ടി ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക എന്ന ഏറ്റവും പുതിയ നോവൽ ഏറെ പുതുമകൾ നിറഞ്ഞതാണ്. ദേശീയ പ്രസ്ഥാനവും പൊതു വിദ്യാഭ്യാസവും തീവണ്ടിയേറി വന്ന കേരളത്തിൽ നിന്നു നോക്കുമ്പോൾ യുഗാണ്ടയിലൂടെ മുന്നേറിയ തീവണ്ടിപ്പാത തെളിയിച്ച സ്വാതന്ത്ര്യത്തിന്റെ പുത്തൻ വഴികൾ നമുക്ക് അപരിചിതമായി തോന്നുന്നില്ല. മിത്തുകളിലും പുരാണങ്ങളിലും പാരമ്പര്യ ആചാരങ്ങളിലും മുറുകെ പിടിച്ചു നിന്നുകൊണ്ടുതന്നെ വിപ്ലവത്തിലേക്ക് ആരുമറിയാതെ നടന്നു കയറിയ മലബാറിൽ നിന്നും ആഫ്രിക്കയിൽ എത്തിയ പണിക്കർ ആത്മീയ ഭൗതിക മോചനങ്ങളോട് ഒരേ തരത്തിൽ പ്രതിപത്തി പുലർത്തുന്നു. ഭൗതിക ജീവിതത്തിൽ ആത്മീയത കുറഞ്ഞതാണ് സ്വേച്ഛാധിപത്യ
ത്തിലേക്ക് നയിക്കുന്നത് എന്ന് ഗാന്ധിജിയുടെ നാട്ടിൽ നിന്നു വന്ന ഒരുവനു മാത്രമെ പറയാൻ കഴിയൂ. യുഗാണ്ട പോലെ ദാരിദ്രവും ജനപ്പെരുപ്പവും അനുഭവിക്കുന്ന കേരളം അക്ഷയമായ അക്ഷരങ്ങളാൽ അതിനെ അതിജീവിക്കുവാൻ ശ്രമിക്കുന്നത് അേദ്ദഹം ഉയർത്തിക്കാട്ടുന്നു.
മിത്തുകൾ കഥ പറയുന്നു
പ്രപഞ്ചം ആ വിശുദ്ധനിമിഷത്തിന് കാത്തുനിൽക്കുകയായിരുന്നു. സുഗന്ധവും പൂക്കളും പൂമ്പാറ്റകളും നിറഞ്ഞ അന്തരീക്ഷവും മഴവില്ലുകളാൽ അലങ്കരിക്കപ്പെട്ട ചക്രവാളവും വേലിയോ അതിരോ ഇല്ലാതെ പരന്നു കിടക്കുന്ന ഭൂമിയും വിശുദ്ധമായ ജലത്തെ പൊതിഞ്ഞു പിടിച്ച കാലവും പ്രതീക്ഷയോടെ പ്രാർത്ഥിച്ചു നിൽക്കുകയായിരുന്നു. പ്രപഞ്ചത്തിന്റെ സകല ചലനങ്ങളുടെയും കാരണമായ അക്ഷയ ചൈതന്യമാണ് ആ തീരുമാനമെടുത്തത്. മഹാതടാകത്തിനു നടുവിലെ ചെറിയ ദ്വീപിൽ പുല്ലുമേഞ്ഞ കുടിലിൽ പിറക്കാനിരിക്കുന്ന പുതിയ ജീവി പ്രപഞ്ച പരിണാമത്തിലെ വളരെ പ്രധാനപ്പെട്ട കണ്ണിയാകുമെന്ന് സ്രഷ്ടാവിനറിയാമായിരുന്നു. കാരണം, അതിന് ചിന്തകൾ കൊണ്ടു വികസിപ്പിച്ചെടുക്കാവുന്ന അനന്തവും അപാരവുമായ സാധ്യതകൾ ജന്മസിദ്ധമായി ലഭിച്ചിരുന്നു. നേരം പുലരും നേരത്ത് ഒരു തുള്ളി വെളിച്ചം തുളുമ്പി വീണതുപോലെ അവൻ പിറന്നപ്പോൾ, തടാകത്തിനടിയിൽ നിന്നുയർന്നു വന്ന കറുത്ത ദേവത താമരപ്പൂവിൽ നിന്നു കൊണ്ട് സ്‌നേഹം സമാധാനം എന്നീ മുലകൾ ഊട്ടി. മഴവില്ലുകൾ അവർക്കു ചുറ്റും കൂടാരം തീർത്തു, കുയിലിന്റെ സ്വരത്തിൽ മയിലുകൾ പാടിയാടി. അവൻ ക്വാൻസ കുസലീവ എന്നു പേരു ചൊല്ലി വിളിക്കപ്പെട്ടു, അവൻ ഭൂമിയിലെ ആദ്യ മനുഷ്യനായിരുന്നു.
