നിലംതുടച്ചും നിറയെവിളമ്പിയും
നീ നിറച്ച കപ്പയും കറിയും
നാളേറെയായിട്ടും
നാടുവിട്ടോടിയ ഓർമ്മകളിലുണ്ട്.
അന്ന്,
നിനക്ക് രോഗം വന്നിട്ടില്ല.
മിണ്ടാതിരുന്ന്,
ആരുടേയും കണ്ണിലൂടെ നീ,
നിന്നെ വായിക്കാൻ തുടങ്ങിയിട്ടില്ല.
നിശബ്ദതയുടെ മേഘംപുതച്ച്
മഴത്തണലിൽ പോയി
കാറ്റുകൊള്ളാനിരിക്കാറുമില്ല.
സ്നേഹത്തിലെ ചരിത്രമില്ലായ്മയുടെ
വള്ളിച്ചൂരൽ മടക്കി,
പള്ളിക്കൂടത്തിലിരിക്കുന്നെൻ്റെ
ചന്തിക്കടിച്ചിട്ടുമില്ല.
ജീവൻ്റെ രുചിനുണഞ്ഞ്,
അത്രയൊന്നും നമ്മളങ്ങോട്ടുമിങ്ങോട്ടും
അറിഞ്ഞിരുന്നില്ല.
അന്തിനേരത്ത്,
കായൽ വാടയിൽ
കാപ്പി മൊത്തുമ്പോൾ,
വാരസോപ്പിട്ടു വെളുപ്പിച്ച
പാവാടയും ബ്ലൗസും
ഉണങ്ങാനിടുന്ന അയപൊട്ടി,
അവിടെ നിന്നെ
പത്തുനാളുണങ്ങാനിടുമെന്ന്,
നമ്മൾ ഓർത്തിരുന്നില്ല.
പാതിവഴിയിലിങ്ങനെ
അവനവനു രുചിക്കാത്ത
വിഭവമായിപ്പോകുമെന്ന്,
ആലിംഗനം ചെയ്യുമ്പോൾ
നാമറിഞ്ഞിരുന്നില്ല!
പകലന്തിയോളം വീടൊരുക്കുമ്പോൾ
പറമ്പിലെ തണലിൽ
നീയിനി തനിച്ചുറങ്ങുമെന്ന്
പിള്ളത്തൈകളൊന്നും
നിന്നോട് പറഞ്ഞിരിക്കില്ല.
നിനക്കു കരുതിയ മുല്ലപ്പൂവൊക്കെ
മുല്ലവള്ളി മുറ്റത്ത് കൊഴിച്ചിട്ടിരിക്കുന്നു.
നേർത്ത മണമുള്ള കാറ്റുവീശുമ്പോൾ
എൻ്റെ പൊക്കിൾവട്ടത്തിലിരുന്നൊരു
തളിരില നിന്നെയോർക്കുന്നു.
ഒരിക്കൽ മുറിഞ്ഞുപോയ വള്ളിയിൽ
സ്നേഹമെത്രമേൽ തളിരിടുമെന്ന്
കവിളുപ്പ് രുചിച്ചുകൊണ്ടു
നമ്മൾ ഓർത്തെടുക്കുന്നു.
മണ്ണിന് മറവിയുടെ മണമുണ്ടെന്ന്
നീ വെറുതേ പരാതിപറയുന്നു.
ഒന്നിനുമല്ലാതെ ചുംബനങ്ങളിറുത്ത്
നിനക്കു പ്രിയമുള്ള ചെമ്പരത്തിയിൽ
ഞാൻ ചേർത്തുവയ്ക്കുന്നു.
പെരുമഴ വെള്ളത്തിൽ,
തൂക്കണംകുരുവിയുടെ കൂടുപൊളിഞ്ഞ
കഥപ്പൊത്തിൽ നിന്നെൻ്റെ
ഹൃദയത്തിലപ്പോഴൊരു മുള്ളുകൊള്ളുന്നു.
പേറ്റുപുരയിൽ നീയൊഴുക്കിയ
നോവുനനഞ്ഞൊരോർമ്മ,
ഉള്ളിലെവിടെയോ പതിഞ്ഞുകത്തുന്ന
കെടാവിളക്കിനെ ഊതിക്കെടുത്തുന്നു.
അങ്ങനെയായിരുട്ടിൽ
എല്ലാം കഥകളാകുന്നു…