്ട് എന്റെ സ്വകാര്യ ജീവിതം വിളിച്ചു പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആളുകൾക്ക് കാണാൻ വേണ്ടി ഒരു മീൻ കോപ്പയ്ക്കുള്ളിൽ ജീവിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. എന്റെ സിനിമകളുടെ കാര്യത്തിൽ പക്ഷെ അങ്ങിനെയല്ല. ആളുകൾ അത് കാണണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. അതാണ് വ്യത്യാസം.
ഭാഗം ഒന്ന്: http://www.mumbaikaakka.com/i-am-allergic-to-the-word-artistic-film-anand-patwardhan/
ഭാഗം രണ്ട്: http://www.mumbaikaakka.com/rss-attains-national-strength-using-jp-anand-patwardhan/
(അവസാനിച്ചു)