(കഴിഞ്ഞ ലക്കം തുടർച്ച)
ഇതിൽ നിന്നും വളരെ വ്യത്യാസമായിരുന്നു ‘ഡിസ് ഒബീഡിയൻസ്’ (Disobedience) എന്ന സിനിമ. ഒരു മതനിർമ്മിത സമൂഹത്തിൽ ആൺ-പെൺ വ്യതാസമില്ലാതെ നേരിടേണ്ടിവരുന്ന സംഘഷങ്ങളുടെ കഥയാണ് ഇത്. അത്തരമൊരു സമൂഹത്തിൽ കണക്കാക്കി വെച്ചിരിക്കുന്ന മൂല്യങ്ങളും അടിസ്ഥാനങ്ങളും അവരുടെ തന്നെ ചിന്തകളെ എത്രമേൽ ചങ്ങലയുടെ അടിമത്വത്തിൽ ആഴ്ത്തുന്നു എന്നതും, കുടുംബമെന്ന ചിന്തകളുടെ ബലഹീനതകളിൽ സ്വന്തം ഇഷ്ടങ്ങളെ, താല്പര്യങ്ങളെ സന്തോഷങ്ങളെ തന്നിൽ നിന്നും തന്നെ മറച്ചുപിടിച്ച് സന്തോഷം നടിച്ചു ജീവിക്കാൻ മനുഷ്യരെ കെൽപ്പുള്ളവരാക്കും എന്നതും അത്രമേൽ മനോഹരമായാണ് ഈ സിനിമയുടെ അണിയറ പ്രവർത്തകർ പ്രേക്ഷകന് കാണിച്ചു തരുന്നത്. ഒരു നിമിഷത്തിലെങ്കിലും ആരോടൊപ്പം നിൽക്കണമെന്നത്തിൽ പ്രേക്ഷകനെ ചോദ്യത്തിലാഴ്ത്തുന്ന സിനിമ.
യാഥാസ്ഥിതിക യഹൂദ സമൂഹത്തിലെ പൗരോഹിത്യവും, ജീവിതവും, നിഷ്ഠകളും നമുക്കുമുന്നിൽ പകർന്നുവെക്കുന്നതോടൊപ്പം, എല്ലാമുപേക്ഷിച്ച സന്തോഷത്തിലേക്കുള്ള ഒളിച്ചോട്ടവും, തന്നെ പിന്തുടരാവുന്ന യാഥാർഥ്യത്തെ ഉൾക്കൊണ്ട് തിരിഞ്ഞു നടക്കുന്നതും അത്രമേൽ ആഴത്തിൽ സ്പുടമായി കാഴ്ചക്കാർക്കുമുന്നിൽ ഈ സിനിമ പറഞ്ഞുവെക്കുന്നു. ഒരുവേള നമ്മിൽ പലരും ഒരിക്കലെങ്കിലും ജീവിതത്തിൽ, തീരുമാനമെടുപ്പുകളിൽ പരാജിതരാകുന്നത് ഈ സാമൂഹിക നിർമിതി, കുടുംബം, കെട്ടുപാടുകൾ, അഭിമാനം തുടങ്ങി അനവധി മനോവിക്ഷേപങ്ങളുടെ പുറത്താണ്. ഇവയെല്ലാം സ്നേഹരാഹിത്യത്തിൽ, ഇഷ്ടമില്ലായ്മകളിൽ തുടരാൻ നമ്മെ പര്യാപ്‌തരാക്കുന്ന വിധത്തെയാണ് സിനിമ കൈകാര്യം ചെയ്യുന്നത്. ഉപേക്ഷിച്ചിറങ്ങലുകൾ എല്ലാവർക്കും എപ്പോഴും സാധ്യമായ ഒന്നല്ല. അവരുടെ സാമൂഹിക ചുറ്റുപാടുകളിൽ കെട്ടുപിണഞ്ഞ മതപരമായ ചിന്തകളും, അവർ കൈകാര്യം ചെയ്യുന്ന സാഹചര്യങ്ങളും സമ്മർദ്ദങ്ങളും അവരെ പലപ്പോഴും നിസ്സഹായരാക്കുന്നു. ഇറങ്ങിയവരിൽ പലരും സന്തുഷ്ടരുമല്ല. അവർ ഉപേക്ഷിച്ചതിനെ പിന്തുടരാതെ അവർക്ക് മറ്റു മാർഗ്ഗങ്ങളുമില്ല.
