ദളിതരുടെ സ്വാതന്ത്ര്യ സമരങ്ങൾ പോസ്റ്റ്-അംബേദ്കറിസ്റ്റ്
വ്യവഹാര മേഖലയിലേക്ക് ഗതിമാറുകയാണ്.
ക്ഷേമരാഷ്ട്രത്തിലെ പൗരത്വവും, സംവരണവും
പ്രതിനിധാനാവകാശവും വഴി ജാതീയ കീഴായ്മ പരിഹരിക്കാം
എന്ന അംബേദ്കറിസ്റ്റ് നിലപാട് പ്രതിസന്ധിയെ
നേരിടുകയാണ്.
ജാതിവ്യവസ്ഥയിലെ അടിയായ്മയിൽ നിന്നും ഗ്രാമീണ
കൈത്തൊഴിലുകളിൽനിന്നും പൗരത്വത്തിലേക്കും
വിദ്യാഭ്യാസത്തിലേക്കും സർക്കാർ ജോലികളിലേക്കും
നഗരത്തിലെ ചേരികളിലേക്കും ക്രിമിനൽ/
അടിക്കാട്ടങ്ങളായുള്ള ജീവിതവൃത്തികളിലേക്കും ഉള്ള
മാറ്റത്തിൽ ചലനാത്മകതയുണ്ടെങ്കിലും സ്വാതന്ത്ര്യ
സാക്ഷാത്കാരമില്ല. ഡി ആർ നാഗരാജ്, ടി എം യേശുദാസൻ,
പി സനൽ മോഹൻ, സണ്ണി എം കപിക്കാട് എന്നിവർ ഈ
പ്രശ്‌നം ഉന്നയിച്ചിട്ടുണ്ട്.
ദളിത് ദേശീയതയായി, സ്ഥിരസത്തയായി,
നാനാത്വമില്ലാത്ത ഏകതയായി ഇനി ദളിതർക്ക് സ്വയം
കാണാനാവില്ല. ആദിവാസി പ്രശ്‌നം ദളിത് കുടക്കീഴിൽ വരില്ല.
ആദിവാസികളും ദളിതരും ഉൾപ്പെടുന്ന പ്രശ്‌നാധിഷ്ഠിത
കൂട്ടായ്മയേ സാധ്യമാകൂ.
കേരളത്തിലെ ദളിത് അവസ്ഥ സവിശേഷമാണ്.
ജാതി-ഉപജാതികൾ ദളിത് സമുദായമായി
മാറിക്കൊണ്ടിരിക്കുന്ന സങ്കീർണദശാസന്ധിയിലാണ്.
കേരളത്തിൽ ജാതീയമായ പ്രത്യക്ഷഹിംസ കുറയുകയും
പരോക്ഷ, പ്രതീകാത്മക ഹിംസ കൂടുകയും ചെയ്തിട്ടുണ്ട്. ദളിത്
സ്ത്രീകളുടെയും, ദളിത് ദൈവദർശനത്തിന്റെയും ദളിത്
പരിസ്ഥിതിദർശനത്തിന്റെയും ലൈംഗികതയുടെയും
പ്രശ്‌നങ്ങൾ കേരളത്തിലെ ദളിത് വിഭാഗങ്ങൾക്കിടയിൽ സജീവ
സംവാദത്തിലേക്ക് വന്നിട്ടില്ല.
ദളിത് സംസ്‌കാരത്തിന്റെ അനന്യത
ദളിത് സംസ്‌കാരത്തനിമ എങ്ങനെയാണ്
കൈത്തൊഴിലുകൾ, നാട്ടറിവുകൾ, കലകൾ, ദൈവാനുഭവം,
വൈദ്യം, വാസ്തുവിദ്യ എന്നിവയിൽ പ്രത്യക്ഷപ്പെടുന്നത് ?
ദളിത് സംസ്‌കാരത്തിന്റെ അടയാളം ശരീരത്തിന്റെ
ആത്മീയതയും ചലനാത്മകതയും ജൈവതീക്ഷ്ണതയും
ആണ്. ധ്യാനാത്മകവും അമൂർത്തവും നിശ്ചലവുമായ രീതി
ഇവിടെ പ്രബലമല്ല.
