ഇല്ലിച്ചോല ഇടവകയിലെ സെയിന്റ് സെബസ്ത്യാനോസ് പള്ളിയിലെ പ്രധാന തിരുനാളാണ് ഇന്ന്. വൈകുന്നേരം ആറുമണിയായി. പള്ളിയിൽ ആർഭാടമായ പാട്ടുകുർബാന പുരോഗമിക്കുന്നു. ഇനി ഇല്ലിച്ചോല ടൗൺ ചുറ്റിയുള്ള പ്രദക്ഷിണം. പ്രദക്ഷിണം പള്ളിയിൽ തിരിച്ചെത്തിക്കഴിഞ്ഞാൽ സ്‌നേഹവിരുന്ന്. അഞ്ഞൂറ് കിലോ കപ്പ, എഴുനൂറു കിലോ പോത്തിറച്ചി എന്നിവ ചേർത്തുള്ള ‘എല്ലും കപ്പയും’ എന്ന രുചിയേറിയ വിഭവമാണ് സ്‌നേഹവിരുന്നിൽ. അതിനൊപ്പം നാട്ടുകാർ കാത്തിരുന്ന ആലപ്പുഴ ബ്ലൂ ഡയമണ്ടിന്റെ ഗാനമേളയും സിനിമാറ്റിക് ഡാ
ൻസും. വെളുത്ത ജൂബയും കസവുകരയുള്ള മുണ്ടും അണിഞ്ഞ വലിയവീട്ടിൽ കറിയാച്ചൻ എന്ന പ്രസുദേന്തി, താൻ പണികഴിപ്പിച്ച കുരിശടിയുടെ ചുവട്ടിൽ നിന്നുകൊണ്ട് പള്ളിയിലെ ദീപാലങ്കാരങ്ങൾ ആസ്വദിച്ചു. സെബസ്ത്യാനോസ് പുണ്യവാളൻ അമ്പെയ്യുന്ന ആ ഇലുമി
നേഷൻ സെറ്റിംഗിന് തന്നെ എഴുപതിനായിരം രൂപയായി. എങ്കിലെന്താ, അതിന്റെ പകിട്ട് ഒന്നു വേറെതന്നെ.
ഈ പെരുന്നാൾ ഏറ്റെടുത്തു നടത്തുന്നത് അയാളാണ്. ഇല്ലിച്ചോല ഇടവകക്കാർ ആദ്യമായാണ് ഇത്രയും വലിയ ഒരു പെരുന്നാൾ ആഘോഷം കാണുന്നത്. അവരുടെ ഇടവക ചരിത്രത്തിൽ ഇതിനു മുമ്പ് ഇത്രയും ചെലവേറിയ ഒരു പെരുന്നാൾ ആരും നടത്തിയിട്ടില്ല. മലബാറിലെ പാവപ്പെട്ട ഇടവകകളിൽ ഒന്നായിരുന്നു ഇല്ലിച്ചോല. കൂടുതലും പാവപ്പെട്ട കർഷകർ. റബ്ബറിന്റെയും കാപ്പിയുടെയും വിലയിടിവും വരൾച്ചയിൽ തകർന്ന കുരുമുളകു കൃഷിയും, ബാങ്കിൽ നിന്ന് വലിയ തുക ലോൺ എടുത്തു കൃഷി നടത്തിയ അവരിൽ പലരുടെയും ജീവിതം തകർത്തു.
ആറുമാസം മുൻപാണ് കറിയാച്ചൻ ഇല്ലിച്ചോലയിൽ താമസം തുടങ്ങിയത്. അയാൾ അവിടെ പത്തേക്കർ കാപ്പിത്തോട്ടം വാങ്ങി. കരിങ്കല്ല് കൊണ്ട് വിദേശ മാതൃകയിൽ ഒരു വലിയ വീടും തോട്ടത്തിന്റെ ഒത്തനടുവിൽ തീർത്തു. തോട്ടത്തിനു ചുറ്റും വലിയ മതിൽ. വലിയ ഇരുമ്പ് ഗേറ്റിൽ വലിയ വീട്ടിൽ എന്ന് എഴുതിപ്പിച്ചു. ”ആ വീട്ടുപേരിനു പറ്റിയ വീട്” നാട്ടുകാർ പറഞ്ഞു.
