താൻ ചിന്തിച്ചു കൂട്ടുന്ന കച്ചവടത്തിന്റെ പ്രത്യയ ശാസ്ത്രമൊന്നും എതിർ വശത്തിരിക്കുന്ന ഊച്ചാളികൾക്ക് മനസിലാകുന്നില്ലെന്ന് തങ്കന് തോന്നിത്തുടങ്ങിയിരുന്നു. എല്ലാം തിരിച്ചറിയുന്നുവെന്ന മട്ടിൽ ഇരുവരും തലയാട്ടുന്നുവെങ്കിലും ആവേശത്തോടെ താൻ കൈമാറാൻ ശ്രമിക്കുന്ന ആശയങ്ങളൊന്നും അവരുടെ തലച്ചോറിന്റെ പരിസരത്തൊന്നുമെത്തുന്നില്ലെന്ന അറിവിൽ അയാൾ മൗനം പാലിക്കാൻ തീരുമാനിച്ചു. സിഗരറ്റിന്റെ പുകച്ചുരുളുകൾക്കും അമ്മയെചേർത്തുള്ള ചീത്തവിളികൾക്കും നടുവിൽ എത്ര നേരമിങ്ങനെ സമയം തള്ളി വിടുമെന്ന ചിന്ത തുടങ്ങിയപ്പോഴാണ് മൂന്നോ നാലോ വയസുള്ള ആ കുഞ്ഞിന്റെ വരവ്. അരണ്ട വെളിച്ചത്തിൽ മേഘപാളികൾ പോലെ ചിതറിക്കിടന്നിരുന്ന പുകക്കട്ടികൾക്കിടയിലൂടെ ആരെയോ തിരഞ്ഞു കൊണ്ട് ആ കുഞ്ഞു നടന്നു വന്നു. അണിഞ്ഞിരിക്കുന്ന വസ്ത്രങ്ങൾ കൊണ്ട് ആൺകുട്ടിയെപ്പോലെ തോന്നിച്ചുവെങ്കിലും അതിന്റെ മുഖത്തെ ഓമനത്വവും പിച്ച വെച്ചുള്ള നടത്തവും അതൊരു പെൺകുട്ടിയാണെന്ന് വിശ്വസിക്കാൻ തങ്കനെ നിർബന്ധിച്ചു. അത് നേരെ നടന്നടുത്തത് തങ്കന്റെ തൊട്ടരികിലെ കുടിയന്റെ പക്കലാണ്. തന്റെ കുഞ്ഞിനെ കുടിയൻ ആഹ്ലാദത്തോടെ വാരിയെടുത്ത് മേശപ്പുറത്തിരുത്തി . ഉമ്മ വെച്ച ശേഷം അതിന്റെ മുഖത്തേക്ക് സിഗരറ്റിൽ നിന്നും പുകയൂതി വിട്ടു. കുഞ്ഞു എന്തോ പറയാൻ ശ്രമിക്കുന്നെങ്കിലും അതിന്റെ വാക്കുകൾ ചുമയായി മാറിക്കൊണ്ടിരുന്നു. ഒടുവിൽ അത് അച്ഛന്റെ പോക്കറ്റിലെ മൊബൈൽ ഫോൺ തട്ടിയെടുത്ത് മറ്റാർക്കും മനസിലാകാത്ത ഭാഷയിൽ അതിലൂടെ സംസാരിച്ചു കൊണ്ടിരുന്നു. എല്ലാ സംഭാഷണ ശകലങ്ങളുടെ തുടക്കത്തിലും ‘പോലീസ്’ എന്നാണ് ആ കുഞ്ഞ് പറഞ്ഞിരുന്നത്. പോലീസിനോട് പരിഭവത്തോടെ ആ കുട്ടി എന്തോ പരാതി പറയുകയാണ്. കെട്ടിയവന്റെ കുടി നിമിത്തം കുടുംബം കുട്ടിച്ചോറായ ഏതോ ഒരു സ്ത്രീയാവണം ഒരു പക്ഷെ ഈ കുഞ്ഞിനെ ഇങ്ങോട്ടയച്ചത്. അവൾ ചിലപ്പോൾ ഈ നാട്ടിലേക്കു കടക്കാനറയ്ക്കുന്ന പോലീസിന്റെ പിടിപ്പുകേടിനെക്കുറിച്ചു പിറുപിറുക്കുന്നതു ഈ കുഞ്ഞ് കേൾക്കാൻ ഇടയായിട്ടുണ്ടാവാം.
പോലീസില്ലാത്തൊരു നാട്.
അത് പറയുമ്പോൾ തങ്കന്റെ കെട്ടിയവൾ മണിച്ചിക്ക് വ ല്ലാത്തൊരുത്സാഹമായിരുന്നു. ചട്ടമ്പികളെ പേടിച്ചു കാക്കിക്കാരൊന്നും ഇങ്ങോട്ടു വരില്ലത്രേ. ഇനി കാക്കിയെ പേടിക്കാതെ കിടന്നുറങ്ങാമല്ലോ.
ആണുങ്ങളായാൽ ഇവിടെയുള്ള ആണുങ്ങളെപ്പോലെ വേണം. മണിച്ചി അഭിമാനത്തോടെ പറഞ്ഞപ്പോൾ ഇരുപത് വർഷങ്ങളായി അന്യനാട്ടിൽ കഴിഞ്ഞിരുന്ന തങ്കന് ജാള്യത തോന്നി. ഓരോ ചട്ടമ്പിയെക്കുറിച്ചും അവരുടെ കേമത്തെക്കുറിച്ചും അവൾ നൂറു നാക്കിൽ വർണിച്ചപ്പോൾ മനസ്സിൽ വേണ്ടാതീനങ്ങളൊക്കെ തോന്നിയെങ്കിലും അയാളത് പുറമെ കാട്ടിയില്ല.
എതിർവശത്തിരുന്ന് ചാരായം മോന്തുന്ന തേവുണ്ണിയെയും ചുങ്കനെയും പറ്റി പറഞ്ഞപ്പോഴും മണിച്ചി ആവേശഭരിതയായിരുന്നു. അണ്ണൻ തുടങ്ങാൻ പോകുന്ന കച്ചവടത്തിന് അവന്മാർ എല്ലാ സഹായങ്ങളും ചെയ്തു തരുമെന്നവൾ പറഞ്ഞപ്പോൾ തങ്കന് തന്റെ കെട്ടിയവളോട് മതിപ്പു തോന്നി. മറുനാട്ടിൽ താൻ പെടുന്ന കഷ്ടപ്പാട് ഇപ്പോഴെങ്കിലും അവൾ മനസിലാക്കിയല്ലോ എന്നോർത്തപ്പോൾ തങ്കന്റെ കണ്ണ് നിറഞ്ഞു പോയി.
പിന്നീടൊന്നും ചിന്തിച്ചില്ല. അത് വരെ സമ്പാദിച്ചതൊക്കെ കൊണ്ടിങ്ങു പോന്നു. നല്ല രീതിയിലൊരു കച്ചവടം തുടങ്ങാനുള്ള മുതൽ കയ്യിലുണ്ടെന്നറിഞ്ഞപ്പോൾ തങ്കൻ കരുതിയ പോലെ മണിച്ചി അധികം ആഹ്ലാദമൊന്നും കാട്ടിയില്ല. എന്താണ് താൻ വിൽക്കാൻ പോകുന്നതെന്നും അതിലെ ലാഭ നഷ്ടങ്ങൾ എന്താണെന്നും ചോദിക്കാനൊന്നും അവൾ മിനക്കെട്ടില്ല.
ഊച്ചാളികളിൽ ആരെയൊക്കെ തന്റെ പക്ഷത്തു നിർത്തണമെന്നും അഥവാ അങ്ങനെ ചെയ്താൽ ആരൊക്കെ തന്റെ ശത്രുഭാഗം ചേരുമെന്നും ഓർത്തു അവൾ വേവലാതി പൂണ്ടുകൊണ്ടിരുന്നു. പിന്നീട് ഓരോ ചട്ടമ്പിയുടെയും വീരകഥകളോരോന്നായി ആടിപ്പറഞ്ഞ ശേഷം അവൾ തിരഞ്ഞെടുത്തു തന്ന രണ്ടു പേരാണ് ഇതാ മൂക്കറ്റം കുടിച്ചു ബോധമില്ലാതിരിക്കുന്ന തേവുണ്ണിയും ചുങ്കനും.
ചട്ടമ്പികളാവാൻ യോഗ്യതയുള്ളവർ തന്നെ രണ്ടാളും. കപ്പവാഴയോളം കിളരവും അതിനൊത്ത ദേഹവുമുണ്ട് ഇരുവർക്കും. കരിവീരന്റെ നിറമാണ് ചുങ്കന്. തേവുണ്ണി വെളുത്തിട്ടാണ്. മുഖത്തോ ശരീരത്തിലോ രോമമില്ലാത്തതു കൊണ്ട് അയാൾക്കൊരല്പം സ്ത്രൈണതയുണ്ടെന്നു തങ്കന് തോന്നി. പക്ഷെ ഉടൻ തന്നെ അയാൾ ആ തോന്നലിനെ തോണ്ടിയെടുത്തു പുറത്തേക്കെറിഞ്ഞു. സ്ത്രൈണതയുള്ള ചട്ടമ്പിയോ? ഊച്ചാളി വംശത്തിലുള്ള ആരെങ്കിലുംഇതറിഞ്ഞാൽ തന്റെ നട്ടെല്ലൂരി കോടാലിക്ക് പിടിയിടും.
