ഭാവദൗര്‍ബല്യത്തിന്റെ പൂര്‍ണമായ നിരാസം ആധുനിക മലയാള എഴുത്തുകാരായ ആനന്ദിന്റെയും, കാക്കനാടന്റെയും, ഒ.വി. വിജയന്റെയും, സേതുവിന്റെയും, പുനത്തിലിന്റെയും, എം. മുകുന്ദന്റെയും കഥകളിലാണ് നാം കാണുന്നത്. എം. മുകുന്ദന്റെ ‘രഥമാത്രം’, സേതുവിന്റെ ‘ജനാബ് കുഞ്ഞിമൂസ്സഹാജി’, ആനന്ദിന്റെ ‘ഗംഗയിലെ പാലം’, പുനത്തിലിന്റെ ‘കത്തി’, കാക്കനാടന്റെ ‘കണ്ണാടി വീട്’ തുടങ്ങിയ കഥകള്‍ മലയാള ചെറുകഥാ സാഹിത്യത്തില്‍ ആധുനികതയ്ക്ക് അടിത്തറയിട്ട കഥകളാണ്. മനുഷ്യന്റെ ‘ഒറ്റപ്പെടലും’ (alienation) അന്യവത്കരണവും, ആധുനിക കഥകളില്‍ നിരന്തരം പരീക്ഷിക്കപ്പെട്ടത് 1970 കള്‍ക്ക് ശേഷമാണ്. ‘കാഫ് കാസ്ക്’ (Kafkasque) കഥകള്‍ എണ്‍പതുകളില്‍ മലയാള ചെറുകഥയുടെ ജനിതകം മാറ്റി എന്ന് പറഞ്ഞാല്‍ തെറ്റില്ല.. അസ്തിത്വ ദുഃഖം (existential anguish) ആധുനിക സാഹിത്യത്തിന്റെ :ന്യൂക്ലിയസ്സായിരുന്നു.
വാസ്തവത്തിനും പേക്കിനാവിനും ഇടയിലൂടെ തെന്നിനീങ്ങുന്ന ആത്മാവിന്റെ ചില അവസ്ഥകളെ ചിത്രീകരിക്കുന്ന കലാസൃഷ്ടികളെ ‘കാഫ് കാസ്ക്’ എന്ന് വിളിക്കാറുണ്ട്. യുദ്ധാനന്തര യൂറോപ്യന്‍ സാഹിത്യത്തില്‍ സാര്‍വത്രികമായി കാണപ്പെട്ട ഒരുതരം സാഹിത്യഭാവനയുടെ സ്വഭാവം വ്യക്തമാക്കാന്‍ ഇത്രയും പോപ്പുലറായ മറ്റൊരു പദമില്ല. ആധുനിക ജീവിതത്തിന്റെ പ്രത്യേകിച്ച് മഹാനഗരങ്ങളിലെ അനുഭവത്തിന്റെ അടിസ്ഥാന ഭാഗങ്ങളിലൊന്നായി എഴുത്തുകാര്‍ കണ്ടെത്തിയ ഭീതിചിന്ത ഏറ്റവും ശക്തമായി മലയാളത്തിൽ അവതരിപ്പിച്ച എഴുത്തുകാരന് സേതുവാണ്. അസ്തിത്വ ദുഃഖത്തിന്റെ ആഴക്കടലിൽ നിന്നും നവീന മലയാള ചെറുകഥയെ ലാറ്റിനമേരിക്കന്‍ മാജിക്കല്‍ റിയലിസത്തിലേക്ക് കൊണ്ടുപോയതും സേതുവാണ്.
