അവരവർക്ക് പുറത്തുള്ളതിനെയെല്ലാം ‘അപര’മായി കണക്കാക്കുന്നവരോട്, ആഴത്തിൽ വിയോജിയ്ക്കുകയും സംവാദത്തിൽ ഏർപ്പെടുകയും ചെയ്യുന്ന കൃതിയാണ്, സുനിൽ പി.ഇളയിടം രചിച്ച, “മൈത്രിയുടെ ലോകജീവിതം”. ആമുഖത്തിൽ, ഗ്രന്ഥകാരൻതന്നെ സൂചിപ്പിയ്ക്കുന്നതു പോലെ, വിശാലമായ ഒരർത്ഥത്തിൽ സാഹോദര്യം, മൈത്രി എന്നീ ആശയങ്ങളെ നമ്മുടെ സാമൂഹ്യ – ചരിത്രവിചാരജീവിതത്തിൻ്റെ വിവിധ സന്ദർഭങ്ങളെ മുൻനിർത്തി വിലയിരുത്താനുള്ള ശ്രമിക്കുന്ന പന്ത്രണ്ടു ലേഖനങ്ങളാണ് ഇതിലുള്ളത്.
പല കാലങ്ങളിലായി, പല വിഷയങ്ങളിൽ എഴുതിയതാണെങ്കിലും ഇന്ത്യൻ ബ്രാഹ്മണ്യത്തിൻ്റെ സഹജമായ തർക്കിക യുക്തി ഏറിയോ കുറഞ്ഞോ നിലനില്ക്കുന്ന നമ്മുടെ കാലത്തോട്, സൗമ്യവും ശക്തവുമായ സ്വരത്തിൽ, “വാദിയ്ക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ്” എന്ന ഗുരുവാക്യം ആവർത്തിയ്ക്കുന്നു, ഇതിലെ ഓരോ ലേഖനവും.
രണ്ടു ഭാഗങ്ങളാണ് പുസ്തകത്തിനുള്ളത്. തർക്കവും സംവാദവും, കലയിലെ രാഷ്ട്രീയശരികൾ, സംസ്കാരത്തിന്റെ പ്രക്രിയാപരത, സാഹിത്യത്തിന്റെ നൈതികമാനങ്ങൾ, വിമർശനാത്മക ആത്മീയത, അറിവിന്റെ പ്രക്രിയാപരത തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള ആറു ലേഖനങ്ങൾ ഒന്നാം ഭാഗത്തും ഗാന്ധിജി, ശ്രീനാരായണ ഗുരു, അംബേദ്കർ, കുറ്റിപ്പുഴ കൃഷ്ണപിള്ള, പ്രൊഫ. സ്കറിയാ സക്കറിയ, ഡോ. പ്രദീപൻ പാമ്പിരികുന്ന് എന്നിവരുടെ ജീവിതത്തെയും ആശയലോകത്തെയും മുൻനിർത്തിയുള്ള ആറു ലേഖനങ്ങൾ രണ്ടാം ഭാഗത്തും ഉൾച്ചേർത്തിരിക്കുന്നു.
