ഞങ്ങള്‍ പാലക്കാട് തേന്നൂര്‍ എന്ന സ്ഥലത്ത് നിന്ന് രണ്ടുമൂന്ന് കിലോമീറ്റര്‍ ദൂരെയുള്ള പറളിയിലേക്ക് താമസം മാറിയത് 1962–63 ലാണ്. അവിടെവെച്ചാണ് അച്ഛനും സുഹൃത്തുക്കളും ഞായറാഴ്ച വൈകുന്നേരങ്ങളില്‍ ഓരോരുത്തരുടെ വീട്ടിലായി ചിന്മയമിഷന്റെ ഒരു സത്സംഗ ക്ളാസ് തുടങ്ങിയത്. ചിന്മയാനന്ദന് സ്വാമികളേയും മിഷന് പരിപാടികളെക്കുറിച്ചൊന്നും അക്കാലത്ത് അവിടെയുള്ളവര്‍ക്ക് വലിയ അറിവോന്നുമുണ്ടായിരുന്നില്ല. അന്ന് പറളിയില്‍ തുടങ്ങാന്‍ എന്താണ്, ആരാണ് കാരണമെന്നൊന്നും എനിക്കറിയില്ല.

അഞ്ചെട്ട് പേര് ഒത്തുകൂടുന്നു. നാരായണീയം ഒരു സര്‍ഗം (അതെന്റെ അമ്മയാണ് വായിച്ചിരുന്നത്), ഗീത ഒരദ്ധ്യായം പാരായണം, കുറച്ച് ഭജന അത്രയാണ് ഉണ്ടായിരുന്നത്. ഞാങ്ങള് കുട്ടികള്‍ക്ക് ഈ ഒത്തുകൂടല്‍ വലിയ പ്രിയമായത് അതിനവസാനം കിട്ടുന്ന പ്രസാദമായിരുന്നു. അവിലും ശര്‍ക്കരയും പഴനൂറുക്കുകളും ചേര്‍ന്നതായിരുന്നു പ്രസാദം. ഞാന്‍ മുടങ്ങാതെ അതില്‍ പങ്കെടുത്തു, പ്രസാദം കഴിച്ചു. പിന്നീട് ഡിഗ്രി പഠിത്തം തിരുവനന്തപുരത്തായപ്പോള്‍ ആ ഞായറാഴ്ച മറന്നുപോയി.
ആയിടക്കാണൊരു ദിവസം ചിന്മയനന്ദ സ്വാമികള്‍ തിരുവനന്തഎുരത്ത് വന്നത്. അതിന് ഞാനും ചെറിയമ്മ ബേബ്യേടത്തിയും പോയി. ആദ്യമായിട്ടാണ് സ്വാമികളുടെ സത്സംഗം കേട്ടത്. അതൊരു വല്ലാത്ത അനുഭവമായി. ആ വാക്കുകള്‍, അലറുന്നപോലെ, തലോടുന്നപോലെ, സൗമ്യം, ശാസന അങ്ങനെ പലതും തോന്നി. (എനിക്കെന്തോ, സ്വാമിജിയുടെ ശബ്ദം കേള്‍ക്കുമ്പോഴൊക്കെ എന്റെ അമ്മാവനും അന്തരിച്ച പത്രപ്രവര്‍ത്തകനുമായ, ഞങ്ങള്‍ ഏട്ടമാമാ എന്ന് വിളിച്ചിരുന്ന സി.പി. രാമചന്ദ്രനെയാണ് ഓര്‍മ്മ വരുന്നത്. ഇന്നും സ്വാമിജി പറയുന്നത് കേൾക്കുമ്പോൾ ഏട്ടമാമാ എന്നോടെന്തൊക്കെയോ പറയുന്നത് പോലെ തോന്നും. ആ നോട്ടത്തിൽ ചിലപ്പോള്‍ നിനക്കൊക്കെ ഞാന്‍ പറയുന്നത് മനസിലാവില്ല എന്ന ഒരു പരിഹാസം, അല്ലെങ്കിൽ, നിനക്കിത് കേട്ട് മനസിലാക്കി ജീവിച്ചുകൂടെ എന്ന് ചോദിക്കാതെ ചോദിക്കുന്നത് പോലെയൊക്കെ. ഒരര്‍ത്ഥത്തില്‍ ഞാന്‍ ഏട്ടമാമയെ ആണ് സ്വാമിജിയില്‍ കാണുന്നത്. എന്റെ ജീവിതത്തില്‍, വളര്‍ച്ചയില്‍ ഒക്കെ ഒരു ഉത്കണ്ഠ ആ വാക്കുകളില്‍ ഞാന്‍ കാണും.)