സേതു
റിയലിസത്തിനും അതിഭാവുകത്വത്തിനുമപ്പുറം മനുഷ്യജന്മത്തെ ആഴത്തില്‍ കണ്ട്, ജീവിതത്തിലെ സങ്കീർണതകളെ പുതിയ രീതിയില്‍ ഇഴപിരിക്കുന്നതില് ഏറെ വിജയിച്ച ആധുനിക എഴുത്തുകാരനാണ് സേതു. പേടിസ്വപ്നവും തന്റെ കലയുമായുള്ള ബന്ധത്തെക്കുറിച്ച് സേതു പറയുന്നത് ഇങ്ങിനെയാണ്. ‘ഞാന്‍ ധാരാളം പേടിസ്വപ്നങ്ങള്‍ കണ്ടിരുന്നു. പ്രത്യേകിച്ച് ഒരു കാലഘട്ടത്തില്‍ മനുഷ്യജന്മത്തിലെ ആധികളും ആകുലതകളും ആവാഹിച്ചെടുക്കുവാനും, സ്വാംശീകരിച്ച് തന്റെ കഥകളും അസ്തിയും, മാംസവുമാക്കാനും ഞാന്‍ ശ്രമിച്ചിരുന്നു’. തനിക്ക് കേരളസാഹിത്യ അക്കാദമി അവാര്‍ഡ് നേടിത്തന്ന ഒരു കഥാസമാഹാരത്തിന് സേതു നല്കിയ പേര് ‘പേടിസ്വപ്നങ്ങള്‍’ എന്നാണ്. ഈ പുസ്തകത്തില്‍ ‘പേടിസ്വപ്നങ്ങള്‍’ എന്ന പേരില്‍ ഒരു കഥയില്ല. സേതുവിന്റെ ‘കരയും കടലും’, ‘ജനാബ് കുഞ്ഞിമുസഹാജി’ തുടങ്ങിയ വിഖ്യാത കഥകള്‍ പേടിസ്വപ്നത്തിന്റെയും, അപരസ്വത്വത്തിന്റെയും, മനശാസ്ത്രപരമായ ലക്ഷണങ്ങള്‍ സമന്വയിപ്പിക്കുന്നു. സേതുവിന്റെ കഥകളില്‍ കെ.പി. അപ്പനും വി. രാജാകൃഷ്ണന്നും നടത്തിയ പഠനങ്ങളിൽ ‘ജനാബ് കുഞ്ഞിമുസഹാജി’ മലയാളത്തിലെ മികച്ച കഥകളിലൊന്നായി വിലയിരുത്തുന്നു. ആധുനികതയുടെ കാലഘട്ടത്തില്‍ എഴുതിയ ഈ കഥയില്‍ അസ്തിത്വത്തിന്റെ ഉദ്വിഗ്നതയും ഒറ്റപ്പെടലിന്റെ സംത്രസവും കൂടിച്ചേര്‍ന്ന് മാജിക്കല്‍ റിയലിസത്തിന്റെ അന്തരീക്ഷമുണ്ടാക്കുന്നു.
വിശ്വവിഖ്യാത കവിയും കഥാകൃത്തും നിരൂപകനുമായ ഓക്ടോവിയോ പാസ്സിന്റെ ‘നീല ബൊക്ക’ എന്ന കഥയുമായി ഈ കഥയ്ക്ക് തീമില്‍ സാദൃശ്യമുണ്ട്. ഈ രണ്ട് കഥകളിലും ആഖ്യാനകാരന് കാരണമില്ലാതെ പീഡാനുഭവങ്ങള്‍ക്ക് വിധേയനായിത്തീരുന്ന ഒരാളാണ്. ഒരു പക്ഷെ, നാമെല്ലാം എത്തിച്ചേരാനിടയുള്ള ആപത്തിന്റെ മുനമ്പില്‍ നിന്നുള്ള ഹൃദയത്തിന്റെ തേങ്ങല്‍ ഈ കഥ ചെവിയോട് ചേര്‍ത്ത് പിടിച്ചാല്‍ കേള്‍ക്കാന്‍ കഴിയും. കൂട്ടകുരുതിയില്‍ സാധാരണ മനുഷ്യര്‍ ഇരകളാകുന്നതിന്റെ ഭീതി ജനിപ്പിക്കുന്ന ഒരു ചിത്രം നല്‍കുക എന്നതാകാം സേതുവിന്റെ ലക്ഷ്യം. പുറത്തെ വിജനവീഥിയില് നിന്നാരംഭിച്ച് ഇരയുടെ മനസ്സില്‍ കിടിലമുണര്ത്തികൊണ്ട് പോയ്മറയുന്ന ഭീഷണിയാണീ കഥയെ മറ്റ് ആധുനിക കഥകളില്‍നിന്ന് മാറ്റിനിര്‍ത്തുന്നത്.
