ജോസഫ് മുണ്ടശ്ശേരി സാഹിത്യത്തേയും കലയേയും
നോക്കിക്കണ്ട രീതി പലർക്കും അത്ര ഹിതകരമായിത്തീർന്നില്ല. അതിന് അനവധി ഉദാഹരണങ്ങൾ മലയാള സാഹിത്യചരിത്രത്തിലുണ്ട്. കവിതാവിമർശനത്തിൽ മുണ്ടശ്ശേരി നടത്തിയ പരീക്ഷണങ്ങളും നിഗമനങ്ങളും അത്രത്തോളം
വിവാദവിഷയങ്ങളായിരുന്നു. നാടകാന്തം കവിത്വം, സാഹിത്യം രൂപഭദ്രമായിരിക്കണം, കാളിദാസൻ കാലത്തിന്റെ ദാസനാണ് തുടങ്ങിയ സിദ്ധാന്തങ്ങൾ ആണ് ഓർമയിലെത്തുന്നത്. അതേസമയം സമകാലികരായിരുന്ന കവികളോട് അദ്ദേഹം പുലർത്തിപ്പോന്ന സമീപനത്തിന്റെ സ്വഭാവം മുണ്ടശ്ശേരിയോടുള്ള എതിർപ്പ് കൂട്ടുകയും ചെയ്തു. ജീവിതസാഹചര്യങ്ങളും കാലഘട്ടത്തിന്റെ പ്രത്യേകതകളും മുണ്ടശ്ശേരിയുടെ നിരൂപണപ്രതിഭയ്ക്ക് വളമായിത്തീർന്നു എന്ന് കാണാം. അദ്ദേഹത്തിന്റെ വിമർശനങ്ങൾ അത് തെളിയിച്ചുതരുന്നുമുണ്ട്. തൊട്ടടുത്ത തലമുറയുടേതിൽനിന്നും
വ്യത്യസ്തമായ സ്വരം പുറപ്പെടുവിച്ചപ്പോൾ, അക്കാലത്തെ യാഥാസ്ഥിതികന്മാർക്ക് രസിക്കാതെ പോയി. സ്വാഭാവികമായ ഒരു കാര്യമാണിത്. കവിതയുടെ കാര്യത്തിലായാലും ശരി മറ്റേതെങ്കിലും സാഹിത്യചിന്തയുടെ കാര്യത്തിലായാലും ശരി നിരൂപകനായ മുണ്ടശ്ശേരിക്ക് സ്വതന്ത്രമായ ചില
കാഴ്ചപ്പാടുകൾ ഉണ്ടായിരുന്നു. അവ ഓരോന്നും
ജീവിതത്തിന്റേയും കലയുടേയും പരുഷതകൾക്ക് നേരെയുള്ള ഓരോ യുദ്ധമായി പരിണമിക്കുകയും ചെയ്തു. ഈ പശ്ചാത്തലത്തിൽ വേണം ജി. ശങ്കരക്കുറുപ്പും ജോസഫ് മുണ്ടശ്ശേരിയും തമ്മിലുള്ള വിമർശനാത്മക ബന്ധത്തെ
നോക്കിക്കാണേണ്ടത്. ശങ്കരക്കുറുപ്പിന്റെ കവിതയ്ക്കു മുന്നിൽ അദ്ദേഹം പടുത്തുയർത്തിയ പ്രതിരോധനിര, അക്കാരണത്താൽത്തന്നെ അനേകം പ്രത്യേകതകൾ
ഉൾക്കൊള്ളുന്നവയാണ്. ജി. പക്ഷപാതികളായ
രാഷ്ട്രീയക്കാരും ജി.യും ഒരു ഭാഗത്തും മുണ്ടശ്ശേരി
മറുഭാഗത്തുമായി നടത്തിയ ആ സാഹിത്യയുദ്ധം, മലയാളവിമർശനചരിത്രം ദർശിച്ച ഏറ്റവും വലിയ
സൗന്ദര്യശാസ്ത്രപരമായ ഒരു തർക്കമായിരുന്നു. ‘കുറുപ്പ് കവിതാക്കേസ്’ നിസ്സാരമാക്കി തള്ളിക്കളയേണ്ട ഒരു സാഹിത്യവിവാദം മാത്രമല്ല.