കാലം മുന്നോട്ട് പോയി. കല്ല്യാണം, കുട്ടികള്‍… ജീവിതം മുന്നോട്ട് നീങ്ങി. കുട്ടിക്കാലം മുതല്ക്കേ സ്വന്തമായി ഒരു നിലപാടുമെടുക്കാത്തയാളാണ് ഞാന്‍. എന്തിനും ഒരാള്‍ കൂടെ വേണം. കുട്ടുകാരികള് കൂടെയില്ലാത്ത ദിവസങ്ങളില്‍ കോളേജിലേക്ക് ബസ് കയറ്റാന്‍ അച്ഛന് കൂടെ വരണം, തിരുവനന്തപുരത്തായപ്പോള്‍ വീട്ടിലെ സഹായി കോളേജിന്റെ പടിവരെ വരും. (കല്ല്യാണദിവസം മണ്ഡപത്തില്‍ ഇറങ്ങുമ്പോള്‍ എന്റെ ഉറ്റകൂട്ടുകാരി പ്രസന്നയോട് ഒന്ന് കൂടെ വരൂ എന്ന് പറഞ്ഞയാളാണ് ഞാന്‍) കല്ല്യാണം കഴിഞ്ഞപ്പോള്‍ എല്ലാം നാണപ്പന് വിട്ടുകൊടുത്തു. പാചകം മുതല്‍ എല്ലാം നാണപ്പനായിരുന്നു. പുറത്ത് പോകുമ്പോള്‍ പിന്നില്‍ നടന്നിരുന്ന എന്നോട് പുറകിലല്ല തന്റെ ഒരടിമുന്നില്‍ നടക്കണമെന്ന് എന്നോടാവശ്യപ്പെടുമായിരുന്നു നാണപ്പന്. ഒരു പേഴ്സില്ലാതെ നടക്കുന്നതിനും നാണപ്പന് എന്നെ വഴക്ക് പറഞ്ഞിരുന്നു. എനിക്ക് ചുമതലകള്‍ എടുക്കുവാന്‍ ഇഷ്ടമായിരുന്നില്ല. പച്ചക്കറി ഇല്ലെങ്കില്‍ സ്വയം വാങ്ങാതെ, അത് കഴിഞ്ഞു, വേണമെങ്കില്‍ ഇനി വാങ്ങണം എന്ന് പറയുന്നതല്ലഷ സുഖം? കുഴപ്പം വന്നാല്‍ അത് മറ്റുള്ളവരിലേക്ക് ഇട്ടുകൊടുക്കാമെന്നത് അതിലേറെസുഖം.
ആ സുഖങ്ങളില്‍നിന്ന് മാറിനില്‍ക്കാനാണ് നാണപ്പനെന്നും എന്നെ ഉപദേശിച്ചിരുന്നത്. സ്വന്തമായി ഒരു ജീവിതം ഉണ്ടാക്കുക, സുഹൃത്ത്ബന്ധങ്ങള്‍ വളര്‍ത്തുക, സ്വന്തമായി യാത്ര ചെയ്യുക, അങ്ങനെ അങ്ങനെ ഉപദേശള്. അതൊന്നും കേള്‍ക്കാത്ത മട്ടില്‍ ഞാനെന്റെ ജീവിം തുടര്‍ന്നു.