“നമുക്കങ്ങോട്ടു വിട്ടാലോ?”
ചോദിച്ചത് തേവുണ്ണിയാണ്. കുപ്പി കാലിയാക്കി പ്ലേറ്റിലെ ചാറ് നക്കിയെടുത്തു അയാളെഴുന്നേറ്റു.ചുങ്കൻ ഷാപ്പ് മുതലാളിയോട് എന്തോ പിറുപിറുത്തിട്ട് വീണ്ടുമൊരു കുപ്പി വാങ്ങി അരയിൽ തിരുകി. തിന്നതിന്റെയും കുടിച്ചതിന്റെയും കണക്കെല്ലാം തീര്ക്കുമ്പോൾ ഷാപ്പുകാരൻ കരുണൻ ഓട്ടപ്പല്ലു കാട്ടി അർഥം വെച്ചു ഊറിച്ചിരിക്കുന്നതു പോലെ തങ്കന് തോന്നി. അന്യ നാട്ടിലെവിടെ നിന്നോ വന്ന ഈ പോക്കണംകെട്ടവനെ ഗുണ്ടകളാണെന്നും പറഞ്ഞു രണ്ടെണ്ണം കബളിപ്പിക്കുന്നു എന്ന ധ്വനി കരുണന്റെ ചിരിയിലില്ലേ എന്ന് തങ്കന് ശങ്ക തോന്നി. അപ്പോൾ ഒരശരീരി പോലെ മണിച്ചിയുടെ വാക്കുകൾ അയാളുടെ കർണത്തിൽ മുഴങ്ങി.
“ബീമൻമാരാ ബീമൻമാര് …. അവര് കൂടെയുണ്ടെങ്കിലേ….ഈ തുരുത്തിലെ മൊത്തം ഊച്ചാളികൾ ഒരുമിച്ചു എതിര് വന്നാലും പേടിക്കണ്ട.”
“ബീമൻമാർ” രണ്ടുപേരും ഇരുട്ടിലേക്കലിയും മുൻപ് തങ്കൻ ഓടി അവരുടെ പിന്നിലെത്തി. ഇങ്ങനെയൊരാൾ പിന്നിലില്ല എന്ന ഭാവത്തിലാണ് രണ്ടിന്റെയും നടത്തം.
തന്റെ കച്ചവടത്തിന് പറ്റിയ ഒരു സ്ഥലം കണ്ടു പിടിച്ചു തരാമെന്നു ചുങ്കൻ ചാരായം മോന്തുന്നതിനിടയിൽ പറയുന്നുണ്ടായിരുന്നു. വാടകയിനത്തിൽ ഒന്നും കൊടുക്കേണ്ടി വരില്ല എന്ന് അയാൾ പറഞ്ഞതാണോ അതോ തനിക്കു തോന്നിയതാണോ എന്ന് തങ്കന് നിശ്ചയമില്ലായിരുന്നു. ഇപ്പോൾ അതിനെക്കുറിച്ചു ആരായാൻ തങ്കന് മനസ് വന്നില്ല. കാരണം ഷാപ്പിൽ നിന്നിറങ്ങിയ ശേഷം രണ്ടിന്റെയും മട്ടും ഭാവവും മാറിയിരിക്കുന്നു.
കൺമുമ്പിൽ ഇരുട്ട് മാത്രം. സമയമെത്രയായിരിക്കും? പോക്കറ്റിലുള്ള മൊബൈൽ ഫോണിന്റെ ബാറ്ററി ചത്ത് തുലഞ്ഞിട്ടു കുറെയായി. ചാർജ് ചെയ്യാമെന്ന് നിശ്ചയിച്ചാണ് ഷാപ്പിൽ കയറിയത്. അതിനവിടെ കറണ്ട് ഉണ്ടായിട്ടു വേണ്ടേ?
“സ്ഥലം എങ്ങനെയുള്ളതായിരിക്കണം?” ഒടുവിൽ ആരോ മൗനം ഭഞ്ജിച്ചിരിക്കുന്നു. ചുങ്കനാവാനാണ് സാധ്യത. അയാളാണല്ലോ സ്ഥലത്തിന്റെ കാര്യം ഏറ്റത്. എങ്ങനെയുള്ള സ്ഥലമായിരിക്കണം എന്ന ചോദ്യത്തിൽ തങ്കൻ കുഴങ്ങി.
“എങ്ങനെയായാലും കുഴപ്പമില്ല”
അങ്ങനെ പറയാനാണയാൾക്കു അപ്പോൾ തോന്നിയത്. “ആൾവാസം ഉണ്ടായിരിക്കണം” എന്ന് കൂടി പിന്നീട് കൂട്ടി ചേർത്തപ്പോൾ അയാൾ ഒരു ദീർഘ നിശ്വാസം വിട്ടു.
ചട്ടമ്പികൾ ഒന്ന് മൂളി.
അതിനർത്ഥം പറ്റിയ സ്ഥലം ഉണ്ടെന്നല്ലേ? അതോ കണ്ടെത്താൻ ശ്രമിക്കാം എന്നാണോ?
തങ്ങൾ ഇപ്പോൾ ഒരു കുന്ന് കയറിക്കൊണ്ടിരിക്കുകയാണെന്ന് തന്റെ കാലുകളുടെ ചലനം കൊണ്ട് തങ്കൻ മനസിലാക്കി. സൂക്ഷിച്ചില്ലെങ്കിൽ കാലിടറി വീഴാൻ പാകത്തിലുള്ള കയറ്റമാണ്. ഇത്രയും ചാരായം മോന്തിയിട്ടും എതിരെ കുറ്റാക്കൂരിരുട്ടായിട്ടും ലക്ഷ്യം തെറ്റാതെയുള്ള ചട്ടമ്പികളുടെ ചുവടുകൾ തങ്കനെ അദ്ഭുതപ്പെടുത്താതി രുന്നില്ല.
പിന്നെ ചുമ്മാതങ്ങുകേറി ഊച്ചാളിയാവാനൊക്കുമോ? അതിനു പല യോഗ്യതകളും വേണ്ടേ? ചാരായ ലഹരിയിൽ ഇരുട്ട് വാക്കിലൂടെയുള്ള ഈ കുന്നു കയറലും ആ യോഗ്യതകളിൽപ്പെടുമായിരിക്കും.
ഈ കുന്നിൻ മുകളിൽ എവിടെയാണാവോ ആളനക്കമുള്ള കച്ചവടത്തിനുതകുന്ന ഇടം? അതോ ഇനി കുന്ന് മൊത്തം കയറി വീണ്ടും കീഴ്പോട്ടിറങ്ങി അവിടെയെങ്ങാനുമാണോ ചുങ്കന്റെയും തേവുണ്ണിയുടെയും മനസിലുള്ള ആ സ്ഥലം? അധികം ചിന്തിച്ചു തല പുണ്ണാക്കുന്നില്ല. ഈ കേമന്മാർ തന്നെ തീരുമാനിക്കട്ടെ ഈ പാവത്താന് തന്റെ കുടുംബം പുലർത്താൻ പറ്റുന്നൊരിടം.
തങ്കൻ ഇടയ്ക്കിടെ ആകാശത്തിലെ കറുപ്പ് കലർന്ന നീലനിറവും കണ്ണിറുക്കുന്ന നക്ഷത്രങ്ങളും നോക്കി താൻ ഒരു കണ്ണുപൊട്ടനല്ലെന്നു തീർച്ചപ്പെടുത്തിക്കൊണ്ടിരുന്നു. പൊടുന്നനെ നടത്തം നിർത്തി ചട്ടമ്പികൾ ഇരുവരും ശില പോലെ നിന്നു . തങ്കൻ ചെന്ന് ഇരുവരുടെയും ചുമലിൽ മുട്ടി. വടി പോലെ നിന്നതല്ലാതെ രണ്ടു പേരും കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല.
“അതവനാ …..അല്ലെ?”-തേവുണ്ണിയാണ്.
“ഉം”. ചുങ്കനൊന്ന് മൂളി. ആ മൂളലിൽ ഒരു ഊച്ചാളിയുടെ കരുത്തല്ല ഒരു പേടിത്തൂറിയുടെ വിറയലായിരുന്നു പ്രതിധ്വനിച്ചത്.
ഇവറ്റകൾക്കിതെന്തു പറ്റി ?- തങ്കൻ കണ്ണൊന്നു തിരുമ്മി കട്ടയായ ഇരുട്ടിലേക്ക് തുറിച്ചൊന്നു നോക്കി. കുറച്ചകലെ നിന്നൊരു വെളിച്ചം! അതടുത്തു വരുന്നു. തങ്കന്റെ ഉടലൊന്നു പിടഞ്ഞു. ചുങ്കന്റെയും തേവുണ്ണിയുടെയും ഹൃദയം മിടിക്കുന്നത് വ്യക്തമായി കേൾക്കാം. ഗുണ്ടകളുടെ ചങ്ക് ഇങ്ങനെ പിടക്കുമോ?