ക്വാൻസ കുസലീവ സഹസ്രാബ്ദങ്ങൾ ലോകം മുഴുവൻ ജീവിതം പഠിച്ചു നടന്നു. ചുറ്റുമുള്ള പ്രകൃതിയിൽ നിന്ന് അറിയേണ്ടതെല്ലാം അറിഞ്ഞു, അറിവിന്റെ അത്ഭുതമറിഞ്ഞു,രാവിൽ കണ്ട സ്വപ്‌നങ്ങൾ പകലിന്റെ നേരുകളായി, ശബ്ദങ്ങൾ അക്ഷരങ്ങളും വാക്കുകളുമായി. ദൈവത്തിന്റെ സ്വന്തം പുത്രിയായ മലായികയെ കറുത്ത ദേവത അവന് ഇണയാക്കിച്ചേർത്തു. പുലരികളിൽ കിളികളവരെ വിളിച്ചുണർത്തി, സൂര്യൻ അവരുണരുന്നതും കാത്ത് തടാകക്കരയിൽ കാത്തു നിന്നു. കറുത്ത മേഘച്ചിറകിലേറിഅവർ ദേവതയുടെ കൊട്ടാരത്തിൽ വിരുന്നിനു പോയി. കോടാനുകോടി ജീവജാലങ്ങൾക്ക് തിന്നാനും കുടിക്കാനും ഒരുക്കിവച്ച്, തിന്നാനല്ലാതെ കൊല്ലരുത് ആവശ്യത്തിൽ കൂടുതൽ ശേഖരിക്കരുത് എന്നുപദേശിച്ച്, നിങ്ങളുടെ സന്തോഷം വേറൊരാളുടെ വേദനയാവരുത് എന്നനുഗ്രഹിച്ച്, പുരുഷനെ നിർത്തേണ്ടയിടത്ത് നിർത്തി കൊതിപ്പിക്കുവാൻ മലായികയ്ക്ക് ഗൂഢോപദേശങ്ങൾ ചെയ്ത് ദമ്പതികളെ യാത്രയാക്കിയ ദേവത, പക്ഷെ പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള തന്ത്രങ്ങൾ അവരുടെ ബുദ്ധിയിൽ എഴുതിച്ചേർക്കാൻ മറന്നു പോയി. അതുകൊണ്ടല്ലെ, സിടുവയുടെ ക്ഷണം സ്വീകരിച്ച് ക്വാൻസ മബാക്കയുടെ കൊട്ടാരത്തിലേക്ക് ഒറ്റയ്ക്കു വിരുന്നു പോയതും, ജീവിതത്തിലാദ്യമായി തീയിന്റെ വേവും ചൂടുമറിഞ്ഞതും, മബാക്കയുടെ അതിസുന്ദരിയായ മകൾ വുരുഗുവിന്റെ മണിയറയിലെത്തിയതും, കീഴ്ച്ചുണ്ടിൽ വധുവിന്റെ ദന്തക്ഷതമേറ്റതും, വിശുദ്ധ രക്തത്തിൽ ആർത്തിയും സ്വാർത്ഥതയും ഹിംസയും കലർന്നതും…. രാജ്യവും രാജാവും അധികാരവും അതിർത്തിയും ഉണ്ടായി.
വെട്ടിപ്പിടിക്കാനിറങ്ങിയ മനുഷ്യൻ നിരവധി കരങ്ങളുള്ള സായുധരായ ദൈവങ്ങളെ സൃഷ്ടിച്ചു. ദൈവങ്ങൾ മനുഷ്യർക്കു വേണ്ടി പോരാടാനിറങ്ങി. ദൈവം കനിഞ്ഞു നൽകിയ ബുദ്ധിയെ ദുരുപയോഗം ചെയ്തു. എല്ലാത്തിനും മൂകസാക്ഷിയായി തടാക മധ്യത്തിൽ താമരപ്പൂവിൽ കറുത്ത ദേവത മനുഷ്യവംശത്തിൽ പിറന്നു വീഴുന്ന ഓരോ കുഞ്ഞിനെയും അദൃശ്യയായി മുലയൂട്ടി നിന്നു. കറുത്ത ദേവതയുടെ പേര് മാമ എന്നായിരുന്നു, അവളെ സൃഷ്ടിച്ചത് ഇന്ത്യൻ വംശജയായ ആഫ്രിക്കൻ എഴുത്തുകാരി താര വിശ്വനാഥ് ആയിരുന്നു.
പെൺവാഴ്‌വിലെ രാഷ്ട്രീയം
അദ്ധ്യാത്മ രാമായണവും ലളിതാ സഹസ്രനാമവും എഴുത്താണിയും മലയാളവും മുപ്പത് മാപ്പിള ഖലാസികളുമായി യുഗാണ്ടൻ റെയിൽവേ നിർമാണത്തിനായി ആഫ്രിക്കയിൽ എത്തിയതാണ് എം പി കെ പണിക്കർ. അടിച്ചമർത്തപ്പെട്ട ജനങ്ങളുടെ മുന്നേറ്റം
അടിച്ചമർത്തപ്പെട്ട രാജ്യത്തിന്റെ മുന്നേറ്റം പോലെ എളുപ്പമല്ലായെന്ന് ഗാന്ധിജിയോട് കറുത്ത മണ്ണിൽ ചവിട്ടി നിന്നു പറഞ്ഞവനാണ്. ഒരു മസായ് പെൺകുട്ടിയെ വിവാഹം ചെയ്ത് ജിൻജയിൽ സ്ഥിരതാമസമാക്കിയ പണിക്കരുടെ മകനാണ് ജനകീയ ജനാധിപത്യ വിശ്വാസിയും ഉഹുറു എന്ന വിലക്കപ്പെട്ട പ്രസ്ഥാനത്തിന്റെ സജീവാംഗവുമായ ഡോ. വിശ്വനാഥ് പണിക്കർ. ഇദ്ദേഹത്തിന്റെ പുത്രി താര വിശ്വനാഥിന്റെ കഥയും കവിതകളും നോവലെറ്റും അഭിമുഖവുമടങ്ങുന്ന ആറു കൃതികളുടെ സമാഹാരമാണ് മാമ ആഫ്രിക്ക. മൂന്നാം തലമുറക്കാരിയായി ആഫ്രിക്കയിൽ വളർന്ന താരയ്ക്ക് കറുപ്പിന്റെ രാഷ്ട്രീയത്തോടോ ഫെമിനിസത്തിന്റെ ഇടുങ്ങിയ പ്രത്യയശാസ്ത്ര സമീപനങ്ങളോടോ പ്രതിപത്തിയില്ല.
