നിലവിലെ കഥാസങ്കേതത്തെ അനുഭവത്തിന്റെ ഭാഷ കൊണ്ടും ജീവിതയാഥാർത്ഥ്യത്തിന്റെ പരുക്കൻ ഉണ്മകൾ കൊണ്ടും അഴിച്ചു നിർമിച്ച എഴുത്തുകാരനാണ് അർഷാദ് ബത്തേരി. ബത്തേരിയുടെ ‘ടാക്സി ഡ്രൈവറും കാമുകിയും’ രണ്ട് നോവെല്ലകളുടെ സമാഹൃതരൂപമാണ്. ദേശവും ചരിത്രവും ഇഴപിരിച്ചെടുക്കാനാവാത്തവിധം സന്നിഹിതമാകുന്ന ആഖ്യാനവും സാധാരണക്കാരുടെ, തൊഴിലാളികളുടെ ജീവനോപാധിയും രാഷ്ട്രീയബോധവും കൂടിച്ചേരുന്ന പ്രമേയവുമാണ് ഈ നോവെല്ലകളുടെ കേന്ദ്രതന്തു.
പാരമ്പര്യത്തിന്റെ പടർപ്പുകൾ തേടി ഭൂതകാലത്തിന്റെ തെരുവുകളിൽ അപരിചിതമായി സഞ്ചരിക്കുന്നതും പാരമ്പര്യവിച്ഛേദത്തിനായി നിലനിൽക്കുന്ന ഭൂമി പരിസരത്ത് നിന്ന് അസാന്നിധ്യപ്പെടുന്നതും ‘ടാക്സി ഡ്രൈവറും കാമുകിയും’, ‘അച്ഛൻ തൊടാത്ത ആകാശം’ എന്നീ രണ്ട് നോവെല്ലകളുടെയും കേന്ദ്ര പ്രമേയമാണ്. അതിൽ പ്രണയം, മരണം, കൊലപാതകം, തൊഴിൽ എന്നീ സാമൂഹികപ്രവണതകൾ സിനിമാറ്റിക് ദൃശ്യവിന്യാസത്തോടെ ക്രമീകരിക്കപ്പെടുന്നുവെന്നു മാത്രം.
1
ചരിത്രം അതിന്റെ എല്ലാ ഛായകളും വർത്തമാനത്തിൽ കൊത്തിവച്ചിട്ടുണ്ട്. ചരിത്രത്തിന്റെ മറുപുറം തിരഞ്ഞാണ് ജർമൻകാരി മിക്കേല കൊച്ചിയിലെത്തുന്നത്. രണ്ട് ദേശത്തെ, രണ്ട് ഭാഷകളിൽ ഇണങ്ങിനിന്ന ഒരു പ്രണയലോകത്തെ മറ്റൊരു കാലത്തിന്റെ നാഡീവ്യൂഹത്തിൽ നിന്നും ദേശത്തിന്റെ പ്രതീകമാനങ്ങളിൽ നിന്നും പുനരന്വേഷിക്കുകയാണ് മിക്കേല. മുത്തച്ഛന്റെ ഓർമയിൽ ജീവിതാവസാനം വരെ അനുഭൂതിയായി പടർന്ന മട്ടാഞ്ചേരിക്കാരി റോസ്ലി ചരിത്രത്തിന്റെ അദൃശ്യരൂപമാണ്. കാലം പുതുക്കിപ്പണിത മട്ടാഞ്ചേരിയുടെ പഴയ സ്നാപ്പുകളിലും അവർ അദൃശ്യയായി തുടരുന്നു. ‘ആ പ്രണയികളുടെ ചൂടും ചൂരും നൊമ്പരവും പാകിയ ചരിത്രത്തിലേക്ക് അവളുടെ മനസ്സ് സഞ്ചരിച്ചു'(പേജ് 27). പ്രണയം പ്രമേയത്തിന്റെ ഉപരിരൂപം മാത്രമാണ്. ഭൂതകാലത്തി
ന്റെ സ്ഥലസങ്കല്പവും നിർമിതികളും ‘റോസ്ലി’, ‘മട്ടാഞ്ചേരി’, ‘ജൂതപള്ളി’ മുതലായ സൂചകങ്ങളും വിന്യസിപ്പിക്കുന്ന ചരിത്രബോധമാണ് ഇവിടെ പ്രധാനമാകുന്നത്. തിരസ്കൃതരും ഒറ്റപ്പെട്ടവരും
ദേശത്തിലെ വിദേശീയരുമായി കഴിയേണ്ടി വന്ന ജനതതിയുടെ സൂക്ഷ്മഭാവങ്ങളും ആചാരമര്യാദകളും ഇവിടെ വായിക്കാനാവും.