അരികിലേക്കടുക്കുന്ന വെട്ടം ഒരു ടോർച്ചിൽ നിന്നാണെന്നു തങ്കന് മനസിലായി. വെളിച്ചം ഏകദേശം എട്ടടി അകലത്തെത്തിയപ്പോൾ നിശ്ചലമായി. ചട്ടമ്പികളുടെ ചങ്കിടിപ്പ് നിലച്ചു. ചുറ്റുവട്ടത്ത് ഒരു ശൂന്യത തിരിച്ചറിഞ്ഞ തങ്കൻ വലതു കൈ വട്ടത്തിനൊന്നു വീശി. ചുറ്റും ഇരുട്ട് മാത്രം. മണിച്ചിയുടെ “ബീമൻമാർ” അപ്രത്യക്ഷരായിരിക്കുന്നു.
ആരായിരിക്കും ആ ടോർച്ചേന്തിയിരിക്കുന്നത്?
പോലീസ്? ഇവിടെയുള്ള പോലീസും നിയമവുമൊക്കെ തുരത്തിയോടിക്കപ്പെട്ടതല്ലേ? കൂടുതൽ കരുത്താർജ്ജിച്ചു അവർ തിരികെ വന്നതായിരിക്കുമോ? തങ്കന്റെ പാദങ്ങൾ വിയർക്കാൻ തുടങ്ങി. വെളിച്ചം അടുത്തടുത്ത് വന്നു തങ്കന്റെ മുഖത്തടിച്ചു.
“ഏതാടാ നീ?” ടോർച്ചുകാരന്റെ പരുക്കൻ സ്വരം.
“അടിവാരത്തൂന്നാ …”
അയാൾ സ്വയം പരിചയപ്പെടുത്തുന്നത് പോലെ ടോർച്ചു മുഖ ത്തേക്കടിച്ചു. ഒരു നിമിഷം തങ്കന്റെ ശ്വാസം തൊണ്ടയിൽ കുടുങ്ങി. വസൂരിക്കലകൾ നിറഞ്ഞ മുഖം, നരച്ച രോമങ്ങൾ, ചുവന്ന കണ്ണുകൾ. തന്റെ ചരിത്രത്തെ കുറിച്ചും താൻ എങ്ങനെ ആ കുന്നിൻ മുകളിൽ എത്തിയെന്നും തങ്കൻ ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീർത്തു.
“നീ മണിച്ചീടെ കെട്ട്യോനാ….ല്ലേ?”
“ഉം”-തങ്കന് ആശ്വാസം തോന്നി.
“അവള് വേലൻ എന്നൊരുത്തനെപ്പറ്റി ഒന്നും പറഞ്ഞിട്ടില്ലേ?”
മണിച്ചി പറഞ്ഞ ഗുണ്ടാപ്പേരുകളുടെ പട്ടിക തങ്കൻ ഓർത്തെടുക്കാൻ ശ്രമിച്ചു. അവയിലൊന്നും അങ്ങനൊരു പേര് അയാളുടെ ഓർമയിൽ തെളിഞ്ഞില്ല.
“മണിച്ചി ഒരു വാക്ക് പറഞ്ഞിരുന്നേൽ നിന്റെ കൂടെ ഞാൻ നിന്നേനെ. അവളെന്തിനാ ആ ഓടിപ്പോയ കഴുവേറികളോടൊപ്പം നിന്നെ വിട്ടതെന്ന് എനിക്ക് മനസിലാകുന്നില്ല. ഇവിടെ ആരെയും നമ്പാൻ കൊള്ളില്ല. ഞാനിപ്പോ ഇവിടെ എത്തിയില്ലായിരുന്നുവെങ്കിൽ അവന്മാർ നിന്നെ തട്ടിയേനെ…”
ചുറ്റുമുള്ള ഇരുട്ട് കണ്ണുകളിലേക്കു ഉരുണ്ടു കയറുന്ന പോലെ തോന്നി തങ്കന്.- മണിച്ചി ചതിച്ചോ തേവരേ ? അന്യ നാട്ടിൽക്കിടന്ന എന്നെ ഇങ്ങോട്ടു വരുത്തിയത് ഇതിനായിരുന്നോ ദൈവങ്ങളേ ?
“നീ വാ…” വേലൻ അയാളുടെ ചുമലിൽ ഒന്ന് തട്ടിയിട്ട് കുന്നിറങ്ങി.
ഇവിടെ ആരെയും നമ്പാൻ കൊള്ളില്ല – എന്ന വേലന്റെ തത്വമോർത്തു കൊണ്ട് തന്നെ തങ്കനെന്തോ വേലനെ നമ്പാൻ തോന്നി. വസൂരിക്കലായുള്ള ഈ കാട്ടാളൻ വന്നില്ലായിരുന്നുവെങ്കിൽ ഇപ്പോൾ തന്നെ മലമുകളിലെ നരികൾ കടിച്ചു വലിക്കുന്നുണ്ടായിരിക്കണം എന്ന് തങ്കന് തോന്നി . ചുറ്റുമുള്ള ഇരുട്ട് മഞ്ഞു പോലെ ഉരുകിത്തീരുന്നുണ്ടായിരുന്നു. ആകാശത്തെ കറുത്ത നിറം പറവകളായിത്തീർന്ന് അവ കിഴക്കോട്ടു പറന്നു പോയപ്പോൾ നീല നിറം മാത്രം അവശേഷിച്ചു.
വേലനൊടൊപ്പം തങ്കൻ മലയിറങ്ങിക്കഴിഞ്ഞിരുന്നു. താഴ്വാരത്ത് തന്റെ കള്ളക്കാമുകനെ കാണാൻ പോകുന്ന പെണ്ണിന്റെ പാദസരത്തിന്റെ രവമുയർത്തി ക്കൊണ്ടൊഴുകുന്ന ഒരു അരുവിയുണ്ട്. അതിൽ വേലൻ തന്റെ വസൂരിമുഖവും കൈകാലുകളും കഴുകി. തങ്കനും അങ്ങനെ തന്നെ ചെയ്തു, അരുവി കടന്നു ഒരു മുളങ്കാട്ടിലൂടെ നടന്നു പോയ അവർ ഒരു കുടിലിനു മുന്നിലെത്തി.
ചാരി വെച്ചിരുന്ന കതകു തുറന്നു വേലൻ ഉള്ളിലേക്ക് കയറി. ഒരു നിമിഷം അയാളെ അനുഗമിക്കാൻ തോന്നിയെങ്കിലും തങ്കൻ ഒന്ന് സംശയിച്ചു നിന്നു. മുറ്റത്തു കിടന്നിരുന്ന ഒരു പൂച്ച മുരണ്ടു കൊണ്ട് പരിചിത ഭാവത്തോടെ തങ്കന്റെ കാലുകളെ ഉഴിഞ്ഞു. അയാൾ നടവഴിയിൽ കുത്തിയിരുന്നു.
“കേറി വാ!”
ഉള്ളിൽ നിന്ന് വേലന്റെ സ്വരം. വേലന്റെ കുടിൽ ഒരു കുടിലല്ല. ചെറിയൊരു ആയുധപ്പുരയാണ്. വിവിധയിനം ആയുധങ്ങളായ വടിവാൾ, പിച്ചാത്തികൾ, കോടാലി, ദണ്ഡുകൾ എന്നിവ രണ്ടു മുറികളിലായി നിരത്തി വെച്ചിരുന്നു. അടുക്കളയിൽ നിന്ന് കട്ടൻ ചായയുമായി വേലൻ വന്നു ഒരു ഗ്ലാസ് തങ്കന് കൊടുത്തു. വേലന്റെ ചായക്ക് ചോര നിറമായിരുന്നു.
“തിന്നാൻ വല്ലതും ഉണ്ടാക്കണ്ടേ?” വേലൻ ആതിഥേയനാവുകയാണ്.
“വേണ്ട…എനിക്ക് പോണം” ആദ്യമായി അയാളെ എതിർത്ത് വല്ലതും പറയുമ്പോഴുള്ള അങ്കലാപ്പ് ആവോളമുണ്ടായിരുന്നു തങ്കന്റെ വാക്കുകളിൽ.
ചോരക്കണ്ണുകൾ കൊണ്ടുള്ള നോട്ടമായിരുന്നു മറുപടി. ചുറ്റുമിരുന്നു വിറയ്ക്കുന്ന ആയുധങ്ങളേക്കാൾ മൂർച്ചയുള്ള നോട്ടം. കാലിലെ പെരുവിരൽ മുതൽ ഉച്ചി ഭാഗം വരെ വൈദ്യുതി പോലെ എന്തോ കയറിയിറങ്ങിയ പോലെ തോന്നി തങ്കന്. അയാളുടെ ഭയം കണ്ട് വേലൻ തന്റെ കണ്ണുകൾ താഴ്ത്തി. കട്ടൻ മുഴുവനും കുടിച്ചു തീർത്ത് ഒരു ബീഡി കത്തിച്ച് മൂക്കിലൂടെ നാല് പുക വിട്ടപ്പോൾ അയാൾ എന്തോ ദീർഘമായി സംസാരിക്കാൻ പോവുകയാണെന്ന് തങ്കന് മനസിലായി.