സ്വവർഗാനുരാഗികളായ രണ്ടു സ്ത്രീകൾ, ഒരാൾ കെട്ടുപാടുകൾ അവസാനിപ്പിച്ച് രക്ഷ നേടിയവളും, മറ്റൊരാൾ മതകേന്ദ്രീകൃത സമൂഹത്തിൽ, ഇഷ്ടമില്ലാതെ ജീവിച്ചുകൊണ്ട് രക്ഷപ്പെട്ടവളും. അവർ ജീവിതത്തെ സ്വപ്നം കാണുന്നു. എന്നാൽ, തങ്ങളെ ചൂഴ്ന്ന് നിൽക്കുന്ന മതത്തിന്റെ കണ്ണുകളിൽനിന്നും രക്ഷെപ്പെട്ടു എന്ന ഒറ്റ ചിന്തയിൽ ആഗ്രഹിച്ച ജീവിതം ഒരു ദിവസം ജീവിക്കുകയും, ഒരിക്കലും രക്ഷയില്ലാത്തവിധം ആ സമൂഹത്തിന്റെ കണ്ണുകൾ തങ്ങളെ ചുറ്റിവരിയുന്നു എന്ന തിരിച്ചറിവിൽ വേർപിരിയൽ എന്ന ചിന്തയിലേക്ക് തിരികെ നടക്കുകയുമാണ്. എടുത്തുപറയേണ്ടത്, പൗരോഹിത്യവും, ഭർത്താവെന്ന കടമയും, സുഹൃത്ത് എന്ന ബോധ്യവും ഉള്ള നായകൻറെ സങ്കടകരമായ ജീവിതാവസ്ഥയാണ്. മത ചുറ്റുപാടിൽ എല്ലാമെല്ലാം തളച്ചിടപ്പെട്ട പല ജീവിതങ്ങളുടെ നേർക്കാഴ്ചയാണ് ഈ സിനിമ എന്ന് സാരം. ഒരു പരിധിവരെ ‘ഗുരു’വും, ‘നാരായ’വും മറ്റനവധി മലയാള സിനിമകളും പകർത്തിവെച്ച അതെ വിഷയം തന്നെ അതിൽ തന്നെ മതാധിഷ്ടിത സമൂഹം മനുഷ്യനോട് മൂല്യങ്ങളിലൂടെ, മതാന്ധകാരത്തിലൂടെ, കുടിലതയിലൂടെ, പ്രവർത്തിക്കുന്നത് എന്ത് എന്നത് സ്വവർഗാനുരാഗികളായ മനുഷ്യരുടെയും, അല്ലാത്തവരുടെയും ജീവിതം കാണിച്ചുകൊടുത്തു തന്നെ പ്രേക്ഷകനിലേക്കെത്തിക്കുകയാണ്. ഒരു പക്ഷെ ‘മുംബൈ പോലീസ്’ എന്ന മലയാള സിനിമക്കു വ്യക്തമാക്കാൻ കഴിയാതെ പോയതും, ‘സഞ്ചാരം’ എന്ന സ്വവർഗാനുരാഗികളുടെ കഥപറഞ്ഞ മലയാള സിനിമ പറഞ്ഞു വെച്ചുപോയതുമെല്ലാം മാനുഷിക താല്പര്യങ്ങൾക്കപ്പുറം കുടുംബമൂല്യവും മതവും, സൗഹൃദവുമെല്ലാം ഒരു മനുഷ്യന്റെ ലൈംഗിക താൽപര്യങ്ങളിൽ കെട്ടുപിണഞ്ഞിരിക്കുന്നു എന്നത് തന്നെയാണ്. ഇതുകൊണ്ടുകൂടിയാണ് ‘മൂത്തോൻ’ എന്ന മലയാള സിനിമ ഒരുപാട് നാളുകൾക്കു ശേഷം ചിന്താധരണികളെ ഉടച്ചുവാർക്കുന്ന ഒരു സിനിമയായി ചർച്ചയായതും ഘോഷിക്കപ്പെട്ടതും.