‘ജർമൻകാരൻ മുത്തച്ഛൻ’, ‘യഹൂദയായ റോസ്ലി’ ഈയൊരു ദ്വന്ദ്വം എഴുത്തുകാരൻ സൃഷ്ടിക്കുന്നത് ബോധപൂർവമല്ലെങ്കിലും ഈയൊരു സംവർഗത്തിന് തൊള്ളായിരത്തി മുപ്പതുകളിലെ ജർമൻ ചരിത്രത്തെ ഓർമിപ്പിക്കാനാവും. പ്രണയം, തിരയൽ, മടക്കം എന്ന പ്രത്യക്ഷ പ്രമേയ സ്വരൂപത്തിനപ്പുറം അഗാധമായ ചരിത്രസംഘർഷങ്ങളും ഭൂതകാല സന്ദിഗ്ധതകളുമാണ് ‘ടാക്സിഡ്രൈവറും കാമുകിയും’ എന്ന നോവെല്ലയുടെ കഥാപരിസരമാകുന്നത്.
നഗരം ചേരിവത്കരിക്കുന്ന ‘ഇട’ങ്ങൾ മാത്രമല്ല, മനുഷ്യരുമുണ്ട്. ആശുപത്രി, വൻകിട ഹോട്ടൽ, ബ്രിഡ്ജ്, വിശാലമായ പള്ളിമുറ്റം എന്നിവയ്ക്ക് സമാന്തരമായി പ്രത്യക്ഷപ്പെടുന്ന ഇടുങ്ങിയ ഇടവഴികളും ഒറ്റമുറി വീടുകളുമാണ് കഥയുടെ സൂക്ഷ്മ സ്ഥലരാശി. ജർമൻകാരൻ മുത്തച്ഛന്റെ കാലത്ത് നിന്നും ടാക്സിഡ്രൈവറായ തോമസിന്റെ കാലത്തിലേക്കെത്തുമ്പോൾ കൊച്ചി ജനസാന്ദ്രതയേറിയ, ട്രാഫിക് സിഗ്നലുകൾ നിറഞ്ഞ, വൻകിട കവർച്ചാസംഘങ്ങൾ അധോലോക വാഴ്ച നടത്തുന്ന നഗരമായി പരിവർത്തിക്കപ്പെടുകയാണ്. കൂടുതൽ നഗരവത്കരണം കൂടുതൽ ചേരിവത്കരണമായിത്തീരുന്നത് ബാഹ്യവും രൂപപരവുമായ മാറ്റങ്ങളിൽ മാത്രമല്ല. മറിച്ച്, അധിവസിക്കുന്ന മനുഷ്യരുടെ ആന്തരികവും തൊഴിൽപരവുമായ ഘടകങ്ങളിൽ കൂടിയാണ്. ‘ഉച്ചവെയിൽ ച്ചൂടിൽ നഗരത്തിന്റെ നടുവിൽ ചത്തുകിടക്കുന്ന മൃഗം പോലെ ആ കാറും നിശ്ചലമായി. ഒരു ഡോറും തുറക്കാനാവാതെ, ഒന്നനങ്ങാനാവാതെയുള്ള നില്പ്. മുന്നിലും പിന്നിലും ഇടത്തും വലത്തും അതേ കിടപ്പ് തുടരുന്ന വാഹനങ്ങളുടെ നീണ്ട നിര. ഹോണടിയുടെ കൂട്ടശബ്ദം അന്തരീക്ഷത്തെ കീറിമുറിക്കുന്നു. കുറുകെ പുളഞ്ഞു പാഞ്ഞ് നടക്കുന്ന ആൾക്കൂട്ടം. കാറിനു മുകളിൽ വന്നടിയുന്ന വെയിൽച്ചൂടിനാൽ അകവും പുറവും ഒരേപോലെ പൊള്ളിത്തുടങ്ങി.’ (പേജ് (3). നഗരത്തിന്റെ ഞരുക്കവും പിരിമുറുക്കവും നിറഞ്ഞ സങ്കീർണഘടനയാണ് ആദ്യകാഴ്ചയിൽതന്നെ പശ്ചാത്തലഭൂമികയാക്കി എഴുത്തുകാരൻ അവതരിപ്പിക്കുന്നത്. ഉള്ളിലേക്ക് ചെല്ലുന്തോറും ഷഹറാബാനുവിന്റെയും തോമസിന്റെയും അനാഥത്വം പോലെ പ്രാന്തവത്കരിക്കപ്പെട്ട മനുഷ്യരുടെ നിശബ്ദമുഴക്കങ്ങൾ കേൾക്കാം. വൻകിട നഗരത്തിൽ ഒറ്റപ്പെട്ടു പോകുന്ന ആധുനികതയുടെ വിഹ്വലതയല്ല, വൻകിട നഗരം ബോധപൂർവം സൃഷ്ടിച്ചെടുക്കുന്ന ‘ചേരി’ മനുഷ്യരാണവർ. ഏതെങ്കിലുമൊരു പ്രത്യേക പ്രദേശമോ പ്രതലമോ അല്ല ഇവിടെ ചേരി. നഗരത്തിനുള്ളിൽ അദൃശ്യരും തിരസ്കൃതരുമാകുന്നവരുടെ സഞ്ചയമാണ്. അതിന്റെ ഒറ്റപ്പെട്ട പ്രതിനിധാനങ്ങളാണ് തോമസ്, ഷഹറാബാനു,
മേരി തുടങ്ങി അദൃശ്യരായി സഞ്ചരിക്കുന്ന അനേകം കഥാപാത്രങ്ങൾ. ‘പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയിലെ മുറിയുടെ കുറ്റിയിടാത്ത വാതിൽ പതുക്കെ തുറന്നു…. വളരെ ചെറിയ മുറിക്കുള്ളിൽ
ഒരറ്റത്ത് വീതി കുറഞ്ഞ കട്ടിലിൽ മുകളിലേക്ക് നോക്കി കിടക്കുന്ന അമ്മച്ചിയും നിശബ്ദതയും ഒരേ അവസ്ഥയുടെ രണ്ട് തലങ്ങളാണെന്ന് തോമസ് സ്വയം പറഞ്ഞു. മേശപ്പുറത്തെ കുപ്പിക്കുള്ളിൽ
വാടിക്കിടക്കുന്ന പൂവ്, അലക്കാനായി കുന്നുകൂടി കിടക്കുന്ന വസ്ത്രങ്ങളാൽ വിയർപ്പ് മണക്കുന്ന കസേരകൾ’ (പേജ് 16). നഗരത്തിന്റെ പ്രതിനിഴൽ വീണുകിടക്കുന്ന ‘ഇട’മാണ് മുറി. നിരാലംബതയും രോഗവും ഇരുണ്ടുനിൽക്കുന്ന ശൂന്യതയും ജീവിതത്തിന്റെ ദൈന്യത പോലെ അവിടെ പ്രതിബിംബിക്കുന്നു. നാഗരികപകലുകളുടെ ഉള്ള്, കലർപ്പുള്ള കാഴ്ചാനുഭവങ്ങളാണെന്ന് ഇതുപോലെ പല സന്ദർഭങ്ങളും നമ്മെ ഓർമിപ്പിക്കും. അത് ചേരിജീവിതത്തിന്റെ സംഗ്രഹീതരൂപങ്ങളോ സൂചിത അർത്ഥങ്ങളോ ആയി നാം തിരിച്ചറിയണമെന്ന് മാത്രം.
