തടയണ ഭേദിച്ച്
അടിയുടുപ്പിൽ ഒപ്പുവച്ച ചുവപ്പ്,
ബാല്യത്തെ
അടിയറവു പറയിച്ചെന്ന്
കേട്ടവരൊക്കെ
ആവർത്തിക്കുന്നു.
എന്റെ ബാല്യം
ഒറ്റ നിമിഷത്താൽ
നഷ്ടപ്പെടില്ലയെന്ന കരച്ചിൽ
ആരും അറിയുന്നേയില്ല.
കുട്ടി എന്ന വാത്സല്യത്തലോടൽ
ഒടുങ്ങിയിടത്തുനിന്ന്,
പെണ്ണേ എന്ന വിളി
മടുപ്പുകളെ സമ്മാനിച്ചു.
വിരസമായ പകലുകൾ
രാവുകളെ
ഇഷ്ടപ്പെടാൻ തുടങ്ങി.
കുട്ടിയുടുപ്പുകളും കുതൂഹലങ്ങളും
അലമാരയ്ക്കുള്ളിൽ
ഒതുക്കേണ്ടിവന്ന വിവശത
ആരും അറിയാത്തതെന്തേ!
അടക്കമൊതുക്കത്തിന്റെ
വീർപ്പുമുട്ടലിൽ,
ഉള്ളിൽ കലമ്പിക്കയർക്കുന്ന
മഴകളെയൊന്നും
കൂടുതുറന്നുവിടാനാവില്ലല്ലോ.
നിർദേശങ്ങളുടെ
ഘോഷയാത്രയിലുടനീളം
വന്ധ്യംകരിക്കപ്പെട്ട മോഹാത്മാക്കൾ
കൊരുത്തുവച്ച ഉഷ്ണച്ചൂടിൽ
പൊള്ളിയടരുന്ന ആത്മാവ്,
ആരും കാണാത്തോരറയിലെ സ്വപ്‌നങ്ങളുതിർക്കുന്ന,
ശീതവികാരങ്ങൾ
മുട്ടിയുരുമ്മുന്നിടത്തെ അഗ്‌നിയെ
തപിപ്പിക്കുന്നുണ്ടാവാം.
സിന്ദൂരരേഖയിൽ നേദിക്കപ്പെട്ട
ചുവപ്പിനാൽ
ഇട്ടാവട്ടങ്ങളുടെ
ആകൃതിയും വിസ്തൃതിയും
എന്നോടുപോലും ചോദിക്കാതെ,
വേറാരൊക്കെയോ
നിശ്ചയിക്കാൻ തുടങ്ങി.
കൂച്ചുവിലങ്ങുകൾ ദൃഢപ്പെടുത്തി,
എന്നെ എനിക്കുപോലും
പരിചയമില്ലാതാക്കിയ ചുവപ്പ്!
കന്യാചർമത്തിൽ നിന്നൊഴുകിയ
ചുവപ്പിനാൽ,
അധിനിവേശപ്രദേശങ്ങളുടെ
പട്ടികയിൽ
എന്റെ പേര് എഴുതിച്ചേർക്കപ്പെട്ടത്,
നിർവികാരതയുടെ രൂപമായാണ്.
തിരുമുറിവിലൂടൊരു ജീവനെ
ദാനമേകി,യൊഴുകിയ-
ചുവന്നപുഴയെ,
ഞാൻ സ്വീകരിക്കുന്നു.
നിസ്വാർത്ഥതയുടെ രൂപത്തിൽ
എന്നെ വരച്ചിട്ടത്
ആ ചുവപ്പ് മാത്രമാണല്ലോ.