ഇതിൽനിന്നും വ്യത്യസ്തമായി തുറന്നുപറച്ചിലുകളും, മറച്ചുവെക്കപ്പെടലുകളും സ്വവർഗാനുരാഗം ജീവിതത്തിൽ ദുർഘടമാകുന്നതും മാതാപിതാക്കളുടെ ഇടപെടലുകളും അത് നൽകുന്ന സ്വീകാര്യതകളും കാഴ്ചപ്പാടുകളുമെല്ലാം ഇഴചേർന്നു നിൽക്കുന്ന ജീവിത നേർക്കാഴ്ചയെ പ്രേക്ഷകന് മുന്നിൽ എത്തിക്കുന്ന സിനിമയാണ് ‘എ കിസ്സ്’ (A Kiss). തന്റെ ലൈ൦ഗിക താല്പര്യം തുറന്നു പറയാൻ ധൈര്യം കാണിച്ച ഒരു കേന്ദ്ര കഥാപാത്രവും എന്നാൽ അതിനുമുതിരാതെ (ധൈര്യപ്പെടാതെ) സാധാരണമായ ജീവിതം തെരഞ്ഞെടുത്ത ഉപകഥാപാത്രവും അതിനാൽ നേരിടേണ്ടിവരുന്ന സംഘർഷവുമെല്ലാം സംയോജിപ്പിച്ചു നിർമിച്ചിരിക്കുന്ന ഒരു സിനിമകൂടിയാണ് ഇത്. യാഥാർഥ്യം തിരിച്ചറിയാനും, അതിനെ സ്വീകരിക്കാനും മാതാപിതാക്കൾ എടുക്കുന്ന സമയവും, അതിനെ നാം എങ്ങിനെ അഭിമുഖീകരിക്കണമെന്നും സിനിമ പറയാതെ പറഞ്ഞുവെക്കുന്നുണ്ട്. അഭിമാനമോ, പാരമ്പര്യമോ ഒന്നും തങ്ങളുടെ മക്കളുടെ/ തങ്ങളുടെ തെരഞ്ഞെടുപ്പുകളെ എതിർക്കാനുള്ള ഒരു ഘടകമാക്കരുതെന്ന് പ്രേക്ഷകനെ ഇരുത്തി ചിന്തിപ്പിക്കുന്ന വളരെ പതിഞ്ഞ താളത്തിൽ പലവിധചിന്തകളിൽ പറഞ്ഞുപോകുന്ന കലാസൃഷ്ഠി. അപ്പോഴും തന്റെ തിരഞ്ഞെടുപ്പുകൾ ഏതു വിധമാണ് എന്നത് അതിലെ സ്വാർത്ഥത (സ്നേഹത്തിലിരുന്നുകൊണ്ട്) എന്ന അളവുകോലിൽ വർഷങ്ങളുടെ കണക്കെടുപ്പിൽ, തങ്ങൾക്കറിയുന്നതു പോലെ മറ്റൊരാൾക്കും, തങ്ങളുടെ മക്കളെ/കൂട്ടുകാരനെ/കൂട്ടുകാരിയെ/ബന്ധുവിനെ അറിയില്ല എന്ന ചിന്തക്കകത്തു നിന്നുമെല്ലാം ഓരോ കഥാപാത്രങ്ങളും നിലപാടുകളും