‘അവരുടെ ശരീരങ്ങൾ അതിവേഗം വിയർത്തു. കിടക്കയോ വിരിയോ ഇല്ലാത്ത കട്ടിലിലേക്ക് അവർ വിയർത്തമർന്നു. കയറിക്കൂടാത്ത വീടിനകത്തെ ചുമരുകൾക്കുള്ളിൽ കിടന്ന് കിതച്ചു. ചുമരുകളിലെ പല്ലികൾ നാലുപാടും പാഞ്ഞു. പഴകിയ കട്ടിൽ ഇടയ്ക്കിടെ ഒച്ചവച്ചു. ശ്വാസത്തിന്റെ വേഗത കുറഞ്ഞു. കട്ടിലിന്റെ രണ്ടറ്റത്തായി അവർ അനക്കമില്ലാതെ വിയർത്തൊലിച്ച് കിടന്നു’ (പേജ് 37). പ്രണയത്തിന്റെയും ഇണചേരലിന്റെയും വിശുദ്ധ നിമിഷം പോലും നഗരം അന്യവത്കരിക്കുന്ന പ്രതീകവ്യവസ്ഥകളാൽ പൂരിതമാണ്. ആൾക്കൂട്ടത്തിലെ അപരവത്കരണം വ്യക്തിയും വസ്തുവും തമ്മിലുള്ള അപരവത്കരണമായി തുടരുന്നു. പ്രകൃതിക്കും കഥാപാത്രത്തിനും ഇവിടെ രണ്ട് നിലകളാണുളളത്. ശരീരങ്ങൾ തമ്മിലുള്ള കൂടിക്കലരൽ പ്രണയവും ആശ്രയബോധവും
തമ്മിലുള്ള ഇടക്കലർപ്പായി മാറുമ്പോഴും പശ്ചാത്തലം വിരൂപമോ പഴകിയതോ ആയ അപരനോട്ടങ്ങളുടേതാണ്. വിശാലവും വികസിതവുമായ നാഗരിക ദൃശ്യാനുഭവങ്ങളിൽ നിന്ന് ഇടുങ്ങിയതും പുറംപൊളിഞ്ഞതുമായ വീടകങ്ങളിലേക്ക് കേന്ദ്രീകരിക്കപ്പെടുന്ന ആഖ്യാനം നിലവിലെ നഗരവിനിമയങ്ങളുടെ സൂക്ഷ്മനിർമിതിയാണ്. കീഴാളരും അപരരുമായി ഒരുപോലെ തമസ്കരി
ക്കപ്പെടുന്ന മനുഷ്യവർഗങ്ങളുടെ രാഷ്ട്രീയ പ്രതിരോധത്തിന്റെ അനിവാര്യതയാണ് ‘ടാക്സിഡ്രൈവറും കാമുകിയും’ ആവിഷ്കരിക്കുന്നത്.
പ്രണയത്തിന്റെയും മരണത്തിന്റെയും സ്പർശം കലർന്ന നോട്ടങ്ങളും മൗനങ്ങളുമാണ് കഥയുടെ ഉള്ളടക്കത്തെ അനുക്രമമായി വികസിപ്പിക്കുന്നത്. പ്രണയം സാന്നിധ്യ അനുഭവമായും അസാന്നിധ്യ അനുഭവമായും നിറയുന്നു. തോമസ്, ഷഹറാബാനു, മിക്കേല എന്നിവരുടെ ജീവിതത്തിൽ പ്രണയം ആരോപിതമാകുന്നത് ഒരേ നിലയിലല്ല. അനാഥത്വത്തിന്റെ ഭൂതകാലത്തെ കുടഞ്ഞുകളയാനും ഭാവി കാലത്തെ സ്ഫുടം ചെയ്തെടുക്കാനുമാണ് തോമസും ഷഹറാബാനുവും പരസ്പരം പ്രണയിക്കുന്നത്. എന്നാൽ മുത്തച്ഛന്റെ പ്രണയാനുഭൂതികളുടെ തുടർച്ചകൾ തേടി ഭൂതകാലത്തിന്റെ തെരുവീഥികളിൽ സഞ്ചരിക്കാനാണ് മിക്കേലയെത്തുന്നത്. അവളുടെ ഉള്ളിൽ തോമസിനോട് തോന്നുന്ന വൈകാരികാനുഭൂതി മുത്തച്ഛന്റെ ഓർമയിൽ നിറഞ്ഞുനിന്ന പൂർവകാല പ്രണയത്തിന്റെ സമകാല പരിണതിയാണ്. ചരിത്രം ആവർത്തിക്കപ്പെടുകയോ അല്ലെങ്കിൽ അങ്ങനെയൊരു ചരിത്രത്തിന്റെ നൈരന്തര്യം തോമസുമായുള്ള അനുഭൂതി വെളിച്ചത്തിലൂടെ മിക്കേല കണ്ടെത്തുകയോ ചെയ്യുന്നു.
