വരണ്ടുണങ്ങിയ ഭൂമിയെ നോക്കി പരമേശൻ പാപ്പൻ നെടുവീർപ്പിട്ടു. വയൽ ഉണങ്ങി വരണ്ടിരിക്കുന്നു. ഭൂമി വിണ്ടുകീറി
തുടങ്ങി. ഒരുകാലത്ത് കുതിച്ചു പൊങ്ങിയ വെള്ളച്ചാലുകൾ എവിടെയോ പോയി ഒളിച്ചിരിക്കുന്നു. കുഞ്ഞൻ മീനുകളെയും പുൽച്ചാടിയെ തിന്നുന്ന തവളകളെയും കാണാതായി. ആകെയൊരു വെള്ളപ്പൊട്ട് കാണാനാകുന്നത് തന്റെ നെറ്റിത്തടത്തിലൂടെയും നെഞ്ചിൻകൂടത്തിലൂടെയും ഒഴുകിയിറങ്ങുന്ന വെള്ളകീറുകളാണ്. അവ ഒന്ന് വറ്റുക പോലും ചെയ്യാതെ ആവേശത്തോടെ ഒഴുകുന്നു.
പാപ്പൻ തിട്ടയിൽ നിന്നും എഴുന്നേറ്റ് വയലിറമ്പിലേക്ക് ചാടിക്കയറി വിണ്ടുകീറിയ ഭൂമിയുടെ ഒരറ്റത്തായി മലർക്കെ ചാഞ്ഞു കിടന്നു. നട്ടുച്ചനേരത്ത് പാപ്പൻ വയലിൽ പോയി കിടക്കണ കാണുമ്പോൾ നാട്ടുകാരെല്ലാം പറയും, ”പാപ്പന് ഈയിടെയായി എന്തോ കുഴപ്പോണ്ട്”.
നാട്ടുകാരുടെ വായടക്കാൻ സാധിക്കാത്തതുകൊണ്ട് വീട്ടിലുള്ളവരും ഒന്നും മിണ്ടിയില്ല. വയലിൽ അങ്ങിനെ കിടന്നപ്പോൾ ഒരായിരം വിയർപ്പുതുള്ളികൾ ഭൂമിയിൽ പതിച്ചു. അവ ഒരു ചാലായി ഒഴുകിയിരുന്നെങ്കിൽ എന്നയാൾ ആശിച്ചു. ഇങ്ങനെ
നിത്യേന പാപ്പൻ ഭൂമിയെ നനപ്പിച്ചിട്ട് വെയിലാറുമ്പോൾ വീട്ടിലേക്ക് കേറും. പ്രായത്തിനൊത്ത ശരീരമില്ലെങ്കിലും മനസ്സ് ഇപ്പോഴും എതിരാളികളെ തള്ളിയിടാനുള്ള ഉറപ്പുണ്ടെന്ന് നൂറാണിയിലെ പിള്ളേര് പാപ്പനെ കളിയാക്കി എപ്പോഴും പറയും. പിള്ളേര് മാത്രമല്ല മുതിർന്നോരും.
