തൃശ്ശൂർ: ഇന്നലെ തൃശ്ശൂർ സാഹിത്യ അക്കാദമിയിൽ പി.എൻ. ഗോപീകൃഷ്ണൻ രചിച്ച “ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ” എന്ന പുസ്തകത്തിന്റെ പ്രകാശനം നടന്നു.
മാധ്യമ പ്രവർത്തകയും എഴുത്തുകാരിയുമായ രേവതി ലോൾ , മലയാളത്തിന്റെ പ്രശസ്ത എഴുത്തുകാരൻ എസ്.ഹരീഷിന് പുസ്തകം നൽകി പ്രകാശനം നിർവ്വഹിച്ചു. വെറുപ്പിന്റെ ശരീര ശാസ്ത്രം (The Anatomy of Hate) എഴുതിയ എഴുത്തുകാരി, വർഗ്ഗീയതയുടെ വെറുപ്പിന് ഇരയായ ‘മീശ‘ എന്ന പുസ്തകത്തിന്റെ രചയിതാവിന് നൽകി പ്രകാശനം നിർവ്വഹിച്ചത് ഉചിതമായി.
“സ്വാതന്ത്യം കിട്ടൂന്നതിനടുത്ത നാളുകളിൽ തന്നെ ഛിന്നഭിന്നമായിക്കഴിഞ്ഞിരുന്ന ഇന്ത്യയെ ഒരു ഹിന്ദു രാഷ്ട്രമാക്കി മാറ്റാൻ സവർക്കറും കൂട്ടാളികളും ശ്രമിച്ചപ്പോൾ അതിന്റെ ഇടയിൽ നിന്ന ഒരാളായിരുന്നു ഗാന്ധി. ഇതായിരുന്നു ഗാന്ധിവധത്തിനുണ്ടായ പ്രേരകം. അതായത് നമ്മൾ ഇപ്പോൾ താമസിക്കുന്ന, നമുക്ക് അഭിപ്രായങ്ങൾ പറയാൻ സ്വാതന്ത്ര്യമുള്ള ഈ ഇന്ത്യ എന്നത് അറിയപ്പെടുന്നതും അല്ലാത്തതുമായ അനേകർ തുന്നിക്കൂട്ടി ഉണ്ടാക്കിയ ഒരു രാജ്യമാണ്. അത് മനസ്സിലാക്കിയാൽ, അതാണ് ഇപ്പോൾ ചവിട്ടിത്തേക്കുന്നത് എന്ന് മനസ്സിലാക്കിയാൽ, അത് സവർക്കറിസമാണെന്നു തിരിച്ചറിഞ്ഞാൽ ഇപ്പോൾ നടക്കുന്ന ഫാസിസ്റ്റു പ്രവണതകളെ രാഷ്ട്രീയമായും സാംസ്കാരികമായും കുറച്ചുകൂടി പ്രതിരോധിക്കാൻ നമുക്കാവും,” ഗോപീകൃഷ്ണൻ തന്റെ മറുപടിപ്രസംഗത്തിൽ ഈ പുസ്തകമെഴുതാനുള്ള സാഹചര്യങ്ങളെക്കുറിച്ചു വിശദീകരിക്കുമ്പോൾ പറഞ്ഞു.
