എന്റെ പ്രേമഭാജനമേ, ഞാനിപ്പോൾ ചാവക്കാട് ഹൈസ്കൂളിന്റെ മുന്നിലുള്ള തെരുവിലൂടെ ഗുരുവായൂർക്ക് നടന്നുപോവുകയാണ്. വിമൂകമായ പോക്കുവെയിലിന്റെ ഓളങ്ങൾ വകഞ്ഞുകൊണ്ട് ഞാൻ നടന്നുനീങ്ങുമ്പോൾ നീയെന്റെയൊപ്പമുണ്ട് എന്ന വിശ്വാസത്തിലാണ് ഞാൻ നിന്നോട് ആത്മഭാഷണം നടത്തുന്നത്. എന്തൊക്കെയോ വിചാരങ്ങൾ, പലതും പരസ്പരം ബന്ധമില്ലാത്ത വിചാരങ്ങൾ, എന്റെയുള്ളിൽ ആർത്തിരമ്പുന്നുണ്ട്. സങ്കടപ്പെടുത്തുന്ന ഓർമകൾ എന്നെ ഭയപ്പെടുത്തുന്നതുകൊണ്ട്, ഞാനത് മന:പൂർവം എന്റെയുള്ളിലെ സെമിത്തേരിയിൽ കുഴിവെട്ടി മൂടും.
എന്റെ പ്രിയഭാജനമേ, നിന്റെ ഫേസ്ബുക്ക് ലിഖിതം വായിച്ചുകൊണ്ട് റൂറൽ ബാങ്കിന്റെ മുന്നിലുള്ള മരച്ചുവട്ടിൽ ഞാനിപ്പോൾ നിൽക്കുകയാണ്. അമ്പോ! നീയെന്തൊക്കെയാണ് എഴുതിപ്പിടിപ്പിച്ചിരിക്കുന്നത്? ”ശത്രു എന്റെയുള്ളിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. അവൻ പിടി വിടാതെ നിരന്തരം എന്നെ ഭോഗിച്ചുകൊണ്ടിരിക്കുകയാണ്. എത്ര പൊടുന്നനെയാണ് അത് എന്റെ മാംസതരളിതയിലേക്ക് തുളച്ചുകയറുന്നത്?”
”ദേശാഭിമാനത്തിന്റെ കൊടിക്കൂറ കൊണ്ട് നിഗൂഢമായ കൊലപാതക രഹസ്യങ്ങൾ മൂടിവച്ചിരിക്കുന്നു. അർദ്ധരാത്രിയുടെ മറവിൽ പൊടുന്നനെ ആരൊക്കെയോ ആരെയെല്ലാമോ കൊലക്കയറയിൽ കെട്ടിത്തൂക്കുകയാണ്. ശത്രു എന്റെ ദേഹത്ത്
അള്ളിപ്പിടിച്ചിരുന്ന് എന്നെത്തന്നെയാണ് ഭോഗിച്ചുകൊണ്ടിരിക്കുന്നത്. പയ്യെപ്പയ്യെ അവൻ എന്നെ തിന്നുതീർക്കും. ഹാവൂ…
എന്തൊരു സഹനത്തോടെയും സഹാനുഭൂതിയോടും കൂടിയാണ് തരളിതമായ ആ തൊട്ടുതടവൽ… പിന്നെ കൃസരികളെ തീപ്പന്തമാക്കുന്ന സർപ്പനാക്കിന്റെ ചീറ്റലും പിന്നെ… മോക്ഷമില്ലാത്തവിധം ഹമ്മേ! ഒരു കൊളുത്തിച്ചേർക്കൽ… മസ്തിഷ്കം നുറുങ്ങി പൊട്ടുന്നു. സ്േഫാടനപരമ്പരകളുടെ ആന്ദോളനങ്ങളിൽ മസ്തിഷ്കം പൂത്തിരിപോലെ ഛിന്നഭിന്നമാകുന്നു…. മാലാഖത്തോലണിഞ്ഞ ഒരു ഭീകരരാക്ഷസിയായി അതെന്നെ രൂപപ്പെടുത്തുകയാവും. മാലാഖരൂപത്തിന്റെ ഒരു മനോഹര പുഞ്ചിരിയിൽ നോര നക്കുന്ന ഒരുഭയങ്കര സത്വം എന്റെയുള്ളിൽ മറഞ്ഞുനിൽക്കുകയാണ്…”
അയ്യോ, എന്റെ പ്രേമഭാജനമേ, നിന്റെ ഫേസ്ബുക്ക് ലിഖിതം എന്നെ ഭ്രാന്ത് പിടിപ്പിക്കുന്നു. എനിക്കറിയാം, നിന്നെയവർ അരാഷ്ട്രീയ ബുദ്ധിജീവികളുടെ, പുരുഷവിദ്വേഷികളുടെ, തെറിസാഹിത്യമെഴുതുന്ന ഫെമിനിസ്റ്റുകളുടെ കൂട്ടത്തിലകപ്പെടുത്തും. മുതലാളിത്തവ്യവസ്ഥിതിയുടെ നാറുന്ന പട്ടിയാണ് നീയെന്ന് അവർ വിധിയെഴുതും. നിനക്ക് എന്റെവക ഒരു ലൈക്കും ഉമ്മയും…
ഗുരുവായൂരിലെ നടവഴികൾ കാണുമ്പോൾ, ചില പ്രത്യേകതരം ഓർമകൾ എന്റെയുള്ളിലേക്ക് ഒരു ബാധപോലെയാണ് കടന്നുവരുന്നത്.