തീരുമാനങ്ങളും എടുക്കുന്നുണ്ട്. തന്റേതെന്ന് ഉറച്ചു വിശ്വസിക്കുന്ന താൻ സ്വന്തമാക്കാൻ ആഗ്രഹിക്കുന്നത് നേടിയെടുക്കാൻ ഏതറ്റം വരേറ്റെയും പോകാൻ തയ്യാറാകുന്ന മനുഷ്യമനസിന്റെ ചില നിഴലാട്ടങ്ങൾ വ്യക്തമായും ചിത്രം പ്രേക്ഷകനുമുന്നിലെത്തിക്കുന്നുണ്ട്. ഒടുക്കം വിട്ടു കൊടുക്കാൻ അതെന്തുതന്നെയായാലും തയ്യാറാകുന്ന ഒരുകൂട്ടം മനുഷ്യരുടെ കഥകൂടി പറഞ്ഞുവെച്ചു അവസാനിപ്പിക്കുന്ന ഒരു കൊച്ചു ചിത്രമാണ് ‘ഏ കിസ്സ്’. ഒരു പരിധിവരെ ‘മൈ ലൈഫ് പാർട്ണർ’ എന്ന അവാർഡ് നേടിയ ചിത്രം പോലും വളരെ വിമർശന സ്വഭാവമുള്ള ഒന്നായി പരിണമിച്ചു പോകുന്നത് ഇതേ കാഴ്ചപാടിലൂന്നി സിനിമയെ കാണുവാൻ, ചിത്രീകരിക്കുവാൻ സാധിക്കാതെ പോയതുകൊണ്ടാണ്.
‘രണ്ടുപെൺകുട്ടികൾ’ എന്ന സിനിമയും ഇതേ പശ്ചാത്തലത്തിൽ തന്നെ കഥ പറഞ്ഞു പോകുന്ന ഒന്നാണ്. പതിവ് പോലെ വിവാഹത്തിലൂടെ മാറിയേക്കാവുന്ന ഒരസുഖമായി വ്യർത്ഥചിന്തയായി മാത്രം സ്വവർഗ രതിയെ തെറ്റായി മനസിലാക്കിയിരിക്കുന്നത് കൊണ്ടുമാകാം. ലൈംഗിക താല്പര്യം (പാൻ, ഹോമോ, ഹെട്രോ എന്തുതന്നെയായാലും) ചികിൽസിച്ചു മാറ്റാവുന്നതും, ഓർമപോയാൽ മറന്നുപോകുന്നതും, ഒരു കല്യാണത്തോടെ മാറ്റം വരുന്നതുമായ ഒന്നല്ല എന്നതും സ്നേഹത്തിന്റെ, ലൈംഗികതാല്പര്യങ്ങളുടെ മറ്റൊരു തലമാണെന്നും നാം മനസിലാക്കണം എന്നതും നമ്മെയോർമിപ്പിക്കുന്ന ഒരു സിനിമ. അതിൽനിന്നും മുന്നോട്ടൊരു പടികൂടിപോകാൻ ഇപ്പോഴും മലയാള സിനിമ തയ്യാറായോ എന്നതാണ് ഈ സിനിമാ കാഴ്ച ഉയർത്തുന്ന ചോദ്യം.