വിക്ടോറിയ തടാകത്തിൽ വിടർന്നു നിൽക്കുന്ന താമരയിൽ ആകാശം മുട്ടുമാറുയരത്തിൽ നിൽക്കുന്ന കറുത്ത ദേവതയുടെ സ്‌നേഹം സമാധാനം എന്ന ചുരത്തിയ മുലകൾ കുടിച്ചു വളർന്ന്, നൂറായി ആയിരമായി ലക്ഷമായി, സാമൂഹിക പരിണാമങ്ങളുടെ പല ഘട്ടങ്ങളിലൂടെ ഒഴുകി, കുടുംബവും ഗോത്രവും സമൂഹവും രാജ്യവുമായി മാറിയതാണ് നരവംശ ചരിതമെന്നും, ആഫ്രിക്കയുടെ മണ്ണിൽ പിറന്നു വീഴുന്ന ഓരോ ജീവകണവും ആ നാടിന്റെ സ്വന്തമെന്നും, നരവംശത്തിന്റെ ഉത്ഭവം തന്നെ കറുത്ത മണ്ണായതിനാൽ ഇവിടെ ആരും അന്യരാവുന്നില്ലയെന്നും അവൾ ഉറച്ചു വിശ്വസിക്കുന്നു. മനുഷ്യവംശത്തെ സമഗ്രവും സൂക്ഷ്മവുമായി കാണാൻ തയ്യാറാകാത്ത ലിംഗ വേർതിരിവുകളുടെ രാഷ്ട്രീയത്തെ അവൾ തുറന്ന് വിമർശിക്കുന്നു. എന്നിട്ടും, ഈ ചോദ്യങ്ങളെ നിരവധി തവണ നേരിടേണ്ടി വന്നതും ഉത്തരങ്ങൾ മതിയാവാതെ വന്നതും സ്വയം വിശ്വസിപ്പിക്കുവാൻ കഴിയാതെയാവുന്നതുമാണ് താരയുടെ സംഭവബഹുലമായ ജീവിതത്തിന്റെ ചുരുക്കെഴുത്ത്. താരയുടെ രചനകൾ മനുഷ്യനെ സംബന്ധിക്കുന്ന എല്ലാ പ്രശ്‌നങ്ങളെയും ദേശീയതയുടെയോ വംശീയതയുടെയോ പേരിൽ ലളിതവത്കരിക്കുന്നതിനെ ചോദ്യം ചെയ്യുന്നു. മാമ ആഫ്രിക്ക എന്ന നോവലെറ്റിലൂടെ താര മനുഷ്യവംശത്തിന്റെ ചരിത്രം ഒരു കഥ പോലെ പറയുവാൻ ശ്രമിക്കുന്നു.
അതിനായി അവൾ പരസ്പര വിരുദ്ധങ്ങളായ ശാസ്ത്രം മിഥോളജി എന്നീ ചിന്താധാരകളെ കൂട്ടിനു വിളിക്കുന്നു. തികച്ചും വിരുദ്ധമായി തോന്നിയേക്കാവുന്ന ഈ രണ്ടിന്റെയും അനന്തസാധ്യതകൾ മുതലെടുത്ത് ഒരു പുതിയ ദൈവത്തെ സൃഷ്ടിക്കുകയാണ് അവൾ. ലക്ഷക്കണക്കിനു വർഷങ്ങൾക്കു മുമ്പ് വിക്ടോറിയ തടാകത്തിലെ ഒരു കൊച്ചു ദ്വീപിൽ പിറന്നു വീഴുന്ന ആദ്യ മനുഷ്യ ശിശുവിൽനിന്നിങ്ങോട്ടുള്ള ‘നരായണം’ രചിക്കുവാൻ, ഭാവനയെ യാഥാർത്ഥ്യമായി വിശ്വസിക്കുന്ന മിഥോളജിയുടെയും ഭാവനയെ എത്രത്തോളം യാഥാർത്ഥ്യമാക്കാമെന്നു ശ്രമിക്കുന്ന ശാസ്ത്രത്തിന്റെയും നല്ലൊരു താങ്ങ് അവർക്കാവശ്യമായിരുന്നു.
നിരന്തരമായ അന്വേഷണങ്ങൾക്കൊടുവിൽ, ഭാരതീയ ഇതിഹാസങ്ങളും വിശ്വാസങ്ങളും സംസ്‌കാരവും രൂപപ്പെടുത്തിയെടുത്ത താരയുടെ ബാല്യകൗമാരങ്ങൾ സൃഷ്ടിച്ച ദേവി രൂപമാണ് മാമ എന്ന കറുത്ത അമ്മ ദൈവം.തന്റെതന്നെ സൃഷ്ടിയായ മാമ താരയുടെ ജീവിതത്തിലുടനീളം വാക്കും വാളും വെളിച്ചവും നിഴലും സത്യവും മായയുമായി ഒപ്പം നടക്കുന്നുണ്ട്. രാജ്യം പട്ടാള വിപ്ലവമാഘോഷിക്കുന്ന ഒരു നട്ടുച്ചയ്ക്ക് ബുഗാണ്ടൻ ചടുലതാളമേളങ്ങളുടെ നടപ്പാതയിൽനിന്ന് ഒരു കാറിലേക്ക് ബലമായി വലിച്ചു കേറ്റി കരിമ്പിൻ കാടിനു നടുവിലെത്തിച്ച തെമ്മാടികളുടെ മുന്നിലേക്ക് വാളുമായി