എന്റെ പ്രേമഭാജനമേ, ഞാൻ തെറിസാഹിത്യമെഴുതുന്നു എന്ന് അയ്യോ വിധിക്കരുതേ! മീശ മുളച്ചുവരുന്ന എന്റെ
പ്രായത്തിലുള്ള ചില പഴയ ഓർമകൾക്ക് പ്രത്യേകിച്ച് ഒരു സാംഗത്യവുമില്ലെങ്കിലും ആഴത്തിൽ അത് എന്റെയുള്ളിൽ പതിഞ്ഞുകിടക്കുന്നു. എന്റെ പ്രേമഭാജനമേ, ഞാനിത് ഒരു കഥയായി നിന്റെ മുന്നിൽ അവതരിപ്പിക്കുകയാണ്. എങ്കിലും ഒരു സത്യം പറയാതെ വയ്യ. ഇത് ഒരു ചീത്ത കഥയാണ്. എഴുതാൻ ഓർമകളുടെ ഒരു സമുദ്രംതന്നെ എന്റെ മുന്നിലുണ്ട്. എന്നാൽ ഇക്കഥയിൽ എന്റെ പ്രജ്ഞകളിൽ തെളിയുന്ന ചിത്രങ്ങൾ അമ്പരപ്പിക്കുന്നവിധം അശ്ലീലമാണ്. എന്നോട് ക്ഷമിക്കുക, പ്രിയ
സുഹൃത്തേ, പെൺസഖാവേ…
കിഴക്കേനടയിലെ ബാലകൃഷ്ണ തിയേറ്റർ. രാമു കാര്യാട്ടിന്റെ ചെമ്മീൻ സിനിമ കണ്ടു വരികയാണ്. അന്ന് ഗുരുവായൂരിൽ ഇന്നത്തെപ്പോലെ തിക്കും തിരക്കുമില്ലായിരുന്നു. രാത്രി പത്ത് മണി കഴിഞ്ഞാൽ തെരുവുകൾ വിജനമായിരിക്കും. നോക്കുന്നിടത്തെല്ലാം തെണ്ടിപ്പട്ടികളുടെ ബഹളമായിരിക്കും. മഞ്ജുളാലിന്റെ പരിസരത്ത് ”രക്ഷിക്കണേ” എന്ന് ആരോ കരയുന്നത് കേട്ടു. നിതംബവടിവുകളുടെ ഒരു ചിത്രശില്പംപോലെ ഒരു സ്ര്തീ. ചന്ദനക്കുറിയുണ്ട്. തുമ്പ് കെട്ടിയ മുടിയിൽ തുളസിക്കതിരുണ്ട്. അവൾ എന്റെ തലയ്ക്കു മുകളിലൂടെ പൊങ്ങിപ്പറക്കുന്നതാണ് ഞാൻ കണ്ടത്. ഭർത്താവിനൊപ്പം സിനിമ കണ്ടു വരുന്ന കൃഷ്ണഭക്തയായ ഒരു സ്ര്തീയെ ആരോ ഒരാൾ ഉടലോടെ പൊക്കിക്കൊണ്ടുപോവുകയാണ്. അവളുടെ കരച്ചിൽ ഇരുൾമറയത്തേക്ക് ആരോഹണാവരോഹണങ്ങളോടെ നീറുന്ന ശബ്ദവീചികളായി അകന്നകന്നുപോവുകയാണ്. അവളുടെ ഭർത്താവ് ദുർബലമായ ഒരു തേങ്ങലോടെ അവളോടൊപ്പം ഇരുട്ടിലേക്ക് ഓടിമറയുന്നത് കണ്ടു. ദൈവമേ, എന്തായിരിക്കും ആ ഇരുട്ടിൽ അവശേഷിച്ച കാഴ്ചകൾ… കശ്മലർ ചിലപ്പോൾ ഒന്നിലധികം പേരുണ്ടായിരിക്കും. ഭർത്താവിനെ ശബ്ദിക്കാനാകാത്തവിധം അവർ കൈകൾ കെട്ടി ഒരു മൂലയിൽ തള്ളിയിട്ടുണ്ടാകും. ബോധഹീനനായ അയാൾ കണ്ണ് തുറക്കുമ്പോൾ, അപാരമായ രതിക്രീഡയിൽ ലയലഹരിയിൽ അവരോടൊത്ത് രമിക്കുന്ന ഭാര്യയെ നേർക്കുനേരെ കണ്ടിരിക്കുമൊ, പ്രിയഭാജനമേ!… ക്ഷമിക്കുക, എന്റെമേൽ സൂചിമുനയുള്ള കണ്ണുകളോടെ തുറിച്ചുനോക്കരുത്, പ്ലീസ്…
അവിഹിതബന്ധം ആരോപിച്ച് ഒരു ടീച്ചറെയും മാഷെയും രാത്രി മുഴുക്കെ ഇലക്ട്രിസിറ്റിപോസ്റ്റിൽ ഉടുവസ്ര്തങ്ങളില്ലാതെ
കെട്ടിയിട്ട സദാചാര പടുക്കളാണ് ഞങ്ങളുടെ നാട്ടുകാർ. തെങ്ങിൻകുഴിയിൽനിന്ന് പിടിക്കപ്പെട്ട സ്ര്തീയെയും പുരുഷനെയും വസ്ര്തങ്ങളുടുപ്പിക്കാതെ ആറാപ്പ് വിളിച്ച് ടിപ്പു സുൽത്താൻ റോഡ് വരെ നടത്തിച്ച ചരിത്രമുള്ളവർ ഞങ്ങൾ… നിശാസഞ്ചാരം നടത്തുന്ന സ്ര്തീകൾക്ക് ആന, പഴം, വെടി, അങ്ങനെ പലതരം വിളിപ്പേരുകളുണ്ടാവും. നേരം വെളിച്ചമായാൽ പലതരം കൊടിക്കീഴിലുള്ളവർ രാത്രിയിൽ ഒരേയൊരു കൊടിക്കീഴിലെത്തും. പെൺവിഷയത്തിൽ എല്ലാവരും ഒന്നിച്ചുകൂടും.