‘എനിക്ക് കുഞ്ഞിമുസഹാജിയെ കാണണം’ കഥാനായകന് പതുക്കെ പറഞ്ഞു.
‘കൊപ്രയുടെ കാര്യത്തിനാണോ?’ എന്ന് വീണ്ടും അദ്ദേഹം ചോദിച്ചു.
കഥാകൃത്ത് അല്ല എന്ന് ഉത്തരം പറഞ്ഞു. കൈലിമുണ്ട് ധരിച്ച ഹസ്സന് എന്ന ഒരാള്‍ പ്രത്യക്ഷപ്പെട്ടു. അദ്ദേഹം ചോദിച്ചു. ‘എന്താണ് നിങ്ങളുടെ ആഗമന ഉദ്ദേശ്യം?’ കഥാകൃത്ത് ഒന്നും പറഞ്ഞില്ല. ഹസ്സന് പറഞ്ഞു ‘ഹാജിയാര് ഇവിടെയില്ല’ ‘എത്താന്‍ വൈകും’. ‘ഫണ്ട് പിരിവാണ് ഉദ്ദേശമെങ്കില്‍ നമ്പ്യാര്‍ വരണം. അവനാണ് അതെല്ലാം നോക്കുന്നത്.’ ഇനി മതപ്രഭാഷത്തിനാണ് ഹാജിയാരെ ആവശ്യമെങ്കില്‍ മൊയ്തു മുസലിയാര്‍ ആകത്തുണ്ട്. അദ്ദേഹത്തോട് പറഞ്ഞാല്‍മതി.
ഇതെല്ലാം സുലൈമാന്‍ പറഞ്ഞിട്ടും കഥാകൃത്ത് ഒന്നും പറഞ്ഞില്ല. ഇനി പൊന്നിന്റെ ഇടപാട് ആണെങ്കില്‍ അത്യമ്മൻ വരണം. അത് അവന്റെ ലൈനാണ്.
ഏതായാലും ഹാജിയാരെ കണ്ടിട്ടേ പോകുന്നുള്ളു എന്ന് കഥാകൃത്ത് തീരുമാനിച്ചു. പക്ഷെ, സുലൈമാനും, ഹസ്സനും കഥാകൃത്തിനെ പകയോടെ നോക്കി. ‘വേഗം പോകുന്നതാണ് നല്ലത്, ഇപ്പോള്‍ ഇരുട്ടായി. വൈകാതെ പോകുന്നതാണ് നിനക്ക് നല്ലത്’. ഹസ്സനും സുലൈമാനും കഥാകൃത്തിനെ പേടിപ്പിച്ചു.
ഹാജിയുമായി മാത്രം പങ്കിടാനുള്ള രഹസ്യം കഥാകൃത്ത് ആരോടും പറഞ്ഞില്ല. ഈ കാത്തിരിപ്പിന് അറുതിവരുത്തികൊണ്ട് സുലൈമാനും ഹസ്സനും മറ്റ് ചിലരും കത്തികള്‍ക്ക് മൂര്‍ച്ച കൂട്ടി. അവര്‍ ഒത്തുചേര്‍ന്ന് ആര്‍ത്തട്ടഹസിച്ചു. ‘കുഞ്ഞിമുസഹാജിയെ ഞങ്ങള്‍ പണ്ടേ കൊന്നു, ഇപ്പോള്‍ ഞങ്ങള്‍ എല്ലാവരും ചേര്‍ന്നാല്‍ കുഞ്ഞിമുസഹാജിയായി മാറും’.
ഹസ്സന് മുന്നോട്ട് വന്നു. അദ്ദേഹത്തിന്റെ കത്തി കഥാനായകന്റെ കഴുത്തിലമര്‍ന്നു. അപ്പോഴത്തെ അദ്ദേഹത്തിന്റെ ചിന്ത സേതു ഇങ്ങിനെ പകർത്തുന്നു.