മുണ്ടശ്ശേരിയുടെ കൃതികളെ മുൻനിർത്തി ഈ വക
പ്രശ്‌നങ്ങൾ വിലയിരുത്താവുന്നതേയുള്ളു. അത് വിമർശന സാഹിത്യത്തിലെ ഒരു സാമാന്യമാർഗമാണ്. ഈ മാർഗമല്ല ഞാനിവിടെ അവലംബിക്കുന്നത്. മുണ്ടശ്ശേരി അവതരിപ്പിച്ച
സാഹിത്യ നിലപാടുകളെപ്പറ്റി സംസാരിക്കുന്നതിനേക്കാൾ ഉചിതം, ജി. ശങ്കരക്കുറുപ്പിലൂടെ മുണ്ടശ്ശേരി കടന്നുവരുന്നതാണ്
നല്ലതെന്ന് എനിക്ക് തോന്നുന്നു. അല്ലെങ്കിൽ ആ സമീപനമാണ് മുണ്ടശ്ശേരിയുടെ സാഹിത്യരീതികളെ തൊട്ടടുത്തുനിന്നു
കാണാനും വിലയിരുത്താനും സഹായകരമായിത്തീരുക.’ഹൃദയത്തിന്റെ വാതായനങ്ങൾ’ എന്ന പേരിൽ എൻ.വി.
കൃഷ്ണവാരിയർ സമ്പാദിച്ചു പ്രസിദ്ധീകരിച്ച കത്തുകളാകട്ടെ അതിനു പുതിയ കാരണമായിത്തീരുകയും ചെയ്യുന്നു.
മാതൃഭുമിയുടെ പത്രാധിപരായിരുന്ന കാലത്ത് എൻ.വി.ക്ക് അപ്പോഴപ്പോഴായി ജി. ശങ്കരക്കുറുപ്പ് എഴുതിയ നൂറ്റിപ്പതിമൂന്നു കത്തുകളുടെ സമാഹാരമാണിത്. ജോസഫ് മുണ്ടശ്ശേരി,
സുകുമാർ അഴീക്കോട് തുടങ്ങിയ നിരുപകരുടെ സാഹിതീയ വീക്ഷണങ്ങളെക്കുറിച്ച് ഗാഢമായി ചിന്തിക്കാൻ ഈ വാതായനങ്ങൾ ഉപകരിക്കുന്നു. മാത്രമല്ല, മുണ്ടശ്ശേരിയും അഴീക്കോടുമടങ്ങുന്ന വിമർശകരെ തെറ്റിദ്ധരിച്ചു പോന്ന പുതിയ
തലമുറയ്ക്ക് ഒരു പുനർവിചിന്തനത്തിന്ന് പ്രേരണയാകാനും
ഈ കത്തുകൾ ഉപകരിക്കും.
ജി. ശങ്കരക്കുറിപ്പിന് നിരൂപകനായ മുണ്ടശ്ശേരിയോട്
എന്തെന്നില്ലാത്ത അമർഷവും എതിർപ്പും
ഉണ്ടായിരുന്നുവെന്നതിന് തെളിവുകളാണ് മിക്ക കത്തുകളും.
ഒളിഞ്ഞും തെളിഞ്ഞും ആ അമർഷത്തിന്റെ തേങ്ങലുകൾ
അവയിൽ പ്രകടമാണ്. ആ കത്തുകളിൽനിന്നും ചില ഭാഗങ്ങൾ
ഉദ്ധരിച്ചു ചേർക്കട്ടെ.
ഒന്ന്: ‘മുണ്ടശ്ശേരി നുണയുടേയും ദു:സൂചനയുടേയും
ചുമലിൽത്തന്നെ ഇരുന്നുകൊണ്ടാണ് ഇപ്പോഴും
സംസാരിക്കുന്നത്’.
രണ്ട്: ‘കല്യാണത്തിനു നാഗസ്വരം പാടില്ലെന്ന് വാശിപിടിച്ച
ഞാനാണ് പഞ്ചവാദ്യത്തിനും എഴുന്നള്ളത്തിനും താലത്തിനും
ഒക്കെ വഴങ്ങുന്നത്. എന്താണെന്നല്ലെ? മുണ്ടശ്ശേരി
പ്രതിഭകളുടെ പുകയുന്ന ഹൃദയം ഒന്നു കാണത്തക്കവണ്ണം ആ
ഈർഷ്യയ്ക്കും അടുക്കടക്കാക്കി വെച്ചിട്ടുള്ള
മിഥ്യാബോധങ്ങൾക്കും പഴന്തുണി പ്രായങ്ങളായ
വിശ്വാസങ്ങൾക്കും ചൂടുപിടിക്കണം.’