ചെമ്പരത്തി വേലി ചാടിക്കിടന്ന് പാപ്പൻ വീട്ടിലേക്ക് നടന്നു. പിന്നാമ്പുറത്ത് പോയി ഒരു തൊട്ടി വെള്ളം തലയിലേക്കൊഴിച്ച് ഇട്ടിരുന്ന തോർത്തുമുണ്ട് മാറി കൈലി ഉടുത്തു. അവനവനാൽ കഴിയുന്ന പണിയെല്ലാം സ്വന്തമായി ചെയ്യുന്ന ശീലം പാപ്പനുണ്ട്. അതുകൊണ്ട് ഇട്ടിരിക്കുന്ന വസ്ത്രമെല്ലാം കഴുകിയുണക്കുന്നതും പാപ്പൻ തന്നെയാണ്. അത്രയ്ക്കൊന്നും വെളുത്തില്ലെങ്കിലും രണ്ടൊര ഒരയ്ക്കുമ്പോഴേക്കും തുണിയെല്ലാം പതം വന്നിരിക്കും. എങ്കിലും തുണി ഉണങ്ങിക്കഴിയുമ്പോൾ ഇത്തിരി ചളിയും കാരത്തിന്റെ നേർത്ത രൂപവും പാപ്പന്റെ തുണിയിൽ തെളിഞ്ഞുകാണാം. പാപ്പൻ അതിനൊരു മുട്ടാപ്പോക്ക് പറയുന്നത്, ”മണ്ണിൽ പണിയുന്നവന് ത്തിരി ചളിയും വെയർപ്പുമൊക്കെ വേണം. ല്ലേൽ ന്ത് കർഷകൻ. നമ്മള് മണ്ണിൽ പണിയെടുക്കുന്നവരല്ലേ. അവരുടെ ചിഹ്നമാണ് ചളി”, എന്നാണ്.
ഈ മുട്ടാപ്പോക്ക് ന്യായമൊന്നും ഗിരിജയുടെ അടുത്ത് ചെലവാകില്ല. പാപ്പാനോട് ന്യായം പറഞ്ഞ് വായിട്ടടിച്ചിട്ട് കാര്യമില്ലെന്നറിഞ്ഞോണ്ട് എവിടെയെങ്കിലും പോകാനുള്ള വസ്ത്രമൊക്കെ ഗിരിജ തന്നെ കഴുകി ഉണക്കി പാപ്പന്റെ അലമാരിയിൽ വയ്ക്കും. എന്നാലും പാപ്പൻ എങ്ങോട്ടെങ്കിലും പോണംന്ന് വച്ചാൽ അലമാരി തുറക്കാൻ മറക്കും (മടിക്കും). എന്നാലും ഗിരിജ പാപ്പനെ സുന്ദരനാക്കിയേ എങ്ങോട്ടും വിടൂ.
പിന്നാമ്പുറത്തൂടെ കേറി പാപ്പൻ അടുക്കളയിലേക്ക് ചെന്നു. ഒരു കിണ്ണം കഞ്ഞിവെള്ളം മോന്തി കുടിച്ചിട്ട് തിണ്ണയിലേക്ക് വന്നൊരൊറ്റ കിടപ്പ്. പാപ്പന്റെ അടുത്തായി ചക്കി പൂച്ചയും കാലുരണ്ടും നീട്ടി വിശാലമായി കിടന്നു. ചക്കി പൂച്ച പാപ്പന്റെയടുത്തു മാത്രേ കിടക്കാനും തിന്നാനും ഇരിക്കൂ. അവൾക്കറിയാം പാപ്പന്റെയടുത്ത് എന്ത് വികൃതി കാണിച്ചാലും പാപ്പനവളെ തലയിലും താടിക്കു കീഴെയും തലോടുകയേയുള്ളൂന്ന്. പലതവണ അവൾ അനുസരണക്കേട് കാണിച്ചപ്പോഴും ഗിരിജ തലയിൽ പൊക്കിയുയർത്തി പറമ്പിലും വഴിയിലും കൊണ്ടുപോയി ഇട്ടതാണ്. എന്നാലും പാപ്പനെയും പാപ്പന്റെ സ്നേഹത്തെയും ഓർത്തവൾ പിന്നെയും തിരിച്ചുവരും.
വൈകുന്നേരം ഒരു മയക്കം പാപ്പന് പതിവുള്ളതാണ്. സന്ധ്യക്ക് തിരികൊളുത്തുമ്പോഴേക്കും ഗിരിജ വിളിച്ചു.
”പാപ്പോയ്… ഇന്നലെ ചോദിക്കാൻ വിട്ടുപോയി. ബാങ്കുകാര് ഇന്നലെ വിളിപ്പിച്ചിട്ട് കടത്തിന്റെ കാര്യമെന്തെങ്കിലും പറഞ്ഞോ?”
