തെരുവ് സ്വാതന്ത്ര്യത്തിന്റെ ലോകമാണ്; എന്നാല്‍ പ്രായമായ ലൈംഗിക തൊഴിലാളികള്‍ക്ക് തെരുവില്‍ ജീവിക്കുക എളുപ്പമല്ല. അവര്‍ക്ക് കിടക്കാന്‍ ഒരു ഇടം നല്‍കുക എന്നത് അത്യാവശ്യമാണ്, മുൻ ലൈംഗിക തൊഴിലാളിയും എഴുത്തുകാരിയുമായ നളിനി ജമീലയുടേതാണ് ഈ വാക്കുകള്‍.
വീണ്ടും തന്റെ പഴയകാല ജീവിതത്തിന്റെ ചുരുളുകളഴിക്കാൻ താല്പര്യം കാണിച്ചില്ലെങ്കിലും കേരളത്തിലെ ലൈംഗിക തൊഴിലാളികളുടെ അവസ്ഥയെക്കുറിച്ച് സംസാരിക്കുകയായിരുന്നു നളിനി ജമീല. കോവിഡിന് കാലത്തും അതിനുശേഷവും ഈ മേഖലയിലുണ്ടായ മാറ്റങ്ങളെക്കുറിച്ച് ജമീല വാചാലയായി.
“സ്ത്രീ ഇവിടെ അരക്ഷിതയാണ്. അയൽ സംസ്ഥാനമായ മൈസൂരിൽ പോലും പാതിരാത്രി സ്ത്രീക്ക് ഒറ്റയ്ക്കു യാത്ര ചെയ്യാം. ഇവിടെ അതു പറ്റുമോ? പച്ചയായ ലൈംഗിക ദാരിദ്ര്യമാണ് നമ്മുടെ സമൂഹത്തിന്റെ മുഖമുദ്ര. സമൂഹത്തിൽ പൊതുവായി നടക്കുന്ന കാര്യങ്ങളുടെ വെളിച്ചത്തിലാണ് ഞാനിത് പറയുന്നത്,” അവർ പറഞ്ഞു.
എന്നാൽ, പുരുഷന്റെ സ്ഥിതി അതല്ല. പരിധിയും പരിമിതിയുമില്ലാതെ യാത്ര ചെയ്യാം. വേണ്ടി വന്നാൽ ഓഫീസിൽ ജോലി എന്ന പേരിൽ മറ്റൊരു സ്ഥലത്തേക്ക് പോകാം. അതിർത്തി കടന്നു പോയി കാര്യം സാധിക്കുകയോ പങ്കാളിയെ കൂട്ടി മൈസൂർക്കോ കന്യാകുമാരിക്കോ പോവുകയോ ചെയ്യാം, ജമീല ചൂണ്ടിക്കാണിച്ചു.
ഒരു ലൈംഗിക തൊഴിലാളിയുടെ ആത്മകഥ എന്ന ആദ്യ പുസ്തകത്തിലൂടെ മലയാളി വായനക്കാരെ ഞെട്ടിച്ച ജമീല എന്റെ ആണുങ്ങൾ എന്ന പേരിൽ രണ്ടാമതും തന്റെ അനുഭവങ്ങളും കാഴ്ചപ്പാടുകളും വിവരിച്ച് എഴുതിയിരുന്നു.
“ഒരു പെൺകുട്ടി ഈ തൊഴിലിൽ എത്തിപ്പെടുന്നതിന് അനവധി കാര്യങ്ങളുണ്ട്. മതിയായ സ്ത്രീധനം കൊണ്ടുവരാത്തതിനാൽ ഭർത്താവിന്റെ വീട്ടിൽ നിന്നു പുറത്താക്കപ്പെട്ടവർ, മാർക്കു കുറഞ്ഞതിന്റെ പേരിൽ വീടു വിടേണ്ടി വന്നവർ, വീടിന്റെ അകത്തളങ്ങളിൽ ലൈംഗിക പീഡനത്തിനിരയായി രക്ഷിതാക്കളുടെ പോലും പിന്തുണ കിട്ടാതെ തെരുവിലേക്ക് ആനയിക്കപ്പെട്ടവർ, കാമുകന്റെ വഞ്ചനയ്ക്കിരയായവർ എന്നിങ്ങനെ പല വിഭാഗത്തിൽപെട്ട പെൺകുട്ടികൾ അവസാനത്തെ ആശ്രയമായി എത്തിച്ചേരുന്നത് ലൈംഗിക തൊഴിലിൽ ആണ്. ഇവിടെ അവർ മാനസിക വ്യഥകൾക്ക് അടിപ്പെടുന്നുണ്ടെങ്കിലും സ്വാതന്ത്ര്യം അനുവിക്കുന്നു”..