‘തോമസിപ്പോഴെവിടെയാണുള്ളത്? നമ്മളെങ്ങനെ കാണും? ഞാൻ നിനക്കായ് ചില സമ്മാനങ്ങൾ വാങ്ങിവെച്ചിരിക്കുന്നു. എനിക്ക് നിന്നെ കാണണം’. മിക്കേലയുടെ ശബ്ദം പതറി.
‘മിക്കേലേ ഒരു ടാക്സി പിടിച്ചു എയർപോർട്ടിലേക്ക് പോകൂ….’
‘നോ, എനിക്ക് തോമസിനെ കാണണം’.
അവളുടെ ശബ്ദത്തിൽ നിറയെ അന്നോളം പ്രകടമാക്കാത്ത ഒരിഷ്ടത്തിന്റെ ആർത്തിയും പരിഭവവും പൊങ്ങികിടന്നു.’ (പേജ് 53).
പ്രണയം പോലെ മിക്കേലയുടെ ബോധാബോധങ്ങൾക്കിടയിൽ രൂഢമായിരിക്കുന്ന അനുഭവമാണ് മരണം. എല്ലാവരാലും ഒറ്റപ്പെട്ട്, അനാദിശൂന്യതയിലേക്ക് നടന്നടുത്ത മുത്തച്ഛനിലൂടെ, താൻ തിരഞ്ഞുവന്ന ദേശത്തിൽ കണ്ടുമുട്ടണമെന്നാഗ്രഹിച്ച അജ്ഞാതയായ റോസ്ലിയിലൂടെ മരണത്തിന്റെ അരൂപതയെ അവൻ സാന്നിധ്യപ്പെടുത്തുന്നു. ‘മരിച്ചു പോയിട്ടുണ്ടാകും അല്ലേ തോമസ് ‘(പേജ് 31) എന്ന അവളുടെ ചോദ്യം മരണത്തിന്റെ നിഴലും നിർവികാരതയും കലർന്ന ഒന്നാണ്. തോമസ് അമ്മയെ പരിചരിക്കുന്നതിലും ആശുപത്രിമുറിക്കുള്ളിലെ മരുന്നു മണം ശ്വസിച്ചു നിൽക്കുന്നതിലും ഇതേ മൃുത്യുബോധത്തിന്റെ അനിശ്ചിതത്വമുണ്ട്. ‘തോമസേ, മോനേ’ വിളിക്കൊപ്പം മേരിയുടെ ശ്വാസം നിലച്ചു. ശരീരം തണുത്തുറഞ്ഞു.’ (പേജ് 52). തണുപ്പ് ബാധിച്ച ഭാഷയിലാണ് കഥാകൃത്ത് ഇത് പറഞ്ഞു നിർത്തുന്നത്.