മൂന്ന്: ‘അഴീക്കോടന്റെ ആരാധകനായിമാറി മുണ്ടശ്ശേരി,
അതു സഹിക്കാം. ഇത്രയും അധ:പതിക്കുമെന്ന് ഞാൻ
വിചാരിച്ചില്ല.’
നാല്: അവാർഡ് കൊടുത്തതു കേട്ടില്ലേ? വല്ലതും
ചെയ്യേണ്ടെ നമുക്ക്? എന്നന്വേഷിച്ചപ്പോൾ ഓർമ്മവരുന്നു.
നിരൂപകൻ പറഞ്ഞു : ”എന്നോടു മുണ്ടശ്ശേരി പറഞ്ഞിരുന്നു,
ഇതിനെപ്പറ്റി, വല്ലതും ചെയ്യണം. അവാർഡ് കിട്ടിയതുകൊണ്ടു
കവിയാകാൻ പോകുന്നില്ല ആരും എന്നായിരുന്നു, മുറിവേറ്റ
അസൂയയുടെ മുറിവിൽ നക്കുന്ന നാവിന്റെ വളവ്.”
ജി.യുടെ കടുത്ത അമർഷത്തിന്റെ പൊരുളുകൾ അന്വേഷിച്ചു
ചെല്ലുമ്പോൾ. നാമറിയാതെ എത്തിച്ചേരുന്നത് മുണ്ടശ്ശേരിയുടെ
നിരൂപണ മാനദണ്ഡങ്ങളിലാണ്. കവികൾക്ക് നിരൂപകരോട്
വിദ്വേഷം തോന്നാവുന്നതേയുള്ളൂ. നിലമ്പൂർ
സാഹിത്യപരിഷത്ത് സമ്മേളനത്തിൽ വച്ച് ജി. നിരൂപകരെ
ഒന്നടക്കം ഇത്തിക്കണ്ണികളെന്നു
വിളിച്ചാക്ഷേപിക്കുകയുണ്ടായല്ലോ. അതിനു കേസരി
ബാലകൃഷ്ണപിള്ള കൊടുത്ത കനത്ത താക്കീത് ഇന്നും
മലയാളികളുടെ ഓർമകളിൽ മായാതെ നിൽക്കുന്നുണ്ട്. സ്വന്തം
കവിതയെ മുണ്ടശ്ശേരി വേണ്ടപോലെ അംഗീകരിക്കുകയോ
ആദരിക്കുകയോ ചെയ്യാതിരുന്നതുമൂലമാകാം ഒരു പക്ഷേ ജി.ക്കു
മുണ്ടശ്ശേരിയോട് എതിർപ്പ് വർദ്ധിക്കാൻ കാരണം.
അഴീക്കോടിന്റെ കാര്യത്തിലും അതാണ് ശരി. എന്നാൽ
മുണ്ടശ്ശേരി ജി. ശങ്കരക്കുറുപ്പിന്റെ കവിതയെ വിമർശിച്ചത്.
വ്യക്തിപരമായ വിദ്വേഷം കൊണ്ടാണെന്നു വിശ്വസിക്കാൻ
പ്രയാസമാണ്. അങ്ങിനെയായിരുന്നെങ്കിൽ, തന്റെ മുൻകാല
നിരൂപണ നിലപാടുകളിൽനിന്നു മുണ്ടശ്ശേരി അടിമുടി
വ്യതിചലിച്ചു പോകേണ്ടതായിരുന്നു. അങ്ങനെ സംഭവിച്ചില്ല.
തന്റെ സാഹിത്യജീവിതത്തിലുടനീളം, അതായത്, ആദ്യന്തം
അദ്ദേഹം അംഗീകരിച്ചുസ്വീകരിച്ചത് ഒരൊറ്റ
മാനദണ്ഡമായിരുന്നു. കവിതയുടെ കാര്യത്തിൽ പ്രത്യേകിച്ചും.
അത് സൗന്ദര്യാശാസ്ത്രപരമായിരുന്നു. ജി.യുടെ
കവിതയോടുള്ള മുണ്ടശ്ശേരിയുടെ സമീപനം
വ്യക്തിവിദ്വേഷത്തിന്റെ ഫലമാണെന്നു കരുതുന്നത്
2011 മഡളമഠണറ ബടളളണറ 11 2
അയുക്തികമായിരിക്കും, ന്യായവുമില്ല.