കൂടുതൽ സ്ത്രീദൈവങ്ങളും ഭൂമിയിൽ പാർക്കുന്ന
ദൈവങ്ങളും പ്രാദേശിക മൂർത്തികളും
ആഗമനിയമപ്രകാരമല്ലാത്ത ആരാധനാസ്ഥലവും
അബ്രാഹ്മണ പൂജയും ദൈവത്തോട് പരിപൂർണ
അനുസരണമില്ലാത്ത സ്‌നേഹ കലഹ സമ്മിശ്രമായ ബന്ധവും
ആണ് ദളിത് ദൈവാനുഭവത്തിന്റെ പ്രത്യേകതകൾ.
ദളിത് സംഗീതത്തിൽ ശ്രുതിയേക്കാൾ താളവും
പഠിച്ചറിവിനേക്കാൾ ആർജിക്കുന്നതും
വ്യക്തിപരമെന്നതിനേക്കാൾ കൂട്ടായ്മയിലൂന്നിയതും
വിശേഷാവസരത്തേക്കാൾ ദൈനംദിന പരിപാടിയും
പ്രധാനമാണ്. ബ്രാഹ്മണ മേൽക്കോയ്മയ്ക്കു മുമ്പുള്ള
ശബ്ദനിർഭരമായ ആചാരാനുഷ്ഠാനങ്ങളിലെ
ജീവനോത്സുകതയുടെ ഊർജതാണ്ഡവം എങ്ങനെ
തരംതാഴ്ത്തപ്പെട്ടുവെന്ന് ആർ നന്ദകുമാർ ‘കേൾവിശീലങ്ങളുടെ
സാമൂഹ്യശാസ്ത്രം’ എന്ന ലേഖനത്തിൽ അതിസൂക്ഷ്മമായി
വിശകലനം ചെയ്യുന്നുണ്ട്.
ജാസി ഗിഫ്റ്റിന്റെ ‘ലജ്ജാവതിയേ’ എന്ന പാട്ടിൽ
മെലഡിയേക്കാൾ താളവും ധ്യാനാത്മകതയെക്കാൾ കൂട്ടായ
ശരീരാഘോഷവും ഉണ്ടെങ്കിലും പ്രമേയം, സന്ദർഭം,
പ്രതിപാദനശൈലി എന്നിവയിൽ ദളിത് മുദ്രകളില്ല. മറിയാമ്മ
ജോൺ, കുട്ടപ്പൻ, കരിന്തലക്കൂട്ടം, കനവ് സംഘം എന്നിവരുടെ
പാട്ടുകൾക്ക് കേരളത്തിന്റെ ദളിത് പാരമ്പര്യവുമായി
ജനിതകബന്ധമുണ്ട്. പൊയ്കയിൽ യോഹന്നാന്റെ പാട്ടുകൾക്ക്
അസാധാരണ ശക്തിയുണ്ട്. ഇത്തരമൊരു നാട്ടുശിരും
ബീജഗുണവുമാണ് സി അയ്യപ്പന്റെ കഥകളെയും പി എസ്
രാജന്റെ ശില്പങ്ങളെയും ആരുറപ്പും വേരുറപ്പും ഉള്ളതാക്കുന്നത്.
പൊക്കുടേട്ടന്റെയും മറിയാമ്മ ജോണിന്റെയും സി കെ
ജാനുവിന്റെയും ആത്മകഥനങ്ങൾ പുത്തൻ വാമൊഴി ജനുസ്സിനു
തന്നെ രൂപം നൽകി.
സ്റ്റീരിയോടൈപ്പ് ദളിത് പ്രതിനിധാനങ്ങളെ ഒഴിവാക്കി
ചലനാത്മകതയും ബഹുത്വവുമുള്ള ദളിത് സ്വത്വത്തിന്റെ
അനന്യതയെ എം ആർ രേണുകുമാറിന്റെ കവിതകൾ
എഴുതുന്നു. പുലി സ്വന്തം പുലിത്വം പ്രഖ്യാപിക്കാറില്ല.
ചര്യകളിലൂടെ സ്വച്ഛമായി ആവിഷ്‌കരിക്കാറേയുള്ളൂ. ഈ
കവിതകൾ ദളിത് സ്വത്വത്തെ അത്രമേൽ ജൈവികമായി
എഴുതുന്നു.