“നീയിപ്പം അടിവാരത്തോട്ടു ചെന്നാൽ നിന്റെ അവസാനമായിരിക്കും. ഓടിപ്പോയവന്മാര് ഇതിനോടകം നിന്റെ കെട്ട്യോളെ എല്ലാം ബോധിപ്പിച്ചു കാണും. അത് കൊണ്ട് ഇരുട്ടണ വരെ ഇവിടിരുന്നോ. ഇവിടെയൊന്നും ഒരുത്തനും വരില്ല “
പെട്ടെന്നൊരു നാടകത്തട്ടിൽക്കയറേണ്ടി വന്ന പരിശീലനമൊന്നും കിട്ടാത്ത ഒരു നടന്റെ അവസ്ഥയായിരുന്നു തങ്കന്റേത് . താനെങ്ങനെ ഈ നശിച്ച കഥയിൽ ഒരു കഥാപാത്രമായി? ഒരു ദുഷിച്ച സ്വപ്നം കാണുകയാണോ എന്ന് പോലും തോന്നി അയാൾക്ക്.തങ്കന്റെ അങ്കലാപ്പ് തിരിച്ചറിഞ്ഞ വണ്ണം വേലൻ തന്റെ സ്വരത്തിൽ അയവു വരുത്തി.
“നിന്റെ കെട്ട്യോളുടെ ആദ്യത്തെ ഇടപാടുകാരനായിരുന്നു ഞാൻ.”- വേലൻ താൻ പറയാൻ പോകുന്നത് പാതി വെച്ച് നിർത്തി തങ്കന്റെ മുഖഭാവം ഒന്ന് ശ്രദ്ധിച്ചു.എന്തും കേൾക്കാൻ വേണ്ടി പരുവപ്പെടുത്തിയ മനസോടെ അനന്തതയിൽ നോക്കി ഇരിക്കുകയായിരുന്നു അയാൾ. വേലൻ തുടർന്നു:” അവളെയും ദോഷം പറയാൻ പറ്റില്ല. നീയാണെങ്കിൽ ദൂരെയെവിടെയോ…ഒരു ചട്ടമ്പിത്തുണയില്ലാതെ ഈ തുരുത്തിൽ ഒരു പെണ്ണിനെങ്ങനെ പൊറുക്കാൻ പറ്റും?”
വേലൻ പറയുന്നത് പരമാർത്ഥം തന്നെ. ഒരു കൊച്ചെങ്കിലും ഉണ്ടായിരുന്നെങ്കിൽ തന്റെ ജീവിതം ഇങ്ങനെയാവത്തില്ലായിരുന്നുവെന്നവൾ പിറുപിറുക്കുന്നതു തങ്കൻ പലവുരു കേട്ടിട്ടുള്ളതാണ്. അവൾക്കൊരു കൊച്ചിനെ കൊടുക്കാൻ കഴിയാത്തതിൽ തങ്കൻ എന്നും പരിതപിച്ചിരുന്നു.
“കുറേക്കാലം കഴിഞ്ഞു അവളോടിത്തിരി മടുപ്പു തോന്നി ഞാൻ പൊറുതി നിർത്തിയപ്പോൾ ഈ നാട്ടിലെ ഓരോരോ ചട്ടമ്പികളും അവളുമായി ഇടപാട് തുടങ്ങി. ഇപ്പൊ എല്ലാ പൊലയാടിമോൻമാരും അവളുടെ ചൊൽപ്പടിക്കാ …”
തങ്കന് തന്റെ കെട്ടിയവൾ മണി ച്ചിയോടു അസൂയ കലർന്ന ഒരു മതിപ്പു തോന്നി. മണിച്ചി അത്ര കേമിയോ? നാട്ടിലെ ഊച്ചാളികളെല്ലാം അവൾ വരച്ച വരയിലാണത്രേ ! പിന്നെ ഈ പോക്കണം കെട്ട കെട്ടിയവനെ ഒഴിവാക്കാൻ ശ്രമിച്ചില്ലെങ്കിലല്ലേ അതിശയിക്കേണ്ടൂ ?
ഊച്ചാളികൾ ആരെങ്കിലും അവൾക്കൊരു കൊച്ചിനെ കൊടുത്തിരുന്നെങ്കിൽ …. ഒരാൺതരിയെ….വേലനെപ്പോലൊരു കരുത്തനെ. തന്റെ ജീവനെടുക്കാൻ ഗുണ്ടകളെ വിട്ടുവെന്ന അപരാധം മണിച്ചി ചെയ്തുവെന്ന കാര്യം പോലും തങ്കൻ മറന്നു പോയി. ഇത്രയും ചട്ടമ്പികൾ എങ്ങനെ അവളുടെ ഇടപാടുകാരായി മാറിയെന്നു മാത്രമാണ് അയാൾ ചിന്തിച്ചു കൊണ്ടിരുന്നത്. അവളെ കാണാൻ വലിയ ചേലൊന്നും തങ്കന് ഒരിക്കലും തോന്നിയിട്ടില്ല. ഇരു നിറം. പിന്നെ പെറ്റു കൂട്ടാത്തത് കൊണ്ട് ഒതുങ്ങി നിൽക്കുന്ന ശരീരം. ഇരുപത്തി നാല് കൊല്ലം മുമ്പാണ് തങ്കൻ അവളെ കെട്ടുന്നത്.
തവളക്കരയിലെ ഒരു കള്ളുഷാപ്പിൽ അന്തിക്കള്ള് തലയ്ക്കു പിടിച്ച ഉണക്ക മീൻ കച്ചവടക്കാരൻ കുഞ്ചു തന്റെ മോളുടെ കെട്ടുപ്രായം പറഞ്ഞു വേവലാതിപ്പെട്ടു കൊണ്ടിരുന്നു. മണിച്ചിയുടെ മുല വളരുന്തോറും കുഞ്ചുവിന്റെ അങ്കലാപ്പും വളർന്നു. ഒരുത്തന്റെ കൂടെ ഇറക്കി വിടണ്ടേ? കയ്യിലുള്ളതെല്ലാം കുടിച്ചു തീർത്തു.
കാണാൻ തെറ്റില്ലാത്ത ഒരു പെങ്കൊച്ചിനെ തേടി നടന്ന തങ്കൻ ഉണക്കമീനിന്റെ ഗന്ധം കലർന്ന കുഞ്ചുവിന്റെ ജൽപ്പനങ്ങൾ കേൾക്കാനിടയായി. പിന്നെ അമാന്തിച്ചില്ല. തങ്കൻ പെണ്ണ് ചോദിച്ചു.
താവളക്കരയിൽ നിന്നും തെറ്റിച്ചിറയിലേക്കുള്ള ഒറ്റയടിപ്പാതയിലൂടെ രണ്ടു പേരും ആടിയാടി നടന്നു ത്രിസന്ധ്യക്കു കുടിലിലെത്തി. മണ്ണെണ്ണ വിളക്കിന്റെ വെളിച്ചത്തിൽ തങ്കൻ പുര നിറഞ്ഞു നിൽക്കുന്ന കുഞ്ചുവിന്റെ മകൾ മണി ച്ചിയെ കണ്ടു. കുഞ്ചുവിനെ ആവലാതിപ്പെടുത്തിക്കൊണ്ടിരിക്കുന്ന മുലകളെ അയാൾ ആർത്തിയോടെ നോക്കുന്നത് കണ്ട് കുഞ്ചു അന്ന് തന്നെ തങ്കനെ മണിച്ചിയോടൊപ്പം കിടന്നു കൊള്ളാൻ അനുവദിച്ചു. പിറ്റേ ദിവസം തങ്കൻ മണിച്ചിയെ വീട്ടിലേക്കു കൊണ്ട് വന്നു. ആ മണിച്ചിയാണ് ഇന്ന് ഗുണ്ടകളുടെ മൊത്തം ഇടപാടുകാരിയായി മാറിയിരിക്കുന്നത്. തങ്കൻ നെടുവീർപ്പിട്ടു.
പിടക്കോഴികൾക്കു ചുറ്റും പൂവാലൻ ചമഞ്ഞു മുറ്റത്തു നടന്നൊരു ചാവക്കോഴിയെ വേലൻ പിടിച്ചു. ആയുധപ്പുരയിൽ നിന്നും ഒരു പേനാക്കത്തിയെടുത്ത് അതിന്റെ കഴുത്തറുത്തു. പ്രാണവേദനയിൽ പിടഞ്ഞ ചാവക്കോഴിയുടെ രോദനം കേട്ട് പിടകൾ തരിച്ചു നിന്നു. കഴുത്തറ്റു പോയിട്ടും പിടഞ്ഞു കൊണ്ടിരുന്ന അവൻറെ കാലുകൾ നോക്കി അവർ ദീർഘ നിശ്വാസം വിട്ടു.
നല്ല സ്വാദായിരുന്നു വേലന്റെ കോഴിയിറച്ചിക്ക്. തൂവെള്ള ചോറിനോടൊപ്പം അത് കുഴച്ച് തിന്നപ്പോൾ തങ്കൻ എല്ലാ ഉൽക്കണ്ഠകളും മറന്നു. തനിക്കിത്രയും വിശപ്പുണ്ടായിരുന്നുവെന്നു അയാൾ അപ്പോഴാണ് മനസിലാക്കിയത്. ഭക്ഷണം ഉള്ളിലെത്തുമ്പോൾ എന്തൊരു സുഖമാണ്. എന്തൊരാശ്വാസമാണ്. എല്ലാ ആവലാതികളും ഒഴിഞ്ഞു പോകുന്നത് പോലെ. വേലൻ ഇത്ര നല്ല പാചകക്കാരാണെന്നു അയാൾ തീരെ നിനച്ചിരുന്നില്ല. ചോര മുഴുവനും വാർന്നു പോയ കോഴിയുടെ പൂടയെല്ലാം പറിച്ചു കളഞ്ഞു , വയറു കീറി കുടലും പണ്ടാവുമെല്ലാം പുറത്തെറിഞ്ഞു തീയിലിട്ടു വാട്ടി, മുളകരച്ചു പുരട്ടി ഒരു മൺകുടത്തിലാക്കി. കുടത്തിന്റെ വായ അടപ്പെടുത്തു വെച്ച് ചെളി കൊണ്ട് വിടവടച്ചു. എന്നിട്ടു തീ കൂട്ടി കുടം അതിന്മേൽ വെച്ചു . തീ കെട്ട ശേഷം കുടമെടുത്തു പൊട്ടിച്ചു വെന്ത കോഴിയെ പുറത്തെടുത്തു.