മുണ്ടശ്ശേരി വിമർശനത്തിൽ കടന്നുവന്ന കാലഘട്ടത്തിൽ
നിലനിന്നിരുന്ന അവസ്ഥയെപ്പറ്റി ചില കാര്യങ്ങൾ
പരിശോധിക്കേണ്ടതാണ്. രാജാക്കന്മാരുടേയും അവരെ
ചുറ്റിപ്പറ്റി നിന്നവരുടേയും കളിപ്പറമ്പായിരുന്നു അന്നത്തെ
മലയാളസാഹിത്യം. അവരുടെ കാവ്യാഭിപ്രായങ്ങളെ
എതിരിടാനോ ചോദ്യംചെയ്യാനോ അധികമാരും
ധൈര്യപ്പെട്ടിരുന്നില്ല. അതുകൊണ്ടുതന്നെ
സ്ഥാപിതതാൽപര്യങ്ങളും പക്ഷപാതങ്ങളും മാത്രം
നിറഞ്ഞുവന്നു. കേരളവർമയുടെ ആധിപത്യകാലം ഓർമയിൽ
വരുന്നു. അന്ന് രാജരാജവർമ മാത്രമാണ് അമ്മാവനായ
കേരളവർമയ്‌ക്കെതിരെ ധീരമായ ശബ്ദമുയർത്തിയത്.
കുട്ടികൃഷ്ണമാരാരുടെ പ്രശസ്തമായ സാഹിത്യഭൂഷണം എന്ന
കൃതി അച്ചടിച്ചിട്ടും ആ സ്വാധീനത്തിന്റെ ഫലമായി, പ്രസ്സിൽ
തന്നെ പ്രസിദ്ധീകരിക്കാനാകാതെ കെട്ടിക്കിടന്നതിന്റെ കഥ
മാരാർതന്നെ പറഞ്ഞിട്ടുള്ളതാണ്. ഇതെല്ലാം കൺകുളിർക്കെ
കാണുകയും അനുഭവിക്കുകയും ചെയ്ത ജോസഫ് മുണ്ടശ്ശേരി
സ്വാഭാവികമായും തന്റെ സാഹിത്യ താൽപര്യത്തെ ആ
അധീശശക്തിക്കെതിരെ തിരിച്ചുവിട്ടു എന്നതാണ് വാസ്തവം.
ഒടുവിൽ ആ പ്രതിരോധം മുണ്ടശ്ശേരിയുടെ
വിമർശനലക്ഷ്യങ്ങളിൽ ഒന്നായിത്തീരുകയും ചെയ്തു.
അങ്ങിനെ മലയാള സാഹിത്യത്തേയും വിമർശനകലയേയും
രാജാക്കന്മാരുടെ കോട്ടകളിൽനിന്നും മോചിപ്പിക്കാൻ
പരിശ്രമിച്ച നിരൂപകനെന്ന നിലയിൽ മുണ്ടശ്ശേരി
മലയാളത്തിന്റെ മനസ്സിൽ ഇന്നും ജീവിച്ചുകൊണ്ടിരിക്കുന്നു.
‘ഈ സ്വാതന്ത്ര്യബോധമാണ് മുണ്ടശ്ശേരിയുടെ
നിരൂപണദർശനത്തിൽ കാതലായി വർത്തിച്ചത് എന്നു
കരുതുന്നതിൽ തെറ്റുണ്ടോ? വിമർശനം ഒരു കലയാണെന്ന്
അദ്ദേഹം വിശ്വസിച്ചുപോന്നു. ആ വിശ്വാസത്തിൽനിന്നു
ഒരിഞ്ചുപോലും തെന്നിമാറാൻ സമ്മതിച്ചില്ല. സാഹിത്യത്തെ
ഒരു കലയെന്ന നിലയിൽ കാണാൻ വിസമ്മതിക്കുന്നവരെ
നിഷേധിക്കാനും മറന്നില്ല. സാഹിത്യത്തിന്റെ രൂപം
ഭദ്രമായിരിക്കണമെന്ന സിദ്ധാന്തത്തിന്റെ ആവിർഭാവം
അതാണ്. സൗന്ദര്യം കലയുടെ ആത്മമുദ്രയാണ്. കവിതയിൽ
ഓളംവെട്ടുന്ന സൗന്ദര്യാനുഭൂതി ഉളവാകാൻ കലാകൃതികൾ
എങ്ങനെ ഇരിക്കണമെന്നും അദ്ദേഹം ചിന്തിക്കുകയുണ്ടായി.