അനന്യ കാണ്ഡം
സ്വത്വത്തിലെ സമുദായത്തെ എഴുതുന്ന കവിതകളാണ്
മറന്നിട്ടില്ല, വെഷക്കായ, ചോദ്യക്കടലാസ്, ഊഴം, മുടക്കം,
അപ്രതീക്ഷിതം, ഓർമയെക്കുറിച്ച് ഒരു കവിത, രക്തത്തിൽ
കുളിപ്പിക്കരുതേ, അനന്യം എന്നിവ. ദളിത് സ്ഥലകാല
സ്വത്വാനുഭവത്തിന്റെ അനന്യതയെ അവ എഴുതുന്നു.
ഏകാന്തതയുടെ ഒറ്റയടിപ്പാതയും സമുദായ
അനേകാന്തതയുടെ നാരുവേരു വഴിപടലവും കൂട്ടിമുട്ടുന്ന
ക്രോസ്ജങ്ഷൻ ആണിവ. ജന്മവും ചോടും വേരും ഊരും
മറക്കാത്ത കവിതകൾ. സാംസ്‌കാരിക സ്മൃതികളുടെ
വേരുറപ്പാണ് ഇവയുടെ ശക്തി.
‘മറന്നിട്ടില്ല’ അമ്മയെയും കുട്ടിക്കാലത്തെയും കുറിച്ചുള്ള
ഓർമക്കുറിപ്പാണ്. കറ്റമെതിയും കുളിയും പാട്ടും കഞ്ഞികുടിയും
സ്‌കൂളിൽ പോക്കും തഴപ്പായ്‌നെയ്ത്തും ഇടകലർന്നുവരുന്ന
ദിനചര്യകളുടെ സ്മൃതിഭൂപടമാണിത്. ദളിത് ഹാബിറ്റസിന്റെ
വിഭവഭൂപടമാണിത്.
‘വെഷക്കായ’ അയൽവക്കത്തെ
ബാല്യകാലസഖിയുമായുള്ള സഹജീവിതത്തെക്കുറിച്ചാണ്.
അപ്പൻമാരുടെ സഹമദ്യപാനം, സോദരങ്ങളുടെ സഹലീല,
അമ്മമാരുടെ സഹവൃത്തികൾ, അപ്പൻമാരുടെ
സഹആത്മഹത്യ എന്നിവ അവരെ ഒരേ
തൂവൽക്കിളികളാക്കുന്നു.
‘ചോദ്യക്കടലാസ്’ പൊതുപരീക്ഷാ ചോദ്യക്കടലാസല്ല;
ദളിത് വിദ്യാർഥിയുടെ ഉത്തരം കിട്ടാത്ത ജീവിതപ്രശ്‌നങ്ങളാണ്.
തുല്യനീതിയുടെ സ്റ്റീംറോളറല്ല; വ്യത്യസ്തതയ്ക്കായുള്ള
അവകാശത്തെ മാനിക്കുന്ന നീതിയാണ് ഇവിടെ കാവ്യനീതി.
ദളിത് ബാലന്റെ എതിർപാഠങ്ങളും എതിർ ചോദ്യങ്ങളും
അനന്യമാണ്. കിളികൾക്ക് മുട്ടിവിളിക്കാനും, കാറ്റിന്
തള്ളിത്തുറക്കുവാനും വീടിന് വാതിലുകൾ ഇല്ലാത്തതെന്ത്?
ഒന്നാംപാഠത്തിന് പുറന്താളുകൾ ഇല്ലാത്തതെന്ത്?
2011 മഡളമഠണറ ബടളളണറ 1 2
ബട്ടൻസില്ലാത്ത ഉടുപ്പും മൂടുവിട്ട കാച്ചട്ടയും എന്റെ
അളവിലല്ലാത്തതെന്ത്? മുഷിഞ്ഞ നോട്ടുകളുടെ ചുളിവ്
നിവർത്തുമ്പോൾ അമ്മ കരയുന്നതെന്ത്? നിലാവുദിക്കുമ്പോൾ
അമ്മൂമ്മ റാന്തൽ കെടുത്തുവതെന്ത്? എല്ലാ ചോദ്യങ്ങൾക്കും
വലുതാവുമ്പോൾ ഉത്തരം കിട്ടുമെന്ന് അമ്മ പറയുവതെന്ത്?
‘ഊഴം’ ദരിദ്രനും പരിത്യക്തനുമായി ജീവിച്ച്
ആത്മഹത്യയിലഭയം തേടിയ ദളിത് കവി ജി ശശിയുടെ
മരണാനന്തര മുഹൂർത്തങ്ങളാണ്. ഒരു
ചലച്ചിത്രത്തിലെന്നപോലെ ദൃശ്യങ്ങൾ മാറിവരുന്നു.