ചോറുണ്ട് ബീഡി വലിച്ച ശേഷം വേലൻ വരാന്തയിൽ പായ വിരിച്ചു കൂർക്കം വലിച്ചുറങ്ങി. കുറച്ചപ്പുറത്തായി തങ്കനും കിടന്നു. ഉറങ്ങാനൊരു ശ്രമവും നടത്തി. പക്ഷെ കഴിഞ്ഞില്ല.
കണ്ണടക്കുമ്പോൾ തീഗോളങ്ങൾ പോലെ എന്തൊക്കെയോ ഉരുണ്ടു വരുന്ന പോലെ. അയാൾ എഴുന്നേറ്റു ചുവരിൽ ചാരിയിരുന്നു. ഉറക്കത്തെ കുറിച്ച് വേലനും ഒന്നും പറഞ്ഞിട്ടുണ്ടായിരുന്നില്ല. അഥവാ ഉറങ്ങിക്കൊള്ളാൻ വേലന്റെ വക അനുവാദം കിട്ടിയിരുന്നുവെങ്കിൽ ആശങ്ക കൂടാതെ കിടക്കമായിരുന്നു. അല്ലാതെ ഇരുവരും കൂടി കിടന്നു മയങ്ങുന്ന നേരത്തു ആരെങ്കിലും വന്നാലോ ?
പെട്ടെന്നാണ് കുടിലിന്റെ വടക്ക് വശത്തായി ഒരു കാൽപ്പെരുമാറ്റം കേട്ടത്. തങ്കൻ എഴുന്നേറ്റ് പോയി നോക്കി. പതിനെട്ടു പത്തൊമ്പതു വയസുള്ള ഒരു പെങ്കൊച്ച് .കാട്ടുതേനിന്റെ നിറം, വലിയ കണ്ണുകൾ, വിളറിയ ചുണ്ടുകൾ. ആരാവും ഇവൾ? വേലന്റെ മകൾ?
ഉമ്മറത്ത് കിടന്നിരുന്ന പൂച്ച സ്നേഹത്തോടെ മുരണ്ട് അവളുടെ പാദസരത്തിൽ ഉരസിക്കൊണ്ടു നിന്നു. തങ്കനെക്കണ്ട് ഒന്നമ്പരന്നുവെങ്കിലും അയാളുടെ സാമീപ്യം അവളിൽ വലിയ ഭാവഭേദമൊന്നും ഉണ്ടാക്കിയില്ല. കിടന്നുറങ്ങുന്ന വേലനെ ഒന്ന് നോക്കിയിട്ട് അവൾ വീട്ടിനുള്ളിലേക്ക് കയറിപ്പോയി. “ആരാ?” എന്ന തങ്കന്റെ ചോദ്യത്തിന് “മയിലി ” എന്നവൾ അലസമായി ഉത്തരം പറഞ്ഞു.
കുടിലിനുള്ളിലെത്തിയ അവൾ ഒരു മൂലയിൽ നിന്ന് കുപ്പിയെടുത്ത് അതിൽ നിന്നും എണ്ണ ഉള്ളംകൈയിൽ പകർന്ന് ചുവരിൽ ചാരി വെച്ചിരിക്കുന്ന ആയുധങ്ങൾ ഓരോന്നായി എടുത്ത് അവയിൽ തേച്ചു പിടിപ്പിച്ചു. തങ്കൻ കൗതുകത്തോടെ നോക്കി നിന്നു. വർഷങ്ങളായുള്ള പരിചയമുള്ളതു പോലെയാണ് മയിലിയുടെ പ്രവൃത്തി. മൂർച്ചയേറിയതും ഭാരമുള്ളതുമായ ആയുധങ്ങൾ അവളുടെ പ്രായത്തിലുള്ള ഒരു പെങ്കൊച്ചിനു കൈകാര്യം ചെയ്യുക അത്ര എളുപ്പമല്ല. കുടിലിലെ അവസാനത്തെ ആയുധവും എണ്ണ തേച്ചു വെച്ച് കയ്യിൽ പറ്റിയിരുന്ന എണ്ണ തലമുടിയിൽ തേച്ച് മയിലി എഴുന്നേറ്റു വേലന്റെയടുത്തെത്തി.
“അണ്ണാ!അണ്ണാ”
അവൾ അധികാരത്തോടെ വേലനെ തട്ടിയുണർത്തി. വേലൻ ചുവന്ന കണ്ണുകൾ തുറന്നു അവളെയും തങ്കനെയും ഒന്ന് നോക്കിയ ശേഷം ഒരു ബീഡി കത്തിച്ച് പുക വിട്ട് കിണറ്റിൻ കരയിലേക്കു നടന്നു. മയിലി എണ്ണയുമായി അവിടെയെത്തി. ഒരു പാറപ്പുറത്തിരിക്കുന്ന വേലന്റെ ദേഹത്ത് അവൾ ഒരായുധത്തിലെന്ന പോലെ എന്ന തേച്ചു പിടിപ്പിച്ചു. വേലന്റെ കാരിരുമ്പു പോലെയുള്ള ശരീരം വെട്ടിത്തിളങ്ങി. ഉച്ചി മുതൽ കണങ്കാൽ വരെ എണ്ണ തേച്ച ശേഷം അവൾ കിണറ്റിൽ നിന്ന് വെള്ളം കോരിയെടുത്ത് അയാളുടെ തലയിൽ ഒഴിച്ച് കൊടുത്തു.
തങ്കൻ എല്ലാം ഒരു കാഴ്ചക്കാരനെപ്പോലെ നോക്കി നിന്നു. അയാൾക്ക് വേലനോടുള്ള മതിപ്പ് കൂടി വന്നു. മണിച്ചിയുടെ ആദ്യത്തെ ഇടപാടുകാരനായി എത്തുകയും നാളേറെയാവും മുമ്പ് അവളെ ഉപേക്ഷിക്കുകയും ചെയ്ത വേലന്റെ ഇപ്പോഴത്തെ അവസ്ഥ തങ്കനിൽ ഒരൽപം ഈർഷ്യ ഉണ്ടാക്കുകയും ചെയ്തു. നാൽപ്പതു കഴിഞ്ഞ മണിച്ചിയെവിടെ? ഇരുപതു പോലും തികയാത്ത മയിലിയെവിടെ ?
ശരീരം തുവർത്തി വേലൻ ഉമ്മറത്ത് വന്നിരുന്ന് അടുത്ത ബീഡി കത്തിച്ചു. മയിലി തന്റെ വേലയൊക്കെ ചെയ്തു തീർത്ത ചാരിതാർഥ്യത്തോടെ വലിയ കണ്ണുകൾ കൊണ്ട് വേലനെ ഒന്ന് നോക്കിയ ശേഷം മുളങ്കാട്ടിലൂടെ നടന്നകലുകയും ചെയ്തു. അവളുടെ പാവാടയുടെ മണം പിടിച്ചു നടന്ന പൂച്ച മുളങ്കാട് വരെ പിന്തുടരുകയും പിന്നെ തിരിച്ചെത്തി നടവഴിയിലിരുന്നു രോമങ്ങൾ നക്കി വൃത്തിയാക്കുകയും ചെയ്തു.
ഇനിയടുത്തതെന്ത്? എന്ന ചോദ്യവും തലയിലേറ്റി തങ്കൻ വേലനെ ചുറ്റിപ്പറ്റി നിന്നു. തങ്കന്റെ വെപ്രാളം മനസിലാക്കിയിട്ടെന്നോണം വേലൻ പറഞ്ഞു: ” നേരം ഒന്നിരുട്ടട്ടെ…എന്നിട്ട് നമുക്കിറങ്ങാം”
എല്ലാം ഒരു പൂർണ വൃത്തമായിത്തീരുവാൻ പോകുകയാണെന്ന് തങ്കന് തോന്നി. ഇരുട്ടിത്തുടങ്ങിയ ശേഷം വേലൻ അയാളെയും കൂടിയെത്തിയത് കരുണന്റെ ചാരായ ഷാപ്പിലാണ്. തങ്കനെക്കണ്ട് കരുണൻ വീണ്ടും അർഥം വെച്ച് ചിരിക്കാൻ തുനിഞ്ഞതാണ്. പക്ഷെ വേലന്റെ അകമ്പടി കാരണം അ യാൾ അതിൽ നിന്ന് പിന്തിരിഞ്ഞു. മുന്തിയ ഇനം കുപ്പി നോക്കിയെടുത്ത് അയാൾ വേലന്റെ മുമ്പിൽ വെച്ച് തൊട്ടു കൂട്ടാൻ മുട്ടനാടിന്റെ കുടൽക്കറിയും കൊടുത്തു.