മകളെ വളർത്തുന്നതിനു വേണ്ടിയാണ് താൻ സെക്‌സ് വർക് ആരംഭിച്ചതെന്നു ജമീല പറയുന്നു.
“ഇതൊരു തൊഴിലാണെന്ന് അന്ന് അറിയില്ലായിരുന്നു. വരുമാനത്തിന് ആശ്രയിക്കാവുന്ന മറ്റൊരു സോഴ്‌സ് മാത്രമായിരുന്നു അന്നെനിക്കിത്. കേന്ദ്രം തൃശൂരായതിനാൽ നാട്ടിലാരും അറിയില്ലെന്നും കരുതി. ഫീൽഡിൽ നീണ്ട നാല്പതു വർഷം പിന്നിട്ടു. വലിയൊരു അനുഭവ ലോകം തന്നെയാണിത്.
കോവിഡിന്റെ പ്രഹരം
എന്നാൽ, കോവിഡ് മഹാമാരി ജീവിതത്തെയാകെ മാറ്റിമറിച്ചു. ഓരോ തൊഴിലാളിയും ഈ കാലഘട്ടത്തില്‍ നേരിട്ട പ്രതിസന്ധികള്‍ നിരവധിയാണ്. സാമൂഹികവും സാമ്പത്തികവുമായ വീർപ്പുമുട്ടലുകൾ. അതിജീവനം അനിവാര്യമാണ്. അത് ഓരോ ജനസമൂഹത്തിനും വ്യത്യസ്തമാണ്.
“കോവിഡ് വരുത്തിയ പ്രതിസന്ധി ഒരു സാധാരണ വ്യക്തി അനുഭവിക്കുതിലും ഇരട്ടിയില്‍ അനുഭവിച്ചവരാണ് ലൈംഗിക തൊഴിലാളികള്‍. മഹാമാരി അവരുടെ ജീവിതത്തെ ആഴത്തിലാണ് ബാധിച്ചത്. അതില്‍ നിന്നും കരകയറാന്‍ ഇപ്പോഴും അവർ വീര്‍പ്പുമുട്ടികയാണ്. ഭൂരിഭാഗം ലൈംഗിക തൊഴിലാളികളും. ജീവിതത്തിലെ പല പ്രതിസന്ധികളിലും തളരാത്ത ഈ വിഭാഗം കോവിഡിനുമുന്നില്‍ പതറി വീണു,” ജമീല പറഞ്ഞു.
കോവിഡിനെ മറികടന്ന് ജീവിതം സാധാരണഗതിയിലേക്ക് കൊണ്ടുവരുമ്പോഴും അവഹേളനവും വിവേചനവും തുടര്‍ച്ചയായി നേരിട്ടുകൊണ്ടിരിക്കുന്ന ഈ വിഭാഗത്തെ സംബന്ധിച്ചെടുത്തോളം അതിജീവനമെന്നത് ഏറെ വെല്ലുവിളികള്‍ നിറഞ്ഞതാണ്.
കോവിഡ് കാലം പട്ടിണിയുടെ കാലം കൂടിയായിരുന്നു. ജോലി നഷ്ടപ്പെടുന്നവര്‍ മറ്റ് മേഖലകള്‍ തിരഞ്ഞെടുത്തപ്പോള്‍ ലൈംഗിക തൊഴിലാളികളുടെ ജീവിതം അനിശ്ചിതത്ത്വത്തിലേക്ക് മാറുകയാണുണ്ടായത്. മാറ്റിവെച്ചിരുന്ന വരുമാനം ചില ലൈംഗിക തൊഴിലാളികളെ തുണച്ചുവെങ്കിലും ഇത് അധിക കാലം നീണ്ടുനിന്നില്ല.