ബോറിവിലിയില്‍ (മുംബൈ) താമസമാക്കിയത് കുട്ടികള്‍ സ്കൂളില്‍ പോകാറായപ്പോഴാണ്. (സ്വന്തമായി താമസസ്ഥലം വേണ്ടെന്ന ഒരു വികലധാരണയാണ് നാണപ്പനുണ്ടായിരുന്നത്. എന്റെ മനോനില അനുസരിച്ചു എനിക്കൊരു എതിരഭിപ്രായമുണ്ടായിരുന്നുമില്ല. എഴുത്തുകാരനും സുഹൃത്തുമായ ഇ. ബാലചന്ദ്രനാണ് അത് പറ്റില്ലെന്നും കുട്ടികളുടം വിദ്യാഭ്യാസത്തിന് ഒരേ സ്ഥലത്ത് താമസിക്കുന്നതാണ് നല്ലതെന്നും വാടകക്കാണെങ്കില്‍ എല്ലാ പതിനൊന്നുമാസവും മാറേണ്ടിവരുമെന്നത് അവരുടെ വിദ്യാഭ്യാസത്തിന് പ്രശ്നമാവുമെന്നൊക്കെ പറഞ്ഞത് ബോറിവിലിയിലെ ഫ്ളാറ്റ് മേടിപ്പിച്ചത്.) ഒരിക്കല്‍ നടക്കാനിറങ്ങി തിരിച്ചെത്തിയ നാണപ്പന് വഴിയില്‍ എം.എന്‍. നായരെന്ന ബോറിവിലിയിലെ ആദ്യകാല താമസക്കാരിലൊരാളെ കണ്ടതും പലതും സംസാരിച്ച കൂട്ടത്തില്‍ ചിന്മയാമിഷന്റെ ഒരു സത്സംഗ ക്ളാസ് ആഴ്ചതോറും നടത്താന്‍ പരിപാടിയുള്ളതും അതില്‍ ഞാന്‍ ചേരണമെന്ന് ആവശ്യപ്പെട്ടതും എന്നോട് പറഞ്ഞു.
ഞാനതിനോട് വലിയ താല്പര്യം കാണിച്ചില്ല. പക്ഷെ ഞാനതില്‍ പോകണമെന്ന് നാണപ്പന് നിര്‍ബന്ധിച്ചുതുടങ്ങി. തന്റെ വലയത്തിനപ്പുറത്ത് സ്വാന്തമായി കുറച്ച് പരിചയക്കാര് ഉണ്ടാവുക എന്നത് എന്നെ സഹായിക്കുമെന്നതാവാം ആ നിര്ബന്ധിന് പിറകിലുണ്ടായിരുന്നത്. അങ്ങനെ ഒരു ഞായറാഴ്ച എനിക്കതില്‍ പോകേണ്ടിവന്നു. ഒരു സ്ത്രീയടക്കം നാലഞ്ചുപേരാണുണ്ടായിരുന്നത്. എം.എന്‍. നായരല്ലാതെ വേറെ മലയാളികളാരുമില്ല. മലയാളത്തില്‍ തന്നെ ആള്‍ക്കാര്‍ക്ക് മുന്നില്‍ എന്തെങ്കിലും പറയാന്‍ പറ്റാത്ത ഞാന്‍ ആകെ പതറി.
ഞങ്ങള്‍ക്കന്ന് അവിടെ ഒരു സിലബസ് ഉണ്ടായിരുന്നു. ‘കിന്‍ഡില്‍ ലൈഫ്’ (ജീവിതം ധന്യമാക്കാന്‍) എന്ന പുസ്തകത്തിലാണ് തുടക്കം. ഒരോ ക്ളാസുകളിലും അതിലെ രണ്ട് മൂന്ന് പേജുകള്‍ എല്ലാവരും വായിക്കണം. എന്നിട്ടതില്നിന്നെന്ത് മനസിലായി എന്ന് പറയണം. സംശയങ്ങള്‍ ചോദിക്കാം. മറ്റുള്ളവര്‍ അവരുടെ അറിവിനനസരിച്ച് അതിന് മറുപടി പറയും. ഇതൊക്കെയാണ് പതിവ്.
എനിക്ക് ഇംഗ്ളീഷില്‍ പറയാന്‍ പറ്റില്ല എന്ന ഒഴിവുകഴിവുകൾ പറഞ്ഞ് തലയൂരാന്‍ ഞാന്‍ വീണ്ടും ശ്രമിച്ചു. അതിനും നാണപ്പന് ഒരു വഴി കണ്ടുപിടിച്ചു. ശനിയാഴ്ച രാത്രികളില്‍ പിറ്റേന്ന് വായിക്കേണ്ട പേജുകള്‍ വായിച്ച് അതില്‍നിന്ന് മനസിലാക്കിയത് എഴുതി ഞാന്‍ നാണപ്പനു മുന്നില്‍ വായിക്കണം. ഒരു രക്ഷയുമില്ലാത്തതുകൊണ്ട് അതും തുടങ്ങി.
‘കിന്‍ഡില്‍ ലൈഫി’ല്‍ നിന്ന് ആത്മബോധം, തത്വബോധം, ദക്ഷിണമൂര്‍ത്തി സ്തോത്രം, ഭഗവദ്ഗീത അങ്ങനെയങ്ങനെ ക്ളാസുകള്‍ നീണ്ടു. അപ്പോഴേക്കും ക്ളാസുകള്‍ എനിക്കുമിഷ്ടപ്പെട്ടുതുടങ്ങി. ക്ളാസുകള്‍ കഴിഞ്ഞ് അല്പസ്വല്പം പരദൂഷണങ്ങളും കൂടിയായപ്പോള്‍ ഞാന്‍ ക്ളാസുകള്‍ മുടക്കാതെയായി.