പ്രദക്ഷിണം കഴിഞ്ഞ് സ്‌നേഹവിരുന്ന് തുടങ്ങാൻ കാത്തിരിക്കുകയാണ് കറിയാച്ചൻ. സ്‌നേഹവിരുന്നിന്റെ ഇടയ്ക്ക് ഗാനമേളയും തുടങ്ങും. ഇടവകക്കാരും മറ്റു നാട്ടുകാരും മുഴുവൻ പള്ളിപ്പറമ്പിലുണ്ടാകും. അപ്പോൾ അയാൾ കൊടിമരത്തിന്റെ ചുവട്ടിൽ നിരക്കും. ആ ജനസഞ്ചയം അയാളെ ബഹുമാനത്തോടെ നോക്കും. ഇത്തരമൊരു മുഹൂർത്തത്തിനു വേണ്ടി കറിയാച്ചൻ എത്ര നാൾ കാത്തിരുന്നു. ഇതിനുവേണ്ടിയാണ് താൻ കാത്തിരിക്കുന്നത് എന്ന് തിരിച്ചറിഞ്ഞതുതന്നെ പതിയെയാണ്.
ഇല്ലിച്ചോലയിൽ വരുന്നതിനു മുൻപ് വർഷങ്ങളായി അയാൾ താമസിച്ചത് കോട്ടയത്താണ്. ഹൈറേഞ്ചിന്റെ കവാടമായിരുന്നു അയാളുടെ ഇടവക. അയാളുടെ യഥാർത്ഥ വീട്ടുപേര് വലിയവീട്ടിൽ എന്നല്ല കൊച്ചുവീട്ടിൽ എന്നായിരുന്നു. വലിയവീട്ടിൽ എന്ന പേര് സ്വീകരിച്ചത് ഇല്ലിച്ചോലയിൽ താമസം ഉറപ്പിച്ചതിനു ശേഷമാണ്. ആ വീട്ടുപേർ മാറാനുള്ള കാരണമാണ് കറിയാച്ചനെ ഇപ്പോൾ പെരുന്നാൾ ഏറ്റെടുത്തു നടത്താൻ പ്രേരിപ്പിച്ചത്. കൊടിമരത്തിന്റെ ചുവട്ടിലെ മനോഹര നിമിഷങ്ങൾക്കായി കാത്തുനിൽക്കാൻ പ്രേരിപ്പിക്കുന്നത്.
നാട്ടിൽ, അയാൾ കൊച്ചുവീട്ടിൽ കറിയാച്ചനായിരുന്നു. കൊച്ചുവീട്ടിൽ കറിയാച്ചൻ എല്ലാത്തിനെയും വെറുത്തു. അയാളുടെ അപ്പന്റെ സ്വത്ത് കൈമാറി കിട്ടിയതായിരുന്നു നാട്ടിലുണ്ടായിരുന്ന രണ്ടരഏക്കർ സ്ഥലം. പഴയ ഓടിട്ട തറവാട് വീട് അയാൾ ഇടയ്ക്കിടെ പുതുക്കിപ്പണിത്
അവിടെ ജീവിച്ചു. അയാൾക്ക് രണ്ടു മക്കൾ ഉണ്ടായി. മൂത്തത് പെൺകുട്ടി ഡാലിയ. രണ്ടാമത് റോബിൻ. ഒരു ഇടത്തരം സാമ്പത്തികമുള്ള ക്രി
സ്ത്യാനിയായി അയാൾ നാട്ടിൽ കഴിഞ്ഞുകൂടി. അത് സമ്പന്നരുടെ ഇടവകയായിരുന്നു.
കറിയാച്ചന്റെ ജീവിതം നിശബ്ദമായി കടന്നുപോയി. അയാൾ എന്നും അതിരാവിലെ എഴുന്നേൽക്കും. റബ്ബർ വെട്ടാൻ പോകും. അപ്പോഴേക്കും ഭാര്യ പശുവിനെ കറന്നു കഴിയും. റബ്ബർ വെട്ടിവച്ച് തിരികെ വരുന്ന കറിയാച്ചൻ അടുത്തുള്ള സൊസൈറ്റിയിലും വീടുകളിലും പാല്
കൊണ്ടുകൊടുക്കും. പുലർച്ചെയുള്ള ഈ യാത്രയിൽ അയാൾ പള്ളിയിൽനിന്ന് രാവിലത്തെ കുർബാന കഴിഞ്ഞ് തിരികെ
വരുന്ന പൊൻവീട്ടിൽ ജോർജ് മുതലാളിയെ കാണും. ഒരു കറുത്ത താർ ജീപ്പിലാണ് മുതലാളിയും ഭാര്യയും പള്ളിയിൽ പോയിട്ട്
വരുന്നത്. കറിയാച്ചനും ജോർജിനും ഒരേ പ്രായമാണ്. ഒക്ഷേ കറിയാച്ചൻ വെറും കറിയാച്ചനും ജോർജ്, ജോർജ് മുതലാളിയുമാണ് നാട്ടുകാർക്കിടയിൽ. അതിനുള്ള കാരണം ഏകദേശം മുതലാളിയുടെ നാനൂറ് ഏക്കർ റബ്ബർതോട്ടവും കുടുംബമഹിമയുമാണ്. പള്ളിക്കും പള്ളി
ക്കൂടത്തിനും പോേസ്റ്റാഫീസിനും ഒക്കെ പൊൻവീട്ടിൽ കുടുംബക്കാർ സ്ഥലം കൊടുത്തു. കൂടാതെ ജോർജ് മുതലാളിയുടെ അനിയൻ ഒരു മെത്രാനാണ്. ഇത് കൂടാതെ അവരുടെ നാല് തലമുറ മുൻപുണ്ടായിരുന്ന ഒരു വൈദികൻ, വാഴ്ത്തപ്പെട്ടവരുടെ പട്ടികയിൽ പരിഗണിക്കുന്നതിനായുള്ള തിരുസഭയുടെ പരിശോധനയിലാണ്. കുടുംബമഹിമ എന്ന് പറയുന്നത് അതൊക്കെയാണ്. നിങ്ങളുടെ നാല് തലമുറ മുൻപുള്ള പൂർവികർ വരെ ആരൊക്കെയാണ് എന്ന് ചരിത്രപുസ്തകങ്ങളിൽ ഉണ്ടാകും. പടർന്നു പന്തലിച്ച ഒരു ഫാമിലി ട്രീയുടെ ചിത്രം സ്വീകരണമുറിയിലെ സ്റ്റഫ് ചെയ്ത കാട്ടുപോത്തിന്റെ തലയുടെ ചുവട്ടിൽ തൂങ്ങും.