ചാടിവന്ന ഉസിജാലി അമ്മയായി, ലീറുക്കുന്നിലെ പിതാമഹന്മാരുടെ മടയിലെ ചോര മണക്കുന്ന രാത്രിയിൽ മനസിന്റെ കാതോരം ഓതിയ ‘കുതരോക്ക’ (രക്ഷപ്പെടുക ) എന്ന ഒറ്റവാക്കായി, കിസങ്കാനിയിലേക്കുള്ള കാട്ടുപാതയിൽ മുന്നിൽ നടക്കുന്ന വെളിച്ചമായി, സയർ എന്ന പുത്തൻ പ്രത്യാശയിലേക്കുള്ള പ്രയാണത്തിനിടയ്ക്ക് പുല്ലുമേഞ്ഞ കുടിലിൽ കോലായയിൽ കാത്തിരുന്ന മണ്ണെണ്ണ വിളക്കായി, ന്യൂ ബിയയൻസ് എന്ന യുവജനസംഘത്തലവന്റെ പുക പിടിച്ചു നാറുന്ന പഴയ മുറിയിൽ കബാലഗാല പാടാൻ അദൃശ്യയായി ചേർത്തു നിർത്തിയ ധൈര്യമായി, ചതി മണക്കുന്ന മുകാസ ഭവനത്തിലേക്ക് ഭർത്താവ് ഇവാനുമായുള്ള യാത്രക്കിടയിൽ വണ്ടിക്കു വഴിമുടക്കി മുന്നിൽ നിന്ന ചുവന്ന കണ്ണുള്ള കറുത്ത നായയായി മാമ എന്നും കൂടെയുണ്ടായിരുന്നു. പലപ്പോഴും അവർ വഴിയും വഴികാട്ടിയുമായി, അവൾക്കു വേണ്ടി ശബ്ദിക്കുകയും അവളുടെ ശബ്ദമാവുകയും ചെയ്തു. പക്‌ഷെ മുകാസയിലെ നകായിമയെപ്പോലെ അവൾക്കു വേണ്ടി പ്രതിരോധങ്ങൾ തീർത്തില്ല, കൊബൊകൊയിലെ ഗാംഗയെപ്പോലെ പ്രതിബന്ധങ്ങൾ ഉയർത്തിയില്ല. ഒകാപിയിലെ കിടങ്ങുകൾക്കു മുകളിൽ തീർത്ത കാനനകുടീരത്തിൽ വച്ച് സഹപാഠിയുടെ അച്ഛനാൽ താര ആക്രമിക്കപ്പെട്ടപ്പോൾ മാമ കാർമേഘങ്ങൾക്കിടയിൽ മുഖം മറച്ചു നിന്നു. പ്രലോഭനങ്ങളെ അതിജീവിക്കാനുള്ള തന്ത്രം മനുഷ്യബുദ്ധിയിൽ എഴുതിച്ചേർത്തിയിട്ടില്ലാത്തതിനാൽ നൈൽ മാൻഷനിലെ ‘റായിസിന്റെ കിളിക്കൂട്’ എന്ന അധികാരവും ആഡംബരവും മണക്കുന്ന തടവറയ്ക്കകത്ത് പ്രണയത്തിന്റെ പരിരംഭണങ്ങളിൽ ആഴ്ന്നു പോകുന്ന താരയ്ക്കുള്ള വാക്കുകൾ അവർക്ക് കിട്ടാതെ പോകുന്നു. മാനവരാശിയുടെ അമ്മയായ മാമ പോലും പിൻവാങ്ങുന്ന ആ നിമിഷമായിരിക്കണം അവരുടെ ദൈവികജീവിതത്തിലെ ഏറ്റവും വലിയ തോൽവി, താരയെന്ന പ്രണയിനിയുടെ വിജയവും.
വേറൊന്നല്ലാത്ത പ്രണയം
എന്നെ കാണണമെന്നു തോന്നുമ്പോൾ നിന്റെ കയ്യിലെ കണ്ണാടിത്തുണ്ടെടുത്ത് നോക്കു, അതിൽ നീ കാണുന്നത് എന്നെയെങ്കിൽ പിന്നെ നീയും ഞാനും ഒന്നല്ലാതെ വേറെന്ത്? താര ഇതുവരെ കാണാത്ത കേരളം എന്ന മരതകഭൂമിയിൽ നിന്നും നീണ്ട കവിതകൾ പോലെ കത്തെഴുതുന്ന രാമു എന്ന തൂലിക സുഹൃത്തിന് എഴുതിയ വരികളാണിത്. തമ്മിൽത്തമ്മിൽ മാത്രം കാണാൻ പണിതൊരു കണ്ണാടി മാളികയിൽ കൈവിരൽ തൊട്ടു വിരിയിക്കുന്ന മഴവില്ലെണ്ണി കഴിയാം പ്രിയനെ എന്നതിലൊക്കെ കൗമാരത്തിന്റെ പുതിയ വേഗങ്ങളും നിറങ്ങളും കൗതുകങ്ങളും ഒക്കെ തുളുമ്പുന്ന ചഞ്ചലയായ താരയെയാണ് കാണുന്നത്. മാമയ്ക്ക് ഒരു മുതിർന്ന കൂട്ടുകാരിയുടെ മേൽനോട്ടങ്ങളല്ലാതെ മറ്റൊന്നുമിവിടെ ചെയ്യാനുമില്ല.