ഒരിക്കൽ ഗുരുവായൂരിലെ ശ്രീകൃഷ്ണ തിയേറ്ററിൽ സെക്കൻഡ് ഷോ വിട്ട സമയത്ത് ഒരു യുവതി പടിഞ്ഞാറെ നടയിൽ മദയാനപോലെ മദിച്ചുവരുന്നത് കണ്ടു. കൈകൾ രണ്ടും വീശിവീശിയുള്ള നടത്തം. മുണ്ടും ബ്ലൗസും വേഷം. ”ആറാപ്പേ ആറാപ്പേ…” എന്ന് കൈകൊട്ടി ആർത്തുകൊണ്ട് അവളുടെ പിന്നാലെ കുറെ ആൺപിള്ളേരും. അടഞ്ഞുകിടക്കുന്ന കെട്ടിടങ്ങളുടെ മറയത്ത്, ഇരുട്ടിലെവിടെയോ അവർ അപ്രത്യക്ഷരായപ്പോൾ ഞാൻ ദൈവത്തോട് ചോദിക്കുകയായിരുന്നു. ഏതുതരം സൂത്രമാണ് അവൾ ഇത്രയും ആൺകുട്ടികളുടെ മുന്നിൽ കാണിക്കാൻ പോകുന്നത്? പലതരം കാഴ്ചകൾ ഞാൻ സങ്കല്പിച്ചുനോക്കുമെങ്കിലും, കനത്ത ദുരൂഹതയാകും അവസാനം മനസ്സിൽ ശേഷിക്കുക!
ശ്രീകൃഷ്ണ തിയേറ്റർ പൊളിച്ചുകളഞ്ഞെങ്കിലും കാലത്തിന്റെ സാക്ഷിയായി എന്റെ മനസ്സിൽ ആ കെട്ടിടം ഇപ്പോഴും മായാതെ
നിൽക്കുന്നു! ക്ലാസിൽ പോകാതെ മാറ്റ്നിഷോയ്ക്ക് പോയിരുന്ന നാളുകൾ… എന്റെ പ്രേമഭാജനമേ, ഓർമകളുടെ കൊച്ചുശകലങ്ങളാണ് ഇവ്വിധം എന്റെ മനസ്സ് നിറയെ… ഞാനൊരു കഥയെഴുതാനുള്ള ്രശമത്തിലായിരുന്നു. ഒരാഴ്ചയായി എന്റെയുള്ളിലെന്തോ ഒരു പുകച്ചിൽ…. പറയാൻ ബാക്കിവച്ച എെന്താക്കെയോ ബാക്കിയാണെന്ന തോന്നൽ… പറയാത്ത ഒരുപാട് കഥകളും കൊണ്ടല്ലെ, മനുഷ്യർ മരിച്ചുപോകുന്നത്! ഒരു ബുദ്ധിജീവി ചമഞ്ഞുകൊണ്ടുള്ള എന്റെ പ്രകടനങ്ങൾക്ക് വാസ്തവത്തിൽ ഒരു സാംഗത്യവുമില്ല. ‘വിപ്ലവം’ ‘വിപ്ലവം’ എന്നൊക്കെപ്പറയുമ്പോൾ, ഈയിടെയായി എന്റെയുള്ളിൽ വേദനിക്കുന്ന ഒരു കൊളുത്തിപ്പിടിത്തമുണ്ട്. ഞാൻ ആത്മവഞ്ചന നടത്തുകയാണെന്ന തോന്നൽ എനിക്ക് കലശലാണ്.