രണ്ട് ഗ്ലാസ്സെടുത്ത് വെച്ച് വേലൻ ചാരായമൊഴിക്കുമ്പോൾ ഒരു ഗ്ലാസിന് മുകളിൽ കൈ വെച്ച് “ഞാനടിക്കൂല്ല “എന്ന് പറയാൻ തങ്കൻ ഒരുമ്പെട്ടതാണ്. പക്ഷെ പിന്നീടെന്തോ പിന്മാറി. ഇനിയങ്ങോട്ട് നടക്കണമെങ്കിൽ ചോരയിൽ അൽപ്പം വീര്യം കലർത്തണം എന്ന് അയാളുടെ മനസ് പറഞ്ഞു. മുമ്പൊരിക്കൽ മഞ്ഞനോവ് വന്ന് കുടി നിർത്തിയതാണ്. വീണ്ടും തുടങ്ങാൻ അതൊരു നല്ല മുഹൂർത്തമായി തങ്കന് തോന്നി. ത്രിസന്ധ്യ നേരം. വേലനെപ്പോലൊരു കാട്ടുപോത്തിന്റെ ഗുരുത്വം. ഒരു ഗ്ലാസ് ഒറ്റ വലിക്ക് അകത്താക്കി. തൊണ്ടയും നെഞ്ചും ഒന്നെരിഞ്ഞു നീറിപ്പുളഞ്ഞു.മു ട്ടനാടിന്റെ കുടൽക്കറി വായിലിട്ടിറക്കിയപ്പോൾ എന്തെന്നില്ലാത്ത സുഖം. വീണ്ടും ഒരു ഗ്ലാസ് കൂടി അകത്താക്കിയതോടെ ശരീരം മുഴുവനും ഒന്നുണർന്നു. ഇത്രയും നാൾ സിരകളിൽ രക്തം കട്ട പിടിച്ചു കിടന്നിരുന്നതായും ഇപ്പോൾ അതെല്ലാം ഉണർന്നെഴുന്നേറ്റു ഉറഞ്ഞു തുള്ളുന്നതായും തോന്നി അയാൾക്ക്. മയിലി എണ്ണയിട്ട് തടവിയ പോലെയൊരു തോന്നൽ.
മേശക്കരികിൽ ചാരി വെച്ചിരുന്ന തോക്കിന്റെ പാത്തിയിൽ ഷാപ്പിലെ കറുത്ത നായ നക്കിക്കൊണ്ടിരുന്നു. തങ്കൻ രണ്ടു വട്ടം അതിനെ ഓടിച്ചിട്ടും അത് തിരികെയെത്തി തന്റെ ഒലിച്ചിറങ്ങുന്ന ഉമിനീര് കൊണ്ട് ആ വലിയ തോക്കിന്റെ പാത്തിയെ മിനുസപ്പെടുത്തിക്കൊണ്ടിരുന്നു. കരുണന്റെ മേശയുടെ കീഴിൽ കിനാവുകൾ കണ്ട് കിടന്നിരുന്ന ആ കറുമ്പൻ നായ തങ്കൻ തോളിൽ തോക്കുമായി ഷാപ്പിൽ കാലൂന്നിയപ്പോൾ ബഹുമാനപുരസ്സരം എഴുന്നേറ്റ് മുൻകാലുകൾ മുന്നോട്ടു നീട്ടി നട്ടെല്ല് വളച്ച് വണങ്ങി. അതിനു ശേഷം ആ ജന്തു തങ്കനെയും തോക്കിനെയും വിട്ട് പോയിട്ടില്ല.
ഈ പട്ടിക്കെന്താ തോക്കിനോട് ഇത്ര പ്രേമം? തങ്കൻ കറുമ്പന്റെ കണ്ണുകളിലേക്ക് നോക്കി.അതൊരു ചട്ടമ്പിയുടെ കണ്ണുകൾ പോലെ തോന്നി അയാൾക്ക്. ചത്തുപോയ വല്ല ചട്ടമ്പികളുടെ പുനർജന്മമാവുമോ ഈ പട്ടി? തങ്കന് ചിരി വന്നു. ചട്ടമ്പി ചത്ത് പട്ടിയായി!
വേലൻ അരക്കുപ്പി കാലിയാക്കിയിരുന്നു. കുടൽക്കറി ഒരു പാത്രവും കൂടി ഓർഡർ ചെയ്ത് അയാൾ ബീഡി കത്തിച്ച് ചിന്തകളിൽ മുഴുകി. കുടിലിൽ നിന്നിറങ്ങുമ്പോൾ ഇരട്ടക്കുഴൽ തോക്കെടുത്ത് തന്നപ്പോൾ തങ്കനയാളോട് വല്ലാത്ത ബഹുമാനം തോന്നി. ജീവനെടുക്കാൻ പോന്ന ഒരായുധമേന്താൻ പ്രാപ്തനായിക്കരുതിയല്ലോ . അത് മതി. സ്വന്തമായി അയാൾ ഒരു പിച്ചാത്തി മാത്രം അരയിൽ തിരുകി വെച്ചു.
മുളങ്കാടെത്തുന്നതിനു മുമ്പ് തന്നെ തങ്കന് വലതു തോള് വേദനിച്ചു തുടങ്ങി. അയാൾ പ്രയാസപ്പെട്ട് ആ ഭാരിച്ച വസ്തുവിനെ തന്റെ ഇടംതോളിലേക്ക് ഒരു ഞരക്കത്തോടെ ഇറക്കി വെച്ചു. തോക്കിന്റെയുള്ളിൽ ഉണ്ട രണ്ടെണ്ണമുണ്ടെന്ന് വേലൻ പറഞ്ഞിരുന്നു. ഇനിയും വേണോ? എന്ന ചോദ്യം കേട്ടപ്പോൾ ചിരിക്കാനാണ് തോന്നിയത്.താനാരെ വെടി വെക്കും? ഇതൊന്നെടുത്തുയർത്താൻ പെടുന്ന കഷ്ടപ്പാട് തനിക്ക് മാത്രമറിയാം. പണ്ട് ചീട്ടുകളിക്കാരൻ പൊറിഞ്ചുവിനോടൊപ്പം പെരുന്നാളിന് തെറ്റിച്ചിറ പള്ളിയിൽ പോയപ്പോൾ കണ്ട കുരിശു ചുമക്കുന്ന കർത്താവിന്റെ പ്രതിമയെ ഓർത്തു പോയി തങ്കൻ.
കറുമ്പൻ നായ തോക്കിന്റെ ചുവട്ടിൽ ഒരു കാവൽക്കരനെപോലെ കിടന്നു മയങ്ങിപ്പോയി. ആവി പറക്കുന്ന കുടൽക്കറിയും അരക്കുപ്പി ചാരായവും കരുണൻ കൊണ്ട് വെച്ചു. ഇത്തവണ ഗ്ലാസ്സുകളിൽ ചാരായം പകർന്നത് തങ്കനാണ്. കറിയിൽ നിന്ന് പൊന്തുന്ന ആവി ഊതി ആറ്റിയ ശേഷം ഒരു കരണ്ടിയിൽ കുടൽക്കഷ്ണമെടുത്ത് വേലൻ കഴിച്ചു തുടങ്ങി. എന്നിട്ടയാൾ ചുറ്റുമൊന്ന് കണ്ണോടിച്ച ശേഷം തങ്കനെ തുറിച്ചു നോക്കി സ്വരം താഴ്ത്തിപ്പറഞ്ഞു: “സംഗതികളൊക്കെ കുഴഞ്ഞു മറിയുവാ…ഈ ഗുണ്ടാവിളയാട്ടങ്ങൊളൊക്കെ തീരാൻ പോകുവാ…”
തങ്കൻ ചെവി കൂർപ്പിച്ചു.
“അവന്മാരുടൻ ഇറങ്ങും”
“പോലീസാണോ?”
“അല്ലെടാ…പട്ടാളം”
പട്ടാളമോ? തങ്കൻ അന്തം വിട്ടിരുന്നു. ലഹരിയൊക്കെ ഇറങ്ങിത്തുടങ്ങുന്നതു പോലെ തോന്നിയപ്പോൾ അയാൾ അടുത്ത ഗ്ലാസ് വലിച്ചു കുടിച്ചു. കുടൽ ചൂടോടെ വിഴുങ്ങി. വേലൻ ആത്മഗതം പോലെ തുടർന്നു
“കുറെയെണ്ണം ചാവും…കുറെയെണ്ണം അകത്താവും”
വേലന്റെ വാക്കുകളിൽ ഭയമോ ഉൽക്കണ്ഠയോ ഒന്നുമില്ലായിരുന്നു. ഒരു ആപൽസന്ധി വരാനിരിക്കുന്നു എന്ന മുന്നറിയിപ്പ് മാത്രമായിരുന്നു അത്.
“കുറെയെണ്ണം ചാവും” തങ്കൻ ആ വാക്കുകൾ ആവർത്തിച്ചു. വേലൻ ചാവുമോ? അതോ അകത്താവുമോ? തന്റെ കാര്യമെന്താവും?