ഭാവരൂപപ്പൊരുത്തമാണ് സുപ്രധാനമെന്ന് തുടർന്നദ്ദേഹം
സിദ്ധാന്തിച്ചു. രൂപത്തെ ബാഹ്യമെന്നും ആന്തരികമെന്നും
രണ്ടായി തിരിക്കുന്നു; ഭാവനാകൃതമായ രൂപവും
യുക്തികൃതമായരൂപവും. കവിതയെ സുന്ദരമാക്കിത്തീർക്കുന്നത്
ഭാവത്തിൽനിന്നുയിർക്കൊള്ളുന്ന രൂപമാണ്. ഈ
അടിസ്ഥാനത്തിലാണ് ദ്വിതീയാക്ഷര പ്രാസവാദത്തെപ്പോലും
മുണ്ടശ്ശേരി നോക്കിക്കാണുന്നത്. രൂപത്തിൽനിന്ന്
ഭാവത്തിലേക്കല്ല ഭാവത്തിൽനിന്ന് രൂപത്തിലേക്കാണ്
എഴുത്തുകാരൻ സഞ്ചരിക്കേണ്ടത് എന്നാണ് രാജരാജൻ
സിദ്ധാന്തിച്ചതെന്ന് അദ്ദേഹം വിശ്വസിക്കുന്നു. അതോടൊപ്പം
മുണ്ടശ്ശേരി മറ്റൊരു ചിന്താഗതി കൂടി അവതരിപ്പിക്കുകയുണ്ടായി.
കവിതയിലെ ഭാവം സമൂഹത്തെ സംസ്‌കരിക്കാൻ
ഉതകുന്നതാകണം എന്നതായിരുന്നു അത്. ഈ വീക്ഷണഗതി
‘കരിന്തിരിയിലെ സാഹിത്യപുരോഗതി’ എന്ന ലേഖനത്തിൽ
വിശദീകരിക്കപ്പെട്ടിട്ടുണ്ട്. ഈ രണ്ടു വീക്ഷണങ്ങളെയും
സമന്വയിപ്പിച്ച് മറ്റൊരു സാഹിത്യവീക്ഷണം മുണ്ടശ്ശേരി
അവതരിപ്പിക്കുന്നു. ഒരു കലയായിരിക്കെത്തന്നെ കവിത
സമൂഹത്തെ സംസ്‌കരിക്കാൻ കഴിയുന്നതുമാകണം എന്നതാണ്
ആ വീക്ഷണം.
കുമാരനാശാന്റെ ആരാധകനും ഒരു പരിധിവരെ
വ്യാഖ്യാതാവും ആയത് ഈ വീക്ഷാഗതിയിലൂടെയാണ്.
വള്ളത്തോളിന്റേയും ഉള്ളൂരിന്റേയും കൃതികളെ അത്രതന്നെ
അദ്ദേഹം വിലമതിച്ചില്ല. ആദ്യത്തെ നിരുപണ സമാഹാരമായ
‘മാറ്റൊലി’ യിൽ പ്രസ്തുത കവികൾക്കു കൊടുത്ത സ്ഥാനം
ശ്രദ്ധിച്ചാൽ അതേറേക്കുറെ മനസ്സിലാകും. മുണ്ടശ്ശേരി ആശാൻ
പക്ഷപാതിയാണെന്ന ധാരണ വളർത്തിയത് ആ കൃതിയാണ്.
മാറ്റൊലിയുടെ പ്രസിദ്ധീകരണം സൃഷ്ടിച്ച പ്രതിഷേധത്തിന്റെ
വാൾമുനകൾ വലുതായിരുന്നു. ഈ കൃതിക്കെതിരായി
മലയാളത്തിൽ അനവധി ലേഖനങ്ങൾ പുറത്തുവന്നു. കൂടാതെ
‘ത്രിവേണി’ ‘മറ്റൊലി’ എന്നിങ്ങനെ രണ്ടു
വിമർശനകൃതികൾകൂടി എഴുതപ്പെട്ടു എന്ന സത്യം
വിമർശനചരിത്രത്തെ ശരിയായി പരിശോധിക്കുന്നവർക്ക്
കാണാനാവും. എന്നിട്ടും മുണ്ടശ്ശേരി കുലുങ്ങുകയോ
അനങ്ങുകയോ ചെയ്തില്ല. ആശാനുമായി
മുണ്ടശ്ശേരിക്കുണ്ടായിരുന്ന വ്യക്തിപരമായ അടുപ്പമല്ല,
അദ്ദേഹത്തെ ആശാൻ വിമർശകനും പക്ഷപാതിയുമാക്കിയത്.
