തളർന്നു തുടങ്ങിയ എന്റെ കണ്ണുകളിൽ
ഇന്നലെ മുതൽ ഒരു കാരണവുമില്ലാതെ
വസന്തത്തിന്റെ നിലാവ് തുന്നിവയ്ക്കുകയാണ് നീ.
സന്ദേഹത്തോടെ തനിച്ച് നിൽക്കുന്ന എന്റെ ചുമലുകളിൽ
നിന്റെ കനമുള്ള കൈപ്പടങ്ങൾ അമരുന്നു.
എനിക്കും നിനക്കുമിടയിൽ
ആരുമറിയാതെ കുതിച്ചു പായുകയാണ് ഒരു തീവണ്ടി.
നിന്റെ കണ്ണുകളിൽ വിരിഞ്ഞ മഞ്ഞ സൂര്യകാന്തികൾ
എന്നും എന്റെ ചിത്രപ്പുസ്തകത്തിലെ സന്ദർശകരാകുന്നു.
പച്ചയും നീലയും നിറങ്ങൾ കൊണ്ട്
നീ ഭൂപടങ്ങൾ വരയ്ക്കുമ്പോൾ
ഒരു കറുത്ത പക്ഷി ചേക്കേറുന്നു
എന്റെ മുറിവുകളിലേക്ക്.
നിന്നിലേക്ക് നടന്നു വരാൻ മാത്രമായ് ഞാൻ നടത്തിയ
ഒരു ആഭിചാരക്രിയ പോലെ എന്റെ പ്രണയം .
എന്റെ ദൈവമേ…
എന്നിലെ പരിഭ്രാന്തികൾക്ക് അവസാനമില്ലാതായിരിക്കുന്നു.
എനിക്കും നിനക്കുമിടയിൽ
ഇതിലും സുന്ദരമായതൊന്ന്
ഇനി സംഭവിക്കാനില്ല എന്ന തീർച്ചയിൽ ഞാൻ ശാന്തയാകുന്നു.
ഇപ്പോൾ എന്റെ ഹൃദയം കനം വച്ച്
വിറ കൊള്ളുകയാണ്.
അഴിമുഖത്ത് നങ്കുരമിട്ട പായ്ക്കപ്പലിലെ ഏകാന്ത സഞ്ചാരികളായി
നീയും ഞാനും മുഖം നോക്കിയിരിക്കുന്നു.
എന്റെ ഉടലിനും ആത്മാവിനുമിടയിലെ ചെറിയ ദൂരം പോലും നിന്നെ പരിഭ്രമിപ്പിക്കുന്നു.
അന്നുമുതൽ ഭൂമിയിൽ മറ്റാർക്കും പരിഭാഷപ്പെടുത്താൻ കഴിയാത്തവിധം
നിന്നെ നനഞ്ഞ മണ്ണിലെ പച്ചകൾക്കിടയിൽ ഞാൻ ഒളിപ്പിച്ചു തുടങ്ങുന്നു.
എന്റെ ഭ്രമങ്ങളുടെ വേരുകളിൽ നീ കുടിപ്പാർക്കുന്നു.
നിന്റെ ഓർമ്മകളെ ഒന്നൊന്നായ് ഞാൻ അഴിച്ചെടുക്കുന്നു.
അപരിചിതമായ ഖനികളുടെ ആഴങ്ങളിൽ പോയി അന്നുമുതൽ നമ്മൾ ഒളിച്ചു പാർക്കുന്നു.
പ്രണയത്തിന്റെ താക്കോൽ തേടി നടക്കുന്നവർ ചുറ്റിലും പരിഭ്രമത്തിലാണ് ഇപ്പോൾ.
Mobile: 8945873906