‘എന്റെ മനസ്സ് കുഞ്ഞിമുസഹാജിക്ക് വേണ്ടി കേഴുകയായിരുന്നു’.
ഇതൊരു സെമി അലിഗറിയാണ്. പക്ഷെ അനേകം തലത്തില്‍ വ്യാഖ്യാനിക്കാന്‍ സാധ്യതയുള്ള ഒരു കഥയാണിത്. പേടിസ്വപ്നത്തിന്റെ സ്വഭാവമുള്ള ഈ കഥയിലുടനീളം അയുക്തികമായ ഒരു ഘടനയാണുള്ളത്. മാജിക്കല്‍ റിയലിസത്തിന്റെ സ്വാധീനവും ഈ കഥയിലുണ്ട്. ഫാന്റസിക്കകത്ത് റിയാലിസം പരീക്ഷിക്കുന്നു രീതി സേതു തുടക്കം തൊട്ട് പിന്തുടര്ന്നിട്ടുണ്ട്. സങ്കീര്‍ണ്ണമായ മനോഭാവങ്ങള്‍ അവതരിപ്പിക്കാന്‍ മുന്‍പ് പരിചയിച്ച രീതികള്‍ പോരാതെ വരുന്നു. മനുഷ്യമനസ്സിലെ ചുഴികളും, അടിയൊഴുക്കുകളും പകര്‍ത്താന്‍ ഫാന്റസിയുടെ അറ്റം കാണാത്ത തുരുത്തുകൾ ഉപയോഗിക്കുമ്പോള്‍ അനന്തമായ സാധ്യതകളുടെ വാതിലുകളാണ് തുറന്നിടുന്നത്.
II
ഭ്രമകല്പനകളും യാഥാര്‍ത്ഥ്യവും കൂടികലര്‍ന്ന വിധത്തില്‍ കഥ പറയുക എന്നത് ആധുനികതയിലെ എഴുത്തുകാരുടെ ഒരു രീതിയാണ്. സേതുവിന്റെ ‘ഗോപാലന്’, ‘പുക’ തുടങ്ങിയ കഥകളില്‍ ഈ രചനാതന്ത്രം കാണാം.
യാഥാര്‍ത്ഥ്യത്തില്‍ തുടങ്ങി ഭയാനകമായ ഭ്രമാത് മകതയില്‍ അവസാനിക്കുന്ന കഥകളും സേതു എഴുതിയിട്ടുണ്ട്. യുക്തിപൂര്‍വ്വം കാര്യങ്ങള്‍ അവതരിപ്പിച്ച് ആ വ്യക്തിയെ ഖണ്ഡിക്കുന്ന ആശയങ്ങള്‍ കൊണ്ടുവന്ന് എല്ലാം ഒരു ഭ്രമത്തിലാണ് എന്ന് സ്ഥാനിക്കുന്ന ബോര്‍ഹസ്സിന്റെ രീതിയാണ് സേതുവിന് ഇഷ്ടം.
എല്ലാ വലിയെഴുത്തുകാര്ക്കും മരണം വലിയ ഒരു പ്രശ്നമാണ്. മൃതുബോധം വേട്ടയാടുന്ന മനസ്സുമായി ജീവിച്ച കാഫ്കാ ആധുനിക എഴുത്തുകാരുടെ ദൈവമായിരുന്നു. രാത്രി ചിലപ്പോൾ കാലൻകോഴിയുടെ സ്വരം കേള്‍ക്കുമ്പോള്‍ നമ്മുടെ മനസ്സിലേക്ക് കാലന് ഓടിയെത്തുന്നു. മാവ് വെട്ടുന്നതിന്റെ കോടാലിയൊച്ചകളും, തലയോട്ടി പൊട്ടിത്തെറിക്കുന്ന ഒച്ചയും, പലരിലും പേക്കിനാവുകള്‍ ഉണ്ടാക്കുന്നു. മരണത്തിനുശേഷം എന്ത് സംഭവിക്കുന്നു? ആത്മാവിനെക്കുറിച്ചും പുനര്‍ജന്മത്തെക്കുറിച്ചും മതങ്ങള്‍ നല്കുന്ന വിശദീകരണം ശരിയെന്ന് വിശ്വസിക്കുന്ന അസംഖ്യം മനുഷ്യരുടെ മനസ്സിലെ അണയാത്ത തീ സേതു വിഖ്യാതമായ പല കഥകളിലും തീമാക്കിയിട്ടുണ്ട്. മരണം ഒരു ഫലിതമാണെന്ന് ആല്‍ബേര്‍കാമു പറഞ്ഞത് ഓര്‍മയിലെത്തുന്നു.