ഈ ‘ആശാൻ പക്ഷപാതിത്വ’ത്തിന്റെ പേരിൽ വേണ്ടതിലധികം
അദ്ദേഹം എതിർക്കപ്പെട്ടിരുന്നു. എന്നാൽ ആ എതിപ്പിന്റെ
അടിയിലുണ്ടായിരുന്നത്, ആ നിരൂപകൻ പ്രകടിപ്പിച്ചുപോന്ന
ഉറച്ച കാവ്യഭിപ്രായങ്ങളോടുള്ള അമർഷവും
എതിർപ്പുമായിരുന്നു എന്ന് പിന്നീട് തെളിയിക്കപ്പെട്ട കാര്യമാണ.്
ജി. ശങ്കരക്കുറുപ്പുപോലും ആ രീതിയിലാണ് ചിന്തിച്ചത്.
മുണ്ടശ്ശേരി രാജരാജന്റെ സാഹിത്യനിഗമനങ്ങളോട് വേറെ
പല നിലയ്ക്കും അടുപ്പം പുലർത്തിയിരുന്നു. ‘വീണപൂവ്’
പ്രസിദ്ധീകരിക്കാൻ മിതവാദിക്കയച്ചുകൊടുത്ത കുമാരനാശാൻ
നളിനിക്ക് അവതാരിക എഴുതിപ്പിച്ചത് എ.ആറിനെക്കൊണ്ടാണ്.
‘ആംഗലസാമ്രാജ്യം’ എന്ന കൃതി ആശാനിലുണർത്തിയ
ആവേശത്തിന്റെ പരിണാമം ‘പ്രരോദന’ രചനയിലും
ദൃശ്യമാണ്. വാസ്തവത്തിൽ, ആശാൻ കവിതയെ നെഞ്ചോട്
അടുപ്പിച്ച് നിർത്തിയ മുണ്ടശ്ശേരി, രാജരാജനിലേക്കുള്ള
ശരിയായ വഴി ആശാൻ കവിതയിൽ കണ്ടെത്തുകയായിരുന്നു.
രാജരാജന്റെ സാക്ഷാത്കാരംതന്നെ ആ കവിതയിൽ ദർശിച്ച
മുണ്ടശ്ശേരിക്ക് ആ കവിതയെ അത്രത്തോളം ആദരിക്കാൻ
സാധിക്കാതെയും പോയി.
കുറുപ്പിന്റെ കവിതയിൽ തന്റേതായ മാനദണ്ഡം
എക്കാലത്തും ഉപയോഗിച്ചു എന്നതാണ് മുണ്ടശ്ശേരിക്കു പറ്റിയ
‘പാളിച്ച’ എന്നുകരുതാം. പക്ഷേ, അത് പാളിച്ചയാകുന്നില്ല.
പുരോഗമന സാഹിത്യപ്രസ്ഥാനവുമായി യോജിക്കാൻപോലും
കഴിയാത്ത വിധം മുണ്ടശ്ശേരി തന്റെ നിലപാടിൽതന്നെ
ഉറച്ചുനിന്നു. രൂപഭദ്രതാവാദം കൂടൂതൽ കരുത്താർജിച്ചത് ഈ
നിലപാടുകൊണ്ടു മാത്രമാണ്. നാടകാന്തം കവിത്വം എന്ന
കൃതിയിലാണല്ലോ ഏറ്റവും വലിയ ‘കുറുപ്പ് വിമർശനം’
നടന്നത്. ഈ കൃതിയുടെ അടിസ്ഥാനത്തിൽ, മുണ്ടശ്ശേരിയുടെ
മൂല്യബോധത്തെ ചോദ്യം ചെയ്ത ‘ഒറ്റക്കണ്ണ’ന്മാരുടെ
അഭിപ്രായങ്ങളിൽ ചിലത് ഇവിടെ ഓർമിച്ചുപോവുകയാണ്.