കവർച്ചാസംഘത്തിന്റെ ആസൂത്രിത കൊലപാതകവും അവിചാരിതമായി തോമസും ഷഹറാബാനുവും അതിൽ പെട്ടുപോകുന്നതും ഇതിവൃത്തത്തിന്റെ അവസാനഭാഗത്തെ ഉദ്വേഗജനകമാക്കുന്നുണ്ട്. അജ്ഞാത മൃതദേഹവുമായി ഒരു രാത്രിയും പകലും അവർക്ക് നഗരത്തിൽ അലയേണ്ടി വരുന്നു. ഇരുട്ടിന്റെ മറവിൽമൃതദേഹത്തിന് ജീവൻ വയ്ക്കുന്നതായി ഷഹറാബാനു സ്വപ്നം കാണുന്നു. അതുവരെ കഥയിൽ നിലീനമായിരുന്ന, അപൂർവം ചില സന്ദർഭങ്ങളിൽ തെളിഞ്ഞു കണ്ട മൃത്യുബോധത്തിന്റെ ബീഭത്സരൂപമാണ് കൊലപാതകം. അത് മാറിയ കാലത്തിന്റെ വിധ്വംസകതകളെയും നഗരജീവിതത്തിന്റെ പ്രതിലോമതകളെയും കൂടി ഉൾവഹിക്കുന്നു. ഷഹറാബാനുവിന്റെ അമ്മ, മേരി, മുത്തച്ഛൻ, റോസ്ലിയെ സംബന്ധിക്കുന്നത്, ആസൂത്രിത കൊലപാതകം എന്നിങ്ങനെ വിവിധ രൂപങ്ങളിൽ നിശബ്ദമായും ഭീതിദമായും സംഭവിക്കുന്ന മരണസഞ്ചാരമാണ് ‘ടാക്സിഡ്രൈവറും കാമുകിയും’.
മകൻ തൊടുന്ന ആകാശസീമകൾ
പാരമ്പര്യത്തിന്റെയും പ്രതാപത്തിന്റെയും പൂർവഭാരത്താൽ സമൂഹം തിരിച്ചറിയപ്പെടാതെ പോകുന്ന വ്യക്തിയാണ് ജയദേവൻ. അച്ഛന്റെയും കുലമഹിമയുടെയും അസ്തിത്വം പേറുന്നതിനാൽ അയാളിലെ വ്യക്തി അപമാനവീകരിക്കപ്പെടുകയാണ്. അയാളിൽ നിന്നുള്ള തുടർച്ചകളെ സമൂഹം പാരമ്പര്യത്തിൽ നിന്നുള്ള തുടർച്ചകളായി നോക്കിക്കാണുന്നു. അയാളിലെ വ്യതിരിക്തതകളെ ‘അച്ഛനെപോലെ’ എന്നാരോപിച്ചു മാറ്റിനിർത്തുന്നു. വേറിട്ട വഴികളിലൂടെ സഞ്ചരിക്കുമ്പോഴും പാരമ്പര്യത്തിന്റെ കൈകൾ അയാളെ വിടാതെ പിന്തുടരുന്നു. തന്റെ സ്വത്വത്തിന്റെ അടയാളപ്പെടുത്തലാണ് ജയദേവൻ അഭിമുഖീകരിക്കുന്ന ഏറ്റവും വലിയ പ്രതിസന്ധി. ആ സ്വത്വസംഘർഷത്തിനോ അസ്തിത്വവ്യഥയ്ക്കോ
ആധുനികതയുടെ ആഖ്യാനപരിസരവുമായി യാതൊരുവിധ ബന്ധവും ഇല്ല.
‘അച്ഛൻ തൊടാത്ത ആകാശം’ പാരമ്പര്യവിച്ഛേദത്തിന്റെയും ആധുനികാനന്തര ദേശസംസ്കാരത്തിന്റയും സ്വയംതൊഴിൽ സംരംഭങ്ങളുടെയും ലളിതവും സുതാര്യവുമായ ആഖ്യാനമാണ്. സാമൂഹികജീവി എന്ന നിലയിൽ പാരമ്പര്യത്തിന്റെ രൂഢമായ മൂല്യങ്ങളെയും വ്യവസ്ഥാരാഹിത്യത്തെയും നിഷേധിച്ച് മുന്നോട്ടുപോകാനാണ് ജയദേവൻ ശ്രമിക്കുന്നത്. അയാളുടെ ജീവിതം അയാളിൽ നിന്നുണ്ടാവേണ്ട തുടർച്ചകളായി ജയദേവൻ തിരിച്ചറിയുന്നു.