പൊൻവീട്ടിൽ ജോർജ് മുതലാളിയുടെ ജീപ്പ് കാണുമ്പോഴേ കറിയാച്ചൻ വഴിയിൽ ഒതുങ്ങിനിൽക്കും. മുതലാളി സദാ വെളുത്ത ജൂബയും മുണ്ടുമാണ് ഉടുക്കുന്നത്. സ്വർണ്ണ നിറം. എല്ലാ ദിവസവും കിടക്കുന്നേരം മുതലാളി സ്വർണം അരച്ച് കഴിക്കുന്നുണ്ടെന്ന് നാട്ടുകാർ ്ിശ്വസി
ക്കുന്നു.
മുതലാളിയും കറിയാച്ചനും ഇതുവരെ പരസ്പരം സംസാരിച്ചിട്ടില്ല. ഒന്നു രണ്ടു പ്രാവശ്യം പള്ളി പൊതുയോഗത്തിൽ വച്ച് അവരുടെ കണ്ണുകൾ ഇട
ഞ്ഞിട്ടുണ്ട്. അപ്പോഴൊക്കെ ഇടിമിന്നൽ ഏറ്റതു പോലെ കറിയാച്ചൻ തല കുനിക്കും. മുതലാളി സാധാരണ പള്ളിയിൽ വന്നാൽ ഏറ്റവും മുൻപിലെ കസേരയിലാണ് ഇരിക്കുന്നത്. സാധാരണ ആ ബെഞ്ചിൽ ഇരിക്കുന്ന മറ്റുള്ളവരും മുതലാളിയുടെ അത്ര പണമില്ലെങ്കിലും അവിടുത്തെ സമ്പന്നർ തന്നെയാണ്.
എന്തുകൊണ്ടാണ് കറിയാച്ചൻ ഒരിക്കൽ പോലും മുതലാളിയുടെ അരികിൽ പോയി ഇരിക്കാത്തത്? ഒരിക്കൽ, ഒരു ദു:ഖവെള്ളി ദിവസം കർത്താവിന്റെ രൂപം മുത്താനുള്ള വരിയിൽ അവർ അടുത്തടുത്താണ് നിന്നത്. മുതലാളിയുടെ ശരീരത്തിൽനിന്ന് വിലകൂടിയ ഏതോ
സുഗന്ധം പ്രസരിച്ചു. അപ്പോഴൊക്കെ കറിയാച്ചന്റെ ചങ്ക് മിടിച്ചു. ഇത്തരം കാര്യങ്ങൾ കറിയാച്ചൻ ആരുമായും സംസാരിച്ചില്ല. പശുവിന്റെ
പാല് കൊടുത്തു തിരികെ വന്നാൽ ഉടൻതന്നെ അയാൾ പ്രാതൽ കഴിക്കും. കപ്പയോ പഴങ്കഞ്ഞിയോ അങ്ങിനെ എന്തെങ്കിലുമോ ആണ് സ്ഥിരം വിഭവങ്ങൾ. അതിനുശേഷം അല്പം വിശ്രമിച്ചതിനുശേഷം റബ്ബർ പാലെടുക്കും. അത് ഷീറ്റാക്കി കഴിയുമ്പോൾ ഉച്ചയാകും. അതുകഴിഞ്ഞ് ഊണ് കഴിച്ച് പശുവിനു പുല്ലു പറിക്കാൻ പോകണം. എല്ലാം കഴിയുമ്പോൾ സന്ധ്യയാകും. ഇതിനിടെ അയാൾക്ക് മറ്റു കാര്യങ്ങൾക്ക് ഒന്നുംതന്നെ
നേരം ഉണ്ടായില്ല. ബന്ധങ്ങൾ ഉണ്ടാക്കുന്ന കാര്യത്തിൽ അയാൾ അല്ലെങ്കിൽതന്നെ പിറകിലായിരുന്നു. കാരണമില്ലാത്ത ഒരുതരം അപകർഷത അയാളെ നിശബ്ദനാക്കി.