”ശങ്കരക്കുറുപ്പും മുണ്ടശ്ശേരി മാസ്റ്റരും പ്രൊഫസർ സുകുമാരൻ
അഴീക്കോടും എല്ലാം മരിച്ച് മണ്ണടിഞ്ഞ് അനേക ദശകങ്ങൾ
കഴിഞ്ഞതിനു ശേഷവും ശങ്കരക്കുറുപ്പ് കവിയായിത്തന്നെ
ആദരിക്കപ്പെടുമെന്ന” വാദമായിരുന്നു അവരുടേത്. കുറിപ്പിനും
മുണ്ടശ്ശേരിക്കും ശേഷം ചില പല പരിവർത്തനങ്ങൾക്കും
സാക്ഷ്യംവഹിച്ച എൺപതുകളുടേയും തൊണ്ണൂറുകളുടേയും
ഒടുവിൽ എത്തിനിൽക്കുന്ന മലയാള സാഹിത്യത്തിൽ ജി.
2011 മഡളമഠണറ ബടളളണറ 11 3
ശങ്കരക്കുറുപ്പെവിടെ? അതേസമയം മുണ്ടശ്ശേരിയുടെ ‘രൂപഭാവ’
സിദ്ധാന്തങ്ങൾ മലയാള വിമർശനരംഗത്ത്
പുനർജനിക്കുകയാണ്. ചെറുപ്പത്തിൽ ജി.യെ കഠിനമായി
വിമർശിച്ച അഴീക്കോട് ആവിഷ്‌കരിച്ച കലാപരമായ
ആശയങ്ങൾ ഇന്നത്തെ തലമുറയിലെ വിമർശകരുടെ
സമീപനങ്ങളെ എത്രമാത്രം സ്വാധീനിക്കുന്നുണ്ട് എന്നത് മറ്റൊരു
അന്വേഷണവിഷയമാണ്. വാസ്തവത്തിൽ മുണ്ടശ്ശേരി തന്റെ
കുറുപ്പ് വിവാദത്തെ കോടതിയിലെത്തിച്ചവർക്കെതിരെ
‘മംഗളോദയ’ത്തിൽ എഴുതിയ ഒരു കുറിപ്പ് ഇന്നും എത്രയോ
യാഥാർത്ഥ്യമായി നിലനിൽക്കുന്നു. ഇത്തരുണത്തിൽ, ”എന്റെ
പുസ്തകത്തിൽ ഉദ്ധരിച്ചിട്ടുള്ള വരികളിലൂടെയാകും ജി.
ശങ്കരക്കുറുപ്പ് ജീവിക്കുകയെന്ന്, അറുപതുകളിൽ സുകുമാർ
അഴീക്കോട്” പ്രസ്താവിച്ചതും ഇവിടെ സ്മരിക്കാം.
ആശാന്റെ കവിതയിൽ ചെയ്തതെന്തോ അതുമാത്രമാണ്
മുണ്ടശ്ശേരി ശങ്കരക്കുറിപ്പിന്റെ കാവ്യത്തിലും ചെയ്ത്. ജി.
അനേകം കവിതകളെഴുതി എന്നല്ലാതെ അദ്ദേഹവും
അദ്ദേഹത്തിന്റെ പിന്നണി ഗായകന്മാരും
അവകാശപ്പെടാറുളളത്ര വലിയ കവിയൊന്നുമായിട്ടില്ലെന്ന്
മുണ്ടശ്ശേരി ആവർത്തിച്ചു പറയുന്നു. പക്ഷേ അത്
പത്രവാർത്തയായി പുറത്തുവന്നപ്പോൾ കാര്യങ്ങളപ്പാടെ
കുഴഞ്ഞമട്ടായിപ്പോയി എന്നാണ് മുണ്ടശ്ശേരിയുടെ നിഗമനം.
ജി.യെ നല്ല കവിയായി അംഗീകരിക്കാനുള്ള മുണ്ടശ്ശേരിയുടെ
വൈമനസ്യത്തിന്നു കാരണം, ജി.യുടെ കവിത മാത്രമാണ്.
ആശാനിലെ കവിയും ജി.യിലെ കവിയും ഒരു പോലെയല്ലെന്ന്
തന്റെ മാനദണ്ഡം കൊണ്ടളന്നപ്പോൾ അദ്ദേഹം കണ്ടെത്തി.
കുറിപ്പിന്റേത് അലങ്കാരമാർഗത്തിൽ എഴുതപ്പെട്ട കവിതകളാണ്.
ആ അലങ്കാരമനസ്സിൽനിന്നു പൊട്ടിവിരിഞ്ഞതാണ്
ശങ്കരക്കുറിപ്പിന്റെ സിംബോളിസവും പ്രകൃതിബോധവും മറ്റും.