‘ദി ഹാൻഡ്മെയ്ഡൻ’ (The Handmaiden) എന്ന കൊറിയൻ സിനിമ ഈ കാഴചപ്പാടുകളിൽ നിന്നുമാറി രണ്ടു സ്ത്രീകൾക്കിടയിൽ ഉടലെടുക്കുന്ന അത്യപൂർവ സൗഹൃദവും അവർതന്നെ അതിന്റെ ആഴം തിരിച്ചറിയുന്നതും, തന്റെ പ്രിയപ്പെട്ടവൾക്കുവേണ്ടി ഏതറ്റം വരെയും പോകാൻ തയ്യാറെടുക്കുന്നതുമായ ഒരു ത്രില്ലർ സ്വഭാവം നിലനിർത്തുന്ന സിനിമയാണ്. ചിത്രത്തിലുടനീളം നിരവധി സംഭ്രമം ജനിപ്പിക്കുന്ന സാധ്യതകളെ നിലനിർത്തി, ഭീതിജനകമായ ഒരു സാഹചര്യത്തിൽ മുൻപേ പറഞ്ഞ സിനിമകളിൽ നിന്നും വ്യത്യസ്തമായി വേഗത്തിൽ നീങ്ങിക്കൊണ്ടിരിക്കുകകൂടി ചെയ്യുന്നുണ്ട് ഇത്. മൂല്യങ്ങൾക്കോ, ചിന്തകൾക്കോ വലിയ പ്രാധാന്യം നൽകാതെ നിലനിൽപ്പിലൂന്നി രണ്ടുപേർ നടത്തുന്ന ഒരു യാത്ര. അന്ത്യത്തെക്കുറിച്ച് വ്യക്തമായ ധാരണ നിലനിർത്തി, എന്നാൽ പ്രേക്ഷകന് അതിഭീകരമായ അമ്പരപ്പ് നല്കിക്കൊണ്ടു മുന്നേറുന്ന ഒരു സിനിമ; അതാണ് ‘ദി ഹാൻഡ്മെയ്ഡൻ’.
ഒരുപക്ഷെ സ്ത്രീ സൗഹൃദത്തിന്റെ ആഴങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ടു എന്നാൽ ഒരുപടി മുകളിലേക്കുള്ള അതിന്റെ അനന്ത സാധ്യതകളെ ഉപയോഗപ്പെടുത്താതെ നമുക്ക് മുന്നിലേക്ക് പദ്മരാജൻ വരച്ചു നീട്ടിയ ഒരു മനോഹര കാവ്യമായിരുന്നു ‘ ദേശാടനക്കിളികൾ കരയാറില്ല’ എന്ന സിനിമ. മുൻപെങ്ങും കൈവെക്കാൻ ധൈര്യം വരാതെപോയ പ്രണയസങ്കല്പത്തിൽ എത്താൻ സാധിക്കാതെ പോയ ഒരു ശ്രമം മാത്രമായിരുന്നു ‘ദേശാടനക്കിളിക’ളെങ്കിലും സ്നേഹത്തിന്റെ ഒരുപക്ഷെ നിർമലമായ അനുരാഗത്തിന്റെ അത്രമേൽ മനോഹരമായ ഒരു പ്രതിഫലനം കൂടെയായിരുന്നു അതിലെ ശാരിയുടെ കഥാപാത്രം. പൂർണമായും സ്വവർഗാനുരാഗ സിനിമ എന്ന് പറയാൻ സാധിക്കാതെ എന്നാൽ എവിടെയെല്ലാമോ അതിന്റെ നിഴലുകളെ ഉപേക്ഷിച്ച്, തനിക്കു വേണ്ടപടി ചിന്തിക്കാൻ പ്രേക്ഷകന് നിറയെ അവസരങ്ങൾ നൽകി അവസാനിപ്പിച്ച ഒരു സിനിമ. അതിനു വിപരീതമായി ‘ദി ഹാൻഡ്മെയ്ഡൻ’ എന്ന സിനിമയിൽ പ്രത്യേകിച്ചും ലൈoഗികമായ താല്പര്യങ്ങളെ വ്യക്തമായി തുറന്നുകാണിക്കുകയും, അതിന്റെ ഏറ്റവും മനോഹരമായി ആസ്വാദനത്തിന്റെ തലത്തിൽ ഉയർത്തികാണിക്കുകയും ചെയ്തിട്ടുണ്ട്. ഒരുപക്ഷേ മലയാള സിനിമ ഇനിയും ഉപയോഗപ്പെടുത്താതെ മാറ്റിനിർത്തിയിരിക്കുന്ന, ഒരു ചെറിയ ഭാഗം മാത്രമായി ഒതുക്കുന്ന ഒരു വിഭാഗത്തിന്റെ താല്പര്യങ്ങൾ, സംഘർഷങ്ങൾ, അവസ്ഥകൾ, എല്ലാം തന്നെ ഭംഗിയായി ഉപയോഗപ്പെടുത്തിയ ഈ സിനിമ അവസാനിക്കുന്നത് സ്വാതന്ത്രത്തിലേക്കുള്ള കേന്ദ്ര കഥാപാത്രങ്ങളുടെ യാത്രയിലൂടെയാണ്. സമൂഹത്തിനോ മൂല്യങ്ങൾക്കോ, ചിന്തകൾക്കോ പ്രാധാന്യം നൽകാതെ തങ്ങളുടെ സ്വാതന്ത്രത്തിലേക്കുള്ള സഹനമായി, നിലനില്പിനുള്ള സമരത്തിലേർപ്പെട്ടു കെട്ടുപാടുകൾ അറുത്തെറിഞ്ഞു രക്ഷ നേടുന്ന രണ്ടുപേരിൽ ഭംഗിയായി അവസാനിക്കുന്ന മികച്ച സിനിമ പക്ഷെ പ്രേക്ഷകന് ചിലപ്പോഴെങ്കിലും അസ്വസ്ഥതയും ചോദ്യങ്ങളും എറിഞ്ഞു കൊടുക്കുക കൂടി ചെയ്യുന്നുണ്ട്.
അധികമാരും പ്രതിപാദിക്കാതെ പോകുന്ന, എന്നാൽ വളരെയധികം തുറന്നുപറച്ചിലുകൾ ആവശ്യമുള്ള സ്വവർഗാനുരാഗം എന്ന വിഷയത്തെ, വ്യക്തമായി വിശകലം ചെയ്യാതെ, വികലമായ ചില ശ്രമങ്ങളായി മാത്രം കാണാവുന്ന രീതിയിലാണ് മലയാളത്തിൽ കൈകാര്യം ചെയ്തിട്ടുള്ളത്. അതും വിരലിലെണ്ണാവുന്ന ചില സിനിമകൾ മാത്രം. ലോക സിനിമകൾ പലതും പറഞ്ഞു പോകുന്ന രീതികളിൽ ഇപ്പോഴും സ്വർഗാനുരാഗ വിഷയം കാണിക്കുവാൻ മാത്രമായി ഒരുക്കുന്ന സിനിമ എന്നതിലുമപരിയായി അതിന്റെ വിവിധ ഭാവതലങ്ങളെ അർത്ഥവത്തായി ചിത്രീകരിക്കുകയുണ്ടായിട്ടുണ്ടോ? അതിൽ തന്നെ പലപ്പോഴും പ്രതിപാദ്യമാകുന്നത് പുരുഷ സവർഗാനുരാഗം വിഷയമാകുന്ന സിനിമകൾ/ സീരിയലുകൾ ആണ്. എന്തുകൊണ്ട് സ്ത്രീ കേന്ദ്രീകൃതമായി ഇത്തരം വിഷയത്തിലൂന്നിയുള്ള സിനിമകൾ സംഭവിക്കുന്നില്ല. ഇപ്പോഴും ഈ വിഷയമൊരു അടഞ്ഞപുസ്തകമായി , വിശകലനം ചെയ്യപ്പെടാതെ പോകുന്നത് എന്താണ്? സ്ത്രീ കേന്ദ്രീകൃത സിനിമയ്ക്കൊപ്പം തന്നെ ഈ വിഷയവും കൂടുതൽ പ്രതിപാദിക്കപ്പെടേണ്ടതുണ്ട്; മലയാളത്തിലും, ലോകമെമ്പാടുമുള്ള മറ്റു ഭാഷകളിലും.
ഒന്നാം ഭാഗം: http://www.mumbaikaakka.com/homosexual-women-life-in-world-classic-films-part1/