മലയാളകവിത ഇന്നൊരു മാറ്റത്തിന്റെ പാതയിലാണ്. ഭാഷയിലും പ്രമേയത്തിലും അത് പുതിയ ആകാശവും ഭൂമിയും തേടുകയാണ്. മലയാള ഭാഷയുടെ മാനകീകരണത്തിനുമപ്പുറം പാർശ്വവത്കൃതമായ നിരവധി ഭാഷകളുടെ സ്വത്വത്തെ ഇന്ന് കവിത തിരിച്ചറിയുന്നു. ഇവിടെ ഭാഷയെന്നത് സാഹിത്യപ്രകാശനത്തിനുള്ള ഉപകരണം മാത്രമല്ല, മറിച്ച് ഭാഷതന്നെ കവിതയിലൂടെ പ്രകാശിക്കപ്പെടുകയാണ്. കവിത നാളിതുവരെ മലയാളത്തിന്റെ മധ്യവർഗവരേണ്യതയുടെ പരിസരത്താണ് നിലനിന്നിരുന്നതെങ്കിൽ ദലിതരും ഗോത്രസമൂഹമുൾപ്പെടെയുള്ളവരും തങ്ങളുടേതായ ലോകത്തെ കവിതയിലൂടെ ആവിഷ്‌കരിക്കാൻ ശ്രമിക്കുന്നതോടെ അത് കൂടുതൽ ജനാധിപത്യവത്കരിക്കപ്പെടുകയാണ്.
അശോകൻ മറയൂർ എന്ന കവിയുടെ എഴുത്തിനെ സമീപിക്കുമ്പോൾ താനുൾപ്പെടുന്ന ഗോത്രസമൂഹത്തിന്റെ (മുതുവാൻ) അനുഭവവും ഭാഷയും അതിൽ തെളിഞ്ഞുകിടക്കുന്നതുകാണാം. തന്റെ സമൂഹത്തിന്റെ ഇരുള ഭാഷയിലാണ് അശോകൻ കവിതയെഴുതുന്നത് എന്നതുതന്നെ ഭാഷയെ സംബന്ധിച്ചും കവിതയെ സംബന്ധിച്ചുമുള്ള നമ്മുടെ മുൻവിധികളെ അട്ടിമറിക്കുന്നതാണ്.
അശോകന്റെ കവിതകളെക്കുറിച്ച് സച്ചിദാനന്ദൻ ഇങ്ങനെ എഴുതി: ‘ഒരു ഭാഷയ്ക്കകത്തിരുന്നുതന്നെ ഒരെഴുത്തുകാരന് ഇരുള ഭാഷാകവിയാകാം എന്ന് അശോകൻ ഇവിടെ തെളിയിക്കുന്നു”.
അശോകൻ ലിപിരഹിതമായ ഇരുളഭാഷയെ മലയാളഭാഷയിലൂടെ അവതരിപ്പിക്കുകയാണ് ചെയ്യുന്നത്. വായനയിലൂടെ അതിന്റെ ഉള്ളിലേക്ക് സഞ്ചരിക്കുവാൻ മലയാള പരിഭാഷ ആവശ്യമായേക്കാം. എങ്കിലും ഈ ശ്രമങ്ങളെ മലയാള കവിതയുടെ നവഭാവുകത്വമായാണ് തിരിച്ചറിയപ്പെടുന്നത്. പച്ചവ്ട് (പച്ചവീട്) എന്ന തന്റെ പ്രഥമ കാവ്യസമാഹാരത്തിലൂടെ അത് വായനക്കാരുടെ സവിശേഷ ശ്രദ്ധയിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു.
കാട് കാട്ടിനുള്ളിലെ മനുഷ്യർ, മറ്റ് ജീവജാലങ്ങൾ, മരങ്ങൾ എന്നിങ്ങനെയുള്ള ആവാസവ്യവസ്ഥയുടെ ആന്തരികവും ബാഹ്യവുമായ ഒരു ലോകത്തെയാണ് അശോകൻ തന്റെ കവിതയിലൂടെ ആവിഷ്‌കരിക്കുന്നത്.