ഇപ്പോഴെന്റെ മനസ്സിൽ അസ്തമയസൂര്യന്റെ ചോരച്ചന്തത്തിൽ മുങ്ങിയ ഒരു കടൽ പ്രത്യക്ഷപ്പെടുന്നു. എന്തിനാണ് ഈ കടലി
പ്പോൾ എെന്ന തേടിയെത്തിയത്? കടലിൽ ഒരു യുവതിയുടെ നഗ്നശവം ഞാൻ കണ്ടത്, ഏത് വർഷത്തിലായിരുന്നു? എത്ര അവിശ്വസനീയമായ കാഴ്ചയായിരുന്നു അത്! ഓളങ്ങളിൽ കെട്ടിമറിഞ്ഞുകൊണ്ട് ഒരു യുവതിയുടെ നഗ്നശരീരം… ഞാനത് കാണുമ്പോൾ പരിസരങ്ങൾ അമ്പരപ്പിക്കുന്നവിധം നിശ്ശബ്ദമായിരുന്നു.എനിക്ക് കടലും, കടലിന് ഞാനും മാത്രം സാക്ഷി. ഓളങ്ങളിലൂടെ എനിക്കു മുന്നിൽ മലർന്നും കമഴ്ന്നും രഹസ്യമറവുകളില്ലാതെ അവൾ തുറന്നുകാണിച്ചു. ഓളങ്ങൾ പിൻവാങ്ങുമ്പോൾ കടലിലേക്ക്. പിന്നെയും ഓളപ്പാച്ചിലിലൂടെ കരയിലേക്ക്. കൈകാലുകൾ അകത്തിയും അടുപ്പിച്ചുംു ഒരു ജലനർത്തകിയെപ്പോലെ…
എന്റെ പ്രേമഭാജനമേ, ഞാനിപ്പോൾ ഗുരുവായൂരിലേക്കുള്ള വഴിയിൽ പടിഞ്ഞാറെ നടയിലെ അമ്പലക്കുളത്തിന്റെ മുന്നിലെ
ത്തി. അമ്പലക്കുളം തൂർത്ത് ഏതോ പഞ്ചനക്ഷത്ര ഹോട്ടൽ അവിടെ പണിയുന്നുണ്ട്. വഴിയോരങ്ങളിലെമ്പാടും തട്ടുകടക്കാരുടെ ബഹളമാണ്. നീയെന്റെയൊപ്പമുണ്ടെന്ന് എനിക്കു മാത്രമേ അറിയാൻ കഴിയൂ. നിന്റെ വിയർപ്പിന് കർപ്പൂരത്തിന്റെ ഗന്ധം. നിന്റെ ശബ്ദത്തിന് തേൻനിലാവിന്റെ രുചി. ഞാനിപ്പോൾ നിന്നോട് പറയുന്നത് നാട്ടുനടപ്പ് പ്രകാരമുള്ള ഒരു പഴങ്കഥയാണ്. ഒരു വേലിത്തറിയുടെ അപ്പുറത്തും ഇപ്പുറത്തും രണ്ട് പെണ്ണുങ്ങൾ. മുഖത്തോട് മുഖം നോക്കി നിൽക്കുന്ന അവരുടെ അടുക്കളപ്പുറങ്ങൾ. അലക്കുകല്ലുകളും മുഖത്തോട് മുഖം. വിഴുപ്പുവസ്ര്തം അലച്ചുവീഴുന്നതിന്റെ ‘ധോം ധോം’ ശബ്ദങ്ങൾ. ഉടുമുണ്ട് പൊക്കിക്കുത്തി, മുടിയഴിച്ചുകെട്ടി, അലക്കുകല്ലിന്റെ ശബ്ദത്തോടൊപ്പം അവർ തെറിപ്പാട്ടുകളും പാടുന്നുണ്ട്: ”പോടീ, നീയല്ലെടീ ചെട്ടിപ്പാറന്റവ്ടത്തെ മീശ മുളയ്ക്കാത്ത ആനന്ദനെ…” രണ്ടുപേരും മത്സരിച്ച് നാട്ടിലെ
ആണുങ്ങളുടെ പേരുകൾ വിളിച്ചുപറയുന്നുണ്ട്. പുലയാട്ടിന്റെ അവസാനം അവർ പരസ്പരം തുണിപൊക്കിക്കാണിക്കുന്നതോടെ, സംവിധായകൻ ‘കട്ട്’ പറയുന്നു. ശുഭം!
ഛെ! ഒരു പിശാചുബാധപോലെ, എന്തൊക്കെയാണ് ഞാൻ ഓർത്തുകൂട്ടുന്നത്?
എന്റെ പ്രിയഭാജനമേ, ഓരോന്നോർത്ത് എനിക്ക് ചിരി വരികയാണ്. പണ്ടത്തെ ഓർമകൾക്ക് ഇറച്ചി കരിഞ്ഞ മണമാണ്.
കഞ്ചാവ് ഹിപ്പിയിസവും നക്സലിസവും വേദാന്തവും ചീനച്ചട്ടിയിൽ കുഴഞ്ഞുമറിഞ്ഞ വെന്ത ചൂര്. അക്കാലം തെറിപ്പുസ്തകങ്ങളുടെയും കാലമായിരുന്നു. നല്ലതും ചീത്തയും പുസ്തകങ്ങൾ ഞാൻ വായിക്കുമായിരുന്നു. അവിയൽവായനയായിരുന്നു എന്റേത്. ചെഖോവ്, ബത്സാക്, ടോൾസ്റ്റോയ്, ഷോളക്കോവ്,
ഗോർക്കി, ദസ്തയെവ്സ്കി വായനയോടൊപ്പം ഏറെ ചെറുപ്പത്തിലേ പൈങ്കിളിപ്പുസ്തകങ്ങളും ഞാൻ വായിക്കുമായിരുന്നു. മുട്ടത്ത് വർക്കി, വലച്ചിറ മാധവൻ, മൊയ്തു പടിയത്ത്, ഞാൻ വായിക്കാത്ത ഒരു പുസ്തകവുമില്ലായിരുന്നു. പാടാത്ത പൈങ്കിളി, ഇണപ്രാവുകൾ, പട്ടുതൂവാല… ഏഴാംക്ലാസ്സിൽ പഠിക്കുമ്പോഴേ ഞാൻ വായിച്ച് മുട്ടത്ത് വർക്കിയുടെ പുസ്തകങ്ങൾ… എനിക്കിഷ്ടമായിരുന്നു മുട്ടത്ത് വർക്കിയെ….