പാപ്പൻ മിണ്ടുന്നില്ല. ഗിരിജ ഒളികണ്ണിട്ടു പാപ്പനെ പിന്നെയും നോക്കിയിട്ട് തട്ടിവിളിച്ചു. ഉറക്കച്ചടവ് കണ്ണിൽ പടർന്ന് പാപ്പൻ പറഞ്ഞു:
”ഇല്ലാടി പെണ്ണേ…”
”അതെന്താ പാപ്പാ…” അവൾ പിന്നെയും ചോദിച്ചു.
”എനിക്ക് അറിയാൻ മേല. രൊക്കം തിരിച്ചടച്ചില്ലെങ്കിൽ പ്രശ്നാ..”
”പാപ്പൻ ഒന്നും പറഞ്ഞില്ലേ?”
”ഞാനെന്തു പറയാനാ… അവരുടെ പണം അവര് തന്ന കാശ് തിരിച്ചടച്ചില്ലെങ്കിൽ അവര് ചോദിക്കും”.
ഗിരിജ പിന്നെ ഒന്നും മിണ്ടിയില്ല. പാപ്പനും. കൈതമുൾക്കാടുകളിലൂടെ ചുറ്റിപ്പടർന്ന് പാപ്പൻ ആറ്റിൻവക്കത്തെത്തി. വെള്ളമെല്ലാം ഒഴിഞ്ഞ പൂഴി തെളിഞ്ഞുകാണുന്ന മട്ടിലായി. ആറ്റുചാമ്പയുടെ അടുത്തുള്ള കറുകറുത്ത കല്ലിന്മേൽ തുണിയും അലക്കുകാരവും വച്ച് ആറ്റിലേക്ക് പാപ്പൻ കാലും നീട്ടിയിരുന്നു. ജലത്തിന്റെ അവസാന ശ്വാസവും വലിച്ചെടുത്ത് നീന്തിക്കളിക്കുന്ന പരൽമീനുകൾ വെള്ളത്തിൽ ഇറങ്ങിനിന്ന പാപ്പന്റെ കാലുകളിൽ തട്ടിത്തെറിച്ചു പായാൻ തുടങ്ങി. കല്ലുകളിൽ ഇടതിങ്ങി നിന്ന ചെറിയ പായലുകൾ പാപ്പൻ വെള്ളത്തിലേക്കിട്ടു കൊടുത്തു.
”എന്താ പാപ്പാ ആറ്റിറമേൽ കൊറെ നേരമായല്ലോ?”
വിറകും വെട്ടി തലയിൽ വച്ചുകൊണ്ട് വറീത് ചോദിച്ചു. പാപ്പൻ കണ്ണിനു മീതെ കൈകൾ വെച്ച് തിരിഞ്ഞുനോക്കി.
”ആര് വറീതോ… നീയെങ്ങോട്ടാ?”
”ഞാൻ ദേ ച്ചിരി വിറക് പെറക്കാൻ പോയതാ. തൊള്ളി വെറകില്ല. പെണ്ണുമ്പൊള്ള കയറുപൊട്ടിക്കാൻ തൊടങ്ങിയിട്ടുണ്ട്. ഇനി വെറകുണ്ടാക്കിയിട്ടില്ലേൽ അടുപ്പ് പൊകയില്ലാന്ന് അവള് പറഞ്ഞിട്ടുണ്ട്”.
”എന്താ നേരം… നേരം കെട്ട നേരം! കാലം ആകെ മാറിപ്പോയി വറീതെ. വെള്ളോവില്ല വെറാകൂല്ല കൃഷിയില്ല. ഇതെന്ത് കൂ
ത്താട്ടമാണെന്നു ആർക്കറിയാം”.
”ബാങ്കീന്ന് നോട്ടീസ് വന്നെന്നു കേട്ടു”.
”കേട്ടതൊക്കെ നേരന്നെയാ”.
”എന്താ… എന്നിട്ട് അവര് പറയണേ”.