ഭഗവദ്ഗീത തുടര്‍ച്ചയായല്ല, ഓരോ അദ്ധ്യായവും കഴിഞ്ഞ് വേറെ പല പുസ്തകങ്ങളും — ഉപനിഷത്തുകളടക്കം — ഉണ്ടാവും; അതിനും പുറമേയാണ് സ്വാമിജിയുടെ സത്സംഗ പ്രഭാഷണങ്ങള്‍. അങ്ങനെ എന്റെ ചിന്മയാജീവിതം വിപുലമായി.
വീട്ടുകാടേയോ, ഭര്‍ത്താവിന്റെയോ നിഴലിലല്ലാതെയും ഒരു ജീവിതമുണ്ടെന്നതറിഞ്ഞുവന്നപ്പോഴാണ് സാമ്പത്തികമായി ഒരു സ്വതന്ത്രതയുണ്ടാവുന്നത് നല്ലതല്ലേ എന്ന തോന്നല്‍ തുടങ്ങിത്. നാണപ്പന്റെ ചില അല്ലറചില്ലറ പബ്ളിഷിംഗ് പരിപാടകളില്‍ സഹായിക്കുന്നുണ്ടായിരുന്നെങ്കിലും എനിക്ക് പൈസയോന്നും തന്നിരുന്നില്ല. അവിടെ ജോലി ചെയ്യുന്ന ബാക്കി എല്ലാവര്ക്കും ശമ്പളമുണ്ട്. ഒരു ജോലി ആയല്ല ഞാനതെടുക്കുന്നതെന്നും അതുകൊണ്ട് ശമ്പളം എന്നത് എനിക്ക് തരാന്‍ പറ്റില്ലെന്നുമായിരുന്നു അതിന് നാണപ്പന്റെ വിശദീകരണം. ശമ്പളം കിട്ടുന്ന ഒരു ജോലി അതായിരുന്നു പിന്നെ എന്റെ മനസില്‍.
ഒരിക്കല്‍ പുറത്ത് പോയി വന്ന നാണപ്പന് ഇക്കണോമിക്ക് ആന്റ് പൊളിറ്റിക്കല്‍ വീക്ക്ലിയുടെ (ഇ.പി.ഡബ്ലിയു) എഡിറ്ററായിരുന്ന കൃഷ്ണരാജിനെ കണ്ടപ്പോൾ അവിടെ പരസ്യവിഭാഗത്തില്‍ ലീവിന് പോകുന്ന ഒരാള്‍ക്ക് പകരം ഒരു മാസത്തേക്ക് ഒരാളെ ആവശ്യമുണ്ടെന്ന് പറഞ്ഞതായി എന്നോട് പറഞ്ഞു. എനിക്കത് കിട്ടുമോ എന്നതിന് കൃഷ്ണരാജിനോട് സംസാരിച്ച് നോക്കാമെന്ന് പറഞ്ഞു. ഒരു മഴക്കാലത്ത് തോരാപ്പാര മഴയുള്ള ഒരു ദിവസം ഞാനും നാണപ്പനും ഇ.പി.ഡബ്ലിയു-വില്‍ എത്തി. അചിന്ത്യ മുഖര്‍ജി എന്നയാളാണ് അന്ന് ജനറല്‍ മാനേജര്‍. അദ്ദേഹമെന്നോട് ചിലത് ടൈപ്പ് ചെയ്യാനാവശപ്പെട്ടു. അതുകഴിഞ്ഞ് എന്നോട് ജോലിക്ക് തയ്യാറാണോ എന്ന് ചോദിച്ചു. അങ്ങനെയാണ് ഞാന്‍ ഇ.പി.ഡബ്ളു. കുടുംബാംഗമായത്.