അതിനു വിരുദ്ധമായാണ് കുടുംബവും സമൂഹവും പ്രവർത്തിക്കുന്നത്. അതുകൊണ്ടാണ് ‘അച്ഛനെന്ന പേരിനൊപ്പം തെളിയുന്ന എല്ലാ ഓർമകളും അയാളിൽ പകയോ വിദ്വേഷമോ ആയി ‘(പേജ്
64) നീറുന്നത്. ജീവിതത്തിന്റെ പല നിലകളിൽ (മരണവീടുകൾ, കല്യാണവീടുകൾ, സുഹൃത്തുക്കൾ, ഉത്സവപറമ്പുകൾ, ക്ലബുകൾ, വായനശാലകൾ) അയാൾക്ക് അഭിനയിക്കണമെന്ന് തോന്നുന്നത്. ‘എനിക്ക് സിനിമയിലോ നാടകത്തിലോ സീരിയലിലോ ഒന്നും അഭിനയിക്കണ്ട. ജീവിതത്തിലാണ് അഭിനയിക്കേണ്ടത്. പറ്റ്വോ?’ (പേജ് 69). സാമൂഹികമായ ഒറ്റപ്പെടലും തന്നെ തിരിച്ചറിയാൻ കഴിയാത്തവർക്ക് നേരെയുള്ള ആന്തരികപ്രതിഷേധവുമാണ് ജയദേവന്റെ വാക്കുകളിൽ നിറയുന്നത്. ‘ഞാൻ എന്തിന് അച്ഛനെ പോലെയാകാൻ ശ്രമിക്കണം. എനിക്ക് എന്റേതായ തിരിച്ചറിവുകൾ ഇല്ലേ’ (പേജ് 63). ജയദേവൻ എന്ന വ്യക്തിയുടെ സ്വത്വം രൂപപ്പെടുന്നത് ഇത്തരം സ്വയംബോധ്യങ്ങളിൽ നിന്നാണ്. അത് പരമ്പരാഗത വിശ്വാസങ്ങൾക്കും നിലവിലെ വ്യവസ്ഥയ്ക്കും എതിരാണ്. അയാളുടെ നാടുവിടൽ പ്രതീകവത്കരിക്കുന്നത് പാരമ്പര്യത്തിന്റെയും കുലമഹിമയുടെയും ഭൂതകാലത്തെ പിഴുതെറിഞ്ഞ്, വർത്തമാനകാലത്തിന്റെ ജീവിതസന്ദിഗ്ധതകളോട് തന്നെ സ്ഥാപിക്കാനാണ്. അതിൽ അയാൾ മുൻപില്ലാത്തവിധം വിജയിക്കുന്നുണ്ട്. മകന്റെ ജീവിതത്തെയോ ആശയത്തെയോ ദീർഘവീക്ഷണങ്ങളെയോ ഉൾക്കൊള്ളാൻ കഴിയാതെപോയ പിതാവിന്റെ വേദന പിന്നീട് നമ്മൾ മാധവൻ മാഷിൽ കാണുന്നു. ജയദേവന്റെ അസാന്നിധ്യം സാന്നിധ്യമായി ആ നാടിനാകെ അനുഭവപ്പെടുന്നു. അയാളുടെ ദീർഘവീക്ഷണത്താൽ സ്വയംതൊഴിൽ കണ്ടെത്തിയവരും വരണ്ടുപോകുമായിരുന്ന ബന്ധത്തിന്റെ ഉറവകളെ കൂട്ടായ്മയുടെ രൂപത്തിൽ തിരിച്ചുപിടിച്ചവരും ജയദേവനെ നന്ദിയോടെ ഓർക്കുന്നു. നിലനിൽക്കുന്ന പൊതുബോധത്തെ തിരുത്താനും സാമൂഹിക മുന്നേറ്റത്തിന്റെ സൂക്ഷ്മരാഷ്ട്രീയം അവതരിപ്പിക്കാനുമാണ് ഇതിലൂടെ എഴുത്തുകാരന് കഴിയുന്നത്.