എങ്കിലും കൃഷിപ്പണിയിലും വീട്ടുകാര്യങ്ങളിലും മുഴുകുമ്പോഴും കറിയാച്ചന്റെ ഹൃദയത്തിൽ വല്ലാത്ത ശൂന്യത അനുഭവപ്പെട്ടു. താൻ എന്താണ് തേടുന്നത് എന്ന്, അല്ലെ ങ്കിൽ തന്നെ തൃപ്തിപ്പെടുത്താൻ സാധിക്കുന്നത് എന്തിനാണ് എന്ന് അയാൾ ഇടയ്ക്കിടെ സ്വയം ചോദി
ക്കും. പുല്ലു പറിച്ചു, കൂട്ടിയിട്ടു, പറമ്പിലെ പാറയുടെ പുറത്തു വിശ്രമിക്കുമ്പോൾ തന്റെ ജീവിതം എരിഞ്ഞു തീരുകയാണ് എന്ന് അയാൾ മനസ്സിലാക്കി.
ആ പള്ളിയിലെ പെരുന്നാൾ എല്ലാവർഷവും പൊൻവീട്ടിൽ കുടുംബമാണ് നടത്തിെക്കാണ്ടിരുന്നത്. പെരുന്നാൾ തിരക്കിൽ തിളങ്ങുന്ന ജൂബയുമായി ജോർജ് മുതലാളി എല്ലാത്തിനും മുൻപിലുണ്ടാകും. കോടിക്കണക്കിന് രൂപ ആസ്തിയുള്ള മുതലാളിക്ക് പെരുന്നാൾ ചെലവ് വെറും മുട്ടായി മേടിക്കുന്നത് പോലെയേ ഉള്ളു എന്ന് നാട്ടുകാർ പറയും.
ഇതിനിടെ കറിയാച്ചന്റെ അയൽപക്കത്ത് താമസിക്കുന്ന വർക്കിച്ചന്റെ മകൾ അയർലണ്ടിൽ പോയി നഴ്‌സ് ജോലി ചെയ്ത് ധാരാളം പണം സമ്പാദിച്ചു. അയാൾ പുതിയ വീട് പണിതു. സ്ഥലം വാങ്ങി. പുതിയ കാറും വാങ്ങി.
”ഇപ്രാവശ്യം ചിലപ്പോ വർക്കിച്ചൻ പെരുന്നാളും നടത്തുവാരിക്കും. കാശുണ്ടല്ലോ…” കറിയാച്ചൻ ഭാര്യയോട് പറഞ്ഞു. അവർ അതിനു മറുപടി പറഞ്ഞില്ല.
ആ വർഷവും പെരുന്നാൾ പൊൻവീട്ടിൽ ജോർജ് മുതലാളി തന്നെയാണ് നടത്തിയത്.
”പണം മാത്രം പോരാ പെരുന്നാൾ നടത്താൻ…” കഴുന്നു പ്രദക്ഷിണം കഴിഞ്ഞു വീട്ടിലേക്ക് തിരികെ വരും വഴി കാറിൽ പോകുന്ന വർക്കിയുടെ ഭാര്യയെ നോക്കി കറിയാച്ചന്റെ ഭാര്യ പിറുപിറുത്തു. അവളുടെ മറുപടി അസൂയയിൽനിന്നായിരുന്നെങ്കിലും അതിൽ ഒരു വലിയ
സത്യം ഉണ്ടെന്ന് അവിരാ ഒരു മിന്നൽ പോലെ തിരിച്ചറിഞ്ഞു. പിറ്റേന്ന് പകൽ മുഴുവൻ അയാൾ അതായിരുന്നു ആലോചിച്ചുകൊണ്ടിരുന്നത്.