“നീയിപ്പം കച്ചവടമൊന്നും തുടങ്ങാൻ പോണ്ട…എല്ലാം ഒന്ന് കലങ്ങിത്തെളിയണ വരെ കാക്ക്…ചെലപ്പം എല്ലാം നല്ലതിനായിരിക്കും”
എല്ലാം നല്ലതിനായിരിക്കണേ ദൈവങ്ങളേ …തങ്കൻ ഒരു നിമിഷം കണ്ണടച്ച് ദൈവങ്ങളുടെ മുഖങ്ങളോർത്തു.
ഷാപ്പിൽ നിന്നിറങ്ങാൻ നേരത്തും കറുമ്പൻ വളഞ്ഞു വണങ്ങി. തങ്കനും വേലനും ഇരുട്ടിൽ മറയുന്നത് വരെ പടിവാതിലിൽ നോക്കിയിരിക്കുകയും ചെയ്തു. എന്നിട്ടു മുറ്റത്തു നിൽക്കുന്ന കല്ലൻ വാഴയുടെ മൂട്ടിൽ ഒന്ന് മുള്ളിയ ശേഷം അവൻ കരുണന്റെ മേശയുടെ കീഴിൽക്കിടന്നു കിനാവ് കണ്ടു തുടങ്ങി.
തങ്കനെ മുമ്പിൽ നടക്കാൻ വിട്ടിട്ട് പിന്നിലാണ് വേലൻ നടന്നിരുന്നത്. തോക്കിന്റെ പാതി ഭാരവും ഉള്ളിലെ പാതി ഭയവും തൽക്കാലം ചോരയിൽക്കലർന്ന ചാരായം ഏറ്റെടുത്തിട്ടുണ്ടെങ്കിലും തങ്കന് ഒറ്റയ്ക്ക് തന്റെ കുടില് വരെ നടക്കാനുള്ള ധൈര്യമില്ലായിരുന്നു.
വേലൻ എങ്ങോട്ടാണ് പോകുന്നതെന്നോ എന്തിനാണ് തനിക്കു അകമ്പടി സേവിക്കുന്നതെന്നോ അയാൾ പറയാത്ത സ്ഥിതിക്ക് കുടില് വരെ നടക്കാനുള്ള ഒരു തുണയാണയാൾ എന്ന് തങ്കൻ ഉറപ്പിച്ചു.
പെട്ടെന്നാണത്. കരിയിലകൾ അനങ്ങി. ആരോ ഒരാൾ ഇരുട്ടിന്റെ മറവിലുണ്ട്. തങ്കൻ പാറ പോലെ നിന്നു. വേലൻ അരയിൽ നിന്ന് കത്തിയൂരി ഇരുട്ടിനെ പിളർത്തി വീശി. കാൽപ്പെരുമാറ്റം അരികിലേക്ക് വരുന്നുണ്ട്.
ഒരുഗ്രരൂപിയാണ്. വേലനെക്കാൾ കിളരവും തൂക്കവുമുണ്ട്. കയ്യിൽ വലിയ ഇരട്ടക്കുഴൽ തോക്ക്. നിറം തിരിച്ചറിയാനാവാത്ത വിധമുള്ള വസ്ത്രങ്ങൾ. തലയിൽ ലോഹത്തൊപ്പി.
സംശയമില്ല ഇത് പട്ടാളം തന്നെ.
തങ്കൻ തോക്കും പിടിച്ചു നിന്ന് വിറച്ചു. വേലൻ കത്തി വീശിക്കൊണ്ടിരുന്നു. അതെല്ലാം മെയ് വഴക്കത്തോടെ പട്ടാളക്കാരൻ ഒഴിഞ്ഞു മാറി. പെട്ടെന്നാണത് സംഭവിച്ചത്.
പട്ടാളക്കാരൻ തോക്കെടുത്തു വേലന്റെ നെഞ്ചിലേക്ക് നിറയൊഴിച്ചു. വെടി കൊണ്ടത് കഴുത്തിലാണ്. വേലന്റെ ചോര ചുറ്റിലും ചീറ്റി. അയാൾ പന പോലെ നിലം പൊത്തി .
തന്റെ കാൽപ്പാദങ്ങൾക്ക് താഴെയുള്ള ഭൂമി ഇളകി മാറി അകലേക്ക് പോയത് പോലെ തോന്നി തങ്കന്. ഇരയെ വെടി വെച്ച് താഴെയിട്ട വേട്ടക്കാരനെപ്പോലെ വേലന്റെ പിടയുന്ന ശരീരത്തെ നോക്കി നിന്നു പട്ടാളക്കാരൻ. ഇരുട്ടുവാക്കിന് നിന്നതുകൊണ്ടാവാം തങ്കന് നേരെ പട്ടാളക്കാരന്റെ ശ്രദ്ധ ചെല്ലാത്തത് . തങ്കൻ ശ്വാസം പോലും പിടിച്ചു വെച്ച് പാറക്കല്ല് പോലെ നിന്നു. പക്ഷെ സ്വന്തം ചങ്കിടിപ്പിനെ നിയന്ത്രിക്കാൻ അയാൾക്ക് കഴിഞ്ഞില്ല. നെഞ്ചിലെ എല്ലിന്കൂട് തകർത്ത് ആ ശബ്ദം പുറത്തേക്കു പ്രവഹിച്ചു കൊണ്ടിരുന്നു. അത് കേട്ട് പട്ടാളക്കാരൻ തങ്കനെ പുണർന്നു നിൽക്കുന്ന ഇരുട്ടിലേക്ക് നോക്കി.
ഇതാ മരണം തന്നെ തുറിച്ചു നോക്കുന്നു.മരണം തങ്കന്റെ അവസാന നിമിഷങ്ങൾ എണ്ണിപ്പെറുക്കുന്നു.തങ്കൻ സാവധാനം കയ്യിലുള്ള തോക്കുയർത്തി. തന്റെ മരണത്തിനു നേരെ ഉന്നം വെച്ച് കാഞ്ചി വലിച്ചു. വെടി പൊട്ടി. വേലന്റെ തോക്കിനും വേലന്റെ അലർച്ചയുടെ ശബ്ദമാണെന്നു തങ്കന് തോന്നി.പട്ടാളക്കാരന്റെ നെഞ്ച് പിളർന്നു വെടിയുണ്ട ചീറിപ്പാഞ്ഞു. നെഞ്ചിന്കൂടിൽ നിന്നും പുറത്തേക്കു ചിതറിയ ചോര തങ്കന്റെ മുഖത്തേക്ക് തെറിച്ചു. പട്ടാളക്കാരൻ വെടികൊണ്ട ഒരു വന്യമൃഗത്തെപോലെ നിലത്തു വീണ് ഉരുണ്ട് പിടഞ്ഞു നിശ്ചലനായി.
തങ്കൻ തോക്കു പിടിച്ചുള്ള അതേ നിൽപ്പ് തുടർന്നു . എന്താണീ സംഭവിച്ചത്? വിധി തന്നെക്കൊണ്ട് എന്തെല്ലാം വിള യാടിക്കുന്നു? എന്തെല്ലാം വേഷങ്ങൾ അണിയിക്കുന്നു? ആദ്യം ഒരു പരദേശി, പിന്നെ ഒരു വരത്തൻ, ഭീരു, അനവധി ജാരന്മാർ കയറിയിറങ്ങുന്ന പെണ്ണിന്റെ കഴിവ് കെട്ട കെട്ടിയവൻ, ഇപ്പോൾ ഒരു കൊലയാളി.
തങ്കൻ തോക്ക് താഴ്ത്തി സാവധാനം നിലത്തു കുത്തിയിരുന്നു. മുന്നിൽ രണ്ടു ശവങ്ങൾ. അധികം അകലെയല്ലാതെ നരികൾ ഓരിയിടുന്നുണ്ട്. ചോരയുടെ മണം അവയുടെ നാസാദ്വാരങ്ങളിലേക്ക് കയറിയിരിക്കണം. അവരിനി അത്താഴ സദ്യക്കായി ഏറെ വൈകാതെ കൂട്ടത്തോടെ ഇവിടെയെത്തും.
ഒരു നീറ്റലനുഭവപ്പെട്ടതു കൊണ്ട് തങ്കൻ കൈപ്പത്തി കൊണ്ടൊന്നു മുഖമൊന്നു തുടച്ചു. ചോരയാണ്. പട്ടാളക്കാരന്റെ ചോര. ഒരു നിയമപാലകനെ കൊന്ന ദേശദ്രോഹിയാണ് താൻ. ചിലപ്പോൾ നരികൾക്കു മുമ്പേ ഇവിടെയെത്തുന്നത് ചത്ത് കിടക്കുന്ന ഇവന്റെ അനുയായികളാവാം. അവർ സഹപ്രവർത്തകന്റെ ചോരക്കു കണക്കു പറഞ്ഞു പക പോക്കും. നരികളുടെ അത്താഴ വിരുന്നു കെങ്കേമമാവും. മൂന്ന് ശവങ്ങൾ.
തങ്കൻ ചെവിയോർത്തു. ഓരിയിടലാണോ അതോ ബൂട്സിന്റെ ശബ്ദമാണോ ആദ്യം കേൾക്കുക?
തങ്കൻ വേലനെ നോക്കി. തല ഏകദേശം ശരീരത്തിൽ നിന്നും വേർപെട്ടിരിക്കുന്നു. മയിലി എണ്ണ തേച്ചു വെടിപ്പാക്കിയ ശരീരം ചോരയിൽ കുളിച്ച് കിടക്കുന്നു.