ആഗോളീകരണാനന്തരം രൂപപ്പെട്ട ലാഭകേന്ദ്രിതമായ സാമൂഹിക സങ്കല്പത്തെ കൂട്ടായ്മയും ചെറുകിടത്തൊഴിലും അടിത്തട്ട് മനുഷ്യരുമുൾക്കൊള്ളുന്ന പ്രാദേശികത കൊണ്ട് മാറ്റി ആവിഷ്കരിക്കുകയാണ് എഴുത്തുകാരൻ. ഇവിടെ ദേശം നന്മയുടെയും നിസ്വാർത്ഥതയുടെയും പ്രതീകമായി മാറുന്നു. ബന്ധത്തിന്റെ ദൃഢതയും പരസ്പര സ്നേഹത്തിന്റെ ആർദ്രതയും കൊണ്ട് ആഘോഷങ്ങൾ കൂട്ടായ്മയുടെ ഉത്സവങ്ങളായിത്തീരുന്നു. പരമ്പരാഗതതൊഴിലുകൾ മാറിയ കാലത്തിനനുസരിച്ച് പുതിയ രൂപമാർജിക്കുന്നത് രാഷ്ട്രീയമായാണ്. പഴയ ചാക്ക് കൊണ്ടുള്ള ചെറിയ സഞ്ചികൾ, ചിരട്ട കൊണ്ട് ഉണ്ടാക്കുന്ന തവികൾ, അലങ്കാരവസ്തുക്കൾ, മോതിരം, വളകൾ അങ്ങനെ പലതും അടിസ്ഥാനവർഗത്തിന്റെ അതിജീവനത്തിന്റെ രാഷ്ട്രീയരൂപങ്ങളാണ്. ആഗോളവിപണിയുടെ പുത്തൻ വിനിമയ സമവാക്യത്തിൽ നിന്ന് പുറത്താക്കപ്പെടുന്ന അവർ കുടിൽ വ്യവസായം കൊണ്ട് പ്രതിരോധം തീർക്കുകയാണ്. ‘നമുക്ക് ചുറ്റുമുള്ള ചെറിയ ചില വസ്തുക്കൾ ഉപയോഗിച്ചുകൊണ്ടുള്ള ജീവിതമാർഗം, അത് ആദ്യം ഒരു കുടുംബത്തിന് ഉപകാരപ്പെടും. പിന്നീട് സമൂഹത്തിനും. അതിനെക്കാളൊക്കെ വലുത് സാധാരണ മനുഷ്യർക്കും തൊഴിലാളികൾക്കുമൊപ്പമാണ് ജീവിക്കേണ്ടതെന്ന എന്റെ രാഷ്ട്രീയ പ്രവർത്തനമാണ്’ എന്ന ജയദേവന്റെ പ്രസ്താവനയാണ് ‘അച്ഛൻ തൊടാത്ത ആകാശം’ എന്ന കൃതിയുടെ രാഷ്ട്രീയദർശനം.
കഥയുടെ വികസിതരൂപമോ നോവലിന്റെ രൂപപരിമിതിയോ ആയി നോവെല്ലകൾ നിർവചിക്കപ്പെടാറുണ്ട്. ആശയപരമായി അവ നോവലിനോടും കഥയോടും അടുത്ത് നിൽക്കുന്നു. അർഷാദ് ബത്തേരിയുടെ നോവെല്ലകൾ ചരിത്രബോധത്തിന്റെയും നഗരജീവിതത്തിന്റെയും ആഗോളീകരണകാലത്തെ സ്വയം തൊഴിൽ സംരംഭങ്ങളുടെയും അകൃത്രിമത്വപരമായ ആവിഷ്കാരമാണ്.
പാരമ്പര്യനിരാസം, പ്രണയം, മരണം, ദേശജീവിതം എന്നിങ്ങനെ പല മാനങ്ങൾ അവയ്ക്കുണ്ട്. ലളിതവും കാവ്യാത്മകവുമായ ഭാഷ, പൂർവാപരബന്ധമുളള ആഖ്യാനം, ചെറുതും സൂക്ഷ്മവുമായ കാൻവാസ് എന്നിവയാണ് അവയുടെ പ്രമേയബാഹ്യമായ സവിശേഷതകൾ. ‘ടാക്സി ഡ്രൈവറും കാമുകിയും’, ‘അച്ഛൻ തൊടാത്ത ആകാശം’ എന്നീ നോവെല്ലകൾ ഉത്പാദിപ്പിക്കുന്ന
നിരവധി പാഠങ്ങളും വായനകളും സമകാലത്തിന്റെ പരിച്ഛേദമാണ്.
Ph: 9895277257