മുണ്ടശ്ശേരി അലങ്കാരപക്ഷത്തായിരുന്നില്ല. ‘എഴുത്തുകാരുടെ
അന്തർഭാവങ്ങൾ അതാതിന്റെ പാകത്തിൽ ഘടിതരൂപങ്ങളായി
പ്രകടീഭവിക്കണം’ എന്ന വാദത്തിലാണ് മുണ്ടശ്ശേരിയുടെ
ഊന്നൽ അപ്പോൾ അലങ്കാര പ്രധാനമായ കുറുപ്പിന്റെ കവിത
മുണ്ടശ്ശേരിയുടെ വലതുകൈയിലിരുന്ന് ഞെരിഞ്ഞമർന്നതിൽ
അത്ഭുതപ്പെടാൻ എന്തിരിക്കുന്നു. ആ അർത്ഥത്തിൽ,
ശങ്കക്കുറുപ്പും മുണ്ടശ്ശേരിയും തമ്മിലുണ്ടായ യുദ്ധം,
നിരൂപകപക്ഷത്തുനിന്ന് നോക്കുമ്പോൾ, തത്വപരവും
സൗന്ദര്യാത്മകവുമായ ഒരു വിവാദമായിരുന്നു എന്നു
തോന്നിപ്പോകുന്നു. അതാണ് ശരിയും.
പോരെങ്കിൽ മറ്റൊരു ദൗർബല്യത്തിന്റെ ഉടമ
കൂടിയായിരുന്നു ജി. കൈയടിക്കാൻ ആളെക്കിട്ടിയാൽ അവരുടെ
ഭാഗത്തേക്ക് ചായുക അദ്ദേഹത്തിന്റെ കൃത്യനിർവഹണത്തിന്റെ
ഭാഗമായിരുന്നു. സാഹിത്യപരിഷത്തിനോടു യാത്ര
ചോദിക്കാനും സാഹിത്യസമിതിയിൽ അംഗമായിച്ചേരാനും
ഇടയാക്കിയ ആ ദൗർബല്യത്തിന്റെ തെളിമയുറ്റ അനുഭവങ്ങൾ
ജി.യുടെ കത്തുകൾ പറയുന്നു. ആ കത്തുകൾ ആഴത്തിൽ
വായിച്ചുനോക്കിയാൽ അതിലുമപ്പുറം പലതും തെളിഞ്ഞുകിട്ടും.
എൻ.വി. കൃഷ്ണവാരിയർ എക്കാലത്തും കുറുപ്പിന്റെ
കൂടെയായിരുന്നു. മുണ്ടശ്ശേരിയെ താഴ്ത്തിക്കെട്ടുക എന്നതു
വാരിയരുടേയും ഒരു പൊതു പരിപാടിയുടെ ഭാഗമായിരുന്നുവോ
എന്ന് സന്ദേഹിക്കാവുന്നതാണ്. ഈ കത്തുകളുടെ
പ്രസിദ്ധീകരണത്തിലൂടെ നമുക്ക് ലഭ്യമാകുന്നത് എൻ.വി.യുടെ
സാഹിത്യശിഷ്യരായിപ്പിറന്ന എഴുത്തുകാരൊക്കെ
എക്കാലത്തും സംസാരിച്ചുകൊണ്ടിരിക്കുന്നത്
മുണ്ടശ്ശേരിക്കെതിരായിരുന്നു എന്നാണ്. സ്വന്തമായൊരു
നട്ടെല്ലും സ്വന്തമായൊരു സാഹിത്യവീക്ഷണവും
മുണ്ടശ്ശേരിക്കുണ്ടായിരുന്നു. ആ സാഹിത്യവീക്ഷണത്തോടുള്ള
ജി.യുടെ എതിർപ്പുകൾ രേഖപ്പെടുത്തപ്പെട്ടത് കത്തുകളിലൂടെ
ആയി എന്നുമാത്രം. മുണ്ടശ്ശേരി സാഹിത്യത്തിൽ
ചെയ്തതെന്തോ അത് ചെയ്തതാണ്. ആളല്ല
കവിതയായിരുന്നു മുണ്ടശ്ശേരിയുടെ ഉന്നം. ആ ഉന്നം പിഴച്ചോ?
ജി.യെ വിമർശിച്ചതിലൂടെ മുണ്ടശ്ശേരി സമാരംഭിച്ച ആ
സൗന്ദര്യയുദ്ധം പിഴച്ചില്ല. അത് മലയാളസാഹിത്യം ഇപ്പോഴും
നമ്മെ ഓർമപ്പെടുത്തിക്കൊണ്ടിരിക്കുന്നു.