ഇടതുപക്ഷത്തു നിന്നുകൊണ്ട്, സംസ്ക്കാരത്തിൻ്റെ പ്രക്രിയാപരതയെ വിശദീകരിയ്ക്കാനും അതിലെ നൈതികതയുടെ അംശങ്ങളെ കണ്ടെത്താനുമുള്ള ശ്രമങ്ങളാണ്, ‘മൈത്രിയുടെ ലോകജീവിത’ത്തെ ശ്രദ്ധേയമാക്കുന്നത്. ചലനാത്മകവും സംവാദാത്മകവുമായ ഒരു പ്രക്രിയയായി സാംസ്ക്കാരികാവിഷ്ക്കാരങ്ങളെ അടയാളപ്പെടുത്തുന്ന റെയ്മണ്ട് വില്യംസിൻ്റെ സങ്കല്പനവ്യൂഹത്തെ, സാഹിത്യം, മതം, അറിവ് തുടങ്ങിയ വ്യത്യസ്തമണ്ഡലങ്ങളെ വിലയിരുത്താനുള്ള ഉപാധിയായി സ്വീകരിയ്ക്കുകയാണ് ഒന്നാംഭാഗത്തുള്ള ലേഖനങ്ങൾ എന്ന് സാമാന്യമായി പറയാം. ഇപ്രകാരം നോക്കുമ്പോൾ, ‘ശരി’ എന്നു വിചാരിച്ചു പോന്ന പലതും അത്ര ശരിയല്ല എന്ന തിരിച്ചറിവുണ്ടാകും. ഉദാഹരണത്തിന്, ‘രാഷട്രീയശരി’ (Political Correctness) എന്ന ആശയമെടുക്കുക. നമ്മുടെ നിത്യജീവിതപരിസരങ്ങളിൽ സ്വാഭാവികമെന്ന പോലെ ഇടംപിടിയ്ക്കുന്ന ഉച്ചനീചത്വങ്ങളേയും അനീതികളേയും ബോധപൂർവം മറികടക്കാൻ സഹായിക്കുന്ന ഒരു ഉപാധി (tool) ആണ് ഇത്. എന്നാൽ, ഇതേ മാനദണ്ഡമുപയോഗിച്ച് സാഹിത്യരചനകളേയും കലാസൃഷ്ടികളേയും വിലയിരുത്തുമ്പോൾ അബദ്ധം സംഭവിച്ചേയ്ക്കാം: ഗാന്ധിജിയും ശ്രീനാരായണ ഗുരുവും ആശാനും ഓ.വി വിജയനുമെല്ലാം ‘രാഷ്ടീയശരി’യുടെ പേരിൽ വിമർശിയ്ക്കപ്പെടുന്നത് ഇത്തരം സൂക്ഷ്മതക്കുറവുകൊണ്ടാണ്. എന്നല്ല, യാന്ത്രികമായ അത്തരം ‘ശരി’ ബോധങ്ങൾ, വേരുറപ്പിയ്ക്കുന്നത് അസഹിഷ്ണുതയിലാണു താനും. ഫാസിസവും നാസിസവുമെല്ലാം ‘രാഷട്രീയശരി’ യെ ആയുധമാക്കിയതിൻ്റെ വിശദാംശങ്ങൾ കൂടി പരിശോധിച്ചുകൊണ്ട്, ഗ്രന്ഥകാരൻ എത്തിച്ചേരുന്നത് ‘രാഷ്ടീയശരി, രാഷ്ടീയമായി ശരിയല്ല’ (Political correctness is politically incorrect) എന്ന കാഴ്ചപ്പാടിലാണ്. സാംസ്ക്കാരികവിമർശനത്തിൽ കടന്നു കൂടുന്ന കള്ളനാണയങ്ങളെ തിരിച്ചറിയാൻ, രാഷ്ടീയശരിയെക്കുറിച്ചുള്ള അവബോധം വായനക്കാരെ പ്രാപ്തരാക്കുന്നു. (‘പ്രതിനിധാനത്തിൽ നിന്ന് പ്രക്രിയയിലേയ്ക്ക്: സാംസ്ക്കാരിക വിമർശനത്തിൻ്റെ ഇടതു പക്ഷ വഴി’, ‘കലയിലെ രാഷ്ട്രീയ ശരികൾ: അഥവാ ഒരു മിഥ്യയുടെ ജീവിതകഥ’ എന്നീ ലേഖനനങ്ങൾ).
