ഞങ്ങൾ ഒന്നിച്ചു കളിച്ചു തിമിർത്തു നടക്കും
ഞങ്ങൾക്കറിയില്ലല്ലോ പലവഴി
പേര് വിളിച്ചു നടന്നൊരു ചെല്ലക്കിളികളും
കൊക്കുകൾ നീട്ടി ചില്ലകളിൽ ഇതുവഴി
ചറ പറ ചറ പറ ചികയുന്നൊരു ചെങ്കീരികളും
നിറഭേദങ്ങൾ പലഭേദങ്ങൾ മറന്നു നടക്കും
ഞങ്ങടെ വാനം, പുഴയും, കാടും, വയലുകൾ
ഒന്നാണെന്ന വിചാരം തകരും നേരം…
അകലെ കാണും വേലികൾ മുള്ളുകൾ ഭീതികൾ
വെടിയൊച്ചകൾ ഹുങ്കാരങ്ങൾ ഓങ്കാരങ്ങൾ
ഒന്നിച്ച് കളിച്ച് തിമർത്തു നടന്നൊരു മൈതാനങ്ങൾ
ചുടുനിണമൊഴുകി, മാംസത്തുണ്ടുകൾ ചിതറിയരയും നേരം
വരിയായ് നിർത്തി തോക്കിൻ മുനകൾ
പരിശോധിപ്പൂ പൗരത്വത്തെളിവുകളും
ഞങ്ങൾ കൂട്ടം ചിതറിച്ചവരിൻ തെളിവുകൾ
കിട്ടാതുഴലും കൂട്ടരെ കെട്ടി വരിഞ്ഞു മുറുക്കി
ഇടിവണ്ടികളിൽ നിറച്ചേ പോയി കാട്ടളത്തം…
ഞങ്ങൾ കളിച്ചു തിമർത്തു നടന്നയിടങ്ങൾ
കാട്ടാളക്യാമ്പുകളായി പൗരത്വനിഷേധം…
***
പലവർണപ്പൂക്കൾവേണ്ടിനി മണമില്ലാ-
നിറമില്ലാക്കനവുകൾ മതിയിനി കാവിപുതഞ്ഞൊരു
കാലംമതിയിനിയെന്നല്ലോ രാജാവിൻ തിരുമൊഴികൾ!
***
അങ്ങകലെ കേൾക്കുന്നുണ്ടൊരു കാഹളം
മോചനഗാഥകൾ പാടുന്നുണ്ടവരും പലവഴിയായി-
പാടിവരുന്നവരൊരു വഴിയായ് പടരും കാലം
ഒന്നിച്ചുകളിച്ചു തിമർക്കും കാലം വരുമെന്നൊരുനാൾ
കനവുകൾ തളിരിട്ടു കിളിർക്കും കാലം
പുതുവഴികൾ വെട്ടിവരുന്നൂ പുതുയുഗശില്പികളൊന്നായ്.