അക്കാലത്ത് ലൈംഗിക തൊഴിലാളികളില്‍ പലരും ഒരുമിച്ച് ജീവിക്കാനും പലവ്യഞ്ജനങ്ങള്‍ ഒരുമിച്ച് വാങ്ങാനും തുടങ്ങി. എന്നാല്‍ അത് പാചകം ചെയ്ത് കഴിക്കാന്‍ ഗ്യാസോ മറ്റ് സൗകര്യങ്ങളോ ഇല്ലാത്ത അവസ്ഥയായിരുന്നു. വീട്ടു വാടക നല്‍കാന്‍ പണമില്ലാത്തതിനാല്‍ ഇറക്കിവിടുന്ന അവസ്ഥ ധാരാളമായി. ഇവരെ ആശ്രയിച്ച് കഴിയുന്ന കുടുംബത്തിനും കുട്ടികള്‍ക്കും ഭക്ഷണമോ വസ്ത്രമോ വാങ്ങാന്‍ ഇവര്‍ക്ക് സാധിച്ചില്ല. ഇവരില്‍ ഭൂരിപക്ഷം ആളുകള്‍ക്കും തിരിച്ചറിയല്‍ രേഖകള്‍ ഇല്ല. സ്വന്തമായി ആധാര്‍ കാര്‍ഡോ മറ്റ് ഐഡന്റിറ്റി പ്രൂഫുകളോ ഇല്ലാത്തതിനാല്‍ യാത്ര ചെയ്യാനോ ആശുപത്രിയില്‍ പോവാനോ ചികിത്സ നേടാനോ ഇപ്പോഴും ഇവര്‍ക്ക് കഴിയാറില്ല.
സര്‍ക്കാര്‍ കിറ്റ് വിതരണം നടത്തിയിരുന്നെങ്കിലും ലൈംഗിക തൊഴിലാളികളില്‍ ഭൂരിഭാഗം പേര്‍ക്കും അത് പ്രയോജനപ്പെട്ടില്ല. സ്വന്തം സംഘടനകളാണ് ഇവര്‍ക്ക് ആവശ്യമായ ഭക്ഷ്യ വസ്തുക്കളും മറ്റും എത്തിച്ചുനല്‍കിയത്. അവർ തുടർന്നു.
ലോക്ക്ഡൗണിന്റെ ആദ്യഘട്ടത്തില്‍ വലിയ അമ്പരപ്പും ആവലാതിയും ഉല്‍കണ്ഠയും നല്ല രീതിയിലുണ്ടായിരുന്നു. മറ്റൊന്നും കൊണ്ടല്ല. സ്വയം ചെയ്യുന്ന തൊഴിലില്‍ വലിയ ബുദ്ധിമുട്ടുണ്ടാകുമെന്ന് തിരിച്ചറിവ് മുമ്പേ ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ വളരെ ശ്രദ്ധിച്ചാണ് ചെലവുകള്‍ നിയന്ത്രിച്ചിരുന്നത്. ലോക്ക്ഡൗണ്‍ നീട്ടിയപ്പോള്‍ ഉള്ള ധൈര്യം ആകെ പോയി. ചില പുരുഷ സുഹൃത്തുക്കളുടെ ഫോണ്‍ വിളികള്‍ മാത്രമാണ് ആശ്വാസം നല്‍കിയത്. എന്നാല്‍ അവയൊന്നും സെക്സിലേക്കെത്തിയില്ല, തൃശ്ശൂരിലെ ഒരു. ലൈംഗിക തൊഴിലാളിയായ റഷീദ ഒരു നിമിഷം സംസാരം നിര്‍ത്തി.
മൂന്നു മാസത്തിന് ശേഷമാണ് റഷീദയ്ക്ക് തൊഴില്‍ ചെയ്ത് ഒരു വരുമാനം കിട്ടുന്നത്; അന്നും 400 രൂപ. ചെലവ് കഴിഞ്ഞ് കിട്ടിയത് 200 രൂപ!.
എന്നാല്‍, വനജയുടെ ജീവിതം ഇതില്‍ നിന്നും വ്യത്യസ്ഥമാണ്. വീട്ടു ജോലിക്കുപോവുന്നു എന്ന കള്ളം പറഞ്ഞാണ് വനജ ലൈംഗിക തൊഴില്‍ ചെയ്യുന്നത്. സുഖമില്ലാത്ത അമ്മയും കുഞ്ഞും പ്രാരാബ്ദങ്ങളും വനജയെ ലൈംഗിക തൊഴിലാളിയാക്കി. പട്ടിണിയില്ലാതെ അവരെ നോക്കാന്‍ പാടുപെടുകയാണ് വനജ.
ലൈംഗിക തൊഴിലാളികള്‍ക്കു നേരെ അനുദിനം വലിയതോതില്‍ ആക്രമങ്ങള്‍ നടക്കുന്നുണ്ട്. എന്നാല്‍ ഇതില്‍ പലതും ആരും ശ്രദ്ധിക്കാതെ പോകുകയും മറച്ചുവെക്കപ്പെടുകയുമാണ് ചെയ്യുന്നത്, ജമീല പറഞ്ഞു.
കാക്ക ഗെയിറ്റ്‌വെ സാഹിത്യോത്സവത്തിൽ നളിനി ജമീല ഷില്ലോങ് ടൈംസിന്റെ എഡിറ്റർ പദ്‌മശ്രീ പട്രീഷ്യ മുഖീമിൽ നിന്ന് പുരസ്‌കാരം സ്വീകരിക്കുന്നു.