തന്നെയും വർക്കിച്ചനെയും ജോർജ്മുതലാളിയിൽനിന്ന് വേർതിരിക്കുന്നത് എന്താണ്? മുതലാളിക്ക് തന്റെ പേര് പോലും അറിയില്ല. ഒരിക്കലും, ഈ ഭൂലോകത്ത് ജീവിച്ചിരുന്നു എന്നതിന്റെ ഒരടളയാവും തെളിയിക്കാതെ, സംതൃപ്തിയുടെ ഒരു കണിക പോലും ലഭിക്കാതെ താനൊക്കെ ഭൂമിയിൽനിന്ന് മാഞ്ഞുപോകും. നിലയും വിലയും. എന്നും വർത്തമാനത്തിൽ ഉപയോഗിക്കുന്ന ചെറിയ രണ്ടു വാക്കുകൾ. പക്ഷേ, നാളെ ഭൂമുഖത്തു നിന്ന് മറഞ്ഞുപോകുന്ന, ഇന്ന് പോലും ആരാലും അംഗീകരിക്കപ്പെടാതെ കിടക്കുന്ന തന്നെപ്പോലെയുള്ള മനുഷ്യർക്ക് ആ വാക്കുക
ൾക്ക് ഒരുപാട് അർത്ഥ മുണ്ട്.
ആ നിമിഷം, കർത്താവ് മരിച്ചപ്പോൾ, ദേവാലയവിരി നെടുകെ കീറിയതുപോലെ, താൻ തേടിയ സത്യം കറിയാച്ചന്റെ മനസ്സിന്റെ വിരികൾ കീറി പുറത്തുവന്നു. തനിക്ക് ജോർജ് മുതലാളിയാകണം. ഒരിക്കൽ, ഒരിക്കലെങ്കിലും തനിക്കും പെരുന്നാൾ നടത്തണം. പക്ഷെ തനിക്ക് മുതലാളിയാകാൻ കഴിയുമോ?
ഇന്നേവരെ കൈലിമുണ്ടുടുത്ത്, പുല്ലും റബ്ബർ ഷീറ്റും ചുമന്ന്, ഞായറാഴ്ചഒന്നരക്കിലോ ഇറച്ചിക്കായി മേലെതൊടി യിൽ തൊമ്മന്റെ കശാപ്പുശാലയുടെ മുൻപിൽ വരി നിൽക്കുന്ന താൻ എങ്ങിനെയാണ് മുതലാളിയാകുക?
കയ്യെത്തും ദൂരത്തുള്ള ഒന്നും മനുഷ്യനെ തൃപ്തിപ്പെടുത്തില്ല. അകലെയുള്ള നക്ഷത്രങ്ങൾ, ഒരിക്കലും നടക്കാത്ത സ്വപ്‌നങ്ങൾ, അവന്റെ
ഉറക്കം കെടുത്തുന്നു. പണം. അതാണ് ആദ്യം വേണ്ടത്. ആഗ്രഹിക്കുന്നതിന്റെ വിപരീതമാണ് ജീവിതത്തിൽ സംഭവിക്കുക. റബ്ബറി
ന്റെ വില കണ്ടമാനം ഇടിഞ്ഞു. മകനെ മെയിൽ നഴ്‌സിംഗ് പഠിപ്പിക്കാൻ കറിയാച്ചൻ ലോൺ എടുത്തിരുന്നു. അവൻ അത് പഠിച്ചു
പുറത്തു പോയാൽ താൻ രക്ഷപ്പെടും എന്ന് അയാൾ കരുതി. എന്നാൽ ഒന്നും സംഭവിച്ചില്ല. അവൻ പഠിച്ചു തിരികെ വന്നതോടെ അതിന്റെ ഡിമാൻഡ് പോയി. ബാങ്ക് ലോൺ മാത്രം മിച്ചമായി. ഒന്നര ഏക്കർ സ്ഥലം പണയം വച്ചാണ് അയാൾ ലോൺ എടുത്തത്. ഒരേ
ക്കർ സ്ഥലം വിറ്റ് അയാൾ ഡാലിയയെ കെട്ടിച്ചു. കെട്ടിയോന് വേറൊരു പെണ്ണുമായി ബന്ധം ഉണ്ടെന്ന് ഡാലിയ കണ്ടുപിടിച്ചു. കെട്ടി ആറുമാസം തികയുന്നതിനു മുൻപ് അവൾ തിരികെവീട്ടിൽ വന്നു നിന്നു.
അയാൾ പക്ഷേ ഈ ദുരന്തങ്ങളെ തീർത്തും നിർവികാരമായി നേരിട്ടു. ഇനി പണം ഉണ്ടെകിൽത്തന്നെ, തനിക്ക് ഒരു പുഴുവിന്റെ വില ഈ നാട്ടിൽ ഉള്ളു എന്ന് അയാൾ സ്വയം തീരുമാനിച്ചു. അയാൾക്ക് ആകെ പ്രതീക്ഷ കുട്ടികളിലായിരുന്നു. അതും ഇല്ലാതായി.
ഒരിക്കൽ പുല്ലു ചെത്തുന്നതിനിടയിൽ വിശ്രമിക്കവേ അയാൾ ഉറങ്ങിപ്പോയി. അപ്പോൾ കറിയാച്ചൻ ഒരു സ്വപ്‌നം കണ്ടു. തന്റെ വല്യപ്പൻ, ഔസേപ്പ് പറമ്പിൽ തന്റെ അടുത്ത് വന്നിരിക്കുന്നു.