കുയിലിന്റെ സ്വരമുള്ള മയിലെ എന്നവളെക്കുറിച്ച് ഒരിക്കൽ പാടിയിരുന്ന പ്രൊ. റഷീദിന്റെ പ്രണയം നിരാലംബമായ നിർവികാരമായ പാതിയിലുണർന്നു പോയ വിപ്ലവ സ്വപ്നം പോലെ ഇരുട്ടുറഞ്ഞ നീണ്ട ഇടനാഴിക്കുള്ളിലെങ്ങോ മലർന്നു കിടന്നു. മാമ പോലും മറന്നുപോയ തിരിച്ചറിയുവാൻ കഴിയാത്തൊരു പ്രിയപ്പെട്ട മുഖം മാത്രമായി റഷീദ് എന്ന കെട്ടു പോയ കനൽക്കണ്ണ്. കിളിമഞ്ജാരോയുടെ തുഞ്ചത്തു കയറി ആകാശത്തിനൊരുമ്മ കൊടുക്കാൻ കൂടെ വരാമോ എന്നു ക്ഷണിച്ച സമ്പന്നനായ ഇവാൻ താരയ്ക്ക് തീർച്ചയായും കീഴടക്കേണ്ട കൊടുമുടി തന്നെയായിരുന്നു. സമനില തെറ്റിയ അമ്മയ്ക്കു വേണ്ടി നിശ്ശബ്ദനായ സഹോദരനു വേണ്ടി യൂണിവേഴ്‌സിറ്റിയിലെ ജോലിക്കു വേണ്ടി കറുത്ത മണ്ണിൽ എന്നും ‘മുയ്ന്തി’ (ഇന്ത്യക്കാരി) മാത്രമായി അടയാളപ്പെടുത്തുന്ന അരക്ഷിതാവസ്ഥയിൽ നിന്നു കരകയറുന്നതിനു വേണ്ടി ഇവാന്റെ പ്രണയം അവൾക്കാവശ്യമായിരുന്നു. മാമയുടെ കരുതലാർന്ന വാക്കുകൾ പോലും വെള്ളത്തൊപ്പിയിട്ട ഉഹുറു കൊടുമുടിയുടെ നെറുകയിൽ നേർത്തൊരു മർമരം മാത്രമായിരുന്നു.
എന്നാൽ ഇദി അമീൻ എന്ന സ്വേച്ഛാധിപതിയുടെ കിളിക്കൂട് എന്നോമന പേരിട്ടു വിളിക്കുന്ന ആഡംബര തടവറയിൽ പട്ടാളക്കാരാൽ കിഡ്‌നാപ് ചെയ്യപ്പെട്ടെത്തിയ താര വേറൊന്നല്ലാത്ത പ്രണയത്തിന്റെ ഉദാത്തമായ അവസ്ഥയറിയുന്നു. ആഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി ഗാന്ധിജിക്കൊപ്പമിരുന്നു ചിന്തിച്ച കോമ്രേഡിന്റെ പൗത്രി, ആഫ്രിക്ക കണ്ട ഏറ്റവും വലിയ വിപ്ലവകാരി പാത്രിസ് ലുമുംബയുടെ സുഹൃത്തിന്റെ പുത്രി, താര വിശ്വനാഥ്, പാശ്ചാത്യ വാർത്താ മാധ്യമങ്ങളിൽ നരഭോജിയായും കാട്ടാളനായും ഭ്രാന്തനായും പ്രചരിപ്പിക്കപ്പെടുന്ന ഇദി അമീൻ എന്ന കൊടും ക്രൂരനായ സ്വേച്ഛാധിപതിയെ പകരം വയ്ക്കാൻ വേറൊന്നിനാവാത്ത വിധം പ്രണയിക്കുന്നു. അപ്രതീക്ഷിത പരമാധികാരം എങ്ങിനെ പ്രയോഗിക്കണമെന്നറിയാതെ ജീവിതത്തിലും ഭരണത്തിലും ഏറെ പരാജയങ്ങൾ ഏറ്റുവാങ്ങുന്ന ആ വ്യക്തിക്കായി ജീവശ്വാസം പോലെ ഏറ്റുവാങ്ങിയിരുന്ന പ്രത്യയശാസ്ത്രങ്ങൾ മറക്കാൻ തയ്യാറാവുന്നു, ഏതിരുട്ടിലും കൂടെ നിന്നിരുന്ന ശക്തി ചൈതന്യത്തെ തള്ളിപ്പറയുവാൻ ഒരുങ്ങുന്നു, കടുത്ത അന്ധവിശ്വാസിയായ അയാൾക്കു വേണ്ടി ഗോത്ര പരിവർത്തനത്തിനു തീരുമാനിക്കുന്നു, പ്രാകൃതമായ ഭഗച് ഛേദം രക്താഭിവാദ്യം തുടങ്ങിയവയ്ക്കു വിധേയയാവുന്നു, കൊബൊകൊ എന്ന ഏതോ ഇരുണ്ട ഗ്രാമത്തിൽ ഭാഷയറിയാതെ അതിപ്രാകൃതരും ക്രൂരരുമായ കാ ക്വാ ഗോത്രങ്ങൾക്കൊപ്പം കഴിയുന്നു. തന്നെ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്ന ഗോത്രത്തലവനെ പേടിച്ചു മാത്രമാണ് അവൾ അവിടെ നിന്ന് കൊടുങ്കാടു വഴി സയർ എന്ന ഇടത്തേക്ക് മാമ തെളിച്ച മങ്ങിയ വെളിച്ചത്തിൽ രക്ഷപ്പെടാൻ ശ്രമിക്കുന്നത്. വർഷങ്ങൾക്കു ശേഷം ഇവാന്റെ പ്രിയ പത്‌നിയും സോഫിയയുടെ അമ്മയും പാശ്ചാത്യ മാധ്യമ ലോകത്ത് ഏറ്റവുമറിയപ്പെടുന്ന എഴുത്തുകാരിയും ആയിരിക്കുമ്പോൾ പോലും സ്ഥാനഭ്രഷ്ടനായി നാടുവിട്ടോടേണ്ടി വന്ന ഇദി അമീനെക്കുറിച്ചവൾ മറിച്ചു പറയുന്നില്ല. ആഡംബരങ്ങളിലും അധികാരത്തിലും പ്രണയത്തിലും മനം മറിഞ്ഞുപോയ ഒരു പത്തൊമ്പതുകാരി പെൺകുട്ടിയായിത്തന്നെ അവൾ ഫ്രീഡം സ്‌ക്വയറിൽ നിറഞ്ഞു കവിഞ്ഞ അധ്യാപകരെയും വിദ്യാർത്ഥികളെയും മാധ്യമ പ്രവർത്തകരെയും ന്യൂബിയൻസുകളെയും എസ് ആർ ബിക്കാരെയും അഭിസംബോധന ചെയ്തു.