ഗാന്ധി വധത്തിനു ശേഷം സവർക്കർ പിടിയിലായപ്പോൾ കോടതി അദ്ദേഹത്തെ വെറുതെ വിട്ടെങ്കിലും ഇന്ത്യൻ ജനത അദ്ദേഹത്തെ വെറുതെ വിട്ടില്ല. അത്രയ്ക്ക് ‘അൺപോപ്പുലർ’ ആയിരുന്നു അയാൾ. എന്നാൽ, ഇന്ന് സവർക്കറൈസേഷൻ എന്ന പ്രക്രിയയാണ് നമ്മുടെ മുന്നിൽ നടന്നുകൊണ്ടിരിക്കുന്നത്. അതിന് മുന്നിൽ നിൽക്കുന്നത് മോഡിയാണ്. സവർക്കറുടെ ജന്മദിനം ആഘോഷിക്കാൻ തുടങ്ങിയ മോഡി പതുക്കെ പതുക്കെ സവർക്കറെ മുൻനിരയിലേക്ക് കൊണ്ടുവന്നു. അതിന്റെ അവസാനത്തെ സംഭവമായിരുന്നു മെയ് 28-ലെ പുതിയ പാർലമെന്റ് കെട്ടിടത്തിന്റെ ഉൽഘാടനം. സവർക്കറുടെ ജന്മദിനമാണത് എന്ന കാര്യം ഓർക്കണം. ഇങ്ങനെ സവർക്കറിസത്തിന്റെ വ്യാപനം ജീവിതത്തിന്റെഓരോതലത്തില് കൂടി വരുന്നതിനു ഒരുപാട് ഉദാഹരണങ്ങളുണ്ട്. അതാണ് ഈ പുസ്തകമെഴുതാനുള്ള എന്റെ പ്രചോദനമെന്നതാണ് യാഥാർഥ്യം. ഗോപി വ്യക്തമാക്കി.
ഗാന്ധിയെ കൊന്നത് ഹിന്ദു ഫാസിസ്റ്റുകളാണെന്ന് നമ്മൾ സ്കൂളുകളിൽ പഠിപ്പിച്ചിരുന്നെങ്കിൽ ഫാസിസം ഇങ്ങനെ വളരുകയില്ലായിരുന്നു. അല്ലെങ്കിൽ, കർണാടകയിലെ സ്കൂളുകളിൽ കുട്ടികളെ പഠിപ്പിക്കുന്നത് പോലെ സവർക്കറുടെ ഒരു യഥാർത്ഥ ജീവചരിത്രം പഠിപ്പിച്ചിരുന്നെങ്കിലും ഇന്ത്യക്ക് ഇന്നീ ഗതി വരില്ലായിരുന്നു, ഗോപി പറഞ്ഞു.
.തുടർന്ന്,ഗോപീകൃഷ്ണൻ തന്റെ പുസ്തകത്തിലെ ഒരു അദ്ധ്യായം “ഏക് ലേ ചലോരേ” വായിച്ചു. ഏക് ലേ ചലോരേ ടാഗോറിന്റെ പ്രശസ്തമായ വരികൾ, നിങ്ങളുടെ കൂടെ ആരുമില്ലെങ്കിൽ ഒററയ്ക്ക് നടക്കുക. തന്റെ അന്ത്യദിനങ്ങളിൽ ഒററയ്ക്ക് നടന്ന വ്യഥിതനായ ഒരു വൃദ്ധനെ, ഗാന്ധിയെ, കുറിച്ചുള്ള ഒരു അദ്ധ്യായമായിരുന്നു അത്. ആ അദ്ധ്യായത്തിൽ 1947 ജനുവരി 23 ന്റെ പ്രഭാതത്തിൽ, ഗാന്ധിയുടെ ഊന്നുവടിയായിരുന്ന മനു തന്റെ കുട്ടിക്കാലത്തെ ഓർമ്മയിൽ നിന്ന് ഒരു രാംധുൻ പാടുന്നുണ്ട്.
“രഘുപതി രാഘവ രാജാറാം
പതീത പാവൻ സീതാറാം
ഈശ്വർ അള്ളാ തേരാ നാം
സബ്കോ സന്മതി തേ ഭഗവാൻ “.
നിറഞ്ഞ സദസ്സിനു മുന്നിൽ നടന്ന പ്രകാശനച്ചടങ്ങിൽ വി കെ ശ്രീരാമൻ, സുനിൽ പി ഇളയിടം, ശ്രീജിത്ത് ദിവാകരൻ, രേഖ രാജ് തുടങ്ങിയവരെ കൂടാതെ സാംസ്കാരിക രംഗത്തെ ഒട്ടനവധി പ്രമുഖർ പങ്കെടുത്തു.
ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ കഥ
(പി എൻ. ഗോപീകൃഷ്ണൻ)
വില: 990 രൂപ
ലോഗോസ് ബുക്സ്