കവിതയെഴുതാൻ തുടങ്ങിയ ഒരുത്തിയെക്കണ്ടപ്പോൾ
ജനാലകൾ കൊളുത്തിളക്കി കളിയാക്കിച്ചിരിച്ചു
വാതിലുകൾ ഉച്ചത്തിലടഞ്ഞ് പേടിപ്പിച്ചു
മുക്കിൽ നിന്നും മൂലയിൽ നിന്നും പൊടികൾ
അവൾക്കു മുന്നിൽ താണ്ഡവമാടി
കഴുകിയ തുണികൾ കഴുകാത്തവക്കൊപ്പം കൂടി ചുഴലിക്കാറ്റായി
എട്ടുകാലി വലകൾ കഴുത്തിൽ ചുറ്റിശ്വാസം മുട്ടിച്ചു
ചിതലുകൾ ചെകുത്താന്മാരായി പല്ലിളിച്ചു
പല്ലികൾ ദിനോസറുകളായി
ഉറുമ്പുകൾ കിടങ്ങുകൾ കുഴിച്ചവളെ വീഴ്ത്തി
പാത്രങ്ങൾ കീഴ്മേൽ മറിഞ്ഞ് ഭൂകമ്പമുണ്ടാക്കി
വീട് വിശക്കുന്ന വലിയൊരു ഗുഹയായി
അവളെ വിഴുങ്ങാനാഞ്ഞു
ചപ്പും ചവറും നിറച്ച് മുറ്റം അഗ്നിപർവ്വതമായി
മൺമറഞ്ഞ പെൺപ്രേതങ്ങൾ സദാചാരക്കുപ്പായമിട്ട്
ഉറക്കത്തിൽ സ്വൈര്യം കെടുത്തി
പ്രഭാതങ്ങളും രാത്രികളും നട്ടുച്ചച്ചൂടായി.
എഴുതാനാവാഞ്ഞതെല്ലാം ഉയിർവെച്ച്
സർപ്പ രൂപം പ്രാപിച്ചു
അവളറിയാതെ കിടപ്പുമുറിയിൽ ചുരുണ്ടു.
ഒരുനാളവൾ കവിത തീണ്ടിയവളായി
നീലച്ചു മരിച്ചു.
Mobile: 94474 37250