വൈകുന്നേരം കുഞ്ഞാവ ചില സഹപ്രവർത്തകരോടൊപ്പം ഓഫീസിനു പുറകുവശത്തുള്ള ഇടുങ്ങിയ നിരത്തിലെ ചായക്കടയ്ക്ക് മുന്നിലെത്തി. ചായ, സിഗരറ്റ്, സമോസ ഒക്കെയുണ്ട് പലരുടെയും
കയ്യിൽ. പല കൂട്ടമായി നിന്ന് തോരാത്ത സംസാരം. ഓഫീസിൽ ആകെ ഉള്ളതിൽ പകുതി പേരും വെളിയിലാണെന്നു തോന്നുന്നു. ചിലർ വിളർക്കെ ചിരിക്കുന്നു. മറ്റു ചിലർ അശാന്തിയുടെ ആൾരൂപം.
ഓഫീസിൽ അപ്രൈസൽ നടക്കുവാണ്. ബോസ് ഓരോരുത്തരെയായി വിളിക്കും, സംസാരിക്കും. ഗ്രേഡിങ് കൊടുക്കും. വിടും. ഇറങ്ങിവരുമ്പോൾ ചില മുഖങ്ങളിൽ വാട്ടം. മറ്റു ചിലരിൽ
തെളിച്ചം. ഈ വിലയിരുത്തൽ അനുസരിച്ചാണല്ലോ ശമ്പളവർദ്ധനവും ജോലിക്കയറ്റവും ഒക്കെ.
കാണുമ്പോൾ ഒക്കെ ഒരു തമാശ. പക്ഷേ പലർക്കും ഇതൊരു ജീവന്മരണ പ്രശ്നമാണ്. നാല് റേറ്റിംഗ് ഉണ്ട്. ഏറ്റവും മുന്തിയ കക്ഷികൾക്ക് മിക്കവാറും പ്രമോഷൻ, നല്ല ശമ്പളക്കയറ്റം. ഏറ്റവും കുറഞ്ഞ കക്ഷികൾക്ക് ശമ്പളം കൂടില്ലാന്നു മാത്രമല്ല, ചിലപ്പോൾ പണിയും തെറിക്കും. എങ്കിൽ ലോണിലോടുന്ന വീടും കാറുമൊക്കെ പോക്കാണ്.
ഈയിടെയായി ഈ പരിപാടി വളരെ സുതാര്യമെന്നാണ് വയ്പ്. പണ്ടൊക്കെ ഗ്രേഡിങ്ങുമില്ല ഒരു കുന്തവുമില്ല. കത്ത് കയ്യിൽ കിട്ടുമ്പോഴറിയാം ജോലി കൂടിയോ, കൂലി കൂടിയോ എന്നൊക്കെ. ഇപ്പഴോ? ബോസ് വിളിക്കുന്നു. സംസാരിക്കുന്നു. തീർപ്പ് കല്പിക്കുന്നു. എന്തു പ്രതീക്ഷിക്കണമെന്ന് അപ്പോൾതന്നെ അറിയാം. സുതാര്യത! ആരെ പറ്റിക്കാനാ, സാറന്മാരേ?
കുഞ്ഞാവയുടെ ബോസ് കുഞ്ഞാവയെപ്പോലെ ഉയരം കുറഞ്ഞ, തടി കൂടിയ ഒരു മലയാളി. ഏതാണ്ടു സമപ്രായക്കാരനും. അവിടെ തീരും പൊരുത്തം. ഇനി വൈരുദ്ധ്യങ്ങൾ: കുഞ്ഞാവയ്ക്ക്
നരച്ച താടിയും മുടിയും, ബോസ് താടിയും മീശയുമില്ലാത്ത നരയ്ക്കാത്ത കഷണ്ടിക്കാരൻ, കുഞ്ഞാവയുടെ സ്ഥായീഭാവം പുഞ്ചിരി, ബോസിന്റെ മുഖത്ത് എപ്പോഴും അതൃപ്തി,
കുഞ്ഞാവയുടെ വേഷം ജീൻസും ടീഷർട്ടും, ബോസ് മിക്കവാറും സ്യൂട്ടിൽ.
കുഞ്ഞാവയുടെ അപ്രൈസൽ കുറച്ചു മുമ്പ് കഴിഞ്ഞു. ഇങ്ങനെ:
കുഞ്ഞാവ ബോസിന്റെ കാബിനിലെ കണ്ണാടിവാതിലിൽ കൊട്ടിയിട്ട് പ്രവേശിക്കുന്നു.