ഈ മനുഷ്യനെ കാണുംവരെ ഒരു കറുത്ത വർഗക്കാരൻ ശരീരത്തിൽ തൊടുന്നതോ ഉമ്മ വയ്ക്കുന്നതോ എനിക്ക് ചിന്തിക്കുവാൻ പോലും കഴിയുമായിരുന്നില്ല. ഇപ്പോൾ ഞാനതിൽ നിന്നെല്ലാം മോചിതയായി. എന്തിനാണ് മാമ നിങ്ങൾ മനുഷ്യരെ പല നിറങ്ങളിൽ സൃഷ്ടിച്ചത്? താരയുടെ ചോദ്യത്തിനു മുന്നിൽ ഉത്തരമടക്കി മാമ കരുണയോടെ നിന്നു. അടിച്ചമർത്തപ്പെട്ട അടിമകളാക്കപ്പെട്ട ചൂഷണം ചെയ്യപ്പെട്ട ആഫ്രിക്കയിലെ കോടിക്കണക്കിന് കറുത്തവരുടെ മുറിവേറ്റ ആത്മാഭിമാനമാണ് ഇദി അമീൻ എന്നറിയുന്ന, കറുത്തവന്റെ നീതിയും ന്യായവും ശരികളും ചൂഷകനായ വെള്ളക്കാരുടെയോ കൂട്ടിക്കൊടുപ്പുകാരായ ഏഷ്യക്കാരുടെയോ അല്ല എന്നറിയുന്ന, ആഫ്രിക്കയിൽ നിന്ന് പരമാവധി സമ്പാദിച്ച് ഇംഗ്ലണ്ടിലേക്ക് കുടിയേറാൻ കാത്തുകെട്ടിയിരിക്കുന്ന ഇന്ത്യക്കാരുടെ മനമറിയുന്ന താര, അവൾതന്നെയാണ് വേറൊന്നല്ലാത്ത പ്രണയത്തിലെ യഥാർത്ഥ നായിക.
ടി ഡി ആറിന്റെ മാമ ആഫ്രിക്ക
ടി ഡി രാമകൃഷ്ണന്റെ മാമ ആഫ്രിക്ക എന്ന ഏറ്റവും പുതിയ നോവൽ ഏറെ പുതുമകൾ നിറഞ്ഞതാണ്. ദേശീയ പ്രസ്ഥാനവും പൊതു വിദ്യാഭ്യാസവും തീവണ്ടിയേറി വന്ന കേരളത്തിൽ നിന്നു നോക്കുമ്പോൾ യുഗാണ്ടയിലൂടെ മുന്നേറിയ തീവണ്ടിപ്പാത തെളിയിച്ച സ്വാതന്ത്ര്യത്തിന്റെ പുത്തൻ വഴികൾ നമുക്ക് അപരിചിതമായി തോന്നുന്നില്ല. മിത്തുകളിലും പുരാണങ്ങളിലും പാരമ്പര്യ ആചാരങ്ങളിലും മുറുകെ പിടിച്ചു നിന്നുകൊണ്ടുതന്നെ വിപ്ലവത്തിലേക്ക് ആരുമറിയാതെ നടന്നു കയറിയ മലബാറിൽ നിന്നും ആഫ്രിക്കയിൽ എത്തിയ പണിക്കർ ആത്മീയ ഭൗതിക മോചനങ്ങളോട് ഒരേ തരത്തിൽ പ്രതിപത്തി പുലർത്തുന്നു. ഭൗതിക ജീവിതത്തിൽ ആത്മീയത കുറഞ്ഞതാണ് സ്വേച്ഛാധിപത്യത്തിലേക്ക് നയിക്കുന്നത് എന്ന് ഗാന്ധിജിയുടെ നാട്ടിൽ നിന്നു വന്ന ഒരുവനു മാത്രമെ പറയാൻ കഴിയൂ. യുഗാണ്ട പോലെ ദാരിദ്രവും ജനപ്പെരുപ്പവും അനുഭവിക്കുന്ന കേരളം അക്ഷയമായ അക്ഷരങ്ങളാൽ അതിനെ അതിജീവിക്കുവാൻ ശ്രമിക്കുന്നത് അേദ്ദഹം ഉയർത്തിക്കാട്ടുന്നു. എഴുത്താണിയെ ദൈവീകമായി പൂജിക്കുന്ന അക്ഷരങ്ങൾ ആയുധമാവുന്ന ഒരു നാട്ടിൽ നിന്നും വരുന്നവർക്കു മാത്രം സ്വന്തമായ ആത്മവിശ്വാസം താരയേയും ബാധിക്കുന്നുണ്ട്. ഹേമാംബിക സ്തുതികൾ പോലെ ചെമ്പോലയിലെഴുതി പൂജാമുറിയിൽ കുഴിച്ചിടുന്ന ആഫ്രിക്കയുടെ ഭൂഗർഭ രഹസ്യങ്ങൾ, പൂജക്കു വയ്ക്കുന്ന അക്ഷരങ്ങൾ പോലെ താരയ്ക്കു മുന്നിൽ പുതിയ വഴികളും ചിറകുകളും ആകാശവും വിടർത്തിയതും അതുകൊണ്ടുതന്നെ. ഭൂമിയുടെ പ്രായവുമായി താരതമ്യം ചെയ്യുമ്പോൾ തീരെ നിസ്സാരമായ മനുഷ്യന്റെ എളിയ ബുദ്ധികൊണ്ടറിയാൻ കഴിയാത്ത അതിസൂക്ഷ്മവും അനന്തവും അപാരവുമായ പ്രപഞ്ചത്തിലെ ഓരോ ചൈതന്യത്തെയും നിത്യവും തൊട്ടു തൊഴുകുന്ന ലളിതാസഹസ്രനാമമോതുന്ന കോമ്രേഡ് പണിക്കരും ഡോ. പണിക്കരും ഒരു ഭാരതീയനു മാത്രം സൃഷ്ടിക്കുവാൻ കഴിയുന്ന കഥാപാത്രങ്ങളാണ്.