മൂന്നു തരം ജീവിതങ്ങൾ
2018 ൽ ഇറങ്ങിയ ലൈംഗിക തൊഴിലാളികളുടെ സാമ്പത്തിക പ്രതിസന്ധിയെക്കുറിച്ച് നടത്തിയ പഠനത്തിൽ സൂചിപ്പിക്കുന്നത് ലൈംഗിക തൊഴിലാളികളെ പ്രധാനമായും ലോ പ്രൊഫൈല്‍, മീഡിയം പ്രൊഫൈല്‍, ഹൈ പ്രൊഫൈല്‍ എിങ്ങനെ മൂന്നായി തരം തിരിക്കാമെന്നാണ്.
തിരക്കൊഴിഞ്ഞ തെരുവുകളില്‍ നിന്നും ആവശ്യക്കാരെ കണ്ടെത്തുവരാണ് ലോ പ്രൊഫൈല്‍ ലൈംഗിക തൊഴിലാളികള്‍. 200 രൂപ മുതല്‍ 500 രൂപവരെയാണ് ഇവര്‍ക്ക് കിട്ടുന്ന വരുമാനം. ഏറ്റവും കൂടുതല്‍ ആക്രമിക്കപ്പെടുന്നത് ഈ വിഭാഗമാണ്. കാരണം നഗരത്തിലെ ഗുണ്ടകള്‍ക്കു മുന്നിലും മദ്യപിച്ചെത്തുവര്‍ക്ക് മുന്നിലും ഇവര്‍ ഇരയാക്കപ്പെടുന്നു. ലോക്ക് ഡൗണ്‍ കാലത്ത് ഈ വിഭാഗം മുഴു പട്ടിണിയിലായിരുന്നു. അടുത്ത വീടുകളെ ആശ്രയിച്ചാണ് ഇവര്‍ വിശപ്പകറ്റിയിരുത്. മതിയായ രേഖകളില്ലാത്തത് ഇവരെ ദുരിതത്തില്‍ നിന്നും ദുരിതത്തിലേക്ക് തള്ളിവിട്ടു.
മറ്റ് ജോലികള്‍ക്കാണെും പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങി ലൈംഗിക തൊഴില്‍ ചെയ്യുവരാണ് മീഡിയം പ്രൊഫൈലില്‍ ഉള്‍പ്പെടുന്നത്. ഈ വിഭാഗം ഇടനിലക്കാരുടെ ചൂഷണങ്ങള്‍ക്ക് വിധേയമായിക്കൊണ്ടിരിക്കും. വീഡിയോ കോളുകളിലൂടെ ലൈംഗിക ബന്ധങ്ങള്‍ സൃഷ്ടിക്കുമെങ്കിലും പലരും ഇവരെ പറ്റിക്കാറാണ് പതിവ്. ഇപ്പോൾ വിലപേശി പണം വാങ്ങാറുണ്ടെങ്കിലും ഇവരില്‍ ഭൂരിഭാഗത്തിനും കോവിഡ് കാലത്ത് നിത്യ ചെലവുകള്‍ക്കുള്ള പണം പോലും കിട്ടിയില്ല.
സമൂഹത്തില്‍ ഉയര്‍ന്ന ജീവിത നിലവാരം പുലര്‍ത്തുവരാണ് ഹൈ പ്രൊഫൈല്‍ ലൈംഗിക തൊഴിലാളികള്‍. ഇവര്‍ കേരളത്തില്‍ കുറവാണ്. 10,000 രൂപ മുതലുള്ള തുകയ്ക്കാണ് ഇവര്‍ ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്നത്. ഇവരില്‍ ഭൂരിഭാഗവും അന്യസംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്. എന്നാല്‍ കൊറോണയുടെ കടന്നുവരവി ല്‍ ഈ വിഭാഗവും താരതമ്യേന പ്രയാസങ്ങള്‍ നേരിട്ടു.