”കറിയാച്ചാ, നീ ഞങ്ങളെ മരിച്ചവരെ ഒക്കെ മറന്നു അല്ലേടാ?” വല്യപ്പൻ അയാളോട് ചോദിക്കുന്നു.
ഇപ്രാവശ്യം മരിച്ചവർക്ക് േവണ്ടി കുർബാന ചൊല്ലിച്ചില്ല എന്ന കാര്യം സ്വപ്‌നത്തിനിടയിൽ കറിയാച്ചൻ ഓർമിച്ചു.
”ഓർത്തിട്ട്, എന്നാ എടുക്കാനാ, നിങ്ങളൊക്കെ രക്ഷപെട്ടില്ലെ? സ്വപ്നത്തിലും കറിയായ്ക്ക് തറുതല പറയാനാ തോന്നിയത്.
വല്യപ്പൻ കൊച്ചുമകന്റെ തലമുടിയിലൂടെ വിരലോടിച്ചു.
”നീയാകെ ക്ഷീണിച്ചു. നിനക്കിനി എന്താടാ മോനെ കറിയാ വേണ്ടത്?” വല്യപ്പൻ ചോദിക്കുന്നു.
മകന്റെ ജോലി. മകളുടെ ഭാവി. ബാങ്ക് ലോൺ. ഇതൊന്നും കറിയാച്ചൻ ഓർമിച്ചില്ല.
”എനിക്കൊരു മുതലാളിയാകണം. വല്യപ്പച്ചാ…” കറിയാച്ചൻ പറഞ്ഞു. അയാളുടെ കണ്ണ് നിറഞ്ഞിരുന്നു.
പെട്ടെന്ന് അയാൾ ഉറക്കത്തിൽനിന്ന് ഉണർന്നു. വല്ലാത്ത ഒരു ആത്മധൈര്യം കറിയാച്ചനിൽ നിറഞ്ഞു. ജീവിതം പാമ്പിൻകോണിയും കളി
പോലെയാണ്. ചില അപ്രതിക്ഷിത നീക്കങ്ങൾ കൊണ്ട് അത് നിങ്ങളെ അമ്പരപ്പിക്കും.
ഒരിക്കൽ ഫാം ടൂറിസം കാണാൻ പൊൻവീട്ടിൽ ജോർജ് മുതലാളിയുടെ തോട്ടത്തിൽ വന്ന കാനഡക്കാരൻ സായിപ്പ് ഡാലിയായെ കണ്ടു. അയാൾക്ക് വയസ്സ് അമ്പതിനടുത്തുണ്ട്. അയാൾക്ക് ഡാലിയയെ വല്ലാതെ പിടിച്ചു. എന്തോ ഡാലിയായ്ക്കും അയാളെ ഇഷ്ടമായി. അവൾക്ക് ആ നാട്ടിൽ നിന്ന് എങ്ങിനെയെങ്കിലും പോയാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളൂ. അവർ വിവാഹം കഴിച്ചു കാനഡയ്ക്ക് പോയി.
ഒരാഴ്ചകഴിഞ്ഞപ്പോൾ വികൃതമായ ഒരു സത്യം കറിയാച്ചനെയും ഭാര്യയേയും തകർത്തുകളഞ്ഞു. റോബിൻ ഒരു സ്വവർഗാനുരാഗിയാണ്. അവനെയും മറ്റൊരാൺകുട്ടിയെയും ബാംഗ്ലൂരിൽ വച്ച് ഹിതമല്ലാത്ത സാഹചര്യങ്ങളിൽ നാട്ടുകാരാരോ കണ്ടു.
”ഇതിലൊന്നും വലിയ കാര്യമില്ല അപ്പച്ചാ. യൂറോപ്പിലൊക്കെ അത് സർവസാധാരണമാണ്. എന്റെ കെട്ടിയവൻ റോബിന് ഹോളണ്ടിൽ നല്ല ജോലി ശരിയാക്കിയിട്ടുണ്ട്. അവനെ ഞങ്ങൾ നോക്കിക്കൊള്ളാം”ഡാലിയ അവരെ വിളിച്ചു പറഞ്ഞു.
എല്ലാ ദുരന്തങ്ങളിലും ഒരവസരം ഒളിഞ്ഞുകിടക്കുന്നു.
”നമുക്കിവിടം വിടാം പെണ്ണമ്മേ… ഈ നാട്ടിൽ എനിക്കിനി ജീവിക്കാൻ വയ്യ” അയാൾ ഭാര്യയോടു പറഞ്ഞു. അവർക്കത് സമ്മതമായിരുന്നു.