എന്നാൽ പലപ്പോഴും ഈ പുസ്തകത്തെ സുഗന്ധി ആവാഹിക്കുന്നതായി തോന്നും. സിംഹത്തിന്റെ കൊട്ടാരത്തിലെത്തുന്ന പൂമണിയിൽ നിന്നും കിളിക്കൂടിലെത്തുന്ന താരയിലേക്കുള്ള ദൂരം ഏറിയും കുറഞ്ഞും അനുഭവപ്പെട്ടുകൊണ്ടേയിരിക്കും. മിത്തുകളാലും ഉപകഥകളാലും കലാതിവർത്തികളായ മഹാപുരുഷന്മാരാലും ചോര ചുവയ്ക്കുന്ന പ്രണയങ്ങളാലും അധികാരത്തിന്റെ ലൈംഗികാകർഷണങ്ങളാലും യാഥാർത്ഥ്യത്തോട് ഏറെ അകന്നു നിൽക്കുന്ന വിചിത്രങ്ങളായ ഭോഗതൃഷ്ണകളാലും സമ്പന്നമാണ് സുഗന്ധി പോലെ ഇട്ടിക്കോര പോലെ മാമയും.
കാലഗണനയും ഭൂമിശാസ്ത്രവും ചരിത്രവും വർത്തമാനവും സമയത്തിന്റെ കളത്തിലും കള്ളിയിലും ഒതുങ്ങാതെ വായനക്കാരെ വിസ്മയിപ്പിച്ചു നിർത്തുന്ന മാന്ത്രികത ഇതിലും തുടരുന്നു. ആൽഫ മുതലിങ്ങോട്ട് ടി ഡി ആറിന്റെ രചനകളൊന്നുംതന്നെ ലളിതപാരായണത്തിനുള്ളതല്ല. മാമയും വ്യത്യസ്തമല്ല, അത് കിളിമഞ്ജാരോ കയറുന്നവന്റെ വായ്ത്താരി പോലെയാണ്, മുകാസയിലെ കാട്ടരയന്നങ്ങളുടെ രതി പോലെയാണ്, പോലെ …. പോലെ …. (പതുക്കെ … പതുക്കെ ).
അപ്പോൾ അസ്തമയത്തിനും ഉദയത്തിനുമിടയിൽ നടന്നതെന്താണ്…???
സ്‌റ്റേറ്റ് റിസർച്ച് ബ്യൂറോ (എസ് ആർ ബി ) ഉദ്യോഗസ്ഥർ ഡോ. വിശ്വനാഥ് പണിക്കരെ വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോകുമ്പോൾ
സൂര്യൻ വിക്ടോറിയ തടാകക്കരയിൽ മുഖം പൊത്തി നിൽക്കുകയായിരുന്നു. അദ്ദേഹത്തിന്റെ ഡയറികളും രാമായണവും ഇന്ദുലേഖയും പട്ടാള ഭരണത്തെ അട്ടിമറിക്കുവാൻ മറുഭാഷയിലെഴുതിയ ഗൂഢ സിദ്ധാന്തങ്ങൾ എന്ന നിലയിൽ അവർ പൊതിഞ്ഞെടുത്തു. യൂണിവേഴ്‌സിറ്റിയിലെ ചെറുപ്പക്കാരെ വഴിതെറ്റിക്കുന്ന ചുവന്ന പുസ്തകങ്ങൾ തേടിയവർ പട്ടിൽ പൊതിഞ്ഞ എഴുത്താണി കണ്ടുകെട്ടി. അടുക്കള സഹായിയായി നിന്നിരുന്ന ഒറ്റുകാരി പെൺകുട്ടി ഓടി വന്ന് പട്ടാളവണ്ടിയിൽ കയറി. യാത്ര പോലും പറയാനനുവദിക്കാതെ ഡോക്ടറേയും കൊണ്ട് വണ്ടി പാഞ്ഞു പോയി.
ഇതിഹാസങ്ങളും മലയാളവും മാപ്പിള ഖലാസികളുമായി ആഫ്രിക്കയിലെത്തിയ ചന്ദനക്കുറിയും വെളുത്ത ഷർട്ടും കറുത്ത പാന്റ്‌സും ധരിക്കുന്ന ഇരുനിറക്കാരനായ കോമ്രേഡ് പണിക്കർ ഏഷ്യൻ വംശജർക്കു വേണ്ടി ആദ്യത്തെ തൊഴിലാളി സംഘടന രൂപീകരിച്ചതും പിന്നീട് ആഫ്രിക്കൻ തൊഴിലാളി സംഘടന ഉണ്ടാക്കിയതും ആഫ്രിക്ക എന്ന ഒറ്റ വികാരത്തിനായി രണ്ടിനെയും ഏകോപിക്കാൻ ശ്രമിച്ചതും അതു വിഫലമായതും പൗത്രി താര അറിയുന്നു. ഇന്ത്യയുടെ ആദ്യ സ്വാതന്ത്ര്യ ദിനത്തിൽ കംപാലയിലെ തെരുവിലൂടെ യുഗാണ്ടയുടെ സ്വാതന്ത്ര്യമാവശ്യപ്പെട്ട് പ്രകടനം നയിച്ചതും ജാഥ ക്ലോക്ക് ടവറിലെത്തും മുന്നെ യുഗാണ്ടൻ ഗവർണർ സർ ഫെഡറിക് ജാക്‌സന്റെ പട്ടാളം നിറയൊഴിച്ചതും തുള്ളി വെള്ളം പോലും ചുണ്ടത്തു പറ്റാതെ കൂട്ടുകാരന്റെ കൈകളിൽ കിടന്ന് അന്ത്യശ്വാസം വലിച്ചതും താര അറിയുന്നു. ഇന്ത്യക്കാരുടെ കമ്പനികളിൽ അടിമപ്പണി ചെയ്യുന്ന ആയിരക്കണക്കിനു തദ്ദേശീയർക്കായി നിരന്തരം പോരാടിയിരുന്നതായും ആഫ്രിക്കൻ ഗോത്ര സംസ്‌കാരങ്ങളിലേക്കുള്ള ക്രിസ്ത്യൻ മിഷണറി കയ്യേറ്റങ്ങളെ ശക്തിയായി എതിർത്തിരുന്നതായും ഭാരതീയ സംസ്‌കാരമനുസരിച്ച് അക്ഷരങ്ങളെ ആരാധിക്കുവാൻ കറുത്ത
മക്കളെ പ്രേരിപ്പിച്ചിരുന്നതായും അവൾ അറിയുന്നു.
