1
പ്രപഞ്ചം സൃഷ്ടിക്കപ്പെട്ടപ്പോൾ
ഉണ്ടായ വലിയ സ്ഫോടനം,
സൗരയൂഥങ്ങൾ, നക്ഷത്രങ്ങൾ, ഗ്രഹങ്ങൾ
ഓരോന്നായി പിറവിയെടുത്തപ്പോൾ
ചിലത് മറ്റുചിലതിനെ വലം വെയ്ക്കുന്നു.
ശബ്ദത്തെ വിഴുങ്ങിയ ആ കറുത്ത പൊട്ട്
ഇപ്പോഴും നിശ്ചലമാണ്.
2
ആശുപത്രി വരാന്തയിൽ
ഒരു കുഞ്ഞിന്റെ കരച്ചിൽ
നിർത്താതെ പെയ്ത മഴയിൽ
നനഞ്ഞു കയറിവന്ന അമ്മ
അതിനെ മാറോടണച്ചപ്പോൾ
ഒരു ചെറുപുഞ്ചിരി.
3
നഗരം
ഗ്രാമത്തിന്റെ കവാടത്തിൽ മുട്ടി.
സ്വീകരിച്ച് അവർ പീഠത്തിൽ ഇരുത്തി,
ഇളനീരും വെറ്റിലയും നൽകി യാത്രയാക്കി.
അവർ തിരികെ കൊണ്ട് വന്ന ബുൾഡോസറുകൾ
ഇപ്പോൾ ഉച്ചമയക്കത്തിൽ ആണ്.
4
ഒറ്റയ്ക്ക് നടന്ന മനുഷ്യന്റെ
കാതിൽ കടലിരമ്പം
കൂരിരുട്ടത്ത് ഉരുളുന്ന ഈനാംപേച്ചിയിൽ
തട്ടിവീണപ്പോൾ
പൊടിഞ്ഞ ചോരയിൽ
അലിഞ്ഞു തീർന്ന ഒരു കടൽ..
മൊബൈൽ: 85475 47902