ഇനിത്തായ്‌യെന്റെ പാട്ട്
തണ്ണിപ്പൊടവയൊണങ്ങട്ടെ
കുയില് പാടട്ട
മയിലാടട്ട
പുള്ളിമാവ് പാന് പാന്
തുള്ളിപ്പായട്ട
കുറുകാടപ്പാട്ടയ്ക്ക്
കാടപ്പട സൂളയ്ട്‌സ്
സിറ്റിസ്സിറ്റി
എറകലകോർത്ത് ആടട്ട (കേണിത്തണ്ണിപ്പൊടവ)
പരിഭാഷ:
ഇനിയാണെന്റെ പാട്ട്
തണ്ണീർപ്പുടവയുണങ്ങട്ടെ
കുയിൽ പാടട്ടെ
മയിലാടട്ടെ
പുള്ളിമാൻ ചാടി ചാടി
തുള്ളിയാടട്ടെ
പുള്ളിക്കാടപ്പാട്ടിന്
കാടകളെല്ലാം
ചൂളമിട്ട്
ചുറ്റിച്ചുറ്റി
ചുറകുകോർത്താടട്ടെ (മലയിടുക്കിലെ തണ്ണീർപ്പുടവ, തണ്ണീർ
പ്പുടവയെന്നാൽ താഴ്ചയിലേക്ക് കുതിച്ചുവീഴുന്ന വെള്ളച്ചാട്ടം)
ഇവിടെ കാടിനോടുള്ള കവിയുടെ മനോഭാവം തെളിഞ്ഞുകാണാം. കാട്ടിൽ വസിക്കുന്ന ജീവജാലങ്ങളോടുള്ള സ്‌നേഹത്തിന്റെയും സഹവർത്തിത്വത്തിന്റെയും നേർ ചിത്രമാണ് ഈ കവിത വരച്ചുവയ്ക്കുന്നത്.
പി. രാമൻ എന്ന കവിയാണ് അശോകൻ മറയൂരിന്റെ കവിതയെ കണ്ടെത്തുന്നത്. അദ്ധ്യാപകനായ അദ്ദേഹത്തിന്റെ ശിഷ്യനായിരുന്നു അശോകൻ മറയൂർ. അശോകനെക്കുറിച്ചും അദ്ദേഹത്തിന്റെ കവിതയെക്കുറിച്ചും പി. രാമൻ എഴുതുന്നു:
”അശോകന്റെ മുതുവാൻ ഭാഷാ കവിതകളോരോന്നും ഓരോ വംശ ഗാഥകളാണ്. കേരളത്തിലെ ആദിവാസി സംസ്‌കൃതിയുടെ മഹത്വം ഉദ്‌ഘോഷിക്കാൻ ആ വിഭാഗത്തിൽ നിന്ന് ആദ്യമായി ഒരു കവിക്ക് ഭാഷ കൈവന്നിരിക്കുകയാണ്”.
പൊറമല എന്ന കവിത മുതുവാൻ സമുദായത്തിന്റെ വംശചരിത്രത്തെ അടയാളപ്പെടുത്തുന്നു. മിത്തും ചരിത്രവും ഇടകലർന്നു കിടക്കുന്ന തന്റെ സമുദായത്തിന്റെ ജീവിതം കവിതയിലൂടെ രേഖപ്പെടുത്തുകയാണ് കവി. കണ്ണകി മധുരാ നഗരം ചുട്ടെരിച്ചപ്പോൾ മധുരമീനാക്ഷിയുടെ അനുവാദത്തോടെ ഒരു കുഞ്ഞിനെയും മുതുകിൽ ചമുന്ന് മറയൂർ കാടുകളിലേക്ക് വന്നെത്തിയ ആദി പിതാക്കളുടെ രോദനവും അതിജീവനവും ഈ കവിതയിൽ തെളിയുന്നു.
പൊടവ എന്ന കവിത ഗോത്ര സമൂഹത്തിലെ സ്ത്രീ ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.