ഡോ. വിശ്വനാഥ് പണിക്കർ എന്ന മകൻ ഉഹുറു എന്ന വിമോചന സംഘടനയിലൂടെ ആഫ്രിക്കയുടെ സ്വാതന്ത്ര്യത്തിനായി
തുടർന്നു പ്രവർത്തിച്ചിരുന്നു. ചൈനയുടെയും സോവിയറ്റ് യൂണിയന്റെയും കാർമികത്വത്തിലുള്ള സർവാധിപത്യത്തിലല്ല സ്വതന്ത്രമായ ജനാധിപത്യം പുലരുന്ന ആഫ്രിക്കയിലൂടെ മോചനമാർഗം കണ്ടിരുന്നു. ബാലറ്റു പേപ്പറിലൂടെ ലോകത്താദ്യമായി കമ്യൂണിസ്റ്റ് ഭരണം വന്ന കേരളമായിരുന്നു അദ്ദേഹത്തിന്റെ മോഡൽ. സോവിയറ്റ് യൂണിയന്റെ സ്‌പോൺസേഡ് പ്രോഗ്രാം ആയിരുന്ന വിക്ടോറിയ തടാക പരിസരങ്ങളിലെ ഖനിജങ്ങളെക്കുറിച്ചുള്ള ഗവേഷണം ഡോ. തോമസ് റിച്ചാർഡിനു മുന്നിൽ സമ്പൽ സമൃദ്ധമായ ആഫ്രിക്കയുടെ ചിത്രം വരച്ചു കാട്ടി. കറുത്തവന്റെ മുതൽ കൊള്ളയടിക്കുന്ന യൂറോപ്യൻ മിനറൽ ലോബികളുടെ ശത്രുവായിരുന്ന റിച്ചാർഡിന് ഡോ. വിശ്വനാഥ് വിശ്വസ്തനായ സുഹൃത്തായി. ആഫ്രിക്കയുടെ സമ്പത്ത് ആഫ്രിക്കയുടെ ഉന്നമനത്തിന് ഉപയോഗിക്കപ്പെടണം എന്ന് ഉയർന്നു ചിന്തിച്ച സുഹൃത്തുക്കൾ കോംഗൊ കതംഗ താൻസാനിയ റൊഡേഷ്യയിലായി നിറഞ്ഞു കിടക്കുന്ന അപൂർവ നിക്ഷേപങ്ങളെക്കുറിച്ചുള്ള രഹസ്യവിവരങ്ങൾ മലയാളത്തിൽ പൂജാമന്ത്രങ്ങൾ പോലെ ചെമ്പോലയിലെഴുതി പൂജാമുറിയിൽ കുഴിച്ചിടുന്നു. എന്നാൽ ഖനിജ നിക്ഷേപങ്ങളിൽ പിടി മുറുക്കുക എന്ന ഉദ്ദേശ്യത്തോടെ യൂറോപ്യൻ ശക്തികളും ഖനിജനിക്ഷേപങ്ങളിലൂടെ സ്വേച്ഛാധിപത്യമുറപ്പിക്കുവാൻ കറുത്ത വർഗക്കാരും നീങ്ങാൻ തുടങ്ങിയതോടെ ഭൂഗർഭ
രഹസ്യങ്ങൾ പൂജാമുറിയുടെ അടിത്തറയിലമരുന്നു. റിച്ചാർഡിന്റെ ദുരൂഹ മരണത്തിനു ശേഷം ഇദി അമീന്റെ നോട്ടം ഡോക്ടറി
ലാവുന്നു. ഗവേഷണ ഫലങ്ങൾ കൈമാറാൻ അയാൾ നിർബന്ധിക്കുകയും ഡോക്ടർ അത് അംഗീകരിക്കാതാവുകയും പകരം മകളുടെ ജീവിതം കൊണ്ടു പന്താടുമെന്ന് അയാൾ ഭീഷണിപ്പെടുത്തുകയും ഒരു ഭീഷണിക്കും കീഴടങ്ങാതെ ഡോക്ടർ ശഠിച്ചു നിൽക്കുകയും ഒടുവിലൊരു സായാഹ്നത്തിൽ ഡോക്ടറെ പട്ടാളം വീട്ടിൽ നിന്നിറക്കിക്കൊണ്ടു പോവുകയും ചെയ്യുന്നു.
ചെമ്പുകമ്പികളാൽ ചുണ്ടുകൾ ചേർത്തു തുന്നിയ നിലയിൽഡോക്ടറുടെ വികലമായ മൃതദേഹം പെട്രോമാക്‌സ് വെളിച്ചത്തിൽ വീടിനടുത്തുള്ള കരിമ്പിൻ കാട്ടിലെ കുഴിയിലിട്ടു മൂടുമ്പോൾ വിക്ടോറിയ തടാകത്തിന്റെ മറുകരയിൽ നിന്നും സൂര്യൻ ഉദിച്ചുയരുവാൻ തുടങ്ങുകയായിരുന്നു.