ഇതിനിടയിൽ ഡാലിയയുടെ സായിപ്പ് മരിച്ചു. ഒരു ദിവസം ബാറിൽ വച്ച് വാതു വച്ചതാണ്. സായിപ്പന്മാർക്കിടയിൽ വാതുവയ്പ് ഒക്കെ രസകരമാണല്ലോ. ഏറ്റവും കൂടുതൽ ബിയർ അകത്താക്കുന്നത് ആരാണ് എന്നതായിരുന്നു മത്സരം. അയാൾ ഒൻപതു കുപ്പി ബിയർ ഒന്നി
ന് പിറകെ ഒന്നായി കഴിച്ചു. അതിനുശേഷം പുറകോട്ടു മറിഞ്ഞുവീണു മരിച്ചു. ആ വാതു വയ്പ് ഡാലിയയെ കോടീശ്വരിയാക്കി.
നാട്ടിലെ സ്ഥലവും വീടും വിറ്റതിനുശേഷം കറിയാച്ചൻ പള്ളിയിൽ ചെന്നു. മരിച്ചവർക്ക് വേണ്ടിയുള്ള കുരബാന പണം അയാൾ വികാരിയച്ചന് കൊടുത്തു. അത് തിടുക്കത്തിൽ വാങ്ങി മേശയിൽ ഇട്ടിട്ട് അച്ചൻ ഓടിയിറങ്ങി.
”നമ്മുടെ ജോർജ് മുതലാളിക്ക് എന്തോ സുഖക്കേട്. അച്ചൻ അങ്ങോട്ടാപോകുന്നത്. മെത്രാൻ ഒക്കെ വരുന്നുണ്ട്”കൈക്കാരൻ പറയുന്നത് കറിയാച്ചൻ കേട്ടു.
അയാൾ പള്ളി സെമിത്തേരിയിൽ പോയി. വല്യപ്പച്ചൻ സ്വപ്നത്തിൽ വന്നത് കറിയാച്ചൻ ഓർമിച്ചു.
‘വല്യപ്പച്ചാ, ഞാൻ ഇനിയും വരും. എല്ലാ വർഷവും നവംബർ മാസം നിങ്ങൾക്കു വേണ്ടി കുർബാന ചൊല്ലാൻ ഞാനിവിടെ വരും’. കറിയാച്ചൻ മനസ്സിൽ പറഞ്ഞു.
നാട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന, എല്ലാ ദുരന്തങ്ങളിലും തങ്ങൾക്ക് ഒപ്പം നിന്ന അപ്പനെയും അമ്മയെയും മക്കൾ മറന്നില്ല. അവർ അയാൾക്ക് കോടികൾ വാരിക്കോരി കൊടുത്തു. അങ്ങിനെയാണ് അയാൾ മലബാറിൽ തന്നെ ആരും അറിയാത്ത ഇല്ലിച്ചോല എന്ന സ്ഥലത്ത് വന്നത്. കൊച്ചുവീട്ടിൽ എന്ന വീട്ടുപേരും കറിയാച്ചൻ മാറ്റി. അയാൾക്ക് ആ വീട്ടുപേര് എന്നും വെറുപ്പായിരുന്നു. പകരം വലിയ വീട്ടിൽ എന്ന കൂടുതൽ തറവാടിത്തം തോന്നിക്കുന്ന വീട്ടുപേർ സ്വീകരിച്ചു. അയാൾ എന്നും പന്നിയും പോത്തും വറുത്തതും പൊരിച്ചതും കഴിക്കും. സ്‌കോച്ച് വിസ്കിയും. അയാളുടെ വണ്ണം കൂടി. മുഖം ചുവന്നു മാംസളമായി. കഴുത്തിൽ ഒരു കയറുപിരിയൻ സ്വർണമാല തിളങ്ങി.
ജോർജ് മുതലാളിയെ പോലെ അയാൾ ജൂബയും മുണ്ടും അണിയാൻ തുടങ്ങി.
ഇതെല്ലാം കണ്ട് ഭാര്യയ്ക്ക് ആദ്യം അമ്പരപ്പായിരുന്നു. എങ്കിലും അവർ വളരെ പെട്ടെന്ന് തന്നെ അയാളുടെ മാറ്റവുമായി പൊരുത്തപ്പെട്ടു.
ഇതിനിടയിൽ ജോർജ് മുതലാളി മരിച്ച വിവരം അയാൾ അറിഞ്ഞു. ആ വിവരം അയാളെ ദു:ഖിപ്പിച്ചു. എങ്കിലും അത് അയാളുടെ പുതിയ മാറ്റത്തെ മാറ്റാൻ പോകുന്ന ഒന്നായിരുന്നില്ല.