മറ്റൊരു കണക്ക് നോക്കിയാൽ, 20 ശതമാനം ലൈംഗിക തൊഴിലാളികളുടേയും ഏക വരുമാന മാര്‍ഗം ഈ മേഖല തന്നെയാണ്. ഇതില്‍ നിന്ന് മാറി മറ്റൊരു മേഖലയില്‍ ജോലി ചെയ്യാന്‍ ഈ വിഭാഗം തയ്യാറല്ല. ഇവര്‍ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. 60 ശതമാനത്തോളം പേര്‍ ഈ തൊഴിലല്ലാതെ മറ്റ് തൊഴിലുകള്‍ ചെയ്തും ജീവിക്കുന്നു. എന്നിരുന്നാലും ഇവര്‍ക്ക് തുച്ഛമായ വരുമാനം മാത്രമാണ് ലഭിക്കുന്നത്. ധൂര്‍ത്തടിക്കാന്‍ മാത്രമായി ലൈംഗിക തൊഴില്‍ സ്വീകരിച്ചവരാണ് ബാക്കി വരുന്ന 20 ശതമാനം. ഇവര്‍ പട്ടിണിമാറ്റാന്‍ എന്നതിലുപരി ആര്‍ഭാഢ ജീവിതം നയിക്കാന്‍ വേണ്ടി മാത്രമാണ് ഇതിനെ കാണുന്നത്.
മുംബൈ കാക്ക ഗെയിറ്റ്‌വെ സാഹിത്യോത്സവത്തിൽ നളിനി ജമീല. റാണ അയ്യൂബ്, ബേബി ഹൽഡർ, മീനാക്ഷി റെഡ്ഢി എന്നിവർ സമീപം.
ജ്വാലാമുഖി
കേരളത്തിലെ നിലവിലുള്ള ലൈംഗിക തൊഴിലാളി സംഘടനകളില്‍ മിക്കതും എച്ച്ഐവി പ്രതിരോധ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട് ടാര്‍ഗറ്റഡ് ഇന്റര്‍വെന്‍ഷന്‍ നടത്തുന്ന പദ്ധതികളുമായി സഹകരിച്ചുകൊണ്ട് രൂപീകരിച്ചിട്ടുള്ളതാണ്. അതുകൊണ്ട് തന്നെ കമ്മ്യൂണിറ്റി ബേസ്ഡ് ഓര്‍ഗനൈസേഷനുകള്‍ സ്വതന്ത്യമായ ഒരു വികസന പ്രക്രിയ ഇനിയും ശാക്തീകരിക്കേണ്ടതുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തകരുടെ അഭിപ്രായം.
സെക്‌സ് വർക്കർമാർക്ക് മിനിമം വേതനം നൂറു രൂപയാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു സമരം ചെയ്തിരുന്നു. ഇന്ന് അത്യാവശ്യം ജീവിക്കാൻ കാശു കിട്ടുന്നുണ്ട്. മാസത്തിൽ 10 ദിവസം പണിയെടുത്താൽ മതി 15000/ 20000 രൂപ കിട്ടും. കമ്പനി വീടുകൾ കേന്ദ്രീകരിച്ചുള്ള ഇടപാടുകൾ കുറഞ്ഞു, ജമീല പറഞ്ഞു.
കേരളത്തിൽ ലൈംഗിക തൊഴിലാളികൾ നിരവധി പ്രശ്നങ്ങൾ നേരിടുന്നുണ്ട്. സെക്‌സ് വർക്കർ ആണെന്നറിഞ്ഞാൽ വീടു കിട്ടാൻ പ്രയാസമാണ്. പോലീസിൽ നിന്നും മാധ്യമങ്ങളിൽ നിന്നും ഉണ്ടാകുന്ന പീഡനങ്ങൾ വേറെ. അതീവ രഹസ്യമായി വേണം ഇടപാടുകൾ നടത്താൻ.
നളിനി ജമീല ഇടക്കാലത്ത് വളരെ സജീവമായി ലൈംഗികത്തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു. പ്രാക്ടിക്കലായി അതു കൊണ്ട് വലിയ ഗുണമില്ലെന്നു ബോധ്യമായി.
“ജ്വാലാമുഖി തുടങ്ങിയ സംഘടനകളുടെ പ്രവർത്തനങ്ങളിൽ പ്രധാനം എച്ച്‌ഐവി തടയുന്നതിനുള്ള ബോധവത്കരണമായിരുന്നു. തുടക്കത്തിൽ ഫലപ്രദമായി ഇതു ചെയ്യാൻ കഴിഞ്ഞിട്ടുണ്ട്. സാമ്പത്തിക സ്റ്റിഗ്മയും മറ്റും കാരണം പിന്നിട് മുന്നോട്ടു പോയില്ല. ആരോഗ്യ പ്രവർത്തകർ ഇത്തരം ബോധവത്കരണ സംരംഭങ്ങൾ ഏറ്റെടുത്തു വിജയകരമായി നടത്താൻ തുടങ്ങിയതോടെ ഞങ്ങളുടെ പ്രവർത്തനങ്ങൾക്കു വലിയ പ്രസക്തിയില്ലാതായി,” അവർ പറഞ്ഞു നിർത്തി.