പിഞ്ഞാണത്തിനു ചുറ്റും ചിതറിവീണ എച്ചിലുകളിൽ
മിഴികോർത്ത് കൂറകളുടെ മിണ്ടാപ്രാർത്ഥന……. മടങ്ങിയ
കവിതകളും കത്തുകളും ചാണകം മെഴുകിയ തറയിലേക്ക്
പതിവുപോലെ എറിയാനാകാതെ പരുങ്ങുന്ന പോസ്റ്റുമാൻ.
പഴനിലത്ത് ചെല്ലിചെത്തവേ തലയുയർത്തി ദിക്കും പൊക്കും
നോക്കി അരിവാച്ചുണ്ടുകൊണ്ട് പുറംചൊറിഞ്ഞ്
കേട്ടതിനെന്തിനോ കാതോർത്ത് പെണ്ണുങ്ങൾ…………… ഇനി
എന്റെ ഊഴം. വിണ്ടുകീറിയ ഉപ്പൂറ്റിയുടെയും കുഴിനഖം തിന്ന
കാൽവിരലുകളുടെയും ഉടമ അവൻതന്നെ, നിലത്തവ
തൊട്ടിരുന്നില്ല; ആട്ടവും നിലച്ചിരുന്നില്ല.
‘മുടക്കം’ സ്ഥലകാലങ്ങൾ ആഗ്രഹസാക്ഷാത്കാരത്തിന്
തടസ്സം നിൽക്കുന്ന ദളിത് അവസ്ഥയുടെ
സവിശേഷതയെക്കുറിച്ചാണ്. ‘അപ്രതീക്ഷിതം’
തടസ്സങ്ങൾക്കിടയിലെ സാദ്ധ്യതകളുടെയും
സാദ്ധ്യതകൾക്കിടയിലെ തടസ്സങ്ങളുടെയും മാറാട്ടമാണ്.
‘ഓർമയെക്കുറിച്ച് ഒരു കവിത’ കുട്ടിക്കാലത്തെ ഒളിയിടങ്ങളുടെ
ഓർമയാണ്.
‘രക്തത്തിൽ കുളിപ്പിക്കരുതേ’ പീഡിതന്റെ നൈതിക
വിമർശനമാണ്. ‘കെട്ട്യോളുടെ ഉണക്കനെഞ്ചിൽ
ലാത്തികൊണ്ട് തിരയരുതേ….. കൂടപ്പിറപ്പിന്റെ ആദ്യരാവിനെ
രക്തത്തിൽ കുളിപ്പിക്കരുതേ’. ‘അനന്യം’ എന്ന കവിത
ഭാഷയുടെയും നീതിയുടെയും ഭാവനയുടെയും
പൊതുമാനകങ്ങൾ കൊണ്ട് അളക്കാനാവാത്ത അനന്യമായ
അനുഭവങ്ങളെക്കുറിച്ചാണ്: ‘അലിഞ്ഞു പോകില്ല ചില
പാടുകളൊരു പെരുമഴയിലും. പേറുകയില്ല ചില വാക്കുകളെ ഒരു
ഭാഷയുടെ ലിപിയും’.
അങ്ങേയറ്റം സ്വകാര്യാനുഭവങ്ങളെഴുതുമ്പോഴും കവി
അടഞ്ഞ മുറികളുടെ കവിയല്ല. ഏകാന്തത സമുദായ
നിബിഡമാണെന്ന്, ആത്മനിഷ്ഠാവസ്ഥ, ചരിത്രവും
പരിസരവുമായ ബഹുനിഷ്ഠാവസ്ഥയാണെന്ന് ഈ കവിതകൾ
സാക്ഷ്യപ്പെടുത്തുന്നു.
പ്രകൃതികാണ്ഡം
ഭൂമിയെ പണ്ടേ കേൾക്കേണ്ടിയിരുന്നു. ഉറുമ്പുകളുടെ
സ്‌കൂളിൽ, കാറ്റ്, ചൊറി, കളങ്കങ്ങൾ എന്നിവയിൽ ദളിത്
പ്രകൃത്യാത്മീയതയുടെ കരിംപച്ചയടയാളങ്ങളുണ്ട്. ദളിത്
സംസ്‌കാരം ഭൂമിയുടെ ആത്മീയതയാണ്. ദളിതരുടെ
പൂർവികാത്മാക്കൾ സ്വർഗസുഖവാസം നടത്തുകയല്ല;
ഭൂമിയിൽ, പ്രിയർക്കിടയിൽ, ചരാചരങ്ങൾക്കിടയിൽ
തുടരുകയാണ്. മണ്ണും മരവും ഇലയും പൂവും കാറ്റും മഴയും
ജീവജാലങ്ങളും തമ്മിൽ മുറിയാതെ നിലനിൽക്കുന്ന ഉറവിന്റെ
ഉറവ ഇവയെ ആർദ്രമാക്കുന്നു. പ്രകൃതി/സംസ്‌കൃതിദ്വന്ദം
ദളിത് ഹാബിറ്റസിൽ മാഞ്ഞുപോകുന്നു.
‘ഭൂമിയെ പണ്ടേ കേൾക്കേണ്ടിയിരുന്നു’ എന്ന കവിത
മൺമറഞ്ഞ ഒരാളുടെ ഖേദമാണ്. ചിതലിന്
ചിറകുമുളയ്ക്കുന്നതും ഉറുമ്പുകളുടെ കണ്ണിലെ ലോകത്തെ,
പറവകളുടെ കാൽപ്പാടിനെ, ആട്ടാം പുഴുപ്പിന്റെ ചൊറിച്ചിലിനെ,
മണ്ണിരകളുടെ സൽക്കാരത്തെ, കുരുപ്പകളുടെ ഉണ്ടാകലിനെ……
പഴകിയവരുടെ കുശുകുശുപ്പിനെ മരണശേഷം കേൾക്കുമ്പോൾ
ഭൂമിയെ പണ്ടേ കേൾക്കേണ്ടിയിരുന്നു എന്ന ഖേദം ഉണ്ടാവുന്നു.
‘ഉറുമ്പുകളുടെ സ്‌കൂളി’ൽ ഉറുമ്പുകളുടെ
ദിനചര്യകളെക്കുറിച്ചാണ്. ഉറുമ്പുകൾ ഇവിടെ രൂപകങ്ങളോ
പ്രതീകങ്ങളോ അല്ല. ഉപാദാനം (ബണളമഭസബസ) ആണ്. ‘കാറ്റ്’
എന്ന കവിത കാറ്റിന്റെ പ്രച്ഛന്ന വേഷങ്ങളെക്കുറിച്ചാണ്.
‘ചൊറി’ മരുന്നു കഴിച്ചിട്ടും കരഞ്ഞിട്ടും തീരാത്ത ചൊറി
ചെളിയിൽ കളിച്ചും പുഴയിൽ കുളിച്ചും മീൻ തിന്നും
ഇല്ലാതാവുന്ന പ്രകൃതിജീവനചികിത്സയെക്കുറിച്ചാണ്.
‘കളങ്കങ്ങൾ’ നഗരജീവിയുടെ ചതുരക്കാഴ്ചയിൽ
കളങ്കങ്ങളായി വീഴുന്ന പ്രകൃതിപ്രതിഭാസങ്ങളാണ്
ഈ കവിതകളിലെ പ്രകൃത്യനുഭവം സാർവത്രികമല്ല. ദളിത്
ജീവിത ലോകത്തുനിന്ന് പ്രകൃതിയെ കണ്ടും കൊണ്ടും
അടയാളപ്പെടുത്തുകയാണ്.
പെൺകാണ്ഡം
മിണ്ടാപ്രാണി, പെയ്ത്ത്, മറന്നിട്ടില്ല, വരത്ത, കരിനീലപ്പച്ച,
കേൾക്കാമൊച്ചകൾ എന്നിവ സ്ത്രീകളുടെ
അപരലോകത്തേക്കുള്ള പുരുഷ നോട്ടങ്ങളും അപര
ദൃഷ്ടിയിലൂടെ സ്വയം കാണാനുള്ള ശ്രമങ്ങളുമാണ്. സ്ത്രീയെ
വസ്തുവൽക്കരിക്കുകയല്ല; അപരത്തിന്റെ മുമ്പിൽ
ആത്മവിമർശന ദൃഷ്ടിയോടെ വിനയാന്വിതനായി
നിൽക്കുകയാണ്.