ചിന്മയമിഷന് ക്ളാസുകളാണ് എനിക്കങ്ങനെ പുറത്ത് പോയി ജോലി ചെയ്യാനുള്ള ഒരു മനസ്സും ധൈര്യവും തന്നത് എന്നാണ് ഞാനിന്നും വിചാരിക്കുന്നത്. എന്റെ വീടിനും വീട്ടുകാര്‍ക്കുമപ്പുറം ഒരു ലോകമുണ്ടെന്ന് അത് എനിക്ക് മനസിലാക്കിതന്നു. ഏത് ജോലിയും അതിന്റെ പ്രതിഫലമനുസരിച്ച് മാത്രം ചെയ്യേണ്ട ഒന്നല്ലെന്നും ആ ജോലിയില്‍ മനസ് മുഴുവന്‍ കൊടുത്ത് അത് രസിച്ചു ചെയ്യുന്നതാണ് യഥാര്‍ത്ഥത്തില്‍ സന്തോഷമെന്നും ഗീതയില്‍ നിന്നും പിന്നാണ് ഞാന്‍ മനസിലാക്കിയത്. 600 രൂപ ശമ്പളം ആദ്യം കിട്ടിയപ്പോഴും പിന്നീടത് 60,000 ആയപ്പോഴും എന്റെ മനസില്‍ വേറെ ഒരു ചിന്ത വന്നില്ല. (അതിന് എന്നെ സ്വാധീനിച്ച ഒരു ശ്ലോകമാണ് മൂന്നാമദ്ധ്യായിലെ ‘യദ്യദാചരതേ ശ്രേഷ്ഠ തത്തദേവേതരോ…’ എന്നത്. സാരമില്ല ഇന്ന് ഉഴപ്പാം, ആരുമറിയില്ല എന്നൊക്കെ വിചാരിച്ച് വല്ലതും ചെയ്യാന്‍ പുറപ്പെടുമ്പോള്‍, ശ്രേഷ്ഠർ ആചരിക്കുന്നത് മറ്റുചിലര്‍ക്ക് പ്രമാണമാണ്, അവരത് പിന്തുടരുമെന്നത് ഓര്‍മ്മ വരും. എല്ലാവരും ആര്‍ക്കൊക്കെയോ ശ്രേഷ്ഠരാണ്. നമ്മള് ചെയ്യുന്നത് നോക്കി അതുപോലെ ചെയ്യുന്ന ആരൊക്കെയോ എല്ലാവര്‍ക്കുമുണ്ട്. തെറ്റുകള്‍ ചെയ്യാനൊരുങ്ങുമ്പോള്‍ ഈ ശ്ലോകം ഓര്‍ക്കുന്ന ഒരാളും അതിന് പുറപ്പെടില്ല എന്നാണെന്റെ വിശ്വാസം.

ജോലി എല്ലാം തീര്‍ത്ത് വിശ്രമിക്കുമ്പോള്‍ തോന്നുന്ന സന്തോഷം, അതാണോ വേദാന്തം പറയുന്ന ആനന്ദം? ആ സന്തോഷം, നമുക്ക് കിട്ടുന്ന ഏതു ജോലിയും നമ്മുടെ കഴിവിന്റെ പരമാവധിയില്‍ (സ്വാമിജി പറയാറുള്ളത് 100 ശതമാനം എന്നായിരുന്നില്ല, ഒരോരുത്തരുടേയും കഴിവിന്റെ പരമാവിധി) ചെയ്യുന്നതാണ് യഥാര്‍ത്ഥ കര്‍മ്മയോഗം എന്നാണ് ഞാന്‍ മനസിലാക്കിയത്.
എന്റെ ആത്മീയത മോക്ഷമല്ല, ഓരോ ദിവസവും നമുക്ക് മുന്നിലെത്തുന്ന കര്‍മ്മങ്ങള്‍ നമ്മുടെ പരമാവധി കഴിവുപയോഗിച്ച് ചെയ്യുവാന്‍ ശ്രമിക്കുക, അതില്‍ നെറികേട് കാണിച്ചാല്‍ അവനവനോട് ചെയ്യുന്ന നെറികോണെന്നറിയുക, പലപ്പോഴും നമ്മള് ശ്രദ്ധയോടെ, സ്നേഹത്തോടെ ചെയ്യുന്ന ജോലികളില്‍ വേണ്ടത്ര പ്രതിഫലം നമുക്ക് കിട്ടില്ല എന്ന അറിവോടെതന്നെ വന്നുചേരുന്ന ജോലികള്‍, അത് വീട്ടുപണി ആയാലും ആപ്പീസുപണിയായാലും, സന്തോഷത്തോടെ ശ്രമിക്കുക; ഞാന്‍ ചിന്മയസ്വാമികളില് നിന്ന് പഠിച്ച ആത്മീയത അതാണ്.