”രൊക്കം അടയ്ക്കണം. എവിടുന്നാ പൈസ. ഗിരിജയോട് പറയാൻ മേലാ. അല്ലാ, പറഞ്ഞിട്ട് കാര്യവുമില്ല. തന്തയില്ലാത്ത രണ്ടെണ്ണത്തിനേയും എന്നെയും വീടും നോക്കുന്നത് അവളല്ലേ. ഇനിയുമെങ്ങനെയാ അതിനെ ബുദ്ധിമുട്ടിക്ക്വ”.
”എന്തെങ്കിലുമൊരു വഴി തെളിയാതിരിക്കില്ല”.
”തെളിയട്ടെ… തെളിയണ വരെ നോക്കും”.
”ചൂട് ഏറിവരുന്നുണ്ട്. പാപ്പനെന്നാ ഈ സമയത്ത്, തിരുമ്മാൻ വന്നതാണേൽ വൈകിട്ട് എറങ്ങത്തില്ലായിരുന്നോ”.
”അല്ലേലും തിരുമ്മാൻ കഴീല്ല വറീതെ, ദേ നോക്കിയേ മുഴുവൻ ചേറ് നിറഞ്ഞിരിയ്ക്ക്യാ. ഇവിടെ തിരുമ്മിയാ ഒള്ള ചളി കൂടി തുണിയിലേക്ക് കേറും”.
”ഞാനും വര്വ വറീതെ… തിരുമ്മൽ പിന്നെയാവാം”.
കൈതമുള്ളിന്റെ ചുവടുപിടിച്ച് തുണിയും കാരവുമായി പാപ്പനും വറീതും നടന്നു. വീടിന്റെ ഉമ്മറമാകെ ഒരാൾക്കൂട്ടം. ഷർട്ടുകൾ ഇൻസർട്ട് ചെയ്ത ഉദ്യോഗസ്ഥർ എന്തൊക്കെയോ ഗിരിജയോട് സംസാരിക്കുന്നു. പാപ്പനങ്ങോട്ടേക്ക് ചെന്നു.
”ദേ പാപ്പൻ എത്തി”.
”എന്താ മോളെ ആരാ ഇവരൊക്കെ?”
”ബാങ്കിന് വന്നതാ പാപ്പനെ കാണാൻ”.
ആറടിയോളം പൊക്കവും അതിനൊത്ത വണ്ണവുമുള്ള ഒരു ഉദ്യോഗസ്ഥൻ പാപ്പനെ തുറിച്ചു നോക്കി. അയാൾ നടക്കുമ്പോൾ
ബെൽറ്റിട്ട് മുറുക്കിയ വയർ ആടുന്നുണ്ടായിരുന്നു.
”പരമേശ്വരൻ നായർ നിങ്ങളാണോ” അയാൾ ചോദിച്ചു.
”ഉവ്വ്”.
”ബാങ്കീന്ന് പൈസ എടുത്താൽ തിരിച്ചടയ്ക്കണമെന്നറിയില്ലേ?”
പാപ്പനൊന്നും മിണ്ടിയില്ല.
”എടോ തന്നോടാ ചോദിക്കുന്നെ?”
”ഉവ്വ്”.
”മേടിക്കാനുള്ള ആവേശമൊന്നും തരാനായി കാണിക്കുന്നില്ലല്ലോ?”
പാപ്പൻ പിന്നെയും നിശബ്ദം.
”എന്തായാലും താനൊന്ന് ബാങ്ക്വരെ വരണം. കുറച്ചു പൈസയെങ്കിലും തിരിച്ചടച്ചില്ലെങ്കിൽ കുഴപ്പമാകും”.
”ജപ്തി അല്ലാതെ ഞങ്ങൾക്ക് മറ്റു മാർഗമില്ല” മറ്റൊരു ഉദ്യോഗസ്ഥൻ പറഞ്ഞു.