”ഹലോ, കുഞ്ഞാവ”
”ഹലോ, ബോസ്”
”ഇരിക്കൂ”
കുഞ്ഞാവ ഇരിക്കുന്നു.
”പറയൂ, എങ്ങനെയുണ്ട്? എങ്ങനെ ഉണ്ടായിരുന്നു ഈ വർഷം?”
”പതിവുപോലെ. നിങ്ങൾക്കെന്തു തോന്നുന്നു?”
”നിങ്ങൾടെ ജോലി നിങ്ങൾ ഭംഗിയായി ചെയ്യുന്നുണ്ട്, കുഞ്ഞാവ”
”താങ്ക് യു, ബോസ്”
”പക്ഷേ അതു മാത്രമല്ല ഞങ്ങൾ നിങ്ങളിൽനിന്ന് പ്രതീക്ഷിക്കുന്നത്”
”പിന്നെ?”
”നോക്കൂ, കുഞ്ഞാവ! നിങ്ങൾ ഈ ഓഫീസിലെ ഒരു സീനിയർ ആണ്. നിങ്ങളുടെ ജോലിയിലെ മിടുക്ക് പ്രതീക്ഷിക്കപ്പെടുന്നതാണ്. ഇനിയും മുകളിലേക്ക് ഉയരാൻ നിങ്ങൾ കുറച്ചുകൂടി ഉത്സാഹം
കാണിക്കണം, കൂടുതൽ താൽപര്യം കാണിക്കണം”.
”എന്തിൽ?”
”ഓഫീസ് കാര്യങ്ങളിൽ”
”ഞാൻ എന്റെ ജോലി കുഴപ്പമില്ലാതെ ചെയ്യുന്നുണ്ടെന്നാണല്ലോ ബോസിന്റെ വിലയിരുത്തൽ”
”അതുമാത്രം പോരല്ലോ”
”വേറെ എന്താണ് വേണ്ടത്?”
”ഞാൻ നിങ്ങളോട് കഴിഞ്ഞ വർഷവും പറഞ്ഞിരുന്നു, കുഞ്ഞാവ, നിങ്ങൾ കുറച്ചുകൂടെ പ്രോ ആക്ടീവ് ആകണം. നിങ്ങളെ കുറിച്ച് പൊതുവെ ഉള്ള ധാരണ നിങ്ങൾ ഒരു ഈസി ഗോയിങ് ടൈപ് ആണെന്നാണ്”
”പക്ഷെ ബോസ്, ഞാൻ എന്റെ പണി കൃത്യമായി ചെയ്യുന്നുണ്ടല്ലോ”
”നിങ്ങളുടെ പണിയെപ്പറ്റി ഞങ്ങൾക്ക് ഒരു സംശയവുമില്ല, കുഞ്ഞാവ. പക്ഷെ നിങ്ങൾ വേണ്ടത്ര ഗൗരവം കാണിക്കുന്നില്ല. നിങ്ങളുടെ ബ്ലോഗിൽതന്നെ അത് പ്രകടമാണ്. ഒഫ്കോർസ്, നിങ്ങളുടെ കവിതയും കാഴ്ചപ്പാടും ഞാൻ നിങ്ങൾക്കെതിരെ ഉപയോഗിക്കില്ല”
കുഞ്ഞാവ ചിരിക്കുന്നു.
”പിന്നെ നിങ്ങളെപ്പറ്റി നിങ്ങളുടെ ചില സഹപ്രവർത്തകർ പറഞ്ഞത് നിങ്ങൾ കൂടുതൽ സമയമെടുക്കുന്നു എന്നാണ്”
”ഞാൻ സമയം കൂടുതൽ എടുക്കുന്നുണ്ടെങ്കിൽ മിക്കവാറും അതിന്റെ ഗുണം പണിയിൽ കാണുമെന്ന് ഞാൻ വിശ്വസിക്കുന്നു”
”തീർച്ചയായും, തീർച്ചയായും”
കുഞ്ഞാവ ഒരു കോട്ടുവാ അമർത്തുന്നു. മടുത്തു. ഈ പ്രൗഢഗംഭീരനായ മണുക്കൂസനോട് കൂടുതൽ സംസാരിച്ചിട്ട് കാര്യമില്ല. എന്തായാലും ഇവന്മാർക്ക് പണിയെ ചൊല്ലി പ്രശ്നങ്ങൾ ഇല്ലാത്തതുകൊണ്ട് ജോലി ഉടൻ പോവില്ല എന്നു പ്രതീക്ഷിക്കാം.
