ഉമിനീരുപോലെ വറ്റിയ
പുഴയിൽ നിന്നും
പ്രാണന്റെ ഞരമ്പൂറ്റി
കരയിലെത്തിയതാണ് മത്സ്യം.
വെള്ളം വെള്ളം എന്ന്
ഉടലിനാൽ കരയിലെഴുതി മറ്റൊരു ലിപിയത്
അതിന്റെ ചിറകുകൾ
ഇടംവലം പായുന്ന
ജലക്കുതിപ്പുകളെ സ്വപ്നം കണ്ടു
തുഴഞ്ഞുകയറാൻ തരിച്ചതിനാൽ
പങ്കായമായി നിവർന്നു വാലിൻപതാക
അതിലുണ്ട്, തീർച്ച
ചിതറിത്തെറിക്കും ജലപൂത്തിരികൾ
തടഞ്ഞുനിർത്താനാവില്ല
ഒഴു ഒഴുക്കിനേയും എന്നപോലെ
ഓരോ മത്സ്യവും
വെള്ളച്ചാട്ടംതന്നെയാണ്…
അതിന്റെ അടയാത്ത കണ്ണുകളിൽ
നിലാവിന്റെ കപ്പൽ നങ്കൂരമിടും.
ഒഴുകുന്നുണ്ടാവണം
അദൃശ്യമായ പുഴകൾ
ഓരോ മത്സ്യത്തിന്റെയുള്ളിലും!
കുന്നിൽനിന്നും നിപതിച്ച്
താഴ്വാരത്തിൽ തിടം വയ്ക്കുന്ന
ഒരു തടാകത്തെ കണ്ടിട്ടില്ലേ?
ആകാശത്തിലേക്ക് തുഴയാനായും
ഒരു തിമിംഗലമാണത്
ചേർത്തുപിടിച്ചാൽ കേൾക്കാം
പ്രവാഹം നിലച്ചിട്ടില്ലാത്ത
അതിന്റെയുള്ളിലെ കാറ്റും കോളും
ഉച്ചയൂണിന്
ഒരു മത്സ്യത്തെ പിടിച്ച്
കത്തികൊണ്ട് വരഞ്ഞ്
പാകത്തിന് ഉപ്പും മുളകും േചർത്ത്
വറച്ചട്ടിയിലേക്കിടുമ്പോൾ
ഒരു വെള്ളച്ചാട്ടം
നുരഞ്ഞുപൊന്തുന്നത് കണ്ടിട്ടില്ലേ.