ഉദ്യോഗസ്ഥരെല്ലാം പിരിഞ്ഞു. ആൾക്കൂട്ടം പതിയെ പോയിത്തുടങ്ങി. പാപ്പൻ തിണ്ണയിലേക്കൊറ്റയിരിപ്പ്. ഗിരിജ പാപ്പന്റെ
യടുത്തിരുന്നു.
”എന്താ പാപ്പാ ചെയ്യുക?”
പാപ്പൻ മിണ്ടിയില്ല.
”പൈസ തിരിച്ചടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്യും. കാർഷികകടമൊക്കെ എഴുതിത്തള്ളുമെന്ന് പറയണത് ചുമ്മാതാ”.
കുറച്ചു നേരം പാപ്പനെത്തന്നെ നോക്കിയിരുന്നിട്ട് ഗിരിജ പറഞ്ഞു.
”എന്തെങ്കിലുമൊന്ന് പറയ് പാപ്പാ… ഞാനിതാരോടാ ചോദിക്കുന്നേ…”
”എന്നതാടി പെണ്ണെ, നീയൊന്ന് പേടിക്കാതിരി”.
പാപ്പന്റെ അപ്പോഴത്തെ മുഖഭാവത്തിൽ എന്തെന്നില്ലാത്തൊരു ആത്മവിശ്വാസം നിഴലിച്ചിരുന്നു. മരണത്തെയും ജീവിതത്തെയും പേടിയില്ലാത്ത ഒരു ആത്മവിശ്വാസം. പിറ്റേന്ന് പാപ്പൻ ബാങ്കിലേക്കിറങ്ങി. വഴിയിൽ പതിഞ്ഞു കിടന്ന കൈതമുള്ളുകൾ പാപ്പന്റെ കാലിൽ ശക്തിയായി കുത്തി മുറിവേല്പിച്ചെങ്കിലും പാപ്പനത് ശ്രദ്ധിച്ചതേയില്ല. കട്ടിയില്ലാത്ത ചുക്കിച്ചുളിഞ്ഞ തൊലിയിലൂടെ രക്തം അരിച്ചിറങ്ങിയപ്പോൾ അടുത്തുകണ്ട കമ്മ്യൂണിസ്റ്റ് പച്ചയുടെ നീര് പിഴിഞ്ഞൊഴിച്ച് പാപ്പൻ പിന്നെയും നടന്നു. ആ നടത്തത്തിൽ തന്നെ ആർക്കും തോല്പിക്കാൻ കഴിയില്ല എന്നൊരു ഉശിരും കൂടി ഉണ്ടായിരുന്നു. പാപ്പൻ ബാങ്കിലേക്ക് കേറി. അക്കൗണ്ട് സെക്ഷനിലിരുന്ന ഒരു ചെറുപ്പക്കാരൻ ചോദിച്ചു,
”പരമേശ്വരൻ നായർ”.
”ഉവ്വ്”.
”52000 രൂപ പലിശയടക്കം തിരിച്ചടയ്ക്കാനുണ്ട്. ഉടനെ അടച്ചില്ലെങ്കിൽ വീട് ജപ്തി ചെയ്തെന്നു വരാം”.
”എന്നുവരെയാണ് ദിവസം”.
”ഈ വരുന്ന ജനുവരി 15”.
”ജപ്തി ഒഴിവാക്കാൻ എന്തെങ്കിലും…..”
മൂക്കിലിരുന്ന കണ്ണാടി ചെറുതായൊന്നിളക്കി പുഞ്ചിരിച്ചു കൊണ്ടയാൾ പറഞ്ഞു: ”അതാണല്ലോ പൈസ അടയ്ക്കാൻ പറഞ്ഞ
ത്”.
”ബാങ്കിലെ സെക്രട്ടറിയെ കണ്ടാൽ എന്തെങ്കിലും കാര്യം ഉണ്ടാവ്വോ?”
”അപ്പാപ്പാ… ആരെയും കണ്ടിട്ട് ഒരു കാര്യവുമില്ല. ഇത് മീറ്റിംഗ് കൂടി എടുത്ത തീരുമാനമാണ്. നിങ്ങളുടെ മാത്രമല്ല, പൈസയെടുത്തിട്ട് അടയ്ക്കാത്ത എല്ലാവരുടെയും കാര്യത്തിലും ഇതുതന്നെയാണ് തീരുമാനം”.