മയിലിക്കിനി തുണ ആരുണ്ട്? ആയുധപ്പുര ആര് സൂക്ഷിക്കും?
വേലൻ ഒരുപാട് ചോദ്യങ്ങൾ അവശേഷിപ്പിച്ചാണ് യാത്രയായിരിക്കുന്നത്.
അയാൾ വെറുമൊരു ചട്ടമ്പിയായിരുന്നില്ല. നെറിവും വിവരവുമുള്ള പച്ചയായ മനുഷ്യനായിരുന്നു. അയാളുടെ വിവേകവും കാര്യശേഷിയും തങ്കനുൾപ്പെടെ പലരെയും അദ്ഭുതപ്പെടുത്തിയിട്ടുണ്ട്. പട്ടാളമിറങ്ങുന്ന സൂചന വളരെ നേരത്തെ വേലൻ അറിഞ്ഞിരുന്നു. എല്ലാം മുൻ കൂ ട്ടിക്കണ്ടായിരുന്നു അയാളുടെ ചുവടുകൾ.
വെറുമൊരു ഭീരുവായ തന്റെ കയ്യിൽ അയാളെന്തിന് തോക്ക് തന്നു? അതയാൾക്കു സ്വയം കരുതാമായിരുന്നില്ലേ? വേലൻ മറ്റു കാര്യങ്ങൾ പോലെ തന്റെ അന്ത്യവും മുൻപേ കൂട്ടി അറിഞ്ഞിരുന്നുവോ?
“ചിലപ്പോൾ എല്ലാം നല്ലതിനായിരിക്കും” വേലന്റെ വാക്കുകൾ തങ്കന്റെയുള്ളിൽ പ്രതിധ്വനിച്ചു. ആയുധപ്പുര കാട്ടി കൈവശമുള്ള ഒരേ ഒരു തോക്ക് കൈമാറുമ്പോൾ തന്നിൽ അയാളൊരു പിൻഗാമിയെ കണ്ടിരുന്നുവോ? ചിന്തകൾ കാട് കയറിക്കയറിപ്പോവുകയാണെന്ന് തങ്കൻ തിരിച്ചറിഞ്ഞു.
അഥവാ വേലൻ മനസ്സിൽ ഗണിച്ചിരുന്നുവെങ്കിൽ താനെന്തിനു നിഷേധിക്കണം?
ആയുധപ്പുരയും മയിലിയും തന്റെ കൈവശമെത്തുന്നതിൽ വേലന് അതൃപ്തിയൊന്നുമുണ്ടാവില്ല. കാട്ടുതേനിന്റെ നിറമുള്ള മയിലിയുടെ രൂപം തങ്കന്റെ മനസ്സിൽ തെളിഞ്ഞു. അയാൾ എഴുന്നേറ്റു നിന്നു.
ഉൾവിളികൾ കൊണ്ട് വീർപ്പുമുട്ടിയിരുന്നു തങ്കൻ. എന്ത് ചെയ്യണമെന്നറിയാതെ ശവങ്ങൾക്കു നടുവിൽ മറ്റൊരു ശവത്തെപ്പോലെ അയാൾ മരവിച്ചു നിന്നു. ആയുധപ്പുരയിലെ മൂർച്ചയുള്ള ആയുധങ്ങളും കാട്ടുതേനിന്റെ നിറമുള്ള മയിലിയുടെ ഉടലും തങ്കനെ മരണത്തെക്കുറിച്ചല്ല മറിച്ച് ജീവിതത്തെക്കുറിച്ചാണ് ചിന്തിക്കാൻ പ്രേരിപ്പിച്ചത്.
ഓരിയിടലുകളുടെയും ബൂട്സുകളുടെയും ആരവമെത്തുന്നതിനു മുമ്പ് ഇവിടെ നിന്ന് സ്ഥലം വിടണം. വേലന്റെ കുടിലിലേക്കല്ല. തന്റെ സ്വന്തം കുടിലിലേക്ക്. അവിടെ കെട്ട്യോളായ മണി ച്ചിയുണ്ട്. അവളുടെ പക്കൽ തന്റെ ഒരായുഷ്ക്കാലത്തെ സമ്പാദ്യമുണ്ട്.
തങ്കൻ തോക്കു ചുമലിൽ വെച്ച് വേഗത്തിൽ നടക്കാൻ തുടങ്ങി. ഇപ്പോൾ തോക്കിനു ഭാരം തോന്നുന്നില്ല. ഒരു മനുഷ്യന്റെ ജീവനെടുത്ത കരങ്ങളിലാണിപ്പോൾ ആ തോക്ക്. ഒരു ജീവനെക്കൂടി മേൽപ്പോട്ടയ്ക്കാനുള്ള ഒരു വെടിയുണ്ട ഇപ്പോഴും അതിലുണ്ട്. മണിച്ചി വാതിൽ തുറക്കുമ്പോൾ അവളോടൊപ്പം ഏതെങ്കിലുമൊരു ഇടപാടുകാരനുണ്ടെങ്കിൽ അവന്റെ അടിവയർ നോക്കി വെക്കണം വെടി . തങ്കൻ ഉറപ്പിച്ചു.
മണിച്ചിയോടെന്താണ് പറയേണ്ടത്? ഉടലിന്റെ നീര് വറ്റുന്നത് വരെ അവൾ ചട്ടമ്പികളോടൊപ്പം കിടന്നോട്ടെ. അത് കഴിയുമ്പോൾ അവൾ മനസിലാക്കും കെട്ടിയവന്റെ വില. അന്യ നാട്ടിൽ സ്വന്തം കെട്ടിയവളെ മാത്രം ചിന്തിച്ചു ദിനരാത്രങ്ങൾ എണ്ണിക്കഴിഞ്ഞ ഒരുത്തന്റെ വില.തനിക്കിനി അന്തിയുറങ്ങാൻ മയിലിയുണ്ട്. അവളിൽ കൊച്ചുങ്ങളെ ജനിപ്പിക്കണം. കരുത്തൻമാരായ ആൺകുട്ടികളെ…
തങ്കൻ തന്റെ കുടിലിന്റെ മുറ്റത്തെത്തി. ഉള്ളിൽ മണ്ണെണ്ണ വിളക്കിന്റെ വെളിച്ചം. അവളോടൊപ്പം ആരെങ്കിലുമുണ്ടാവുമോ? സാധ്യത കുറവാ ണ്. കാരണം തേവുണ്ണിയും ചുങ്കനും കാട്ടിൽ മറഞ്ഞിരുന്ന് തന്റെയും വേലന്റെയും സൗഹൃദം മനസിലാക്കാക്കി അവളെ അറിയിച്ചിരിക്കാം. മണി ച്ചിയുടെ എല്ലാ കളികളും വേലൻ തന്നെ അറിയിച്ചിട്ടുണ്ടെന്ന് അവൾ മനസിലാക്കിയിട്ടുണ്ടാവണം. ഇനിയവൾ നാടകമാടാനേ തരമുള്ളു. തങ്കനെ നട്ടം തിരിക്കാനുള്ള നാടകം.
പക്ഷെ ഇത് പഴയ തങ്കനല്ല. ഒരുവന്റെ പ്രാണനെടുത്തവനാണ്. ചോരയുടെ നിറത്തോടും മണത്തോടും അറപ്പു മാറിയവനാണ്.
തങ്കൻ തോക്കിന്റെ പാത്തി കൊണ്ട് വാതിലിൽ മുട്ടി.
“ആരാ?”- ഉള്ളിൽ നിന്ന് മണി ച്ചിയുടെ വിറങ്ങലിച്ച സ്വരം.
തങ്കൻ ഒന്നും മിണ്ടിയില്ല. വിറങ്ങലിച്ച സ്വരം മൂന്ന് തവണ ആവർത്തിച്ചു. പിന്നീട് വാതിൽ തുറക്കപ്പെട്ടു. മണിച്ചി തങ്കന്റെ മുഖത്തേക്ക് സൂക്ഷിച്ചു നോക്കി-
“ആരാ?”
തങ്കൻ ആശ്ചര്യപ്പെട്ടു. ഒരു ജീവനെടുത്ത ശേഷം താൻ തിരിച്ചറിയാനാവാത്ത വിധം മാറിപ്പോയോ?
മുഖത്തെ ഉണങ്ങിയ ചോരക്കറ ഒരു മുഖം മൂടി പോലെ ഒട്ടിപ്പിടിച്ചിരിക്കുന്നതിലാണെന്നു തോന്നുന്നു അവൾ തിരിച്ചറിയാതിരുന്നത്. അയാൾ തോക്കുയർത്തി. അവളുടെ നാഭിയിൽ തോക്കിന്റെ കുഴൽ അമർത്തി വെച്ചു .
അവൾ ഭയന്ന് വിറച്ചു.
“എന്നെ മനസിലായില്ലേ? ഞാൻ നിന്റെ പുതിയ ഇടപാട്കാരനാടീ!” അത് പറയുമ്പോൾ എത്ര നിയന്ത്രിക്കാൻ ശ്രമിച്ചിട്ടും തങ്കന്റെ മുഖത്ത് പുച്ഛത്തോടെയുള്ള ഒരു പരിഹാസച്ചിരി വിടരുന്നുണ്ടായിരുന്നു .