പ്രിയഭാജനമേ, ഞാനിപ്പോൾ കിഴക്കേ നടയിലേക്ക് ബസ് കയറി, സോപാനം ബാറിലെത്തി, ആളൊഴിഞ്ഞ ഒരു മൂലയിൽ
സ്വസ്ഥമായിരിക്കുകയാണ്. മദ്യലഹരിയുടെ പെരുക്കത്തിൽ ‘കലപില’ കൂട്ടുന്ന ശബ്ദമുഴക്കങ്ങളുടെ കൂർത്ത മുനകൾ എന്റെ
ചെവിയിൽ തുളച്ചുകയറുന്നുണ്ടെങ്കിലും എനിക്കെന്റെ ലോകത്തിന്റെ വിചാരങ്ങൾ പിടിച്ചെടുക്കാൻ ഇപ്പോൾ കഴിയുന്നുണ്ട്. ശബ്ദമുഴക്കങ്ങളുടെ ആരവങ്ങൾക്കിടയിൽ ഗായത്രിമ്രന്തത്തിന്റെ വരികൾ എന്റെ ചെവിയിൽ മുഴങ്ങുന്നു. ”തത്സവിതൂർ വരേണ്യം… ഭർഗോ ദേവസ്യ ധീമഹി… ധിയോ യോന: പ്രചോദയാത്…”
വിശുദ്ധികെട്ട മനുഷ്യക്കൂട്ടത്തിനുള്ളിൽ എന്തിനാണ് ഗായത്രി മന്ത്രം എന്റെയുള്ളിൽ മുഴങ്ങിയതെന്നറിയില്ല. രണ്ട് പെഗ് ബ്രാണ്ടിയുടെ തരിപ്പിൽ ‘കൊച്ചുപുസ്തകങ്ങളുടെ വ്യവഹാരങ്ങൾ’ എന്ന പേരിൽ ഒരു കഥയെഴുതിയാലോ എന്ന ചിന്തയും അപ്പോൾ എന്റെയുള്ളിലുണ്ടായിരുന്നു. കേൾക്കുക, പ്രിയഭാജനമേ, നിന്നോട് ഒരു കാര്യം ഞാൻ തറപ്പിച്ചുപറയാൻ ആഗ്രഹിക്കുന്നു. ബാല്യകൗമാരദശയിലെ ലിംഗോദ്ധാരണം എന്നത് ഏതെങ്കിലും തരത്തിലുള്ള രതിചിന്തയുടെ ഭാഗമായി ഉണ്ടായതല്ല. അത് ചീത്തയായഎന്തെങ്കിലും ചിന്തിച്ചതുകൊണ്ടും ഉണ്ടായതല്ല. ഒന്നുമറിയാത്ത കുട്ടിപ്രായത്തിലും എനിക്ക് ലിംഗോദ്ധാരണം ഉണ്ടായിട്ടുണ്ട്.
അതിരിക്കട്ടെ…. കമ്മ്യൂണിസ്റ്റ് മാനവികതയുടെ നട്ടെല്ല് ഇവിടുത്തെ വായനാസമൂഹമാണ് എന്ന തിരിച്ചറിവ് കൊച്ചുപുസ്തകങ്ങളുടെ പ്രസാധകർക്കുണ്ടായിരുന്നു. വിപ്ലവസ്വപ്നങ്ങൾക്ക് രതിക്കൊഴുപ്പിന്റെ നിറം ചാർത്തുക എന്ന ഗൂഢോദ്ദേശ്യപരമായ പ്രവൃത്തികൾ രതിപുസ്തകരചയിതാക്കൾ നിർവഹിച്ചിരുന്നുേവായെന്ന്, പ്രിയഭാജനമേ,
ഞാനിപ്പോൾ ബലമായി സംശയിക്കുന്നു. പ്രണയം, അനുരാഗം തുടങ്ങിയ പദാവലികൾക്ക് സചേതനമായ ഒരർത്ഥവും അക്കാലത്തെ നിരൂപകരാരും കല്പിച്ചിരുന്നില്ല. കേവലമായ മാംസദാഹത്തെയാണ് ചങ്ങമ്പുഴ അനുരാഗമെന്ന് വിളിച്ചത് എന്നുപോലും വിമർശിക്കപ്പെട്ടു. പ്രിയഭാജനമേ, ഒളിവുജീവിതം നയിക്കുന്ന വിപ്ലവകാരി തനിക്ക് അഭയം നൽകിയ സുഹൃത്തിന്റെ അമ്മയെ വേൾക്കുന്നു. ഖസാക്കിലെ രവി സന്യാസിനിയമ്മയുടെ ഉടുമുണ്ട് അബദ്ധത്തിൽ മാറിയുടുത്ത് കൂനങ്കാവിലെത്തുന്നു.