‘മിണ്ടാപ്രാണി’ ആറ്റൂർ രവിവർമയുടെ ‘സംക്രമണം’ പോലെ
തന്നെ ശക്തിയുള്ള കവിതയാണ്. ‘കാക്ക’ നിലത്തിറങ്ങുംമുമ്പ്
ഉണരുകയും ചാണകം വാരി തൊഴുത്ത് വൃത്തിയാക്കുകയും
പാൽ കണക്കു സൂക്ഷിക്കുകയും പുല്ലരിയുകയും ചെയ്ത് ജന്മം
ഇളവില്ലാത്ത കഠിനക്രമമാക്കിയ ദളിത് സ്ത്രീയെക്കുറിച്ചാണ്.
‘പെയ്ത്ത്’ കവി അമ്മയുടെ കണ്ണിലൂടെ സ്വജീവിത
ഋതുഭേദങ്ങളെ നോക്കിക്കാണുന്നതാണ്. ‘മറന്നിട്ടില്ല’ എന്ന
കവിത അമ്മയെക്കുറിച്ചുള്ള മകന്റെ ഓർമക്കുറിപ്പാണ്.
കളിയായ് മെതിക്കുവാനൊരു കറ്റ രണ്ടായി പകുത്തു തന്നത്.
നെല്ലിന്നരം കൊണ്ടു കീറിയ പിഞ്ചുകാൽ വെള്ള
ഊതിയുണക്കിയത്. നീറ്റലുറുമ്മി കുടിച്ചുറങ്ങുവോളം
പാട്ടുമൂളിയും താളം പിടിച്ചും കൂട്ടിരുന്നത്……….
തഴചെത്തിയും മുള്ള് കോതിയും മെടഞ്ഞുണങ്ങി
നിവർത്തിയും പൊളി കുത്തിയും നെയ്തുനെയ്ത്
നിരങ്ങിപ്പോയത് എന്നിങ്ങനെ ദളിത് കൊയ്ത്തുകാരിയുടെ
ജീവിത ലോകത്തിന്റെ സൂക്ഷ്മദൃശ്യങ്ങൾ ചലച്ചിത്രത്തിലെന്ന
പോലെ തെളിയുന്നു. ഭാവഗീതം/ആഖ്യാനാത്മക കവിത എന്ന
വിഭജനം ഇവിടെ മാഞ്ഞുപോകുന്നു.
‘വരത്ത’ തന്റേടിയായ സ്ത്രീയുടെ പ്രതിനിധാനമാണ്.
കിഴക്കിനെ പുറംകാലുകൊണ്ടു തൊഴിച്ചവൾ വരുമ്പോൾ
ചരൽവഴി നാവടക്കും. അകവാള് വെട്ടിയ ചേമ്പിലകൾ
കൂമ്പിയൊതുങ്ങും……… എപ്പോഴാണ്
ഉണരുകയെന്നറിയില്ലല്ലോ കൈക്കുഞ്ഞിനെപ്പോലെ അവളുടെ
തോളിലുറങ്ങും മഴുവിൻ മൂർച്ച. കരിനീല പച്ച,
കേൾക്കാമൊച്ചകൾ എന്നിവ ഇണയെക്കുറിച്ചുള്ള അകാല്പനിക
കണ്ടെത്തലുകളാണ്.
വിഭവഭൂപടങ്ങൾ
2011 മഡളമഠണറ ബടളളണറ 1 3
മലയാള കവിത ഇന്ന് നേരിടുന്ന ആഖ്യാന പ്രതിസന്ധി
സമഗ്രവൽക്കരണത്തിന്റെയും, ന്യൂനീകരണത്തിന്റെയും
പ്രവണതകളാണ്. പൊതു ഇടം/സ്വകാര്യ ഇടം എന്ന ദ്വന്ദ്വം
ഇന്ന് അപ്രസക്തമാണ്. ചില വിഭാഗങ്ങളെ ഒഴിവാക്കാത്ത ഒരു
പൊതു ഇടവുമില്ല. ചില ഒഴുക്കുകളുമായി ബന്ധപ്പെടാത്ത
സ്വകാര്യത്തടാകങ്ങളുമില്ല. ദൈനംദിനാനുഭവങ്ങളെ
വിചിത്രകൗതുകങ്ങളാക്കിയോ, എല്ലാവരെയും പ്രതിനിധാനം
ചെയ്യാനുള്ള കുത്തകവഴി അനുഭവങ്ങളെ
സമഗ്രവൽക്കരിക്കുന്നതോ ആയ രീതികളാണ് ഇന്ന് കാണാൻ
കഴിയുക. ഈ ആഖ്യാന പ്രതിസന്ധിയെ മുറിച്ചു കടക്കുന്നതു
വഴിയാണ് എം ആർ രേണുകുമാറിന്റെ കവിതകൾ സമകാലീന
പ്രസക്തി നേടുന്നത്. ദളിത് സ്വത്വ ത്തിന്റെ ഇല്ലായ്മകൾ
മാത്രമല്ല, ധനാത്മകവും ആഘോഷപരവും ആയ
തലങ്ങളെയും കവി കാണുന്നു.