ഇതില്‍ നിന്നെല്ലാം വ്യത്യസ്ഥമായി കര്‍ക്കിടകം’ എന്ന കഥയില്‍ മരണത്തെ ഹാസ്യജനകമായി അവതരിപ്പിച്ചുകൊണ്ട് ഈ അനിവാര്യദുരന്തത്തെ കുറിച്ചുള്ള ഭീതി എടുത്തുകളയുന്ന രീതിയിലും സേതു പരീക്ഷിച്ചിട്ടുണ്ട്. ഭ്രമകല്പനകള് ഉപയോഗിച്ചും, ഗ്രാമീണ ജീവിതത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ പകര്‍ത്തിയും, തനി കേരളീയമായ രീതിയില്‍ മരണത്തെ ചിത്രീകരിക്കുന്ന സേതുവിന്ന്റെ ‘കര്‍ക്കിടകം’, ‘ഘടികാരം’ തുടങ്ങിയ കഥകള്‍ മികച്ച വായനാ സന്ദര്‍ഭങ്ങള്‍ നല്കുന്നു.
III
മടുപ്പ് കാഫ്കയുടേയും, സാമുവല്‍ ബക്കറ്റിന്റേയും, മാക്സ് ഫ്രീഷിന്റേയും പ്രിയപ്പെട്ട തീമുകളിൽ ഒന്നായിരുന്നു. ദൈനംദിന ജീവിതത്തിന്റെ വിരസത മനുഷ്യനെ മരവിപ്പിലേയ്ക്കും വിരസതയിലേയ്ക്കും നയിക്കുന്നു. എം. മുകുന്ദന്റെ ‘പ്രഭാതം മുതല്‍ പ്രഭാതം വരെ’, ആനന്ദിന്റെ ‘ഗംഗയിലെ പാലം’, കാക്കനാടന്റെ ‘കുഞ്ഞമ്മപ്പാലം’ പുനത്തിലിന്റെ ‘കത്തി’, സേതുവിന്റെ ‘യാത്ര’ തുടങ്ങിയ കഥകളില്‍ ജീവിതത്തിന്റെ മടുപ്പ് ദാര്‍ശനികമായി അവതരിപ്പിക്കുന്നു. ജീവിതത്തിന്റെ നിരര്‍ത്ഥകതയും, മരണത്തിന്റെ ശാന്തിയും, വ്യക്തമാക്കുന്ന ‘വൃശ്ചികത്തിലെ രാത്രി’ കാഫ്കയുടെ ‘കഴുകന്’ എന്ന കഥയെ ഓര്‍മിപ്പിക്കുന്നു.