പാപ്പൻ ബാങ്കിൽ നിന്നിറങ്ങി. പുറത്തു നല്ല ചൂടുകാറ്റ്. പൊള്ളുന്ന വെയിലിലൂടെ അയാൾ വീട്ടിലേക്ക് നടന്നു.
ചുട്ടു പൊള്ളുന്ന വെയിലിന്റെ ശക്തിയേറി വന്നു. വരണ്ടുണങ്ങിയ ഭൂമി പിന്നെയും വരണ്ടു ചുവക്കാൻ തുടങ്ങി. അങ്ങനെ ചുവന്നുചുവന്ന് സൂര്യനും ഭൂമിയും ഒരേമനസ്സോടെ കത്തിജ്വലിച്ചു.
രണ്ട് കാലിക്കുടം എടുത്തോണ്ട് ഗിരിജ മുറ്റത്തേക്കിറങ്ങി. കണ്ണു രണ്ടും തിരുമ്മി ഗാഥയും ഉമ്മറത്തേക്ക് വന്നു.
”അമ്മേ… പാപ്പനെന്ത്യേ?”
”എനിക്കറിയാമ്മേല. രാവിലെ എന്തോ കാർബോർഡും തോളിലിട്ടു പോണത് കണ്ടു”.
”എങ്ങോട്ടാ?”
”എനിക്കറിയാൻ മേലാ ന്റെ കൊച്ചേ. നീയവിടെങ്ങാനും നോക്ക്”.
”അമ്മയെങ്ങോട്ടാ?”
”തൊള്ളി വെള്ളല്യാ… ആ ഓലിയിലെങ്ങാനും പോയി നോക്കട്ടെ”.
”ഞാനും വരാം”.
”വേണ്ട… ഇവിടെ നിന്നോ”.
ഗിരിജ തോട്ടത്തിലൂടെ നടന്നു. ഓലിയിലെ വെള്ളം വറ്റാറായിരിക്കുന്നു. അതിന്റെ ആത്മാവിനെ മുഴുവൻ ചെറിയൊരോസുകൊണ്ട് ഊറ്റി കുടത്തിലാക്കി. വീട്ടിലെത്തിയപ്പോഴേക്കും ഗാഥ ഓടിവന്നു.
”അമ്മേ റോഡിന്റെ സൈഡില് കുറേ പേര് നിൽക്കണു”.
”എന്റെ കുടമാളൂരമ്മേ, പാപ്പനെങ്ങാനും വീണു കിടക്കുന്നതാണോ?”
അവൾ കുടം രണ്ടും ഉമ്മറത്തെ തിണ്ണയിലേക്ക് വച്ച് റോഡിലേക്ക് പാഞ്ഞു.
”അയ്യോ ന്റെ പാപ്പാ” അവൾ അലമുറയിട്ടു.
”എന്നതാടി പെണ്ണേ” പാപ്പൻ ചോദിച്ചു.
”ഞാനങ്ങു പേടിച്ചുപോയി. എന്നതാ ഇവിടൊരു ആൾക്കൂട്ടം?”
”എന്റെ പൊന്നുമോളെ, മോളിതൊന്നു നോക്കിക്കേ… പാപ്പനെന്നായുണ്ടായിട്ടാ ഈ വട്ട് കാണിക്കണത്. ഈ ബോർഡിലെഴുതിവെച്ചിരിക്കണ കണ്ടാ” വറീത് ചോദിച്ചു.
പാപ്പന്റെ അടുത്ത് കുത്തി നിർത്തിയിരിക്കുന്ന കാർബോർഡ് അവൾ വലിച്ചെടുത്തു വായിച്ചു.
”വൃക്ക വില്പനയ്ക്ക്”
മൊബൈൽ: 9656208379