മുൻപ് സൂചിപ്പിച്ചതു പോലെ, രണ്ടാം ഭാഗത്തിലെ ലേഖനങ്ങൾ നമ്മുടെ സാംസ്ക്കാരിക ജീവിതത്തെ പല മട്ടു സ്വാധീനിച്ച ചില വ്യക്തികളെക്കുറിച്ചാണ്. ഒറ്റയൊറ്റ വ്യക്തികൾ എന്ന നിലയിൽ ഇവരെ പരിഗണിയ്ക്കുന്നതോടൊപ്പം ഗാന്ധിജിയും അംബേദ്കറും, ശ്രീനാരായണ ഗുരുവും കുറ്റിപ്പുഴ കൃഷ്ണപ്പിള്ളയും, പ്രൊഫ. സ്കറിയാ സക്കറിയയും പ്രദീപൻ പാമ്പിരിക്കുന്നും എന്ന മട്ടിൽ ദ്വന്ദങ്ങളായും നമുക്ക് വായിയ്ക്കാം; അപ്പോഴുണ്ടാകുന്ന തിരിച്ചറിവും പ്രധാനമാണ്: പ്രകടമായ വീക്ഷണ വ്യത്യാസങ്ങളുണ്ടായിരിയ്ക്കുമ്പോഴും ഇവരെ കോർത്തിണക്കുന്ന ഒരു കണ്ണിയുണ്ട്: ഗ്രന്ഥകാരൻ അതിനെ ‘മൈത്രി’ എന്നു വിശേഷിപ്പിയ്ക്കുന്നു; അതു കേവലമൊരു വാക്കല്ല എന്നും അഗാധമായ മനുഷ്യസ്നേഹത്തിൽ നിന്ന് ഉറവപൊട്ടുന്നതും നിരന്തരമായ അന്വേഷണത്താൽ തെളിച്ചം വെയ്ക്കുന്നതുമായ ഈ സവിശേഷദർശനമാണ്, കാലഘട്ടത്തിൻ്റെ കാലുഷ്യങ്ങളോടു പോരാടാനുള്ള ആയുധമാണെന്നും നമ്മൾ തിരിച്ചറിയുന്നു.
സമൂഹം കലയിൽ പ്രവർത്തിയ്ക്കുന്നതു പോലെ കല സമൂഹത്തിലും പ്രവർത്തിയ്ക്കുന്നുണ്ടെന്നിരിക്കെ കലയുടേയും സാമൂഹികജീവിതത്തിൻ്റെയും അടിസ്ഥാനം എന്തായിരിയ്ക്കണം? ഈ ചോദ്യത്തിന്, ‘നൈതികത’ എന്ന ഒറ്റ ഉത്തരമാണ് ‘മൈത്രിയുടെ ലോകജീവിതം’ മുന്നോട്ടു വെയ്ക്കുക. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ, “സാഹിത്യം അതിൻ്റെ പ്രഖ്യാപിതവും ആധുനികവുമായ ദൗത്യത്തിനപ്പുറത്ത്, ‘നീതി’ എന്ന ആശയത്തെ അഭിസംബോധന ചെയ്യുന്നുണ്ടോ” എന്ന ചോദ്യം ആവർത്തിച്ചുന്നയിയ്ക്കുകയും അതിലൂടെ ഭാഷയും മതവും ജ്ഞാനവിനിമയവുമെല്ലാം നൈതികയുടെ അടിസ്ഥാനത്തിലാവേണ്ടതിൻ്റെ ആവശ്യകത ചൂണ്ടിക്കാണിയ്ക്കുകയും ചെയ്യുന്നുണ്ട് ഇതിലെ ഓരോ ലേഖനവും. മാനവരാശിയെ പ്രവർജ്ജനത്തിൽ (Exclusion) നിന്ന് ഉൾക്കൊള്ളലിലേയ്ക്ക് (Inclusion) നയിയ്ക്കാൻ നീതിബോധത്തിനു മാത്രമേ സാധിയ്ക്കുകയുള്ളൂ. ഏതു സന്ദർഭത്തെയും ചരിത്രപരമായും പ്രക്രിയാപരമായും സമീപിയ്ക്കുക എന്നതാണ്, അതിൻ്റെ നൈതികതലം കണ്ടെത്താനുള്ള വഴി എന്നും നീതിയെക്കുറിച്ചുള്ള ബോധ്യം ഉറയ്ക്കുമ്പോൾ, സംവാദാത്മകമായ, മൈത്രിയിൽ ഊന്നുന്ന ഒരു ലോകജീവിതം സാധ്യമാകും എന്നുമുള്ള വിശാലദാർശനികതയിലേയ്ക്ക് വായനക്കാരെ കണ്ണി ചേർക്കുന്നുണ്ട്, ഈ പുസ്തകം എന്ന് ചുരുക്കട്ടെ.
മൈത്രിയുടെ ലോകജീവിതം: സുനിൽ പി ഇളയിടം
ഡി.സി.ബുക്സ്, കോട്ടയം
വില: 350 രൂപ