പ്രിയഭാജനമേ, നമ്മുടെ കഥാസാഹിത്യത്തിലേക്ക് ഒളിച്ചുകടത്തപ്പെട്ടത് വ്യാപകമായി പ്രചരിക്കപ്പെട്ട കൊച്ചുപുസ്തകങ്ങളുടെ സ്വാധീനമായിരുന്നുവോ എന്ന് എനിക്ക് സംശയം തോന്നിപ്പോകുന്നു… മിക്ക വീടുകളിലും അക്കാലത്ത് മേശവലിപ്പിന്റെ ഉള്ളറകളിൽ രതിപുസ്തകങ്ങൾ ഒളിഞ്ഞിരിക്കുന്നുണ്ടാകും. കൊച്ചുപുസ്തകങ്ങളിലെ നായികമാരധികവും ചേച്ചിമാരും അമ്മായിമാരും…ഇപ്പോഴത് ഗൾഫുകാരന്റെ ഭാര്യയും… സത്യം! ഞാനതെല്ലാം വായിച്ചിട്ടുണ്ട്. എഴുപതുകളുടെ രതിക്കഥകളിൽ കുളിമുറിയും ബാത് ഡബ്ബും കാണില്ല. പുഴക്കടവുകളും കുളക്കടവുകളും കാണും. കുളക്കടവിലെ വേഴ്ചയ്ക്കായിരുന്നു കുറിയേടത്ത് താത്രിയുടെ കാലം തൊട്ടേയുള്ള പ്രശസ്തി. വേലപ്പറമ്പിലെ ഇരുട്ടുമറക
ൾ, കന്നാലിത്തൊഴുത്ത്, കരി പിടിച്ച അടുക്കള, പാടത്തും തൊടിയിലുമുള്ള മറവിടങ്ങൾ, ക്ഷുദ്രമായ രതിവേഴ്ചയുടെ ഈച്ചയാർക്കുന്ന ഒരു കാലമായിരുന്നു അത്. രതിമൂർച്ഛയുള്ള സംഭാഷണങ്ങൾ, ചുടുനിശ്വാസങ്ങൾ, രതിപങ്കാളിയായ സ്ര്തീയുടെ ഗുഹ്യാവയവ വിവരണങ്ങൾ, ”അയ്യോ, ആരെങ്കിലും കാണും” എന്നിങ്ങനെയുള്ള പരിഭ്രാന്തസ്വരങ്ങൾ….
എന്റെ പ്രിയഭാജനമേ, ആത്മാവ് നഷ്ടപ്പെട്ടവരുടെ പൊയ്മുഖങ്ങളുടെ ലോകത്ത്, പ്രായപൂർത്തിയാവാത്ത പെൺകുട്ടി,
പൈശാചികാനന്ദത്തിൽ ആറാടുന്ന തന്റെ അമ്മയുടെ ലൈംഗികചേഷ്ടകൾ ഒളിഞ്ഞുനോക്കിയാലുള്ള അവസ്ഥ എത്ര ഭയങ്കരമായിരിക്കും! ലെസ്ബിയനാണെന്ന് ആരോപിച്ച് വിവാഹമോചനം ആവശ്യപ്പെടുന്ന ഭർത്താവ്, മകളെ ബാൽക്കണിയിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുന്ന അമ്മ, പ്രേമാഭ്യർത്ഥന നിരസിച്ചതിന്റെ പേരിൽ ആസിഡ് ഒഴിച്ച് പൊള്ളിച്ച് പെൺകുട്ടിയുടെ സുന്ദരമുഖത്തെ ഭയാനകമായവിധം വിരൂപപ്പെടുത്തുന്ന കാമഭ്രാന്തൻ, ഭർത്താവിനെ വെട്ടിനുറുക്കുന്ന ഭാര്യം, വിശകലനം ചെയ്യാനാവാത്തതരത്തിൽ ഭൂതാവിഷ്ടരുടെ ഒരു ലോകമുണ്ട് നമുക്ക് മുന്നിൽ…
വൃത്തികെട്ട പെണ്ണുങ്ങൾക്കായിരിക്കും കൂടുതൽ വശീകരണശക്തി. ഭാവനകളെ പറഞ്ഞുവിട്ടിട്ട് നിങ്ങളുടെ അവയവങ്ങൾക്കുമേൽ അവർ കുതിരകയറും. നിങ്ങളുടെ വികാരധമനികളെ ഞണ്ടിനെപ്പോലെ യോനീഭിത്തികൾകൊണ്ട് ഞെക്കിയിറുക്കിക്കൊണ്ട്…അതെ, അവളുടെ ശരീരചലനങ്ങൾപോലും അറപ്പുളവാക്കുന്നവയായിരിക്കും. യോഹന്നാന്റെ തല താലത്തിൽ അറുത്തു വച്ച അവളാണിപ്പോൾ ലോകനായിക. ആർക്കുവേണം എന്റെ പ്രിയഭാജനമേ, സ്വർണകിരീടം ചൂടിയ വിശുദ്ധ കന്യകയുടെ സ്ഥാനം?
ക്ഷമിക്കണേ, ലഹരിയുടെ തലക്കനത്തിൽ ഞാൻ സോപാനം ബാറിലാണെന്നോർക്കുക! ഇന്നലെ എന്റെ ഫേസ്ബുക്ക് ലിഖി
തം വായിച്ച് ഒരുത്തി എന്നെ കളിയാക്കിക്കൊണ്ട് ‘ലോലാ’ എന്ന് വിളിച്ചു. കോർപറേറ്റ് മാഫിയകൾ സൃഷ്ടിക്കുന്ന ആഗോളവത്കരണത്തിലെ വഴുവഴുപ്പുകൾ, മാർക്കറ്റിങ് എക്കണോമി… ഞാനവൾക്ക് കാര്യകാരണസഹിതം എന്തെല്ലാമോ എഴുതിയതായി ഓർക്കുന്നു. ശീഘ്രം പാഞ്ഞുപോകുന്ന ജീവിതമത്സരങ്ങളുടെ മാറ്റങ്ങൾക്കു മുന്നിൽ രതിക്കഥകളും എത്രയോ മാറിക്കഴിഞ്ഞുവെന്ന് ഞാനവൾക്ക് എഴുതി. ഹൈവേയിലൂടെ ഡ്രൈവ് ചെയ്ത്,
പാഞ്ഞുപോകുന്ന യുവതിയുടെ പാന്റീസിനു മേൽ മുഖം അമർത്തിച്ചേർത്ത് അധരസുരതം നടത്തുന്ന കാമുകൻ… മേഘങ്ങൾ
ക്കു മുകളിലൂടെ അനന്തതയിലേക്ക് പറന്നുയരുന്ന വിമാനത്തിന്റെ പൈലറ്റ് ക്യാബിനിലിരുന്നുള്ള രതിക്രീഡകൾ, പ്രിയഭാജനമേ, നിനക്ക് ഊഹിക്കാൻ കഴിയുമോ? ഹൗ! കാലം എന്തൊരു സ്പീഡിലാണ് ചീറിപ്പാഞ്ഞുപോകുന്നത്….