ഇല്ലിച്ചോലയിലെ പെരുന്നാൾ വലിയ വീട്ടിൽ കറിയാച്ചൻ മുതലാളി നടത്തിക്കൊടുക്കാമെന്ന് ഏറ്റു. ലക്ഷങ്ങൾ അതിനായി അയാൾ പൊടിച്ചു.
ഇനി, ഇനിയാണ് അയാൾ കാത്തിരുന്ന മുഹൂർത്തം വരുന്നത്. ഇടവകയിലെ എല്ലാവരും നാട്ടുകാരും ഒരുമിച്ചു കൂടുന്ന സമയം ഇനിയാണ്.
സ്‌നേഹവിരുന്നും ഗാനമേളയും. വലിയ കുട്ടകങ്ങളിൽ കപ്പയും ഇറച്ചിയും നിരത്തി. അവ തേക്കിലയിൽ പൊതിഞ്ഞു വിശ്വാസികൾക്ക് കൊടുക്കുന്ന നേരമായി.
നേർച്ച ഭക്ഷണം വെഞ്ചരിച്ച് ആശീരവദിക്കണം. പ്രാർത്ഥനയ്ക്ക് ശേഷമാണ് അത് വിതരണം ചെയ്യുന്നത്. അതിനുശേഷം അരമണിക്കൂർ വെടിക്കെട്ട്. പിന്നെ ഗാനമേള. പള്ളിപ്പറമ്പിൽ മൊട്ടുസൂചിയിട്ടാൽ വീഴാത്ത തിരക്കാണ്. കറിയാച്ചൻ വികാരിയച്ചന്റെ അടുത്തുതന്നെ നിന്നു. അച്ചൻ നേർച്ചഭക്ഷണം വെഞ്ചരിക്കാൻ തുടങ്ങി. അപ്പോൾ എല്ലും കപ്പയും വാങ്ങാൻ കാത്തുനിൽക്കുന്ന മനുഷ്യർക്കിടയിൽ അയാൾ ഒരു മുഖം കണ്ടു. ജോർജ് മുതലാളി. പൊൻവീട്ടിൽ ജോർജ് മുതലാളിയല്ലേ അത്! ആ മുഖത്ത് ഒരു പുച്ഛരസത്തിലുള്ള ചിരി വ്യക്തമായി കറിയാച്ചൻ കണ്ടു.
വലിയ വീട്ടിൽ കറിയാച്ചൻ കുഴഞ്ഞു വീണു. അയാളുടെ ബോധം മറഞ്ഞു. ആളുകൾ ചുറ്റും കൂടി. പെരുന്നാൾ നടത്തുന്നയാൾ മരിച്ചാൽ… എല്ലും കപ്പയും, വെടിക്കെട്ട്, ഗാനമേള….കൈക്കാരൻ വർഗീസ്, ആൾക്കാരെ ഒതുക്കി കറിയാച്ചൻ മുതലാളിയുടെ പൾസ് നോക്കി. ശ്വാസം നിലച്ചിരിക്കുന്നു. പക്ഷെ ഈ പെരുന്നാൾ ഈ നാട്ടുകാരുടെ ഒരു സ്വപ്‌നമാണ്. എല്ലിന്റെയും കപ്പയുടെയും കൊതിപ്പിക്കുന്ന ഗന്ധം വർഗീസി
ന്റെ മൂക്കിൽ അടിച്ചുകയറി.
”ചെറിയ പൾസുണ്ട്. ആശുപത്രിയിൽ കൊണ്ടുപോകാം” അയാൾ വിളിച്ചു പറഞ്ഞു. കറിയാച്ചന്റെ ശരീരവുമായി ഒരു വണ്ടി ആശുപത്രിയിലേക്ക് പാഞ്ഞു. കരഞ്ഞുകൊണ്ട് പെണ്ണമ്മ അയാളുടെ ശിരസ്സ് താങ്ങി വണ്ടിയിലിരുന്നു.
ഡോക്ടർ അയാളുടെ ശരീരം പരിശോധിക്കുമ്പോൾ ഇല്ലിച്ചോലയിൽ ഇടവകക്കാർ എല്ലും കപ്പയും കഴിച്ചുകൊണ്ടിരിക്കുകയായിരുന്നു.
മരണസർട്ടിഫിക്കറ്റ് എഴുതാൻ സിസ്റ്റർമാർ പെണ്ണമ്മയോട് വീട്ടുപേരു ചോദിച്ചു.
”കൊച്ചുവീട്ടിൽ…. കൊച്ചുവീട്ടിൽ കറിയാച്ചൻ” അവർ പറഞ്ഞു.
അപ്പോൾ ഇല്ലിച്ചോലയിൽ വെടിക്കെട്ട് തുടങ്ങിയിരുന്നു. ആകാശത്ത് വർണക്കുടകൾ തെളിഞ്ഞു.
മൊബൈൽ: 9605927001