സേതുവിന്റെ മാസ്റ്റര്‍പീസായി എം. കൃഷ്ണന് നായരും കെ.പി. അപ്പനും ചൂണ്ടിക്കാണിക്കുന്ന ‘ദൂത്’ എന്ന കഥയില്‍ ആവിഷ്ക്കരണം നടത്തിയിരിക്കുന്നത് സംസാരഭാഷയിലാണ്. ആത്മീയമായ ഒരു തലവും ഈ കഥയ്ക്കുണ്ട്. ‘കഥയെഴുതുന്നു, സംവാദം രൂപപ്പെടുന്നു’ എന്ന പേരില്‍ കെ.പി. അപ്പനെഴുതിയ പഠനം ശ്രദ്ധേയമായിരുന്നു. മകന് അച്ചതന്കുട്ടിയുടെ ദൂതുമായി വന്ന സുഹൃത്തിന് പിതാവിന്റെ ദൂത് (ഉത്തരം) ഏറെ വിവാദമായി. പക്ഷെ, കഥയില്‍ ദുരൂഹമായി നില്ക്കുന്ന അച്ചുതന്കുട്ടിയും ജീവിതവും, മനസ്സിന്റെ ഉറവപൊട്ടിയ സ്ഥലികളും വ്യാഖ്യാനിക്കുന്നതില്‍ മലയാളത്തിലെ പല നിരൂപകരും പരാജയപ്പെട്ടു. ഈ കഥയെക്കുറിച്ച് രഘുനാഥന് പറളി എഴുതിയ ഒരു വ്യാഖ്യാനം ഈ ലേഖകൻ വായിച്ചു. അദ്ദേഹം കുറെകൂടി ഈ കഥയുടെ അതിര്‍വരമ്പുകള്‍ വികസിപ്പിക്കുന്നു. രഘുനാഥിന്റെ വാക്കുകളിതാ ‘ദൂതിന് ഭൗതീകമെന്നും, അതിഭൗതീകമെന്നും പറയാവുന്ന രണ്ട് മാനങ്ങള്‍ ഉണ്ട്. അയുക്തികവും, അതിഭൗതീകവുമായ തലം കഥയുടെ ആത്മീയതലവും കൂടിയായി മാറുന്നു. ഏറെ ഗൗരവത്തോടെയാരംഭിക്കുന്ന സംഭാഷണം അതീവ നിസ്സംഗതയോടും തമാശയോടും കൂടിയാണ് അച്ചുതന്‍കുട്ടിയുടെ അച്ഛന് കേള്‍ക്കുന്നത്. കൊച്ചുണ്ണിയമ്മാവന് ഇതിനകം ആര്‍ജിച്ചെടുത്ത ബന്ധവിച്ഛേദത്തിന്റെ മാനസികാവസ്ഥ കഥയിലുടനീളം കാണാം.
‘
മകന് വരികയാണെങ്കില്‍ ഞാന്‍ യാത്രയിലാണെന്ന് പറയൂ’ എന്ന ഉത്തരം പറയുന്ന അച്ഛന് മരണത്തിന്റെ വക്കിലാണുള്ളത്. മരണത്തിന്റെ കാലൊച്ച കേള്‍ക്കുന്ന വൃദ്ധനായ കൊച്ചുണ്ണി കാലത്തിന്റെ മറുകര തേടുന്നത് ഏതാനും വരികളിലാണ് സേതു കുറിച്ചിടുന്നത്.
ലാളിത്യത്തിന്റെ പദാവലികൊണ്ട് ഒരു സ്വര്‍ണ്ണ നെക്ലസായി ഈ കഥയിന്നും ഒറ്റപ്പെട്ടു നില്ക്കുന്നു. സേതുവിന്റെ കഥകളെക്കുറിച്ച് പ്രശസ്ത കഥാകൃത്ത് വി.ആര്. സുധീഷ് പറയുന്നതിങ്ങനെയാണ്, ‘പുരാണികതയുടെ ചിഹ്നങ്ങള്‍ വര്‍ത്തമാനകാല ജീവിതത്തോട് ചേര്‍ന്ന് മാറ്റിവരക്കുക എന്നത് സേതു എന്ന എഴുത്തുകാരന്റെ കാഴ്ചയുടെ ഇഷ്ടമാണ്. ‘കണ്ണുകള്‍ക്ക് പിന്നില്‍ പേടിസ്വപ്നങ്ങൾ നീണ്ടുവരും. ഭാഷയില്‍ ഭൂമിഗന്ധങ്ങള് പെരുകി പരാഗങ്ങൾ പൊടിച്ചുണരും.