പ്രിയഭാജനമേ, ഈയിടെ ഞാൻ വായിച്ച ഒരു നോവലിലെ രണ്ട് വരികൾ ഞാനിവിടെ പകർത്തിയെഴുതുകയാണ്: ”ഹുക്ക്
പൊട്ടിയ ബ്ലൗസിനകത്തുനിന്ന് ഒരു പന്ത് കണക്കെ അവളുടെ മാറിടം പുറത്തേക്ക് തെറിച്ചു. ഞാനത് അരുമയോടെ കൈയിലെടുത്തു. പഞ്ഞിപോലെയുള്ള മാർദവത്തിൽ എന്റെ കൈകൾ പരതിനടന്നു. മുലകളിൽ പലവട്ടം ഉമ്മവച്ചു. അവൾ എന്റെ തലയമർത്തിപ്പിടിച്ച് പിച്ചും പേയും പറയാൻ തുടങ്ങി. അപ്പോഴും അവൾ മരണത്തെക്കുറിച്ച് പറയുന്നുണ്ടായിരുന്നു: ”ഓമനേ, മരണത്തിന്റെ ചിതയിൽ നമുക്കൊന്നിച്ചിരിക്കാം…”
പ്രിയഭാജനമേ, സോപാനം ബാറിൽനിന്ന് ചെറിയൊരു ചാഞ്ചാട്ടത്തോടെ ഞാനെങ്ങോട്ടെന്നില്ലാതെ ഇപ്പോൾ നടക്കുകയാണ്. ”ആ വരുന്നൊരു ആന… ഈ വരുന്നൊരു ഈച്ച…” കുഞ്ഞുണ്ണിമാസ്റ്ററുടെ കവിത ആളുകൾ കേൾക്കെ ഞാനുറക്കെ പാടുന്നുണ്ട്. കിഴക്കേ നടയിലെ മഞ്ജുളാലിന്റെ പരിസരത്തെത്തിയപ്പോൾ എന്റെ കാലുകൾ പൊടുന്നനെ സ്തംഭിച്ചുനിന്നു. വർഷങ്ങൾക്കു മുമ്പ് അവിടെ നടന്ന ഒരു സംഭവം… എന്റെ കൺമുന്നിൽ ഒരു ബ്ലാക്ക് ആന്റ് വൈറ്റ് സിനിമപോലെ പ്രത്യക്ഷപ്പെട്ടു. ഏതോ ദിവ്യാത്ഭുതം സംഭവിക്കാൻ പോകുന്നു എന്ന മട്ടിൽ ഒരുകൂട്ടം ആളുകൾ കൂടിനിൽക്കുകയാണ്. ക്രിസ്തുവിന്റെ ഗിരിപ്രഭാഷണം പോലെ പ്രവാചകവേഷത്തിലൊരാൾ! ആംഗ്യവിക്ഷേപങ്ങളോടെ സംസാരിക്കുകയാണ്. അയാളുടെ മുഖച്ഛായയിൽ എനിക്ക് മുഖപരിചയമുള്ള ആരൊക്കെയോ ഉണ്ട്. ജോൺ എബ്രഹാമിന്റെ
ചിരിയുണ്ട്. സുരാസുവിന്റെ ധാർഷ്ട്യമുണ്ട്. എ. അയ്യപ്പന്റെ താന്തോന്നിത്തമുണ്ട്. മധുമാഷ്ടെ പരിഹാസച്ചിരിയും ഉണ്ട്. ഒരു
സർക്കസ് കോമാളിയുടെ ഭാവവും ഉണ്ട്. ”സൂർത്തുക്കളേ…”
അയാൾ ആരോടെന്നില്ലാതെ സംസാരിക്കാൻ തുടങ്ങി: ”എന്നെ നിങ്ങൾക്കറിയില്ല. എന്നെ എനിക്കുമറിയില്ല. മുറിച്ചുമാറ്റി വീണ്ടും പകുത്തുവച്ച ഒരു ഹൃദയമാണ് ഞാൻ. ഒരു ഡോക്ടർക്ക് പറ്റിയ കൈപ്പിഴവിന്റെ തീരാദുരന്തമാണ് ഞാൻ”.
”എല്ലാരും ജോറായി കയ്യടിക്കീ…” അയാൾ ആവശ്യപ്പെട്ടു.