”നിങ്ങൾക്ക് എന്തെങ്കിലും പറയാനുണ്ടോ, കുഞ്ഞാവ?”
”എനിക്ക് വർഷങ്ങളായി ജോലിക്കയറ്റം ഒന്നും കിട്ടിയിട്ടില്ല”
”അതു ഞാൻ പറഞ്ഞില്ലേ, കുഞ്ഞാവ? ഇനിയും മുമ്പോട്ടുപോവാൻ നിങ്ങൾ കുറച്ചുകൂടെ…”
”മനസ്സിലായി, മനസ്സിലായി”
”ബൈ ദ വേ, നിങ്ങളുടെ ഗ്രേഡിങ് കഴിഞ്ഞ വർഷത്തേതിനേക്കാളും ഒരു പടി താഴെയാണ്”
”അതെന്തുപറ്റി?”
”നിങ്ങളുടെ കൂടെയുള്ളവരുടെ ജോലി മെച്ചപ്പെട്ടു. അപ്പോൾ ബെഞ്ച് മാർക്ക് മുകളിലായി”
”ങ്ഹാ, അതു ന്യായം. നന്ദി, ബോസ്”
”താങ്ക് യു, കുഞ്ഞാവ”
പുറത്ത് ആകാശത്തിന് പൊടിയുടെ നിറം. കുരങ്ങന്മാർ കെട്ടിടത്തിൽനിന്ന് കറണ്ടുകമ്പിയിലേക്കും,
പിന്നെ മരച്ചില്ലകളിലേക്കും ചാടി നടക്കുന്നു. കാക്കകൾ കൊത്തിപ്പെറുക്കാൻ എന്തെങ്കിലും കിട്ടുമോ എന്നു നോക്കി കറങ്ങുന്നു. പട്ടികൾ ചായ കുടിക്കുന്നവരെ ചുറ്റിപ്പറ്റി, ചിലപ്പോൾ മുൻകാലുകൾ പൊക്കി അവരെ ചാരി, ചിലപ്പോൾ അവർ ഇട്ടു കൊടുക്കുന്ന ബിസ്കറ്റും മുട്ടക്കഷ്ണവും കഴിച്ച്, സ്നേഹപൂർവം കറങ്ങിനടക്കുന്നു. ഡ്രൈവർമാർ നിരന്തരമായി ഇല്ലാത്ത സ്ഥലത്ത് കാറുകൾ മാറ്റിയിടുകയും ഓടിച്ചുപോവുകയും ചെയ്യുന്നു. പലപല കൂട്ടങ്ങളായി നിൽക്കുന്ന ഉദ്യോഗസ്ഥർ വാ തോരാതെ സംസാരിക്കുന്നു. ആരോ പറയുന്നു, അയാൾ എന്നോടു ചോദിച്ചു എന്താണ് പ്രതീക്ഷിക്കുന്നതെന്ന്. ഞാൻ പറഞ്ഞു, ഏറ്റവും മുന്തിയ റേറ്റിങ് ആണെന്ന്. അപ്പോൾ അയാൾക്ക് ന്യായീകരണം കേൾക്കണം.ഞാൻ പറഞ്ഞു, എന്നേക്കാളും കൂടുതൽ മാർക്ക് കൊടുക്കാൻ
പോന്നവരുടെ പേര് പറയാൻ.
വേറെ ആരൊക്കെയോ എവിടെയൊക്കെയാണ് ആൾക്കാരെ ജോലിക്കെടുക്കാൻ സാദ്ധ്യതയുള്ളതെന്ന് ചർച്ച ചെയ്യുന്നു.
കുഞ്ഞാവ പൊടിപിടിച്ച ആകാശത്തേക്ക് തല ഉയർത്തി നോക്കി. വീടിന് പെയിന്റടിക്കണം, ഫ്രിഡ്ജ് മാറണം, ഏസി വാങ്ങണം, മകൾക്ക് ഒരു ഐപാഡ്. ഏതൊരു ആഗ്രഹം സാധിക്കാനും പണം വേണം. ഇതുതന്നെയാണോ ജീവിതം? ശരിക്കും.