പക്കിമുട്ക്കി
ആന മുട്ക്കി
മാട് മുട്ക്കി
വെള്ളാമ കാട്ട്‌നിയും
പുറ്‌സ്‌നിയും
കാത്ത പൊടവ
പൊങ്കലവന്തേ
ഒറ് പൊടവ
പരിഭാഷ:
പക്ഷിയെയാട്ടി
ആനയെയാട്ടി
കാട്ടുപോത്തിനെയാട്ടി
കൃഷിചെയ്യും കാടിനെയും
കെട്ടയോനെയും
കാത്തപൊടവ
പൊങ്കാല വന്നാൽ
ഒരു പൊടവ
ഇവിടെ പൊങ്കാലയ്ക്ക് മാത്രം ലഭിക്കുന്ന ഒരു സാരികൊണ്ട് ഒരു വർഷം കഴിയണം. ഒരു വസ്ത്രത്തിലൂടെ ഈ പൊടവയ്ക്കുള്ളിലെ പെൺജീവിതത്തിന്റെ സങ്കടങ്ങളും സംഘർഷങ്ങളുമാണ് അശോകൻ കവിതയായി പകർത്തിവെയ്ക്കുന്നത്.
ഇരുള ഭാഷയിൽ മാത്രമല്ല അശോകൻ കവിതയെഴുതുന്നത്. പൂവിനുള്ളിലെ തേനിൽ സൂര്യൻ കിടന്നു തിളയ്ക്കുകയാണ് എന്നെഴുതാൻ അശോകനു മാത്രമേ കഴിയൂ. ഭാഷയുടെ അതിർവരമ്പുകളെ മായ്ച്ചുകളയുന്ന അസാധ്യമായ ഭാവനാഭൂപടത്തെ വരച്ചുവയ്ക്കുവാൻ തനിക്കു കഴിയമെന്നാണ് ഇത് തെളിയിക്കുന്നത്. പ്രകൃതിയെ വരയ്ക്കുന്ന ചിത്രകാരനാണ് ഇവിടെ കവി.
കൊടുങ്കാറ്റ്
ചീകിയൊരുക്കിയ
പുൽമേട്ടിലെ
ഒറ്റക്കാടുകളിൽ
കിടന്നാടുന്നു
ചില്ലകളിൽ
കോർത്തിട്ട
മേഘവസ്ത്രം
എന്നിങ്ങനെ പ്രകൃതിയെ, അതിന്റെ വൈവിധ്യങ്ങളെ സൗന്ദര്യാത്മകമായി ചിത്രീകരിക്കുന്ന നിരവധി കവിതകൾ അശോകൻ മറയൂർ എഴുതിയിട്ടുണ്ട്. അയാൾ പാർക്കുന്നത് പച്ച വീട്ടിലാണ്. കാട് ഈ കവിതകളിലൊന്നും ഒരു കൗതുകകാഴ്ചയല്ല. കാട് കണ്ട് നാട്ടിലേക്ക് തിരിച്ചുപോകുന്നവയല്ല ഈ കവിതകൾ. കാട് തന്നെയാണ് ഇവിടെ നാട്. കാട് തന്നെയാണ് നഗരവും. കാക്ക എന്ന കവിതയിൽ കാക്ക നഗരത്തിൽ നിന്ന് കാട്ടിലേക്കെത്തിയ പക്ഷിയായാണ് കവി അവതരിപ്പിച്ചിരിക്കുന്നത്. നഗരത്തിനെന്തോ പറ്റിയിരിക്കുന്നതിനാൽ കാട്ടിലേക്ക് പറന്നുവന്ന കാക്ക എന്നത് നഗരത്തിന്റെ നശ്വരതയെ സൂചിപ്പിക്കുന്നുണ്ട്.
കേരളസാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം ഇത്തവണ അേശാകൻ മറയൂരിനും വിമീഷ് മണിയൂരിനുമാണ്. പച്ചവ്ട് എന്ന കാവ്യസമാഹാരവും അശോകന്റെ മറ്റ് കവിതകളും വായനക്കാരിലേക്ക് കൂടുതൽ എത്തുവാൻ ഈ പുരസ്‌കാരം സഹായിക്കും.
ഈ കവിതകളിൽ നിന്ന് പുറത്തുകടക്കുക അസാധ്യമാണ്. കാട്ടിൽ ഒളിപ്പിച്ചുവച്ചിരിക്കുന്ന എന്തും നിങ്ങൾക്ക് ഈ കവിതയിൽ നിന്ന് കണ്ടെത്താനാവും. ഇവിടെ കാടും കവിതയും രണ്ടല്ല, ഒന്നാണ്.