”നിങ്ങളാരും തെണ്ടികളല്ല, ആണോ?” ചോദ്യം കേട്ടപാടെ അവർ ഏറ്റുവിളിച്ചു. ”തെണ്ടികളല്ല…” വിഷാദം കനക്കുന്ന മുഖത്തോടെ അയാളൊരു പരിഹാസച്ചിരി ചിരിച്ചു. പ്രിയഭാജനമേ, എനിക്ക് അരുതാത്തതെന്തോ സംഭവിക്കുകയാണെന്ന് അപ്പോൾ തോന്നിയിരുന്നു. അയാൾ ഉടുമുണ്ടഴിച്ച് തലയിൽ കെട്ടിയിരിക്കുകയാണ്. കാക്കി ട്രൗസർധാരിയായി, അർദ്ധനഗ്നനായി നിൽക്കുകയാണ്. ”ഭൂതകാലത്തിലേക്ക് നോക്കുവാൻ എനിക്ക് പേടിയാണ്. അവിടെ മുഴുവനും ശവങ്ങളാണ്. മരിച്ചുപോയവർ… അവരായിരുന്നു വരുംകാലത്തിന് ആത്മാവും ജീവനും നൽകിയത്.
കടലുകൾ കടന്നുപോയവർ. നീണ്ട വർഷങ്ങളുടെ വേർപാടുകൾക്കുശേഷം മരിക്കാൻ വേണ്ടി മാത്രം നാട്ടിലെത്തിയവർ! നമു
ക്കു മുന്നിലുള്ള ഓരോ കെട്ടിടത്തിന്റെയും ഇഷ്ടികവാർപ്പുകൾ തേങ്ങിക്കരയുകയാണ്. ഈ ലോകത്തെ സൃഷ്ടിച്ച യജമാനന്മാ
ർ. നമ്മൾ മറന്നവർ… ചെവിയോർത്തുനോക്കൂ… കണ്ണീരിന്റെ ഉപ്പുരസം പുരണ്ട വാർപ്പുകെട്ടിടങ്ങൾക്ക് ഒരുപാട് കഥകൾ പറയാനുണ്ട്…”
”ഞാൻ മരുഭൂമിയിൽ ജീവിച്ചവനാണ്. മരുഭൂമിയിലേക്ക് തിരിച്ചുേപാവുകയാണ്”. വലിയൊരു തമാശ പറഞ്ഞെന്ന മട്ടിൽ അയാൾ പൊട്ടിച്ചിരിച്ചു.
”കൺകെട്ടല്ല, മാജിക്കല്ല…” അയാൾ കഴുത്തിൽ ഊരാംകുടുക്കിട്ട മുണ്ടുമായി മഞ്ജുളാലിന്റെ കൊമ്പുകളിേന്മൽ ഒരു കുര
ങ്ങനെപ്പോലെ ഊഞ്ഞാലാടാൻ തുടങ്ങി. ആർക്കും മനസ്സിലാകാത്ത എന്തൊക്കെയോ അയാള പറയാൻ തുടങ്ങി. ”ഈ നിമിഷം..
പ്രിയ സൂർത്തുക്കളേ, ഞാനിതാ ഒരു ്രപഭുവാകാൻ പോകുന്നു….” മുണ്ടിന്റെ ഒരറ്റം മഞ്ജുളാലിന്റെ കൊമ്പത്ത് വലിച്ചുകെട്ടിയശേഷം അയാൾ ആവേശം കൊണ്ടു.
”ജോറായി കയ്യടിക്കീ…”
നിമിഷനേരം കൊണ്ട് എല്ലാം കഴിഞ്ഞു. ഒരത്ഭുതത്തിനുവേണ്ടി കാണികൾ വായുംപിളർത്തി നോക്കിനിൽക്കുമ്പോൾ, ശൂന്യ
തയിൽ രണ്ട് കാലുകൾ മാത്രം തൂങ്ങിയാടുന്നത് കാണികൾ കണ്ടു.
ഞാൻ കണ്ണുകൾ കുടഞ്ഞ്, മരണക്കാഴ്ചയെ എന്നിൽനിന്ന് മായ്ച്ചുകളയാൻ ശ്രമിച്ചുകൊണ്ട് ബസ്സ്റ്റാന്റിലേക്ക് നടന്നു. വീട്ടി
ൽ നിന്ന് അപ്പോൾ ഒരു വിളി വന്നു. എന്നെ കാണാൻ ആരോ ഒരു സുഹൃത്ത് വീട്ടിൽ വന്നിട്ടുണ്ട്.
പ്രിയഭാജനമേ, ഒരു നിമിഷം നമുക്ക് കണ്ണടച്ചിരിക്കുക! എന്താവാം ഇനി സംഭവിക്കാൻ പോകുന്നത്? ചാവക്കാട്ടേക്ക് ബസ്സിൽ
കയറിയ പാടെ ഒരു വേനൽമഴ തുള്ളിയിട്ടുതുടങ്ങിയിരുന്നു. ചുട്ടുപഴുത്ത മണ്ണിൽനിന്ന് ഒരു ശവഗന്ധം എല്ലായിടത്തും നിറഞ്ഞുപെരുകാൻ തുടങ്ങി. എന്റെ പ്രേമഭാജനമേ, എന്നോട് ക്ഷമിക്കേണമെ! തീർച്ചയായും ഇത് ഒരു ചീത്ത കഥയാണ്! എനിക്കറിയാം, ഇക്കഥ വെറുപ്പോടെ നോക്കിക്കാണുന്നവരുണ്ട്. എങ്കിലും സാഹി ത്യജാഡയില്ലാതെ ഒരു കഥയെഴുതിയല്ലോ എന്ന ആശ്വാസത്തോടെ, ഇത്രയും…