അംബേദ്കറിന്റെ പാശ്ചാത്യ വസ്ത്രധാരണവും
അയ്യങ്കാളിയുടെ ആഢ്യവസ്ത്രങ്ങളും ശരീര ഭാഷയുടെ
സൂക്ഷ്മരാഷ്ട്രീയത്തെ അവതരിപ്പിക്കുകയായിരുന്നു. ഇന്ന്
അവയെ ആവർത്തിക്കാനാവില്ല.
പാശ്ചാത്യവൽക്കരണത്തിന്റെയും
സംസ്‌കൃതവൽക്കരണത്തിന്റെയും ഇരട്ടകോളനീകരണത്തിനു
പുറത്തുള്ള തുറസ്സിലാണ് ഇന്ന് ദളിതർ
വിഭവാധികാരത്തിന്റെയും സ്വയം
പ്രതിനിധാനാവകാശത്തിന്റെയും പ്രശ്‌നങ്ങൾ
ഉന്നയിക്കേണ്ടത്. എതിർക്കളിക്കാരാകുന്നതല്ല, കളിക്കളത്തെ
മാറ്റിയെഴുതലാണ് ഇന്നത്തെ പ്രശ്‌നം. ‘പൊതുഇട’ങ്ങളെ
(സവർണ ഇടങ്ങൾ) ജനാധിപത്യവൽക്കരിക്കുകയും (ക്ഷേത്ര
പ്രവേശന വിളംബരം, സംസ്‌കൃത പഠനം………….)
ദേശരാഷ്ട്രത്തിൽ പ്രതിനിധാനാവകാശം നേടുകയും ചെയ്യുക
എന്നതായിരുന്നു പണ്ടത്തെ പ്രശ്‌നമെങ്കിൽ കേന്ദ്രീകൃത
ദേശരാഷ്ട്രാധികാര ഘടനയെ വികേന്ദ്രീകരിക്കുകയും സ്വയം
പ്രതിനിധാന ശേഷി നേടുകയും ചെയ്യുക എന്നതാണ്
ഇന്നത്തെ വെല്ലുവിളി. ഈ ക്രോസ് ജങ്ഷനിൽ
ഗാന്ധി-അംബേദ്കർ സംവാദത്തിലൂടെ പരസ്പരം
പുന:സൃഷ്ടിക്കപ്പെടേണ്ടതുണ്ട്.
എം ആർ രേണുകുമാറിന്റെ കവിതകൾ ചരിത്രപരമായ ഈ
പ്രതിസന്ധിയെ സൂക്ഷ്മജീവിത സ്ഥാനങ്ങളിൽ നേരിടുന്നുണ്ട്.
ദളിതരുടെ സാംസ്‌കാരിക സ്മൃതികളും അനുഭവരാശിയും
സ്വപ്ന-ദു:സ്വപ്നങ്ങളും എഴുതുന്നതിലൂടെ കവിതയെ പുത്തൻ
സഞ്ചാരപഥങ്ങളിലേക്ക് തുറന്നുവിടുന്നു. ദളിത് സ്വത്വത്തിന്റെ
സാമൂഹ്യ ബലതന്ത്രത്തെ കെട്ടഴിച്ചുവിടുന്നു.
സൂചിക
1. എം ആർ രേണുകുമാർ, കെണിനിലങ്ങളിൽ, പരിധി
പബ്ലിക്കേഷൻസ്
2. എം ആർ രേണുകുമാർ, വെഷക്കായ, ഡി സി ബുക്‌സ്, കോട്ടയം,
200.
Related tags :