സേതുവിന്റെ കഥകള്‍ പുതിയ വിതാനങ്ങളിലേക്ക് നീങ്ങുകയാണ്. കാല്പനികതയ്ക്ക് ശേഷം നമ്മുടെ കഥാസാഹിത്യത്തില്‍ ഏറ്റവും കൂടുതല്‍ വ്യതിയാനം വരുത്തിയത് ആധുനികതയാണ്. ആധുനികത വായനക്കാരുടെയും പൊതു സംസ്കാരത്തിന്റേയും സ്വഭാവങ്ങളിലും, സംവേദന തലത്തിലും വരുത്തിയ മാറ്റങ്ങള്‍ ഇന്നും നിലനില്ക്കുന്നു. അതുകൊണ്ട് ആധുനികത ഇല്ലാതായി എന്ന് പറയുന്നത് ശരിയല്ല. ഉത്തരാധുനികത ആധുനികയുടെ തുടര്‍ച്ചയാണ്. ആധുനികതയുടെ രാജവീഥിയില്‍നിന്ന് കൊണ്ട് പുതിയ സൗന്ദര്യതലങ്ങളും, ആവിഷ്ക്കാര രീതികളും ആവിഷ്ക്കരിക്കാനാണ് ഉത്തരാധുനിക എഴുത്തുകാര്‍ ശ്രമിക്കുന്നത്. എം. മുകുന്ദനും സേതുവും മറ്റും അസ്തിത്വദുഃഖത്തിന്റെ കഥകളില്‍ നിന്നും ഉത്തരാധുനിക കഥകളിലേക്ക് നീങ്ങിയത് തൊണ്ണൂറുകൾക്കു ശേഷമാണ്.
ആധുനികതയുടെ കാലത്ത് തെളിഞ്ഞ് വരാതെ അവ്യക്തതലങ്ങളില് നിന്ന ചില കാര്യങ്ങള്‍ ഉത്തരാധുനിക കഥകളില്‍ വ്യക്തത തേടുന്നു. അതിലൊന്നാണ് ചരിത്രദര്‍ശനം. ആനന്ദിന്റേയും എന്‍.എസ്. മാധവന്റേയും, സേതുവിന്റേയും കഥകളില്‍ ചരിത്രത്തെ പുതിയ രീതിയിൽ വ്യാഖ്യാനിക്കുന്നു. ആനന്ദിന്റെ ‘ആറാമത്തെ വിരല്‍’ എന്ന കഥയിൽ പഴയ ചരിത്രസംഭവത്തെ പുനര്‍വ്യാഖ്യാനം ചെയ്ത് പുതിയ അനുഭവമാക്കി മാറ്റുന്നു. ആധുനികതയുടെ കാലത്ത് ദര്‍ശനങ്ങളാണ് എഴുത്തുകാരെ സ്വാധീനിച്ചിരുന്നതെങ്കില്‍ ഇപ്പോള്‍ ശാസ്ത്രവും അതിന്റെ ആധുനികമായ കണ്ടുപിടുത്തങ്ങളുമാണ് എഴുത്തുകാരെ സ്വാധീനിക്കുന്നത്. ഇത് അവരുടെ ഭാവനയെ രൂപപ്പെടുത്തുന്നു.
സേതുവിന്റെ ‘തിങ്കളാഴ്ചകളിലെ ആകാശം’ പുതിയ ടെക്നോളജി സൃഷ്ടിച്ച ആത്ഭുതങ്ങളുടെ വിവരണം മാത്രമല്ല മിത്തുകളെ, മിത്തുകളായി മാത്രം കാണാൻ പഠിപ്പിക്കുന്നു. ശാസ്ത്രത്തിന്റെ വളര്‍ച്ച മനുഷ്യമനസ്സുകളില്‍ ഭീകരതയും, വിനാശവും വളര്‍ത്തുന്നു എന്ന സൂചനയും ഈ കഥ നല്കുന്നു. Modern Science and the Future of Humanity എന്ന വിഖ്യാത ചിന്തകന്‍ ഡെല്‍ 1978 ല്‍ എഴുതിയത് ഓര്‍മയിലെത്തുന്നു. ഈ കഥയില്‍ സൈബര്‍ സ്പെയിസ് ഉയര്‍ത്തുന്ന വെല്ലുവിളികള്‍ ചര്‍ച്ച ചെയ്യുന്നു.